പെണ്‍പാതി രാഷ്ടീയാധികാരവും തുല്യതയും - ഒരു ഫെമിനിസ്റ്റ് സ്വപ്‌നം!എം.വി.ഷാജി


'Each time a woman stands up for herself, without knowing it possibly, without claiming it, she stands up for all women.'
                - Maya Angelou

 

 


.........
ഒന്ന്
.........

ചില സ്ഥിതിവിവരക്കണക്കുകളില്‍ തുടങ്ങാം. സൃഷ്ടി -സ്ഥിതി - സംഹാരങ്ങള്‍ക്ക് കണക്ക് വേണമല്ലോ! 2011 ലെ കാനേഷുമാരി പ്രകാരം രാജ്യത്തെ സ്ത്രീ-പുരുഷാനുപാതം 943/1000. അതായത്,രാജ്യത്തെ ജനസംഖ്യയില്‍ പാതിയോളം സ്ത്രീകളെന്ന്! സംസ്ഥാനത്താകട്ടെ (1084/1000 ) പുരുഷനെ കവിയുന്നുണ്ട് സംഖ്യാപരമായി സ്ത്രീകള്‍ ! വോട്ടുകുത്തുന്ന കണക്കെടുത്താലോ?
അവസാനമായി
രാജ്യമൊന്നാകെ പോളിംഗ് ബൂത്തിലെത്തിയ പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പില്‍ (2019 ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടം) വോട്ടവകാശമുള്ള 90 കോടിയില്‍ 61 കോടിയില്‍പരം (68% പോളിംഗ്) വോട്ടുകുത്തി. കുത്തിയവരില്‍ പാതിയും സ്ത്രീകള്‍ തന്നെ. കേരളത്തിലേക്കു വന്നാല്‍ പോളിംഗ്‌സ്റ്റേഷനിലെത്തിയ 2,54,08,711 ല്‍ 1,31,11,403 സ്ത്രീകള്‍, 1,22,97,403 പുരുഷന്മാര്‍ 119 മൂന്നാംലിംഗക്കാര്‍ എന്നാണ് കണക്ക്.
അതായത് വോട്ടിംഗ് ഷെയറില്‍ പാതിയോ പാതി കവിഞ്ഞോ നില്‍ക്കുന്ന സ്ത്രീകളുടെ
രാഷ്ട്രീയപ്രവര്‍ത്തനവും രാഷ്ട്രീയാധികാരവും ഈ വോട്ടുകുത്തലില്‍ ഒതുങ്ങേണ്ടതല്ല എന്ന് വ്യക്തം.സംസ്ഥാനനിയമനിര്‍മ്മാണ സഭകളിലേക്കും ഇന്ത്യന്‍ പാര്‍ലിമെന്റിലേക്കും ആധികാരികതയോടെ, നിര്‍ണ്ണയാധികാരത്തോടെ
കാല്‍വെയ്‌ക്കേണ്ട പാതി സ്തീകളാണെന്നിരിക്കേ ഇതാരും ഉറക്കെപ്പറയാത്തതെന്താണ്? സ്ത്രീ വിമോചന സ്വപ്‌നങ്ങളും ചിന്തകളും പ്രവര്‍ത്തനങ്ങളും രാഷ്ട്രീയാധികാരമെന്ന യാഥാര്‍ത്ഥ്യത്തിലൂന്നേണ്ടതിനുപകരം പ്രതീതികളോടു പോരടിക്കുന്നതെന്തുകൊണ്ട് .

മറ്റുചില കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ തലയില്‍ മുണ്ടിടേണ്ടി വരും വിധം ലജ്ജാവഹമാണ് സ്ത്രീ പ്രാതിനിധ്യം സാമൂഹ്യ അധികാരവ്യവസ്ഥയില്‍ എന്ന് തിരിച്ചറിയാനാവും!

