കാഞ്ഞിരപ്പള്ളി എന്ന ആണരശുനാട്
മ്യൂസ് മേരി ജോര്‍ജ്ജ്
'ഞാന്‍ കാഞ്ഞിരപ്പള്ളിക്കാരന് ക്രിസ്ത്യാനിയാ. കാഞ്ഞിരപ്പള്ളിക്കാരന് ക്രിസ്ത്യാനിക്ക് അവന്റെ പെണ്ണിനെ നിലയ്ക്കു നിര്‍ത്താന്‍ അറിയാം.' 1983-ല്‍ റിലീസ് ചെയ്ത 'കൂടെവിടെ' സിനിമയിലെ ക്യാപ്റ്റന്‍ തോമസ് തന്റെ കാമുകി/പ്രതിശ്രുത വധുവായ ആലീസിനോട് പറയുന്ന ഈ വാക്കുകള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കാരണം കേരളത്തിലെ മറ്റു പ്രദേശങ്ങളെക്കാള്‍ ചില സാംസ്കാരിക സവിശേഷതകള്‍ ഉള്ള ഇടമായി കാഞ്ഞിരപ്പള്ളി അടയാളപ്പെടുത്തപ്പെട്ടത് ഈ ഡയലോഗിലൂടെയാണ് എന്നു പറയാം. കാഞ്ഞിരപ്പള്ളിയിലെ ബഹുസ്വര സ്വഭാവിയായ ആണത്തമാതൃകകളെയെല്ലാം 'സുറിയാനി ക്രിസ്ത്യാനി പുരുഷന്' എന്ന ഏകമാത്രയിലേക്ക് വക്രീകരിച്ചു വായിക്കുന്നതിന് തുടക്കം കുറിച്ച മാതൃകാഡയലോഗായി ഇതിനെ മനസ്സിലാക്കി തുടങ്ങാവുന്നതാണ്. അതായത്, കാഞ്ഞിരപ്പള്ളി എന്നത് ടിപ്പിക്കല്‍ ഒരാണരശുനാടാണെന്നും ഈ വാക്കുകളിലൂടെ ഉറപ്പിച്ചു പറയുന്നു.
മുണ്ടക്കയം, പാറത്തോട്, കോരുത്തോട്, എരുമേലി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, ചിറക്കടവ് (ഒരു ഭാഗം), കുട്ടിക്കല്‍ (ഒരു ഭാഗം) എന്നീ പഞ്ചായത്തുകള്‍ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ഭാഗമായി വരുന്നവയാണ്. ചെറുവള്ളി, ചിറക്കടവ്, ഇടക്കുന്നം, ഇളംകുളം, എലിക്കുളം, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത്, കാഞ്ഞിരപ്പള്ളി, കുട്ടിക്കല്‍, കൂവപ്പള്ളി, മണിമല, മുണ്ടക്കയം എന്നീ വില്ലേജുകള്‍ ചേര്‍ന്നതാണ് കാഞ്ഞിരപ്പള്ളി താലൂക്ക്. 2011-ലെ സെന്‍സസില്‍ 270145 പേര് ഈ താലൂക്കില്‍ താമസിക്കുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ ജനസംഖ്യയില്‍ വിവിധ മതസ്ഥരും ജാതിക്കാരുമായ ജനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ സിനിമയിലെ കാഞ്ഞിരപ്പള്ളി എന്നതുകൊണ്ട് ഇത്തരത്തില്‍ പല വില്ലേജുകളും അതിലെ വ്യത്യസ്തങ്ങളായ ജനങ്ങളെയുമൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് മലയാള സിനിമയില്‍ പലപ്പോഴായി ആവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
