"നഷ്ടപെട്ട "സുഗത കുമാരിയുടെ ആല്മകഥ സുഗതകുമാരിയും പ്രദീപ് പനങ്ങാടും എണ്‍പതുക്കളുടെ തുടക്കത്തിലാണ് സുഗതകുമാരിയെ ആദ്യം നേരിട്ട് കാണുന്നത്. ഞങ്ങള്‍ നടത്തുന്ന ഒരു ചെറുമാസികയ്ക്ക് കവിത ചോദിച്ചുപോയതാണ്. കവിത തന്നില്ല. ആശംസകള്‍ എഴുതിതന്നു. പിന്നീട് ഒരിക്കലും കവിത ചോദിച്ചു പോയിട്ടില്ല. കവിയരങ്ങുകള്‍ക്ക് വിളിക്കാന്‍ പോയിട്ടുണ്ട്. കാര്യവട്ടം ക്യാമ്പസില്‍ യൂണിയന് ഭാരവാഹിയായിരിക്കുമ്പോള്‍ സുഗതകുമാരിയുടെ കവിതകള്‍ മാത്രം അവതരിപ്പിക്കുന്ന ഒരു കവിയരങ്ങു നടത്തി. ആമുഖം പറഞ്ഞത് ഞാന്‍ ആയിരുന്നു.സുഗതകുമാരിയുടെ കവിതകളോട് ആയിരുന്നു എന്നും താല്പര്യം. ആ കാലത്ത് നിറഞ്ഞു നിന്ന ഒ എന്‍ വി യെ പോലുള്ളവരുടെ കവിതകളെക്കാള്‍ ആഴത്തിന്റെ ആന്തരിക സൗന്ദര്യം അനുഭവിച്ചത് സുഗതകുമാരിയുടെ കവിതകളില്‍ ആയിരുന്നു. ആ കവിതകള്‍ അപ്പോഴേക്കും സാമൂഹിക ജീവിതത്തിന്റെ സംഘര്‍ഷങ്ങളും വിലാപങ്ങളും വിചാരങ്ങളും ഉള്‍ക്കൊണ്ടു കഴിഞ്ഞിരുന്നു. സുഗതകുമാരി കവിതകള്‍ അസാധാരണമായി പ്രകാശിച്ചത് അപ്പോഴാണ്. പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ടു തന്നെ ആധുനികതയില്‍ ഉറച്ചു നിന്നു. ആധുനിക മലയാള കവിതയുടെ ഭാഗമായി മാറിയിരുന്നു. സ്ത്രീ,പ്രകൃതി എന്നിവ യഥാര്‍ഥ്യങ്ങള്‍ ആയും ഭാവനയായും ആലോചനയായും അനുഭവമായും എന്നും നിറഞ്ഞു നിന്നു. കേരളീയ സ്ത്രീയുടെ ജീവിതകാമനകളും ആകുലതകളും എന്നും ആ കവിതകളില്‍ അടയാളപ്പെടുത്തപെട്ടു. സ്ത്രീകളെ ഓര്ത്തുവിലപിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ആ കവിതകള്‍ സൃഷ്ടിച്ചു. കാലത്തിന്റെ ഒരു ഡോക്യുമെന്റ് ആയിതന്നെ അത് മാറി. സ്വന്തം ജീവിതത്തന്റെതന്നെ ഒരു തുടര്‍ച്ചയായിരുന്നു ആ കാവ്യജീവിതവും.കാലം ആ കാവ്യജീവിതത്തെ എല്ലാ ശോഭയോടും കാത്തു സൂക്ഷിക്കും
പ്രദീപ് പനങ്ങാട്
സുഗതകുമാരി എന്ന പേര് ആദ്യം കേട്ടത് സ്കൂള്‍ ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തില്‍ നിന്ന് തന്നെയാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സുഗത കുമാരി മലയാളിക്ക് ഒരു പാഠപുസ്തകമാവുന്നതും കണ്ടു. ആ ജീവിത പുസ്തകത്തില്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമുണ്ട്. മറക്കേണ്ടതും ഓര്‍ക്കേണ്ടതുമുണ്ട്. ഓരോ വായനക്കാരനും ഓരോ അനുഭവങ്ങള്‍ കണ്ടെത്താവുന്നതുമാണ്. മലയാളത്തില്‍ ഇത്തരമൊരു എഴുത്തുകാരി /എഴുത്തുകാരന് അപൂര്‍വമാണ്.
2017ഇല് ഒരു പ്രഭാതത്തില്‍ സുഗതകുമാരിയുമായി കുറെ നേരം സംസാരിക്കേണ്ടിവന്നു. ഒടുവില്‍ ഞാന്‍ ചോദിച്ചു, ആത്മകഥ എഴുതുമ്പോള്‍ എന്ത് പേരിടും? ഉടന്‍ ഉത്തരം വന്നു, 'ഞാന്‍ ആത്മ കഥ എഴുതുകയോ, ഒരു വാക്കിലോ വരിയിലോ തീര്‍ക്കാവുന്നതല്ല എന്റെ ജീവിതം. ഇത്ര യേറെ പ്രതിസന്ധികള്‍ നേരിട്ട മറ്റൊരു എഴുത്തു കാരിയുണ്ടോ, പറയു ഞാന്‍ ആത്മകഥ എഴുതണോ?'കുറെ നേരം എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അവര്‍ പറഞ്ഞത് ശരിയാണ് വലിയ വെല്ലുവിളികള്‍ എപ്പോഴും മുന്നില്‍ ഉണ്ടായിരുന്നു. പല പ്രതികരണങ്ങളും പ്രകോപനങ്ങളായി മാറി. രാഷ്ട്രീയ പക്ഷ പാതങ്ങള്‍ വേട്ടയാടി. പിണറായി വിജയനെയും എ കെ ആന്റണിയെയും കുമ്മനം രാജശേഖരനെയും ഒരു പോലെ സുഹൃത്തുക്കളാക്കി. പക്ഷെ ചിലപ്പോഴൊക്കെ മത രാഷ്ട്രീയ പക്ഷ പാതം പുറത്തു വന്നു. സക്കറിയയെ പോലുള്ളവര്‍ ആ നിലപാടുകളെ ശക്തിയായി എതിര്‍ത്തു. വലത് പക്ഷ പാതങ്ങള്‍ പുറത്തു വന്നപ്പോള്‍ പലപ്പോഴും ഇടത്പക്ഷം മൗനം പാലിച്ചു. നേരിട്ട് അങ്കം വെട്ടിയില്ല.
സുഗത കുമാരി ആത്മകഥ എഴുതേണ്ടത് ആയിരുന്നു. അത് മലയാളത്തിലെ മികച്ച രചനകളില്‍ ഒന്നാകുമായിരുന്നു. ആ ജീവിതം തുറന്ന് എഴുതിയെങ്കില്‍ ഒരു സവിശേഷ പാഠപുസ്തകം ആകുമായിരുന്നു ജി ശങ്കരകുറുപ്പും, പി കുഞ്ഞുരാമന് നായരും, വൈലോപ്പിള്ളിയും എഴുതിയ ആത്മകഥളെപോലെ ഈ രചനയും ചരിത്രത്തിന്റെ ഭാഗമായേനേം. മലയാളിക്ക് നക്ഷപെട്ട ആ ആത്മകഥയുടെ പേര് എന്തായിരുന്നു?
കാഴ്ചപാട് :"നഷ്ടപെട്ട "സുഗത കുമാരിയുടെ ആല്മകഥ :പ്രദീപ് പനങ്ങാട്

Comments