ഇനി തോഴിയുടെ ഊഴം?  

 


ശശികലയുടെ പ്രവേശം തമിഴ്‌നാട്   രാഷ്ട്രിയത്തില്‍ എന്ത് ചലനമാണ് ഉണ്ടാക്കുക?  ആരുടെയെല്ലാം സാധ്യതകളെയാണ് അത് അനുകൂലമായോ പ്രതികൂലമായോ ബാധിക്കുക? എന്ത് നേട്ടമാണ് ശശികല ആസന്നമായതെരഞ്ഞെടുപ്പില്‍ കൈവരിക്കുക?


നാലുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം   ശശികല ദ്രാവിഡരാഷ്ട്രീയത്തിന്റെ   യുദ്ധഭൂമിയിലിറങ്ങുന്നത് ജയലളിതയെപ്പോലെ പോരാടാനും വിജയിച്ച് അധികാരത്തിലെത്താനും തനിയ്ക്ക് കഴിയുമെന്ന പ്രതീതി സൃഷ്ടിക്കാന്‍  ശ്രമിച്ചുകൊണ്ടാണ്. പക്ഷെ,  ജയലളിതയുടെ വാഹനത്തില്‍, അവരുടെ ചില മാനറിസങ്ങള്‍ അനുകരിച്ചുകൊണ്ടുള്ള ശശികലയുടെ മടങ്ങിവരവ് പെട്ടെന്ന് ഒരു സംഭ്രമമൊന്നും ആരിലും സൃഷ്ടിച്ചിട്ടില്ല.  മാത്രമല്ല പ്രതീക്ഷിച്ചപോലെ എഐഎഡിഎംകെയിലെ എംഎല്‍എമാരില്‍ പലരും മന്ത്രിമാരില്‍ ചിലരെങ്കിലും ശശികലയെ ആനയിക്കാന്‍ ഓടിയെത്തിയതുമില്ല. എന്നാല്‍ അടുത്ത ചില അനുയായികളും ആരാധകരും 'ചിന്നമ്മ'യുടെ ആ   തിരിച്ചുവരവ് ഏറ്റവും പാട്ടും കുത്തും ഒക്കെയായി ആഘോഷിക്കാതിരുന്നില്ല. ഇപിഎസിനെയും ഒപിഎസിനെയും വീഴ്ത്തുകയാണ് തന്റെ പ്രാഥമികലക്ഷ്യമെന്ന് ശശികല വ്യക്തമാക്കിയിട്ടുണ്ട്.ഇനിമുതല്‍ താന്‍  ചിന്നമ്മയല്ല, അമ്മതന്നെയാണെന്നതിന്റെ തെളിവും ഓര്മപ്പെടുത്തലുമായി അവര്‍ തന്റെ കക്ഷിക്ക് ''അമ്മ മക്കള്‍ മുന്നേറ്റ കഴകം' എന്ന പേരും നല്‍കിയിരിക്കുന്നു.