കൂടെവിടെ (1983), ഇരകള്‍ (1985), നമ്പര്‍ 20 മദ്രാസ് മെയില്‍ (1990), കോട്ടയം കുഞ്ഞച്ചന് (1990), കാഞ്ഞിപ്പള്ളി കറിയാച്ചന് (1995), സ്വപ്നക്കൂട് (2003) എന്നീ സനിമകളിലെ ഭൂപ്രദേശവും മനുഷ്യജീവിത വ്യവഹാരവും കാഞ്ഞിരപ്പള്ളിയിലേതാണ്. ഇതില്‍ 'ഇരകള്‍' എന്ന സിനിമയില്‍ ഒരിടത്തും കഥ നടക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണെന്ന് പറയുന്നില്ല. പക്ഷേ വീട്, ഭൂപ്രകൃതി, സുറിയാനി ക്രിസ്ത്യാനി ജീവിത ഇടങ്ങള്‍, പ്ലാന്റര്‍മാരുടെ ജീവിതം എന്നിവയിലൂടെ കഥ നടക്കുന്നത് കാഞ്ഞിരപ്പള്ളിയിലെ റബ്ബര്‍തോട്ടത്തിനു നടുക്കുള്ള വീട്ടിലാണ്. ബാക്കി എല്ലാ സിനിമകളിലും കാഞ്ഞിരപ്പള്ളിയിലെ ആളുകളുടെ ജീവിതം പ്രത്യക്ഷത്തില്‍ തന്നെ കാണാവുന്നതാണ്. നമ്പര്‍ 20 മദ്രാസ് മെയില്‍, കാഞ്ഞിരപ്പള്ളി കറിയാച്ചന് എന്നീ സിനിമകളിലെ പ്രധാന കഥാപാത്രങ്ങള്‍ കാഞ്ഞിരപ്പള്ളിക്കാരാണ്. 'സ്വപ്നക്കൂട്' സിനിമയിലെ കഥ നടക്കുന്നത് പോണ്ടിച്ചേരിയിലാണെങ്കിലും കഥയിലെ പ്രധാന പുരുഷകഥാപാത്രം കാഞ്ഞിരപ്പള്ളിക്കാരനാണ്. ലേലം (1997) സിനിമയുടെ പശ്ചാത്തലം കാഞ്ഞിരപ്പള്ളി അല്ലെങ്കിലും കാഞ്ഞിരപ്പള്ളിയിലെ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലൊന്നായ കരിമ്പനാല്‍ വീട്ടിലെ സണ്ണി ആനക്കാട്ടില്‍ ചാക്കോച്ചിയുടെ കൂട്ടുകാരന്മാരിലൊരാളാണ്. വെള്ളിമൂങ്ങ (2014)യിലെ നായകനായ മാമച്ചന് ജീവിക്കുന്നത് ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലാണെങ്കിലും പക്ഷേ, കാഞ്ഞിരപ്പള്ളിയില്‍നിന്നും കുടിയേറി പാര്‍ത്തവരാണ്. ഇങ്ങനെയുള്ള സിനിമകളിലൂടെ ആവിഷ്കരിക്കപ്പെടുന്ന കാഞ്ഞിരപ്പള്ളി എന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്ന അന്വേഷണമാണ് ഈ പഠനത്തിലൂടെ നടത്തുന്നത്. 2012-ലെ 'പറുദീസ'യും 2013-ലെ 'റബേക്ക് ഉതുപ്പ് കിഴക്കേമല'യും കാഞ്ഞിരപ്പള്ളി പരാമര്‍ശിക്കുന്ന സിനിമകളാണ്.
