മറഡോണ-

മനുഷ്യന്‍, മാന്ത്രികന്‍

സനൂബ്‌ ശശിധരന്‍ 

 


...

മറഡോണ
ഫുട്‌ബോളിനെ മതമാക്കിയതും ആ മതത്തിന്റെ പ്രാചാരകനും പ്രവാചകനും ദൈവവുമായത് ഡിയാഗോ അര്‍മാന്റോ മറഡോണയെന്ന അഞ്ചടി അഞ്ചിഞ്ച്കാരനാണ്. വിശന്നൊട്ടിയ വയറിനോട് മൂന്നാം വയസുമുതല്‍ ചേര്‍ത്ത് പിടിച്ച തുകല്‍ ഗോളം ആ മനുഷ്യന് ശരീരഭാഗം തന്നെ ആയിരുന്നു. ആ പന്തിലെ കാറ്റ് തന്നെയായിരുന്നു ആ കുറിയ മനുഷ്യന്റെ ജീവവായു. കളിക്കളത്തിന്റെ അതിര്‍വരമ്പുകള്‍ മായ്്ചുകളഞ്ഞ മറഡോണ ലോകത്തെ പന്തിനുചുറ്റും ഓടാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ഒന്നരമണിക്കൂറില്‍ സാത്താനായും  ദൈവമായും കളം നിറയാന്‍ മറഡോണയ്്ക്കമാത്രം സാധിക്കുന്നതാണ്. ഒറ്റക്കൊരു രാജ്യത്തെ ലോകത്തിന്റെ കിരീടം ചൂടിപ്പിച്ച മറ്റൊരു താരവും ഇല്ല. നൂറ്റാണ്ടിനെ താരവും നൂറ്റാണ്ടിന്റെ ഗോളുമെല്ലാം മറഡോണയുടേതായത് അതിനാലാണ്. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ ഏകതാരവും മറഡോണയാണ്. പുല്‍മൈതാനങ്ങളെ കോരിത്തരിപ്പിച്ച് കളിഭ്രാന്തന്‍മാരുടെ ദൈവമായി വാണപ്പോളും കളത്തിന് പുറത്ത് ഇരുണ്ട ജീവിതത്തിലേക്ക് വീണപ്പോഴും ലോകം മറഡോണയെ വെറുത്തില്ല. വലതുകയ്യില് ചെഗ്വാരയെ പച്ചക്കുത്തിയ മറഡോണ എന്നും തന്റെ ഇടത്രാഷ്ട്രീയം ഉറക്കെ വിളിച്ചുപറഞ്ഞു. സദ്ദാം ഹുസൈനിന്റേയും ഫിദലിന്റേയും കൈപിടിച്ചുകൊണ്ട് തന്റെ അമേരിക്കന് വിരുദ്ധതയും വെളിപ്പെ
ടുത്തി. ഒടുവില്‍ ജീവിതത്തിന്റെ കളിക്കളത്തില് നിന്ന് മറഡോണ വിടുപറയുമ്പോള്‍ ഒരു യുഗം തന്നെയാണ് നിന്നുപോകുന്നത്.


ഇതിഹാസമെന്നതിനപ്പുറം എല്ലാ സാധാരണക്കാരനേയും പോലെ വീഴ്ച്ചകളും പാളിച്ചകളും തെറ്റുകളുമെല്ലാം നിറഞ്ഞതായിരുന്നു മറഡോണയെന്ന താരം. രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാതെ, നിലപാടുകളില്‍ വിട്ടുവീഴ്ച്ചയില്ലാതെ, സഹതാരങ്ങളുമായും ക്ലബുകളുമായും കലഹിച്ച്്,  മയക്കുമരുന്നും അവിഹിത ബന്ധങ്ങളുമെല്ലാം നിറഞ്ഞ ജീവിതം നയിച്ചിട്ടും മറഡോണ ദൈവമായത് കളികൊണ്ട് മാത്രമാണ്. പുല്‍മൈതാനങ്ങളിലെ ഇത്രമേല്‍ ത്രസിപ്പിച്ച, ഗ്യാലറികളെ അത്രമേല്‍ ആരവങ്ങളാല്‍ മുക്കിയ മറ്റൊരു താരം ലോകഫുട്‌ബോളില്‍ ഉണ്ടായിരുന്നുവോയെന്നത് സംശയമാണ്. വിശന്നൊട്ടിയ വയറിനോട് കുട്ടിക്കാലത്ത് തന്നെ ചേര്‍ത്ത് വെച്ച ആ പന്ത് പിന്നീടങ്ങോട്ട് മറഡോണയുടെ ശരീരത്തിന്റെ തന്നെ ഭാഗമായിരുന്നു.

