വയോജന രക്ഷാകേന്ദ്രങ്ങള്‍ കുര്യന് പാമ്പാടി ലോകമാകെ പന്ത്രണ്ടര ലക്ഷം വരിക്കാരുള്ള ലൈഫ് സ്റ്റൈല്‍ മാസിക 'വോഗ്' സൗത്ത് ഏഷ്യന്‍ പതിപ്പില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ കവര്‍ ചിത്രമായി വന്നത് ഈ നവംബറിലാണ്. പക്ഷെ മറ്റൊരു തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്തെത്തി നില്ക്കുന്ന കേരളത്തില്‍ നൂറു കവിഞ്ഞവര്‍ 2230 പേരുണ്ടെന്ന് ആരറിയുന്നു? ഏറ്റവും പുതിയ വോട്ടര്‍ പട്ടിക പ്രകാരം തൊണ്ണൂറു കഴിഞ്ഞവര്‍ 58,894, എണ്പതു കഴിഞ്ഞവര്‍ 4.54 ലക്ഷം. എഴുപതു കഴിഞ്ഞവര്‍ 14,.56 ലക്ഷം, അറുപതു കഴിഞ്ഞവര്‍ 31 ലക്ഷം.
'വോഗി'ല്‍ മന്ത്രിയെ കൂടാതെ നാലു മലയാളികള്‍ കൂടെയുണ്ട്. ഗീത ഗോപിനാഥും വിദ്യാബാലനും ഒപ്പം ആരോഗ്യ രംഗത്തുള്ള ഡോ.കമല റാംമോഹനും നഴ്സ് രേഷ്മ മോഹന്‍ദാസും ഉണ്ടെന്നത് ലോകമലയാളികളുടെ മനം കുളിര്‍പ്പിക്കും. .കാരണം ആരോഗ്യമികവിനുള്ള അംഗീകാരം കൂടിയാണത്.
ആരോഗ്യ പരിരക്ഷ മെച്ചമായതിനാല്‍ ജനനവും മരണവും കുറഞ്ഞ കേരളത്തില്‍ അടുത്ത കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനസംഖ്യാ വളര്‍ച്ച വട്ടപ്പൂജ്യം ആയിരിക്കുമെന്ന് ശാസ്തജ്ഞമാര് പ്രവചിക്കുന്നു. 'അതിനു 'അധികകാലം കാത്തിരിക്കേണ്ട. അടുത്ത സെന്‍സസില്‍ തന്നെ അത് സംഭവിച്ചിരിക്കും,' തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ മുന്‍ ഓണററി ഫെല്ലോ കെ.സി സഖറിയ(96) എന്നോട് ഫോണില്‍ പറഞ്ഞു.
ലോകത്തിലെ പ്രമുഖ ജനസംഖ്യാ ശാസ്ത്രജ്നന്മാരിലൊരാളായ സക്കറിയ പെന്‍സില്‍വേനിയയിലെ വാര്‍ട്ടണ്‍ സ്കൂളില്‍ നിന്ന് നിന്ന് പിഎച്ച്ഡി നേടി ദീഘകാലം വേള്‍ഡ് ബാങ്കില്‍ സേവനം ചെയ്ത ആളാണ്. പ്രഫ ഇരുടയ രാജനുമായി ചേര്‍ന്ന് കേരളത്തിലെ ഗള്‍ഫ് മൈഗ്രെഷന്റെ ആധികാരിക സര്‍വേ കള്നടത്തി.
ആരോഗ്യരക്ഷ കൊണ്ട് ആയുസ് നീട്ടിക്കിട്ടിയ വന്ദ്യവയോധികരെ പരിരക്ഷിക്കാന്‍ കേരളം എന്തു ചെയ്യുന്നു എന്നതിനെപ്പറ്റി ഒരന്വേഷണമാണ് ഈ ലേഖനം.
അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും പേരക്കുട്ടികളോടൊപ്പം 'ആമോദത്തോടെ വസിച്ചിരുന്ന' ഒരു കാലം ഇന്ന് ഓണപ്പാട്ടുകളില്‍ ഒതുങ്ങിക്കൂടുന്നു. മച്ചിനു മേലെ ഓടുമേഞ്ഞ വീടുകള്‍ക്കും മണല്‍ വിരിച്ച മുറ്റങ്ങള്‍ക്കും ചെമ്പരത്തി വേലികള്‍ക്കും മുങ്ങിക്കുളിച്ച് ചന്ദനപൊട്ടുമായി പ്രഭാത ദര്‍ശനത്തിനു ഒരുക്കി വിടുന്ന കുളങ്ങള്‍ക്കും പകരം ഫ്ളാറ്റുകളും വില്ലകളുമായി.
