ഉയിര്‍പ്പ്

മിഥുന്‍ കൃഷ്ണഞാന്‍ കിടപ്പിലേക്ക് വീണ ആദ്യദിവസമല്ല ഇന്ന്. എന്നത്തെയും പോലെ മേഘങ്ങള്‍ എന്റെ വീടിനെ തള്ളിമാറ്റി പിന്നോട്ട് കുതിക്കുന്നു. എന്താണ് സംഭവിച്ചത് / സംഭവിക്കുന്നത്  ? ആരോടെങ്കിലും ചോദിക്കുകയെന്നുവെച്ചാല്‍ ആരോട്? നിശ്ചയമില്ല. ഈ മുറിയില്‍,   കാണുന്ന എല്ലാത്തിനോടും ഞാന്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ആരൊക്കയോ വന്നിരുന്നു. കുറച്ചുനേരം ഇരുന്ന് ഇതുവരെ കേള്‍ക്കാത്ത, കാണാത്ത കാര്യങ്ങള്‍ സംസാരിച്ച് മടങ്ങി. ചിലര്‍ അക്ഷരങ്ങള്‍ പഠിപ്പിച്ചു. അച്ഛനും അമ്മയും ഉണ്ടായിരുന്നുവെന്ന് അവരില്‍ ചിലര്‍ പറഞ്ഞു. അവര്‍ തന്നെ പറഞ്ഞുതന്നു അച്ഛനും അമ്മയും ആരാണെന്നും. അയല്‍ക്കാരാണെന്ന് പറഞ്ഞ് മൂന്ന് നാലു മുഖങ്ങള്‍ ഇപ്പോഴും വന്നുപോകും. അവരുടെ പേര് ഇതുവരെ ചോദിച്ചിട്ടില്ല. അതില്‍ എന്നോട് ഏറ്റവും അടുത്തുപെരുമാറുന്നവന്‍ എന്റെ ചങ്കുബ്രോ ആണെന്ന് അവകാശപ്പെടുന്നു. ചങ്ക് എന്നാണത്രേ അവനെ ഞാന്‍ വിളിച്ചിരുന്നത്. കറുത്ത കുപ്പായമിട്ടയാള്‍ വന്ന് അന്ന് അപകടംപറ്റിയതിന്റെ കേസ് നടത്തിപ്പിനെന്നു പറഞ്ഞ് ചില പേപ്പറുകളില്‍ സ്വാധീനം നഷ്ടപ്പെട്ട എന്റെ വലതുകയ്യുടെ വിരലടയാളം പതിപ്പിച്ച് മേശപ്പുറത്തെ പുസ്തകത്തില്‍ മടക്കിവെച്ച ചുരുണ്ട ഗാന്ധിതലകളില്‍ വേണ്ടതുമാത്രം എടുത്ത് തിരിച്ചുപോകുന്നു. എന്നാണ് /എങ്ങനെയാണ് അപകടം പറ്റിയതെന്ന് മാത്രം അയാള്‍ എന്നോട് പറയുന്നില്ല.
രാവിലെ പത്തുമണിയോടെ തുളുമ്പുന്ന മാറിടമുള്ള, അലസമായി സാരി ധരിച്ച, ഇരുണ്ട, എണ്ണമയമുള്ള സ്ത്രീ രണ്ടാംനിലയിലുള്ള എന്റെ മുറിയിലേക്ക് വരുന്നതുകണ്ടിട്ടില്ലേ? അവളാണ് ആ പുസ്തകത്തില്‍ കറുത്തകുപ്പായക്കാരനും ഫിസിയോതെറപ്പിസ്റ്റിനുമുള്ള പണം വെക്കുന്നത്. ജാലകത്തിന് പുറത്ത്, തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍. (ഒരിക്കല്‍ അവള്‍ തന്നെയാണ് അത് കുട്ടികളാണെന്നും ആ കളിക്കുന്നത് ക്രിക്കറ്റാണെന്നും പറഞ്ഞത്.) ഇതാണ് അവള്‍ വരുന്നത് വരെ ഈ ജാലകത്തിന് പുറത്തു എനിക്കു ലഭിക്കുന്ന ഏറ്റവും സുന്ദരമായ കാഴ്ച.