1983-ലെ 'കൂടെവിടെ'യില്നിന്ന് 2003-ലെ 'സ്വപ്നക്കൂടി'ലേക്ക് സിനിമയിലൂടെ ഇരുപതു വര്‍ഷങ്ങള്‍ കാഞ്ഞിരപ്പള്ളി എന്ന സ്ഥലം തുടര്‍ച്ചയായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു
ആണത്തപഠനങ്ങള് രണ്ടുതരത്തിലുള്ള ആണത്തങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അധീശത്വ ആണത്തവും1 ആശ്രിത ആണത്തവുമാണ് ഈ രണ്ടുവിഭാഗങ്ങള്‍. കായികമായ കരുത്തിന്റെ പ്രകടനങ്ങള്‍ക്കൊപ്പം എല്ലാ കാര്യങ്ങളിലും ദാതാക്കളുടെയും സംരക്ഷകരുടെയും പ്രകൃതം പ്രകടിപ്പിക്കുന്നവരാണ് അധീശത്വ ആണത്തം പ്രകടിപ്പിക്കുന്നവര്‍. കായികമായ കരുത്തും ക്ഷമയും ഉള്ളപ്പോഴും വീട്ടിലിരിക്കുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യുന്നവര്‍ താഴ്ന്ന നിലയിലുള്ള ആണത്തം പ്രകടിപ്പിക്കുന്നവരാണെന്ന് പറയാം. കാഞ്ഞിരപ്പള്ളി സിനിമകളിലെ ആണത്തം പൊതുവെ അധീശത്വസ്വഭാവമുള്ള ആണത്തത്തിന്റെ പ്രകടനമാണ് നടത്തുന്നത്. അവര്‍ കായികമായ കരുത്തും ശക്തിയും ഉള്ളവരായിരിക്കുമ്പോള്‍ തന്നെ തന്റെ ഭാര്യയുടെയും മക്കളുടെയും സഹോദരങ്ങളുടെയുമൊക്കെ സംരക്ഷകരായി പെരുമാറുന്നവരാണ്. ആധിപത്യസ്വഭാവമുള്ള സംരക്ഷണമാണ് അവരുടെ മുഖമുദ്ര. കാഞ്ഞിരപ്പള്ളി സിനിമകളിലെ ആണുങ്ങള് പൊതുവെ സംരക്ഷകരായ അധിപതികളാണ്. അവര്‍ പറയുന്നത് അനുസരിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളുടെ ജീവിതപങ്കാളികള്‍ എന്ന കാര്യത്തില്‍ അവര്‍ക്കൊരു സംശയവുമില്ല. 'എന്റെ പെണ്ണ് ഞാന്‍ പറയുന്നത് കേള്‍ക്കണം' എന്ന് അധികാരം നിറഞ്ഞ വാക്കുകളിലൂടെ ക്യാപ്റ്റന്‍ തോമസ് (കൂടെവിടെ) വെളിപ്പെടുത്തുന്നത് ഇതുതന്നെയാണ്. 'ആധിപത്യപരമായ ആണത്തങ്ങള്‍ ആണ്‍കോയ്മയുടെ ഉദ്ദേശ്യങ്ങളെ കേവലം അവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അത് വംശീയതയുടെയും ലൈംഗികതയുടെയും ആശയങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇന്‍ഡ്യ പോലെയുള്ള സാംസ്കാരിക ഇടങ്ങളില്‍ അത് മതത്തിന്റെയും ജാതീയതയുടെയും അടയാളങ്ങളായി അവതരിപ്പിക്കപ്പെടുന്നു' (Meena T. Pillai (Ed.): Woman in Malayalam Cinema, 2010). മദ്യപാനം, കോപവും പ്രേമവും ഇടകലര്‍ന്ന ആധിപത്യസ്വഭാവിയായ ആണത്തത്തോടുകൂടിയ കാഞ്ഞിരപ്പള്ളി ആണത്തം അങ്ങനെ മലയാള സിനിമയിലേക്ക് ആഘോഷപൂര്‍വ്വം ആനയിക്കപ്പെട്ടു. ഒപ്പം 'കാഞ്ഞിരപ്പള്ളിക്കാരന് ക്രിസ്ത്യാനി' എന്ന പ്രയോഗത്തോടുകൂടിയ കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനിത്തം എന്ന അര്ത്ഥവ്യവഹാരം കൂടി മലയാള സിനിമയുടെ ഭാഗമായി വന്നു. ഇതിന്റെ തുടര്‍ച്ചകളാണ് പിന്നീട് കാഞ്ഞിരപ്പള്ളി സിനിമകളില്‍ ആഘോഷത്തോടെ അവതരിപ്പിക്കപ്പെട്ടത്. മലയാള സിനിമയില്‍ കാഞ്ഞിരപ്പള്ളി ആണത്തത്തിന്റെ പ്രതിഷ്ഠ നിര്‍വ്വഹിച്ച ഈ സിനിമ ഇത്തരം സ്വഭാവഘടനയുള്ള പുരുഷന് സൃഷ്ടിച്ച ദുരന്തങ്ങളുടെ കഥയായിട്ടാണ് അനുഭവപ്പെട്ടത്. എന്നാല്‍ പില്ക്കാല കാഞ്ഞിരപ്പള്ളി സിനിമകളില്‍ ഇങ്ങനെയൊരു ദുരന്തച്ഛായ പോലും ഇല്ലാതായിത്തീര്‍ന്നു.
