തദ്ദേശം കഴിഞ്ഞു,
വാര്‍ റൂമുകളില്‍ അടുത്ത
  'വാറി'നുള്ള നേരമായി
സനൂബ് ശശിധരന്‍

.............
തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇടതുമുന്നണി വലിയ വിജയം നേടുകയും ചെയ്തു.നറുക്കെടുപ്പിലും വിമതരേയും സ്വതന്ത്രരേയുമെല്ലാം കൂട്ടുപിടിച്ച് തൂക്ക് സഭ നിലവില്‍ വന്ന പലയിടത്തും ഭരണം പിടിക്കുകയും ചെയ്തു. അങ്ങനെ 6 ല്‍ 5 കോര്‍പറേഷനും നഗരസഭകളും 540 ഓളെ പഞ്ചായത്തുകളും ഇടത്മുന്നണി വരുന്ന 5 വര്‍ഷവും ഭരിക്കും. മറ്റ് അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍. ജില്ലാപഞ്ചായത്തിലടക്കം വ്യക്തമായ മേല്‍ക്കെയാണ് ഇടതുമുന്നണിക്ക് ജനം നല്‍കിയത്. സര്‍ക്കാര്‍ - ഇടത് വിരുദ്ധതരംഗമുണ്ടാകുമെന്ന വിലയിരുത്തലുകളെയെല്ലാം കാറ്റില്‍ പറത്തുന്നതായി തദ്ദേശവിധി. ആറ് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണികളുടെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നതുമാണ് ഈ വിധി.


ഇടതുമുന്നണിയെ സംബന്ധിച്ച് വലിയ ആശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഏറ്റവും വലിയ തിരിച്ചടിയും ആക്ഷേപവും നേരിടുന്നസമയം, മുന്നണിയെ നയിക്കുന്ന സിപിഎമ്മിന് സെക്രട്ടറിയെ തന്നെ മാറ്റേണ്ടിവന്ന വിവാദങ്ങള്‍ പുകഞ്ഞുകത്തുന്ന കാലം, ആ കാലത്ത് നടന്ന തിരഞ്ഞെടുപ്പിലും ജനവിശ്വാസം ഒപ്പമുണ്ടെന്നത് ചില്ലറയൊന്നുമല്ല ആശ്വാസവും ആവേശവും പകരുന്നത്.

എല്‍ ഡി എഫ് ആഘോഷം

ഐക്യജനാധിപത്യമുന്നണിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയായിരുന്നു തദ്ദേശതിരഞ്ഞെടുപ്പ്. സ്പ്രിങ്കളര്‍ മുതല്‍ ലൈഫ് മിഷന്‍ വരെയുള്ള അഴിമതികളും സ്വര്‍ണക്കടത്തിലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ അറസ്റ്റും അന്വേഷണവുമെല്ലാം തങ്ങള്‍ക്ക് അനുകൂലമായ വോട്ടായി പെട്ടിയില്‍ നിറയുമെന്ന് കോണ്‍ഗ്രസ് കരുതി. തങ്ങളുടെ കോട്ടയില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിപോലുള്ള മതസംഘടനകളുടെ രാഷ്ട്രീയകക്ഷികളുമായി സഹകരിക്കാന്‍ ലീഗും തയ്യാറായതോടെ എല്ലാം ഭദ്രമെന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. മധ്യകേരളത്തില്‍ ജോസിന്റെ രണ്ടിലയേക്കാള്‍ ജോസഫിന്റെ ചെണ്ട കരുത്തുപകരുമെന്ന വിശ്വാസം. അതിലുമേറെ ലോക്‌സഭയിലെ മിന്നുന്ന പ്രകടനം നല്‍കിയ അമിതമായ ആത്മവിശ്വാസം വേറെയും. എല്ലാംപക്ഷെ പാലാരിവട്ടം പാലം പോലെ വേഗത്തില്‍ പൊളിഞ്ഞുവീണു. മലപ്പുറം ഒഴിച്ചുനിര്‍ത്തിയാല്‍ മലബാറില്‍ ലീഗിന് വലിയ മുന്നേറ്റം നടത്താനുമായില്ല. കയ്യിലിരുന്ന കൊച്ചി കോര്‍പറേഷന്‍ കൈവിട്ടെങ്കിലും ആടി നിന്നിരുന്ന കണ്ണൂരില്‍ മേധാവിത്വം പുലര്‍ത്താനായി എന്നത് മാത്രമാണ് മലബാറില്‍  ആശ്വസിക്കാന്‍ ഉള്ളത്.