പ്രായമായവരെ അമ്പലമുക്കില്‍ ഉപേക്ഷിച്ച് പോകുന്ന മക്കളെക്കുറിച്ചും അവരെ ചങ്ങലക്കു പൂട്ടിയിട്ടു കാറില്‍ ജോലിക്കു പോകുന്ന ദമ്പതിമാരെപ്പറ്റിയും ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ട്. സ്വന്തമായി വരുമാനമില്ലാത്തവരെ എന്തിനു തീറ്റിപോറ്റണം എന്നാണ് അത്തരക്കാരുടെ ചോദ്യം. മക്കള്‍ക്ക് അച്ഛനമ്മമാരുടെ പണം വേണം, ശരീരം വേണ്ട!
'ഞങ്ങള്‍ ഭാര്യാ ഭര്ത്താക്കന്മാര്ക്കു 1500 രൂപ വീതം വാര്‍ദ്ധക്യകാല പെന്ഷന് കിട്ടുന്നതുകൊണ്ടു അരിഷ്ടിച്ച് കഴിഞ്ഞു പോകുന്നു. മരുന്നിനു തന്നെ മാസം ആയിരം രൂപ വേണം'', തിരുവിതാംകൂറില്‍ നിന്ന് മുക്കാല്‍ നൂറ്റാണ്ടു മുമ്പ് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലേക്കു കുടിയേറിയ തോമസും (84) മേരിയും(78) പരിഭവിക്കുന്നു. മക്കള്‍ ആറും വെവ്വേറെ പോയി.
ലോകത്തില്‍ പ്രായംകൂടിയ വൃദ്ധജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ജപ്പാനില്‍ ആണെന്ന് പ്രസിദ്ധമാണല്ലോ. ഗിന്നസ് ബുക്കില്‍ അവരാണ് രാജാക്കന്മാര്. 2020 സെപ്റ്റംബര്‍ ഒന്നിലെ കണക്കനുസരിച്ച് അവിടെ ശതാബ്ദി പിന്നിട്ട 80,450 പേരുണ്ട്. അതില്‍ 88 ശതമാനവും സ്ത്രീകളാണ്.
ഫുക്കുവോക്കയിലെ താനാക്ക കാനേ (117 എന്ന സ്ത്രീയും നാരായിലെ യുവേദ മിക്കിസോ (110) എന്ന പുരുഷനുമാണു ഒന്നാമത്. ധാന്യവും മത്സ്യവും പച്ചക്കറിയുമാണ് മുഖ്യ ആഹാരം. മാംസവും പാലും പാലുല്‍പ്പന്നങ്ങളും വര്‍ജിക്കും. സമൂഹം അവരെ നോക്കുന്നു എന്നതാണ് പ്രധാനം. ചെറുപ്പക്കാര്‍ കുറവായതിനാല്‍ അവരെ നോക്കാന്‍ ഇപ്പോള്‍ റോബോട്ടുകളെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
കോവിടിന്റെ കനത്ത പ്രഹരം ഏറ്റ രാജ്യങ്ങളില്‍ അമേരിക്കയും ബിട്ടനും സ്പെയിനും ഇറ്റലിയും എല്ലാമുണ്ട്. ഈരാജ്യങ്ങളില്‍ കെയര്‍ഹോമുകളില്‍ മരിച്ചു വീണവരെ സംസ്കരിക്കാന്‍ പോലുംപാട് പെട്ടതായി വായിച്ചു.
എന്നിട്ടും കേള്‍ക്കുന്നു ഗ്രീസില്‍ നിന്ന് നിന്ന് ഒരു മലയാളി സ്പര്ശത്തെപ്പറ്റി യൂറോപ്യന്‍ യൂണിയനില്‍ അംഗമായിട്ടും സാമ്പത്തികഞെരുക്കത്തില്‍ പെട്ടുഴലുന്ന ഗ്രീസില്‍ ആതന്‍സ് വിമാനത്താവളത്തില്‍ നിന്ന് 15 കിമീ. അകലെ 'സ്റ്റെജിയോ അഗാപ്പി' എന്ന കെയര്‍ ഹോം നടത്തുന്ന നെടുമ്പാശേരി സ്വദേശി ജോയി തചേത്തിനെയും ഭാര്യ ലാലിയെയും ആദ്യം ആദ്യം കേട്ടറിഞ്ഞതാണ്. പിന്നീട് കണ്ടു മുട്ടി.
ജോയിമാര്‍ ഗ്രീസില്‍ എത്തിയിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് സാമ്പത്തികക്കുഴപ്പം നേരിട്ടപ്പോള്‍ പണി ഉപേക്ഷിച്ച് പോയ ജര്‍മന്‍കാര്‍ക്ക് പകരം ലാലി ഡയറ്കടര്‍ ആയും ജോയ് ജനറല്‍ മാനേജര്‍ ആയും നിയമിതരായി. പെന്ഷന് ലഭിക്കുന്ന നൂറില്‍ പരം സ്ത്രീപുരുഷന്മാരെയാണ് അവര്‍ പരിരക്ഷിക്കുന്നത്. നല്ല ഭക്ഷണവും ആരോഗ്യ രക്ഷയും ഉറപ്പാക്കുന്നു. കൊറോണ മൂലം മാസങ്ങളായി പുതുതായി ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നു ജോയി ഫോണില്‍ പറഞ്ഞു. .
