ഒഴുകുകയായിരുന്നു നമ്മൾ...
കെ വി സുമിത്രഒഴുകലിൽ
ഇഴുകലിൽ
ഒട്ടിച്ചേരലിൽ...
കവിതയായി
കാട്ടാറായി...
ഒഴുകുകയായിരുന്നു
നമ്മൾ...
അലയുകയായിരുന്നു
തേടുകയായിരുന്നു
തിരയുകയായിരുന്നു
തീ തിന്നുകയായിരുന്നു..
നീ എന്നെയും
ഞാൻ നിന്നെയും
ഒരു പോലെ..
മഴയത്ത് പോലും
വിയർക്കുകയായിരുന്നു
തണുപ്പിൽ പോലും
ചുട്ടെരിയുകയായിരുന്നു.
എന്തിനെന്നറിയാതെ,
എവിടെ നിന്നോ
ഒഴുകിയെത്തിയ
വൻ പാറകൾ
മരത്തടികൾ....
അപ്പോഴും നാം
ഒഴുകുകയായിരുന്നു..
ഒരേ ശ്വാസം പിടിച്ചു
ഇറുക്കെ പിടിച്ചു
ഒറ്റ നെഞ്ചകമായി
ഒറ്റ ഉയിരായി..
ഒഴുകുകയായിരുന്നു നമ്മൾ..
കാലാന്തരത്തിൽ,
പ്രണയപർവ്വത്തിന്റെ വസന്താർത്തുവിൽ..
അപ്പോഴും ഒഴുകുകയായിരുന്നു നമ്മൾ...
സ്വയമറിയാതെ
സ്വത്വമറിയാതെ
നിന്റെ ശ്വാസത്തിന്റെ
താക്കോൽ എന്നിലും
എന്റെ ശ്വാസത്തിന്റെ
താക്കോൽ നിന്നിലുമേൽപ്പിച്ചു ..
ഒഴുകുകയായിരുന്നു നമ്മൾ...
വിശ്വാസത്തിന്റെ
വിശ്വാസം നേടുകയായിരുന്നു..
സ്വാതന്ത്ര്യത്തിന്റെ
സ്വാതന്ത്ര്യം പോലെ...
അറിയലിന്റെ
അറിയലുകൾ
അലിവിന്റെ
അലിവുകൾ..
കോരിയെടുക്കുകയായിരുന്നു നമ്മൾ.
നമ്മിൽ നിന്ന് തന്നെ...
ഇനി,
പടവുകളുടെ
ഋതുഭേദങ്ങളിൽ
കാറ്റായി
കുയിലായി
കൂവളമായി
പരസ്പരം ചൂടാം നമ്മൾ..
ഇവിടേക്ക് നോക്ക്..
നിന്റെ കണ്ണുകളിൽ
വിരിയുന്ന നക്ഷത്രം
നിന്റെ ചുണ്ടിൽ
തെളിയുന്ന ചിരി
നിന്റെ നെറ്റിയിൽ
പൂക്കുന്ന വിയർപ്പുകണം..
അതെന്റെന്റേതല്ലെ...
അതെന്റേന്റേതു മാത്രമല്ലേ..
അതെന്റെന്റേതു
കൂടിയല്ലേ...
അതെന്റെ ഉള്ളിലുള്ളതല്ലേ..
ഉള്ളിന്റെയുള്ളിൽ
മാത്രമുള്ളതല്ലേ....
അപ്പോഴും ഒഴുകുകയായിരുന്നു
നമ്മൾ....
************************
മടക്കയാത്രയിൽ അവസാന പാഠാവാലി....
മടക്കയാത്രയിലെ
അവസാന പാഠാവലി..
പേജ് മറിക്കുമ്പോൾ,
എഴുതിയ കവിതകൾ
എണ്ണിയ തിരികൾ
തെളിയിച്ച വിളക്കുകൾ..
ജീവിതം,
ചുട്ടെടുത്ത
അപ്പകഷ്ണം പോലെ
വിണ്ടുകീറി
മെരിഞ്ഞുണങ്ങി
പൊടിഞ്ഞു പൊടിഞ്ഞു..
അവസാന പേജിൽ,
ഒരു പൂർണവിരാമം...
ഓർമകളുടെ
സ്വപ്നങ്ങളുടെ
സ്നേഹങ്ങളുടെ...
വിരക്തികളുടെ
നിരാസങ്ങളുടെ
നീരസങ്ങളുടെ
പുതിയ പറുദീസവാതിൽ..
ഇരുട്ടിന്റെ തോണി തുഴഞ്ഞു
പേരറിയാത്ത ഈ ദ്വീപിൽ..
അവസാന പാഠാവലി
വായിക്കുന്നു...
ഇപ്പോൾ യാത്ര,
തുരങ്കപാതയിലൂടെയാണ്...
കവിത :ഒഴുകുകയായിരുന്നു നമ്മള് / കെ വി സുമിത്ര

Comments