കണ്ണട
വിപിത
.........,..
മേരിക്കുട്ടി ഉണര്‍ന്നു വന്നു.
മൂരി നിവര്‍ന്നു, കോട്ടുവായിട്ട്,
അമ്മച്ചിയോടു ചാഞ്ഞിരുന്ന്,
അമ്മച്ചിയുടെ നെഞ്ചില്‍ തപ്പി ചോദിച്ചു.
ദൈവങ്ങള്‍ക്ക് മൊലയുണ്ടോ അമ്മച്ചി.
എല്ലാര്ക്കും മൊലയുണ്ട് കുഞ്ഞേ.
പൊക്കിള്‍, തൊട, ചന്തി.....?
എല്ലാമുണ്ട് കുഞ്ഞേ.
നമുക്കില്ലാത്തതെന്താ അമ്മച്ചീ ദൈവങ്ങള്ക്കുള്ളത്?
അമ്മച്ചി ചിന്തക്കുഴപ്പത്തില്‍
അടുത്തിരുന്ന ചായ മോന്തി.
പിന്നവരെങ്ങനെ ദൈവമായമ്മച്ചീ.
അമ്മച്ചിക്ക് വീണ്ടും മിണ്ടാട്ടം മുട്ടി.
അരിഞ്ഞ പച്ചക്കായ മാറ്റി വച്ചിട്ട്
അമ്മച്ചി പറഞ്ഞു,
ദൈവങ്ങള്‍ മരിക്കില്ല കുഞ്ഞേ.
കുഞ്ഞിക്കണ്ണ് തള്ളി വന്നു.
കര്‍ത്താവിനെ കൊന്നില്ലേ അമ്മച്ചി.
ഉയിര്‍ത്തില്ലേ പൊന്നേ.
മനുഷ്യനുയിര്ക്കുന്നുണ്ടാകുമമ്
ദൈവത്തിന്റത്ര തിമിര്പ്പില്ലാത്തോണ്ട്,
കീര്‍ത്തിമാന്‍ അല്ലാത്തോണ്ട്
മനുഷ്യമ്മാര് കാണാത്തതാ.
അമ്മച്ചി എനിക്കൊരു കണ്ണട വാങ്ങിതരണം.
അമ്മച്ചി മുഖം ചുളിച്ചു.
ഉയിര്ക്കുന്നോരെ കാണാന്‍ കണ്ണട വേണ്ടേ.
ഞാന്‍ ഉയിര്‍ക്കുമ്പോള്‍ അമ്മച്ചി കണ്ണട
വച്ചു നോക്കണം.
അമ്മച്ചി, ഞാനും ദൈവമാകും.
അമ്മച്ചി ദൈവത്തിന്റെ അമ്മച്ചിയാകും.
മേരിക്കുട്ടി ചിരിച്ചു.
അമ്മച്ചി മേരിക്കുട്ടിയുടെ കവിളില്‍ മുത്തി.
(വിപിത
ഗവേഷക വിദ്യാര്‍ത്ഥിനി
സെന്റര്‍ ഫൊര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്)
കവിത : കണ്ണട വിപിത

Comments