1960 ഒക്ടോബര്‍ 30 ന്  അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസില്‍ ആയിരുന്നു ഇതിഹാസപിറവി.    ഡോണ്‍ ഡീഗോ ഡാല്‍മ - സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമന്‍.  ഡിയാഗോ അര്‍മാന്‍ഡോ മാറഡോണ. ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛന്‍ ഡോണിന്റെ തുച്ഛമായ വരുമാനം മൂന്ന് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും അടങ്ങുന്ന വലിയ  കുടുംബത്തെ  പുലര്‍ത്താന്‍ പര്യാപ്തമായിരുന്നില്ല. അതു കൊണ്ട് തന്നെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായി. മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയില്‍ സമ്മാനമായി നല്‍കിയ പന്ത് ആ പിറവിയുടെ പിന്നിലെ ലക്ഷ്യം രൂപപ്പെടുത്തി..... കാല്‍പ്പന്തുമായുള്ള ഇതിഹാസത്തിന്റെ ആത്മബന്ധം അവിടെ ആരംഭിച്ചു.

ഒമ്പതാം വയസില്‍ നാട്ടിലെ മികച്ചതാരമായി മാറിയ ഇതിഹാസം ആ പ്രദേശത്തെ ഫുട്‌ബോള്‍ ടീമായിരുന്ന 'ലിറ്റില്‍ ഒനിയനി'ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 12-ാം വയസില്‍ ലോസ് സെബോല്ലിറ്റാസ് ക്ലബിലേയ്ക്ക് . അവിടെ നിന്ന് അര്‍ജന്റിനസ് ജൂനിയേഴ്‌സ് ടീമിലേക്ക്. 1976-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇതിഹാസത്തിന് 16 വയസ് തികയാന്‍ 10 ദിവസങ്ങള്‍ ബാക്കിയായിരുന്നു.
 
