2021

പ്രതീക്ഷയുടെ തിരിനാളവുമായി
 2021 പിറക്കുമ്പോള്‍
 
സനൂബ് ശശിധരന്‍
........

'ഹലോ മാഡം. ഞാന്‍ ഹരിയാണ്. പുതിയ വണ്ടിയെകുറിച്ച് സംസാരിക്കാനാണ്. നേരത്തെ നമ്മള്‍ സംസാരിച്ചിട്ടുണ്ടല്ലോ. ഞങ്ങള്‍ മാഡത്തിന്റെ വീടിന് പുറത്തുണ്ട്. മാഡത്തിന് വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്യുകയും ചെയ്യാം.'  
'അയ്യോ ഹരി. സോറി. ഇപ്പോള്‍ കാണാന്‍ പറ്റില്ല. സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ല. ഇതൊക്കെ ഒന്ന് മാറട്ടെ നമുക്ക് പിന്നീട് സംസാരിക്കാം.'
'അല്ല മാഡം ഞങ്ങള്‍ ഇത് മൂന്നാം തവണയാണ് വരുന്നത്. വണ്ടിയും കൊണ്ടുവന്നിട്ടുണ്ട്...'
'വേണ്ട ഹരി. ഇപ്പോള്‍ വേണ്ട. കുറച്ചുകൂടി കഴിയട്ടെ...'

ഇതൊരു സാങ്കല്‍പിക സംഭവമല്ല. പോയവര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലകുറി അരങ്ങേറിയ സംഭവമാണ്. സാമ്പത്തിക മാന്ദ്യമല്ല ഇതിന് കാരണം. കൊവിഡ് എന്ന മഹാമാരി മനുഷ്യനില്‍ ഏല്‍പ്പിച്ച മാറ്റമാണിത്. ഭയന്ന്, ആരെയും ഒന്ന് കാണാന്‍ പോലും തയ്യാറാകാതെ വീടിന്റെ ചുവരുകളിലേക്ക് ഒതുങ്ങി ജീവിക്കേണ്ടിവന്ന മനുഷ്യന്‍. ആഘോഷങ്ങള്‍ക്ക്, പാര്‍ട്ടികള്‍ക്ക്, ഉത്സവങ്ങള്‍ക്ക്, യാത്രകള്‍ക്ക് അങ്ങനെയെല്ലാത്തിനും അവധി നല്‍കിയ വര്‍ഷമാണ് കടന്നുപോയത്.  2020


ലോകം പ്രതീക്ഷയോടെ കാത്തിരുന്നതാണ് ഈ മാജിക്കല്‍ വര്‍ഷത്തെ. പക്ഷെ എല്ലാപ്രതീക്ഷകളേയും തകിടം മറിച്ച് ലോകത്തെ മുഴുവനും ഭീതിയുടെ നിഴലിലാക്കിയാണ് ഈ വര്‍ഷം കടന്നുപോയത്. കൊറോണ വൈറസ് വിതച്ച നാശം അത്രയേറെയായിരുന്നു. ജനങ്ങളെ മുഴുവനും അടച്ചിട്ട നാലു ചുവരിനുള്ളിലാക്കി, അകലത്തായിരുന്നു അടുപ്പം കൂട്ടാന്‍ പഠിപ്പിച്ച്, മാസ്‌ക്ക് ശരീരത്തിന്റെ ഒരു ഭാഗമാക്കി, സാനിറ്റൈസറും ഹാന്റ് വാഷും ജീവിതരീതിയാക്കി മാറ്റി, വിര്‍ച്വല്‍ ലോകത്തേക്ക് മനുഷ്യനെ ആട്ടിയകറ്റിയാണ് 2020 യാത്രയായത്. ആഘോഷങ്ങളും ആരവങ്ങളുമൊന്നുമില്ലാതെ വിശേഷദിവസങ്ങളും പ്രിയപ്പെട്ടവരോട് ഒരു നോക്ക് കാണാതെ അന്ത്യയാത്രാമൊഴി ചൊല്ലേണ്ടിവന്നതും ലക്ഷകണക്കിന് പേര്‍ക്കാണ്. 2020 ല്‍ കൊറോണയും അപകടങ്ങളുമെല്ലാം കവര്‍ന്നെടുത്ത വിലപ്പെട്ട ജീവിതങ്ങളില്‍ കലാ കായിക സാംസ്‌ക്കാരിക രംഗങ്ങളിലെ ആയിരങ്ങളുണ്ട്. അവിശ്വസനിയതയോടെയാണ് ലോകം പലമരണങ്ങളും കേട്ടത്. നശിച്ചവര്‍ഷമാണ് 2020 എന്ന് ശപിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത്രമാത്രം വേദനയും നിരാശയുമാണ് പോയവര്‍ഷത്തിന്റെ ശേഷിപ്പ്.  