അറുപത്തഞ്ചു കഴിയുന്ന ഏതൊരാള്‍ക്കും ഗവര്‍മെന്റിന്റെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന സംവിധാനമാണ് കാനഡയില്‍ ഉള്ളതെന്ന് ജെറിയാട്രിക് കെയറില്‍ അരനൂറ്റാണ്ടിന്റെ അനുഭവ പരിജ്ഞാനമുള്ള നിരണം സ്വദേശി അന്നമ്മ എബ്രഹാം ഈയിടെ ആല്‍ബെര്‍ട്ട സ്റ്റേറ്റിലെ കാല്‍ഗരിയില്‍ വച്ചു എന്നോട്
പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ബിഎസ്സി നഴ്സിങ് കോഴ്സില്‍ പഠിച്ചിറങ്ങിയ ആളാണ്. ഹോസ്റ്റല്‍ ഫീ 35 രൂപയായിരുന്ന കാലം. തിരുവല്ല പുഷപഗിരി ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ കാനഡയില്‍ മാത്സ് അധ്യാപകനായ പാലാ കൊഴുവനാല്‍ നെടുംതകടി മാത്യു ഏബ്രഹാം വന്നു വിവാഹം ചെയ്തു കൊണ്ടുപോയി. 1970ല്‍ കല്യാണം കഴിക്കുമ്പോള്‍ 26 വയസ്.
കാനഡയില്‍ മാനിറ്റോബ, സസ്കാചെവാന്‍, ആല്‍ബെര്‍ട്ട പ്രവിശ്യകളില്‍ ജോലി ചെയ്തു. വിനിപെഗ്, എസ്റ്റര്ഹേസി, കാല്‍ഗരി എന്നിവിടങ്ങളില്‍. വിനിപെഗില്‍ സെന്റ് ബോണിഫസ് ഹോസ്പിറ്റലില്‍ തുടക്കം. എസ്റ്റര്ഹേസിയില് സെന്റ് ആന്റണീസ് ഹോസ്പിറ്റലില്‍ ചേരുമ്പോള്‍ വെള്ളക്കാരിയല്ലാത്തആദ്യത്തെ നഴ്സ് ആയിരുന്നു. 'നിനക്ക് കുത്തിവയ്ക്കാന്‍ അറിയാമോ?' എന്ന് അവിടത്തെ കന്യാസ്ത്രീ ചോദിച്ചതായി ഓര്‍ക്കുന്നു.
അവിടെ സെന്റീനിയല്‍ സ്പെഷ്യല്‍ കെയര്‍ ഹോമില്‍ 21 വര്‍ഷം ജോലി ചെയ്തു.. യോര്‍ക്ടണ്‍ യൂണിയന് ഹോസ്പിറ്റല്‍, മെല്വിന് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും. പതിനെട്ടു വര്‍ഷം മുമ്പ് കാല്ഗരിയിലേക്കു ജീവിതം തന്നെ പറിച്ചു നട്ടു. പെട്രോളിയം കൊണ്ട് സമൃദ്ധമായ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ ബിസിനസ് കേന്ദ്രമാണ് കാല്‍ഗരി. 1988ല്‍ വിന്റര്‍ ഒളിമ്പിക്ള്സ് നടന്ന സ്ഥലം.
കാനഡയില്‍ ആതുര സേവന രംഗത്ത് നാലുപതിറ്റാണ്ടോളം സേവനം ചെയ്തതില്‍ നീണ്ടകാലം വയോജനങ്ങളെ സംരക്ഷിക്കുന്ന സ്പെഷ്യല്‍ കെയര്‍ ഹോമുകളില്‍ ആയിരുന്നു. ജെറിയാട്രിക് കെയര്‍ സംബന്ധിച്ച പല കോഴ്സുകളും ചെയ്തു. സെന്റിനിയല്‍ ഹോമില്‍ നഴ്സിങ് ഡയറക്ടര്‍ വരെയായി. സസ്ക്കാചെവാന് സ്റ്റേറ്റില്‍ അഷീമേഴ്സ് സൊസൈറ്റി ബോര്‍ഡ് മെമ്പര്‍ ആയിരുന്നു.