ബൊ്ക്കാ ജൂനിയേഴ്‌സിലെ മികച്ച പ്രകടനമാണ് അന്നത്തെ റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയിലേക്ക് മറഡോണയെ പറിച്ച് നട്ടത്. ലാലിഗയില്‍ ബാഴ്‌സയുടെ ചടുലമായ മുന്നേറ്റങ്ങള്ക്ക് മാന്ത്രികസ്പര്‍ശം നല്‍കി മറഡോണ സാപെയിനിലെ മൈതാനങ്ങളെ രസിപ്പിച്ചു. കളികളത്തില്‍ മറഡോണയുടെ ലോകം കാറ്റ് നിറച്ച പന്ത് മാത്രമായിരുന്നു. അവിടെ അദ്ദേഹം ദാഹി്ച്ചതും കൊതിച്ചതും ഗോളുകള്‍ മാത്രം. അവിടെ ദീര്‍ഘചതുര കളത്തന്റെ അതിര്‍വരമ്പുകള് മായ്ച്ചുകളഞ്ഞു മറഡോണയെന്ന് മാന്ത്രികന്‍. മധ്യനിരയില്‍ നിന്ന് ഒരു മേളപ്രമാണിയുടെ മെയ്വഴക്കത്തോടെ കളിയെ നിയന്ത്രിച്ചു. അതേമസമയം തന്നെ കളിക്കളത്തിന് പുറത്ത് മദ്യവും നിശാക്ലബും തല്ലും വഴക്കുമെല്ലാം മറഡോണയുടെ ജീവിതത്തിന്റെ ഭാഗമായി.  വാര്‍ത്തകളിലെ വാര്‍ത്തകള്‍ അതിനാല്‍ തന്നെ ബാഴ്‌സയ്ക്ക് തലവേദനയുമായി. സംഘര്‍ഷഭരിതമായിരുന്നു ബാഴ്‌സയിലെ മറഡോണയുടെ ജീവിതം. കണക്കില്‍പെടാത്ത കളികള്‍ പോലും കളിക്കാന്‍ ക്ലബ് പ്രേരിപ്പിക്കുന്നുവെന്ന ആരോപണം മറഡോണയും ഉയര്‍ത്തി. ഇത് തന്നെയായിരുന്നു ബാഴ്‌സവിട്ട് ഇ്റ്റാലിയന്‍ ക്ലബായ നാപ്പോളിയിലേക്ക് പോകാന്‍ നിര്‍ബന്ധിതനാക്കിയത്. അതും അന്നത്തെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക്. കിരീടമോ വലിയ വിജയമോ ഒന്നും അന്നുവരെ ഇല്ലാതിരുന്ന നാപ്പോളിയിലേക്ക് മറഡോണ പോകുമ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏരെയാണ്. പക്ഷെ തന്റെ രാഷ്ട്രീയനിലപാട് കൂടിയാണ് മറഡോണ ആ തീരുമാനത്തിലൂടെ ഉയര്‍ത്തിക്കാണിച്ചത് എന്ന് നിരീക്ഷിക്കുന്നവരും ഏറെയാണ്. തുറമുഖ തൊഴിലാളികളുടെ നഗരമായ നേപ്പിള്‌സിലെത്തിയ മറഡോണ നാപ്പോളി ടീമിന്റെ പില്‍ക്കാല ചരിത്രം തന്നെ രചിച്ചു,.മറഡോണയ്ക്ക് കീഴില്‍, ആ പ്രതിഭയുടെ മികവില്‍ സിരി എ കീരിടം 2 തവണ നാപ്പോളി നേടി. യുവേഫ ചാമ്പ്യന്‍ഷിപ്പും നാപ്പോളിയെന്ന് ഇടത്തരം ടീം മറഡോണയുടെ കരുത്തില്‍ നേടി.

മറഡോണയ്ക്ക് കളിക്കാന്‍, കളി വിജയിപ്പിക്കാന്‍ വന്‍ താരങ്ങളെയൊന്നും ചുറ്റുവേണ്ട. 86 ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ഏതാണ്ട് മറഡോണയുടെ ചിറകില്‍ ഏറിമാത്രമാണ്. ബുറുച്ചാഗോയും ജോര്‍ഗ് വള്‍ഡാനയേയും പോലുള്ള ചുരുക്കം താരങ്ങള്‍മാത്രമായിരുന്നു പേരിനെങ്കിലും വലിയ താരങ്ങളായി ആ ടീമില്‍ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഒറ്റക്ക് മറഡോണ ആ ലോകകപ്പ് അര്‍ജന്‌റീനയിലെത്തിച്ചു. മൈതാനത്തെ ഏത് വിഷമസന്ധിയും പന്ത്് മറികടക്കാന്‍ മറഡോണയെന്ന കളിക്കാരന് സാധ്യമായിരുന്നു. തനിക്ക് ചുറ്റും പ്രതിഭസമ്പന്നരായ കളിക്കാരല്ലെന്നത് ഒരിക്കലും തന്ത്രങ്ങള് മെനയുന്നതിലും സൂത്രപണികള്‍ ചെയ്യുന്നതില്‍ നിന്നും മറഡോണയെ പിന്തിരിപ്പിച്ചില്ല. തനിക്ക് പ്രചോദിപ്പിക്കാന്‍ കഴിയുന്ന നാലുപേര്‍ മാത്രം മതിയായിരുന്നു മറഡോണയ്ക്ക്.  ഏതൊരു കോട്ടകൊത്തളവും പന്തടക്കംകൊണ്ടും വേഗം കൊണ്ടും തന്ത്രം കൊണ്ടും പൊളിച്ചടുക്കാന്‍.  പെലെയുമായി മറഡോണയെ താരതമ്യം ചെയ്യുമ്പോള്‍ മറഡോണയുടെ തട്ട് ഉയര്‍ന്ന് നില്‍ക്കുന്നതും ഇതിനാലാണ്.  
മറഡോണയെന്ന സൂപ്പര്‍ താരത്തിന്റെ ദൈവിക സ്പര്‍ശം വെളിപ്പെടുത്തിയ മത്സരമാണ് ഇംഗ്ലണ്ടുമായി 86 ല്‍ നടന്ന മത്സരത്തിലേതാണ്. പീറ്റര്‍ ഷെല്‍ട്ടണെന്ന ഇംഗണ്ടിന്റെ എക്കാലത്തേയും മഹാനായ ഗോളിയെ ആദ്യം ദൈവത്തിന്റെ കരസ്പര്‍ശം കൊണ്ടും പിന്നീട് മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് ചാട്ടുളിപോലെ പാഞ്ഞ് ഒരു മത്സ്യത്തിന്റെ മെയ്വഴ്ക്കത്തോടെ വെട്ടിയൊഴിഞ്ഞും നേടിയ രണ്ട് ഗോളുകള്‍. നൂറ്റാണ്ടിന്റെ ഗോളായി ഫിഫ തന്നെ തിരഞ്ഞെടുത്തത് ആ സുവര്‍ണഗോളായിരുന്നു

