മുന്നണിയുടെ മുഖങ്ങള്‍, വെല്ലുവിളികള്‍ സനൂബ് ശശിധരന്‍
....................
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് മാത്രം അല്ല, ചില നേതാക്കള്‍ക്കും ഏറെ നിര്‍ണായകം ആണ്. പ്രത്യേകിച്ച് മുന്നണികളെ നയിക്കുന്ന നേതാക്കള്‍ക്ക് - പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് . പ്രവര്‍ത്തന ശൈലി കൊണ്ടുതന്നെ വ്യത്യസ്തരാണ് മൂവരും. പിണറായിക്കും ഉമ്മന്‍ ചാണ്ടിക്കും ഉള്ളത് പോലെ ചരിസ്മയും സ്വാധീനവും സുരേന്ദ്രന് ഇല്ല. മറിച്ച് വേണ്ടത്ര ശത്രുക്കള്‍ ഉണ്ട് താനും. സംഘടന രംഗത്ത് നേതൃസ്ഥാനം വഹിച്ചവരാണ് പിണറായിയും സുരേന്ദ്രനും എങ്കില്‍ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്ത് ഇരുന്നു ഉമ്മന്‍ ചാണ്ടി നടത്തിയ പ്രവര്‍ത്തനം തന്നെ ആണ് അദ്ദേഹത്തിന്റെ കരുത്ത്.
പാര്‍ട്ടിയില്‍ വേറെയും നേതാക്കള്‍ ഉണ്ടെങ്കിലും സിപിഎമ്മിനകത്ത് പിണറായിക്ക് തന്നെ ആണ് സ്വാധീനവും പ്രാധാന്യവും കൂടുതല്‍. അന്തിമ വാക്ക് പാര്‍ട്ടിയില്‍ പിണറായി ആണ് എന്ന് തന്നെ പറയാം. വിഎസ് അച്യുതാനന്ദന്‍ കളം ഒഴിഞ്ഞതോടെ പാര്‍ട്ടിക്കകത്ത് പിണറായിക്ക് എതിരാളികള്‍ ഇല്ല. പിബി അംഗങ്ങള്‍ ആയ എം എ ബേബി, മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഒക്കെ വെറും നിഴലായി മാത്രം നിന്നുപോയി എന്നതും പിണറായിക്ക് കരുത്തായി. നീണ്ട 16 വര്‍ഷത്തോളം പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച പിണറായിക്ക് സംഘടനക്ക് അകത്ത് ശക്തി തെളിയിക്കാന്‍ ആയി. മികച്ച സംഘാടകന്‍ എന്ന നിലയില്‍ കൈകൊണ്ട വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങളും നടപടികളും പാര്‍ട്ടിക്കകത്ത് സ്വാധീനം ഉറപ്പിക്കാന്‍ പിണറായിയെ സഹായിച്ചു. പാര്‍ട്ടിക്കകത്ത് ശത്രുക്കളെയും പിണറായി സൃഷ്ടിച്ചു എങ്കിലും വിഎസ് പക്ഷം ഇല്ലാതായതോടെ അതെല്ലാം ശിഥിലമായി പോയി. കര്‍ക്കശ സ്വഭാവം ആണ് പിണറായിയെ വേറിട്ട് നിര്‍ത്തുന്നത്. എടുക്കുന്ന തീരുമാനത്തില്‍ നിന്ന് എന്ത് വന്നാലും പിന്‍മറില്ല എന്നത് പാര്‍ട്ടി സെക്രട്ടറി എന്ന സ്ഥാനത്ത് ഇരുന്നപ്പോള്‍ മാത്രം അല്ല മുഖ്യമന്ത്രി കസേരയില്‍ ഇരുന്നപ്പോള്‍ പോലും പിണറായി സ്വീകരിച്ച നിലപാടാണ്. ഒരു ഭരണാധികാരി എന്ന നിലയില്‍ ആ നിലപാട് പല വികസന പദ്ധതികളും നടപ്പിലാക്കുന്നതില്‍ നിര്‍ണായകം ആയി. പ്രത്യേകിച്ച് ദേശീയ പാത വികസനം, ഗെയില്‍ പ്പൈ്ലൈന്‍ പദ്ധതി തുടങ്ങിയവ. എതിരാളികള്‍ പോലും അസാധ്യം എന്ന് പ്രസ്താവിച്ച പദ്ധതികള്‍ കാലാവധിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കി പിണറായി കേന്ദ്രത്തിന്റെ തന്നെ പ്രശംസ പിടിച്ചുപറ്റി.