യു ഡി എഫ് ആഘോഷം 

ബിജെപി നയിച്ച എന്‍ഡിഎക്ക് ചെറുതല്ലാത്ത വിധം ഇത്തവണ നേട്ടമുണ്ടാക്കാനായി എന്നത് വസ്തുതയാണ്. യപവാക്കളെ കൂടുതലായി സ്വന്തം ചിഹ്നത്തില്‍ തന്നെ മത്സരിപ്പിച്ച് തങ്ങളുടെ വോട്ട് ഷെയര്‍ ഉയര്‍ത്തുകയെന്ന തന്ത്രം ഫലപ്രദമായി തന്നെ ബിജെപി നിര്‍വഹിച്ചു. പാലക്കാടിന് പുറമെ പന്തളം നഗരസഭയുടെ ഭരണവും ഇക്കുറി ബിജെപിക്ക് ലഭിച്ചു. ചങ്ങന്നൂര്‍ ഉള്‍പ്പടെ പല നഗരസഭയിലും ശ്രദ്ധേയമായ പ്രകടനം നടത്തുകയും മുഖ്യപ്രതിപക്ഷമായി മാറാനൂം ബിജെപിക്കായി. അപ്പോഴും പക്ഷെ ലോക്‌സഭയിലെ മിന്നും പ്രകടനം ആവര്‍ത്തിക്കാനായില്ല. പിടിച്ചെടുക്കുമെന്ന് ആവര്‍ത്തിച്ച തിരുവനന്തപുരത്തെ കോര്‍പറേഷന്‍ ഇത്തവണയും നേടാനായില്ലെ എന്നതും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രമുഖരെല്ലാം മത്സരിച്ച് പരാജയപ്പെട്ടുവെന്നതും ബിജെപിക്ക് ക്ഷീണമായി. അപ്പോഴും കൊച്ചി നഗരസഭയില്‍ ചരിത്രത്തിലാദ്യമായി 5 സീറ്റ് നേടാനായി എന്നതും ബിജെപി വലിയ നേട്ടമായി കാണുന്നു.

മൊത്തമുള്ള 15962 പഞ്ചായത്ത് വാര്ഡുകളില്‍ 7262 വാര്‍ഡുകളിലാണ് ഇടതുമുന്നണി മത്സരിച്ച് വിജയിച്ചത്. യുഡിഎഫ് 5893 ഇടത്ത് വിജയിച്ചപ്പോള്‍ എന്‍ഡിഎ 1182 വാര്‍ഡുകളില്‍ വെന്നിക്കൊടിപാറിച്ചു. ട്വന്റി ട്വന്റിയും സ്വതന്ത്രരുമടക്കുള്ളവര്‍ 1620 വാര്‍ഡുകളിലും ജയിച്ചുകയറി.  941 പഞ്ചായത്തില്‍ എല്‍ഡിഎഫ് 371 ഇടത്തും 211 ഇടത്ത് യുഡിഎഫും കേവലഭൂരിപക്ഷം നേടിയപ്പോള്‍ ബിജെപിക്ക് ഭരണം പിടിക്കാനായത് വെറും 2 ഇടത്താണ്. 349 ഇടത്ത് വ്യക്തമായ ലീഡ് ആര്‍ക്കും ലഭിച്ചില്ല. ഈ 349 ല്‍ സ്വതന്ത്രരുടേയും വിമതരേയുമെല്ലാം പിന്തുണയുറപ്പിച്ച് 540 ഓളം ഇടത്താണ് ഇടതുമുന്നണി ഭരണം പിടിച്ചത്. ബ്ലോക്ക് പഞ്ചായത്തില്‍ എക്കാലത്തേയുംപോലെ ഇടത് മുന്നണി മൃഗീയ ഭൂരിപക്ഷം നേടിയപ്പോള്‍ മുന്‍സിപാലിറ്റി ഒപ്പത്തിനൊപ്പമായി. ജില്ലാപഞ്ചായത്തില്‍ 14 ല്‍ പത്തും ഇടത് പക്ഷം നേടുകയും ചെയ്തു. ബ്ലോക്കിലും കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും ബിജെപിക്ക് കാര്യമായ മുന്നേറ്റം മുണ്ടാക്കാനായില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ മാത്രമാണ് പ്രതിപക്ഷത്തെത്താന്‍ ബിജെപിക്കായത്.