അന്ന് ആ ഗോളിന് കമന്ററി നല്‍കിയ വിഖ്യാതനായ കളിപറച്ചിലുകാരന്‍ വിക്ടര്‍ ഹ്യൂഗോ മൊറാലസ് ദൈവമേ എന്ന് വിളിച്ചത് 13 തവണയാണ്. 'എനിക്ക് കരയാന്‍ തോന്നുന്നു, ഒറ്റ ഓട്ടത്തില്‍, എക്കാലത്തേക്കുമുള്ള നീക്കത്തില്‍ ജീനിയസ് മറഡോണ.... നിങ്ങള്‍ അന്യഗ്രഹത്തില്‍ നിന്ന് വന്ന വിരിഞ്ഞ നെഞ്ചുള്ള കോസ്മിക് പ്രതിഭാസം ആണ്....' മൊറാലസ് കരഞ്ഞുകൊണ്ട് ആ ഗോളിനെ വാക്കുകളാല്‍ വരച്ചിട്ടു.
സുവര്‍ണഗോളെന്ന് ചരിത്രം രേഖപ്പെടുത്തിയ ആ രണ്ടാമത്തെ ഗോളിനെ ഹ്യൂഗോ മൊറാലസ് ഇവ്വിധം രേഖപ്പെടുത്തിയപ്പോള്‍ ആദ്യ ഗോളിന്റെ വിവാദവും വെറുപ്പും മറഡോണതന്നെ മായ്ച്ചുകളയുകയായിരുന്നു..
എത്രപറഞ്ഞാലും തീരില്ല ആസ്്റ്റക്കിലെ ആ ഗോളുകളുടെ വശ്യതയെപറ്റി. ആസ്റ്റക്കിലെത്തുമ്പോള് അര്‍ജന്റീനക്ക് അത് വെറും ലോകകപ്പ് മത്സരം മാത്രമായിരുന്നില്ല. ഇംഗ്ലണ്ടുമായുള്ള യുദ്ധത്തിലെ തോല്‍വിക്ക് കൂടി കണക്ക് തീര്‍ക്കലായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് യുദ്ദസമാനമായ അന്തരീക്ഷം ഉരുണ്ട്് കൂടുമ്പോളും ആസ്റ്റക്കിനകം ശാന്തമായിരുന്നു. കളിയുടെ 51 ആം മിനുട്ടില്‍ മറഡോണ ആ ശാന്തതയുടെ കെട്ട് പൊട്ടിക്കുംവരെ. മറഡോണ തുടങ്ങിവെച്ച അപകടകരമായ മുന്നേറ്റത്തിന്റെ മുനയൊടിച്ച് ഇംഗ്ലീഷ് ഡിഫന്‍ഡര്‍ സ്റ്റീവ് ഹോഡ്ജ് പന്ത് പൊക്കി ഗോളി പീറ്റര്‍ ഷെല്ട്ടണ് മറിച്ചുകൊടുത്ത് നിമിഷത്തെ ഇംഗ്ലണ്ട് കാരിപ്പോഴും വെറുക്കുന്നുണ്ടാവണം, ആറടിക്കാരനായ ഷില്‍ട്ടണ് നീട്ടി പിടിക്കാവുന്ന ഉയരത്തിലേക്ക് മറഡോണയെന്ന് കുറിയവന്‍ പറന്നെത്തുമെന്ന് ആരും സ്പനത്തില്‍ പോലും കരുതിക്കാണില്ല. വെടിയുണ്ട് കണക്കെ ഓഫ് സൈഡ് കെണിയില്‍ നിന്ന് കുതറിയെത്തിയ മറഡോണ ഷില്‍ട്ടണിന് മുന്നില്‍ നിന്ന് ചാടിയപ്പോള്‍ വിജയിച്ചത് മറഡോണയായിരുന്നു. മറഡോണയെ മാര്‍ക്ക് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ടെറി ഫിന്‍വിക്ക് ഓഫ്‌സൈഡിനായി തൊണ്ടകീറുമ്പോള്‍ മറഡോണ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. റഫറിക്കും കമന്റേറര്‍മാര്‍ക്കും ഇഴകീറി നോക്കിയിട്ടും ഒന്നും പിടികിട്ടിയില്ല. ഒരു തെറ്റും കണ്ടെത്താനായില്ല. ആരുടേയും കണ്ണില് അപാകത ഇടംപിടിച്ചില്ല. ചുരുക്കം ചില മാധ്യമപ്രവര്ത്തകരല്ലാതെ. തലയല്ല കൈയ്യാണ് പണിയൊപ്പിച്ചതെന്ന്. ദൈവത്തിന്റെ കൈ ആ ഗോളിന് പിന്നിലെന്ന് പിന്നീട് മറഡോണ. ഫിഫ ഗോളെന്ന് വിധിച്ചതോടെ അത് ഗോളായെന്നും അതിനപ്പുറ മൊ്ന്നുമില്ലെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം തന്്‌റെ ആത്മകഥയിലും ആ ഗോളിനെ മറഡോണ ന്യായീകരിച്ചു.