ഒട്ടും ചിരിക്കാത്ത ഗൗരവ പ്രകൃതം ഉള്ള വ്യക്തി എന്ന നിലയില്‍ കാണുന്നവരില്‍ ചിലപ്പോളൊക്കെ അരോചകം സൃഷ്ടിച്ചിട്ടുണ്ട് പിണറായി. മറ്റുള്ളവരെ പോലെ മാധ്യമ പ്രവര്‍ത്തകരോട് പോലും സൗമ്യമായി പേരുമാറാത്ത പിണറായി നടത്തിയ ചില പ്രയോഗങ്ങള്‍ വലിയതോതില്‍ ചര്‍ച്ചയാവുകയും ചെയ്തു. കടക്ക് പുറത്ത്, മാറി നില്‍ക്ക് തുടങ്ങിയ ചില പ്രതികരണങ്ങള്‍ പ്രത്യേകിച്ച്. മുഖ്യമന്ത്രി പദത്തില്‍ എത്തുന്നതിനു മുമ്പ് നടത്തിയ നികൃഷ്ട ജീവി, പര നാറി പ്രയോഗങ്ങളും ഒരു രാഷ്ട്രീയ നേതാവിന് ചേരുന്നതാണോ എന്ന് പലരും നെറ്റി ചുളിച്ചിടും ഉണ്ട്. കയ്യടി കിട്ടാന്‍ വേണ്ടി എന്തും പറയുകയോ പ്രവര്‍ത്തിക്കുകയോ പിണറായി ചെയ്യില്ല. അതേസമയം സംസാരിക്കേണ്ട സമയത്ത് അതിന്റെ എല്ലാ വിവേകവും ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ സംസാരിക്കുകയും ചെയ്യും. പ്രളയത്തിന്റെ സമയത്തും കൊറോണ പടര്‍ന്നു പിടിച്ച സമയത്തും പിണറായിയുടെ വാര്‍ത്ത സമ്മേളനങ്ങള്‍ ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് കൂട്ടിയത് അതുകൊണ്ട് മാത്രം ആണ്. പിണറായി എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കുഞ്ഞുങ്ങളും പ്രായം ഏറിയവരും ടിവി ക്കു മുന്നില്‍ കൃത്യം 6 മണിക്ക് എത്തിയത് അതിന്റെ തെളിവാണ്. എന്ത് കരുതാലാണ് ഈ മനുഷ്യന് എന്ന് ജനം പറഞ്ഞതും എല്ലാ സൂക്ഷ്മ തലങ്ങളിലും ഇറങ്ങി ചെന്നുള്ള അദേഹത്തിന്റെ ഇടപെടലുകളുടെ നേര്‍സാക്ഷ്യമായിരുന്ന് ആ വാര്‍ത്താസമ്മേളനങ്ങള്‍ എന്നത് കൊണ്ടാണ്.
ഗുണത്തിനൊപ്പം തന്നെ ഏറെ ദോഷം ചെയ്തതും ആണ് പിണറായിയുടെ ഏകപക്ഷീയമായ തീരുമാനം എടുക്കല്‍. പ്രത്യേകിച്ച് ചിലകാര്യങ്ങള്‍ എടുക്കുന്ന നില്‍പടുകളും പ്രഖ്യാപനങ്ങളും. ഭരണ രംഗത്ത് സഹായിക്കാന്‍ എന്ന പേരില്‍ ഉപദേഷ്ടാക്കളുടെ നീണ്ട നിര തന്നെ നിയമിച്ചത് ഗുണം ആയിരുന്നോ ദോഷം ആയിരുന്നോ ഉണ്ടാക്കിയത് എന്ന് ഇപ്പോളും വസ്തുതാപരമായി വിലയിരുത്തല്‍ നടത്തിയിട്ടില്ല. അഭ്യന്തര ഉപദേഷ്ടാവായി രാമന്‍ ശ്രീവാസ്തവ എങ്ങനെ ചോയിസ് ആയി എന്നത് അജ്ഞാതം. കരുണാകരന്റെ വിശ്വസ്തനും ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനുമായ രമണ്‍ ശ്രീവാസ്തവ സിപിഎം ഒരുകാലത്തും അംഗീകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. എന്നിട്ടു എന്തിനായിരുന്നു ശ്രീവാസ്തവ പോലീസ് ഉപദേഷ്ടാവായി എന്നതാണ്. അദേഹത്തിന്റെ ഉപദേശത്തില്‍ പോലീസ് പക്ഷേ നന്നായില്ല, മറിച്ച് പേര് ദോഷം മാത്രം കേള്‍പ്പിച്ചു എന്നതാണ് വസ്തുത. ഈ സര്ക്കാര് മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് അവകാശപ്പെടുമ്പോള്‍ ക്യാപ്ടന്‍ കൈകാര്യം ചെയ്ത ആഭ്യന്തരം, ഐടി വകുപ്പുകള്‍ വന്‍ പരാജയം ആയി. വിവാദങ്ങള്‍ ഒരു വകുപ്പുകളെയും വിടാതെ പിടികൂടി. സര്‍ക്കാരിന്റെ അവസാന കാലത്ത് ഉണ്ടായ സ്വര്‍ണ ക്കടതും നിയമനവും എല്ലാം ഐടി വകുപ്പിനെ കേന്ദ്രീകരിച്ചായിരുന്നു. അതേസമയം, കസ്റ്റഡി കൊലപാതകങ്ങള്‍ മുതല്‍ പോലീസിന്റെ മാവോയിസ്റ്റ് വേട്ടയുടെ പേരിലെ കൊലപാതകങ്ങളും പന്തീരാങ്കാവ് യു എ പി എ വരെ അഭ്യന്തര വകുപ്പിനെ പ്രതിസന്ധിയില്‍ ആക്കി. പോലീസില്‍ സംഘിവല്‍കരണം വ്യാപകം ആയി പിണറായിയുടെ കീഴില്‍ എന്ന വിമര്‍ശം ശക്തമായി. വാളയാര്‍ കേസിലെ വീഴ്ചയും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയതും എല്ലാം പോലീസ് ഭരണത്തെ നിറംകെടുത്തി.