'ഡിയര്‍ അന്ന, ഈ സ്ഥാപനത്തില്‍ വൈവിധ്യമാര്‍ന്ന പദവികളില്‍ അവിസ്മരണീയമായ സേവനം ചെയ്ത താങ്കളെ എല്ലാവരും എല്ലായ്പ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കും,' വിടവാങ്ങുമ്പോള്‍ നല്കിയ സാക്ഷ്യപത്രത്തില്‍ ബോണിഫേസ് ആശുപതി സ്റ്റാഫിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ ഐറിന് ജാനറ്റ് പറഞ്ഞു.
മക്കള്‍ പ്രായമായാല്‍ ജോലികിട്ടിയും മറ്റും വെവ്വേറെ പോകുന്നതിനാല്‍ പ്രായമായവര്‍ക്കു ആരോഗ്യം ക്ഷയിക്കുമ്പോള്‍ ആശ്രയം കെയര്‍ ഹോമുകളാണ്. കാനഡയിലെ വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ പലതും സിറ്റി കൗണ്സിലുകളോ സൊസൈറ്റികളോ ട്രസ്റ്റുകളോ എന്‍ജിഒകളോ നടത്തുന്നവയാണ്. വ്യക്തികള്‍ നടത്തുന്നവയും ഉണ്ട്. ഗവര്‍മെന്റ് സഹായവും ലഭിക്കുന്നു. മക്കള്‍ വല്ലപ്പോഴും വരും. അല്ലെങ്കില്‍ ഫോണ്‍ വിളിക്കും.
ആരോഗ്യമുള്ള പലരും സ്വന്തം വീടുകളില്‍ കഴിയുന്നു. കാല്‍ഗരി സ്വിമ്മിങ് പൂളില്‍ നീന്താന്‍ എത്തിയ പ്പോള്‍ കാര്‍ ഓടിച്ചുവന്ന 93 വയസുള്ള ഒരു സ്ത്രീ അന്നമ്മയെ ആശ്ലേഷിച്ചു മുത്തം നല്‍കുന്നത് ഞങ്ങള്‍ കണ്ടു. ഷീന സ്കോട്ടിഷ് വംശജയാണ്. ഭര്‍ത്താവ് നേരത്തെ മരിച്ചു. വിധവ. മകന് ഉള്ളത് സിറ്റിയില്‍ തന്നെ മറ്റൊരിടത്ത് താമസിക്കുന്നു. അമ്മ സ്വന്തം വലിയ വീട്ടില്‍ ഒറ്റയ്ക്ക്.
കാനഡയില്‍ സ്ഥിരമായവര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ലഭിക്കുന്നതു അനുഗ്രഹമാണ്. 84 എത്തി ആയിരം പൂര്‍ണചന്ദ്രനെ കണ്ട മാത്യുവും അന്നമ്മയും സിറ്റിയിലെ സ്വന്തം വീട്ടിലാണ്. അഞ്ഞൂറ് ഏക്കറുള്ള ഗ്ലെന്മോര് പാര്‍ക്ക് തൊട്ടടുത്ത്. നാല് ബെഡ്റൂമും ബേസ്മെന്റുമുള്ള വീട്. തൊട്ടുമുമ്പില്‍ സിറ്റി ബസ് സ്റ്റോപ്പ്.
പൂച്ചെടിയും പുല്ലും പിടിപ്പിച്ച അങ്കണവും പച്ചക്കറി നടാനും ബാര്‍ബെക്യുവിനും പിന്നാമ്പുറവുമുണ്ട്. മാത്യു ടൊയോട്ട കാമ്രിയും അന്നമ്മ ടൊയോട്ട പ്രിയസ് എന്ന ഹൈബ്രിഡ് കാറും ഓടിക്കുന്നു, ഡോളറാമയില്‍ ഷോപ്പിങ്ങിനുപോകുന്നു, സ്വിമ്മിങ് ട്രങ്ക് ധരിച്ച് സിറ്റി പൂളില്‍ നീന്താന്‍ പോകുന്നു. ഇടയ്ക്കിടെ നാട്ടിലേക്ക് പറക്കുന്നു.
'ആയുസും ആരോഗ്യവും ഉള്ള കുടുംബമാണ് ഞങ്ങളുടേത്,' നിരണം വെസ്റ്റ് കോട്ടയില്‍ കുടുംബത്തിലെ അമ്മാള്‍ പറയുന്നു. ''എനിക്ക് ഒമ്പതു വയസ് ഉള്ളപ്പോള്‍ വല്യപ്പച്ചന് വര്‍ഗീസ് 84-ആം വയസില്‍ മരിച്ചത് ഓര്‍ക്കുന്നുണ്ട്.'
ഇളയ ആങ്ങള ഐപ്പ് വര്‍ഗീസ് (74) ചെന്നൈ ഐഐടിയില്‍ പഠിച്ച് മദ്രാസ് യുണിവേഴ്സിറ്റിസിറ്റിയില് നിന്ന് ക്രിസ്റ്റലോഗ്രാഫിയില്‍ പിഎച്ച്ഡിഎടുത്ത് കാലിഫോര്‍ണിയയിലെ സാന്‍ഡിയേഗോ സര്‍വകലാശാലയില്‍ പ്രൊഫസറാണ്.
