ആരണ്യകം


ഡോക്ടര്‍ അജയ് നാരായണന്‍

 


യാത്ര തുടങ്ങീ
സൂര്യവംശജന്റെ വനയാത്ര!
മരവുരിയാല്‍ മനസ്സ് മറച്ചും
കാലത്തിന്‍ കാതല്
ചെത്തി മിനുക്കിയ
മെതിയടിയില്‍  ദൂരമൊതുക്കിയും
അസ്തമയ സൂര്യനെ വണങ്ങിയും
കോദണ്ഡഭാരം തോളില്‍ നിറച്ചും
രാമനൊരുങ്ങീ...
ഇരവുകളിലേക്കൊരു യാത്ര
ആരണ്യകാണ്ഡം നിര്‍വചിക്കാന്‍
പിന്‍ഗാമികളുടെ പാതയിലൊരു
തീനാളമാകാന്‍  
തീര്‍ത്ഥതടങ്ങളെ വരുതിയിലാക്കാന്‍
ഭാവിയറിഞ്ഞും കൊണ്ടൊരു യാത്ര
ചിന്താഭരമൊരു യാത്ര!

ഓര്‍മയിലൊരു
നീലക്കടമ്പ് പൂത്തുവോ ശ്രീരാമാ...
കല്ലിനും ജീവന്‍ത്തുടിച്ചുവോ *  
വിശ്വാമിത്രനോതിയ മന്ത്രങ്ങളാല്‍
വിശ്വമാകെ നിറച്ചുവോ പ്രേമം...
വിതുമ്പിയത് സരയുവോ
കാട്ടിലെപ്പെണ്‍ക്കിടാവിന്റെയാത്മാവോ...? **

ഓര്‍മകളില്‍ ദാശരഥി
വേപഥു പൂണ്ടുവെങ്കിലും
യാത്രയായീ...
പിന്നാലെ
വാമൂടിക്കെട്ടി, യിരുനിഴലുകളൊരു
നിരയായി, നിറവായി നിയോഗമായി!

സാക്ഷികളൊരുപാടുണ്ടേ
ജനപഥ വീഥിക്കരികില്‍...
കണ്ണീരു തൂകിച്ചിരിക്കുന്നു കൈകേയി
നെഞ്ചു തല്ലിക്കരയുന്ന മന്ഥരയുടെ
കൂനും തലയും നിവരുന്നു
വെറും മണ്‍കൂനയാകുന്നൂ
താതനും രാജ്യവും!

രാമപാദുകം തേടുമോ
അവധൂതനായലയുമോ
സോദരന്‍ കേകയന്‍...
ഒരു നിശ്ചയമില്ലാതെ, യൊന്നിനും പോരാതെ
കണ്ണുകള്‍ താഴ്ത്തിയും
കാതുകള്‍ പൊത്തിയും
നെഞ്ചിലമര്‍ന്ന നിസംഗതയാല്‍
ഛായാചിത്രമായ് മാറിയോ ശത്രുഘ്‌നന്‍!
കാട്ടില്‍ വസിക്കേണമിനി
കാടുതീര്‍ത്ത കൂട്ടിനുള്ളില്‍
കാത്തിരിക്കേണം നിയതിയെ
ചിത്രകൂടത്തിലെ സുന്ദരിയെ***

ഈരേഴുപതിനാല് ദുര്‍വല്‍സരങ്ങളും
എണ്ണിത്തുടങ്ങണം
രാക്ഷസ  ദശഭാവങ്ങളെയെരിക്കണം****
ദിഗ്വിജയിയാകണം, രാമന്
ഹരിയുടെ സാമ്രാജ്യം പണിയണം!

കൗസല്യാത്മജനു നാട് വേണ്ടാ
പഞ്ചവടിയില്‍ ചെറുകുടില്‍ തീര്‍ക്കണം
ദണ്ഡകം വാഴണം...
പണ്ടെന്നോ
സരയുവില്‍ കീറിയ ചാലുകള്‍
അളകനന്ദയില്‍ ചേര്‍ക്കണം
എങ്കിലേ രാമകഥ  പൂര്‍ണമാകൂ!

മമ ഹൃദയമൊരാരണ്യകം
അതിലൊരു നീര്‍ചോല നീ, ജനനീ  
ഇനി യാത്ര ചോദിക്കുന്നില്ല കൗസല്യേ
ചെയ്യുവാന്‍ കര്‍മ്മങ്ങളേറെയല്ലോ...
ചോദ്യങ്ങളായിരം ബാക്കി, യതിനുത്തരം
വല്മീകി മാത്രമേ ചൊല്ലൂ...
ചുറ്റിലും  തീര്‍ക്കുന്ന
ലക്ഷ്മണരേഖകള്‍
ശൂര്‍ഭണഖ ഭേദിക്കുമോ ****
അവളുടെയുന്മാദ രാത്രികളില്‍ പൂത്ത
മോഹവും  പെണ്ണിന്റെ മാനവും
ചെത്തിയൊതുക്കുമോ ലക്ഷ്മണാ നീ!

എങ്കിലേ രാമന്റെ കണ്ണില്‍ക്കരടായി
രാഭണന്‍ വന്നു നില്‍ക്കൂ****
രാമഭാവങ്ങള്‍ പൂത്തു നില്‍ക്കൂ
എങ്കിലേ ദേവിയെ വീണ്ടെടുക്കൂ
പുനരഗ്‌നിയില്‍ നീറ്റി
 ഞാന്‍, രാമന്‍
കാഞ്ചനസീതയെ വാര്‍ത്തെടുക്കൂ!

ഇങ്ങനെ ലക്ഷ്യങ്ങളേറെയുണ്ടെങ്കിലും
ചൊല്ലുവാനേറെയില്ലാ
യാത്രയില്ലാ കാട് കാത്തുനില്‍പ്പൂ
കാലമോ വല്മീകമായി നില്‍പ്പൂ
ഇനി പൈങ്കിളി പാടട്ടെ ആയിരം ശീലുകള്‍
കഥയ മമ കഥയ മമ
കഥകളതി സാദരം...!

സൂചകങ്ങള്‍ :
* അഹല്യാ മോക്ഷം
**താടക
*** രാവണന്റെ സഹോദരി, ശൂര്‍പ്പണക
****ഒരു കഥയില്‍ കാളിദാസന്‍, രാവണനെ രാഭണന്‍ എന്നും ശൂര്‍പ്പണകയെ ശൂര്‍ഭണഖ എന്നു വിശേഷിപ്പിക്കുന്നുണ്ട്. അതിനു കാരണമായി പറയുന്നത് മറ്റു രണ്ടു സഹോദരന്മാരുടെ പേരിലുള്ള  'ഭ' യാണ്. രാവണന്റെ സഹോദരീ സ്‌നേഹമാണ് സീതാപഹരണത്തിന് കാരണം.

 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image