കോണ്‍ഗ്രസ്‌ :അസ്തിത്വ പ്രതിസന്ധിയില്‍  
 
പി വി തോമസ്‌ 
 
 
 
 
ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇന്ന് അസ്തിത്വപരമായ ഒര പ്രതിസന്ധിയില്‍ ആണ്. ഇത് എല്ലാവര്‍ക്കും അറിയാം. ഒരു പക്ഷേ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ കുടുംബത്തിനും അതിന്റെ സ്തുതി പാഠകര്‍ക്കും പാദസേവകര്‍ക്കും ഒഴിച്ച്. അതെ, കോണ്‍ഗ്രസ് ഇന്ന് മരിച്ചുകൊണ്ടിരിക്കുന്ന, നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി ആണ്.
ഇത് കൃത്യമായി അറിയാവുന്ന ഒരു സംഘം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍-അവരെ ഗ്രൂപ്പ്- 23 എന്നാണ് സംഖ്യാബലത്തിന്റെ അടിസ്ഥാനത്തില്‍ വിളിക്കുന്നത്-ഓഗസ്ത് ഏഴാം തീയതി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് ഒരു കത്തെഴുതിയത്. കോണ്‍ഗ്രസിന്റെ രാജ്യസഭാദ്ധ്യക്ഷന്‍ ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ട ചില പ്രധാനകാര്യങ്ങള്‍ പാര്‍ട്ടിക്ക് ഒരു ഫുള്‍ടൈം അദ്ധ്യക്ഷ/അദ്ധ്യക്ഷന്‍ വേണം, ആ വ്യക്തി എല്ലാവര്‍ക്കും ഏത് സമയവും സമീപിക്കുവാന്‍ പറ്റിയ ആള്‍ ആയിരിക്കണം, കൂടാതെ ഉള്‍പാര്‍ട്ടി ജനാധിപത്യപ്രകാരം ആയിരിക്കണം അടി മുതല്‍ മുടിവരെയുള്ള സ്ഥാനങ്ങളിലേക്ക്- കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉള്‍പ്പെടെ- നിയമനങ്ങള്‍ നടത്തേണ്ടത് എന്നായിരുന്നു.

ഓഗസ്റ്റ് ഏഴാം തീയതിയിലെ ഈ കത്തിന്റെ പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധി നവംബര്‍ 19 ന് ഒരു ഉന്നതതല പ്രത്യേക യോഗം വിളിച്ചുകൂട്ടിയത്. ജീവന്മരണ പോരാട്ടത്തിലായ പാര്‍ട്ടിക്ക് ഇത് അല്പം ഓക്സിജന്‍ നല്‍കുമെന്ന് പാര്‍ട്ടിപ്രവര്‍ത്തകരും, ഗ്രൂപ്പ് 23, രാഷ്ട്രീയ നിരീക്ഷകരും കരുതി ഈ അടിയന്തിര യോഗത്തെ ഒരു മഞ്ഞുരുകല്‍ സംരംഭമായി നിരീക്ഷകര്‍ കരുതി. ഇത് ശരിക്കും ഒരു മഞ്ഞുരുകല്‍ ആയിരുന്നോ? അതോ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത ആണോ? മീറ്റിങ്ങിന്റെ അനന്തരഫലത്തെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് മുമ്പ് എന്താണ് ഇന്ന് കോണ്‍ഗ്രസിന്റെ അവസ്ഥ എന്ന് നോക്കാം.