2020 പടിയിറങ്ങുമ്പോള്‍ പ്രതീക്ഷയുടെ കിരണങ്ങളും വിടരുന്നുണ്ട്. കൊറോണയെ തുരത്താന്‍ വാക്‌സിന്‍ വന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം വാക്‌സിന്‍ ഉപയോഗം ആരംഭിച്ചുകഴിഞ്ഞു. പുതുവര്‍ഷത്തില്‍ ഇന്ത്യയടക്കം മറ്റ് പലരാജ്യങ്ങളും വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങും.
2020 ലെ പല തീരുമാനങ്ങളും നടപ്പാക്കാനാവാതെ പോയവരാണ് ലോകത്തിലെ ഭൂരിഭാഗം പേരും. പോയവര്‍ഷത്തെ ന്യൂഇയര്‍ റെസലൂഷന്‍ അതേപ്പടി വരും വര്‍ഷത്തിലേക്ക് മാറ്റിവെക്കുന്നവരും ഏറെയാണ്.


2021 കൊവിഡ് ഫ്രീയാകണമെന്നാണ് ഏവരുടേയും ആഗ്രഹം. കൊവിഡ് വാക്‌സിന്‍ ഏവര്‍ക്കും ലഭ്യമാകുന്ന ദിവസം കാത്ത് കഴിയുകയാണ് എല്ലാവരും. യുവതയെയാണ് പോയവര്‍ഷം ഏറെ സങ്കടപ്പെടുത്തിയത്. 2020 എന്ന വര്‍ഷം അടിച്ചുപൊളിക്കാന്‍ തീരുമാനിച്ച് ഒടുവില്‍ സുഹൃത്തുക്കളെ പോലും വാട്‌സ് അപ്പിലും ഗൂഗിള്‍ മീറ്റിലുമെല്ലാം കണ്ട് സംസാരിച്ച് തൃപ്തിയടയേണ്ടി വന്നതിന്റെ സങ്കടം അവര്‍ക്ക് തീരുന്നില്ല. വരും വര്‍ഷത്തില്‍ അതെല്ലാം പരിഹരിക്കാനാണ് പലരുടേയും പദ്ധതി.  2019 ലേതുപോലെ മാസ്‌ക്കും ഭയവുമില്ലാതെ ഇറങ്ങി നടക്കാമെന്നും ഏവരുമായി ഇടപഴകാമെന്നും എല്ലാവരും ആഗ്രഹിക്കുന്നു.

മാറ്റിവെക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകളാണ് വലിയൊരുവിഭാഗത്തിന്റെ സങ്കടം. ലഡാക്കിലേക്കും മണാലിയിലേക്കുമെല്ലാം സോളോ ട്രിപ്പുകളും ഗ്രൂപ്പ് ട്രിപ്പുകളുമെല്ലാം പ്ലാന്‍ ചെയ്ത് ഒടുവില്‍ ഗൂഗിള്‍ എര്‍ത്തില്‍ യാത്ര ചെയ്യേണ്ടിവന്ന സഞ്ചാരികള്‍. വരും വര്‍ഷം യാത്രകളുടേതാക്കാനാണ് യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന തീരുമാനം. കൊവിഡിന്റെ നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതോടെ ഇതെല്ലാം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