പക്ഷെ ആ ഗോളിന്റെ കളങ്കം വെറും നാല് മിനുട്ടിനുള്ളില്‍ മറഡോണ മായ്ച്ചുകളഞ്ഞു. മൈതാനമധ്യത്തിനിപ്പുറം സ്വ്ന്തം പകുതിയില്‍ നിന്ന് നടത്തിയ മുന്നേറ്റം. പലപ്പോഴും ഒപ്പം ഓടികയറിയ സഹതാരത്തിന് പാസ് നല്‍കുമെന്ന് തോന്നിപ്പിച്ച് നടത്തിയ മുന്നേറ്റം. കമന്‌ററി പറഞ്ഞവര്ക്ക് പോലും ഒന്നും മനസിലായില്ല. എല്ലാം വെറും പത്ത് സെക്കന്റ് കൊണ്ട് തീര്‍ന്നു. മിഡ്ഫീല്ഡര്‍ ഹെക്ടര്‍ എന്റിക്ക് പന്ത് മറഡോണക്ക് കൈമാറുമ്പോള് ലോകവിസമയത്തിന്‌റെ സമയമാണ് തൊട്ടുമുന്നിലെന്ന് ആര്്ക്കും തോന്നിയില്ല. അതിന്‌റെ ഒരു ലാഞ്ചനയും മറഡോണയുടെ ശരീരഭാഷയിലും കണ്ടില്ല. പക്ഷെ വെറും പത്ത് സെക്കെന്റ് കൊണ്ട് ദൈവത്തിന്റ കാലിലെ അത്ഭുതം ലോകം കണ്ടു. ഇടങ്കാലില്‍ കൊരുത്തെടുത്ത പന്ത് ആ കാലിലെ വിരലുപോലെ ചലിച്ചു. 10 സെക്കന്റ് കൊണ്ട് മൈതാനത്ത് കവിതയെഴുതി മറഡോണ. ആദ്യം പീററര്‍ ബിയേഡ്സ്ലിയെ, പിന്നെ പീറ്റര്‍ റീഡിനെ.... ടെറി ബുച്ചറെ മറികടന്നത് രണ്ട് തവണ, ടെറി ഫെന്‍വിക്ക്...ഒടുവില് സാക്ഷാല്‍ പീറ്റര്‍ ഷില്‍ട്ടണ്‍.... ബോക്‌സിന്റെ ഇടത്തുനിന്ന്  രണ്ട് പ്രതിരോധ ഭടന്മാരെ നിഷ്പ്രഭമാക്കി ഒരു വെടിയുണ്ട്കണക്കെ പന്ത് ചീറി പാഞ്ഞ് വലകുലുക്കിയത് അവിശ്വസനീയതോടെ ലോകം കണ്ടിരുന്നു. ചെകുത്താനില്‍ നിന്ന് ദൈവത്തിലേക്കുള്ള പരകായ പ്രവേശത്തിന് മറഡോണയെടുത്തത് വെറും നാല് മിനുട്ട് മാത്രം,.
ഞങ്ങള്‍ മത്സരമല്ല, യുദ്ധമാണ് ജയിച്ചതെന്ന് മറഡോണ നെഞ്ചുംവിരിച്ച് പ്രഖ്യാപിച്ചു. മെക്‌സിക്കന്‍ ഫോട്ടോഗ്രാഫര് ഒയേഡ കര്‍ബാജലാണ് തലകൊണ്ടല്ല, കൈകൊണ്ടാണ് മറഡോണ ഗോളടിച്ചതെന്ന സത്യം പുറത്തുകൊണ്ടുവന്നത്. വിവാദഗോളിനെ കുറിച്ച് മത്സരശേഷം മറഡോണ പറഞ്ഞത കുറച്ച്് തന്റെ തലകൊണ്ടും കുറച്ച് ദൈവത്തിന്റെ കൈകൊണ്ടുമെന്നാണ്. ഇഗ്ലണ്ട് മറഡോണയെ ചെകുത്താനെന്ന് വിളിച്ചു. അജീവാനന്ത ശത്രുവായി പ്രഖ്യാപിച്ചു. തെല്ലുകുലുങ്ങാത്ത മറഡോണ അത് വഞ്ചനയല്ല വെറും തന്ത്രമെന്ന് നെഞ്ചുവിരിച്ച്, കുറ്റബോധമശേഷമില്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു. ചെറിയ ഒരു വഞ്ചനകൊണ്ട് ജയിക്കാവുന്ന യുദ്ധം ബലം പ്രയോഗിച്ച് വിജയിക്കാന്‍ ശ്രമിക്കരുതെന്ന മാക്കിവില്ലിയന്‍ തത്വത്തിലായിരുന്നു അക്കാര്യത്തില്‍ അന്നും എന്നും മറഡോണ.

