മനുഷ്യനിലേക്കുള്ള ദൂരം   മൗനംകൊണ്ട് അളന്നളന്ന്....

  ഡോക്ടര്‍  ഗിരീഷ് പി.എം.
 


1979, ജൂണ്‍മാസത്തിലെ ആദ്യപ്രവൃത്തിദിനത്തില്‍, എലത്തൂരിലെ സി.എം.സി. ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ഞങ്ങള്‍ എട്ടാംക്ലാസുകാര്‍, ഞങ്ങളുടെ ക്ലാസ് ടീച്ചറെ കാത്തുനില്‍ക്കുകയാണ്. അപ്പോള്‍ മാഷിന്റെ അയല്‍ക്കാരനായ ഞങ്ങളുടെ സഹപാഠി പറഞ്ഞു: 'നമ്മുടെ ക്ലാസ് മാഷ്, ദാസന്‍മാഷാണ്, മാഷെ പോലീസ് ഉരുട്ടിയിട്ടുണ്ടത്രേ.. നക്‌സലൈറ്റാണ്'. ആകെ പേടിതോന്നി. ഭീകരരൂപമായിരുന്നു മനസ്സില്‍. ഇങ്ങനെയുള്ള ആളുകള്‍ അധ്യാപകരാകുമോ എന്ന തോന്നല്‍ അലട്ടി.
സുഗന്ധമുള്ള ഇളങ്കാറ്റ് വരുന്നതുപോലെ അല്പനേരത്തിനകം ഞങ്ങളുടെ ആകാംക്ഷ ശമിപ്പിച്ചുകൊണ്ട് മാഷ് എത്തി. മെലിഞ്ഞ ദേഹം. പ്രസരിപ്പുള്ള മുഖം. കട്ടി മീശ. കാണാന്‍ ചന്തമുണ്ട്. സൗമ്യഭാഷ. ഓരോരുത്തരെയും പരിചയപ്പെട്ടു. ഈ മാഷെ കണ്ടാല്‍ തല്ലാന്‍ തോന്നുമോ... എന്നായിരുന്നു ഞങ്ങളുടെ വിചാരം.  കുട്ടികളുമായി വളരെ പെട്ടെന്ന് അടുത്തു.
ആയിടെയാണ് മാഷ് വിവാഹിതനാകുന്നത്.
 

 ഞങ്ങള്‍ എല്ലാവരും കല്ല്യാണത്തിനുപോയിരുന്നു. മാഷ് ഞങ്ങള്‍ക്ക് വായിക്കാന്‍ ധാരാളം തന്നു. ധാരാളം വാക്കുകള്‍ തന്നു. പര്യായരൂപത്തിലും നാനാര്‍ഥരൂപത്തിലും. വിവര്‍ത്തനരൂപത്തിലുള്ള ലോക ക്ലാസിക്കുകളെല്ലാം വായിക്കാന്‍ തന്നു. ചില പുസ്തകങ്ങള്‍ വാങ്ങിച്ചു സമ്മാനമായി തന്നു. കുട്ടികളുടെ സാഹിത്യവേദി. ചര്‍ച്ചാ വേദിയായി. ടോള്‍സ്‌റ്റോയിയും കടമ്മനിട്ടയും അക്കിത്തവും കെ.ജി. ശങ്കരപ്പിള്ളയും  റൂമിയും ഞങ്ങള്‍ കുട്ടികളുടെ ഇഷ്ട എഴുത്തുകാരായി മാറി. പലതും നാടകരൂപത്തില്‍ അവതരിപ്പിച്ചു.

കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ നാടകാവിഷ്‌കാരം. യുവജനോത്സവത്തില്‍ ജില്ലാതലംവരെ എത്തി. പിന്നെ പല ക്ലാസിക്കുകളും നാടകങ്ങളായി മാറി. കുറത്തി എന്ന നാടകം ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂളിലെ മറ്റ് സ്‌കോഡുകളുടെ നാടകത്തില്‍ അഭിനയിച്ച മികച്ച നടരെയും കൂട്ടിക്കലര്‍ത്തി കുറത്തി പുനരവതരിപ്പിക്കാനായിരുന്നു ശ്രമം. എന്നേക്കാള്‍ നന്നായി അഭിനയിക്കുന്ന എന്റെ കൂട്ടുകാരന് കുറത്തി ചെയ്യാനൊരു മോഹം. കവിതയുടെ അവസാനഭാഗത്തുള്ള കുറത്തിയുടെ പ്രതികാരം ആട്ടച്ചുവടുകളോടെയാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്. ആ ഭാഗം മാഷ്‌ക്ക് വലിയ ഇഷ്ടമായിരുന്നു. നൃത്തം പഠിച്ച ആ കൂട്ടുകാരന് എന്റെ റോള്‍ എന്നേക്കാള്‍ നന്നായി ചെയ്യാനാകുമെന്ന് ഞാന്‍ കരുതി. മാഷോട് കാര്യം അവതരിപ്പിച്ചു. ഞങ്ങള്‍ രണ്ടുപേരുംകൂടിയാണ് സ്റ്റാഫ് റൂമില്‍ മാഷെ കാണാന്‍ പോയത്. മാഷ് പറഞ്ഞു ആ ഭാഗം ഗിരീഷ് തന്നെ ചെയ്താേല ശരിയാകൂ. നൃത്തത്തിന്റെ അമേച്ചര്‍ സ്വഭാവമാണ് നാടകത്തിനുവേണ്ടതെന്ന് ആ കുട്ടിയെ പറഞ്ഞുബോധിപ്പിച്ചു. അല്ലെങ്കിലും മാഷിന്റെ പ്രിയനടന്‍ നീയാണല്ലോ എന്നു പറഞ്ഞവന്‍ എന്നെ ചിരിച്ചുകൊണ്ട് കളിയാക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു.

കവിതകള്‍ ഈണത്തില്‍ മധുരമായ ശബ്ദത്തില്‍ മാഷ് അവതരിപ്പിച്ചു. അതൊരു അനുഭവംതന്നെയായി. കീചകവധം ആട്ടക്കഥയിലെ വരികളുടെ ആലാപനം ഇപ്പോഴും മനസ്സിലുണ്ട്. ഞങ്ങള്‍ പത്താംക്ലാസ്സ് ആകുമ്പോഴേക്കും ദണ്ഡകവും ചമ്പുവും എന്തെന്നറിയാമെന്നായി.  കാളിദാസനും ഷേക്്‌സ്പിയറും ഷെല്ലിയും ഒക്ടോവിയോ പാസ്സും പരിചയക്കാരായി. കെ.ജി. എസിന്റെ ബംഗാളും അക്കിത്തത്തിന്റെ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസവും ക്ലാസുകളില്‍ ചൊല്ലിത്തിമര്‍ത്തു. സമ്പന്നമായ സാഹിത്യലോകം. അതെല്ലാം മാഷുടെ പ്രയത്‌നം.  അതിനിടയിലാണ് ഒരു ദിവസം ലൈബ്രറിയില്‍ പുസ്തുകം പരതുമ്പോള്‍ മാഷ് എഴുതിയ 'ദാഹിക്കുന്ന അഗ്നി' എന്ന ചെറുകഥാസമാഹാരം ലഭിച്ചത്. അപ്പോഴാണ് മാഷ് എഴുത്തുകാരനാണെന്ന് മനസ്സിലായത്. 'സ്‌നേഹദീപം' എന്ന പേരില്‍ ഒരു നോവല്‍, മാഷ് എഴുതാന്‍ തുടങ്ങിയ കാലഘട്ടം. ഒഴിവുസമയങ്ങളില്‍ ഞങ്ങള്‍ക്ക് അതിലെ കഥ പറഞ്ഞുതരും. പൈങ്കളിസാഹിത്യത്തെക്കുറിച്ചും അത് വായനയെ എങ്ങനെ കെടുത്തുമെന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞുതന്നു. മാഷുടെ ജയില്‍ജീവിതം അറിയണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതൊരിക്കലും പറഞ്ഞിരുന്നില്ല. ഞങ്ങളുടെ സ്‌കൂളില്‍ ഇരട്ടപ്പേരില്ലാത്ത എക ടീച്ചര്‍ ദാസന്‍മാഷ് ആയിരുന്നു. വില്ലന്മാരെന്ന് ചില അധ്യാപകര്‍ മുദ്രകുത്തിയ കുട്ടികള്‍ക്കുപോലും മാഷെ ഇഷ്ടമായിരുന്നു. മാഷ് അവരോട് സംസാരിക്കും. ഒരു വിശുദ്ധസാന്നിധ്യം പോലെ. ഈ സാന്നിധ്യം എല്ലാ സ്‌കുളുകളിലും ഉണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും ആശിച്ചുപോയിട്ടുണ്ട്.