മറ്റു മന്ത്രിമാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ആണ് മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഭരണം ശരശരിക്ക് താഴെ ആയത്. തന്നെക്കാള്‍ മികച്ചതായി അരും വരുന്നത് പിണറായി ഇഷ്ടപ്പെട്ടിരുന്നില്ല. അത് പാര്‍ട്ടിയില്‍ ആയാലും സര്‍ക്കാരില്‍ ആയാലും എന്ന സംശയം പലപ്പോഴും പിണറായിയുടെ ശൈലി തൊന്നിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ചില നേതാക്കള്‍ ജനകീയര്‍ അയപ്പോള്‍ പാര്‍ട്ടി എടുത്ത അച്ചടക്ക നടപടികള്‍ക്ക് പിന്നില്‍ പിണറായി ആണെന്ന് ആക്ഷേപം അണികളില്‍ ഉണ്ട്. മികച്ച രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ശൈലജ ടീച്ചറിന് പോകുന്നതില്‍ പിണറായി അസ്വസ്ഥ ഉണ്ടായിരുന്നു എന്നും എതിരാളികള്‍ അടക്കം അരോപിച്ചതും അതിനാലാണ്. പ്രതിപക്ഷം ടീച്ചറിനെ ആക്രമിച്ചപ്പോള്‍ അതിന് ടീച്ചര്‍ പ്രവൃതികൊണ്ട് മറുപടി നല്‍കിയ സമയത്ത് വാര്‍ത്ത സമ്മേളനങ്ങള്‍ പിണറായി നേരിട്ട് നടത്താന്‍ തുടങ്ങിയത് അതിനാല്‍ ആണെന്നാണ് ആക്ഷേപം. ആ വാര്‍ത്താസമ്മേളനങ്ങളുടെ സിംഹഭാഗവും പിണറായി സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം വെറും 5 മിനുട്ട് ആക്കി തീര്‍ക്കുന്നത് ചോദ്യങ്ങള്‍ നേരിടാനുള്ള വിമുഖത കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ കോളേജ് വിദ്യാര്‍ത്ഥികളെ അശയ സംവാദത്തിന് വിളിച്ച് ഒടുവില്‍ ഇനി ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് പറഞ്ഞു വിലക്കിയത് ചിലപ്പോള്‍ ഒക്കെ ഏത്ര മാത്രം ജനാധിപത്യ വിരുദ്ധം ആണ് പിണാറായി എന്ന് സാധാരണ ജനത്തെ ചിന്തിപ്പിക്കും. അത്തരം പ്രവൃത്തികള്‍ തന്നെ ആണ് പിണറായിയുടെ പരാജയം. നല്ല സംഘാടകന്‍ ആയി പാര്‍ട്ടിയില്‍ ' ഭക്ത അനുയായികളെ ' സൃഷ്ടിച്ചിട്ടുള്ള പിണറായി പക്ഷേ സാധാരണ കാര്‍ക്കിടയില്‍ അപ്രാപ്യമായ ഒരു നേതാവാണ് എന്ന് തോന്നല്‍ ഇതിലൂടെ ഉണ്ടാക്കിയിട്ടുണ്ട്. കമ്മ്യുണിസ്റ്റ് നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍, അവരില്‍ ഒരാളായി നില്‍ക്കണം എന്നത് പക്ഷേ പിണറായിയുടെ കാര്യത്തില്‍ എത്രമാത്രം പ്രായോഗികമായി എന്നത് വിമര്‍ശന ബുദ്ധിയോടെ തന്നെ കാണേണ്ട ഒന്നാണ്.
