കോവിഡിനെ വെല്ലുവിളിച്ച രണ്ടു ചലച്ചിത്രമേളകള്‍
 ------------------------------------------------------------------------------


 വിജയകൃഷ്ണന്‍

 


    മഹാമാരിയുടെ വിളയാട്ടം ചലച്ചിത്രങ്ങളെ മാത്രമല്ല, ചലച്ചിത്രമേളകളെയും ബാധിക്കുകയുണ്ടായി.പ്രശസ്തങ്ങളായ പല മേളകളും നടന്നില്ല.ചിലത് ഓണ്‍ലൈനായി നടന്നു.കാന്‍ ഫെസ്റ്റിവല്‍ ആഘോഷിക്കപ്പെട്ടില്ലെങ്കിലും അവര്‍ അന്‍പത്തിയാറു സിനിമകള്‍ തിരഞ്ഞെടുക്കുകയും ' കാന്‍ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടതെ'ന്ന പ്രമാണപത്രങ്ങള്‍ നല്‍കുകയും ചെയ്തു.വെല്ലുവിളികളെ അതിജീവിച് ഫെസ്റ്റിവല്‍ യാഥാര്‍ഥ്യമാക്കുകയാണ് ഐ.എഫ്.എഫ്.ഐ.യും ഐ.എഫ്.എഫ്.കെ.യും ചെയ്തത്.പതിവ് തീയതികളില്‍ നിന്നും കുറേ മാറേണ്ടിവന്നു എന്ന് മാത്രം.നവംബര്‍ അവസാനം നടക്കേണ്ട ഐ.എഫ്.എഫ്.ഐ.ഈ വര്ഷം ജനുവരി അവസാനമാണ് നടന്നത്.ഡിസംബര്‍ ആദ്യം നടക്കേണ്ട ഐ.എഫ്.എഫ്.കെ. ഫെബ്രുവരി രണ്ടാം വാരം മുതല്‍ നാല് ഘട്ടങ്ങളായും  നടത്തി..ഫെസ്റ്റിവല്‍ നടത്താനുള്ള തീരുമാനത്തിനും അത് വിജയകരമായി നടപ്പാക്കിയതിനും രണ്ടു മേളകളുടെയും സംഘാടകര്‍ അഭിനന്ദനമര്‍ഹിക്കുന്നു.എന്നാല്‍,അത്യന്തഭിന്നമായ രണ്ടു ശൈലികളാണ് തുടക്കം തൊട്ടേ  ഈ രണ്ടു മേളകളും പുലര്‍ത്തുന്നത്.കോവിഡ് കാലഘട്ടത്തിലെ സംഘാടനത്തിലും ഈ വൈരുദ്ധ്യം ദര്ശനീയമായി..അച്ചടക്കത്തിന് പേര് കേട്ട മേളയാണ് ഐ.എഫ്.എഫ്.ഐ.മേളയോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും അവിടെ ഇടം ലഭിക്കുകയില്ല.വേദിക്കടുത്തുതന്നെ ബിയര്‍ പാര്‍ലറുകളുണ്ടാവും .എന്നാല്‍, മദ്യപിച്ചു ലക്കുകെട്ട് ബഹളം സൃഷ്ടിക്കുന്ന ഒരാളെപ്പോലും അവിടെ കണ്ടുമുട്ടാനാവില്ല.ഐ.എഫ്.എഫ്.കെ.യിലാവട്ടെ, മദ്യപിച്ചു വന്‍പ് കാട്ടാന്‍ മാത്രം കൊല്ലം തോറും എത്തുന്നവരെക്കാണാം.നാട്ടില്‍ നടക്കുന്ന എല്ലാ സമരപരിപാടികളുടെയും മിനിയേച്ചര്‍ പതിപ്പുകള്‍ ഐ.എഫ്.എഫ്.കെ.വേദികളില്‍ അരങ്ങേറാറുണ്ട്.മാധ്യമശ്രദ്ധയാകര്ഷിക്കാനുള്ള ഒരു കുറുക്കുവഴിയായിട്ടാണ് എല്ലാവരും മേള വേദിയിലെ സമരത്തെ കാണുന്നത്.ഐ.എഫ്.എഫ്.ഐ.