ഞാനും എൻറെ മച്ചിപ്ലാവും
 
സുരേഷ് നാരായണൻ
 
 
 
പറമ്പിലൊരു മച്ചിപ്ലാവുണ്ടായിരുന്നു.
 
എൻറെ സങ്കടമൊന്നു മാറ്റിത്താ എന്നെപ്പോഴും കരയുമായിരുന്നു
 
ഒരു ദിവസം 
എല്ലാം തീരുമാനിച്ചുറപ്പിച്ച് 
ഞാനതിനരികിലേക്കു നടന്നു.
 
'എൻറെ സങ്കടങ്ങളാണെടുത്തുകൊള്ളുക'
എന്നു മുരണ്ടു കൊണ്ട്
ആണികൾ ഓരോന്നായ് 
ചുവട്ടിൽ തറച്ചു തുടങ്ങി.
 
മരം കൊമ്പുകൾ കുലുക്കി 
ആർത്തു കരഞ്ഞു. 
കിളിക്കൂടുകളെയുന്തി 
എൻറെ തലയിലേക്കിട്ടു.
 
പൊടുന്നനേ വന്ന
മഴയുടെ അലർച്ചയിൽ 
അതിൻറെ കരച്ചിൽ മുങ്ങിപ്പൊയിരിക്കണം.
 
ഞാൻ പിന്നെ അതിനടുത്തേക്ക് പോയതേയില്ല.
 
ഒരുനാൾ
വക്ഷസ്സു മുതലരക്കെട്ടു വരെ 
നിറഫലങ്ങളുടെ നിറമണവുമായ് 
അതെൻറെമുറിയിലേക്കെ- ത്തിനോക്കുന്നതു വരെ !
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image