പതിനേഴാം ലോക്‌സഭയിലാണ് ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ പ്രാതിനിധ്യം -78/545,
പതിനാലു ശതമാനം! സ്ത്രീകളെ പാര്‍ലിമെന്റിലേക്കയക്കുന്നതിന്റെ ആഗോള ശരാശരി 24 ശതമാനവും ഏഷ്യന്‍ ശരാശരി 18 ശതമാനവുമാണ്.16 ലോക്‌സഭകളിലായി 5 മുതല്‍ 11വരെ യായിരുന്നു സ്ത്രീപ്രാതിനിധ്യം. പതിനേഴിലാണ് അത് പതിനാലിലേക്കുയര്‍ന്നത്.( മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 41% സീറ്റില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു.9/17 പേര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.മറ്റു പാര്‍ട്ടികളുടെ വനിതാസ്ഥാനാര്‍ത്ഥിത്വം പരിതാപകരമാം വിധം പിറകിലാണ്.) രാജ്യസഭയിലെ സ്ത്രീ പ്രാതിനിധ്യം 25/243 (10.28 %) ആണ്.

കേരളത്തിലാവട്ടെ തെരഞ്ഞെടുക്കപ്പെട്ട ഇരുപതില്‍ ഒരു വനിത മാത്രം (5%). ആലത്തൂരില്‍ നിന്നുള്ള രമ്യ ഹരിദാസ്! ഇതുവരെ പതിനേഴ് ലോക്‌സഭകളിലേക്ക് ഇതുവരെ കേരളം സംഭാവന ചെയ്തത് 8 വനിതകളെ മാത്രമാണ്. ആനിമസ്‌ക്രീന്‍ (1951) സുശീല ഗോപാലന്‍ (1967, 1980, 1991)
ഭാര്‍ഗ്ഗവി തങ്കപ്പന്‍ (1971)
സാവിത്രി ലക്ഷ്മണന്‍ (1989, 1991)
എ.കെ.പ്രേമജം ( 1998, 1999) സി.എസ് സുജാത (2004, പി.സതീദേവി (2004), പി.കെ.ശ്രീമതി (2014),രമ്യഹരിദാസ്
(2019)

ഇനി സംസ്ഥാന നിയമസഭയിലേക്കു വന്നാല്‍, പതിനാലാം നിയമസഭ വരെ ഇതുവരെ സ്വതന്ത്രരടക്കം 411 വനിതകളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ടവരാകട്ടെ 88 ഉം. അരൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭയിലെത്തിയ ഷാനിമോള്‍ ഉസ്മാനടക്കം പതിനാലാം നിയമസഭയിലെ പെണ്‍ പ്രാതിനിധ്യം 9/141(6.3 %)

പതിനാല് നിയമസഭകളിലായി
മന്ത്രിസ്ഥാനം അലങ്കരിക്കാന്‍ യോഗം ലഭിച്ചതാവട്ടെ എട്ടു വനിതകള്‍ക്ക് മാത്രം.കെ.ആര്‍ ഗൗരി, എം.കമലം, എം.ടി.പത്മ, സുശീല ഗോപാലന്‍, പി.കെ.ശ്രീമതി, പി.കെ.ജയലക്ഷ്മി, കെ.കെ.ശൈലജ
ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ !
പതിനാലാം നിയമസഭ (2016) യിലാണ് വനിതാ മന്ത്രിസ്ഥാനം ആദ്യമായി രണ്ട് എന്ന മായിക സംഖ്യയിലെത്തിയത്!