അവള്‍ ആ മുറിയോട് ചേര്‍ന്ന അടുക്കളയിലെ തട്ടിന്‍പുറത്തെ പഴയ ഹോര്‍ലിക്‌സ് കുപ്പിയെടുത്ത് അതില്‍ തലേദിവസത്തെ രാത്രിക്ക് കോട്ടയത്തെ റബറ് മൊതലാളി കൊടുത്ത തിളക്കമുള്ള ഗാന്ധിതലകള്‍ തിരുകിവെക്കുകയാണ്. അയാള്‍ പറഞ്ഞതെല്ലാം ചെയ്തുകൊടുത്തതിന് പ്രത്യേകം സമ്മാനിച്ച ചെറിയ പച്ചകല്ലുള്ള ആ വെള്ളിമോതിരം ഒരിക്കല്‍ കൂടി വിരലിലണിഞ്ഞ് പാകമല്ല എന്നുറപ്പുവരുത്തി അവള്‍ പുറത്തെ വെള്ളപ്പൂപ്പല്‍ വിരാജിച്ച അഴുക്കുചാലിലേക്ക് എറിയുന്നതു കണ്ടു.  അത് അഴുക്കുചാലിലെ കൊഴുത്തവെള്ളത്തിലേക്ക് വീണ് ചിതറിയപ്പോള്‍ തലേദിവസം രാത്രി മുതലാളി അവളുടെ മുഖത്തേക്ക് ചീറ്റിയ കൊഴുപ്പുള്ള ദ്രാവകം അവള്‍ ഓര്‍ത്തിരിക്കാം.
കട്ടിലിനിരികില്‍നിന്ന് സ്പൂണില്‍ കഞ്ഞി വായിലേക്ക് ഒഴിച്ചുതരുമ്പോള്‍ അവളുടെ കണ്ണുകളിലേക്ക് ഞാന്‍ ഉറ്റുനോക്കി. എന്റെ നീണ്ടതാടിരോമങ്ങള്‍ക്കിടയില്‍ തടഞ്ഞുനിന്ന വറ്റ് കളയാന്‍ അവള്‍ വിരല്‍ നീട്ടിയപ്പോള്‍ നീരസത്തോടെ മുഖം പിന്നോട്ടേക്ക് വലിക്കാനാണ് തോന്നിയത്. ''ശരിയാണ് എന്നെ തൊടുന്നതുപോലും അശുദ്ധിയാണെന്ന് കഴിഞ്ഞ ഒന്നിനെകുറിച്ചും ഓര്‍മയില്ലാത്ത നിനക്ക് പോലും അറിയാം'' എന്നുപറഞ്ഞവള്‍ വിതുമ്പി വേഗത്തില്‍ മുറിവിട്ടു പുറത്തിറങ്ങി.
വര്‍ക്ക് ഏരിയയിലെ അഴിക്കമ്പിയില്‍ മുഖം ചേര്‍ത്തുനില്‍ക്കുന്ന അവളെ എനിക്കു കാണാം. കണ്ണുപൊടിയുന്നുണ്ട്. അവളത് തുളുമ്പാതെ നോക്കുന്നു. വീണിടമല്ല; വഴുതിപോയ ഇടമാണ് ഓര്‍ത്തുവെയ്‌ക്കേണ്ടത് എന്ന് അവള്‍ ഇടക്കിടെ പറയുന്നതു കേള്‍ക്കാറുണ്ട്. എങ്കില്‍ എവിടെയാണ് ഞാന്‍/അവള്‍ വഴുതിപോയത്.?
അവള്‍ ഈ വീട്ടിലേക്ക് കയറി വന്ന ദിവസം എനിക്ക് ഓര്‍മയുണ്ട്. ശരിക്കും അവള്‍ക്ക് ശേഷമുള്ള നാളുകള്‍ എനിക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നു. രണ്ടുവര്‍ഷമായിട്ടുണ്ടാകും. ചങ്കാണ് അവളെ ഇവിടേക്ക് കൊണ്ടുവന്നത്. കിടപ്പിലായ ഒരാള്‍ക്കൊപ്പം ഒരു രാത്രി കഴിയാന്‍ താത്പര്യമുണ്ടോയെന്നായിരുന്നു അവന്റെ ചോദ്യം. ഓറഞ്ച് നിറമുള്ള അഞ്ച് നോട്ടും കയ്യില്‍ തെരുപ്പിച്ചായിരുന്നു ആ ചോദ്യം.
ചങ്കിന്റെ പുതിയ മൊബൈല്‍ ഫോണിലാണ് ഞാന്‍ ആദ്യമായി തുണിയിരിഞ്ഞ പെണ്ണിനെ കാണുന്നത്. അത് പെണ്ണാണെന്നും ആണിന്റെ സന്തോഷം അവളിലാണ് എന്നും അവന്‍ പറഞ്ഞു. ചങ്കും ആ പെണ്ണും എന്തെല്ലാമോ ചെയ്യുന്നു. ആ കാഴ്ച എന്റെ അരക്കെട്ടിനകത്ത് തീപ്പെട്ടിക്കൊള്ളി ഉരസുമ്പോഴുള്ള ഒരു ഇക്കിളി ഉണര്‍ത്തി. ആ നിമിഷം തന്നെ ആയിരുന്നു ചങ്കിന്റെ ചോദ്യം നിനക്കും വേണോ ഡാ? ഒന്നുംപറഞ്ഞില്ല. ചങ്ക് പോയികഴിഞ്ഞിട്ടും കണ്ണില്‍നിന്നും പെണ്ണുടല്‍ മാഞ്ഞുപോയില്ല.