സ്‌കൂള്‍ വിട്ടതിനുശേഷം, ഞാന്‍ എം. എയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് 'വൈദ്യശസ്ത്രവു'-മായി ബന്ധപ്പെട്ട് മാഷെ വീണ്ടും കാണുന്നത്. രചനകള്‍ എഡിററ് ചെയ്യുക, ചില വിവര്‍ത്തനങ്ങള്‍ ചെയ്യുക, എന്നിവയോടൊപ്പം അതിന്റെ വിതരണത്തിനും സഹായിച്ചു. മാഷെ കുറച്ചുകൂടി മനസ്സിലാകുന്നത് അവിടെ വെച്ചായിരുന്നു. 'സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌കാരവും' എന്നായിരുന്നു ആ മാസികയുടെ മുദ്രാവാക്യം. ലൂയി കൂനിയും ഇവാന്‍ ഇല്ലിച്ചും കൃഷ്ണമൂര്‍ത്തിയും  ലാവോത്സും ദാദലേഖരാജും മാഷേ നന്നായി സ്വാധീനിച്ചിരുന്നു. ബ്രഹ്മകുമരിസ് ആയിരുന്നു മാഷിന്റെ ധ്യാനമാര്‍ഗം.  ജീവിതത്തെ സമഗ്രമായി സമീപിക്കാനുള്ള ഉണര്‍ച്ച ആ ചിന്തയ്ക്കുണ്ടായിരുന്നു. എന്റെ എം. എ പഠനകാലത്തും മാഷ് ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ തന്നു. പക്ഷേ ഒരു വ്യത്യാസം . അവയൊന്നും സാഹിത്യകൃതികളായിരുന്നില്ല. സാഹിത്യത്തോടുള്ള മാഷിന്റെ മതിപ്പ് നഷ്ടപ്പെട്ടിരുന്നു. ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഗുര്‍ജ്ജിഫും ഓസ്‌പെന്‍സ്‌കിയും വായനയില്‍ ഇടം പിടിച്ചത് അങ്ങനെയാണ്.  സമചിത്തരായ ധാരാളം ആളുകള്‍, ജീവിതത്തിന്റെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ അലയുന്നവര്‍, മാഷെ കാണാന്‍ വരുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുണ്ട്. മാഷ് ക്ഷമയോടെ അവര്‍ പറയുന്നത് കേള്‍ക്കും. മാര്‍ക്‌സിസം, ഗാന്ധിസം, വ്യക്തിവാദം, ആത്മീയത വിശിഷ്യാ മതേതരമായ ആത്മീയത, ധ്യാനം, ബദല്‍ ചികിത്സാപദ്ധിതികള്‍, ഇങ്ങനെ പല പാതകളിലൂടെയും മാഷ് അനുഭവങ്ങളുടെ ചെറുപൊതികളുമായി നടന്നു. ചില പുസ്തകങ്ങള്‍ എഴുതാനുള്ള പുറപ്പാടും ഈ കാലഘട്ടത്തിലാണ് നടന്നത്. അതില്‍ മാഷ് വളരെ ആഗ്രഹിച്ചിരുന്ന പുസ്തകം കെ.ജി. എസിന്റെ കത്തുകളായിരുന്നു. 