ഒരു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെക്കൂടി അഭിമുഖീകരിക്കാന്‍ പോവുന്ന സാഹചര്യത്തില്‍ പെണ്‍ പാതിയുടെ രാഷ്ട്രീയാധികാരത്തെയും തുല്യതയെക്കുറിച്ചും യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.1992ലെ പഞ്ചായത്തി രാജുമായി ബന്ധപ്പെട്ട എഴുപത്തിരണ്ടാം ഭരണഘടനാ ഭേദഗതിയും തുടര്‍ന്ന് 1994 ലെ എഴുപത്തിമൂന്നാം ഭേദഗതിയും ഒക്കെ ചരിത്രമാണ്. 1994ലെ ഭേദഗതിയെത്തുടര്‍ന്നാണ് കേരള പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നത്.ഇതിനെത്തുടര്‍ന്ന് 1995ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ത്രിതല പഞ്ചായത്തുകളില്‍ 1/3 (33%) സ്ത്രീ സംവരണം ഉറപ്പു വരുത്തിയത്.2009 സപ്തംബറില്‍ കേരള നിയമസഭ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50% സ്ത്രീ സംവരണത്തിനുള്ള നിയമ ഭേദഗതി കൊണ്ടുവന്നു.
വോട്ടിലെ പാതിയെ 33 ശതമാനത്തിലൊതുക്കിയതിന്റെ യുക്തിരാഹിത്യം പരിഹരിക്കപ്പെട്ടു. ത്രിതല പഞ്ചായത്തില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങി എല്ലാ പദവികളിലും 50% സംവരണം ഉറപ്പു വരുത്തി. സ്ത്രീകളെ മുന്നിലിരുത്തി പുരുഷന്‍ ഭരിക്കുന്ന പിന്‍സീറ്റ് ഡ്രൈവിംഗ് എന്ന പരിഹാസമൊക്കെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും പ്രാദേശിക തലത്തില്‍ വിപ്ലവകരമായ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് ഈ നടപടിയിലൂടെ സാധ്യമായത്. പ്രാദേശിക തലത്തില്‍ കഴിവുറ്റ വനിതാ നേതാക്കളുടെ
ഉദയത്തിന് ഇതുവഴിയൊരുക്കി.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് 1998 ല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച കുടുംബശ്രീ പദ്ധതി
സ്ത്രീകളില്‍ നേതൃപാടവും സംഘാടന ശേഷിയും വളര്‍ത്തിയെടുക്കാനും
പ്രാദേശിക സ്വാശ്രയ സംഘങ്ങളിലൂടെ സാമ്പത്തിക ഭദ്രതയും ആത്മവിശ്വാസവും ഉറപ്പുവരുത്താനുമൊക്കെ സഹായിച്ചു. ഇത്തരം അനുഭവങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിലേക്ക് സ്ത്രീകളെ എത്തിക്കാന്‍ പര്യാപ്തമായിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  അധികാരത്തിലേക്കുള്ള
ഈ വിമോചനാത്മകമായ മുന്നേറ്റം സമൂഹത്തിന്റെ ഭിന്നമണ്ഡലങ്ങളില്‍ നടപ്പില്‍ വരാഞ്ഞതെന്തുകൊണ്ടാണ്. കേരളത്തിലെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ ഇത്തരം രാഷ്ടീയാധികാരത്തിനുള്ള പോരാട്ടങ്ങള്‍ ഇടം പിടിക്കാത്തതെന്താണ്.
യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യേണ്ട സാമൂഹ്യ-രാഷ്ടീയ - സൈദ്ധാന്തിക പിന്‍ബലമുള്ള പ്രത്യയശാസ്ത്ര പ്രതിരോധമായി ഫെമിനിസ്റ്റ് മുന്നേറ്റങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കാതെ പോയതെന്തുകൊണ്ടാണ്.
ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടും മുമ്പ് ലോകഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു ഹ്രസ്വചരിത്രം അനാവരണം ചെയ്യുന്നത് ഉചിതമായിരിക്കും എന്നു കരുതുന്നു.
........
രണ്ട്
..........

വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട,
മുന്‍വിധികള്‍ നിറഞ്ഞ ഒരു വ്യവഹാരപദമായി 'ഫെമിനിസം' എന്ന വാക്കിന് അര്‍ഥഭ്രംശം സംഭവിച്ചു പോയിട്ടുണ്ട്.
സ്ത്രീസമത്വവാദം ,സ്ത്രീ വിമോചനവാദം - സ്ത്രീ സ്വത്വവാദം എന്നിങ്ങനെ ലോകസാമൂഹ്യ ജീവിതമണ്ഡലത്തില്‍ വ്യതിരിക്തമായ അര്‍ഥോല്പാദനം സാധ്യമാക്കിയ വാക്ക് സമകാലകേരള സാഹചര്യത്തില്‍
ഫെമിനിസം - ഫെമിനിസ്റ്റ് - ഫെമിനിച്ചി -എന്ന മട്ടില്‍
അരാജകവാദപരമായ, അക്രാമകമായ പുരുഷ വിദ്വേഷപ്രചരണമായി
പൊതുബോധം തെറ്റിദ്ധരിക്കാനിടയായിട്ടുണ്ട്. ഇതിനു കാരണം ഫെമിനിസ്റ്റുകളോ പൊതു സമൂഹമോ,അവശിഷ്ടഫ്യൂഡല്‍,പാട്രിയര്‍ക്കല്‍
സംസ്‌കാരത്തിന്റെ ജീര്‍ണ്ണത പേറുന്ന കുടുംബ,സമൂഹ ജീവിതത്തിന്റെ ജനാധിപത്യവിരുദ്ധതയോ എന്നതൊക്കെ വിശദമായ
സാമൂഹ്യ- മന:ശാസ്ത്ര പഠനം ആവശ്യപ്പെടുന്ന വിഷയമാണ്.