യുഡിഎഫ് നെ നയിക്കാന്‍ ഹൈകമാന്റ് നിയോഗിച്ച ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ എന്നത് സാധാരണക്കാരില്‍ ഒരാള്‍ എന്നതാണ്. സ്വന്തം മണ്ഡലത്തില്‍ ആയാലും അല്ലെങ്കിലും ജനങ്ങള്‍ക്ക് പ്രാപ്യാനായ നേതാവ് ആണ് താന്‍ എന്ന പ്രതീതി അദേഹം ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലം മുതല്‍ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നപോളും ആ പ്രതിച്ഛായ മങ്ങാതെ ഉമ്മന്‍ ചാണ്ടി നോക്കി. കോണ്‍ഗ്രസിന് പ്രതിച്ഛായ ഉള്ള നേതാക്കള്‍ ഏറെ ഉണ്ടെങ്കില്‍ അവര്‍ക്കിടയില്‍ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടി വ്യത്യസ്തം ആയത് പ്രവര്‍ത്തന ശൈലി കൊണ്ട് തന്നെ ആണ്. അതിനൊപ്പം എതിരാളികളെ തക്കം നോക്കി അടിക്കാന്‍ കഴിവുള്ള കുശാഗ്ര ബുദ്ധിക്കാരന്‍ കൂടി ആണ് അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചര്യന്‍ ആയ കരുണാകരനെ വരെ കെട്ടുകെട്ടിക്കാന്‍ ആന്റണി പക്ഷത്തിന് കരുത്ത് പകര്‍ന്നത് ഉമ്മന്‍ ചാണ്ടിയുടെ കളികള്‍ ആണെന്നത് പ്രസിദ്ധമായ ഒന്നാണ്. പാര്‍ട്ടിയില്‍ അധ്യക്ഷ പദവി എന്നതിനേക്കാള്‍ ഗ്രൂപ്പിനെ നയിക്കാന്‍ ആണ് ഉമ്മന്‍ ചാണ്ടിക്ക് കൂടുതല്‍ താല്പര്യം. അതിനാല്‍ തന്നെ പാര്‍ട്ടിക്കകത്ത് സമ്മര്‍ദ്ദ ശക്തിയയും ഒപ്പം തന്നെ കരുത്തനായും എക്കാലവും നിലനില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിച്ചു.
അണികള്‍ക്കിടയില്‍ മാത്രം അല്ല, സാധാരണ ജനത്തിന് ഇടയിലും ക്ലീന്‍ ഇമേജ് ഉണ്ടാക്കി എടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. സോളാര്‍ പോലുള്ള അഴിമതി ആരോപണങ്ങളും മറ്റും ഉയര്‍ന്നപോലും അദേഹത്തിന്റെ ഓഫീസ് തന്നെ സംശയത്തിന്റെ നിഴലില്‍ നിന്നിട്ടും ഉമ്മന്‍ ചാണ്ടി അങ്ങനെ ചെയ്യുമോ എന്ന് ജനം നിഷ്‌കളങ്കമായി ചോദിച്ചതും അതിനാല്‍ ആണ്. ജനങ്ങളെ സേവിക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എന്ന് കരുതുകയും ഒപ്പം തന്നെ അതിന് മാധ്യമങ്ങളെയും മറ്റും കൂടെ നിര്‍ത്തുകയും വേണം എന്ന് നന്നായി തിരിച്ചറിഞ്ഞ ഒരു നേതാവ് കൂടിയാണ് ഉമ്മന്‍ ചാണ്ടി. പലപ്പോളും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരോട് ഒരിക്കല്‍ പോലും പരിഭവിക്കുകയോ ദേഷ്യം കാണിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ പിണറായിയെ പോലെ മാധ്യമ വിചാരണ ഉമ്മന്‍ ചാണ്ടിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇമേജ് ബില്‍ഡിംഗ് എന്നത് ഉമ്മന്‍ ചാണ്ടി കൃത്യമായി ശ്രദ്ധിച്ച് പോരുന്ന ഒന്നാണ്. താന്‍ ലളിതമായ ജീവിതം നയിക്കുന്ന ആളാണ് എന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ ആയി മാത്രം ചില ഗിമ്മിക്കുകള്‍ ഉമ്മന്‍ ചാണ്ടിയും കൂടെ ഉള്ളവരും ചെയ്യാറുണ്ട്. ട്രെയിനിലെ സീറ്റില്‍ കിടന്നു ഉറങ്ങുന്ന ചിത്രം പ്രചരിപ്പിക്കപ്പെടുന്ന ത അതിന്റെ ഭാഗം ആയാണ്. ജനങ്ങള്‍ക്കിടയില്‍ ഏത്ര നേരം വേണം എങ്കിലും ചിലവഴിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മടിയില്ല. ജനസമ്പര്‍ക്കം പരിപാടിയിലൂടെ അദേഹം നടത്തിയ ഇടപെടല്‍ പക്ഷേ കേരളത്തില്‍ മറ്റൊരു നേതാവിനും സാധിക്കില്ല. വിദ്യാര്‍ഥികളും ആയി സംവാദത്തിന് പോയി അവസാനം വീണ്ടും ചോദ്യം ചോധികനുള്ള വിദ്യാര്‍ത്ഥിയുടെ ശ്രമത്തെ പിണറായി വിജയന്‍ നേരിട്ടത് വിമര്‍ശന വിധേയം ആകുന്നതും അതിനാല്‍ ആണ്.