1985-ല്‍ റിലീസ് ചെയ്ത 'ഇരകള്‍' കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത സിനിമയാണ്. ഈ സിനിമയില്‍ ഒരിടത്തും കാഞ്ഞിരപ്പള്ളി എന്ന സ്ഥലനാമം ഉപയോഗിക്കുന്നില്ല. പക്ഷേ, റബ്ബര്ത്തോട്ടത്തിന് നടുവിലുള്ള വലിയ വീട്, ഉണങ്ങാനിട്ടിരിക്കുന്ന ഷീറ്റുകള്‍, റബ്ബര്‍ വെട്ടുകാര്, അവരുടെ താമസ ഇടങ്ങള്‍, വീടകങ്ങളിലെ സുറിയാനി ക്രിസ്ത്യാനി ജീവിതവ്യവഹാരങ്ങള്‍, ആധിപത്യവും ക്രൗര്യവും നിറഞ്ഞ ഗൃഹനായകന്, പ്രാര്‍ത്ഥനാ നിര്‍ഭരമായ ജീവിതം നയിക്കുന്ന സര്‍വ്വംസഹയായ ഗൃഹനായിക, മദ്യപാനികളും അക്രമികളുമായ ആണ്മക്കള്, മെത്രാനച്ചന്റെ ബന്ധുത്വം ഇങ്ങനെ മലയാള സിനിമ സിറിയന്‍ ക്രിസ്ത്യന്‍ എന്നു പറഞ്ഞാല്‍ പോര സിറിയന്‍ കാത്തലിക് കാഞ്ഞിരപ്പള്ളി വീടകങ്ങളെ അടയാളപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സിനിമയാണ് 'ഇരകള്‍.' പക്ഷേ, സിനിമയുടെ കേന്ദ്രത്വം നിലനില്‍ക്കുന്നത് കാഞ്ഞിരപ്പള്ളി സിനിമകളിലെ സിറിയന്‍ ക്രിസ്ത്യന്‍ ആണത്തത്തെ മാത്രം ആശ്രയിച്ചല്ല. അതിന്റെ ഉപരിപ്ലവമായ ആഘോഷങ്ങള്‍ക്കപ്പുറം ഇത്തരം വീടകങ്ങളില്‍ അന്യവല്‍ക്കരണം സംഭവിക്കുന്ന ആളിന്റെ വികല മനോഘടനയെ പ്രശ്നവല്ക്കരിക്കാന് ഈ സിനിമ ശ്രമിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ സിറിയന്‍ ക്രിസ്ത്യന്‍ ചെറുപ്പക്കാരന് കേന്ദ്രകഥാപാത്രമായി വരുന്ന സിനിമയാണ് 'നമ്പര്‍ 20 മദ്രാസ് മെയില്‍'. 1990-ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലെ നായകന് ടോണി കുരിശുങ്കല്‍ ആണ്. 'കാഞ്ഞിരപ്പള്ളി കുരിശിങ്കല്‍ ഫാമിലി, വല്യ എസ്റ്റേറ്റു പാര്‍ട്ടിക്കാരാണ്', എന്നാണ് ടോണിയുടെ കൂട്ടുകാരന് മമ്മൂട്ടിക്ക് ടോണിയെ പരിചയപ്പെടുത്തി കൊടുക്കുന്നത്. കാഞ്ഞിരപ്പള്ളി = ക്രിസ്ത്യന്‍ + ഫ്യൂഡല്‍ വീട് + എസ്റ്റേറ്റ് + മദ്യപാനി + സാഹസികന് എന്നീ അര്‍ത്ഥങ്ങളെല്ലാം ചേര്‍ന്ന സമവാക്യനിര്മ്മിതി ഈ സിനിമയിലൂടെ സാധ്യമാകുന്നു. കാഞ്ഞിരപ്പള്ളി എസ്റ്റേറ്റ് ഉടമകളുടെ നാടാണെന്ന അര്‍്ത്ഥം തുടര്‍ന്നും മലയാള സിനിമ പിന്തുടരുന്നുണ്ട്.