സ്ത്രീ-പുരുഷ തുല്യതയ്ക്കായുള്ള ( സാമൂഹികവും സാമ്പത്തികവും ബുദ്ധിപരവും ആയ തുല്യത - ശാരീരികമായ തുല്യതയല്ല!) സ്ത്രീ വിമോചന പ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്യുന്ന വ്യവഹാര പദമാണ് ഫെമിനിസം!
ഇതുന്നെയാണ് ഈ പദത്തിന്റെ രാഷ്ടീയ വിവക്ഷ!പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ബ്രിട്ടനിലും അമേരിക്കന്‍ ഐക്യനാടുകളിലും സ്ത്രീവാദം ശക്തിപ്പെടുന്നുണ്ട്. തുല്യത, സ്വത്തവകാശം തുടങ്ങി സ്തീകളുടെ വോട്ടവകാശത്തിലേക്ക് വരെ വികസിക്കുന്നതാണ് ഫെമിനിസത്തിന്റെ ഈ ഒന്നാം തരംഗം (First wave Feminism).
1919ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ഉറപ്പു വരുത്തുന്ന നിയമം നിലവില്‍ വരുന്നതുവരെയുള്ള മുന്നേറ്റങ്ങളെയാണ് ഒന്നാം തരംഗ സ്ത്രീവാദമെന്ന് വിവക്ഷിക്കപ്പെടുന്നത്.

1960-80 കളിലാണ് രണ്ടാം തരംഗ സ്ത്രീവാദം ശക്തമാവുന്നത്. ഫ്രഞ്ച് ചിന്തകയും എഴുത്തുകാരി യുമായ സിമോണ്‍ ഡി. ബുവെ (Simone de
Beauvoir ) യുടെ സെക്കന്റ് സെക്‌സ് എന്ന പ്രബന്ധം (1949) സ്ത്രീയെ സാമൂഹ്യ നിര്‍മ്മാണത്തിന്ന് അന്യവല്‍ക്കരിക്കുന്ന രാഷ്ട്രീയവ്യവസ്ഥയെ വിമര്‍ശനാന്മകമായി വിശകലനം ചെയ്തു.ബുവെയുടെ ചിന്തകള്‍ സ്ത്രീ വിമോചനചിന്തകളെ പ്രോജ്ജ്വലിപ്പിച്ചു. ബെറ്റി ഫ്രീഡന്റെ 'ദ ഫെമിനിന്‍ മിസ്റ്റിക് ' (1963) പോലുള്ള കൃതികള്‍ 'വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മ' മനോഭാവത്തെ ചോദ്യം ചെയ്തു.ബ്രിട്ടനിലെയും അമേരിക്കയിലെയും സ്ത്രീവാദമുന്നേറ്റങ്ങളെ
ഇത് സ്വാധീനിച്ചു.
സ്ത്രീകളുടെ സ്വത്വ നഷ്ടത്തെ പ്രതിയുള്ള വിചാരങ്ങളിലേക്കും പ്രതിരോധങ്ങളിലേക്കും - സ്ത്രീവിമോചനമെന്ന വിശാലമായ തുറസ്സിലേക്കും രണ്ടാം തരംഗത്തില്‍ ഫെമിനിസം സഞ്ചരിച്ചു.