രാഷ്ട്രീയ കാരന്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ കുശഗ്ര ബുദ്ധിയുടെ മറ്റൊരു തെളിവാണ് അവസാന നിമിഷം തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ ഉള്ള നിയോഗം ഉമ്മന്‍ ചാണ്ടിയില്‍ തന്നെ എത്തിച്ചേര്‍ന്നത്. ഭരണം നഷ്ടപെട്ട ശേഷം കഴിഞ്ഞ 5 വര്ഷവും കാര്യമായ ഇടപെടല്‍ നടത്താതെ മാറി നിന്നശേഷം രമേശ് ചെന്നിത്തലയെ വെട്ടിമാറ്റി പെടുന്നനെ മുന്നിലേക്ക് കയറി വരികയായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം കാര്യക്ഷമമല്ല എന്ന പഴി കേട്ടപ്പോള്‍ ഒന്നും കാര്യമായി ഒന്നും ചെയ്യാതെ ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഉമ്മന്‍ ചുമതല ഏറ്റ ഉടന്‍ തന്നെ സജീവം ആകുകയും ചെയ്തു. പാണക്കാട് നേരിട്ടെത്തി തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അരഭിച്ചത് അതിന്റെ വലിയ തെളിവായി കാണാം.
തൊട്ടുപിന്നാലെ സോളാര്‍ കേസിലെ സ്ത്രീ പീഡന കേസ് സിബിഐ ക്കു വിട്ടത് ഉമ്മന്‍ ചാണ്ടിക്ക് ക്ഷീണം എന്നതിനപ്പുറം അത് നേട്ടം ആക്കാനുള്ള നീക്കവും ഉമ്മന്‍ ചാണ്ടി തുടങ്ങി. എല്ലാ ചാനലുകള്‍ക്കും അഭിമുഖം നല്‍കിയാണ് ഉമ്മന്‍ ചാണ്ടി ഇത് രാഷ്ട്രീയ പ്രേരിതം മാത്രമാണ് എന്ന തന്റെ വാദം ജനങ്ങളിലേക്ക് എത്തിച്ചത്. തനിക്കെതിരെ വാര്‍ത്തകള്‍ വരുന്ന അതെ മാധ്യമങ്ങള്‍ തന്നെ തന്റെ ആശയ പ്രചാരണത്തിനും അദ്ദേഹം കൃത്യമായി ഉപയോഗിക്കുന്നു എന്ന തന്ത്രം കേരളത്തില്‍ മറ്റൊരു നേതാവും ചെയ്യുന്നില്ല. അല്ലെങ്കില്‍ അതിന്റെ അനന്ത സാധ്യത തിരിച്ചറിയുന്നില്ല.
ഏതൊരാളെയും ക്ഷമയോടെ കേള്‍ക്കുക എന്നത് ഒരു പൊതുപ്രവര്‍ത്തകന് ഏറ്റവും വേണ്ട ഗുണമാണ്. അക്കാര്യത്തില്‍ പിണറായിയേക്കാള്‍ വളരെ ഉയരത്തിലാണ് ഉമ്മന്‍ ചാണ്ടി. ഒരുപക്ഷെ കേരളത്തിലെ മറ്റേതൊരു സംസ്ഥാനനേതാക്കളെകാളും അക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി മികച്ചതാണ്. പക്ഷെ പിണറായിയെ പോലെ കര്‍ക്കശമായ നിലപാടുകള് എടുക്കുകയില്ല എന്നതും ഉമ്മന്‍ ചാണ്ടിയെ വളരെ ഫ്‌ലക്‌സിബിള്‍ ആക്കുന്നുണ്ട്. താനെടുത്ത നിലപാടില്‍ നിന്ന് അശേഷം പിന്‍മാറില്ല എന്നത് പിണറായിയുടെ സവിശേഷതയാണ്. ചിലപ്പോഴൊക്കെ ആ സവിശേഷത ഗുണത്തേക്കാളേറെ ദോഷവും ചെയ്യാറുണ്ട്. അതേസമയം വളരെ ഉമ്മന്‍ ചാണ്ടി അക്കാര്യത്തില്‍ ഏന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണ്.
കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം ഒന്നാമനോ അല്ലെങ്കില്‍ രണ്ടാമനോ ആകാന്‍ തയ്യാറായി നില്‍ക്കുന്ന നിരവധി നേതാക്കള്‍ വേറെയുമുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രത്യക്ഷത്തിലല്ലെങ്കിലും എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ ഏറെയുണ്ട്്. ഇവരില് രമേശ് ചെന്നിത്തലയാണ് കഴിഞ്ഞ 5 വര്‍ഷവും പ്രതിപക്ഷത്തിരുന്ന മുന്നണിയെ നയിച്ചത്. സര്‍ക്കാരിനെതിരെ ഒന്നിനുപുറകെ ഒന്നൊന്നായി അഴിമതി ആരോപണങ്ങളുമായി എത്തിയത് രമേശ് ചെന്നിത്തലയാണ്. അവയില്‍ പലതും ആരോപണങ്ങള്‍ മാത്രമായി അവസാനിച്ചെങ്കിലും സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിക്കായി. ഏതാണ്ട് ഒറ്റയ്ക്ക് തന്നെയായിരുന്നു രമേശ് ചെന്നിത്തലയുടെ പോരാട്ടം. ഇപ്പോള്‍ മുന്നണിയെ നയിക്കാന് നിയോഗിക്കപ്പെട്ട ഉമ്മന്‍ ചാണ്ടി അടക്കമുളളവര്‍ വേണ്ട പിന്തുണപോലും അദ്ദേഹത്തിന് നല്‍കിയിരുന്നില്ല.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വലിയ വിജയമായിരുന്നില്ല ആദ്യ നാല് വര്‍ഷവും ചെന്നിത്തല. നായകശേഷി സഭയ്ക്കകത്തും പുറത്തും ചെന്നിത്തലയ്ക്ക് അന്യമായിരുന്നു. പാര്‍ട്ടിക്കകത്തെ ഗ്രൂപിസവും മുന്നണിയിലെ ഘടകക്ഷികള്‍ക്ക് ചെന്നിത്തലയേക്കാള്‍ താല്‍പര്യം ഉമ്മന്‍ ചാണ്ടിയോടായിരുന്നുവെന്നതും അതിനൊരു പ്രധാനകാരണമാണ്. അതിനാല്‍ തന്നെ പലപ്പോഴും മോശം പ്രതിപക്ഷമെന്ന പഴികേള്‍ക്കാന്‍ മാത്രമായിരുന്നു ചെന്നിത്തലയുടെ വിധി. സ്പ്രിങ്കളര്‍ മുതല്‍ മത്സ്യബന്ധന കരാര്‍ വരെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അവസാനകാലത്ത് പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി. പലപ്പോഴും അവതരിപ്പിക്കുന്നതിലെ വ്യക്തതകുറവ് ചെന്നിത്തലയ്ക്ക് വിനയാണ്. സ്പ്രിംങ്കളര്‍ അടക്കമുള്ളവ പാളിപോകുന്ന സമയത്ത് മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരിച്ചത് എന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചത് അതിന് ഉദാഹരണമാണ്. ഇവയെല്ലാം ജനങ്ങള്‍ക്കിടയിലേക്ക് കൃത്യമായി എത്തിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. ചിലപ്പോഴൊക്കെ താന്‍ ക്രിയാത്മകമായി തന്നെ ഇടപെടുന്നുവെന്ന് കാണിക്കാനായി നടത്തിയ ഗിമ്മിക്കുകളും ചെന്നിത്തലയെ ട്രോളന്‍മാരുടെ ഇരയാക്കി. കൊറോണക്കാലത്തെ ഫോണ്‍വിളിയും മറ്റും അതാണ് സമ്മാനിച്ചത്.
സാമുദായിക സംഘടനകളുമായി, പ്രത്യേകിച്ച് എന്‍എസ് എസുമായി, ചെന്നിത്തലയ്ക്ക് ഉള്ള ബന്ധം തിരഞ്ഞെടുപ്പിലും സ്ഥാനം ലഭിക്കുന്നതിലും ചെന്നിത്തലയ്ക്ക് സഹായകമായിട്ടുണ്ട്. പക്ഷെ മറ്റ് സാമുദായിക സംഘടനകളുമായി ചെന്നിത്തലയ്ക്ക് മറ്റ് കോണ്‍ഗ്രസ് നേതാക്കളെ പോലെ അടുത്ത ബന്ധം ഉണ്ടാക്കാന് സാധിക്കാതെ പോവുകയും ചെയ്തു. ഇത് മുന്നണി രാഷ്ട്രീയത്തെ നയിക്കുന്നതിന് അദ്ദേഹത്തിന് വിലങ്ങുതടിയായി. മുസ്ലീം-ക്രൈസ്തവ നേതൃത്വങ്ങളുമായി ഉമ്മന്‍ ചാണ്ടി വലിയ ബന്ധം സൂക്ഷിച്ചപ്പോള്‍ ചെന്നിത്തല അക്കാര്യത്തില്‍ തികഞ്ഞ പരാജയമായി. ഇതിനെല്ലാം പുറമെ ബിജെപിയുമായി ചെന്നിത്തലയ്ക്ക് ഒരു മുദൃസമീപനം ഉണ്ടെന്ന ആക്ഷേപങ്ങളും ശക്തമാണ്. അത് തന്നെയാണ് അവസാന നിമിഷം അദ്ദേഹത്തിന് പകരം ഉമ്മന്‍ ചാണ്ടിയെ മുന്നണിയെ നയിക്കാന്‍ ഹൈക്കമാന്റ് ഏല്‍പ്പിച്ചതിന് പിന്നിലെ പ്രധാന കാരണം. 5 വര്‍ഷം പാര്‍ട്ടിയേയും മുന്നണിയേയും ഭരണത്തിലെത്തിക്കാന്‍ ഓടി നടന്ന ചെന്നിത്തലയെ പടിക്കല്‍ ഒഴിവാക്കി എന്ന ഫീലിങ് അണികളിലും ഉണ്ട്. പക്ഷെ തിരഞ്ഞെടുപ്പിന് ശേഷം ഇപ്പോഴത്തെ ത്യാഗത്തിന് തക്ക പ്രതിഫലം ഹൈക്കമാന്റ് ചെന്നിത്തലയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചനകള്‍.
