പെണ്ഭ്രൂണഹത്യ
 
സനൂബ് ശശിധരന്‍

ഭാരതീയ സങ്കല്പ പ്രകാരം സ്ത്രീ ഭൂമിയാണ്, പ്രകൃതിയാണ്, ദൈവമാണ്. ധനവും വിദ്യയും ഉന്മൂലനവുമെല്ലാം സ്ത്രീദൈവങ്ങളുമായി ബന്ധപ്പെടുത്തിയതാണ് ഭാരതത്തിലെ പുരാണങ്ങളില് പറയുന്നത്. തീരുന്നില്ല, പുഴയും കപ്പലുകളുമെല്ലാം നമുക്ക് സ്ത്രീകളാണ്. ചുരുക്കത്തില് സ്ത്രീ ശക്തിയുടേയും സ്‌നേഹത്തിന്റേയുമെല്ലാം മൂര്ത്തീരൂപമാണ് നമുക്ക്.
ഇതെല്ലാം സങ്കല്പവും കഥകളുമായെല്ലാം ചുറ്റപ്പെട്ട് കിടക്കുന്നതാണല്ലോ. ഇനി യാഥാര്ത്ഥ്യത്തിലേക്ക് കടന്നാല് ഈ സങ്കല്പങ്ങളെല്ലാം വിശ്വാസപ്രമാണത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന നമ്മുടെ രാജ്യം സത്യത്തില് സ്ത്രീയെ ബഹുമാനിക്കുകയോ എന്തിന് ജനിക്കാന് പോലും അനുവദിക്കുകയോ ചെയ്യാത്ത ഇടമാണെന്ന് മനസിലാകും.
ലോകത്ത് തന്നെ ഏറ്റവും കൂടുതല് പെണ്ഭ്രൂണഹത്യ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ആണ് പെണ് അനുപാതത്തില് അന്തരമുള്ള ലോകത്തിലെ നാലാമത് രാഷ്ട്രം. ഐക്യരാഷ്ട്ര സഭയുടെ ഏജനസിയായ യു.എന്. പോപുലേഷന് ഫണ്ട് ഒടുവില് പുറത്തുവിട്ട കണക്കുകള് മാത്രം പരിശോധിച്ചാല് മതി ഇതിന്റെ വസ്തുതകള് അറിയാം. 2013-17 കാലഘട്ടത്തില് മാത്രം പിറവിയില് തന്നെ ഇന്ത്യയില് കാണാതെപോയ പെണ്കുട്ടികളുടെ എണ്ണം 4.6 ലക്ഷമാണ്. ഇവരെ ആരും തട്ടിക്കൊണ്ട് പോയതല്ല, മറിച്ച് കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞതോടെ കൊന്നുകളഞ്ഞതാണ്. ഇതിന് പുറമെയാണ് കുഞ്ഞിന്റെ ലിംഗം തിരിച്ചറിഞ്ഞ് പിറവിക്കുമുമ്പേ തല്ലിക്കൊഴിച്ച ജീവനുകളുടെ എണ്ണം. കഴിഞ്ഞ 50 വര്ഷത്തിനിടെ 5.6 കോടി പെണ്കുഞ്ഞുങ്ങളാണ് ഇങ്ങനെ ഇന്ത്യയില് കൊലചെയ്യപ്പെട്ടത്. ഭ്രൂണഹത്യയും കുട്ടിയുടെ ലിംഗം പരിശോധിക്കുന്നതും നിരോധിക്കപ്പെട്ടിട്ടുള്ള രാജ്യത്താണ് ഇതെല്ലം നടക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ പുറത്തുവിട്ട സാംപിള് രെജിസ്‌ട്രേഷന് റിപ്പോര്ട്ടിലെ കണക്കുകള് പ്രകാരം 2016-18 കാലഘട്ടത്തില് ഇന്ത്യയിലെ ആണ് പെണ് ജനന അനുപാതം 1000 ആണ്കുട്ടികള്ക്ക് 899 പെണ്കുട്ടികള്  മാത്രമാണ്. 2011 ലെ സെന്‌സസ് പ്രകാരം ഇത് 1000 ആണ്കുട്ടികള്ക്ക് 940 പെണ്കുട്ടികള് എന്നതായിരുന്നു.