1990 കളില്‍ ശക്തമാവുന്ന മൂന്നാം തരംഗം ഫെമിനിസമെന്ന ഉപരിവര്‍ഗ്ഗ ജീവിതാദര്‍ശത്തിന് വംശീയസ്വത്വങ്ങള്‍ കൂടി അഭിസംബോധന ചെയ്യുന്ന ഒരു കറുപ്പിന്റെ സൗന്ദര്യശാസ്ത്രം പകര്‍ന്നു.പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീയുടെ പ്രശ്‌നങ്ങള്‍ ഫെമിനിസത്തിന്റെ പ്രവര്‍ത്തനമേഖലയായി. ഗ്ലോറിയ അന്‍സല്‍ ദുവ, ബെല്‍ ഹൂക്‌സ്, മസ്‌കിന്‍ ഹോങ്ങ് കിങ്സ്റ്റണ്‍ തുടങ്ങിയ സ്ത്രീവാദികള്‍
ഈ മുന്നേറ്റത്തിന് കരുത്തു പകര്‍ന്നു

യൂറോപ്യന്‍ / അമേരിക്കന്‍ സ്ത്രീവാദത്തെ അപ്പാടെ അനുകരിക്കുന്ന ഒരു പ്രവര്‍ത്തനപദ്ധതിയല്ല, ഓരോ നാടിന്റെയും സവിശേഷമായ അനുഭവങ്ങളില്‍ നിന്ന് രൂപപ്പെടുന്നതാവണം ആ നാടിന്റെ സ്ത്രീവിമോചന സങ്കല്പം! മലയാള സിനിമയും, മലയാളി പൊതുബോധവും രൂപപ്പെടുത്തിയ ഫെമിനിസ്റ്റുകളോടുള്ള മനോഭാവം തീര്‍ത്തും പ്രതിലോമപരാണ്.
അരാജകവാദികളും തീവ്രവാദികളും സമൂഹ നിയമങ്ങളെയും കീഴ്വഴക്കങ്ങളെയും ധിക്കരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നവരുമായ
'തലതെറിച്ച'
സ്ത്രീ എന്ന പരിവേഷം പൊതുസമൂഹം (പൊതു സമൂഹത്തിലെ
'പൊതു'സവിശേഷ പഠനമര്‍ഹിക്കുന്നു. ഈ പൊതു എന്ന പദം വിവക്ഷിക്കുന്നത് പാട്രിയാര്‍ക്കല്‍ / ഫ്യൂഡല്‍ ബോധത്തെയാണ്!) കല്പിച്ചു കൊടുത്തിട്ടുണ്ട് ഫെമിനിസ്റ്റുകള്‍ക്ക് !
ഒരു കുലസ്ത്രീ-ഫെമിനിച്ചി
സങ്കല്പത്തിന്റെ അളവുകോലുകള്‍ സമൂഹം സ്ത്രീകളെ അളക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് ആയി രൂപപ്പെടുത്തുന്നുണ്ട്.

പൊതുസമൂഹത്തെ പ്രകോപിപ്പിക്കുന്ന സമരതന്ത്രങ്ങള്‍ - ചുംബനസമരം,രാനടത്തം, ഞരമ്പിസ്റ്റുകളെ കായികമായും കരണത്തടിച്ചും കരിഓയില്‍ ഒഴിച്ചും നേരിടല്‍, സമൂഹമാധ്യമങ്ങളിലൂടെ
മലയാളി സദാചാരത്തെ പ്രകോപ്പിക്കുന്ന ലൈവ് ഷോകള്‍ - ഒക്കെ ഫെമിനിസ്റ്റുകളോട് അകലം പാലിക്കാന്‍ പൊതുബോധത്തെ കണ്ടീഷന്‍ ചെയ്യുന്നുണ്ട്.
ഇത്തരം പ്രതിരോധങ്ങളുടെ രാഷ്ട്രീയ ശരിതെറ്റുകള്‍ വിശകലനം ചെയ്യലൊന്നും ഈ കുറിപ്പിന്റെ ലക്ഷ്യമല്ല.

പക്ഷെ കേരള ഫെമിനിസത്തിന്റെ അടിയന്തിര പ്രവര്‍ത്തന പരിപാടിയില്‍ വരേണ്ട ,ഫെമിനിസം അതിശക്തമായി ഏറ്റെടുക്കേണ്ട ചില വിഷയങ്ങള്‍ സൂചിപ്പിക്കാനുള്ള ശ്രമമാണിത്.
........
മൂന്ന്
..........