ബിജെപിയെ ഈ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന കെ സുരേന്ദ്രനാകട്ടെ മറ്റ് മുന്നണി നേതാക്കളെ പോലെ എടുത്തുപറയത്തക്ക സവിശേഷതകള്‍ ഒന്നും തന്നെയില്ല. നല്ല ഒരും സംഘാടകന്‍ എന്ന നിലയില്‍ പേലും പലപ്പോഴും സുരേന്ദ്രന്‍ പരാജയമാണ്. അതേസമയം ബിജെപിയിലെ നിലവിലെ ഏക ക്രൗഡ് പുള്ളര്‍ എന്നത് മാത്രമാണ് സുരേന്ദ്രന്റെ പ്രത്യേകത. പാര്‍ട്ടിയില്‍ അധ്യക്ഷസ്ഥാനമേറ്റെടുത്ത ശേഷം പാര്‍ട്ടിക്കകത്ത് വലിയ പൊട്ടിത്തെറികളാണ് നടക്കുന്നത്. അതേസമയം അവ പരിഹരിക്കാനുള്ള ശ്രമങ്ങളോ അല്ലെങ്കില്‍ അതിനുള്ള കഴിവോ സുരേന്ദ്രനില്ല. സംഘടനയെ ചലിപ്പിച്ച് നിര്‍ത്താനും സംഘടനയിലെ എല്ലാവരേയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാനും സുരേന്ദ്രന് കഴിയില്ല. മുതിര്‍ന്ന് നേതാക്കളേയും പുതിയ തലമുറയിലെ പ്രവര്‍ത്തകരേയും മാത്രമല്ല, തന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭാരവിഹികളെ പോലും വിശ്വാസത്തിലെടുക്കാന്‍ സുരേന്ദ്രന് സാധിക്കുന്നില്ല. കേരളത്തില്‍ മികച്ച പ്രകടനം ലക്ഷ്യംവെക്കുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാകും. ശോഭ സുരേന്ദ്രനും പിഎം വേലായുധനും ജെ പത്മകുമാറുമെല്ലാം പാര്‍ട്ടി നേതൃയോഗങ്ങള്‍ ബഹിഷ്‌ക്കരിച്ചും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നും പ്രതിഷേധിക്കുമ്പോള്‍ അവയൊന്നും മുഖവിലയ്‌ക്കെടുക്കാനോ അവരെ അനുനയിപ്പിക്കാനോ സുരേന്ദ്രന് സാധിക്കുന്നില്ല. സംസ്ഥാന അധ്യക്ഷനായിട്ടും ഗ്രൂപ്പിന്റെ നേതാവ് എന്ന നിലയില്‍ മാത്രമാണ് സുരേന്ദ്രന്റെ പ്രവര്ത്തനം. അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.
നെഗറ്റീവ് പബ്ലിസിറ്റി എന്നത് വലിയ നേട്ടമുണ്ടാക്കുമെന്നതിരിച്ചറിവിന്റെ ഉദാഹരണം കൂടിയാണ് കെ സുരേന്ദ്രന്‍. മണ്ടത്തരങ്ങള് പറയുകയും അവയെല്ലാം ട്രോളായി മാറുകയും ചെയ്യുമ്പോളും അതെല്ലാം ആസ്വദിക്കുന്ന ഒരു നേതാവ് കൂടിയാണ് പലപ്പോഴും കെ സുരേന്ദ്രന്‍. തന്റെ നേട്ടത്തിനായി പ്രവര്‍ത്തിക്കുന്ന സ്വാര്ത്ഥമതിയാണ് കെ സുരേന്ദ്രന്‍ എന്ന പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ ആക്ഷേപിക്കുന്ന സാഹചര്യം പോലുമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് സുരേന്ദ്രന്റെ ശൈലി. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ അത് ഇനി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. അതിനൊപ്പം തന്നെ ദിനംപ്രതി നൂറുകണക്കിന് ആരോപണങ്ങള്‍ ഉന്നയിക്കുന്ന സുരേന്ദ്രന്റെ ശൈലിയും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഉണ്ടയില്ലാവെടി പൊട്ടിക്കുന്ന സുരേന്ദ്രന്‍ ഒന്നും തന്നെ പഠിച്ചല്ല അവതരിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവെന്ന നിലയില്‍ കാര്യങ്ങള്‍ പഠിക്കാതെ, അതിന്റെ നിജസ്ഥിതി മനസിലാക്കാതെ പറയുന്നത് നേതാവിന്റെ മാത്രമല്ല അദ്ദേഹം വഹിക്കുന്ന പാര്‍ട്ടി സ്ഥാനത്തിന്റേയും പാര്‍ട്ടിയുടേയും വിശ്വാസ്യതയെ തന്നെ സംശയത്തിലാക്കുമെന്ന് ഇനിയും സുരേന്ദ്രന്‍ തിരിച്ചറിയേണ്ടതുണ്ട്.
