ചരിത്രത്തിന്റെ
അജ്ഞാത സന്ദര്‍ഭങ്ങള്‍

പ്രദീപ് പനങ്ങാട്ഇന്ത്യയില്‍ കമ്മ്യൂണിസ്‌റ് പ്രസ്ഥാനം രൂപം കൊണ്ടത്തിന്റെ 100ആം വര്‍ഷം ആഘോഷിക്കുകയാണിപ്പോള്‍. 100വര്‍ഷം ആയോ എന്ന തര്‍ക്കം കമ്മ്യൂണിസ്‌റ് പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെ നടക്കുന്നുമുണ്ട്. ഇന്ത്യയില്‍ കമ്മ്യൂണിസ്‌റ് പ്രസ്ഥാനം എന്നത് ഏക ശീലരൂപഘടന ഉള്ള ഒന്നല്ല. ദേശത്തിനും കാലത്തിനും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് അത് പിണങ്ങുകയും പിരിയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ എത്ര കമ്മ്യൂണിസ്‌റ് പാര്‍ട്ടികള്‍ ഉണ്ടെന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ല. കമ്മ്യൂണിസ്‌റ് പാര്‍ട്ടിക്കുള്ളിലെ പിളര്‍പ്പ്  എന്നത് ചരിത്രപരമായ ഒരു അനിവാര്യതയായാണ് അവര്‍ പരിഗണിക്കുന്നത്. പിളര്‍പ്പില്ലങ്കില്‍ പ്രസ്ഥാനം ഇല്ല എന്ന സങ്കല്പമാണ് അവര്‍ക്കുള്ളത്. അത് കൊണ്ട് കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിലെ പിളര്‍പ്പ് വാര്‍ത്തയോ വിവാദമോ ആകുന്നില്ല.

നൂറു വര്‍ഷമായിട്ടും ഇന്ത്യയിലെ കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിന് കൃത്യമായ ഒരു ചരിത്രം എഴുതാന്‍ കഴിഞ്ഞോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. നിരവധി ആശയ അടരുകള്‍ ഉള്ള ഒന്നാണ് കമ്മ്യൂണിസ്‌റ് പ്രസ്ഥാനം. ലോകത്തെ എല്ലാ ചലനങ്ങളെയും അവസ്ഥകളെയും അനുഭവങ്ങളെയും വ്യാഖ്യാനിക്കുള്ള പ്രത്യയശാസ്ത്ര ഉപകരണങ്ങള്‍ പ്രസ്ഥാനത്തിനുണ്ട്. വലിയ ബുദ്ധിജീവികളും എഴുത്തുകാരും പത്രപ്രവര്‍ത്തകരും അതിനുള്ളില്‍ ഉണ്ട് . രേഖകളും പ്രമേയങ്ങളും പ്രസ്താവനകളും സൂക്ഷിച്ചിട്ടുണ്ട്. എന്നിട്ടും  ചരിത്ര രചന സാധ്യത സഫലമാകുന്നില്ല.അത് എന്തുകൊണ്ടാവാം

 ഇ എം എസ് : വര : വി ആര്‍ സന്തോഷ്‌ 

ഇന്ത്യയിലെ കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരും നേതാക്കളും ആത്മകഥകളും ഓര്‍മ്മകുറിപ്പുകളും ധാരാളം എഴുതിയിട്ടുണ്ട്. ഇ   എം  എസ്  തന്നെ നിരവധി ഓര്‍മ്മകുറിപ്പുകള്‍ എഴുതി. വ്യക്തിയും പ്രസ്ഥാനവും അതില്‍ ഇടകലര്‍ന്നു വരുന്നുണ്ട്. ഇങ്ങനെ ഓരോ നേതാക്കളുടെയും പുസ്തകങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പക്ഷെ അതിന് നിരവധി പരിമിതികളും ഉണ്ട്. പലപ്പോഴും പാര്‍ട്ടിയുടെ ബാഹ്യമായ രൂപാന്തരങ്ങളോ   സംഘടനാ സംവിധാനങ്ങളുടെ ഔദ്യോഗിക നിലപാടുകളോ രാഷ്ട്രീയ സമരങ്ങളിലെ ത്യാഗങ്ങളോ മാത്രമേ അവതരിപ്പിക്കാറുള്ളു. പാര്‍ട്ടിക്കുള്ളില്‍ നിരന്തരം നടന്ന ആശയപരമായ പോരാട്ടത്തെ കുറിച്ചോ വ്യക്തി പരമായ സംഘര്‍ഷങ്ങളെ പറ്റിയോ നേരിട്ട സന്ദിഗ്ദ്ധതകളെ കുറിച്ചോ വിശദമാക്കാറില്ല. പല ആത്മകഥകള്‍ക്കും ഓര്‍മ്മകുറിപ്പുകള്‍ക്കും ഒരേ സ്വഭാവമാണ് ഉള്ളത്. അനുഭവങ്ങളുടെ അന്തരിക സമസ്യകള്‍ അതില്‍ ദൃശ്യമല്ല. സംഘര്‍ഷങ്ങളുടെ തീഷ്ണത അനുഭവിക്കാന്‍ കഴിയില്ല. ഇ  എം  എസിന്റെ ആത്മകഥകള്‍ തന്നെ ഉദാഹരണം.

കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിന്റെ എല്ലാ സന്ധികളിലൂടെയും കടന്നു പോയ നേതാവാണ് ഇ  എം  എസ്. വ്യക്തി പരമായ പ്രതിസന്ധികളും  ആശയപരമായ അവ്യക്തതകളും രാഷ്ട്രീയമായ പരാജയങ്ങളും അദ്ദേഹം  നേരിട്ടിട്ടുണ്ട്. ആദ്യ കമ്മ്യൂണിസ്‌റ് മന്ത്രിസഭയുടെ കാലത്തും പാര്‍ട്ടി പിളര്‍പ്പിന്റെ സന്ദരര്‍ഭങ്ങളിലും മറ്റും വലിയ ആന്തരിക സംഘര്‍ഷങ്ങള്‍ നേരിട്ടുണ്ടാവും. ആത്മകഥകളിലോ  ജീവചരിത്രങ്ങലിലോ അതൊന്നും പ്രത്യക്ഷമല്ല.  ഇത്തരം അനുഭവങ്ങളും ആകുലതകളും കൂടി ചേരുമ്പോഴേ പ്രസ്ഥാനത്തിന്റെ ചരിത്രം പൂര്‍ണ്ണമാവു. കാരണം വ്യക്തികളുടെ ധിക്ഷണയും ത്യാഗവും സമര്‍പ്പണവും ചേരുമ്പോഴാണ് പ്രസ്ഥാനത്തിന്റെ ചരിത്രം പ്രകാശഭരിതമാവുന്നത്.
അപ്പോഴും ഒരു, ചോദ്യം, കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിന്റെ സമഗ്ര ചരിത്രം എഴുതാന്‍ കഴിയുമോ? ഇന്ത്യയിലെ കമ്മ്യൂണിസ്‌റ് പാര്‍ട്ടികളെയെല്ലാം ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഘടകം കമ്മ്യൂണിസം എന്ന പേരാണെങ്കിലും യോജിപ്പിന്റെ സാധ്യതകളില്ലാത്ത എത്രയോ മേഖലകള്‍ അവര്‍ക്ക്  ഉണ്ട്, പിറവി മുതല്‍ വര്‍ത്തമാനം വരെ. പാര്‍ട്ടി പിറന്നിട്ട് 100വര്‍ഷം ആയില്ല എന്ന വാദം ഉയര്‍ത്തുന്ന കമ്മ്യൂണിസ്‌റ് പാര്‍ട്ടികളുണ്ട്. പിളര്‍പ്പുകളുടെ കാരണങ്ങളെ കുറിച്ച് ഇനിയും വ്യക്തത ഇല്ലാത്തവരുണ്ട്. കാലവും ചരിത്രവും ആശയവും പ്രത്യയശാസ്ത്രവും പാര്‍ട്ടിയും സംഘടനയും എല്ലാം ഏകാഭിപ്രായത്തിന്റെ പരിധിക്കു പുറത്താണ്.ദുര്‍ബലമായ ചരിത്രത്തിന്റെ ചിറകുകള്‍ കൊണ്ട് ഈ പ്രസ്ഥാനത്തിന് കാലത്തെ അതിജീവിക്കാനാവുമോ?

കേരളത്തിലെ കമ്മ്യൂണിസ്‌റ് പാര്‍ടിയുടെ ചരിത്രം  ചിന്ത പബ്ലിക്കേഷന്‍സ് തയ്യാറാക്കികൊണ്ടിരിക്കുകയാണ്. മൂന്നു ഭാഗങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു ആദ്യ കാല ചരിത്രമാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസ്ഥാനം രൂപപ്പെട്ടു വന്നത് വിഭിന്ന സാമൂഹിക രാഷ്ട്രീയ സന്ദരര്‍ഭങ്ങളിലൂടെയാണ്. സമരങ്ങള്‍ക്കും പരിപാടികള്‍ക്കും വ്യത്യസ്ത സ്വഭാവങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവിതാംകൂറിലേയും  മലബാറിലേയും പ്രസ്ഥാനത്തിന്റെ അടിത്തറ ഒരു പോലെ ആയിരുന്നില്ല  വര്‍ഗ സമീപനങ്ങളില്‍ പോലും വ്യത്യസ്തത  ഉണ്ടായിരുന്നു. ഇതെല്ലാം ഏകോപ്പിച്ചുകൊണ്ട് ചരിത്രം സമഗ്രമാക്കുക വെല്ലുവിളി ആയിരിക്കും.പാര്‍ട്ടി സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളിയാണ് പാര്‍ടി ചരിത്രരചനയിലും അഭിമുഖികരിക്കുന്നത്. ചരിത്രത്തെ പുതുക്കി പണിയാന്‍ വരുന്നവര്‍ ചരിത്രത്തിനു മുന്നില്‍ കീഴടങ്ങുകയാണോ?

 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image