(ഫൊക്കാനയുടെ കാലിഫോര്‍ണീയ റീജിയനല്‍ വൈസ് പ്രസിഡന്റായ ഡോ. ജേക്കബ് ഈപ്പന്‍ അലമേഡ  ഹെല്ത്ത് സിസ്റ്റത്തില്‍ മെഡിക്കല്‍ ഡയറക്ടറാണ്. ഫ്രെമൊണ്ടിലെ വാഷിംഗ്ടന്‍ ഹോസ്പിറ്റല്‍ ഹെല്ത്ത് സിസ്റ്റം ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ഇത് ജനങ്ങള്‍ തെരെഞ്ഞെടുക്കുന്ന സ്ഥാനമാണ്.)

ലോകത്താകമാനം നാശം വിതച്ച മഹാമാരിമൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെയും  രോഗബാധിരുടെയും മരണങ്ങളുടെയും എണ്ണത്തില്‍  റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടുമ്പോള്‍ തന്നെ, രാജ്യത്തെ അമ്പതിലധികം സംസ്ഥാനങ്ങളില്‍ പ്രതിരോധമരുന്ന് എത്തിക്കഴിഞ്ഞിരിക്കുന്നു. വുഹാനില്‍ ആദ്യ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒന്നാം വാര്‍ഷികത്തില്‍ അമേരിക്കയില്‍ ഓരോ സെക്കന്റിലും ഓരോ മരണങ്ങള്‍ വീതം നടക്കുന്നെന്നാണ് കണക്കുകള്‍ പറയുന്നത്. കാലിഫോര്‍ണിയ കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറി. പ്രതിദിന മരണനിരക്കില്‍ ടെന്നസിയാണ് ഏറ്റവും മുന്നില്‍. ഒന്നിന് പുറകെ ഒന്നായി എത്തുന്ന അവധിക്കാലം ആഘോഷിക്കുന്നതിനുള്ള വിലയാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നത്.

അവധിദിവസങ്ങളും രോഗതീവ്രതയും തമ്മില്‍  വലിയ ബന്ധമുണ്ട്. ഒരു ആഘോഷം നടന്നാല്‍ അതിന്റെ അനന്തരഫലമായി ക്രമാതീതമായ രോഗവര്‍ദ്ധനവ് ഉണ്ടാകുന്ന പ്രവണതയാണ് കാണുന്നത്. രോഗത്തിന്റെയും പ്രതിരോധത്തിന്റെയും ഇടയില്‍ നമ്മള്‍ ജനങ്ങളാണ് വിലങ്ങുതടിയാകുന്നത്. വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. നമ്മുടെ പ്രവൃത്തിക്ക് അനുസൃതമായി ചരിത്രം  എഴുതപ്പെടും. വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്. ക്രിസ്മസിന്  ജനങ്ങള്‍ കാത്തിരുന്ന സമ്മാനവുമായാണ് ഇക്കുറി സാന്റയുടെ വരവ്.

വാക്‌സിനുകള്‍  ആശുപത്രികളില്‍ ലഭ്യമായിട്ട് ഒരാഴ്ച കഴിഞ്ഞു. 2,50,000  ത്തോളം പേര്‍ക്ക് ഇതിനോടകം വാക്‌സിന്‍ ലഭിച്ചു. മുന്‍ഗണനകള്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രഥമ അര്‍ഹത എങ്കിലും ചില ആശുപത്രികളില്‍ മാറ്റമുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അവരുടെ 1300 റെസിഡന്റുകളില്‍ 7 പേര്‍ക്ക് മാത്രമേ ആദ്യ റൗണ്ടില്‍ വാക്‌സിന്‍ നല്കിയുള്ളു എന്നതിന്റെ പേരില്‍ പ്രതിഷേധം ഉയര്‍ന്ന സാചര്യത്തില്‍ അവര്‍ മാപ്പു പറഞ്ഞുകൊണ്ട് വിതരണ പദ്ധതിയില്‍ മാറ്റം കൊണ്ടുവന്നു. സര്‍വേകള്‍ പ്രകാരം,  വാക്‌സിന്‍ എടുക്കാന്‍ സന്നദ്ധത കാണിച്ച 60 ശതമാനത്തില്‍  ഏറിയപങ്കും ഡോക്ടര്‍മാരാണ്.