'കഴിഞ്ഞവര്‍ഷം പലയാത്രകളും പ്ലാന്‍ ചെയ്തതാണ്. പക്ഷെ ഒന്നും നടന്നില്ല. അതെല്ലാം ഈ വര്‍ഷം നടത്തണമെന്നാണ് ആഗ്രഹം. കൊവിഡ് മാറി, നിയന്ത്രണങ്ങള്‍ ഒഴിയുന്നതോടെ ബുള്ളറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഇന്ത്യന്‍ ടൂര്‍.. ആ ആഗ്രഹം 2021 ല്‍ നടക്കുമെന്ന് പ്ര്തീക്ഷിക്കുന്നു. ഒപ്പം പുതിയതും പഴയതുമായ കൂട്ടുകാരെയെല്ലാം കാണണം. അവര്‍ക്കൊപ്പം മാസ്‌ക്കും സാനിറ്റൈസറുമൊന്നുമില്ലാത അവരെയെല്ലാം ഒന്ന് കെട്ടിപിടിക്കണം...' , സഞ്ചാരപ്രിയയായ കണ്ണൂര്‍ സ്വദേശിനി ജിസ്‌ന പ്രതീക്ഷയിലാണ്.

ജിസ്ന

അപ്പോഴും പക്ഷെ ആശങ്കകളുണ്ട് ഇവര്‍ക്ക്. പോകുന്നയിടത്തെ ഹോട്ടലുകള്‍, പൊതുടോയിലറ്റുകള്‍, റസ്‌റ്റോറന്റുകള്‍ എല്ലാം സെയിഫായിരിക്കുമോയെന്ന്. അത്തരം ആശങ്കകള്‍ ഉണ്ടെങ്കിലും യാത്രചെയ്യാന്‍ തന്നെയാണ് ഇപ്പോഴത്തെ തീരുമാനം. സാധിക്കുമെന്ന പ്രതീക്ഷയില്‍ ജിസ്‌നയെ പോലെ എത്രയെത്ര യാത്രികര്‍.

 

കെസിയും അപ്പു മരായിയും

2012 -നെ അത്രമോശമല്ലാതെ കാണുന്നവരും നമുക്കിടയിലുണ്ട്. തന്നിലേക്ക് തന്നെ ചുരുക്കിയെങ്കിലും ഒരുപാട് സ്വപ്‌നം കാണാനും എഴുതാനുമെല്ലാം ഈ ദിവസങ്ങള്‍ ഉപയോഗപ്പെടുത്തിയര്‍. ക്രിയേറ്റിവായി പലതും ചെയ്യാന്‍ ഈ സമയം സമര്‍ത്ഥമായി ഉപയോഗിക്കാനായി എന്നാണ് യുവസംവിധായകനായ അപ്പു മാരായിയുടെ പക്ഷം.  
' സ്വപ്‌നമെന്ന മൂന്നക്ഷരത്തില്‍ നമ്മള്‍ ഒതുക്കിവെച്ച പലതും നടന്നില്ലെങ്കിലും കുറേയധികം സ്വപ്‌നങ്ങള്‍ കൂടി കാണാന്‍ 2020 നമുക്ക് സമയം തന്നു. ഒരുപാട് വായിക്കാനും എഴുതാനും സിനിമകള്‍ കാണാനുമെല്ലാം ഈ സമയം വിനിയോഗിച്ചു. മറ്റൊന്നും ചെയ്യാനില്ലായിരുന്നുവെന്നതിനാല്‍ തന്നെ കുറേ പദ്ധതികളും ആസൂത്രണം ചെയ്തുവെച്ചിട്ടുണ്ട്. അതെല്ലാം യാഥാര്‍ത്ഥ്യമാക്കാനുള്ള വര്‍ഷമാണ് 2021. കുറേ കഥകള്‍ മനസിലുണ്ട്. ചിത്രീകരിക്കണം....'. അപ്പുവിന്റെ സ്വപ്‌നങ്ങളിലും പ്രതീക്ഷകളിലും 2021 നൊപ്പം തന്നെ 2020 നിറയുന്നുണ്ട്.

