കപ്പല്‍ ചിറകുള്ള പൂമ്പാറ്റകള്‍

ലിഷ ജയന്‍

 


............................................
കൊച്ചു മറിയാമ്മേടെ ചട്ടയ് ക്കകത്തു പൂമ്പാറ്റക്കൂ ടുണ്ടെന്നു  10C യിലെ ഗീവര്‍ഗീസ് പറഞ്ഞെന്ന് കോര പറഞ്ഞത് കേട്ട്, ങേ  !അതെങ്ങനെയെന്ന് കണ്ണും തള്ളിയിരിക്കുമ്പോഴാണ് കരപ്പന്‍ പൗലോയെ (പൗലോ .C.കരപ്പനാട്ട് എന്നാണ് പേരെങ്കിലും പിള്ളേര്‍ക്കെല്ലാം കരപ്പനെന്നു പറഞ്ഞാലേ അറിയൂ ) ആന്‍സി ടീച്ചറ് പൊക്കുന്നത് പൗലോയേ ഒന്നുപറഞ്ഞാട്ടെ ഏതാ വൃത്തം ?....
പൂമ്പാറ്റകള്‍ പാറിപ്പറക്കുന്ന കണ്ണും തള്ളി പൗലോ എണീറ്റ് നില്‍ക്കുമ്പോള്‍  കോര ,എടാ പറയെടാ പറയെടാ പൈ ആര്‍ സ്‌ക്വയര്‍  എന്ന് പറഞ്ഞു തീരും മുന്‍പ് അതുതന്നെ  പൗലോ പറഞ്ഞൊപ്പിച്ച് .
ക്ലാസ്സില് കൂട്ടച്ചിരി പൊന്തിയതും ,മലയാളം പദ്യത്തിലെവിടാ  കരപ്പാ  പൈ ആറ്  ന്ന് ആന്‍സി ടീച്ചര്‍ ചെവി പൊന്നാക്കിയതും പൗലോ അറിഞ്ഞു കൂടിയില്ല .
അതെങ്ങനൊക്കും പൂമ്പാറ്റ  കൂടുവച്ചാല് കൊച്ചുമറിയാമ്മക്ക് നോവത്തില്ലയോ അതെന്നാ പറച്ചിലാന്ന് കോരയോട് വീണ്ടും ചോദിയ്ക്കാന്‍ തുടങ്ങീതും ലാസ്റ്റ് ബെല്ലടിച്ചു ...
രാത്രി മുഴോനും അതുതന്നെ ഓര്‍ത്ത് സ്വപനത്തില്‍ കൊച്ചുമറിയാമ്മ പൂമ്പാറ്റ  പോലൊരു വേഷത്തില്‍ വന്ന് ഒള്ളതാ പൗലോയേ ഒള്ളതാന്ന് ചിറകടിക്കുമ്പോള്‍ പൗലോ ഉറക്കത്തിലും വെട്ടിവിയര്‍ത്തു ...
ഈ ചെറുക്കനിതെന്നാ പറ്റി രാവിലെ കഞ്ഞിപോലും കുടിക്കാതെ സ്‌കൂളിലോട്ടു ഓടുന്നതെന്നു അമ്മച്ചി ഒച്ചയിട്ടിട്ടും  കേള്‍ക്കാതെ,  നില്‍ക്കാതെ നേരം  വെളുത്ത പാടെ പൗലോ സ്‌കൂളിലേക്കോടി .
സംശയം കേട്ടതും കോര ചിരിയോടു ചിരി ,നിനക്കിതൊന്നും അറിയുകേലഞ്ഞിട്ടാ  ഒന്ന് പോഡാര്‍ക്കാന്ന്  പറഞ്ഞു കോര ഗമയിലിങ്ങനെ  ബീഡി ആഞ്ഞുതി കൊണ്ടിരുന്നു ....
ഗമ സഹിക്കാന്‍ പറ്റാതായപ്പോള്
 ഒന്നും മിണ്ടാതെ ബെല്ലടിച്ച പാടെ പൗലോ ക്ലാസ്സില്‍ കേറി ....