1990-ല്‍ തന്നെ റിലീസ് ചെയ്ത സിനിമയാണ് കോട്ടയം കുഞ്ഞച്ചന്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വരുന്ന ഈ സിനിമയില്‍ പ്രതിനായക സ്ഥാനത്താണ് കാഞ്ഞിരപ്പള്ളി പാപ്പനും കുടുംബവും വരുന്നത്. കുനാമ്മൂച്ചി മിഖായേലിന്റെ കുടുംബത്തെ തന്റെ ബംഗ്ലാവിന്റെ മുമ്പില്‍നിന്നും കുടിയിറക്കാന്‍ ശ്രമിക്കുന്ന കറിയാച്ചനുമായുള്ള ശത്രുതയും കലഹങ്ങളുമണ് മമ്മൂട്ടിയുടെ കുഞ്ഞച്ചന്റെ നായകവൃത്തിയിലെ പ്രധാന കാര്യങ്ങള്‍. ഈ സിനിമയില്‍ അധീശത്വ ആണത്തപ്രകൃതത്തിന് സമാന്തരമായി വിധേയത്വ ആണത്തവും അവതരിപ്പിച്ചിരിക്കുന്നു. കാഞ്ഞിരപ്പള്ളി പാപ്പന്റെയും മകന്റെയും ഗുണ്ടാസ്വഭാവമുള്ള ആണത്തത്തിന് സമാന്തരമാണ് ഇന്നസെന്റ് അഭിനയിച്ച കൂനാമ്മൂച്ചി മിഖായേലിന്റെ കഥാപാത്രം. പാപ്പന്റെ സ്വഭാവത്തില്‍നിന്ന് അല്‍പ്പം പരിഷ്കരിച്ച ആണത്തമാണ് കോട്ടയം കുഞ്ഞച്ചന്റേതും. ഈ സിനിമയിലെ പാപ്പന് ഫ്യൂഡല്‍ പ്രഭുത്വവും ബംഗ്ലാവും ഇല്ലാത്തതും മറ്റൊരിടത്തേക്ക് കുടിയേറി സ്ഥലവും വീടും വെട്ടിപ്പിടിക്കുന്നതുമായ കാഞ്ഞിരപ്പള്ളി ആണത്തമാണ് പ്രതിനിധാനം ചെയ്യുന്നത്. ഏതുതരം കാഞ്ഞിരപ്പള്ളിക്കാരനായാലും അവന്റെ വീട്ടിലെ പെണ്ണുങ്ങള് വീട്ടുജീവികളാണ്. ഇത്തരം പെണ്ണത്തത്തോടുള്ള കലഹം നിലനില്‍ക്കുന്നത് 'കൂടെവിടെ'യിലെ ആലീസിലാണ്. ആലീസ് കാഞ്ഞിരപ്പള്ളി സിനിമയിലെ പാട്രിയാര്‍ക്കല്‍ സ്ത്രീയുടെ സാമാന്യപാഠത്തെ നിഷേധിക്കുന്ന കഥാപാത്രമാണ്.