വളരെ പരിതാപകരം ആണ് എന്ന് പറഞ്ഞ് ആരംഭിക്കാം. രണ്ട് ലോകസഭ തെരഞ്ഞെടുപ്പുകള്‍(2014, 2019) തുടര്‍ച്ചയായി തോറ്റു. ഇത് സംഭവിച്ചത് 2004 മുതല്‍ പത്തു വര്‍ഷത്തേക്ക് തുടര്‍ച്ചയായി അധികാരം കേന്ദ്രത്തില്‍ കയ്യാളിയതിന് ശേഷം ആണ്. 2004-ലും, 2009-ലും 2014-ലും സോണിയ ഗാന്ധി ആയിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷ. 2019-ല്‍ രണ്ട് വര്‍ഷം അദ്ധ്യക്ഷസ്ഥാനത്തിരുന്ന മകന്‍ രാഹുല്‍ഗാന്ധിയും. ലോകസഭ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തെ തുടര്‍ന്നു രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. നെഹ്റു-ഗാനധി കുടുംബത്തിനു പുറത്തു നിന്ന് ആരെങ്കിലും ഈ സ്ഥാനത്തേക്ക് വരണമെന്നും പ്രസ്താവിച്ചു. ഇതെ തുടര്‍ന്നു സോണിയഗാന്ധി ഇടക്കാല അദ്ധ്യക്ഷ ആയി. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി-ഫെബ്രുവരി എ.ഐ.സി.സി. യോഗത്തില്‍ നടക്കുമെന്നാണ് അറിയിപ്പ്. ഇത് ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പ് ആയിരിക്കുമോ? അതോ രാഹുല്‍ഗാന്ധിയെ വീണ്ടും അദ്ധ്യക്ഷന്‍ ആക്കുവാനുള്ള ഒരു പ്രഹസനം മാത്രം ആയിരിക്കുമോ? അത് കാത്തിരുന്ന് കണ്ടറിയണം. സോണിയഗാന്ധിയും കുടുംബവും പാര്‍ട്ടിയുടെ നേതൃസ്ഥാനം വിട്ട് കൊടുക്കുവാന്‍ തയ്യാറാണോ? നേതൃസ്ഥാനം വിടുമെന്ന് പറയുന്നത്  വെറും ഒരു പേടിപ്പെടുത്തല്‍ ആണോ? കുടുംബവും സ്തുതി പാഠക വൃന്ദവും ഇത് അനുവദിക്കുകയില്ല. അവര്‍ക്ക് അവരുടെ കാലം ഇങ്ങനെ കഴിച്ചുകൂട്ടിയാല്‍ മതി. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവരുടെയൊക്കെ കാര്യം സുരക്ഷിതം ആണ്. പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരുന്നതോ അല്ലെങ്കില്‍ അതിന്റെ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോ അവര്‍ക്ക് പ്രശ്നം അല്ല.

എന്താണ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ? 52 സീറ്റുകള്‍ ആണ് 2019-ല്‍ നേടിയത്. ഇതില്‍ തന്നെ പലരും രാജിവച്ച് പോയി, ജ്യോതിരാദിത്യസിന്ധ്യ ഉള്‍പ്പെടെ- പിന്നീട് നടന്ന നിയസഭ തെരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയിലും ഝാര്‍ഖണ്ടിലും ഒരു സഖ്യത്തിന്റെ ജൂനിയര്‍, പാര്‍ട്ടനര്‍ ആയി അധികാരത്തില്‍ വന്നു. ഛത്തീസ്ഘട്ടില്‍ അധികാരം പിടിച്ചു. മധ്യപ്രദേശില്‍ അധികാരം തിരിച്ച് പിടിച്ചെങ്കിലും സിന്ധ്യയുടെ റിവോള്‍ട്ടിലൂടെ നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ കൂറുമാറ്റത്തിന് സാദ്ധ്യത ഉണ്ടായിരുന്നെങ്കിലും അധികാരം അശോക് ഗെലോട്ടിന്റെ തന്ത്രങ്ങളിലൂടെ നിലനിര്‍ത്തി. മധ്യപ്രദേശിലും രാജസ്ഥാനിലും ഹൈകമാന്റ് എന്ന അമ്മയും മകനും വേണമെങ്കില്‍ മകളും(പ്രിയങ്കഗാന്ധി) തോറ്റു. ഹരിയാനയിലും ദല്‍ഹിയിലും തോറ്റു. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കും ബി.ജെ.പി.ക്കും പിറകില്‍ പൂജ്യം സീറ്റുകളോടെ തോറ്റു15 വര്‍ഷത്തോളം തുടര്‍ച്ചയായി ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ ദല്‍ഹി ഭരിച്ച രണ്ട് കോണ്‍ഗ്രസ്. ഇതാണ് ഇപ്പോഴത്തെ അവസ്ഥ! ബീഹാറില്‍ മഹാസഖ്യത്തിന്റെ പരാജയത്തിന് പ്രധാനകാരണം കോണ്‍ഗ്രസിന്റെ ദയനീയമായ പ്രകടനം ആയിരുന്നു. ഇതേ സമയത്ത് 11 സംസ്ഥാനങ്ങളിലായി നടന്ന 56 ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടാക്കുവാന്‍ സാധിച്ചില്ല. ഗുജറാത്തില്‍ ഒരു സീറ്റ് പോലും ലഭിച്ചില്ല! തീര്‍ന്നില്ല, ഹൈദ്രബാദ് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ 150 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചത് വെറും രണ്ട് സീറ്റുകളില്‍ ആണ്. ഇവിടെ ബി.ജെ.പി. വന്‍ നേട്ടം കൊയ്തു. കാരണം ബി.ജെ.പി.യുടെ മുദ്രാവാക്യം പഞ്ചായത്തു മുതല്‍ പാര്‍ലിമെന്റു വരെ എന്നതാണ്. ബി.ജെ.പി. അദ്ധ്യക്ഷന്‍ ജെ.പി. നഢഢയും അഭ്യന്തരമന്ത്രി അമിത്ഷായും അവിടെ പ്രചരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് ശ്രുതി ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം മാത്രം പങ്കെടുത്തില്ല. ഈ പശ്ചാത്തലത്തില്‍ ആണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി പ്രിയങ്കക്കൊപ്പം സിംലയില്‍ വിശ്രമിച്ചതും ഇതിനുത്തരമായി കോണ്‍ഗ്രസ് പറഞ്ഞ ന്യായീകരണവും മനസില്‍ തെളിഞ്ഞ് വരുന്നത്. രാഹുല്‍ ഒരു ദേശീയ നേതാവാണ്. അദ്ദേഹം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമാവുകയില്ല!