യുടെ മൂന്നിരട്ടി ഡെലിഗേറ്റുകളാണ് സാധാരണ ഐ.എഫ്.എഫ്.കെ.യിലുണ്ടാവാറുള്ളത്.അതുകൊണ്ടുതന്നെ തിയേറ്ററുകളിലേക്കുള്ള പ്രവേശനം പലപ്പോഴും കൈയാങ്കളിയായി മാറാറുണ്ട്.ഇടിച്ചുകയറാന്‍  കഴിയാത്തതിനാല്‍ യഥാര്‍ത്ഥ ചലച്ചിത്രപ്രേമികള്‍ക്ക് പലപ്പോഴും തങ്ങളാഗ്രഹിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ കഴിയാറില്ല.കോവിഡ് കാലഘട്ടത്തിലെ മേളയില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തവരെയല്ലാതെ ഒരാളെപ്പോലും ഐ.എഫ്.എഫ്.ഐ.യില്‍ കടത്തിവിട്ടില്ലെങ്കില്‍, കേരളത്തില്‍ റിസേര്‍വ് ചെയ്തവര്‍ കയറിക്കഴിഞ്ഞാലുടനെ പുറത്തുകാത്തുനില്‍ക്കുന്നവരെക്കൂടി പ്രവേശിപ്പിക്കുകയുണ്ടായി.അതിനാല്‍ ചില ചിത്രങ്ങള്‍ക്ക് പതിവുള്ള ഉന്തും തള്ളുമുണ്ടായി.

       പതിനാറു  വര്‍ഷം മുന്‍പ് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ആദ്യമായി ഗോവയിലെത്തിയപ്പോള്‍ ഉയര്‍ന്നുകേട്ട പരാതി ആഘോഷനഗരിയായ ഗോവയില്‍ ചലച്ചിത്രമേളയ്ക്കെന്തു പ്രസക്തി എന്നതായിരുന്നു.മേളയുടെ ദിനങ്ങളില്‍ സമാന്തരമായി മാണ്ഡോവി നദിക്കരയില്‍ കാര്ണിവലുകള്‍ കൊണ്ട് ആഹ്ലാദാന്തരീക്ഷമൊരുക്കി തദ്ദേശീയര്‍..മേള കാര്‍ണിവലാകുന്നു എന്ന് പല പത്രപ്രവര്‍ത്തകരും ആരോപണമുന്നയിച്ചു .എന്നാല്‍, മേളയും കാര്‍ണിവലും രണ്ടും രണ്ടായിരുന്നു എന്നതാണു സത്യം.കാര്‍ണിവലില്‍ നിറഞ്ഞൊഴുകിയ പുരുഷാരം മേള നടക്കുന്ന തിയേറ്ററുകളിലേക്കെത്തിനോക്കിയതു കൂടിയില്ല.മേളയെ അവര്‍ പൂര്‍ണ്ണമായും സന്ദര്‍ശകര്‍ക്കായി വിട്ടുകൊടുക്കുകയായിരുന്നു.തിരുവനന്തപുരത്തെപ്പോലെ പ്രദര്‍ശനശാലകളില്‍ ഉന്തും തള്ളുമുണ്ടാകാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് അതാണ്.
        ചുറ്റും നടക്കുന്ന ആഘോഷങ്ങളും വേദികള്‍ക്കു മുന്നിലെ വിവിധതരം സ്റ്റാളുകളും അവിടെയെല്ലാം തടിച്ചുകൂടുന്ന വ്യത്യസ്തവേഷഭൂഷാദികളണിഞ്ഞ ജനസഞ്ചയവും ചേര്‍ന്നാണ് ഗോവന്‍ ചലച്ചിത്രമേളയെ ആഘോഷമാക്കിയിരുന്നത്.എന്നാല്‍, ഇക്കുറി ആഘോഷങ്ങളേയുണ്ടായില്ല .ജനപ്രവാഹങ്ങളുണ്ടായില്ല.പൂരം കഴിഞ്ഞ ഉത്സവപ്പറമ്പുകള്‍ പോലെ വിജനവും നിശ്ശബ്ദവുമായിരുന്നു വേദികള്‍.