1965-ലാണ് കാഞ്ഞിരപ്പള്ളി കറിയാച്ചന് റിലീസ് ചെയ്യുന്നത്. 'കടലെറങ്ങിയാലും മറുകര കണ്ടിട്ടേ കറിയാച്ചനും മക്കളും തിരിച്ചു വരത്തൊള്ളൂ. അതാ കാഞ്ഞിരപ്പള്ളിക്കാരുടെ നയം' (കാഞ്ഞിരപ്പള്ളി കറിയാച്ചന്). ഈ അഭിപ്രായപ്രകടനം നടത്തുന്നത് കറിയാച്ചന്റെ മകനായ സണ്ണി കാഞ്ഞിരപ്പള്ളിയാണ്. ആഭ്യന്തരമന്ത്രിയെ കറിയാച്ചന് തെറി പറയുമ്പോള്‍ ആഭ്യന്തരമന്ത്രിയുടെ മറുപടി, 'കറിയാച്ചാ തനിക്കെന്തു പറ്റി? രണ്ടെണ്ണം വീശിയിട്ട് ഇങ്ങോട്ട വന്നതാണോ?' എന്നാണ്.
'കാഞ്ഞിരപ്പള്ളി കറിയാച്ചന്' കൃത്യമായും സുറിയാനി ക്രിസ്ത്യാനി ആണത്തത്തെ ആധിപത്യപ്രകൃതത്തോടും മെരുങ്ങാത്ത ആണത്തത്തോടും പള്ളിഭക്ത്യാദിയായ വിശ്വാസരീതികളാലും നിബിഡമായി അവതരിപ്പിക്കുന്നു. പ്രാര്‍ത്ഥനയും ഭക്തിയുമൊക്കെയായി ജീവിക്കുന്ന 'അമ്മച്ചി'മാര്‍ മാത്രം ജീവിക്കുന്ന ഇടമാണ് കാഞ്ഞിരപ്പള്ളിയെന്ന് ഈ സിനിമയും സാക്ഷ്യപ്പെടുത്തുന്നു. ഒരു സന്ദര്ഭത്തില്് ഡ്രൈവറോട് കറിയാച്ചന്; 'നീയീച്ചരക്കിനെ വേഗം പള്ളീക്കൊണ്ട് ചെന്നാക്ക്' എന്നു പറയുന്നുണ്ട്. സ്വന്തം ഭാര്യയെക്കുറിച്ചാണ് ഈ പരാമര്‍ശം എന്നത് ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ 'ചരക്ക്' പ്രയോഗത്തില്‍ യാതൊരു അസ്വാഭാവികതയും തോന്നാത്ത മട്ടിലാണ് ഭര്‍ത്താവിന്റെ നിലപാട്. അതോ ആണരശുനാടായ 'കാഞ്ഞിരപ്പള്ളി'യില്‍ പെണ്ണുങ്ങള് 'ചരക്ക്' തന്നെയാണ്.