'ബന്ധങ്ങള്‍' എന്ന തലക്കെട്ടായിരുന്നു അന്നതിനുകൊടുത്തത്. മാഷിന്റെ കയ്യിലുള്ള കത്തുകള്‍  പ്രസാധകന്‍ കൊണ്ടുപോയെങ്കിലും അത് പുസ്തകമായി ഇറങ്ങിയില്ല. മള്‍ബെറിയിലെ ഷെല്‍വിയുടെ താല്പര്യപ്രകാരമാണ് മാഷ് 'ബോധിവൃക്ഷത്തിന്റെ ഇലകള്‍' എന്ന പുസ്തകം എഴുതുന്നത്. മനുഷ്യനെക്കുറിച്ചും രാഷ്ടീയത്തെക്കുറിച്ചും കലാലയജീവിതാവബോധത്തെക്കുറിച്ചും അതിലെഴുതിയിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ എന്‍ഡോമെന്റ് അവാര്‍ഡും ആ കൃതിയ്ക്കു ലഭിച്ചു. പിന്നീട് കെ. സി. നാരായണന്റെ പ്രേരണയാല്‍, ഭാഷാപോഷിണിക്കുവേണ്ടി ജയില്‍ അനുഭവങ്ങള്‍ എഴുതി. 1999-ലാണ് തുടക്കം; എഴുത്ത് രണ്ടുവര്‍ഷത്തോളം നീണ്ടു. പക്ഷേ അത് പുസ്തകമായി ഇറങ്ങുന്നത് ഈയിടെയാണ്; 'വാക്കുകളുടെ വനത്തില്‍നിന്ന് ഒരിലയുമായി' എന്ന തലെക്കട്ടോടെ. 'കരുണയിലേക്കുള്ള തീര്‍ഥാടനം', 'പക്ഷിമാനസം', 'ജീവിതപുസ്തകത്തില്‍നിന്ന്', 'ജീവിതഗാനം', 'വേരുകളും ചിറകുകളും' 'സംസ്‌കാരത്തിന്റെ ആരോഗ്യത്തിന്റെ സംസ്‌കാരവും' എന്നിങ്ങനെ പല പുസ്തകങ്ങള്‍ മാഷുടെതായി വന്നു. അവ മലയാളചിന്താലോകത്തിന് പുതിയൊരു ഉണര്‍വ് പകര്‍ന്നു. ജീവിതപ്പാതയില്‍ തളര്‍ന്നവര്‍ക്കുള്ള തെളിവും വെളിവുമായി അവ.
   അര്‍ഥമാണ് ഭാഷ എന്ന് ഞാന്‍ മനസ്സിലാക്കിയത് ദാസന്‍മാഷില്‍നിന്നായിരുന്നു. കോഴിക്കോട് നഗരത്തിലെ സെന്റ് ആന്റെണിസ് യൂ.പി. സ്‌കൂളില്‍നിന്ന് നേരിട്ട് എലത്തൂര്‍ എന്ന ഗ്രാമത്തിലെ സി.എം.സി ബോയ്‌സ് ഹൈസ്‌കൂളിലേക്ക്. കൂട്ടികളും സാഹചര്യങ്ങളുമൊക്കെയായി ഇണങ്ങാന്‍ തുടങ്ങുന്നതിനുമുമ്പേ കാല്‍ക്കൊല്ല പരീക്ഷ വന്നു. ഞാന്‍ പഠിക്കാന്‍ അത്ര മിടുക്കനൊന്നുമായിരുന്നില്ല. വായനയും സിനിമയുമായിരുന്നു ഹോബി. പരീക്ഷ കഴിഞ്ഞു. മലയാളപരീക്ഷയുടെ ഉത്തരക്കടലാസുമായി മാഷ് എത്തി. എല്ലാ കുട്ടികള്‍ക്കും പേപ്പര്‍ കൊടുത്തു. ഓരോരുത്തരോടെയും പേപ്പറുകളിലെ തെറ്റുകുറ്റങ്ങളും നന്മ-തിന്മ-കളും വിശദീകരിച്ചുകൊണ്ടാണ് മാഷ് പേപ്പര്‍ കൊടുക്കുന്നത്. എന്റെ പേപ്പര്‍ തരുമ്പോഴേക്കും ബെല്ലടിച്ചു. പേപ്പറിലേക്ക് ഞാന്‍ എത്തി നോക്കിയപ്പോള്‍ ചുവന്ന മഷികൊണ്ടുള്ള ചില കുത്തിക്കുറിക്കല്‍ അതില്‍ കണ്ടു.