ഇടതുമുന്നണിയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിയുടേതാണ്, ഇടത് സര്‍ക്കാരിന്റെ വികസന നേട്ടത്തിന്റെയാണ് എന്നൊക്കെയാണ് സൈബര്‍ ഇടങ്ങളിലും പാര്‍ട്ടി നേതാക്കളുമെല്ലാം അവകാശപ്പെടുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. രണ്ട് പ്രളയത്തെ അതിജീവിച്ചതും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷന്‍ ഉള്‍പ്പടെയുള്ളവ വര്‍ദ്ധിപ്പിച്ചതുമെല്ലാം ഇടത്മുന്നണി സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലുകള്‍ ആണ്. മഹാമാരിക്കും മഹാപ്രളയത്തിനും മുന്നില്‍ ഒരു നാട് മുഴുവനും വിറങ്ങലിച്ച് നിന്നപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് സര്‍ക്കാര്‍ തന്നെയാണ്. അപ്പോഴെല്ലാം വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലായിരുന്നു പ്രതിപക്ഷത്തിന്റെ തിരക്ക് എന്നത് കേരളജനത കണ്ടതാണ്. രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കേണ്ടകാലത്ത് രാഷ്ട്രീയം കളിച്ചുവെന്ന പഴി അന്നേ യുഡിഎഫ് കേട്ടതാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇടതുമുന്നണിയുടെ ഈ വിജയത്തിന്റെ അവകാശികള്‍ താഴെ തട്ടിലെ പ്രവര്‍ത്തകരാണ്. അവരാണ് ഈ വിജയം നേടിയെടുക്കാന്‍ പണിയെടുത്തത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതെ വെറും കാഴ്ച്ചക്കാരനായി ഗ്യാലറിയില്‍ ഇരുന്നത്. ഒരിടത്ത് പോലും പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങിയില്ല. വോട്ട് ചെയ്യാന്‍ മാത്രമാണ് അദ്ദേഹം വന്നത്. അന്ന് മാത്രമാണ് തിരഞ്ഞടുപ്പ് സംബന്ധിച്ച പ്രതികരണം പോലംു അദ്ദേഹം നടത്തിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഫ്‌ലക്‌സുകളിലെല്ലാം നിറഞ്ഞുനിന്ന രണ്ട് മുഖങ്ങളും ഇത്തവണ പാര്‍ട്ടിക്ക് വേണ്ടി വോട്ട് പിടിക്കാനുണ്ടായില്ല - കോടിയേരിയും പിണറായിയും. കൊവിഡ്കാരണമാണ് മുഖ്യമന്ത്രി ഇറങ്ങാത്തത് എന്നാണ് ഇത് സംബന്ധിച്ച് പ്രവര്‍ത്തകരുടെ വിശദീകരണം. പക്ഷെ സ്വര്‍ണക്കടത്ത് കേസും മറ്റും പിണറായിയുടെ നിറം മങ്ങിയതിനാലാണ് രംഗത്തിറങ്ങാത്തത് എന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. കോടിയേരിയാകട്ടെ മകന്റെ കേസോടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം തന്നെ ഒഴിവായി വീട്ടിലിരിപ്പുമായി. പ്രായാധിക്യത്താല്‍ വിശ്രമത്തിലാകുന്നത് വരെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോലും വിഎസ് അച്യൂതാനന്ദനെ രംഗത്തിറക്കിയ പാര്‍ട്ടിയാണ് സിപിഎം. ആ സിപിഎം സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാക്കളെ മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടത് അണികളിലുള്ള വിശ്വാസം കൊണ്ടാണെന്ന് വാദിക്കാമെങ്കിലും ഇരുവരും എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി വോട്ട് ചോര്ത്തുമോയെന്ന ഭയം ചെറുതായെങ്കിലും നേതൃത്വത്തിന് ഉണ്ടായിരുന്നു. താഴേ തട്ടില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തകര്‍ ഓടിനടന്ന് പ്രവര്‍ത്തിച്ചത് തന്നെയാണ് വിജയം നേടികൊടുത്തത്. യഥാര്‍ത്ഥ ജേതാക്കളും അതിനാല്‍ അവര്‍തന്നെയാണ്.    കേരളത്തില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന തരത്തില്‍ പ്രചാരണം ശക്തമായിരിക്കെയാണ് പ്രതിപക്ഷത്തിന് ആയുധമായി സ്വര്‍ണക്കടത്തും ലൈഫ് മിഷനും ശിവശങ്കറുമെല്ലാം കടന്നുവന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ബംഗലൂരുവില്‍ അഴിക്കകത്തായതും തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവന്നതുമെല്ലാം യുഡിഎഫ് സര്‍ക്കാരിനും സിപിഎമ്മിനുമെതിരായ വടിയായി ഉപയോഗിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ഓരോ ദിവസവും പുറത്തുവന്ന മൊഴികളും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുമെല്ലാം സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാക്കുമെന്നായിരുന്നു വലതുപക്ഷം കണക്കുകൂട്ടിയത്. യുഡിഎഫിന് പുറമെ ബിജെപിയും ഇതെല്ലാം ആയുധമാക്കിയപ്പോള്‍ ലോക്‌സഭയിലേത് പോലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അനായാസ വിജയമെന്ന് പ്രതിപക്ഷമുന്നണികള്‍ കണക്കുകൂട്ടി. ഇതിനെല്ലാം പുറമെ പലയിടത്തും വര്‍ഗീയ - ജാതി കക്ഷികളുമായി സഖ്യമുണ്ടാക്കിയും സര്‍ക്കാരിനെതിരെ ജനവികാരം ആളികത്തിക്കാന്‍ യുഡിഎഫ് ശ്രമിച്ചു. പാര്‍ട്ടിക് അകത്ത് തന്നെ അഭിപ്രായഭിന്നതയും ആശയകുഴപ്പവും ഉണ്ടാക്കിയ ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയകക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ സഖ്യം, ചിലയിടങ്ങളില്‍ എസ്ഡിപിഐയുമായി ഉണ്ടാക്കിയ ധാരണ...