രാജസ്ഥാന്‍ തദ്ദേശ സ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിലും ഒരു ഭരണകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം അത്ര തിളക്കം ആര്‍ന്നതായിരുന്നില്ല. ഇനി കേരളം. ഇവിടെ സ്വര്‍ണ്ണകള്ളക്കടത്ത് തുടങ്ങിയ കുംഭകോണത്തിനിടക്കും ഇടതുപക്ഷം കോണ്‍ഗ്രസിനെയും ബി.ജെ.പി.യെയും മലര്‍ത്തി അടിച്ചു. ഇത് 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരു സൂചന ആയിരിക്കാം.

2021-ല്‍ ബംഗാളിയും, അസമിയും, തമിഴ്നാട്ടിലും കേരളത്തിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബംഗാളില്‍ നാലാം സ്ഥാനം ആയിരിക്കും കോണ്‍ഗ്രസിന്. അസമിലും രക്ഷയില്ല. തമിഴ്നാട്ടില്‍ ഡി.എം.കെ.യുടെ വാലില്‍ തൂങ്ങി ഒരു പക്ഷേ ഭരണകക്ഷി ആയേക്കാം. കേരളം നേരത്തെ സൂചിപ്പിച്ചതുപോലെ ചരിത്രത്തിലാദ്യമായി ഒരു ഭരണതുടര്‍ച്ചക്ക് പോയേക്കാം.

ഇനി കോണ്‍ഗ്രസിന്റെ സംസ്ഥാനങ്ങളിലെ അവസ്ഥ. അതും പരമദയനീയമാണ്. 130 ലോകസഭ സീറ്റുകള്‍ ഉള്ള ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്ത് വരുന്നത് കേരളത്തിലും കര്‍ണ്ണാടകയിലും മാത്രം ആണ്. തമിഴ്നാട്ടിലും, ആന്ധ്രപ്രദേശിലും, തെലങ്കാനയും കോണ്‍ഗ്രസ് അടക്കിവാണതാണ്. വിഭജനത്തിന് മുമ്പു നടന്ന 2004-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ 42-ല്‍ 29 സീറ്റുകളും കോണ്‍ഗ്രസിന് ആന്ധ്രപ്രദേശില്‍ ലഭിച്ചതാണ്. അതായത് ആകെ കിട്ടിയ 145 സീറ്റുകളില്‍ 20 ശതമാനം. 2009-ല്‍ ഇത് 32 സീറ്റുകള്‍ ആയി വര്‍ദ്ധിച്ചു. എന്തുകൊണ്ട് ആന്ധ്രയും തെലുങ്കാനയും കോണ്‍ഗ്രസിന് നഷ്ടമായി? അത് വലിയ ഒരു ചരിത്രം ആണ്. പിന്നീട് ഒരിക്കലാകാം അതിന്റെ വിശകലനം.