സിനിമകളെ കുറിച്ചുള്ള അപ്പു മാരായി നിര്‍ത്തിയിടത്ത് നിന്ന് കൂട്ടുകാരി കെസിയ തുടരുന്നു. തിയ്യേറ്ററുകള്‍ അടഞ്ഞ് കിടന്നതാണ് മാധ്യമപ്രവര്‍ത്തകയും സഹസംവിധായികയുമായ കെസിയയെ സംബന്ധിച്ച് 2020 ന്റെ ഏറ്റവും വലിയ നഷ്ടം.
'ഈ വര്‍ഷം തിയ്യേറ്ററുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ. തിയ്യേറ്ററിന്റെ ആംപിയന്‍സില്‍ ഇരുന്ന് സിനിമ കാണുന്നതാണ് 2021 ലെ വലിയ സ്വപ്നം. ചിത്രങ്ങളുടെ തിയറ്റര്‍ റിലീസ് അത്രമേല്‍ ആഗ്രഹിക്കുന്നുണ്ട്.'  തീര്‍ന്നില്ല കെസിയയുടെ 2021 ലെ സ്വപ്നം. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഒരു സിനിമയെന്ന ആഗ്രഹവും ഈ വര്‍ഷത്തില്‍ സാക്ഷാത്ക്കരിക്കണം...

ജിജോ മോഡി


രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും അത്ര സുഖകരമായിരുന്നില്ല 2020 ലെ അനുഭവങ്ങള്‍. ജനങ്ങള്‍ക്കിടയില് ഇറങ്ങി പ്രവര്‍ത്തിക്കുന്നതിന് വലിയ പരിമിതികള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍. പക്ഷെ പൊതുപ്രവര്‍ത്തകരെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ തുറന്നുകിട്ടിയ വര്‍ഷമാണ് കടന്ന് പോയതും. ജനം ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുമ്പോളാണല്ലോ ഒരു പൊതുപ്രവര്‍ത്തകന് പ്രവര്‍ത്തിക്കാനുള്ള സാധ്യതകളും ഏറുന്നത്.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം വലിയ വെല്ലുവിളിയായിരുന്നു. വരാനിരിക്കുന്നത് ഇന നിയമസഭ തിരഞ്ഞെടുപ്പാണ്. അതിനാല്‍ തന്നെ പ്രതിസന്ധികളുടെ 2020 ല്‍ നിന്ന് 2021 അനുകൂലമാകണമെന്നാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആഗ്രഹം. പത്തനംതിട്ട ജില്ലാപഞ്ചായത്തിലേക്ക് ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയായി ജയിച്ചുകയറി ചരിത്രമിട്ട ജിജോ മോഡി വരും വര്‍ഷത്തെ വലിയ പ്രതീക്ഷയോടെയാണ് വരവേല്‍ക്കുന്നത്. ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം.
'നിരവധി കാര്യങ്ങളുണ്ട് ചെയ്തുതിര്‍ക്കാന്‍. പോയവര്‍ഷം കൊവിഡിനെ തുടര്‍ന്ന് പലപദ്ധതികളും പലസ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം തീര്‍്ക്കാനായിട്ടില്ല. അതെല്ലാം തീര്‍ക്കണം. '
വിദ്യാലയങ്ങളും കലാലയങ്ങളും പൂര്‍ണമായും അടഞ്ഞ് കിടന്ന ചരിത്രത്തിലെ ആദ്യത്തെ വര്‍ഷമാണ് കടന്നുപോയത്. കൂട്ടുകാരെ കാണാതെ കുട്ടികളും കുട്ടികളെ കാണാതെ അധ്യാപകരും ഒരുപോലെ സങ്കടപ്പെട്ട വര്‍ഷം. ആദ്യമായി കോളേജില്‍ ചേര്‍ന്നിട്ട് ഒരു ദിവസം പോലും പോകാനാവാതെ, കോളേജിന്റെ രസം ഇപ്പോഴും രുചിക്കാനറിയാതെ പോയ ആദ്യവര്‍ഷക്കാര്‍. അവസാനവര്‍ഷം പ്രിയകൂട്ടികാര്‍ക്കൊപ്പം അടിച്ചുപൊളിച്ചൊരു സ്റ്റഡി ടൂറുപോകാനോ എന്തിന് യാത്രയയപ്പിനോ യോഗം ഇല്ലാതെ പോയ അവസാനവര്‍ഷക്കാര്‍...അവരുടെ പ്രതിക്ഷകളും സങ്കടങ്ങളുമെല്ലാം 2021 ലേക്കാണ് ഉറ്റുനോക്കുന്നത്. ഈ വര്‍ഷമെങ്കിലും കലാലയത്തിലെ പൂമരചുവട്ടിലും വഴിയിലുമെല്ലാം ഒത്തുചേരാമെന്ന്്.
ഓണ്‍ലൈന്‍ ക്ലാസെടുത്ത് മടുത്തിരിക്കുകയാണ് അധ്യാപകരും. വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ട് ക്ലാസെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം തുറന്നുപറയുകയാണ് അധ്യാപികയായ ശ്യാമപൂജ.
'മേശയില്‍ തട്ടി കുട്ടികളോട് സൈലന്‍സ് എന്ന് പറഞ്ഞ് ഞെട്ടിച്ച്, ചിരിച്ചും ദേഷ്യപ്പെട്ടുമെല്ലാം ക്ലാസെടുക്കുന്നത് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ക്യാപസിലൂടെ കുട്ടികളുടെ വിശേഷങ്ങള്‍ കേട്ട് അവര്‍ക്കൊപ്പം അവരിലൊരാളായി ചേര്‍ന്ന് പഠിപ്പിക്കുന്നത് ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്ക് കിട്ടില്ല. മാത്രവുമല്ല, ഓണ്‍  ലൈന്‍ ക്ലാസ് വല്ലാതെ ബോറിങ്ങാണ് കു്ട്ടികളുടെ പ്രതികരണമോ ഇന്‍വോള്‍വ്‌മെന്റോയില്ല...ബോറാണ്. അതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കുന്നു...പിന്നെ കോളേജിലേക്കുള്ള യാത്രകള്‍. അതെല്ലാം തിരികെ ലഭിക്കുന്ന വര്‍ഷമാകട്ടെ 2021.. പിന്നെ സ്വപ്‌നത്തില്‍ പോലും 2020 കടന്നുവരരുതെന്ന പ്രാര്‍ത്ഥനയും..' ശ്യാമപൂജയുടെ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും ഇങ്ങനെ നീളുന്നു...