ഇതൊന്നും പക്ഷെ ഗുണം ചെയ്തില്ലെന്നതാണ് യുഡിഎഫിനേറ്റ വലിയ തിരിച്ചടി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് അടുത്തത് മലബാറില്‍ യുഡിഎഫിന് നേട്ടം ചെറുതായി ഉണ്ടാക്കിയെങ്കിലും സംസ്്ഥാനത്തിന്റെ മറ്റിടങ്ങളില്‍ അത് ദോഷം ചെയ്തുവെന്നതാണ് വാസ്തവം. പ്രത്യേകിച്ച് ക്രിസ്ത്യന്‍ - ഹിന്ദു വോട്ടുകള്‍ കൂടുതലുള്ള മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും. മുസ്ലീം സംഘടനകളുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം മറ്റ് മതവിഭാഗങ്ങള്‍ക്ക് സ്വീകാര്യമായി തോന്നിയില്ല എന്നത്് ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ സാധിക്കും. ഹൈന്ദവ വോട്ടുകള്‍ ഏറെയുള്ള തെക്കന്‍ കേരളത്തിലെ 4 ജില്ലകളില്‍ ആകെയുള്ള 266 പഞ്ചായത്തുകളില്‍ വെറും 65 ഇടത്ത് മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 10 ഉം കൊല്ലം കോര്‍പറേഷനില്‍ വെറും 9 ഡിവിഷനുകളിലും മാത്രമാണ് വിജയം. നഗരസഭകളാകട്ടെ  18 ല്‍ മൂന്നിടത്തും മാത്രമാണ് ഭരണം കിട്ടിയത്. മധ്യകേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് തുടങ്ങിയ 5 ജില്ലകളില്‍ എറണാകുളത്ത് മാത്രമാണ് യുഡിഎഫിന് മേധാവിത്വം പുലര്‍ത്താനായത്. മധ്യകേരളത്തിലെ 379 പഞ്ചായത്തുകളില്‍ 124 പഞ്ചായത്തിലാണ് യുഡിഎഫിന് നേട്ടം ലഭിച്ചുള്ളു. എക്കാലത്തും യുഡിഎഫിനൊപ്പം നില്‍ക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ തിരിച്ചടിയുടെ പ്രധാനകാരണം മലബാറിലെ സഖ്യം തന്നെയാണ്. ഒപ്പം ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം പോയതും ദോഷം ചെയ്തു. 10 വര്‍ഷമായി കയ്യിലിരുന്ന കൊച്ചി കോര്‍പറേഷനും ഇത്തവണ നഷ്ടമായി. മലബാറില്‍ ലീഗിനൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടിയും വന്നത് മലപ്പുറം ജില്ലയില്‍ യുഡിഎഫിന് നേട്ടം സമ്മാനിച്ചു, പക്ഷെ മറ്റിടങ്ങളില്‍ ലീഗിന്റെ ജമാഅത്ത് ബന്ധം പ്രതിസന്ധിയും തീര്‍ത്തു. 296 പഞ്ചായത്തുകലില്‍ 118 ഇടത്താണ് ഭരണം യുഡിഎഫിന് ലഭിച്ചത്. ഇതില്‍ 67 ഉം മലപ്പുറത്താണ്. 33 ഇല്‍ 18 നഗരസഭകളും കണ്ണൂര്‍ കോര്‍പറേഷനും നേടിയെന്നതാണ് മലബാറില്‍ യുഡിഎഫിന്റെ നേട്ടം. അതായത് കേരളത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലീംവോട്ടര്‍മാര്‍ ധാരാളമുള്ള മലബാറില്‍ താരതമ്യേന മികച്ച പ്രകടനം നടത്താന്‍ യുഡിഎഫിനായി.