തമിഴ്‌നാട്ടിലെ 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടി അമ്മ മക്കള്‍ മുന്നേറ്റ കഴകം അധികാരത്തില്‍ വരുകയും ശശികല മുഖ്യമന്ത്രിയാകുകയും ചെയ്യുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ ശശികലക്ക് കഴിഞ്ഞേക്കും. ഇപ്പോഴത്തെ ഇപിഎസ് സര്‍ക്കാരിന്റെ തിരിച്ചുവരവ് അസാധ്യമാക്കാന്‍ അവര്‍ക്ക് തീര്‍ച്ചയായും കഴിയും. ഡിഎംകെയെപ്പോലെ സുസജ്ജമായ ഒരു പാര്‍ട്ടിയെ നേരിടാനുള്ള രാഷ്ട്രീയ സന്നാഹമൊന്നും ശശികലക്കില്ല. എന്നാല്‍ ചില ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് ഡിഎംകെയുടെ വിജയസാധ്യത അട്ടിമറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. വിജയകാന്തിന്റെ ഡിഎംഡികെ ശശികലയുമായി കൂട്ടുകൂടാനിടയുണ്ട്.  വിജയകാന്തിന്റെ ചില ആരോഗ്യപ്രശ്നങ്ങളുള്ള കാരണം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പത്നി പ്രേമലതയുടെ കൈകളിലാണ്. 2011-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍  41 സീറ്റുകളില്‍ മത്സരിച്ച ഡിഎംഡികെക്ക് 29  സീറ്റുകളില്‍ വിജയിക്കാനും അങ്ങനെ മുഖ്യ പ്രതിപക്ഷകക്ഷിയാകാനും കഴിഞ്ഞു. ആ നേട്ടം ജയലളിതയുമായുള്ള സഖ്യം കാരണമായിരുന്നു. എന്നാല്‍ 2016ലെ തെരഞ്ഞേടുപ്പില്‍ ആ  സഖ്യം വിട്ട് എംഡിഎംകെ അടക്കമുള്ള ചിലി കക്ഷികളുമായി ചേര്‍ന്ന് മത്സരിച്ചപ്പോള്‍ ഒരു സീറ്റുപോലും ലഭിക്കാത്ത അവസ്ഥയിലെത്തി. ഇന്നത്തെ സാഹചര്യത്തില്‍ ശശികലയുമായുള്ള ഒരു സഖ്യത്തിന്  ഡിഎംഡികെ തയാറെയേക്കുമെന്നതിന്റെ സൂചനകളാണ് കാണുന്നത്. ഇത്തരമൊരു സഖ്യത്തിന് ശശികലയും ഒരുക്കമായേക്കും.
രാഷ്ട്രീയ പ്രവേശത്തില്‍നിന്നുള്ള രജനികാന്തിന്റെ പിന്മാറ്റം ശശികലക്ക് ഒരുതരത്തില്‍ ഗുണമായി. രജനിയെ മുന്‍നിര്‍ത്തി മുതലെടുക്കാമെന്ന് കരുതിയിരുന്ന ബിജെപി ഇപ്പോള്‍  പകരം മറ്റൊരു പിടിവള്ളി തേടുകയാണ്. അവര്‍ ശശികലയുമായി അടുത്തുകൂടെന്നില്ല. ആ  സഖ്യം സംഭവിച്ചാല്‍ ശശികലക്കും നേട്ടമാണ്. സ്വന്തമായി ഭൂരിപക്ഷം ലഭിക്കുകയില്ലെങ്കിലും ഒരു വിലപേശല്‍ ശക്തിയാകുക എന്നതാണ് അവരുടെ ലക്ഷ്യം. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഒരു സന്ദിഗ്ധാവസ്ഥയില്‍ അതിന് വലിയ പ്രാധാന്യമുണ്ട്.
അഴിമതിക്കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ച ഒരാളാണെന്നത്തിന്റെ ഒരു അപകര്ഷതാബോധവും ശശികലക്കില്ല. പകരം ജയിലില്‍ക്കിടന്ന ത്യാഗത്തലൈവി എന്ന പരിവേഷമാണ്  അവര്‍ സ്വയം എടുത്തണിയുന്നത്. അഴിമതിക്കുറ്റത്തിന് ജയിലില്‍ക്കിടന്ന ജയലളിതയും കരുണാനിധിയുമെല്ലാം പിന്നീട് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് അധികാരത്തില്‍ വന്നത് ശശികലക്ക് പ്രചോദനമാകുന്നു. യുക്തിയേക്കാളേറെ വൈകാരികതയോടെ രാഷ്ട്രീയത്തെ സമീപിക്കുന്നവരാണ് ഭൂരിപക്ഷം തമിഴ് വോട്ടര്‍മാരും. ഇത് നല്ലപോലെ  ശശികല മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം അവര്‍ ആരാധകരോട്  1997-ല്‍  പുറത്തിറങ്ങിയ  എംജിആര്‍ സിനിമയായ 'ഇന്‍ട്രൂപോല്‍  എന്റൂം    വാഴ്ക'  എന്ന സിനിമയിലെ ഒരു ഗാനശകലം ഉദ്ധരിച്ചത്:' അന്‍പുക്ക് നാന്‍ അടിമൈ '. അതായത്  സ്നേഹത്തിന് താന്‍  അടിമപ്പെടുന്നുവെന്ന്.
ഇപ്പോള്‍ ശശികല തെരഞ്ഞെടുപ്പിന്റെ  ഗൃഹപാഠം പരിശീലിക്കുകയാണ്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന വേഷവും സംസാരരീതിയും ആണ്   പ്രചാരണവേദികളില്‍ അവര്‍ പ്രയോഗിക്കുക. അങ്ങനെ ജനത്തെ ഇളക്കിമറിക്കാമെന്ന് ശശികലയും ദിനകാരനും കണക്കുകൂട്ടുന്നു. ശശികലയോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 -നു  ശശികല പടപ്പുറപ്പാട് ആരംഭിക്കുമെന്നാണ്. അതും ജയലളിതയെക്കുറിച്ച് ഒരോര്മപ്പെടുത്തലാകും. മരിച്ചുപോയാലും ഓര്‍മകളില്‍ ജീവിക്കുന്ന ജയലളിതയെ മുന്‍നിര്‍ത്തിയാകും  ശശികലയുടെ തെരഞ്ഞെടുപ്പ് പോരാട്ടം എന്ന വ്യക്തം. പക്ഷെ, ജയലളിതയുടെ പ്രതിരൂപമാകാന്‍ ഈ   തോഴിക്ക് എത്രത്തോളം കഴിയുമെന്നതാണ് പ്രശനം. ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് ചോദിച്ചപോലെ പത്ത് ചിന്നമ്മമാര്‍ ചേര്‍ന്നാല്‍ ഒരു ''അമ്മ'യാകുമോ ? ഇതിന് ഉത്തരം കിട്ടാന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരെ കാത്തിരിക്കാം.

എസ് സുന്ദര്ദാസ്

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image