വര : പി ആര്‍ രാജന്‍ 

സുഗതകുമാരി 

അഭയത്തില്‍ നിന്ന് പൊഴിഞ്ഞുപോയ പവിഴമല്ലി

സനൂബ് ശശിധരന്‍


.............
കവിതയുടെ രാത്രിമഴയായി പെയ്തിറങ്ങിയ സ്‌നേഹമാണ് മലയാളിക്ക് സുഗതകുമാരി ടീച്ചര്‍. പക്വവും ദീര്‍ഘവീക്ഷണവുമെല്ലാം നിറഞ്ഞുനിന്ന വരികളിലൂടെ ടീച്ചര്‍ മലയാള സാഹിത്യരംഗത്തേ് തന്റേതായ സ്ഥാനമുറപ്പിച്ചു. ടീച്ചറുടെ കവിതകളിലെല്ലാം ഒരു ജൈവിക താളുമുണ്ടായിരുന്നു. പ്രകൃതി പരിപാലിക്കപ്പെടേണ്ടവളാണ് എന്ന് പറയുന്നതിനൊപ്പം തന്നെ പാലിക്കപ്പെടേണ്ടവളുമാണെന്ന് ആ കവിതകള്‍ നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. വരികളില്‍ സ്ത്രീകളുടെ അവസ്ഥ പ്രകൃതിയുമായി താദാത്മ്യം പ്യാപിച്ചിരിക്കുന്നതാണെന്നും ടീച്ചര്‍ പറയുന്നുണ്ട്. സ്ത്രിയുടെ ആശങ്കകളും സ്വപ്‌നങ്ങളും സന്തോഷവുമെല്ലാം ഭൂമിക്കും പ്രകൃതിക്കുമെല്ലാം ഉള്ളതാണെന്ന തിരിച്ചറിവുകൂടിയാണ് സുഗതകുമാരിയുടെ കവിതകള്‍. സ്ത്രീ എഴുത്തുകാരിലെ സ്ത്രീപക്ഷം മാത്രം ചര്‍ച്ചചെയ്യപ്പെട്ടിരുന്ന, അല്ലെങ്കില്‍ അത് മാത്രം ചര്‍ച്ചചെയ്യാന്‍ പുരുഷകേന്ദ്രീകൃത സമൂഹം താല്‍പര്യപ്പെട്ടിരുന്ന കാലത്താണ് അതിനമപ്പുറം എഴുതാനും അവ മുഖ്യധാരയിലെ ചര്‍ച്ചയാക്കാനും ശേഷിയുള്ളവരാണ് സ്ത്രീഎഴുത്തുകാരെന്ന് സുഗതകുമാരി തെളിയിച്ചത്. പാരിസ്ഥിതിക  അവബോധം കവിതയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനും അതിലൂടെ പല പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും സുഗതകുമാരിക്ക് സാധിച്ചു. പിന്നാലെ വന്ന പല കവയത്രികള്‍ക്കും ഇക്കാര്യത്തില്‍ ഒരു വഴികാട്ടിയാകാനും സുഗതകുമാരിക്കായി. ടീച്ചറുടെ പാത പിന്തുടര്‍ന്ന് പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ വ്യത്യസ്ഥസ്വരങ്ങള്‍ പിന്നീട് മലയാളസാഹിത്യത്തിലുണ്ടായി. പ്രകൃതിബിംബങ്ങളെ സ്ത്രീചേതനയില്‍ ആവിഷ്‌ക്കരിച്ച് നിരവധി കവിതകളാണ് പിന്നീട് പിറന്നത്.

