(ആര്യ രാജേന്ദ്രന്‍ , 21)

ആര്യ - രേഷ്മമാര്‍ ഉണര്‍ത്തുന്ന പ്രതീക്ഷ

സനൂബ് ശശിധരന്‍


...................
പക്വതയെന്നത് ഏത് പ്രായത്തിലാണ് മനുഷ്യന്‍ കൈവരിക്കുന്നത് എന്ന് പറയാനാവില്ല. പരിചയസമ്പത്ത് എന്നത് പലപ്പോഴും തുണച്ചുകൊള്ളണം എന്നുമില്ല. ധീരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മാറുന്നകാലത്തിനൊപ്പം നടക്കാനും യുവാക്കള്‍ക്ക്/യുവതികള്‍ക്ക് സാധിക്കുമെന്ന് പലപ്പോഴും പറയാറുണ്ട്. പക്ഷെ രാഷ്ട്രീയത്തില്‍ ഇതൊന്നും പലപ്പോഴും പ്രാവര്‍ത്തികമാകാറില്ല. യുവപ്രാതിനിധ്യം എന്ന് നേതാക്കളെല്ലാം പറയുമെങ്കിലും പക്ഷെ പേരിന് അവസരം നല്‍കുന്നുവെന്നത് മാത്രമാണ് കണ്ടുവരാറുള്ളത്. നമ്മുടെ നിയമസഭയിലേയും പാര്‌ലമെന്റിലേയയുമെല്ലാം അംഗങ്ങളുടേയും പ്രായം മാത്രം പരിശോധിച്ചാല്‍ മതി ഇക്കാര്യം മനസിലാവാന്‍. 70  ഉം 80 കഴിഞ്ഞിട്ടും രാജ്യസഭയില്‍ തുടരുന്ന നായകന്‍മാര്‍ അനവധിയാണ്.

ഇതിനാലാണ് ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വ്യത്യസ്ഥവും ശ്രദ്ധേയവുമായത്. മുന്നണികള്‍ പരസ്പരം മത്സരിച്ച് യുവാക്കളേയും വിദ്യാസമ്പന്നരേയും രംഗത്തിറക്കി. പലയിടത്തും പരിചയ സമ്പന്നരായ 60 ഉം 70 ഉം പിന്നിട്ടവരെ പിന്തള്ളി അവര്‍ വിജയിച്ച് കയറുകയും ചെയ്തു. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ ജയിച്ചുവന്നാലും ഭരണസമിതിയിലെ ബേബിമാരായി തുടരാനായിരുന്നു ഇവര്‍ക്കെല്ലാം വിധി. എന്നാലിത്തവണ എല്ലാം മാറി മറിഞ്ഞുവെന്നതാണ് ഏറെ കൗതുകവും ഊര്‍ജവും പകരുന്ന ഘടകം. ഇടതുമുന്നണി- പ്രത്യേകിച്ച് സിപിഎം- തന്നെയാണ് പുതിയ വിപ്ലവത്തിന് നേതൃത്വം കൊടുത്തത്. കോര്‍പറേഷന്റേയും പഞ്ചായത്തിന്റേയുമെല്ലാം ഭരണത്തിന്റെ ചുക്കാന്‍ 21 വയസുള്ളവരെ ഏല്‍പിച്ച ഇടതുമുന്നണിയുടെ  തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

21 വയസ് മാത്രം പ്രായമുള്ള ആര്യാ രാജേന്ദ്രനേയും രേഷ്മ മറിയം റോയിയേയും ഭരണസമതിയുടെ തലപ്പത്ത് അവരോധിക്കുമ്പോള്‍ വെറും വാര്‍ത്തകളുടെ തലക്കെട്ടമാത്രമല്ല സിപിഎം മാറ്റിമറിക്കുന്നത്. തലമുറമാറ്റം എന്നത് കൂടിയാണ്. ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാക്കുന്നതിലൂടെ രാജ്യത്ത് തന്നെ ചരിത്രം കുറിച്ചിരിക്കുകയാണ് കേരളം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ഇപ്പോള്‍ ആര്യ. രേഷ്മ മറിയം റോയി പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്ഡില്‍ നിന്ന് മത്സരിക്കാനിറങ്ങിയപ്പോഴെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി. 21 വയസ് തികഞ്ഞതിന്റെ പിറ്റേദിനമാണ് രേഷ്മ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച്ത്. ഒടുവില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ ഇന്ത്യയിലെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഖ്യാതിയും രേഷ്മ സ്വന്തമാക്കിയിരിക്കുന്നു.

