സിസ്റ്റര്‍ അഭയ   :
ഒടുവില്‍ നീതി 
 
 
ഇരുപത്തത്തെട്ടു വര്‍ഷത്തെ നിയമ പോരാട്ടത്തിനു ഒടുവില്‍ സിസ്റ്റര്‍ അഭയയെ അവരുടെ അദ്ധ്യാപകന്‍ കൂടിയായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതി കണ്ടെത്തി.

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റല്‍ അന്തേവാസിയായ അഭയയെ, 1992 മാര്‍ച്ച 27നു പാതിരാനേരം തങ്ങളുടെ അവിഹിത ബന്ധം നേരില്‍ കണ്ടതിന്റെ പേരില്‍ കൊന്നു കിണറ്റില്‍ ഇട്ടതാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 

'തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. സഭാകുടുംബത്തിനു തന്നെയാണ് നാണക്കേട്,' സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് സൂസപാക്യം തിരുവനന്തപുരത്ത് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഫാ. കോട്ടൂര്‍ നിര്‍വികാരനായിരുന്നു വിധി കേട്ടപ്പോള്‍ സിസ്റ്റര്‍ സെഫി നിറകണ്ണോടെ കൊന്ത  ഉരുട്ടുകയായിരുന്നു. വിധി വന്ന നിമിഷം കോടതിക്കുള്ളിലും പുറത്തും കൂട്ടക്കരച്ചില്‍ ഉയര്‍ന്നു.  പ്രതികളെ ഫോര്‍ട്ട് ആശുപ്ത്രിയില്‍ വൈദ്യ പരിശോധന നടത്തി. കോട്ടൂരിനെ സെന്‍ട്രല്‍ ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി.
   
ഹോസ്ടലിനോടടുത്ത ബിസിഎം കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു 21 വയസുള്ള അഭയ. അരീക്കര ഐക്കര തോമസിന്റെയും ലീലാമ്മയുടെയും ഏക മകള്‍ ആണ്.  

ദൃക്സാക്ഷികള്‍ കൂറുമാറിയതിനാല്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് കോടതി തീരുമാനത്തില്‍ എത്തിയത്. കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം കഠിനതടവ് ലഭിക്കുമെന്ന് ഇത് കൊലപാതകമാണെന്നു ആദ്യം കണ്ടെത്തിയ സിബിഐ അന്വേഷകന്‍ വര്‍ഗീസ് പി തോമസ് പറഞ്ഞു. 'എനിക്ക് തൃപ്തിയായി. സത്യം ജയിച്ചു. ആ കുട്ടിക്ക് നീതി ലഭിച്ചു,'.

ലോക്കല്‍ പൊലിസും ക്രൈം ബ്രാഞ്ചും ആത്മഹത്യ എന്ന് എഴുതിത്തള്ളിയ കേസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ കണ്‌സവീനര്‍ ആയ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ നിരന്തര സമരങ്ങളുടെ ഫലമായാണ് ഈ വിധിയില്‍ പരിണമിച്ചത്.

'ആറാം ക്ലാസ് വരെ മാത്രം പഠിച്ച് കൂലിവേല ചെയ്തിരുന്ന എന്നെ ഈ പോരാട്ടത്തിലേക്കു നയിച്ചതു ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കോണ്‍വെന്റില്‍ മോഷണത്തിന് കയറിയ അടക്കാ രാജു എന്ന രണ്ടാം സാക്ഷിയിലൂടെ ആ കരങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചു,' ജോമോന്‍ പ്രതികരിച്ചു.

'പ്രതികളെ രാത്രിയില്‍ ഹോസ്റ്റലില്‍ കണ്ടുവെന്നു സാക്ഷി പറഞ്ഞ അടക്കാ രാജു  വെറുമൊരു മോഷ് ടാവ് എന്ന് വാദിഭാഗം വാദിച്ചു. പക്ഷെ അയാളിലൂടെയാണ് ദൈവം പ്രവര്‍ത്തിച്ചത്,' ജോമോന്‍ ചൂണ്ടിക്കാട്ടി.

'ഈ കേസില്‍ നിങ്ങള്‍ ജയിക്കാന്‍ പോവുന്നില്ല' എന്ന്  ജീവിതാവസാനം വരെ സഭയിലെ അനീതികള്‍ക്കെതിരെ പോരാടിയ  ഓശാന എഡിറ്റര്‍ ജോസഫ് പുലിക്കുന്നേല്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ വിജയം കാണാന്‍ അദ്ദേഹം ഇന്നില്ലാതെ പോയി.'

'അമേരിക്കയിലും ഗള്‍ഫിലും ഒക്കെയുള്ള ഞാന്‍ ഉള്‍പ്പെടുന്ന ക്‌നാനായ സഭയില്‍ പെട്ടവരും അല്ലാത്തവരുമായ  ഒരുപാട് നല്ല മനുഷ്യര്‍ പണമായും അല്ലാതെയും പിന്തുണ നല്‍കി. ഒരു നേരം ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ ഞാന്‍ വിഷമിച്ചിട്ടുണ്ട്,' ജോമോന്‍ പറഞ്ഞു.

വൈദികരേയും കന്യാസ്ത്രീയെയും രക്ഷിച്ചെടുക്കാന്‍ സഭ ഒരുപാട് പണിചെയ്തു.. പോലീസിന്നെയും സിബിഐയെയും സ്വാധീനിച്ചു. വത്തിക്കാന്‍ വരെ ഇടപെട്ടു. അതിനെയെല്ലാം അതിജീവിച്ച് പ്രോസിക്യൂഷന്‍ ശക്തിയായി നിര്‍വഹിച്ച സിബിഐക്കു നന്ദി പറയണമെന്ന് ജോമോന്‍.

ഹോസ്റ്റലിലെ കുശിനിക്കാരി അച്ചാമ്മ  ഒരു സാക്ഷിയായിരുന്നു. അവരെ രക്ഷിച്ചെടുക്കാന്‍ സുപ്രീകോടതിയില്‍ സഭ നിയോഗിച്ച്ത് പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വേയെ ആയിര്ന്നു.  ഒരു ദിവസം അഞ്ചുലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ഫീസ്.

അരീക്കര ഐക്കര തോമസിന്റെയും ലീലാമ്മയായുടെയും ഏകപുത്രി ആയിരുന്നു. ഇരുവരും നാലു  വര്‍ഷം മുമ്പ് അന്തരിച്ചു. 'ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായി. പെങ്ങള്‍ക്കു നീതി കിട്ടിയ കാര്യം സ്വര്‍ഗത്തില്‍ ഇരുന്നു അവര്‍ അറിഞ്ഞു കാണും,' അഭയയുടെ ഏക സഹോദരന്‍ ബിജു ദുബൈയില്‍ നിന്ന് പ്രതികരിച്ചു.
 


 
 
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image