വരികളിലും വാക്കിലുമാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല സുഗതകുമാരിയുടെ പ്രകൃതി സ്‌നേഹം. പ്രകൃതി സംരക്ഷണത്തിനായി മുന്നിലിറങ്ങി പ്രവര്‍ത്തിച്ച് തനിക്ക് വാക്കും പ്രവൃത്തിയും രണ്ടല്ലെന്ന് സുഗതകുമാരി തെളിയി്ചചു. സൈലന്റ് വാലി പ്രക്ഷോഭം മാത്രം മതി പരിസ്ഥിതിയോടുള്ള സ്‌നേഹം നിരൂപക പ്രശംസ പിടിച്ചുപറ്റാനുള്ള എഴുത്തുകളില്‍ മാത്രമല്ലെന്ന് തെളിയാന്‍. കേരളത്തന്റെ മനസില്‍ പ്രകൃതി സംരക്ഷണമെന്ന ആശയത്തെ കുടിയിരുത്തിയ സമരമാണ് സൈലന്റ് വാലിയിലേത്. പരിസ്ഥിതിവാദികളെന്ന് വിളിച്ച് ജനം മാറ്റിനിര്‍ത്തിയ ചെറിയസംഘത്തിന് വലിയ കരുത്തായിരുന്നു സുഗതകുമാരിയും പ്രൊഫസര്‍ എംകെ പ്രാസാദും ശാസ്ത്ര സാഹിത്യ പരിഷത്തുമെല്ലാം അന്ന് പകര്‍ന്ന് നല്‍കിയത്.

'കൃഷ്ണാ നീയെന്നെ അറിയില്ല' എന്നതുപോലുള്ള പ്രണയാര്‍ദ്ര കവിതകള്‍ വിരിഞ്ഞ തൂലികയില്‍ നിന്ന് പിന്നീട് പ്രതിഷേധത്തിന്റെ ഇരുതലമൂര്‍ച്ചയുള്ള വരികള്‍ക്ക് ജീവന്‍ നല്‍കി. കുളിരണിഞ്ഞൊഴുകിയ കുന്തിപ്പുഴ തിളച്ചൊഴുകി, നിശബ്ധതയുടെ താഴ്വരയുടെ ശബ്ദമായി കവിയും കലാകാരനും പരിസ്ഥിതി സ്‌നേഹിയും കോളേജ് വിദ്യാര്‍ത്ഥികളുമെല്ലാം അണിനിരന്നു. ഒപ്പം കൂട്ടാവുന്നവരെയെല്ലാം സുഗതകുമാരി കൂട്ടി. സിപിഎം എന്ന വലിയ പാര്‍ട്ടിയേയും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സംവിധാനങ്ങളേയുമെല്ലാം എതിര്‍ത്തുകൊണ്ട് നടത്തിയ ആ സമരം ഐതിഹാസികമായിരുന്നു. മിണ്ടാപ്രാണികളായ ജീവജാലങ്ങളുടെ നാവാവുകയായിരുന്നു സുഗതകുമാരിയും ആര്‍വിജി മേനോനുമെല്ലാം അവിടെ. ആ സമരത്തിന്റെ വിജയം എന്തുനേടിതന്നുവെന്ന് ചോദിക്കുന്നവരോട് അവര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളത് രാജ്യത്ത് ഇന്നും നശിക്കാതെ അവശേഷിക്കുന്ന കാടുകള്‍ തന്നെയാണ്.  സൈലന്റ് വാലി സമരംതന്നെയാണ് രാജ്യത്ത് വനനിയമങ്ങള്‍ കൊണ്ടുവരാന്‍ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത്. അതിനാലാണ് കോടാലിതലപ്പ് വീഴാതെ ഇന്നും കുറച്ച് കാടെങ്കിലും അവശേഷിക്കുന്നത്. സൈലന്റ് വാലിയിന്ന് നിബിഢമായി തുടരുന്നതും അതിനാലാണ്. പ്രകൃതിയെ മറന്നല്ല വികസനം വേണ്ടതെന്ന് കഴിഞ്ഞുപോയ പ്രളയങ്ങളെല്ലാം നമ്മെ ഓര്‍മിപ്പിക്കുമ്പോഴും അവയുടെ സംരക്ഷണത്തിന് സുഗതകുമാരി അടക്കമുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ വലുതാണ്.

സൈലന്റ് വാലിക്ക് സമീപത്ത് അട്ടപ്പാടിയില്‍ ഒരുപാട് മരം നട്ടാണ് ടീച്ചര്‍ മടങ്ങിയത്. എന്‍വി കൃഷ്ണവാരിയരുടെ പേരില്‍ നട്ട കൃഷ്ണവനമിന്ന് കാട്ടുപോത്തുകളും മറ്റ് ജീവികളും സൈ്വര്യമായി കഴിയുന്ന വന്‍കാടായി മാറി. ജലവും പൂക്കളും കായ്കളുമെല്ലാം നിറഞ്ഞ ഭൂമിയുടെ കവചമായി ഇന്ന് പടര്‍ന്നുപന്തലിച്ചുകഴിഞ്ഞു.