പലകുറി മറഡോണയ്ക്ക് കുറ്റബോധം ഉണ്ടായെന്ന് മാധ്യമങ്ങള് അച്ചുനിരത്തി. അന്നെല്ലാം അതിനെ അതിനേക്കാളേറെ പുഛത്തോടെ മറഡോണ തള്ളി. അന്നത്തെ സംഭവത്തോടെ മറഡോണയിലെ ദൈവത്തിന്റെ കൈ അടങ്ങിയിരുന്നുവെന്ന് കരുതേണ്ട. അടുത്ത ലോകകപ്പിലും ആ കൈ ഗോള്‍വലയ്ക്ക് മുന്നില്‍ വെച്ച് പന്തിനുനേരെ നീണ്ടു. പക്ഷെ രണ്ട് വ്യത്യാസം മാത്രം.  ഇത്തവണ എതിരാളി ഇംഗ്ലണ്്ടായിരുന്നില്ല, റഷ്യയായിരുന്നു. ഇത്തവണ ഗോളടിക്കാനല്ല, മറിച്ച് ഗോള്‍ തടുക്കാനായിരുന്നു. ഇത്തവമയും പക്ഷെ റഫറിയോ ലൈന്‍ റഫറിയോ സംഭവം കണ്ടില്ല. പെനാല്‍ട്ടി നിഷേധിക്കപ്പെട്ടു. റഷ്യക്കെതിരെ ബുറുച്ചാഗയും ട്രോഗ്ല്യോയും ഗോളുകള്‍ അടിച്ചു. അര്‍ജന്റീന വിജയിച്ചു. തട്ടിയും മുട്ടിയും അങ്ങനെ 90 ല്‍ അര്‍ജന്റീന ഫൈനല്‍ വരെ എത്തി.