        നിരന്തരമായി മേളയില്‍ കണ്ടുമുട്ടുന്ന മുഖങ്ങള്‍ക്കുവേണ്ടി പരതി.അപൂര്‍വം ചിലരെമാത്രം കണ്ടുമുട്ടി.സംഘമായി എത്താറുള്ള തീര്‍ത്ഥാടകരില്‍ ഒന്നോ രണ്ടോ പേര്‍  മാത്രം ഇക്കുറി എത്തി.തിയേറ്ററുകള്‍ക്കു മുന്നില്‍ അന്തമില്ലാതെ നീണ്ടുപോകുന്ന വരികളുമുണ്ടായില്ല. ഓരോ തിരയുടെയും വാതില്ക്കല്‍ തെര്‍മല്‍ സ്‌കാന്‍.അതുകഴിഞ്ഞാല്‍ സാനിറ്റൈസര്‍.രണ്ടും പ്രയോഗിച്ചുവേണം വാതില്‍ കടക്കാന്‍.ഓണ്‍ലൈനല്ലാതെ മറ്റു ടിക്കറ്റുകളൊന്നുമില്ല. ഫെസ്റ്റിവല്‍ ബുക്കില്ല കാറ്റലോഗില്ല.ഹാന്‍ഡ് ബുക്കില്ല .കിറ്റില്ല.എന്തിന്? അച്ചടിച്ച പ്രോഗ്രാം നോട്ടുകള്‍ പോലുമില്ല.( എല്ലാമുണ്ട്.കൈക്കുള്ളിലെ ഫോണിനുള്ളിലാണെന്നു മാത്രം.പാണിസംസര്‍ഗം പൂര്‍ണ്ണമായും വര്‍ജിക്കപ്പെട്ടു എന്നു സാരം.)
         കോവിഡിന്റെ സാന്നിധ്യം കൊണ്ട് ലോകമൊട്ടാകെ ചലച്ചിത്രനിര്‍മ്മാണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്.സ്വാഭാവികമായും മേളയില്‍ അത് പ്രതിഫലിച്ചിട്ടുണ്ട്.ചിത്രങ്ങളുടെ എണ്ണം നന്നേ കുറഞ്ഞു.നല്ല ചിത്രങ്ങളുടെ എണ്ണം അതിലും കുറഞ്ഞു.ചിത്രങ്ങളുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ റെട്രോസ്‌പെക്ടീവുകളിലൂടെയും ഹോമേജ് വിഭാഗത്തിലൂടെയും ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിട്ടുണ്ട്.നൂറ്റന്‍പതാം ജന്മവാര്‍ഷികത്തിലെത്തിയ ദാദാ സാഹെബ് ഫാല്‌ക്കെയുടെയും ജന്മ ശതാബ്ദി ആഘോഷി ക്കുന്ന സത്യജിത് റായിയുടെയും സമീപകാലത്ത് വിടയോതിയ കിം കി ഡുക്കിന്റെയും ചിത്രങ്ങളുടെ റെട്രോസ്‌പെക്ടീവുകളുണ്ടായി.' വോള്‍വര്‍' എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക്, മലയാളികള്‍ക്ക് പ്രത്യേകിച്ചും , പ്രിയങ്കരനായ സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മദോവറിന്റെ ചിത്രങ്ങളും റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അണി നിരന്നു.റൂബന്‍ ഓസ്റ്റ്‌ലാന്‍ഡിന്റെ  
 ചിത്രങ്ങളുമുണ്ടായിരുന്നു ഈ വിഭാഗത്തില്‍.ഇത്തവണ കണ്‍ട്രി ഫോക്കസ് ബംഗ്‌ളാദേശാണ്.അവിടെനിന്നുള്ള അനവധി ചിത്രങ്ങള്‍ പ്രദര്ശിപ്പിക്കപ്പെട്ടു.ബംഗാളി സിനിമയുടെ പൈതൃകം ബംഗ്‌ളാദേശിലെ ചലച്ചിത്രകാരന്മാര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നു തെളിയിക്കുന്നവയായിരുന്നു ഈ ചിത്രങ്ങള്‍.  കോവിഡ് കാലഘട്ടത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടനവധി ചലച്ചിത്രകാരന്മാരുടെ ദേഹാ ന്ത്യമുണ്ടായി.അവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നതിന്നായി  ചലച്ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു.