2013-ലാണ് 'സ്വപ്നക്കൂട്' സിനിമ വരുന്നത്. എട്ടു വര്‍ഷത്തിന്റെ ഇടവേളയ്ക്കുശഷം കാഞ്ഞിരപ്പള്ളി ആണത്തവുമായി കുഞ്ഞൂഞ്ഞ് എന്ന കഥാപാത്രം സ്ക്രീന്‍ നിറയുന്നു. ജയസൂര്യ, കുഞ്ചാക്കോ ബോബന്,. പൃഥ്വിരാജ് എന്നീ മൂന്നു നടന്മാര് മുഖ്യകഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും പ്രഖ്യാപിത ആണത്തത്തിന്റെ ടിപ്പിക്കല്‍ മാതൃകയായ പൃഥ്വിരാജാണ് ഇതിലെ മുഖ്യകഥാപാത്രമായി അഭിനയിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉണക്കെറച്ചീം റബ്ബര്‍തോട്ടവും വലിയ വീടും ഉള്ളയാളായിട്ടാണ് കുഞ്ഞൂഞ്ഞിനെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പറയുന്നതുപോലെ 'കാഞ്ഞിരപ്പള്ളിയില്‍ എന്തും വിളയും'. സമൃദ്ധിയും ആഹ്ലാദങ്ങളുമുള്ള കാഞ്ഞിരപ്പള്ളിയെന്ന സ്വപ്നഭൂമിയിലേക്കാണ് സിനിമയുടെ അവസാനം നായിക യാത്രയാകുന്നത്. ഇത്തരം സ്വപ്നങ്ങള്‍ മലയാള സിനിമമയില്നിന്ന് ഇനിയും പടിയിറങ്ങിയിട്ടില്ല.
2013-ല്‍ പുറത്തിറങ്ങിയ 'പറുദീസ'യും 2014-ല്‍ റിലീസ് ചെയ്ത 'റബേക്ക ഉതുപ്പ് കിഴക്കേമല'യും ചില കാഞ്ഞിരപ്പള്ളിക്കഥകള് അവതരിപ്പിക്കുന്നുണ്ട്. 'പറുദീസ' സിനിമയിലെ പുരോഹിതന്റെ; 'ഇന്നലെ രാത്രി വൈകിയാണ് കാഞ്ഞിരപ്പള്ളീന്ന് വന്നത്.' സംസാരത്തില്‍ കാഞ്ഞിരപ്പള്ളി സിറിയന്‍ കാത്തലിക് ഇടമായി തുടരുന്നുവെന്ന് സ്പഷ്ടമാണ്. 'റബേക്ക ഉതുപ്പ് കിഴക്കേമല'യിലെ നായികയുടെ അമ്മ കാഞ്ഞിരപ്പള്ളിയിലെ പുരാതന കത്തോലിക്കാ കുടുംബത്തില്‍നിന്ന് കല്യാണത്തലേന്ന് ഇഷ്ടപ്പെട്ട പുരുഷനുമൊത്ത് ഒളിച്ചോടിപ്പോയ ആളാണ്. കാഞ്ഞിരപ്പള്ളീന്ന് വിളിച്ചു പറഞ്ഞു രൂപക്കൂടു തൊറന്നുള്ള കുര്‍ബ്ബാന റബേക്കയ്ക്കുവേണ്ടി നടത്തുന്നു എന്ന്. കുര്‍ബ്ബാന, പള്ളി, രൂപക്കൂട്, പുരോഹിതന്, തോമാശ്ലീഹ മാര്‍ഗ്ഗം കൂട്ടിയത് തുടങ്ങിയ എല്ലാ പരമ്പരാഗത സുറിയാനി ക്രിസ്ത്യാനി അടയാളങ്ങളും ഈ സിനിമയുടെ ഉള്ളിലുണ്ട്. മെത്രാന് കുടുംബയോഗം, കൃഷിപ്പണി, അദ്ധ്വാനിയായ പുരുഷന്, പ്രാര്‍ത്ഥനാനിരതയായ സ്ത്രീ എന്നിവയും ഈ സിനിമയില്‍ കാഞ്ഞിരപ്പള്ളിത്തത്തിന്റെ ചിഹ്നങ്ങളായി വരുന്നുണ്ട്. ഒപ്പം, 'മലകേറി വന്ന ക്രിസ്ത്യാനിക്ക് ഒള്ള പറമ്പെല്ലാം തീറെഴുതിക്കൊടുത്ത' അംശം അധികാരിയുടെ ചിത്രവും ഈ സിനിമയിലുണ്ട്.