ഓരോ പീരിയഡും ബെല്ലടിക്കുന്നതും വിഷയം മാറുന്നതും അവന്‍ അറിഞ്ഞു കൂടിയില്ല ..
ഉച്ചക്കഞ്ഞി വരിയില്‍ കഞ്ഞി വിളമ്പാന്‍ നിക്കുന്ന കൊച്ചുമറിയാമ്മയെ കണ്ടപ്പോള്‍ പൗലോയുടെ നെഞ്ഞിടിച്ച് ..
എന്നതാ പൗലോകൊച്ചേ, ന്‌ലാവത്ത് കോഴിയേ അഴിച്ച് വിട്ടപ്പോലൊരു അന്താളിപ്പ് !ന്ന് മറിയാമ്മ ചോദിച്ചതും പൗലോ വാഴ  വെട്ടിയിട്ടപോലെ കഞ്ഞിക്കല ത്തിന്റെ മോളിലോട്ടു വീണതും ഒന്നിച്ചാരുന്ന് !
 പിന്നെ എന്റെ കൊച്ചിനിതെന്നാ പറ്റിയെന്റെ മാതാവേന്ന് അമ്മച്ചിടെ നിലവിളികേട്ടുണരുമ്പോള്‍ സ്‌കൂള് വിട്ട് പിള്ളേരല്ലാം പോയെന്നും പൗലോ മാത്രം വരാന്ത പടിയില്‍ ചടഞ്ഞിരിക്കുവാണെന്നും ,കാണാഞ്ഞു അമ്മച്ചി തിരക്കി വന്നതാണെന്നും അവന് മനസിലായി
മറിയാമ്മക്ക് ചിരിക്കുമ്പോഴും ,നടക്കുമ്പോഴും എന്തൊരു ചോലാണെന്നു പെട്ടെന്നാണ് പൗലോക്ക് തോന്നിയത് ...ഇതുവരെ ഈ ചന്തമൊക്കെ
 എവിടാരുന്നെന്നു ഓര്‍ത്തോര്‍ത്തണ് അന്ന്  നേരം വെളുപ്പിച്ചത് ..
മറിയാമ്മ ഒറ്റക്കാണ് താമസമെന്നും ,ഗീവര്‍ഗീസും കൂട്ടരും വീട് കണ്ടു പിടിച്ചിട്ടുണ്ടെന്നും ആന്റണി സാറിന്റെ കണക്കു ക്ലസ്സിലാണ് കോര ,കരപ്പനോട് പറയുന്നത് ...വൃത്തത്തിന്റെ വ്യാസം കാണാന്‍  പറഞ്ഞപ്പോള്‍  വൃത്തത്തിനകത്തു മുഴോന്‍പൂമ്പാറ്റയെ  വരച്ച് വച്ചിരിക്കുന്നോടാന്നു ചോദിച്ചു ആന്റണി സര്‍ അവന്റെ തുട അടിച്ചു പൊട്ടിക്കുമ്പോള്‍വലിയ കണക്കുകാരി ശാലിനി p.S വരെ കരഞ്ഞു പോയി .മറിയമ്മക്കുവേണ്ടിയല്ലേ  എന്നോര്‍ത്ത് പൊട്ടിവന്ന കരച്ചില്‍ ഒതുക്കി പൗലോ വീണ്ടും, വീണ്ടുപൂമ്പാറ്റകളെ  വരച്ചുകൊണ്ടേയിരുന്നു.
 മറിയാമ്മയെ സ്‌നേഹിച്ചു ,സ്‌നേഹിച്ചു താന്‍ മരിച്ചുപോകുമോന്നു പോലും പൗലോക്ക് തോന്നുമായിരുന്നു ...
അപ്പന്‍ കൊണ്ടുവരുന്ന ചക്കര ഉപ്പേരിക്കൊന്നും ഒരു രുചിയുമില്ലാത്ത പോലെ ,പെങ്ങള് കൊച്ചിന്റെ കൂടേ കളിക്കാനൊന്നും ഒരു രസവില്ലാത്ത പോലെ ...