രണ്ടുദിവസം കഴിഞ്ഞ് തുളുമ്പുന്ന മാറിടമുള്ള, ആ എണ്ണകറുമ്പി; ഫോണില്‍ അവനൊപ്പം കണ്ട ആ പെണ്ണുമായി ചങ്ക് പ്രത്യക്ഷപ്പെട്ടു. ഇവളെ ഇങ്ങനെ കണ്ടോട്ടെ കറുപ്പിന് ഏഴഴകാ. പിന്നെ തീയാണ്... ആണിനെ ചുട്ടുകളയുന്ന തീ... ചങ്ക് അവള്‍ക്കുനേരെ കണ്ണിറുക്കി. ഇന്ന് നിന്റെ ബര്‍ത്ത് ഡേ അല്ലേ. ഇത് എന്റെ ഗിഫ്റ്റ്! അവന്‍ പൊട്ടിചിരിച്ചു. ''ഈ എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത ചെക്കനെ ഞാനെന്തുചെയ്യാനാ'' അവള്‍ കോപിച്ചു. പൈസ എണ്ണി വാങ്ങിയതല്ലേ നീ എന്തേലും ചെയ്യ് എന്നു പറഞ്ഞു ചങ്ക് മുറിവിട്ടുപോയപ്പോള്‍ അവള്‍ എന്റെ അടുത്തേക്ക് നിന്നു. ഉടഞ്ഞമാറും വരയിട്ട വയറും... അവള്‍ എന്റെ കയ്യെടുത്ത് അവളുടെ നാഭിയില്‍ വെച്ചു. കയ്യ് തട്ടിമാറ്റി ഞാന്‍ മുഖം തിരിച്ചു. ''ഐസിന് തീപിടിക്കില്ല...'' അഴിച്ചിട്ട വസ്ത്രങ്ങള്‍ എടുത്തണിയുമ്പോള്‍ അവള്‍ ദേഷ്യത്തോടെ പിറുപിറുത്തു. നാശം ഒരു ദിവസംപോയികിട്ടി. പേഴ്‌സുതുറന്ന് ഓറഞ്ചുനിറമുള്ള അഞ്ച് നോട്ടുകള്‍ എന്റെ ബെഡിലേക്ക് എറിഞ്ഞ് അവള്‍ പോകാനിറങ്ങുമ്പോള്‍ എന്റെ കണ്ണുകള്‍ ഇറനണിഞ്ഞിരുന്നു. പൈസ എടുത്തോളൂ... വെറുതേ ദിവസം കളയണ്ട... ഞാന്‍ പറഞ്ഞു. ഒരടി മുന്നോട്ട് നടന്ന അവള്‍ നിന്നു. വെറുതെ എന്തിനാ എനിക്ക് പണം. കാര്യം ശരീരം വിറ്റിട്ടാണെങ്കിലും അധ്വാനിക്കുന്ന പണമെ എനിക്കു വേണ്ടൂ.
എനിക്കിത്തിരി കഞ്ഞി ഉണ്ടാക്കി തരുമോ?. നല്ല വിശപ്പ്. ഇന്ന് ആരെങ്കിലും കഞ്ഞികൊണ്ടുവരുമോ എന്നുപോലും അറിയില്ല. ഞാന്‍ പറഞ്ഞു. അവള്‍ ഒരുനിമിഷം പകച്ചു. അന്നുമുതല്‍ അവള്‍ വെച്ചുണ്ടാക്കി തന്ന കഞ്ഞി ഇന്നും ഞാന്‍ രുചിക്കുന്നു.
ഒന്നിവിട വരുമോ? എനിക്കൊന്നു കുളിക്കണം. ഞാന്‍പറഞ്ഞു. 'ചങ്ക് കുളിപ്പിക്കാന്‍ വൈകിട്ട് വരാമെന്നല്ലേ പറഞ്ഞത്.'-- അവള്‍ ചോദിച്ചു. വേണ്ട ഇനി മുതല്‍ നീകുളിപ്പിച്ചാല്‍ മതി. എന്റെ വാക്കുകള്‍ക്കൊപ്പം പുറത്തുവന്ന ചൂട് കാറ്റേറ്റ് ഉരുകി അവള്‍ നിന്നു. എന്നെ നീയൊന്നുകെട്ടിപിടിക്ക്. ഏറ്റവും ചൂടേറിയ അഗ്‌നിയിലൂടെ കടന്നുപോകുന്ന ഉരുക്കായി ഈ നിമിഷം എനിക്ക് മാറണം. നിങ്ങള്‍ കണ്ണടച്ചേക്കുക.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image