എന്തുകൊണ്ടാണ് സ്വാതന്ത്ര്യം നേടി എഴുപതിറ്റാണ്ടു പിന്നിട്ടിട്ടും ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുള്ള ജനകീയ പ്ലാറ്റ്‌ഫോമുകളായി ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളരാത്തത് ?
മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വോട്ട് ബാങ്കില്‍ പാതി സ്ത്രീകളായിട്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും,
കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനതലം മുതല്‍ അഖിലേന്ത്യാതലം വരെയുള്ള കമ്മിറ്റികളിലും അമ്പതു ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയാത്തത്?
ഇന്ത്യയിലെയും കേരളത്തിലെയും എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യൂണിറ്റ് തലം മുതല്‍ സംസ്ഥാന /ദേശീതലം വരെ ഘടകങ്ങളുള്ള വനിതാ പ്രസ്ഥാനമുണ്ടായിട്ടും തനതും സ്വതന്ത്രവും സ്ത്രീവിമോചനപരവുമായ നിലപാട് സ്വീകരിക്കാന്‍
കഴിയാത്തത്?
പുരുഷാധിപത്യമുള്ള പാര്‍ട്ടിക്കമ്മിറ്റികള്‍ തീരുമാനിച്ച് തയ്യാറാക്കുന്ന സര്‍ക്കുലറുകള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തനപരിപാടികള്‍ നിശ്ചയിക്കേണ്ടി വരുന്നത്?
ഭരിക്കുന്ന പാര്‍ട്ടിയുടെ വനിതാവിഭാഗത്തിനു പോലും പല സ്ത്രീവിരുദ്ധ നിലപാടുകളോടും പ്രതികരിക്കുമ്പോള്‍ മുട്ടുവിറയ്ക്കുന്നത്?

പ്രസക്തമെന്നു ഞാന്‍ കരുതുന്ന മറ്റുചില ചിന്തകള്‍ കൂടി പങ്കുവെയ്ക്കട്ടേ...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കെന്ന പോലെ സംസ്ഥാന നിയമ നിര്‍മ്മാണ സഭകളിലേക്കും, പാര്‍ലിമെന്റിലേക്കും 50% സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതല്ലേ...
( ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ വനിതകള്‍ക്ക് 33% സീറ്റുകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയുള്ള വനിതാ സംവരണ ബില്‍
യു.പി.എ, എന്‍.ഡി.എ സര്‍ക്കാരുകളുടെ കാലത്ത് നടപ്പായില്ല എന്നത് മുഖ്യധാരാ രാഷ്ടീയപ്പാര്‍ട്ടികള്‍ക്ക് സ്ത്രീതുല്യത എന്ന വിഷയത്തോടുള്ള നിസ്സംഗതയുടെ ദൃഷ്ടാന്തമാണ്!)
മന്ത്രിസഭകളിലും 50% സ്ത്രീപങ്കാളിത്തം
ഉറപ്പുവരുത്തണം.രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ പകുതിയിലെങ്കിലും വനിതാമുഖ്യമന്ത്രിമാര്‍ വരണം.പ്രധാനമന്ത്രി പദം വരെ ഒന്നിടവിട്ട ടേം സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെടണം - ഇത്രയും വിമോചനാത്മകമായ ഫെമിനിസ്റ്റ് സ്വപ്‌നം കാണാന്‍ വിഘാതമാവുന്നത് ഭരണഘടനയയുടെ അനുച്ഛേദമോ (327) 1950,51 ലെ ജനപ്രാതിനിധ്യ നിയമങ്ങളോ ഒക്കെയാണെന്നങ്കില്‍ അവ ഭേദഗതി ചെയ്യാനുള്ള അഭിപ്രായ രൂപീകരണത്തിനുള്ള വേദികള്‍ ഒരുക്കാനുള്ള ബാധ്യത സ്ത്രീവിമോചനം സ്വപ്‌നം കാണുന്ന എല്ലാ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമില്ലേ ...
സ്ത്രീകളുടെയും പുരുഷന്മാരുടേതും മാത്രമല്ല, മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ വരെ
സംരക്ഷിക്കപ്പെടേണ്ടതല്ലേ!