ഉള്ളിലൊരു കാളല്‍. വൈകുന്നേരം സ്‌കൂള്‍ വിട്ട് ഞാന്‍ കൂട്ടുകാരും ചേര്‍ന്ന് മുറ്റത്ത് പന്തുകളിച്ചുകൊണ്ടിരിക്കുമ്പോള്‍ മാഷ് വരുന്നത്. കണ്ടു. സ്‌കൂളിന് അടുത്ത് നേഷണല്‍ ഹൈവേയോട് ചേര്‍ന്നൊരു വീട്ടിലായിരുന്ന ഞങ്ങള്‍ താമസിച്ചിരുന്നത്. എന്റെ വീട്ടിന് മുമ്പില്‍ ചഒ 47 എന്ന് മഞ്ഞയില്‍ കറുത്തക്ഷരംകൊണ്ടെഴുതിയ ഒരു ബോര്‍ഡുമുണ്ട്. കൂട്ടകാര്‍ക്ക് എന്റെ വീടിന്റെ അടയാളമായിരുന്നു അത്. മാഷേ കണ്ട ഉടനെ ഞാന്‍ ഓടിച്ചെന്നു. 'ഗിരീഷിന്റെ വീട് ഇതാണോ'. എന്ന് മാഷ് ചോദിച്ചു. 'അതേ'. 'അച്ഛനുണ്ടോ വീട്ടില്‍?' എന്ന് അടുത്ത ചോദ്യം. ഞാന്‍ അതേ എന്നു ഉത്തരം പറഞ്ഞു. മാഷ് എന്റെ കൂടെ വീട്ടിലേക്ക് വന്നു. മാഷേ അച്ഛന് അറിയാം. എന്നെ ചേര്‍ക്കാന്‍ വന്നപ്പോള്‍ പരിചയപ്പെട്ടതാണ്.  എന്റെ പേപ്പര്‍ അച്ഛന്റെ കയ്യില്‍കൊടുത്ത് മാഷ് പറഞ്ഞു. ഈ കുട്ടിയ്ക്ക് നല്ലൊരു ഭാഷയുണ്ട്, വായനയുമുണ്ട്. 'കുമാരനാശാനെക്കുറിച്ചുള്ള ചോദ്യത്തിന് ഗിരീഷ് എഴുതിയിരിക്കുന്നത് എന്നെ അതിശയിപ്പിച്ചു. ആശാന്റെ വരികള്‍ നന്നായി ഉദ്ധരിച്ചുകൊണ്ട് നല്ല ഭാഷയില്‍ തെറ്റില്ലാതെ എഴുതിയിരിക്കുന്നു. സാധാരണ ഡിഗ്രിക്കാരൊക്കെയെ അങ്ങനെ ചെയ്യൂ. നന്നായി വായിക്കാന്‍ കൊടുക്കണം. ഞാനും ശ്രദ്ധിക്കാം.' അന്നത്തെ സംസാരത്തിന്റെ ഉള്ളടക്കം ഇമ്മട്ടിലായിരുന്നു.
പൊതുവെ വീട്ടിലെ ഒരു പ്രത്യേക കുട്ടിയായിരുന്നു ഞാന്‍. വൃത്തിബോധത്തിലും അടുക്കുചിട്ടയിലും കാര്യങ്ങള്‍ മനസ്സിലാക്കുന്ന കാര്യത്തിലും മറ്റുള്ളവരേക്കാള്‍ മുന്നിലാണെന്ന ധാരണ വീട്ടികാര്‍ എനിക്ക് നല്‍കിയ അംഗീകാരമായിരുന്നു. സ്വയമൊരു എഴുത്തുകാരനാണെന്ന തോന്നല്‍ അന്നേ എനിക്കുണ്ടായിരുന്നു. ഇല്ലാത്ത ചില കഥകള്‍ എഴുതിക്കൂട്ടി. ഇന്റര്‍ബെല്‍ സമയത്ത് അടുത്ത കൂട്ടുകാര്‍ക്ക് വായിച്ചുകൊടുക്കാലായിരുന്നു എന്റെ  വിനോദം. തുടര്‍ന്ന് അച്ഛന്‍ എന്നെ മൂന്ന് ലൈബ്രറികളില്‍ ചേര്‍ത്തു. അതിലൊന്ന് റോട്ടറി ക്ലബിന്റെ ചില്‍ഡ്രന്‍സ് ലൈബ്രറിയായിരുന്നു. ഇംഗ്ലീഷ് വായിച്ചു പഠിക്കുന്നത് അവിടെ നിന്നാണ്.