രാഷ്ട്രീയമായി നിരവധി ഫാക്ടറുകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്, പ്രത്യേകിച്ച് മധ്യകേരളത്തില്‍ മാണി കോണ്‍ഗ്രസിന്റെ പിളര്‍പ്പും ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് പ്രവേശവുമെല്ലാം വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്്. എക്കാലവും വലത് പക്ഷം ചേര്‍ന്ന് നടക്കുന്ന ചരിത്രമുള്ള പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളില്‍ ഇടത് തേരോട്ടം അതിന്റെ തെളിവാണ്. ജോസഫിനൊപ്പമാണ് നേതാക്കളും അണികളും എന്ന യുഡിഎഫ് വാദവും മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ചവര്‍ക്കൊപ്പമുള്ള ജോസ് കെ മാണിയുടെ കൂട്ടുകെട്ട് ജനം തള്ളും എ്ന്നുമുള്ള വാദങ്ങള്‍ ജനം പുച്ഛിച്ചുതള്ളിയെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തന്റെ രാഷ്ട്രീയനിലനില്‍പ് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്ന് നന്നായറിയുന്ന ജോസ കെ മാണി കളം നിറഞ്ഞ് കളിച്ചുവെന്നത് തന്നെയാണ് യുഡിഎഫിനെ അടപടലം തേച്ചുകളഞ്ഞത്. ജോസഫിന്റെ സ്വന്തം തട്ടകമായ തൊടുപുഴയില്‍ പോലും ജോസഫ് വിഭാഗത്തിന് തോല്‍ക്കേണ്ടിവന്നുവെന്നത് തന്നെ അതിന്റെ സൂചനയാണ്. ജോസഫിന്റെ ചെണ്ടയും ജോസിന്റെ രണ്ടിലയും നേര്‍ക്ക് നേര്‍ മത്സരിച്ച കോട്ടയത്ത് ചെണ്ട പൊട്ടിപൊളിഞ്ഞുപോയി എന്നത് ജനം ആര്‌ക്കൊപ്പമാണെന്ന് തെളിഞ്ഞതിന്റെ ഫലമാണെന്നാണ് ജോസ് കെ മാണി പറയുന്നു. കോട്ടയത്ത് എല്‍ഡിഎഫിലെ രണ്ടാം കക്ഷിയന്ന സിപിഐയുടെ സ്ഥാനം തന്നെ ഇനി ജോസ് മാണിക്ക് അവകാശപ്പെടാവുന്ന സാഹചര്യമാണ് സംജാതമായത്. ജോസ് കെ മാണി ഫാക്ടറിനൊപ്പം തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഉണ്ടാക്കിയ ധാരണ വര്‍ഗീയ കക്ഷികളുമായുള്ള സഖ്യമായി ഇടതുമുന്നണി പ്രചാരണത്തിലുടനീളം ഉയര്‍ത്തിക്കാട്ടിയതും കൃസ്ത്യന് ബെല്‍റ്റുകളില്‍ സ്വാധീനിച്ചു. അത് തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പുതുപള്ളിയിലടക്കം ഇക്കുറി ആദ്യമായി യുഡിഎഫ് തറപറ്റിയതിന് വഴിവെച്ചത്. ഇടത്പക്ഷത്തിന് പുറമെ ബിജെപിയും കോണ്‍ഗ്രസിന്‍രെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തിരഞ്ഞെടുപ്പ് ആയുധമാക്കിയത് തെക്കന്‍ കേരളത്തിലെ ഹിന്ദു വോട്ടര്‍മാരെയും സ്വാധീനിച്ചിട്ടുണ്ട്. പരമ്പരാഗത കോണ്ഗ്രസ് ജില്ലയായ പത്തനംതിട്ടയില്‍ ഇത്തവണ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടി ഇതിന്റെ സാക്ഷ്യമാണ്.