ഇതാണ് ദക്ഷിണ ഇന്ത്യയുടെ അവസ്ഥ എങ്കില്‍ മധ്യപ്രദേശും രാജസ്ഥാനും പഞ്ചാബും ആണ് കോണ്‍ഗ്രസിന് അല്പമെങ്കിലും ആശ്വാസം നല്‍കുന്ന സംസ്ഥാനങ്ങള്‍. ഗുജറാത്ത് മറന്നേക്കുക. അതുപോലെ തന്നെ ഉത്തര്‍പ്രദേശും ബീഹാറും. 120 ലോകസീറ്റുകള്‍ ഉള്ള ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോലും അല്ല. അതുപോലെ തന്നെ ബംഗാളും, ഒഡീഷയും, അസമും, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് ബാലികേറാമലയാണ്. ജമ്മു-കാശ്മീറും തഥൈവ.

ഈ പശ്ചാത്തലത്തില്‍ ആണ് നവംബര്‍ 19-ലെ അടിയന്തിരയോഗം നടന്നത്. അതില്‍ കാര്യമായി ഒന്നും സംഭവിച്ചില്ല. വിമതന്മാര്‍- ഗ്രൂപ്പ് 23- അവരുടെ നില തുടര്‍ന്നു. സോണിയഗാന്ധി അവരോട് ഉപദേശിച്ചു പാര്‍ട്ടിയിലെ പ്രായമായവരെ ബഹുമാനിക്കണമെന്ന്. അത് യോഗം അംഗീകരിച്ചു. പിന്നെ, മറ്റൊരു പ്രധാനകാര്യവും തീരുമാനിച്ചു. അതായത് പാര്‍ട്ടി ഒരു 'ചിന്തന്‍ശിബിര' ത്തിലൂടെ- ബ്രെയിന്‍ സ്റ്റോമിങ്ങ് സെഷന്‍- എല്ലാ വിഷയങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്നും. പോരെ?
ഈ അടിയന്തിര യോഗത്തില്‍ രാഹുല്‍ഗാന്ധി കണ്ടെത്തിയ ഒരു വിശേഷം കമല്‍നാഥിന്റെ ഭരണകാലത്ത് മധ്യപ്രദേശില്‍ ആര്‍.എസ്.എസ്. ആണ് ഭരണം നടത്തിയത് എന്നാണ്. സോണിയ രാഹുലും അപ്പോള്‍ എവിടെ ആയിരുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു. ശശിതരൂര്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വയെ നിശിതമായി വിമര്‍ശിച്ചു. അത് ഒരു പക്ഷേ അമ്പല സന്ദര്‍ശകനും പൂണൂലിട്ട ശൈവെറ്റ് ആണെന്ന് പരസ്യമായ തെരഞ്ഞെടുപ്പ് പ്രചരണവേളകളില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള രാഹുലിനുള്ള ഒരു മറുപടി ആയിരിക്കാം.

കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടിജനാധിപത്യം വരുമോ? അത് അതിന്റെ പഴയ രാഷ്ട്രീയ മൂല്യങ്ങളിലേക്ക് തിരിച്ച് പോകുമോ? ജനാധിപത്യരീതിയില്‍ ഒരു അദ്ധ്യക്ഷനെ അത് തെരഞ്ഞെടുക്കുമോ കുടുംബത്തിന് പുറത്തു നിന്നും? കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സിംങ്ങ് സുര്‍ജെവാല ഈ അടുത്ത ദിവസവും കൂടെ പറഞ്ഞത് 99.9 ശതമാനം കോണ്‍ഗ്രസുകാരും രാഹുലിനെയാണ് അദ്ധ്യക്ഷസ്ഥാനത്തേക്ക് ആഗ്രഹിക്കുന്നുവെന്ന്താണ്. പിന്നെ എന്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം? മാത്രവും അല്ല വിമതന്മാര്‍ക്കും രാഹുല്‍ അദ്ധ്യക്ഷന്‍  ആകുന്നതില്‍ എതിര്‍പ്പില്ല. അപ്പോള്‍ ഇത് മഞ്ഞ് ഉരുകല്‍ ആണ്. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത ഒന്നും അല്ല എന്ന് വേണം തല്‍ക്കാലം അനുമാനിക്കുവാന്‍. ഇനി ഇതെല്ലാം ശാന്തമായി പരിഹരിച്ചാലും എന്താണ് കോണ്‍ഗ്രസിന് പാര്‍ട്ടിക്ക് പുറത്തുള്ള രാഷ്ട്രീയസാദ്ധ്യത? അത് നേരത്തെ വിശദീകരിച്ചതുപോലെ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍. ജനങ്ങളുമായിട്ടുള്ള മഞ്ഞ് ഉരുകണം അതിന്.
 


 
 
 
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image