സൈലന്റ് വാലിയില്‍ നിന്ന് തുടങ്ങിയതൊന്നും അവര്‍ വഴിയിലുപേക്ഷിച്ചില്ല. പ്രകൃതിക്ക് മുറിവേറ്റപ്പൊഴെല്ലാം സുഗതകുമാരി ഓടിയെത്തി അതിനെ മാറോട് ചേര്‍ത്തു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനിടെ സുഗതകുമാരി പങ്കെടുക്കാത്ത സമരങ്ങള്‍ വിരളമാണ്. പൂയംകുട്ടിയും ജീരകപ്പാറയും മൂവൂരും കൂടംകുളവുമെല്ലാം ചിലത് മാത്രം. ആറന്‍മുളയില്‍ പാടം നികത്തി വിമാനത്താവളമെന്ന പദ്ധതിയുമായി സര്‍ക്കാരും സ്വകാര്യ ഏജന്‍സിയും എത്തിയപ്പോഴും പ്രതിരോധം തീര്‍ക്കാന്‍ ടീച്ചറെത്തിയത് അനാരോഗ്യം മറന്നാണ്. കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളേയും സമരമുഖത്ത് എത്തിക്കാന്‍ ടീച്ചറുടെ പ്രയത്‌നത്തിന് കഴിഞ്ഞു. പാടവരമ്പത്ത് നെല്‍മണികള്‍ക്ക് കാവലായി ടീച്ചര്‍ നിന്നു. ഒരു പിടി മണ്ണ് സംരക്ഷിക്കാത്തവര്‍ എങ്ങനെ ഒരു സംസ്‌ക്കാരത്തെ സംരക്ഷിക്കുമെന്ന് പരുഷമായി തന്നെ അധികാരവര്‍ഗത്തിന്റെ മുഖത്ത് നോക്കി ചോദിച്ചു. കേവലം ഒരു സമരമായിരുന്നില്ല ആറന്‍മുളയിലേത്. നാളെ ഭക്ഷിക്കാന്‍ അന്നം വേണമെങ്കില്‍ അത്  വിളയിക്കണമെന്നും അതിന് നെല്‍പാടങ്ങള്‍ ഉണ്ടാകണമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു അത്്. ജലം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങിയാലെ നാളെ കുടിക്കാന്‍ വെള്ളമുണ്ടാകൂവെന്നും വെള്ളം സംഭരിക്കുന്ന ഈ ഭൂമിയില്ലാതായാല്‍ പ്രളയവും വരള്‍ച്ചയും ഉണ്ടാകുമെന്നും ആ സമരം വീണ്ടും വീണ്ടും നമ്മെ പഠിപ്പിക്കുകയായിരുന്നു. തണ്ണീര്‍ തടങ്ങളും പാടങ്ങളുമെല്ലാം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍്പ്പിന് തന്നെ അത്യന്താപേക്ഷിതമാണെന്ന് സമരക്കാര്‍ ഓര്‍മിപ്പിച്ചു. പിന്നീട് വന്ന പ്രളയം അന്ന് ആ പാടങ്ങള്‍ നികത്തിയിരുന്നുവെങ്കില്‍ എത്രമാത്രം അധികം ദുരന്തം വിതയ്ക്കുമായിരുന്നുവെന്ന്് ജനത്തെ ബോധ്യപ്പെടുത്തിക്കൊടുത്തു. പക്ഷെ ആറന്‍മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തെ കേവലം ആറന്‍മുള ക്ഷേത്രസംരക്ഷണമെന്ന തരത്തില്‍ സംഘപരിപാര്‍ സംഘടനകള്‍ എത്തിച്ചപ്പോള്‍ അത് ചെറുക്കുന്നതില്‍ സുഗതകുമാരി പരാജയപ്പെട്ടുവെന്നത് വസ്തുതയുമാണ്.