ഇടതുമുന്നണിയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിയുടേതാണ്, ഇടത് സര്‍ക്കാരിന്റെ വികസന നേട്ടത്തിന്റെയാണ് എന്നൊക്കെയാണ് സൈബര്‍ ഇടങ്ങളിലും പാര്‍ട്ടി നേതാക്കളുമെല്ലാം അവകാശപ്പെടുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരവധിയാണ്. രണ്ട് പ്രളയത്തെ അതിജീവിച്ചതും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷന്‍ ഉള്‍പ്പടെയുള്ളവ വര്‍ദ്ധിപ്പിച്ചതുമെല്ലാം ഇടത്മുന്നണി സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലുകള്‍ ആണ്. മഹാമാരിക്കും മഹാപ്രളയത്തിനും മുന്നില്‍ ഒരു നാട് മുഴുവനും വിറങ്ങലിച്ച് നിന്നപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് സര്‍ക്കാര്‍ തന്നെയാണ്. അപ്പോഴെല്ലാം വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലായിരുന്നു പ്രതിപക്ഷത്തിന്റെ തിരക്ക് എന്നത് കേരളജനത കണ്ടതാണ്. രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കേണ്ടകാലത്ത് രാഷ്ട്രീയം കളിച്ചുവെന്ന പഴി അന്നേ യുഡിഎഫ് കേട്ടതാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇടതുമുന്നണിയുടെ ഈ വിജയത്തിന്റെ അവകാശികള്‍ താഴെ തട്ടിലെ പ്രവര്‍ത്തകരാണ്. അവരാണ് ഈ വിജയം നേടിയെടുക്കാന്‍ പണിയെടുത്തത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതെ വെറും കാഴ്ച്ചക്കാരനായി ഗ്യാലറിയില്‍ ഇരുന്നത്. ഒരിടത്ത് പോലും പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങിയില്ല. വോട്ട് ചെയ്യാന്‍ മാത്രമാണ് അദ്ദേഹം വന്നത്. അന്ന് മാത്രമാണ് തിരഞ്ഞടുപ്പ് സംബന്ധിച്ച പ്രതികരണം പോലംു അദ്ദേഹം നടത്തിയത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഫ്‌ലക്‌സുകളിലെല്ലാം നിറഞ്ഞുനിന്ന രണ്ട് മുഖങ്ങളും ഇത്തവണ പാര്‍ട്ടിക്ക് വേണ്ടി വോട്ട് പിടിക്കാനുണ്ടായില്ല - കോടിയേരിയും പിണറായിയും. കൊവിഡ്കാരണമാണ് മുഖ്യമന്ത്രി ഇറങ്ങാത്തത് എന്നാണ് ഇത് സംബന്ധിച്ച് പ്രവര്‍ത്തകരുടെ വിശദീകരണം. പക്ഷെ സ്വര്‍ണക്കടത്ത് കേസും മറ്റും പിണറായിയുടെ നിറം മങ്ങിയതിനാലാണ് രംഗത്തിറങ്ങാത്തത് എന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. കോടിയേരിയാകട്ടെ മകന്റെ കേസോടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം തന്നെ ഒഴിവായി വീട്ടിലിരിപ്പുമായി. പ്രായാധിക്യത്താല്‍ വിശ്രമത്തിലാകുന്നത് വരെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോലും വിഎസ് അച്യൂതാനന്ദനെ രംഗത്തിറക്കിയ പാര്‍ട്ടിയാണ് സിപിഎം. ആ സിപിഎം സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാക്കളെ മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടത് അണികളിലുള്ള വിശ്വാസം കൊണ്ടാണെന്ന് വാദിക്കാമെങ്കിലും ഇരുവരും എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധി വോട്ട് ചോര്ത്തുമോയെന്ന ഭയം ചെറുതായെങ്കിലും നേതൃത്വത്തിന് ഉണ്ടായിരുന്നു. താഴേ തട്ടില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തകര്‍ ഓടിനടന്ന് പ്രവര്‍ത്തിച്ചത് തന്നെയാണ് വിജയം നേടികൊടുത്തത്. സര്‍ക്കാരിന്‍രെ ഭരണനേട്ടങ്ങള്‍ അവര്‍ ജനങ്ങളിലേക്ക് എത്തിച്ചു. യഥാര്‍ത്ഥ വിജയികളും അതിനാല്‍ അവര്‍തന്നെയാണ്.  