മറിയമ്മയോടു സംഗതി  പറയതെങ്ങനാന്നു കോര ചോദിക്കുമ്പോള്‍ എങ്ങനെ പറയുമെന്നാണെന്നു എത്തും പിടിയും കിട്ടാതെ പൗലോ അന്തിച്ചു ...
ഞായറാഴ്ച കുര്‍ബാന ക്ക് വരുമ്പോള്‍ പറയാമെന്നു അവസാനം അവര് അങ്ങ്  തീരുമാനിച്ച് .
വെള്ളിയാഴ്ച തൊട്ടേ കോരയും പൗലോയും മാറി ഇരുന്ന് കുശു കുശുപ്പാര് ന്ന്  ...
ഞായറാഴ്ച നേരം വെളുക്കും മുന്‍പേ പൗലോ പള്ളിയില്‍ പോകാന്‍ റെഡിയായി വന്നപ്പോള്‍  
ഇതെന്നതാ കൂത്താ എന്റെ കര്‍ത്താവേ ഞായറാഴ്ച്ച  പത്തു മണിയാകാതെ കിടക്കപ്പായെന്നു പൊങ്ങാത്ത ചെറുക്കനാ ഇവനിതെന്ന  പറ്റിയെന്നു അമ്മച്ചി അന്തിച്ചു നിക്കുന്നതും കണ്ടേച്ചും  പള്ളിയില്‍ ചെന്നപ്പോഴോ
കാത്തു നിന്നിട്ടും  രണ്ട് കുര്ബാനക്കും വരാതെ മറിയാമ്മ സങ്കടപ്പെടുത്തി കളഞ്ഞു .
  ഗീവര്‍ഗീസുംകൂട്ടരും 8C യുടെ മുന്നില്‍ വന്ന്  കൂവിയാണ് പൗലോയേ ആ  തിങ്കളാഴ്ച്ച ക്ലാസ്സില്‍ കേറ്റിയത്
 പൗലോ പ്ലസ് മറിയാമ്മന്നു മൂത്രപ്പുരയുടെ ഭിത്തി യേലെഴുതിയെന്നു പറഞ്ഞു കോരയും ഗീവര്‍ഗീസും അടി പിടിയുണ്ടായ  അന്നുച്ചക്കാണ്  സ്‌കൂളില്‍ പെട്ടെന്ന് പോലീസ് വന്നത് ...
എന്നതാന്നു പിള്ളേര് തിക്കിതിരക്കുമ്പോള്‍ സംഗതി അറിഞ്ഞ പാടെ  കോര, സൈക്കിളുമെടുത്ത് പൗലോയേ വച്ച് ആഞ്ഞു ചവിട്ടി മറിയാമ്മേടെ വീട്ടുമുറ്റത്തു ചെല്ലുമ്പോള്‍ ...  ഒറ്റപ്പായില്‍ പൊതിഞ്ഞു  മറിയാമ്മയെ കിടത്തിയിരിക്കുന്നത് കണ്ടപ്പോള്‍  അവളുടെ ചട്ടക്കകത്തുനിന്നും  ചിറകടി ഒച്ചകള്‍ അടുത്തടുത്തു വരുന്നതായി പൗലോ ഒരു സ്വപ്‌നത്തിലെന്നോണം കണ്ടു ,മറിയാമ്മ വെള്ളനിറപൂമ്പാറ്റയായി  പറന്ന് വന്ന് നിനക്കെന്നോട് ഒന്ന് പ റഞ്ഞൂടാര്‍ന്നോടാന്ന്  ചോദിച്ച്    നെഞ്ചില്‍ ഒട്ടിച്ച് വച്ച പൂമ്പാറ്റ കൂടിളക്കി ഒരു പറ്റം പൂമ്പാറ്റകളെ പറത്തിവിട്ട്  ഒച്ചയില്ലാതെ പറന്ന് പറന്ന് പോയി....
..................................................
ലിഷ ജയന്‍

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image