മുന്നണിയായി തന്നെ കേരളത്തിലും മത്സരിക്കുന്ന ബിജെപിക്ക് മുന്നണിയിലെ ഘടകക്ഷികളുടെ കാര്യത്തിലും വലിയ താല്‍പര്യമില്ല. നേരത്തെ എന്‍ഡിഎ യോഗം ചേരാറുണ്ടായിരുന്നുവെങ്്കിലും ഇപ്പോഴതും കാര്യമായില്ല. മാത്രവുമല്ല മുന്നണിയിലെ പല പാര്‍ട്ടികളും പിളര്‍ന്നും വീണ്ടും പിളര്‍ന്നും മുന്നണിതന്നെ വിടാനും തുടങ്ങി. മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്നനിലയില്‍ അവരുടെ പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിലും സുരേന്ദ്രന്‍ പരാജയമാണ്. സംഘടനയെ നയിക്കുന്നതിലെ പരിചയകുറവും തന്‍പോരായ്മയും ഒഒത്തുചേരുന്നതോടെ സുരേന്ദ്രന് വലിയ പ്രതിസന്ധിയാവുന്നുണ്ട് കാര്യങ്ങള്‍. കേരളത്തില്‍ വോട്ട് ഷെയര്‍ കൂടിയെന്ന് അവകാശപ്പെടുമ്പോളും അവ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഏക ഉത്തരവാദിയും പാര്‍ട്ടിയില്‍ സുരേന്ദ്രന്‍ മാത്രമാകും.
തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും സര്‍ക്കാരിന്റെ പ്രോഗസ് കാര്‍ഡാണ് വിലയിരുത്തുന്നത്. ഒപ്പം പ്രതിപക്ഷ മാതൃകപരമായി ഇടപ്പെട്ടിരുന്നോയെന്നും ഇഴകീറി പരിശോധിക്കും. സര്‍ക്കാര്‍ വിരുദ്ധവികാരമെന്നതെല്ലാം അതിനെ ചുറ്റിപ്പറ്റിയാണ് ഉയരുന്നത്. നേതാവിന്റെ ജനകീയത മാത്രമല്ല വിജയത്തിന്റെ അളവുകോല്‍. അതിനാലാണ് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവ് ഇകെ നായനാറിനും കരുണാകരനും വിഎസിനുമൊന്നും ഭരണതുടര്‍ച്ച നേടാനാവാതെ പോയത്. ഇവരില്‍ വിഎസിന്റെ സര്‍ക്കാരിന് മാത്രമാണ് ഭരണതുടര്‍ച്ചയ്ക്ക് അടുത്തെത്തിയത്. വെറും 2 സീറ്റിന്റെ വ്യത്യാസത്തിനാണ് വിഎസ്സിന് ഭരണതുടര്‍ച്ച നഷ്ടമായത്. പക്ഷെ ഇതിനൊപ്പം തന്നെ പരസ്പരം ഏറ്റുമുട്ടുന്ന മുന്നണികളുടേയും പാര്‍ട്ടികളുടേയും മുഖം ആരെന്നതും ജനം പരിഗണിക്കും. ആ നേതാവിന് എത്ര കരുതലാണ് എന്ന് പറയുന്നതിനൊപ്പം തന്നെ അയാളുടെ ഓരോ ചെയ്തികളും നിലപാടുകളും ജനം പരിശോധിക്കുകയും ചെയ്യും. കുറഞ്ഞപക്ഷെ രാഷ്ട്രീയമെന്നത് ഗൗരവമായി കാണാത്ത ചെറിയ വിഭാഗം പേര്‍. ആ ചെറിയ വിഭാഗത്തിന്റെ വോട്ട് മാത്രം മതി ഭരണത്തിന്റെ ഗതി നിശ്ചയിക്കാനും.
തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ /കേരളം :നേതാക്കള്‍ :സനൂബ് ശശിധരന്‍ -വര :പി ആര് രാജന്

Comments