      ലോകസിനിമയില്‍ നമുക്ക് സുപരിചിതരായ മാക്‌സ് ഫോണ്‍ സിഡോ, കിര്‍ക് ഡഗ്ലസ് എന്നിവര്‍ക്കൊപ്പം ഐഫ്എഫ് ഐ യിലും ഐ എഫ് എഫ് കെ യിലും റെ ട്രോസ്‌പെക്റ്റീവുകളുണ്ടായിരുന്ന സെര്‍ബിയന്‍ സംവിധായകന്‍ ഗോരാന്‍ പാസ്‌കാല്‍ ജെവിക്കിന്റെ സ്മൃതിയും ചിത്രപ്രദര്‍ശനം കൊണ്ട് ആദരിക്കപ്പെട്ടു. ഇന്ത്യന്‍ മേളകളില്‍ ആകൃഷ്ടനായ ഗോരാന്‍ 2016-ല്‍ 'ലാന്‍ഡ് ഓഫ് ഗോഡ്‌സ്' എന്ന ഒരു ഇന്ത്യ, സെര്‍ബിയ സംയുക്തസംരഭത്തിന് ചുക്കാന്‍ പിടിക്കുകയുണ്ടായി.അലന്‍ ഡെവിയു, ചാഡ്വിക് ബോസ്മാന്‍, ഇവാന്‍ പാസ്സര്‍, അലന്‍ പാര്‍ക്കര്‍, എന്നിയോ മാരിക്കോണ്‍, ഒളീവിയ ദേ ഹവിലന്‍ഡ് എന്നിവരുടെ ചിത്രങ്ങളും ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.ഇന്ത്യയില്‍ നിന്നാവട്ടെ, ഈ പട്ടിക ഇതിലും ദീര്‍ഘമാണ്. സൗമിത്ര ചാറ്റര്‍ജി, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, എസ്. പി. ബി., ബാസു ചാറ്റര്‍ജി, സുശാന്ത് സിംഗ് രാജ്പുത്, മന്‍മോഹന്‍ മഹാപത്ര, ശ്രീറാം ലാഗു  സരോജ് ഖാന്‍,.അജിത് ദാസ്,ഭാനു അത്തയ്യ,ബിജയ് മൊഹന്തി,ജഗ്ദീപ് , കുംകും ,നിമ്മി, നിഷികാന്ത് കമല്‍,രാഹത്ത് ഇന്‍ഡോറി , വാജിദ് ഖാന്‍, യോഗേഷ് ഗൗര്‍ എന്നിവരുടെ സ്മരണാഞ്ജലിയായി ഓരോ ചിത്രം പ്രദര്ശിപ്പിക്കപ്പെട്ടു.ഈ നീണ്ട പട്ടികയില്‍ നിന്നുതന്നെ കോവിഡ് കാലത്ത് എത്രയെത്ര കലാകാരന്മാര്‍ ജീവന്‍ വെടിഞ്ഞു എന്ന് വ്യക്തമാണല്ലോ.ഇതില്‍ നമ്മെ അസ്വസ്ഥരാക്കുന്ന ഒരു വസ്തുതയുണ്ട്.ഈ കാലയളവില്‍ മലയാളസിനിമയിലെ ഒട്ടനവധി കലാകാരന്മാര്‍ നമ്മെ വിട്ടു പോയിട്ടുണ്ട്! എന്തുകൊണ്ട് അവരിലൊരാള്‍ പോലും ഈ പട്ടികയിലിടം നേടിയില്ല? മറുപടി പറയേണ്ടത് സംഘാടകസമിതിയിലെ മലയാളികളാണ്.
