അഭയം സിന്ധു കെ വി
മേലെയാകാശത്തു മിന്നിത്തിളങ്ങുന്ന ആയിരം നക്ഷത്രജാലത്തില് നിന്നുമാ
ഒറ്റ നക്ഷത്രം
മുനിഞ്ഞ് മായും പോലെ
നീര്‍മുത്തു തൂവിത്തുളുമ്പി നില്ക്കുന്നൊരാ
പൂങ്കുലക്കൂട്ടത്തില് നിന്നുമൊരു പൂവ്
താഴേക്കു മെല്ലെ
അടര്‍ന്നു വീഴും പോലെ
പൂത്തിരിപോലെ വിടര്ന്നുലയുന്നൊരാ
വാസന്തരാവിന്റെ
ഗന്ധകപ്പാളിമേല്
ആരെയോ , പിന്തുടര്ന്നെത്തിയൊരേകാന്ത
ബിന്ദുപോല്‍ ഞാനന്ന്
ചൂളിപ്പുകഞ്ഞു പോയ്
ആഴിത്തിരകളത്യുഗ്രമാം വേഗത്തില്‍
തീരത്തില്‍ നിന്നൊരു മുത്തെടുക്കും പോലെ
നിന്നെയും കൊണ്ടാ ജനിമൃതിസീമതന് അക്കരേക്കൊന്നാകെ
രാവുമായ് മാഞ്ഞതും
നേരിയ കാല്പാടു ശേഷിച്ചു നീ പോയൊരാ വഴിത്താരയില്‍ കുമ്പിട്ടിരുന്നതും
മിന്നിത്തിളങ്ങുന്ന ദിവ്യപ്രഭാമയ
ഗന്ധര്വകിന്നര കാന്തിക മായപോല്‍
സര്‍വം മറന്നു ഞാന്‍ നിന്നുടെ കാവ്യങ്ങ
ളൊന്നുമേ തെറ്റാതുരുവിട്ടിരുന്നതും
ചുറ്റും പുകയുമിരുട്ടിനെ
സ്നേഹവിളക്കിന്‍ തിരിയാല്‍ തെളിച്ചതും
അഭയത്തിനായന്നു കൈനീട്ടി നിന്നതും
ആര്ദ്രതയേറുമാ വാക്കുകള്‍ കേട്ടതും
നെറുകയില്‍ അലിവിന്റെ സാന്ത്വനം തൊട്ടതും
നാളെയാകുമ്പോള്‍ മറന്നു പോട്ടല്ലെയി
പാവം മാനവ ഹൃദയം .
കവിത :അഭയം : സിന്ധു കെ വി

Comments