അടുത്ത ബാച്ച് വാക്‌സിന്‍ എപ്പോള്‍, എത്ര ഡോസുകള്‍ വീതം  എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫൈസര്‍ വാക്‌സിന്‍ എത്തുമ്പോള്‍ നേരിട്ട കോള്‍ഡ് ചെയിന്‍ വെല്ലുവിളി മോഡേണയുടെ കാര്യത്തില്‍ ഉണ്ടാകുമോ? ഉത്തരങ്ങള്‍ കിട്ടാത്ത ഒരുപാട് ചോദ്യങ്ങളാണ് മുന്നില്‍.

ഗുരുതരമല്ലെങ്കില്‍ പോലും വാക്‌സിന്‍ സ്വീകരിച്ച ആറു പേരില്‍ അലര്‍ജി പ്രകടമായിരുന്നു(യു കെ യില്‍ രണ്ടും അമേരിക്കയില്‍ നാലും). സ്വീകരിച്ചവരുടെ മുഴുവന്‍ എണ്ണം നോക്കുമ്പോള്‍ ഇതിന് പ്രസക്തിയില്ല. സാധാരണമായ വേദന, തലവേദന, ക്ഷീണം എന്നീ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്നറിയാന്‍ വാക്‌സിന്‍ സ്വീകരിച്ച ഉടന്‍ സ്വീകര്‍ത്താക്കള്‍ അര മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരാനുള്ള നിര്‍ദ്ദേശവും  നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമായും വാക്‌സിന്‍ എടുക്കാന്‍ പാടുള്ളതല്ല. ഈ വിഭാഗത്തില്‍ ആവശ്യമായ  പരീക്ഷണം നടത്താത്തതാണ് കാരണം. മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഭ്രൂണത്തിന് പാര്‍ശ്വഫലങ്ങള്‍ കണ്ടിരുന്നില്ല. പതിനാറ് വയസില്‍ താഴെ ഉള്ളവരും ട്രയലില്‍ പങ്കെടുക്കാത്തതുകൊണ്ട് അതിലും പ്രായം കൂടിയവര്‍ക്കേ വാക്‌സിന്‍ എടുക്കാന്‍ അനുമതിയുള്ളു. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനായി കുട്ടികളില്‍ ട്രയല്‍ നടത്തി വരികയാണ്.

വൈറസിന്റെ വകഭേദത്തെക്കുറിച്ചും പരിവര്‍ത്തനത്തെക്കുറിച്ചും ഇതിനോട് ചേര്‍ത്ത് സംസാരിക്കേണ്ടതുണ്ട്. മഹാമാരിയുടെ പാതയില്‍ പ്രതീക്ഷയുടെ വെളിച്ചമായി വാക്‌സിന്‍ എത്തിയ ഉടന്‍, ബ്രിട്ടനില്‍ നിന്ന് വൈറസ് വേരിയന്റ് കണ്ടെത്തിയ വാര്‍ത്ത വന്നു. ഇതിന് സമാനമായി ദക്ഷിണാഫ്രിക്കയിലും  വൈറസിന്റെ വകഭേദം രൂപപ്പെട്ടു. ഈ മാറ്റത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ദുഃഖമുണ്ടെങ്കിലും, ആശ്ചര്യപ്പെടുത്തുന്ന ഒന്നല്ല. പ്രതിരോധ കുത്തിവയ്പ്പിന്റെ വരവും ജനങ്ങളില്‍  പ്രതിരോധ ശേഷി വര്‍ധിക്കുന്നതും കണക്കിലെടുത്ത് നിലനില്‍പ്പിന്റെ ഭാഗമായാണ് ഇത്തരത്തില്‍ വൈറസ് രൂപാന്തരപ്പെടുന്നത്. ബ്രിട്ടനില്‍ ഇപ്പോള്‍ കണ്ടിരിക്കുന്ന വൈറസില്‍ 20 മ്യൂട്ടേഷന്‍ നടന്നിട്ടുണ്ട്. അതിനാല്‍  വ്യാപനതോത്  70 ശതമാനം അധികമാകും.