      മത്സരവിഭാഗം ശക്തമായിരുന്നു എന്നതാണ് അന്‍പത്തിയൊന്നാമത് ഐ.എഫ്.എഫ്.ഐ.യുടെ വലിയൊരു നേട്ടം.പാബ്ലോ സീസര്‍ ചെയര്‍മാനായ ജൂറി സുവര്‍ണ്ണമയൂരത്തിനായി തിരഞ്ഞെടുത്തത് ഡെന്മാര്‍ക്കില്‍ നിന്നുള്ള ' ഇന്റ്റു ദി ഡാര്‍ക്‌നെസ്സി ' നെയാണ് .ആന്‍ഡേഴ്സ് റെഫിനാണ് ഇതിന്റെ സംവിധായകന്‍.സ്‌കാന്ഡിനേവിയന്‍ സിനിമയുടെ സുവര്‍ണ്ണഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ചിത്രമാണിത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്.മുന്‍കാല മേളകളെയപേക്ഷിച്ഛ് യുദ്ധചിത്രങ്ങള്‍ തുലോം കുറവായിരുന്നു ഇക്കുറി എന്ന കാര്യവും സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.യുദ്ധത്തിന്റെ തുടക്കത്തില്‍ ഡെന്മാര്‍ക്ക് ഒരു പക്ഷത്തും ചേര്‍ന്നിരുന്നില്ല.ഹിറ്റ്‌ലറുടെ സേന രാജ്യത്തിനുള്ളില്‍ കടന്നതോടെ ഡെന്മാര്‍ക്കിന് അവരുടെ പക്ഷത്ത് ചേരേണ്ടിവരുന്നു.ഈ യുദ്ധം സ്‌കോവ് കുടുംബത്തില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ കാതല്‍.കുടുംബനാഥനായ കാള്‍  സ്‌കോവ് ഒരു സ്വയം നിര്‍മ്മിതമനുഷ്യനാണ്.അയാള്‍ കെട്ടിപ്പടുത്ത ഇലക്ട്രോണിക്‌സ് കമ്പനിക്ക് നാസികള്‍ക്കുവേണ്ടി പണിയെടുക്കേണ്ടിവരുന്നു.ഭാര്യയും അഞ്ചു മക്കളുമുള്ള അയാളുടെ നിലപാടുകള്‍ കുടുംബത്തില്‍ ചലനങ്ങളുളവാക്കുന്നു. അയാളും  മകന്‍ അക്‌സലും സ്വീകരിക്കുന്ന നിലപാടുകളുടെ വൈരുദ്ധ്യം ചിത്രത്തില്‍ നിരീക്ഷിക്കപ്പെടുന്നു.
    ഏറ്റവും മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചത് ' ദി സൈലന്റ് ഫോറസ്റ്റ് ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കോ ചെന്‍-നീനാണ് .ഇതേ ചിത്രത്തിലെ അഭിനയത്തിന് ലിയു സു ചുവാന്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.തയ്വാന്‍ ചിത്രമാണ് ' ദി സൈലന്റ് ഫോറസ്റ്റ്'.പോയ വര്‍ഷങ്ങളില്‍ ധാരാളം ചൈനീസ് ചിത്രങ്ങള്‍ ഐ.എഫ്.എഫ്.ഐ.യില്‍ പങ്കെടുക്കുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.ഇക്കുറി ചൈനയില്‍ നിന്ന് ചിത്രങ്ങളൊന്നുമുണ്ടായില്ല. ആ സ്ഥാനമാണ് തയ്വാന് ലഭിച്ചത്.മേളയിലെ ഏറ്റവും മികച്ച രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കാനും തയ്വാനു കഴിഞ്ഞു.ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള ഒരു വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ് 'ദി സൈലന്റ് ഫോറസ്റ്റ്' ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.ആ സ്‌കൂളില്‍ അദ്ധ്യാപകനായെത്തുന്ന ഒരാളുടെ ഞെട്ടിക്കുന്ന അനുഭവങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.വ്യത്യസ്തചലച്ചിത്രധാരകളുടെ ഒരു സമന്വയമാണ് ചിത്രം.ലോകസിനിമാഭൂപടത്തില്‍ തയ്വാന്‍ ശക്തമായ സ്ഥാനം നേടിയെടുക്കുമെന്ന സൂചന നല്കുന്നു 'ദി സൈലന്റ് ഫോറസ്റ്റ്'.
       മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് സോഫിയ സ്റ്റാഫിര്‍ജാണ്.സമ്പന്നമായ ചലച്ചിത്രപാരമ്പര്യമുള്ള പോളണ്ടില്‍ നിന്നെത്തിയ ' ഐ നെവര്‍ ക്രൈ ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രജതചകോരം സമ്മാനിക്കപ്പെട്ടിട്ടുള്ളത്.മരണപ്പെട്ട പിതാവിന്റെ ശവശരീരം കൊണ്ടുവരാനായി അയര്‍ലണ്ടിലേക്ക് പോകുന്ന ഒരു പതിനേഴുകാരിയുടെ കഥയാണിത്.അച്ഛന്‍ അവരെ വിട്ടുപോയിട്ട് കാലം വളരെ കഴിഞ്ഞിരുന്നു.മകള്‍ക്ക് അയാളെപ്പറ്റി ഒന്നുമറിയില്ല.എന്നാല്‍, ഒരു കാര്‍ വാങ്ങാനുള്ള പണം അയാള്‍ നല് കുമെന്നൊരു വാഗ്ദാനമുണ്ടായിരുന്നു.ആ  പ്രലോഭനവും മകളുടെ യാത്രയ്ക്കൊരു കാരണമാണ്.അയര്‍ലണ്ടില്‍ ആദ്യമായി എത്തിയ പെണ്‍കുട്ടിക്ക് അസ്വസ്ഥകരമായ അനുഭവങ്ങളാണുണ്ടാകുന്നത്.അച്ഛന് അവിടെ മറ്റൊരു പങ്കാളിയുണ്ടെന്ന അറിവും അവളെ ഞെട്ടിക്കുന്നുണ്ട്.എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അച്ഛന്റെ ചിതാഭസ്മവുമായി അവള്‍ മടങ്ങുമ്പോള്‍ ചിത്രമവസാനിക്കുന്നു.ഭിന്നഭാവങ്ങള്‍ പകര്‍ന്നാടാന്‍ കഴിയുന്ന ശക്തമായ ഒരു കഥാപാത്രത്തെയാണ് സോഫിയ സ്റ്റാഫിര്‍ജിനു ലഭിച്ചത്.അസാധാരണപ്രതിഭാവിലാസത്തോടെയാണ് ആ യുവതി അത് കൈകാര്യം ചെയ്തത്.
       സമ്മാനാര്ഹമാകാത്ത ചിത്രങ്ങളുടെ കൂട്ടത്തിലുമുണ്ടായിരുന്നു ഏറ്റവും മികച്ചതെന്ന് പറയാവുന്ന ചില രചനകള്‍.അവയിലേറ്റവും ശ്രദ്ധേയമത്രേ ടിയാഗോ ഗീഡ്സ് സംവിധാനം ചെയ്ത പോര്‍ച്ചുഗീസ് ചിത്രമായ ' ദി ഡൊമയ്ന്‍ '.ചലച്ചിത്രദൈര്‍ഘ്യത്തെസ്സംബന്ധിച്ച നിബന്ധനകള്‍ക്ക് വഴിപ്പെടാന്‍ മടിക്കുന്ന ബൃഹദാഖ്യാനങ്ങള്‍ക്ക് ഇപ്പോഴും സാംഗത്യമുണ്ടെന്നു തെളിയിക്കുന്ന ചിത്രമാണിത്.ഒരു കാലഘട്ടത്തിലെ പോര്‍ച്ചുഗീസ് ചരിത്രത്തിലൂടെയാണ് ഇതിന്റെ പ്രയാണം.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ എസ്റ്റേറ്റുകളിലൊന്നിന്റെ ഉടമകളായ ഫെര്‍ണാണ്ടസ് കുടുംബക്കാരുടെ ഭാഗധേയങ്ങളാണ് ഇതില്‍ പകര്‍ത്തപ്പെടുന്നത്.ആദിമധ്യാന്തം കേന്ദ്രകഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത് ജോവോ ഫെര്‍ണാണ്ടസാണ്.ജോവോയുടെ ജീവിതത്തിലെ ഋതുപരിണാമങ്ങളാണ് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നത്.അഹന്തകളും അവയ്ക്ക് കാലം നല്‍കുന്ന തിരിച്ചടികളും ചിത്രീകരിക്കുമ്പോള്‍ ഗീഡ്‌സ് സാര്‍വ്വകാലികത്വം പുലര്‍ത്തുന്നു.