'നാട്ടില്‍ വന്നപ്പോള്‍ രണ്ടു തവണ ഞങ്ങള്‍ കറുകച്ചാലിലെ ട്രാവന്‍കൂര്‍ ഫൗണ്ടേഷന് വക മിഷന് വാലി എന്ന കെയര്‍ ഹോമിലെ ഗസ്റ് റൂമില്‍ താമസിച്ചു. നാട്ടിലെ പ്രായമായവരുടെ വിശ്രമജീവിതം എങ്ങിനെയുണ്ടെന്നു അനുഭവിച്ചറിയുകയായിരുന്നു ലക്ഷ്യം, നല്ല ഭക്ഷണം, പരിചരണം, വെരി ക്ളീന്‍. നക്ഷത്ര ഹോട്ടല്‍ പോലെ,' പ്രൊഫ. ഐപ്പ് വര്‍ഗീസ് വാട്സ്ആപ്പില്‍ ആഹ്ലാദം പങ്കു വച്ചു.
'ഞാനും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. എയര്‍കണ്ടിഷന്‍ ചെയ്ത ഒരു ഡബിള്‍ റൂമിനു ദിവസം 2500 രൂപ. ഭക്ഷണം, ജിം, വിനോദം വായന തുടങ്ങിയസൗകര്യങ്ങള്‍ ഉള്‍പ്പെടെയാണിത്.. ടിവി, വൈഫൈ, റണ്ണിങ് ഹോട് വാട്ടര്‍.എല്ലാമുണ്ട്. ആകെ 62 മുറികള്‍. സ്ഥിരമായി ചേക്കേറുന്നവര്‍ മുറി ഒന്നിന് 25 ലക്ഷം രൂപ മടക്കിക്കൊടുക്കുന്ന ഡിപ്പോസിറ് ആയി നല്‍കണം. മുറിവാടക, ലോണ്‍ഡ്രി എന്നിവ ഫ്രീ. ഭക്ഷണത്തിനും മറ്റെല്ലാ സൗകര്യങ്ങള്‍ക്കുമായി മാസം 24,000.
'പ്രായമാകുമ്പോള്‍ സ്നേഹിക്കാനും കൂട്ടുകൂടാനും ആള് വേണമെന്നതാണ് പ്രധാനം' പ്രൊഫ. ഐപ് വര്‍ഗീസ് പറയുന്നു. 'ലിറ്റില്റോക്കിലെ ഞങ്ങളുടെ വീടിനു നേരെ എതിര്‍വശത്ത് ഒരു ജോണും മാക്സിനും ഉണ്ടായിരുന്നു. ധനികര്‍. ജോണ്‍ മരിച്ചപ്പോള്‍ മാക്സിന് ഒരു ഓള്‍ഡ് ഏജ് ഹോമിലേക്ക് മാറി. ഞങ്ങള്‍ ഇടയ്ക്കിടെ പോയി കാണുമായിരുന്നു. പക്ഷേ ആ ഏകാന്തവാസം അവരെ തകര്‍ത്തുക ളഞ്ഞു. മരിക്കുകയും ചെയ്തു.'
'താരതമ്യം ചെയ്യുമ്പോള്‍ മിഷന് വാലിയില്‍ ആവശ്യത്തിലേറെ പേര് സഹായിക്കാന്‍ ഉണ്ടെന്നു തോന്നുന്നു,' ഡോ.. വര്‍ഗീസ് ഓര്‍മ്മിച്ചു. 'ശരിയാണ്. ഞങ്ങള്‍ക്ക് 70 അന്തേവാസികളും 134 ജോലിക്കാരുമുണ്ട്. ഒരാള്‍ക്ക് രണ്ടു പേര് വീതം,' മാനേജിങ് ട്രസ്റ്റി ജിജി ഫിലിപ്പ് പ്രതികരിച്ചു 'പ്രതിമാസ ശമ്പളം തന്നെ 18.43,000 രൂപ വരും. വരുമാനത്തിന്റെ 35 ശതമാനം. അതില്‍ കൂടരുതെന്നാണ് മാനേജ്മെന്റ് സിദ്ധാന്തം.,'
എംബിഎ യും എംഎസ്ഡളിയുവും എടുത്ത ജിജി ടാറ്റാ ടീയില്‍ എക്സിക്യുട്ടിവായി തുടങ്ങി. എസ് ഐ പ്രോപ്പര്‍ട്ടീസിലും പ്രവര്‍ത്തിച്ചു. മിഷന് വാലി എന്ന ആശയം പൊന്തിവന്നിട്ടു പത്തുവര്‍ഷമായി. മാത്യു ചാണ്ടി മറ്റിത്ര ആയിരുന്നു സ്ഥാപക ചെയര്മാന്. ഫിലിപ് കെ ജോണ്‍ സ്ഥാപക ട്രസ്റ്റിയും.