കേരളത്തിലെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി എപ്പോഴും സമരവേദികളില്‍ നിന്ന് സമരവേദികളിലേക്കുള്ള പ്രയാണമായിരുന്നു സുഗതകുമാരിയുടെ ജീവിതം. വേദനിക്കുന്നവര്‍ക്ക്, അശരണര്‍ക്ക് അത്താണിയാവാന്‍ വേണ്ടി ജീവിതം മാറ്റിവെച്ച ഒരമ്മകൂടിയായിരുന്നു ടീച്ചര്‍. അഭയഗ്രാമം തന്നെ അതിന് തെളിവാണ്. അഗതികളായ സ്ത്രീകള്‍ക്ക് വേണ്ടി അത്താണി എന്ന് ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരി ടീച്ചറുടെ സംഭാവനകള്‍ ഏറെയാണ്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ പുനരധിവാസത്തിന് വേണ്ടി കേരളത്തിലങ്ങിങ്ങായി കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നത് ടീച്ചറുടെ ആഗ്രഹമായിരുന്നു. അത് സ്വകാര്യമേഖലയിലല്ല, മറിച്ച് സര്‍ക്കാര്‍ സ്ഥാപിക്കണമെന്നായിരുന്നു ടീച്ചറുടെ ആഗ്രഹം. മതസംഘടനകളും പള്ളികളും നടത്തുന്നത് പോലെയല്ല, മറിച്ച് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ പഞ്ചായത്തുകളേയും സന്നദ്ധസംഘടനകളേയുമെല്ലാം ചേര്‍ത്ത് നടത്തുന്ന ആലയങ്ങള്‍. പകല്‍വീട്, ഹ്രസ്വകാല വസതികള്‍, ദീര്‍ഘകാല വസതികള്‍ എന്നീ മൂന്ന് തലങ്ങളിലായി നടപ്പാക്കാനായിരുന്നു പദ്ധതി. പലകുറി ഇതുമായി ബന്ധപ്പെട്ട പ്രൊജക്ട് ടീച്ചര്‍ സര്‍ക്കാരുകള്‍ക്കും ഹൈക്കോടതിയ്ക്കുമെല്ലാം കൈമാറിയെങ്കിലും നടപടിയായിട്ടില്ല. പദ്ധതി ആരംഭിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും യാഥാര്‍ത്ഥ്യമായിട്ടില്ല.

പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നവരെ വികസനവിരോധികളായി മുദ്രകുത്തുന്ന സമൂഹത്തിലാണ് സുഗതകുമാരിയും ജീവിച്ചത്. അതിനാല്‍ തന്നെ ശത്രുക്കളേയും സമ്പാദിച്ചു. അപവാദപ്രചാരണങ്ങള്‍ ഏറെയുണ്ടായി. അരുതെന്ന് പറയേണ്ടിടത്ത് അത് പറയാന്‍ എന്നിട്ടും സുഗതകുമാരി ഭയന്നില്ല. അപവാദങ്ങളും ആക്ഷേപങ്ങളുമെല്ലാം പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി തന്നെ സുഗതകുമാരി കണ്ടു. ഇനിയീ മനസില്‍ കവിതയില്ലെന്നും കാട്ടുപക്ഷിക്ക് ചിറകൊടിഞ്ഞുപോകുന്നു എന്നെല്ലാം നിരാശപ്പെട്ടെങ്കിലും ആരുമില്ലെങ്കിലും ആയിരംകാമ്പത്ത് താരങ്ങളും താരുകളുമുണ്ടെന്ന് നമ്മെ ഓര്‍മിപ്പിച്ച് പ്രചോദിപ്പിച്ചതും സുഗതകുമാരിയാണ്.

2020 ന്റെ അവസാനം കൊവിഡ് മൂലം ആ രാത്രിമഴ നിലയ്ക്കുമ്പോള്‍ നിശബ്ദമാകുന്നത് പ്രകൃതിക്ക് വേണ്ടിയുള്ള ഒരു ഉറച്ച ശബ്ദമാണ്. കവിതയുടെ, ഭൂമിയുടെ, അശരണരുടെ, അവകാശപോരാട്ടങ്ങളുടെ നഷ്ടം. അല്ലെങ്കിലും സുഗതകുമാരി ടീച്ചറുടെ വരികള്‍ പോലെ കാലം കെടുത്താത്ത തീ ഏതുണ്ട്....

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image