എന്റെ സൈക്കിളില്‍
ഒരു ചിലന്തി
വലകെട്ടിയിരിക്കുന്നു
 
പ്രതാപ്‌  ജോസഫ്‌
 
 
എന്റെ സൈക്കിളില്‍
ഒരു ചിലന്തി
വലകെട്ടിയിരിക്കുന്നു

ഞാനിറങ്ങുമ്പോള്‍
അതെന്റെകൂടെയിറങ്ങുന്നു
ഞാന്‍ പറക്കുമ്പോള്‍
എന്റെ കൂടെ പറക്കുന്നു

പച്ചക്കറിയും പഴവും മീനും വാങ്ങാന്‍
അങ്ങാടിയില്‍
അതെന്നെ കാത്തുനില്‍ക്കുന്നു
വലിയ കയറ്റങ്ങള്‍
ഞാന്‍ കിതച്ചുകയറുമ്പോള്‍
ഊഞ്ഞാലാടി രസിക്കുന്നു

വലകെട്ടാന്‍ മടിയുള്ളൊരു ചിലന്തി
വഴികാണാന്‍ കൊതിയുള്ളൊരു ചിലന്തി
സൈക്കിള്‍ ടയറിന്റെ ഒത്ത നടുക്ക് കയറിയിരിക്കുന്നു

ഒന്നോര്‍ത്താല്‍ രണ്ടുചിലന്തിവലകളെ
ചേര്‍ത്തുനിര്‍ത്തുന്നൊരു ചിത്രമല്ലേ സൈക്കിള്‍
ഒന്നുകൂടി ഓര്‍ത്താല്‍ രണ്ടുചിലന്തിച്ചക്രങ്ങള്‍
മാറിമാറി ഉരുളുന്ന
ഇരവുപകലുകളിലല്ലേ നമ്മള്‍
ഒന്നൊന്നുകൂടിയോര്‍ത്താല്‍
രണ്ടുചിലന്തിമുലകള്‍ ഉരുട്ടിയിരുട്ടിക്കുടിച്ചുണര്‍വ്വുണ്ടായവരല്ലേ നമ്മള്‍
 


 
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image