ആമയും മുയലും  

ഡോ.അജയ് നാരായണന്‍  
മുയല്‍
ഒരു വികാരമാണ്
പ്രകമ്പനമാണ്
വിജയത്തിന്റെ
വെന്നിക്കൊടിയുടെ
പാരമ്പര്യം
കൈമുതലായുള്ളവന്‍
ജനിതകത്തിലൂടെ
ചെങ്കോലിന്റെ
പേറ്റന്‍സി എടുത്തവന്‍
ഓടാതെ
ഒന്നാമനെന്ന ലേബലുള്ളവന്‍
അവന്‍, മുയല്‍!

മുയലിന്റെ
വിശ്വാസം
കാലിലാണ്
ചെവി വട്ടം പിടിക്കുന്നതും
മുച്ചുണ്ടു കൂര്‍പ്പിക്കുന്നതും
മൂക്കിന്റെ തുമ്പു വിറപ്പിക്കുന്നതും
നാലു കാലിന്റെ ബലത്തിലാണ്!

മുയല്‍ ഒരു വികാരമാണ്
ആവേശത്തിന്റെ
ആഗ്രഹത്തിന്റെ
ആത്മവിശ്വാസത്തിന്റെ
ആത്മാവിഷ്‌കരമാണ്
മുയല്‍ ഒരു വികാരജീവിയാണ്!

മുയലങ്ങനെ
ചാടും
ദൂരങ്ങള്‍ താണ്ടും
ചിലപ്പോള്‍ വീണവായിക്കാനോ
ചായുറങ്ങുവാനോ മാത്രം
കോട്ടുവായിടും...
ഇടയ്‌ക്കൊന്നു പുച്ഛത്തോടെ
ആമയെ നോക്കും,
'ഈ ആമകള്‍
എന്തൊരു വിചാരജീവിയാണ്!'

ആമയോ...
ബുദ്ധനെപ്പോലെ ചിരിക്കും
ബോധിതേടി ഇഴയും
ബോധമില്ലാതെ ചിലതു ജല്‍പ്പിക്കും
ജ്വരത്തില്‍ മൗനിയാകും
മൗനത്തിലും തലയാട്ടും
തലയാട്ടി രസിക്കും
രസച്ചരട് പൊട്ടിയാല്‍
പുല്ല് തിന്നും.

ക്ഷമയുടെ ദൈവമാണ്
വിരക്തിയുടെ ഭാവമാണ്
മൂക്കിന്റെ തുമ്പു തേടി നടക്കുന്നവന്‍
കണ്ടാല്‍ തുമ്പില്ലാത്തവന്‍
മുയലിന്റെ നിഴലു കണ്ടാലും
വിയര്‍ക്കാത്തവന്‍
തോലു പൊളിയാത്തവന്‍!

അവനങ്ങനെ പടരും
മേലാകെ മണ്ണിലുരസ്സി
മണ്ണില്‍ പുതുപാതകള്‍ തീര്‍ത്തു
പിന്നോട്ട് നോക്കാതെ
ആലോചനാമൃത ഗീതം ചൊല്ലി
അങ്ങനെ ഇഴയും
ചേലീല മൗലിയില്‍
പീലി ചാര്‍ത്തി
ഇടയ്‌ക്കൊരു പുല്ലു ചവച്ചങ്ങനെ
ഇഴയുന്ന ആമയെ
കാണാനെന്തൊരു ചേല്!

ആമയൊരു പ്രചോദനമാണ്
പ്രപഞ്ചലയ താളമാണ്
പ്രശാന്ത സുന്ദരമാണ്
'കണ്ണിന്നു സൗഖ്യം മഹാദേവ ശംഭോ'
എന്നു പാടി
ഗമയില്‍
ആമക്കുഞ്ഞുങ്ങള്‍
ചുവന്നു തുടുത്തു
പിന്നാലെയോടും...

ഹോ!
കണ്ടുനില്‍ക്കുന്ന
ആബാലവൃന്ദം
ചരാചരങ്ങളും
കോള്‍മയിര്‍ കൊള്ളും
ഉള്‍പ്പുളകമാര്‍ന്നു
അന്തിചര്‍ച്ചകള്‍ക്ക് നാടമുറിക്കും
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം
കിട്ടുന്ന ലോട്ടറി!

ചൂതുകളി തുടങ്ങി
ഏകവസ്ത്രധാരിയായി
നിരാലംബയായി
പാഞ്ചാലി കാഞ്ചനയായി
പണയപ്പണ്ടമായി...

അവളുടെ കണ്ണിലിന്നും
ഒരുതുള്ളി ചോദ്യം
തുളുമ്പി
'കൃഷ്ണാ... നീയെവിടെ...?'


 *********
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image