മിഷന് വാലിയില്‍ ചേക്കേറിയവരില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഓഫീസിലും പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിലും പ്രവര്‍ത്തിച്ച ഹെലന് മത്തായി ഐഎഫ്എസ്, വെല്ലൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളജിലെ റിട്ട ന്യുറോളജി വകുപ്പ് മേധാവി കെവി മത്തായി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. പലരും വിദേശത്ത് നിന്ന് മടങ്ങിയവരാണ്. ഒരാള്‍ ജര്‍മന്‍ പൗരനും.
ന്യുയോര്‍ക്കിലെ മേഴ്സി കോളജില്‍ ഹെല്‍ത് ആന്‍ഡ് നാച്വറല്‍ സയന്‍സസ് സ്കൂളില്‍ അസോസിയറ്റ് പ്രൊഫസര്‍ ആയ ഡോ. രേണു എബ്രഹാം വര്‍ഗീസ് ആണ് ഫൗണ്ടേഷന് അധ്യക്ഷ. യുഎസ്--നെഹ്റു ഫുള്‍ബറൈറ് ഫെലോ ആയി ഏഷ്യയിലെ വയോജന പരിരക്ഷയെപ്പറ്റി ഗവേഷണ പഠനം നടത്തി. ഇടയ്ക്കിടെ കേരളത്തിലും പ്രഭാഷണ പര്യടനങ്ങള്‍ നടത്താറുണ്ട്.
'ഇന്ത്യയിലെയും അമേരിക്കയിലെയും സീനിയര്‍ പൗരന്മാരുടെ ആരോഗ്യാവസ്ഥയും ആവശ്യങ്ങലും ഒന്നുതന്നെ. പക്ഷെ പരിരക്ഷാ രീതികളിലും നിയമ പരിരക്ഷകകളിലും വ്യത്യാസമുണ്ട്. ഇന്ത്യഗവര് മെന്റ് 1999ല്‍ പ്രഖ്യാപിച്ച ദേശിയ വയോജന സംരക്ഷണ നയത്തിലെ മിക്ക നിബന്ധനകളും 21 വര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ അവശേഷിക്കുകയാണ്,' പ്രൊഫ. രേണു പറയുന്നു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെ ഗ്രാമതല പ്രവര്‍ത്തകരെ ഒരുക്കൂട്ടി വയോജനങ്ങള്‍ക്കു വേണ്ടി നടപ്പാക്കിയ 'സുവര്‍ണ സായാഹ്നം' എന്ന പരിപാടി ലോകത്തെവിടെയും മാതൃകയാക്കാവുന്നതാണെന്ന് രേണു കണ്ടെത്തി.. വീടായ വീടുകള്‍ കയറി ഇറങ്ങി പ്രായമായവരുമായി നേരിട്ട് സംവദിച്ചു ഒരു നെറ്റ് വര്‍ക് സൃഷ്ടിച്ചിരിക്കയാണ്. സഹായങ്ങള്‍ സമാഹരിച്ച് എത്തിച്ചു കൊടുക്കുന്നു. ചുരുക്കത്തില്‍ സമൂഹം തന്നെ വയോജനങ്ങളുടെ കാര്യം നോക്കുന്നു.
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് കേരളത്തില്‍ ഉണ്ടാകുന്നത് കേരളം രൂപീകൃതമായശേഷം 1960ല്‍ കേന്ദ്രനിയമ പ്രകാരം ആണ്. കോഴിക്കോട് ജില്ലയില്‍ മുക്കത്ത് മുസ്ലിം ഓര്‍ഫനേജ് സ്ഥാപിച്ച മൊയ്തീന് ഹാജി ആയിരുന്നു ആദ്യ ചെയര്മാന്. പിന്നീട് കൊടുവള്ളിയില്‍ മുസ്ലിം ഓര്‍ഫനേജ് സ്ഥാപിച്ച ടികെ പരീകുട്ടി ഹാജി അധ്യക്ഷന്‍ ആയി. പത്തുവര്‍ഷം അധ്യക്ഷനായിരുന്ന അദ്ദേഹം 90 ആയിട്ടും ബോര്‍ഡ് അംഗമായി തുടരുന്നു.
കൊടുവള്ളി ഓര്‍ഫനേജിന്റെ കീഴില്‍ ഇന്ന് മുപ്പതോളം ഏക്കറിലായി ആര്‍ട്സ് സയന്‍സ് കോളജ്, ഹയര്‍ സെക്കണ്ടറി സ്കൂള്‍, ബിഎഡ് കോളേജ്, ഐടിഐ, വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റല്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ ഉണ്ട്. പരീക്കുട്ടി ഹാജി തന്നെയാണ് ഇന്നും സെക്രട്ടറി.