മുന്നണികള്‍ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്താന്‍ തുടങ്ങിക്കഴിഞ്ഞു. യുഡിഎഫില്‍ തമ്മില്‍ തല്ലും പരാജയമന്വേഷിക്കാന്‍ കേന്ദ്രസംഘവുമെല്ലാം എത്തിക്കഴിഞ്ഞു. വോട്ട് മറിച്ചുവിറ്റുവെന്നും നേതൃത്വം കഴിവുകെട്ടവരായതാണ് പരാജയത്തിന് പിന്നിലെന്നുമുള്ള ആക്ഷേപങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ജില്ലകളായ ജില്ലകളിലെല്ലാം ഫ്‌ലക്‌സുകളും പോസ്റ്ററുകളുമെല്ലാം നിരന്നു. യുഡിഎഫിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ലീഗ് ശ്രമങ്ങള് ആരംഭിച്ചുവെന്ന വാര്‍ത്തകളും വന്നുതുടങ്ങി. ബിജെപിയിലും സ്ഥിതി വ്യത്യസ്ഥമല്ല. ബി ഗോപാലകൃഷ്ണന്റെ പരാജയത്തിലും പാലക്കാട്ടെ പ്രതിഷേധത്തിലുമെല്ലാം അച്ചടക്ക നടപടികള്‍ എടുത്തുകഴിഞ്ഞു. സംസ്ഥാനനേതൃത്വത്തിലെ തല്ല് ഇപ്പോഴും അവിടെ തുടരുകയാണ്. ബിഡിജെഎസ് എന്ന സഖ്യകക്ഷി പൂര്‍ണമായും അപ്രസക്തമാകുന്നുവെന്നതും എന്‍ഡിഎ ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചരിഞ്ഞ വസ്തുതയാണ്. ഇടത് മുന്നണിയില്‍ പാല സീറ്റിനെ ചൊല്ലിയാണ് പ്രധാനതര്‍ക്കം. മാണി സി കാപ്പന്‍ എന്‍സിപിയെ യുഡിഎഫ് ക്യാമ്പിലെത്തിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. കൊടുവള്ളിയില്‍ മുന്നണി സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് കിട്ടിയത് ബ്രാഞ്ച് കമ്മിറ്റിയെ തന്നെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചുകഴിഞ്ഞു. ആലപ്പുഴയില്‍ 3 ബ്രാഞ്ച് സെക്രട്ടറിമാരെ പിരിച്ചുവിട്ടതും അവിടേയും കാര്യങ്ങള്‍ സുഖകരമല്ലെന്നതാണ് കാണിക്കുന്നത്. ഇവയെല്ലാം താരതമ്യേന ചെറിയ പ്രശ്‌നങ്ങളാണെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തലവേദനയാകാന്‍ സാധ്യതയേറെയാണ്. എല്ലാവരും തര്‍ക്കവും അടിയും തീര്‍ത്ത് നേതൃമാറ്റവും കഴിഞ്ഞ് വരുമ്പോളേക്കും നിയമസഭ തിര്ഞ്ഞടുപ്പാകും.

തദ്ദേശതിരഞ്ഞെടുപ്പിനെ നിയമസഭയുടെ സെമിഫൈനലായാണ് പൊതുവേ വിലയിരുത്താറ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ തന്നെയാണ് മുന്നണികളുട പ്രചാരണത്തിന്റെ ഗതിവേഗങ്ങള്‍ നിര്‍ണയിക്കുക. പോരായ്മകള് തിരുത്തി കൂടുതല്‍ ശക്തമായ പ്രചാരണത്തിന് മു്ന്നണികള്‍ അണിയറയില്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതും ഇതിനെ ആശ്രയിച്ചാണ്. പക്ഷെ ലോക്‌സഭയിലും നിയമസഭയിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലുമെല്ലാം വോട്ടിങ് രീതികള്‍ മാറുന്നുവെന്നത് തള്ളികളയാനാവാത്ത വസ്തുതയാണ്. പഞ്ചായത്തിലേക്ക് തൊട്ടപ്പുറത്തെ രാമേട്ടനും ബഷീറും ജോസഫുമെല്ലാം മത്സരിക്കുന്നത് പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിയാണ്. അത്‌പോലെയല്ല നിയമസഭയിലെ മത്സരം. അവിടെ സംസ്ഥാനരാഷ്ട്രീയത്തിലെ വിഷയങ്ങള്‍ തന്നെയാണ് മാറ്റുരക്കുന്നത്. അപ്പോളാണ് യഥാര്‍ത്ഥ രാഷ്ട്രീയചര്‍ച്ചകളും വിഷയങ്ങളും ഉയര്‍ന്നുവരുന്നതും. അവിടെ, ഫൈനലിലാണ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടോയെന്നത് ശരിക്കും അളക്കപെടുക.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image