 മാഷ് ബോര്‍ഡില്‍ ധാരാളം പര്യായപദങ്ങള്‍ എഴുതിത്തരുമായിരുന്നു. ചില വാക്കുകള്‍ വാക്യത്തില്‍ പ്രയോഗിക്കാന്‍ തരുമായിരുന്നു. ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു. ചിലപ്പോള്‍ ക്ലാസിനെ രണ്ടായി തരം തിരിച്ചു മാര്‍ക്ക് വെച്ച് ഇത്തരം ഭാഷാകേളികള്‍ ഉണ്ടാകും. പലപ്പോഴും ഞങ്ങളുടെ ഭാഗം ജയിച്ചു. കുട്ടികളില്‍ ചിലര്‍ എന്നെ ഭാഷാപണ്ഡിതനെന്ന് കളിയാക്കിവിളിച്ചു. അത് എന്നെ വേദനിപ്പിച്ചു. അത്തരമൊരു വിളിക്ക് പിന്നിലൊരു കാര്യമുണ്ടായിരുന്നു. . ഒരിക്കല്‍ മാഷ്, 'വാഗ്മി' എന്ന പദം വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞു. ക്ലാസില്‍ എല്ലാവരോടും ചോദിച്ച ശേഷമാണ് എന്റെ ഊഴം വന്നത്.  'സുകുമാര്‍ അഴീക്കോട് നല്ലൊരു വാഗ്മിയാണ്' എന്നായിരുന്നു എന്റെ വാക്യപ്രയോഗം. മാഷ് എന്നെ അടുത്തേക്ക് വിളിച്ചു  എന്റെ മുതുകില്‍ സ്‌നേഹത്തോടെ തട്ടിയിട്ട് ചോദിച്ചു. 'ഗിരീഷിന് സുകുമാര്‍ അഴിക്കോടിനെ അറിയുമോ.? പുസ്തകങ്ങള്‍ കണ്ടിട്ടുണ്ടോ...?' ഇല്ലെന്ന് പറഞ്ഞു. പത്രത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചിട്ടുണ്ടെന്നു പറഞ്ഞു.

ഒമ്പതാം ക്ലാസ്സില്‍ ഡോ. കെ. എന്‍. എഴുത്തച്ഛന്‍ എഴുതിയൊരു ലേഖനം പഠിക്കാനുണ്ടായിരുന്നു. എന്താണ് ഇതില്‍ പേരിനുമുമ്പ് ഡോ. വെച്ചിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. മാഷ് അത് വിശദീകരിച്ചുതന്നു. നമ്മളെ പരിശോധിക്കുന്ന ഡോക്ടറല്ലെന്നും പിഎച്.ഡി ബിരുദത്തിന് കൊടുക്കുന്ന അംഗീകാരമാണെന്നും പറഞ്ഞു. തുടര്‍ന്ന് ഞാന്‍ പിഎച്.ഡിയെ കുറിച്ചുചോദിച്ചു. കുറുച്ചു കാര്യങ്ങള്‍ പറഞ്ഞുതന്നു. മാഷ് എന്തേ അത് എടുക്കാഞ്ഞതെന്ന് ചോദിച്ചു. വലുതായാല്‍ ഗിരീഷ്  ആ ബിരുദം നേടണമെന്നും പറഞ്ഞു. ആ വിത്ത് മനസ്സില്‍ കിടന്നിരുന്നു. ഞാന്‍ പഠിക്കുകയാണെങ്കില്‍ മലയാളമേ എടുക്കൂ വെന്നും തീരുമാനിച്ചു. അതറിഞ്ഞ കുട്ടികളാണ് എന്നെ കളിയാക്കാനായി 