ഗ്രാമീണ കലാസമിതികള്‍ തൊട്ട്, വായനശാലാ കമ്മിറ്റികള്‍,വിദ്യാലങ്ങളിലെ അധ്യാപക രക്ഷാകര്‍തൃ സമിതികള്‍, പ്രാദേശികതലം തൊട്ടുള്ള രാഷ്ടീയ പാര്‍ട്ടികളുടെ കമ്മിറ്റികള്‍, സാമൂഹിക രാഷ്ടീയ സംഘടനകള്‍ തൊഴില്‍ സംഘടനകള്‍ തുടങ്ങി സകല സമിതികളിലും 50%
സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതല്ലേ!

സംവരണം ചെയ്യപ്പെട്ട ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലല്ലാതെ
രാജ്യത്തെവിടെയാണ്
വനിതകള്‍ നയിക്കുന്ന
പൊതു പ്രസ്ഥാനങ്ങളുടെ കമ്മിറ്റികളോ മറ്റു സമിതികളോ കാണാന്‍ കഴിയുക?
ഒരു വനിത പ്രസിഡണ്ടായ പി.ടി.എ കമ്മിറ്റി പോലും സംസ്ഥാനത്ത് വിരലിലെണ്ണാനുണ്ടോ. പകരം മദര്‍ പി.ടി.എ
എന്ന പ്രത്യേക സംവിധാനമുണ്ടാക്കി സ്ത്രീകളെ അവിടെ ഒതുക്കുകയല്ലേ ...

സ്വതന്തവും സമത്വാധിഷ്ഠതവുമായ ഒരു സമൂഹത്തില്‍ ഓരോ വിഭാഗവും അധികാരത്തില്‍ എത്ര പങ്കുപറ്റുമായിരുന്നുവോ ആ പങ്ക് അവര്‍ക്ക് അനുവദിക്കുന്നതിന് ഭരണകൂടം കൃത്രിമമായി ഇടപെടുന്നതാണ് സംവരണം. (Distributive Justice). 50 % സ്ത്രീകള്‍ക്ക് 50% സാമാജികത്വം, ജഡ്ജി തസ്തിക, പട്ടാള ഉദ്യോഗം, സ്വകാര്യ മേഖലയിലെ ഉദ്യോഗം എന്നിവയ്ക്ക് അര്‍ഹതയുണ്ട്. സാമൂഹ്യമായ പിന്നോക്കം കാരണമാണ് അവര്‍ക്ക് അവിടെ എത്താന്‍ കഴിയാത്തത്. ചിലപ്പോള്‍ മറ്റു വിഭാഗങ്ങളെ തഴഞ്ഞു പോലും അതു ചെയ്യേണ്ടി വരും. ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചും ആംബുലന്‍സിന് പോകേണ്ടി വരും.
1956 മുതല്‍ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സംവരണം നടപ്പാക്കിയിരുന്നുവെങ്കില്‍  സമൂഹം അsപsലം മാറിപ്പോയേനെ. usa യില്‍ സംവരണം സമ്പൂര്‍ണമാണ്.
2000 വര്‍ഷം സംവരണം അനുഭവിച്ചവരാണ് ബ്രാഹ്മണര്‍. നായന്മാരുടെ സംവരണത്തിനായിരുന്നില്ലേ മലയാളി മെമ്മോറിയല്‍ !
സവര്‍ണ പുരുഷാധിപത്യ
പൊതുബോധത്തിന്റെ സംവരണവിരുദ്ധ മനോഭാവത്തോട് ഇത്രയെങ്കിലും ചോദിക്കേണ്ടതില്ലേ!

കുടുംബത്തില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ടെങ്കില്‍
അബോധമായി പോലും അവള്‍ അവന് താഴെയാണ് എന്ന് തോന്നിപ്പിക്കുന്ന പാട്രിയാര്‍ക്കല്‍ മനോഭാവം പ്രവര്‍ത്തിച്ചുകൂടാത്ത,
സ്ത്രീയെന്നും പുരുഷനെന്നും മനുഷ്യാവകാശങ്ങള്‍
വിഘടിച്ചു നില്‍ക്കാത്ത ഫെമിനിസ്റ്റ് / ഹ്യൂമനിസ്റ്റ് കിനാച്ചേരിയാണ് എന്റെ സങ്കല്പറിപ്പബ്ലിക്ക്!

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image