നാലു വര്‍ഷമായി ബോര്‍ഡ് ചെയര്മാന് ആയി സേവനം ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ. റോയി മാത്യു വടക്കേല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഒക്കെയായി കുറെയേറെ ഓര്‍ഫനേജുകള്‍ നടത്തി പരിചയ സമ്പന്നനാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ വി കെയര്‍ സെന്ററാണ് അബ്രലാ ഓര്ഗനൈസേഷന്. ഫാ. റോയ് അതിന്റെ സെക്രട്ടറിയും. ഇത്തരം സ്ഥാപനങ്ങളുടെ സംസ്ഥാന അസോസിയേഷന് അദ്ധ്യക്ഷനുമാണ്.
കേരളത്തില്‍ 14 ജില്ലകളിലായി 619 അംഗീകൃത കെയര്‍ ഹോമുകള്‍ ആണുള്ളത്. ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍--128. രണ്ടാമത് തൃശൂര്‍--98, മൂന്നാമത് കോട്ടയം--80. ജില്ല തിരിച്ചാല്‍ ഇങ്ങനെ: തിരുവനന്തപുരം--53, കൊല്ലം--25, ആലപ്പുഴ--30, പത്തനംതിട്ട--30, കോട്ടയം--80, ഇടുക്കി--26, എറണാകുളം--128, തൃശൂര്‍--98, പാലക്കാട്--36, മലപ്പുറം--7, കോഴിക്കോട്--27, വയനാട്--19, കണ്ണൂര്‍--40, കാസര്‍ഗോഡ്--13 ,
രജിസ്ട്രേഷന് ഉള്ള സ്ഥാപനങ്ങളിലെ അന്തേവാസികളുടെ എണ്ണം കണക്കാക്കി സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. തന്മൂലം കര്‍ശനമായ വാര്‍ഷിക പരിശോധനകള്‍ നടത്തുന്നുണ്ടെന്നു കോട്ടയം ജില്ലയിലെ സാമൂഹ്യ നീതിവകുപ്പു ജില്ലാ ഓഫീസര്‍ പിപി ചന്ദ്രബോസ് പറഞ്ഞു. രജിസ്റ്റ്റേഷന് ഇല്ലാത്ത സ്ഥാപനങ്ങളും ഉണ്ട്. രൂപതകളും കന്യാസ്ത്രീകളും നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്ന് അദ്ദേഹം പേരെടുത്തു പറഞ്ഞു.
മുപ്പതു വര്‍ഷമായി ഈ രംഗത്ത് സേവനം ചെയ്യുന്ന ചന്ദ്രബോസ് ഏപ്രിലില്‍ പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 'ജില്ലയില്‍ നന്നായി നടത്തുന്ന നിരവധി കെയര്‍ ഹോമുകള്‍ ഉണ്ട്. അവയില്‍ ഒന്നാണ് തിരുവഞ്ചൂരിലെ ഗവര്‍മെന്റ് വക വൃദ്ധ മന്ദിരം. അവിടെ സൂപ്രണ്ട് ആയിരുന്നു. സംസ്ഥാനത്തു അത്തരം 14 എണ്ണമുണ്ട്. 60--90 പ്രായമുള്ളവരാണ് താമസക്കാര്‍. ആകെ ആയിരത്തോടടുത്ത് അന്തേവാസികള്‍. എല്ലാം സൗജന്യമാണ്. പ്രായം 60 കഴിഞ്ഞിരിക്കണം. നോക്കാന്‍ ആരും ഉണ്ടായിരിക്കരുത്.'
ഇടത്തരക്കാര്‍ക്കുവേണ്ടി ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ കാരിത്താസിനു സമീപം 12 വര്‍ഷമായി നടത്തുന്ന ഗ്വല്ബെര്ട് ഹോം മാതൃകാപരമായ സ്ഥാപനമാണ്.. ലിറ്റില്‍ സിസ്റ്റേഴ്സ് ഒഫ് സെന്റ് ജോണ്‍ ഗ്വാല്‍ബെര്‍ട് എന്ന ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷന്റെ കേരള റീജ്യനാണ് ചുമതക്കാര്‍. റിട്ടയര്‍ ചെയ്ത അധ്യാപകരും ഗവ. ഉദ്യോഗസ്ഥരുമാണ് അന്തേവാസികളിലും കൂടുതലും.വിദേശത്ത് ജോലി ചെയ്തു മടങ്ങിയ ദമ്പതികളും ഉണ്ട്.