     
           ഐ.എഫ്.എഫ്.ഐ.യില്‍ ഞാന്‍ ഏറ്റവും താല്പര്യത്തോടെ ഉറ്റുനോക്കുന്ന ഒരു വിഭാഗമാണ് ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പ്/ .കടന്നുപോയ മാസങ്ങളില്‍ വിശ്വോത്തരചലച്ചിത്രമേളകളില്‍ മാറ്റുരച്ച ചിത്രങ്ങളുടെ അവതരണമാണ് അതില്‍ നടക്കുന്നത്.എന്നാല്‍,ഇക്കുറി ആ വിഭാഗം മികച്ചതായില്ലെങ്കില്‍ .അത് സ്വാഭാവികമാണ്.പല പ്രശസ്തമേളകളും നടന്നില്ല.നടന്നതില്‍ത്തന്നെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ നിലവാരമേന്മയുള്ളതാവണമെന്നുമില്ല.എങ്കിലും കൗതുകകരമായ ചില ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു .
     മേളയിലെ എല്ലാ വിഭാഗങ്ങളിലും പെട്ട ചിത്രങ്ങളില്‍ വച്ച് ഏറ്റവും ഹൃദയദ്രവീകരണക്ഷമമായി എനിക്കനുഭവപ്പെട്ടത്  
  മോറാ ദേല്‍പെരോ സംവിധാനം ചെയ്ത ' മെറ്റേണലാ'ണ്.ഇറ്റലിയും അര്‍ജന്റീനയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഒരു കന്യാസ്ത്രീ മഠത്തോട് ചേര്‍ന്നുള്ള അനാഥാലയമാണ് കഥാഭൂമിക.മൂന്നു സ്ത്രീകളുടെ കഥയാണിച്ചിത്രം പറയുന്നത്.കന്യാസ്ത്രീയായ പോളാ ,അനാഥാലയത്തിലെ അന്തേവാസികളായ ലൂസി,ഫാത്തിമ എന്നിവരാണ് ഈ മൂവര്‍.ലൂസിക്കും ഫാത്തിമയ്ക്കും മാതൃത്വം ഒരു ബാധ്യതയാണെങ്കില്‍ പോളയ്ക്കത് നിഷേധിക്കപ്പെട്ട സ്വപ്‌നമാണ്..അതിവിദഗ്ദ്ധമായ പാത്രാവിഷ്‌കരണത്തിലൂടെയും ഹൃദയഹാരിയായ ദൃശ്യങ്ങളിലൂടെയും അവതരണം നിര്‍വഹിക്കുകയാണ് സംവിധായിക.
         മഹാമാരിയുടെ കാലത്തെ മേളയുടെ മികച്ച മാതൃക എന്ന് തന്നെ ഗോവന്‍ മേളയെ വിശേഷിപ്പിക്കാം.പക്ഷേ , നാല് മേഖലകളിലായി വിഭജിച്ചു നടത്താന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ ഐ.എഫ്.എഫ്.കെ.യ്ക്ക് താളം തെറ്റുകയായിരുന്നു.വേണ്ടിയിരുന്നത് തിരുവനന്തപുരത്തു തന്നെ രണ്ടോ മൂന്നോ തിയേറ്ററുകള്‍ കൂടി ഏര്‍പ്പെടുത്തുകയും ആയിരമോ രണ്ടായിരമോ പേര്‍ക്കുകൂടി ഡെലിഗേറ്റ് പാസ്സ് നല്കുകയുമായിരുന്നു .ഇത്തവണ തിരുവനന്തപുരത്തിനു പുറത്തുവച്ചു നടത്തുന്ന മേളകളൊന്നും അന്താരാഷ്ട്ര മേളയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്നതാണ് സത്യം. കൊച്ചിയില്‍ അത് ജനപ്രിയസിനിമക്കാരുടെ കാര്‍ണിവലായി മാറി.അക്കാദമി ചെയര്‍മാന്റെ പ്രത്യേകതാല്പര്യമാവാം അത്. അതുപോലെ പാലക്കാട് സാംസ്‌കാരികമന്ത്രിയുടെ നിയോജകമണ്ഡലമായതുകൊണ്ടാവാം സമാപനം അവിടെയാക്കിയത്.