വളര്‍ന്നുവരുന്ന നേതാക്കളാണ് ഇരുവരും. ആര്യ ബാലസംഘത്തിന്റെ സംസ്്ഥാന പ്രസിഡന്റ്. എസ്എഫ്‌ഐ സംസ്ഥാനസമിതിയംഗം. രേഷ്മയാകട്ടെ എസ്എഫ്‌ഐ ജില്ലാസെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ ജില്ലാ്കമ്മിറ്റി അംഗം. ഇരുവരും പാര്‍ട്ടി അംഗങ്ങളുമാണ്.ഇരുവരും വിദ്യാര്‍ത്ഥികളാണ്. ക്യാമ്പസില്‍ നിന്നാണ് ഇരുവരും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തിയത്. ഇരുവരുടേയും നേതൃപാടവം കൂടി കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ ഉത്തരവാദിത്വം ഏല്‍പിച്ചിരിക്കുന്നത്. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിലൂടെ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയെന്ന രാഷ്ട്രീയതന്ത്രം കൂടി സിപിഎം ഇവിടെ പയറ്റുന്നുണ്ട്. എന്നാല്‍ അതിനുമപ്പുറം വലിയ സാധ്യതകളും ചര്‍ച്ചകളും ഇത് തുറന്നുവെക്കുന്നുണ്ട്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന അതേസമയത്ത് തന്നെയാണ് 21 കാരികള്‍ കേരളത്തില്‍ വലിയഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്നതിനെ എതിര്‍ക്കുന്ന നിലപാട് എടുത്തപലരും 21 വയസുകാരികള്‍ ഭരണസാരഥ്യം ഏറ്റെടുക്കുന്നതിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയകളില്‍ രംഗത്തെത്തിക്കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്ക് 18 വയസില്‍ പക്വതവരുമെന്ന് വിവാഹത്തിന്റെ കാര്യത്തില്‍ വാദിക്കുന്നവര്‍ തന്നെ 21 ല്‍ അവള്‍ക്ക് നാട് ഭരിക്കാനാള്ള പക്വതയില്ലെന്ന വിചിത്രവാദവും ഉയര്‍ത്തുന്നു. 21 കാരെ ചുമതലയേല്‍പ്പിക്കുന്നത് പാര്‍ട്ടിക്ക് പിന്‍സീറ്റ് ഡ്രൈവ് ചെയ്യാനാണെന്ന വാദം ഉയര്‍ത്തുന്നവരും ധാരാളമുണ്ട്. ലോകത്ത് വനിതകള്‍ രാജ്യത്തിന്റെ ഭരണചക്രം പിടിക്കുകയും പുരുഷകേസരികള്‍ ഭരിക്കുന്ന നാടിനേക്കാള്‍ മികച്ച ഭരണം കാഴ്ച്ചവെയ്ക്കുന്ന കാലത്താണ് ഇത്തരം വാദങ്ങള്‍ ഉയരുന്നത്. കൊവിഡ് പ്രതിരോധത്തില്‍ തന്നെ ലോകത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ ന്യൂസിലാന്റ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളെല്ലാം ഭരിക്കുന്നത് വനിതകളാണ്. മാത്രവുമല്ല, കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ അടക്കം നാടിന്നെ ഭരിക്കുന്ന നാരിമാരാണ് ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങളും മറ്റ് സംഘടനകളുമെല്ലാം മികച്ച വ്യക്തികളായി തിരഞ്ഞെടുത്തത്. വനിതകള്‍ക്ക് നയിക്കാനുള്ള ശേഷിയില്ലെന്ന പുരുഷാധിപത്യത്തിന്റെ സ്വരങ്ങളെ തല്ലിക്കെടുത്തിയ അതേകാലത്ത് ആര്യയേയും രേഷ്മയേയും പോലുള്ള പുതിയ തലമുറയ്ക്ക് പലതുമുണ്ട് തെളിയിക്കാന്‍.

അധികാരവികേന്ദ്രീകരണം നടപ്പിലായതോടെ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നത് പഞ്ചായത്തുകളിലാണ്. അവിടെയാണ് പദ്ധതി വിഹിതങ്ങള്‍ ഏറെയും എത്തുന്നത്. മാത്രവുമല്ല ജനവുമായി ഏറ്റവും അടുത്ത് കിടക്കുന്ന അധികാര കേന്ദ്രങ്ങളും പഞ്ചായത്തുകളാണ്. സര്‍ക്കാരുകളുടെ പദ്ധതി ജനങ്ങളിലേക്ക് എത്തുന്നത് ഈ താഴെതട്ടിലെ അധികാരകേന്ദ്രങ്ങളിലൂടെയാണ്. അതിനാല്‍ തന്നെ വലിയ ഉത്തരവാദിത്വമാണ് ഇരുവര്‍ക്കുമള്ളത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ കോര്‍പറേഷന്റെ മേയര്‍ പദവിയെന്നത് ഒരു മന്ത്രിയുടെ അത്രതന്നെ വലിയ പദവിയാണ്. അത്രയേറെ ഉത്തരവിദിത്വം നിറവേറ്റാനുണ്ട് ആര്യക്ക്്. പാര്‍ട്ടിയും ജനവും ഏല്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കണം. പാര്‍ട്ടിയോട് ഉത്തരം പറയേണ്ടതുണ്ടെങ്കിലും ബാധ്യത ജനത്തിനോടാവണം. മുമ്പ് പല മഹാന്‍മാരും ഇരുന്ന കസേരയാണ് മേയറുടേത്. അതിന്റെ മഹത്വം കാത്ത് സൂക്ഷിക്കുന്നതിനൊപ്പം തന്നെ വരും തലമുറയ്ക്ക് മാതൃകയാവുക കൂടിവേണം. ഇപ്പോള്‍ ഇരിക്കുന്ന കസേരയുടെ ഉത്തരവാദിത്വം ബാലസംഘത്തിന്റെ പ്രസിഡന്റിന്റെ പദവിയേക്കാളും എസ് എഫ് ഐ സംസ്ഥാനകമ്മിറ്റിയുടെയോ ഉത്തരവാദിത്വത്തിന് മുകളിലാണ്. ഭരണസമിതിയിലെ മറ്റ് അംഗങ്ങളുടെ പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന് മികച്ച ഭരണം തന്നെ കാഴ്ച്ചവെയ്ക്കാന്‍ ഇരുവര്‍ക്കും കഴിയുമെന്ന് പ്രത്യാശിക്കാം.

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image