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളുണ്ട് എന്നത്് പ്രസിദ്ധമായ ഒരു പരസ്യവാചകമാണ്. സ്വപ്‌നങ്ങള്‍ കാണാനും. അനുഭവത്തില്‍ നിന്നാണ് മനുഷ്യന്‍ പാഠം പഠിക്കുകയെന്നല്ലേ. 2020 നമ്മെ ഒരുപാട് പാഠിപ്പിച്ചു. ആ പാഠത്തില്‍ നിന്നാണ് പുതിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ 2021 നമ്മെ പ്രേരിപ്പിക്കുന്നത്. ഒരു വൈറസിന് നമ്മുടെ സ്വസ്ഥതയെ, ജീവിതത്തെ ആകെ മാറ്റിമറിക്കാന്‍ സാധിച്ചിരിക്കാം. പക്ഷെ നമ്മെ തോല്‍പിക്കാനായിട്ടില്ല. തോറ്റുകൊടുക്കാന്‍ മനസില്ലാത്തവരായി, പ്രതീക്ഷയോടെ ഒറ്റക്കെട്ടായി 2021 നെ നമുക്ക് വരവേല്‍ക്കാം. 2020 ല്‍ സാധ്യമാകാതെ പോയത് 2021 ല്‍ യാഥാര്‍ത്ഥ്യമാക്കാം. പിറന്നിരിക്കുന്നത് പ്രതീക്ഷയുടെ പുതുകിരണങ്ങളാണ്.  
 
 


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image