'ഭാഷാപണ്ഡിറ്റ്'എന്ന് കളിയാക്കിയത്. ഡോ. കെ. എന്‍. എഴുത്തച്ഛന്‍ പഠിപ്പിച്ച മദ്രാസ് യൂണിവേഴ്‌സിറ്റി മലയാളവിഭാഗത്തില്‍ അതേ വകുപ്പില്‍ ഇപ്പോള്‍ ഞാനും. എന്തൊരു അത്ഭുതമെന്ന് എനിക്ക് തോന്നാറുണ്ട്. മറ്റൊരു കാര്യംകൂടി സൂചിപ്പിക്കട്ടെ. എനിക്ക് വളരെ വൈകിയാണ് സ്ഥിരം ജോലി ലഭിക്കുന്നത്. അതും മുപ്പത്തിയാറാം വയസ്സില്‍. അതില്‍ സന്തോഷം അറിയിച്ച് പലരും എനിക്ക് എഴുതിയിരുന്നു. അക്കൂട്ടത്തില്‍ ഡോ. ദേശമംഗലം രാമകൃഷ്ണന്‍സാര്‍ എഴുതിയ കത്തില്‍ വാചകം ഇങ്ങനെയായിരുന്നു. നീ അവിടെ നില്‍ക്കുന്നത് ഡോ. കെ. എന്‍. എഴുത്തച്ഛന് പകരമാണെന്ന് ഓര്‍ക്കണം എന്നായിരുന്നു. തീരെ പ്രതീക്ഷയില്ലാതെയായിരുന്നു മദ്രാസ് യൂണിവേഴ്‌സിറ്റി മലയാളവിഭാഗത്തിലെ ലക്ച്ചര്‍ ഒഴിവിലെ ഇന്റര്‍വ്യൂവിന് പോയത്. കിട്ടില്ലെന്ന് ഉറപ്പാക്കിയൊരു യാത്ര മൈസൂരില്‍നിന്ന്. (അക്കാലത്ത് CIIL, Mysore ല്‍ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു). ജോലി കിട്ടി നാട്ടില്‍വന്ന് ദാസന്‍മാഷെ കണ്ടു. മാഷ്‌ക്ക് അത്യാഹ്ലാദം. ഞാന്‍ പറഞ്ഞു അവിടെയും മാഷ് എന്നെ തുണച്ചു. അത് എങ്ങനെ?
ചോദ്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരുന്നു. എല്ലാത്തിനും തൃപ്തികരമായ മറുപടി പറയാന്‍ കഴിഞ്ഞു. എനിക്ക് തീരെ പരിചയമില്ലാത്ത ഏരിയില്‍നിന്ന് പെട്ടെന്നൊരു ചോദ്യം. ആ ചോദ്യം അവസാനത്തെ ചോദ്യമാണെന്ന് മുഖവുരയോടെയാണ് സബ്ജക്റ്റ് എക്‌സ്‌പേര്‍ട്ടില്‍ ഒരാള്‍ ചോദിച്ചത്. മലയാളത്തില്‍ നാലു കഥകളിയുടെ പേര്‍ പറയാന്‍ പറഞ്ഞു. ഞാന്‍ എളുപ്പത്തില്‍ ഉത്തരം പറഞ്ഞു. ഉടനെ അടുത്ത ചോദ്യം. എന്നാല്‍ ഇവയില്‍ ഏതെങ്കിലുമൊന്നിലെ ദണ്ഡകം ചൊല്ലി എം. എ. യ്ക്ക് ഒരു മാതൃക ക്ലാസ്സ് എടുക്കണം. കഥകളിസാഹിത്യത്തില്‍ ഞാന്‍ വട്ടപൂജ്യമാണെന്ന് എനിക്ക് അറിയാം. ഹൈസ്‌ക്കൂള്‍ ക്ലാസ്സില്‍ ഞങ്ങള്‍ക്ക് കീചകവധത്തിലെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു.