ഇക്കഴിഞ്ഞ ജൂണ് 30 ന് യു.എന്.പി.എഫ് പുറത്തുവിട്ട റിപ്പോര്ട്ടിലെ കണക്കുകള് കൂടുതല് വിശകലനം ചെയ്താല് ഓരോ 50 സെക്കന്റിലും ഇന്ത്യയില് ഒരു പെണ്കുട്ടി കൊല്ലപ്പെടുന്നുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത മനസിലാക്കാം. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ കണക്കുകള് മാത്രം പരിശോധിച്ചാല് മതി ഇന്ത്യയിലെ ഗ്രാമീണമേഖലകളില് പെണ്കുഞ്ഞുങ്ങള് എന്നത് എത്രമാത്രം വെറുക്കപ്പെട്ടതാണെന്ന് മനസിലാക്കാന്. കഴിഞ്ഞവര്ഷം  മൂന്ന് മാസത്തിനിടെ ഉത്തരകാശിയിലെ 132 ഗ്രാമങ്ങളില് ജനിച്ച കുഞ്ഞുങ്ങളുടെ കണക്കുകള് പരിശോധിച്ച സര്ക്കാര് കണ്ടെത്തിയത് 216 കുഞ്ഞുങ്ങള് ജനിച്ചപ്പോള് അതില് ഒറ്റ പെണ്കുഞ്ഞുപോലും ഇല്ല എന്നതാണ്. ഇതില് സംശയം തോന്നി അന്വേഷിച്ചപ്പോളാണ് പെണ്ഭ്രൂണഹത്യ ഇപ്പോഴും രാജ്യത്ത് എത്രമാത്രം ഭീകരമായി തുടരുന്നുവെന്ന് സര്ക്കാര് ഏജന്‌സികള് കണ്ടെത്തിയത്.
പെണ് ഭ്രൂണഹത്യ തടയാനും പെണ്കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനുമായി നിരവധി പദ്ധതികളാണ് കേന്ദ്രം നടപ്പിലാക്കിയിട്ടുള്ളത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ധനലക്ഷ്മി പദ്ധതി, ബാലിക സമൃദ്ധ യോജന തുടങ്ങിയവ അവയില് ചിലത് മാത്രം.  എന്നിട്ടും രാജ്യത്തെ സ്ഥിതി ഒട്ടും മാറിയിട്ടില്ലെന്നതാണ് കണക്കുകള് നമ്മെ ഓര്മിപ്പിക്കുന്നത്.  ലോകത്ത് തന്നെ പെണ്ഭ്രൂണഹത്യ കൂടുതല് രാജ്യമാണ് ഇന്ത്യ. 2001 ല് 6 വയസ് വരെയുള്ള പെണ്കുട്ടികളുടെ ജനസംഖ്യ 78.83 ദശലക്ഷമായിരുന്നു ഇന്ത്യയിലെങ്കില് അത് 10 വര്ഷം കഴിഞ്ഞപ്പോള് 75.84 ദശലക്ഷമായി കുറഞ്ഞു. എം.ടി.പി നിയമം മൂലം രാജ്യത്ത് ഗര്ഭഛിദ്രം നടത്തുന്നതും രാജ്യം 1971 ല് തന്നെ നിരോധിച്ചിരുന്നു. 1994 ല് പി.എന്.ഡി.ടി നിയമം വഴി ലിംഗ നിര്ണയം ഇന്ത്യയില് നിരോധിച്ചത് പെണ്ഭ്രൂണഹത്യ തടയാന് വേണ്ടിയായിരുന്നു. എന്നാല് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ തന്നെ രേഖകള് പരിശോധിച്ചാല് രാജ്യത്തെ അനധികൃത ഗര്ഭഛിദ്രത്തിന്റെ എണ്ണം ഗ്രാമപ്രദേശങ്ങളില് പെരുകുന്നതായി കാണാം. 2000 ത്തിനും 2014 നും ഇടയില് രാജ്യത്ത് ലിംഗനിര്ണയം നടത്തി ഏകദേശം 1.28 കോടിയിലേറെ അനധികൃത ഗര്ഭഛിദ്രം നടന്നതായി കണ്ടെത്തി. അതായത് പ്രതിദിനം ശരാശരി 2332 ഗര്ഭഛിദ്രം എന്നതോതില്.