ഇരുപത്തേഴു മുറികള്‍. വാടക പ്രതിമാസം 6500 രൂപ, ഭക്ഷണത്തിനു 3000. ഒരുലക്ഷം അടച്ചാല്‍ ഒരു വര്‍ഷത്തേക്ക് താമസിപ്പിക്കും. ആറുമാസത്തിനകം പിരിഞ്ഞു പോയാല്‍ 50,000 തിരികെ നല്‍കും. 'ഞങ്ങളെ അവര്‍ക്കും അവരെ ഞങ്ങള്‍ക്കും ഇഷ്ടപ്പെടണമല്ലോ,' സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സിയ അറിയിച്ചു. ഒറിസക്കാരായ അഞ്ചു പെണ്കുട്ടികലുണ്ട് സേവനത്തിനു. നാല്പതു മുറിയുള്ള പുതിയൊരു മന്ദിരം ഉടനെ പണിയുന്നു.
മലപ്പുറം ജില്ലയില്‍ കോട്ടക്കലിനു സമീപം കണ്മനത്ത് പ്രവര്‍ത്തിക്കുന്ന മൈത്രി മന്ദിരം പ്രായമായ ഏതൊരാള്‍ക്കും വന്നു സ്വന്തം വീടുപോലെ കഴിയാന്‍ വാതില്‍ തുറന്നിട്ടിരിക്കുന്ന ഒരു ഇടം ആണ്. മുപ്പതു വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറിയേട്ടന് രാജ എന്ന പിസിസി രാജ (70)യാണ് മാനേജിങ് ട്രസ്റ്റി. ഇത്രയും കാലത്തിനിടയില്‍ 6836 പേര് മൈത്രി മന്ദിരത്തില്‍ അതിഥികളായി കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഇരുപതു പേര്‍ക്ക് സുഖമായി കഴിയാം. മൈത്രിയില്‍ നിന്ന് പൊട്ടിമുളച്ച അക്ഷര മൈത്രി, ഭാഗവതീയം തുടങ്ങിയ പരിപാടികള്‍ കൂട്ടുകുടുംബ ജീവിതത്തിനു നിറം പകരുന്നു. വെജിറ്റേറിയന്‍ ഭക്ഷണം. പതിനായിരം രൂപ പ്രതിമാസ വിഹിതം. മൈത്രിക്കു ചുക്കാന്‍ പിടിക്കുന്ന ചാരിറ്റബിള്‍ ട്രസ്ടിനു ഭാഗീരഥി നേത്യാര് (93) അധ്യക്ഷ.
'സമാനമനസ്കരായ സ്ത്രീപുരുഷന്മാരുടെ കൂട്ടായ്മക്കു പ്രത്യേക സൗന്ദര്യം തോന്നി,' അക്ഷരമൈത്രിയെ ഒരിക്കല്‍ അഭിസംബോധന ചെയ്ത തുഞ്ചത്ത് എഴുത്തച്ഛന് മലയാള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ പറയുന്നു. മലയാളത്തില്‍ മാസ്റ്റേഴ്സ് ഉള്ള രാജ ഒരു എഴുത്തുകാരന് കൂടിയാണ്. 'ആകാശത്തിനു താഴെ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് സ്വന്തം വീടാണ്. സ്വര്‍ഗത്തില്‍ ഒരു ദേവിയുണ്ടെങ്കില് അത് അമ്മയാണ്,' രാജ എഴുതുന്നു.
പ്രായമായപ്പോള്‍ മാതൃകാപരമായ സ്വയം സഹായം കണ്ടെത്തിയ ഒരു ദമ്പതിമാരെപ്പറ്റി കൂടി പറയാം. കാനഡയില്‍ അധ്യാപകരായിരുന്നു. മടങ്ങിവന്നപ്പോള്‍ നാട്ടില്‍ സ്ഥലം വാങ്ങി വീടു വച്ചു.. അതിലുണ്ടായിരുന്ന പഴയ വീടും അതിനോട് ചേര്‍ന്ന കുറെ സ്ഥലവും ഒരു കന്യാസ്ത്രീ സമൂഹത്തിനു സൗജന്യമായി നല്കി.
'അവരവിടെ മൂന്ന് നിലയില്‍ ഒരു വൃദ്ധസദനം നടത്തുകയാണ്. കൂടെ ഞങ്ങളെയും നോക്കുന്നു. ഉച്ചഭക്ഷണം വീട്ടില്‍ എത്തിച്ച് തരും. അവിടത്തെ കൊച്ചു കന്യാസ്ത്രീകള്‍ ഞങ്ങളുടെ ചെടികള്‍ നനക്കുന്നു' ഗൃഹനാഥന് പറയുന്നു.. ഡിസംബര്‍ 25നു അദ്ദേഹത്തിന്റെ 90-ആം പിറന്നാള്‍ ആണ്.
സമൂഹം : : വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ /കുര്യന് പാമ്പാടി

Comments