  അതിമനോഹരമായാണ് കഥകളിസംഗീതത്തിന്റെ ചാരുതയില്‍ ദാസന്‍ മാഷ് അത് ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നത്. ഞാന്‍ ആ താളത്തില്‍തന്നെ അത് അവതരിപ്പിച്ചു. ക്ലാസ്സെടുത്തു. എല്ലാവര്‍ക്കും ഇഷ്ടമായെന്ന് തോന്നി. അതിലൊരു അംഗം അഭിനന്ദിക്കുകയും ചെയ്തു. ഇക്കാര്യം മാഷോട് പറഞ്ഞപ്പോള്‍ മാഷ് പറഞ്ഞത് ഇങ്ങനെ:  'ഗിരീഷ് പലരുടെയും പ്രാര്‍ഥനകളിലുണ്ട്. അതുകൊണ്ടാണ് വേണ്ടത് വേണ്ടപ്പോള്‍ തോന്നുന്നത്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചൊരു കാര്യം. അതും കഥകളിയിലെ ഒരു ഭാഗം വേണ്ട സമയത്ത് ഓര്‍ത്തെടുക്കാന്‍ പറ്റിയത് അതുകൊണ്ടാണ്.' അതുമാത്രമല്ല മാഷിന്റെ അധ്യാപനസമീപനത്തിന്റെ ഗുണംകൂടിയാണെന്ന്  ഞാന്‍ പറഞ്ഞു. പ്രതിസന്ധികളില്‍ അനുഗ്രഹംചൊരിയുന്നവര്‍ അവരാണ് യഥാര്‍ഥ ഗുരുക്കന്മാര്‍. അവരാണ് എന്റെ ഊര്‍ജ്ജം. മാഷ് എന്നെ വികാരതലത്തിലും വിചാരതലത്തിലും സ്വാധീനിച്ചിട്ടുണ്ട്.

മാഷ് എനിക്ക് ഏറെയും തത്ത്വചിന്താപുസ്തകങ്ങളായിരുന്നു തന്നത്. അങ്ങനെയാണ് കാപ്രെയും ഓസ്‌പെന്‍സ്‌കിയും ഗുര്‍ജ്ജിഫും ജിദ്ദു കൃഷ്ണമൂര്‍ത്തിയും എന്റെ വായനയിലേക്ക് കടന്നുവരുന്നത്. പലതും എന്റെ പഠനമേഖലയായ ഭാഷാശാസ്ത്രവുമായി നേരിട്ടു ബന്ധമില്ലാത്തവയായിരുന്നുവെങ്കിലും അവയെല്ലാം വ്യത്യസ്ത അനുഭൂതി തന്നു. ആ വായനാനുഭവങ്ങളാണ് 'നാമ'-മെന്ന നോവലിലും 'മെറ്റില്‍ഡ മീഷേ' എന്ന നോവലിലും ആവിഷ്‌കരിച്ചത്.  
മാഷ് എന്താണെന്ന് അറിയാന്‍ ദസ്‌തെയവ്‌സ്‌കിയുടെ ഈ വരികള്‍ മതിയാകും: 'ഭൂമിയിലെ എല്ലാ സൃഷ്ടികളെയും ഓരോ മണ്‍തിരയെയും സ്‌നേഹിക്കുക. ഓരോ ഇലയെയും പ്രകാശരശ്മിയെയും സ്‌നേഹിക്കുക. നിങ്ങള്‍ എല്ലാറ്റിനെയും സ്‌നേഹിക്കുമ്പോള്‍ കാര്യങ്ങളിലെ ദിവ്യരഹസ്യം നിങ്ങള്‍ക്ക് അറിയാനാകുന്നു. ഒരിക്കല്‍ അറിഞ്ഞു കഴിഞ്ഞാല്‍ ഓരോ ദിവസവും നിങ്ങള്‍ക്കതിന്റെ വെളിച്ചം കിട്ടുന്നു. മൃഗങ്ങളെ സ്‌നേഹിക്കുക, ദൈവം അവയ്ക്ക് കറ പുരളാത്ത സ്‌നേഹം നല്‍കിയിരിക്കുന്നു. അതുകൊണ്ട് അവയ്ക്ക് പ്രയാസമുണ്ടാക്കി വെയ്ക്കരുത്. അവയെ മര്‍ദിക്കരുത്'.  മാഷിന്റെ ഓരോ ചുവടുവെപ്പും ഇത്തരം കരുതലുകള്‍ മനസ്സില്‍വെച്ചുകൊണ്ടായിരുന്നു. മാഷ് കുട്ടികളെ നടത്തം പഠിപ്പിച്ചതും കരുണയുടെ ജീവിതപ്പാതയിലൂടെയായിരുന്നു. അതായിരുന്നു ഞങ്ങളുടെ മൂലധനം.
 
 
(ലേഖകന്‍   ഡോക്ടര്‍  പി എം ഗിരീഷ്‌   മദ്രാസ് സര്‍വകലാശാല മലയാളം വിഭാഗം തലവനാണ് )

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image