        സാധാരണ ഐ.എഫ്.എഫ്.ഐ.യില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന മികച്ച ചിത്രങ്ങള്‍ പലതും ഐ.എഫ്.എഫ്.കെ.യിലും പ്രദര്ശിപ്പിക്കപ്പെടാറുണ്ട്.ഇക്കുറി അതുണ്ടായില്ല.പൊതുവേ ചിത്രങ്ങള്‍ ശരാശരി നിലവാരത്തിലൊതുങ്ങുന്നവയായിരുന്നു.മലയാള സിനിമകളുടെ കാര്യത്തില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്.കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെ.യില്‍ പതിനാലില്‍പ്പരം മലയാളചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും അവയുടെ തിരഞ്ഞെടുപ്പിനെപ്പറ്റി വ്യാപകമായ ആക്ഷേപങ്ങളുയര്‍ന്നിരുന്നു.അര്‍ഹമായവ പടിക്കു പുറത്തായിയെന്നും അനര്‍ഹമായവ കയറിപ്പറ്റി എന്നുമായിരുന്നു ആക്ഷേപം.കഴിഞ്ഞ തവണ ജൂറി പുറത്താക്കിയ മലയാളചിത്രങ്ങളില്‍പ്പലതും വിദേശമേളകളില്‍ അവാര്‍ഡുകള്‍ നേടിയെടുക്കുകയുണ്ടായി.' വാസന്തി'എന്ന ചിത്രമാവട്ടെ,ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി.കേരളമേളയുടെ നിയമമനുസരിച് ഇത്തരം ചിത്രങ്ങള്‍ ഐ.എഫ്.എഫ്,കെ,യില്‍ പ്രദര്ശിപ്പിക്കേണ്ടതുണ്ട്.അതിനാല്‍, കഴിഞ്ഞ തവണ തഴഞ്ഞ പല ചിത്രങ്ങളും ഇത്തവണ പ്രദര്ശിപ്പിക്കേണ്ട ഗതികേടുണ്ടായി.ഐ.എഫ്.എഫ്.കെ.യുടെ തിരഞ്ഞെടുപ്പുസമിതികളെസ്സംബന്ധിച്ചേടത്തോളം ഒട്ടും അഭിമാനകരമായ കാര്യമല്ല ഇത്.കൂട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ അപകടകരമായിക്കണ്ട ഒരു പ്രവണതയെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്.സജിന്‍ ബാബുവിന്റെ ' ബിരിയാണി' എന്ന ചിത്രം തഴഞ്ഞതിനു കാരണമായിപ്പറഞ്ഞത് അത് മുസ്ലിം വിരുദ്ധമാണ് എന്നത്രേ .ഇത് പറയുന്നവരാണ് പോയ കൊല്ലങ്ങളില്‍ ഹിന്ദുവിരുദ്ധം എന്ന കാരണം കൊണ്ട് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ചില ചിത്രങ്ങള്‍ക്ക് ഹൈക്കോടതി വരെ പോയി പ്രത്യേകവിധി സമ്പാദിച്  മേളയില്‍ പ്രദര്‍ശിപ്പിച്ചത്.മതേതരബുദ്ധിജീവികള്‍ എന്ന് സ്വയം വിളിക്കുന്നവരുടെ ഈ ഇരട്ടത്താപ്പാണ് നമ്മുടെ നാട്ടില്‍ വര്‍ഗീയബോധം പടരാനുള്ള ഒരു കാരണം.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image