എന്തുകൊണ്ടാണ് സ്ത്രീയെ ദൈവമായും പ്രകൃതിയുമായെല്ലാം കാണുന്ന രാജ്യത്ത് പക്ഷെ പെണ്കുഞ്ഞുങ്ങള് ശാപമായി കരുതുന്നത് . ഇതിന് മുഖ്യമായും കാരണം പെണ്കുഞ്ഞുങ്ങളെ വിവാഹം ചെയ്ത് അയക്കേണ്ടതാണ് എന്നതും അതിന് വലിയ പണചിലവ് ഉണ്ട് എന്നതുമാണ്. സ്ത്രീധനമെന്ന ദുരാചാരം നാട്ടില് ഇപ്പോഴും നിലനില്ക്കുന്നത് തന്നെയാണ് ഇതിലേക്ക് നയിക്കുന്ന ഏറ്റവും വലിയ ഘടകം. തീരുന്നില്ല, പെണ്കുട്ടികളെ വിവാഹം ചെയ്ത് അയച്ചുകഴിഞ്ഞാല് അവരല്ല കുടുംബത്തിന്റെ പേരും പൈതൃകവും മുന്നോട്ട് കൊണ്ട്‌പോകേണ്ടത് എന്ന ചിന്തയും ഉത്തരേന്ത്യയില് ശക്തമാണ്. ആണ് കുട്ടികളാണ് വീടിന്റെ ചുമതല ഏറ്റെടുക്കേണ്ടത്. അവരാണ് ജോലിക്ക് പോയി കുടുംബത്തിന്റെ കാര്യങ്ങള് നോക്കേണ്ടതെന്ന തെറ്റായ ചിന്തയും ഇതിന് പിന്നിലുണ്ട്. ഇത്തരം ചിന്തകളെല്ലാം ചേര്ന്ന് പെണ്കുഞ്ഞെന്നത് ബാധ്യതയായി കാണുന്നവരാണ് ആണ്‌കോയിമ നിലനില്ക്കുന്ന ഇന്ത്യന് സമൂഹത്തിലേത്.
രാജ്യത്തെ ആണ് പണ് അനുപാതത്തിലെ അന്തരം പെരുകുന്നത് ഭാവിയില് വലിയ സാമൂഹ്യപ്രശ്‌നങ്ങള്ക്കും വഴിവെക്കും. വിവാഹം ചെയ്യാന് പോലും പെണ്കുട്ടിയെ കിട്ടാതെ വരുമ്പോള് തട്ടിക്കൊണ്ട്‌പോകലുകളും ബലാത്സംഗവുമെല്ലാം രാജ്യത്ത് പെരുകും. ഇപ്പോള് തന്നെ സ്ത്രീകള്‌ക്കെതിരെയുള്ള അതിക്രമം നാള്ക്കുനാള് ഏറിക്കൊണ്ടിരിക്കുകയാണെന്ന് ദേശിയ ക്രൈം റെക്കോര്ഡ്‌സ് ബ്യൂറോ ഓരോ വര്ഷവും പുറത്തുവിടുന്ന കണക്കുകള് ചൂണ്ടിക്കാട്ടുന്നു.
സമീപകാലത്ത് നടി റിമാ കല്ലിങ്കല് വീട്ടിലെ മീന് പൊരിച്ചത് ചോറിനൊപ്പം വിളമ്പുമ്പോള് സഹോദരന് കൂടുതല് മീന് ലഭിക്കുന്നത് സംബന്ധിച്ച് സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തിരുന്നു. അന്ന് അതിനെ വിമര്ശിച്ച് പൊങ്കാലയിട്ടവരമാണ് മലയാളികളില് ഭൂരിപക്ഷം പേരും. ഫെമിനിസമെന്ന് വിളിച്ച് ആക്ഷേപിക്കാനായിരുന്നു പൊങ്കാലക്കലം നിരത്തിയവരുടെ ആവേശം. പക്ഷെ അതിലൊരു വസ്തുത മറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കാന് ആരും തയ്യാറായില്ല, അല്ലെങ്കില് അറിഞ്ഞിട്ടും അത് അവഗണിക്കാനായിരുന്നു താല്പര്യം. തുല്യതയെന്ന വസ്തുത. ആ തുല്യത അംഗീകരിക്കാത്തതാണ് പെണ്ഭ്രൂണഹത്യയെ കുറിച്ച് ചിന്തിക്കാന് ഏതൊരാളെയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
പെണ് എന്നത് ആണിന് തുല്യമാണെന്ന് സമ്മതിക്കാന് മടിക്കുന്നിടത്തോളം കാലം ഇന്ത്യ എത്ര പുരോഗതി കൈവരിച്ചാലും ഗ്രാസ് റൂട്ടില് പെണ്ഭ്രൂണഹത്യകള് തുടര്ന്നുകൊണ്ടേയിരിക്കും. പുരുഷകേന്ദ്രീകൃതമായ സമൂഹം മാറി ചിന്തിക്കാതെ ഇത് ഇല്ലാതാക്കാനാവില്ല. അതുവരേയും ബേട്ടി ബച്ചാവോ ബേട്ടി പഠാവോയെല്ലാം പരസ്യപലകയിലെ മുദ്രാവാക്യം മാത്രമായി അവശേഷിക്കും.
  

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image