2014-ലെ 'വെള്ളിമൂങ്ങ' എന്ന സിനിമയാണ് കാഞ്ഞിരപ്പള്ളിത്തത്തിന്റെ ചില സവിശേഷതകളുള്ള ആണിനെ അവതരിപ്പിച്ച ഏറ്റവും പുതിയ സിനിമാ അനുഭവം. കേന്ദ്രകഥാപാത്രമായ മാമച്ചന് കാഞ്ഞിരപ്പള്ളിക്കടുത്തുള്ള ഇരുപത്തിയാറാം മൈല്‍ എന്ന സ്ഥലത്തുനിന്ന് മലബാറിലേക്ക് കുടിയേറിയതാണ്. കൗശലങ്ങളും പ്രായോഗികബുദ്ധിയും രാഷ്ട്രീയമായ ചാതുര്യങ്ങളുമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന മാമച്ചന് കാഞ്ഞിരപ്പള്ളി ആണത്തത്തിന്റെ പുതിയ മാതൃകയാണ്. കുടിയേറ്റ കര്‍ഷക ജീവിതത്തിന്റെ അതിജീവനത്തോടൊപ്പം സിറിയന്‍ ക്രിസ്ത്യന്‍ കാഞ്ഞിരപ്പള്ളി മാതൃകകളും ചേര്‍ത്തുവെച്ചാണ് മാമച്ചന്റെ നിര്‍മ്മിതി. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി പലതരം കന്നംതിരിവുകള് മാമച്ചന് പ്രകടിപ്പിക്കുമ്പോഴും തികഞ്ഞ കുടുംബസ്നേഹിയാണ് മാമച്ചന്. ക്യാപ്റ്റന്‍ തോമസില്‍നിന്ന് പ്രേമകാര്യത്തില്‍ പല വിധത്തില്‍ പരിവര്‍ത്തിക്കപ്പെട്ട പുതിയ കാഞ്ഞിരപ്പള്ളിക്കാരനെ ഈ സിനിമയില്‍ കാണുന്നു. ഭാര്യയുടെ കയ്യില്‍നിന്ന് കരണത്തൊരടി കൊള്ളുകയും അതിനെ ചാതുര്യത്തോടെ കൈകാര്യം ചെയ്യുന്ന പുരുഷനായി മാമച്ചന് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു
ബഹുസ്വരസ്വഭാവിയായ ആണത്ത മാതൃകകളെ സുറിയാനി ക്രിസ്ത്യാനി പുരുഷനിലേക്ക് ചുരുക്കുക എന്ന പ്രവൃത്തി എല്ലാ കാഞ്ഞിരപ്പള്ളി സിനിമകളും ചെയ്യുന്നു. പട്ടികജാതിക്കാരോ സവര്ണ്ണഹിന്ദുക്കളോ ഇസ്ലാംമത വിശ്വാസികളോ ഇല്ലാത്ത കാഞ്ഞിരപ്പള്ളിയെ ആണ് സിനിമകളില്‍ കാണുന്നത്. സുറിയാനി ക്രിസ്ത്യാനിയായ പുരുഷന്റെ വ്യവഹാരമണ്ഡലമായി മാത്രം കാഞ്ഞിരപ്പള്ളിയെ അവതരിപ്പിക്കുക വഴി അതൊരു ആണരശുനാടായി കാഞ്ഞിരപ്പള്ളി സിനിമയില്‍ ആഘോഷിക്കപ്പെടുന്നു.
കുറിപ്പുകള്‍
1. അധീശത്വ ആണത്തമെന്ന സങ്കല്‍പ്പനം R.W. Connel (1995) തന്റെ പഠനങ്ങളില്‍ അവതരിപ്പിച്ചതാണ്.
മലയാളി ജീവിതം : കാഞ്ഞിരപ്പള്ളി എന്ന ആണരശുനാട് :ഡോക്ടര്‍ മ്യുസ് മേരി ജോര്‍ജ്

Comments