നമ്മള്‍ വികസിപ്പിച്ച വാക്‌സിന്‍കൊണ്ട് ചെറുക്കാനാവാത്ത വിധത്തില്‍ വൈറസില്‍ പരിണാമം ഉണ്ടാകുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതുകൊണ്ട് ഭയാശങ്കകള്‍ വേണ്ട,  ജാഗ്രത മാത്രം മതിയെന്നാണ്  നിരവധി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എല്ലാ വൈറസുകളെയും പോലെ തന്നെ കോറോണവൈറസും രൂപം മാറുന്ന ഒന്നാണ്. ചില ജനിതക പരിണാമങ്ങള്‍ കാര്യമാത്രപ്രസക്തമല്ല. ഒരു രഹസ്യകോഡിലെ ഏതാനും അക്ഷരങ്ങള്‍ ഇല്ലാതാകാന്നതുപോലെയാണ് മ്യൂട്ടേഷന്‍ ആന്റിബോഡികളുടെ സംവേദ്യതയെ ബാധിക്കുന്നത്. സാങ്കേതികമായി ഇതിനെ 69-70 ഡിലീഷന്‍ എന്ന് വിളിക്കാം. 2020 ന്റെ പ്രാരംഭദശയില്‍ തന്നെ ഇത്തരം മാറ്റങ്ങള്‍ തായ്ലന്റിലും ജര്‍മ്മനിയിലും കണ്ടിരുന്നു. ഓഗസ്റ്റ് ആയപ്പോള്‍ ഡെന്മാര്‍ക്കിലും  ഇംഗ്ലണ്ടിലും വ്യാപകമായി. ജനസംഖ്യയില്‍ 60 ശതമാനത്തില്‍ പ്രതിരോധം തീര്‍ക്കുകയും കേസുകളുടെ എണ്ണം കുറച്ചുകൊണ്ടു വരികയും ചെയ്യുന്നത് വൈറസിലെ  പ്രസക്തമായ മ്യൂട്ടേഷനില്‍ നിന്ന്  സഹായകമാകും. ലോകത്തെ ശാസ്ത്രജ്ഞരെല്ലാം ഇത്  സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പഴയ വാക്‌സിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഇപ്പോഴത്തെ വാക്‌സിനുകള്‍  ആവശ്യാനുസൃതം മാറ്റങ്ങള്‍ വരുത്തി ക്രമീകരിക്കാന്‍ സാധിക്കും എന്നൊരു മെച്ചമുണ്ട്. ഇന്‍ഫ്‌ളുവന്‍സയ്ക്ക് കാരണമായ വൈറസില്‍ മ്യൂട്ടേഷന്‍ സാധാരണമാണ്, എന്നാല്‍ അഞ്ചാം പനി (മീസില്‍സ്) പരത്തുന്ന വൈറസില്‍ ഇത് തീരെ കുറവാണ്.

പൊതു ആരോഗ്യ നടപടികളില്‍  ഏറ്റവും വിജയകരമെന്ന്  അംഗീകരിക്കപ്പെട്ട  ഒന്നായിട്ടുകൂടി നല്ലൊരു വിഭാഗം ജനങ്ങള്‍ പ്രതിരോധകുത്തിവയ്പ്പിനെ സുരക്ഷിതമായി കാണുന്നില്ല. മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക്  ഇത്തരക്കാരെ ബോധവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുണ്ട്.
മോഡേണയുടെ  വാക്‌സിന്‍ കൂടി ആശുപത്രികളില്‍ എത്തുന്നതോടെ ലോകത്ത് ശാന്തത വരും.

ദൈവത്തിന് നന്ദി! ഫലപ്രാപ്തിയുടെയും പാര്‍ശ്വഫലങ്ങളുടെയും കാര്യത്തില്‍ ഫൈസറിന്റെയും  മോഡേണയുടെയും വാക്‌സിനുകള്‍ ഒരുപോലെയാണ്. അല്ലെങ്കില്‍, ഇതിനകം വിഭജിക്കപ്പെട്ട രാജ്യത്തെ ധ്രുവീകരിക്കാന്‍ അത് മറ്റൊരു കാരണമായി തീരുമായിരുന്നു.
ക്രിസ്മസിന്റെ ജിങ്ഗിള്‍ ബെല്‍ മുഴങ്ങുന്നതിനോടൊപ്പം വെന്റിലേറ്ററുകളുടെ ബീപ്പ് ശബ്ദം താഴുന്നു.
വലിയ വലിയ കാര്യങ്ങള്‍ ചെറിയ പാക്കേജിലാണ് എത്തുക എന്ന് പറയുന്നത് കോവിഡ് വാക്‌സിനെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ്.
എല്ലാവര്‍ക്കും മെറി ...
മെറി വാക്‌സിനേഷന്‍ !

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image