നാല് വര്‍ഷങ്ങള്‍ക്കപ്പുറം 90 ലെ ലോകകപ്പിലും ഏതാണ്ട് ഒറ്റക്ക് തന്നെ മറഡോണ അര്‍ജന്‌റീനയെ ഫൈനലിലെത്തിച്ചു. ഒടുവില്‍ ഒരു ഗോളിന് തോറ്റപ്പോളും ആ മടക്കം വീരോചിതമായിരുന്നു. മയക്ക്മരുന്ന് കേസും മറ്റും വിവാദങ്ങളും സസ്‌പെന്‍ഷനുമെല്ലാം മറഡോണയുടെ ജീവിതത്തെ പിന്നീട് ഇരുളിലാഴ്ത്തി. പക്ഷെ പ്രതിഭയുടെ മിന്നലാട്ടം 94 ലെ ലോകകപ്പിലും മറഡോണയിലുണ്ടായിരുന്നു. ഗ്രീസിനെതിരെ നേടിയ ആ ഗോളിന് പിന്നാലെ എഫ്ിഡ്രിന്‍ എന്ന നിരോധിതമരുന്ന് ഉപയോഗിച്ചതിന് പുറത്താക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ആ ഇടത് കാലില്‍ നിന്ന് ഇനിയുമേറെ ഗോളുകള്‍ പിറന്നേനെ. അന്ന് മറഡോണയുടെ പതനം തകര്‍ത്തെറിഞ്ഞത് അര്‍ജന്റീന എന്ന ടീമിനെതന്നെയായിരുന്നു. മറഡോണക്ക് പിന്നാലെ അര്‍ജന്റീനയും അമേരിക്കന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.

97 ലെ പിറന്നാള്‍ ദിനത്തില്‍ മറഡോണ മൈതാനത്തോട് വിടപറയുമ്പോള്‍ ബൂട്ടഴിച്ചത് ഒരു  യുഗമായിരുന്നു. അധികം ഗോളുകളൊന്നും രാജ്യന്തരമത്സരങ്ങളില്‍ മറഡോണ നേടിയിട്ടില്ല. പക്ഷെ നേടിയവയെല്ലാം നിര്‍ണായമായിരുന്നു. ജയപരാജയങ്ങള്‍ നിശ്ചയിച്ച. മത്സരത്തിന്റെ തന്നെ തലവരമാറ്റിയ എണ്ണം പറഞ്ഞവയായിരുന്നു. ടീം വിജയത്തിനായി കൊതിക്കുമ്പോള്‍, ഗോളിനായി ഗ്യാലറികളും ടീമും ആഗ്രഹിക്കുമ്പോള്‍ ആ കാലുകളുടെ മാന്ത്രികത പ്രവര്‍ത്തിച്ചു.

പിന്നീട് കോച്ചായും ടീം മാനേജറായും കളത്തിലേക്ക് തിരികെ വന്നെങ്കിലും മറഡോണയെന്ന് മാന്ത്രികന് വലിയ നേട്ടമൊന്നും കൈവരിക്കാനായില്ല. ലോകകപ്പില്‍ അര്‍ജന്റീനയെ ക്വാര്‍ട്ടര്‍ വരെ എത്തിച്ച മറഡോണ പിന്നീട് രാജിവെച്ചു. മൈതാനമധ്യത്തില്‍ മേളപ്രമാണിയായി നിറഞ്ഞ കളിക്കാരന് പക്ഷെ ടെക്ക്‌നിക്കല്‍ ഏരിയയില്‍ നിന്ന് മേളം താന്‍ വിചാരിച്ചപോലെ കൊഴുപ്പിക്കാനായില്ല. നല്ല കളിക്കാരന് നല്ല കോച്ചാവാനാകില്ലെന്ന വിമര്‍ശകരുടെ വാദം ഒരുപക്ഷെ മറഡോണയുടെ കാര്യത്തില്‍ ശരിയായിരിക്കാം.

കളത്തില്‍ പന്തുകൊണ്ട് കലഹിച്ച മറഡോണ പുറത്ത് വാക്കുകള്‍കൊണ്ടും കലഹിച്ചു. പെലയുമായി പലകുറി ഏറ്റുമുട്ടി. കൊണ്ടുംകൊടുത്തും നടന്നു. ലയണല്‍ മെസിയെ പോലും നോവിച്ചു. മാധ്യമപ്രവര്‍ത്തകരുമായി കയ്യാങ്കളി മാത്രമല്ല, എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയും ചെയ്തു. എന്തിന് , ആരാധകനെ വരെ കയ്യേറ്റം ചെയ്തു. കളി നിര്‍ത്തിയശേഷവും ഇതെല്ലാം താരം തുടര്‍ന്നു. ഫോട്ടൊയെടുക്കുന്നതിനെ ചൊല്ലിയാണ് ആരാധകനെ തൊഴിച്ചത്. കാമുകിയെ പറ്റി ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചും മറഡോണ വിവാദങ്ങളുടെ പട്ടിക പുതുക്കി. കഴിഞ്ഞ ലോകകപ്പില്‍ നൈജീരിയക്കെതിരായ മത്സരത്തിന്റെ അവസാനത്തില്‍ നടുവിരല്‍ ഉയര്‍ത്തികാണിച്ച് ആഘോഷിച്ചതും വിമര്‍ശനത്തിന് വഴിവെച്ചു. വാര്‍ത്താസമ്മേളനത്തില്‍ പതിവായി മോശം പദം ഉപയോഗിച്ച്തിന് വിലക്ക് നേരിട്ട ചരിത്രവും ഫുട്‌ബോള്‍ ദൈവത്തിനുണ്ട.
കളിക്കളത്തിലെ പ്രതിഭയുടെ ധാരാളിത്തം തന്നെയാണ് ഈ വിവാദങ്ങള്ക്കിടയിലും വെറുക്കപ്പെടാന്‍ കാരണങ്ങള്‍ ആയിരമുണ്ടായിട്ടും മറഡോണ ഇതിഹാസമായി ജ്വലിച്ചുകൊണ്ടേയിരിക്കുന്നത്. എത്രതന്നെ വിവാദങ്ങളുണ്ടാക്കിയാലും കുത്തഴിഞ്ഞ ജീവിതം നയിച്ചാലും മറഡോണ പണ്ട് തട്ടിയ പന്ത് കൊണ്ട് എല്ലാം മായിച്ചുകളയും. ഫുട്‌ബോള് ആരാധകരുടെ മനസില്‍ മൈതാനത്തില്‍ നിരന്തരം ഫൗള്‍ ചെയ്യപ്പെട്ട് കരയുന്ന താരത്തോടുള്ള പ്രണയവും അനുകമ്പയും ആരാധനയും വേഗത്തില്‍ തിരിച്ചെത്തുകയും ചെയ്യുന്നതും അതിനാലാണ്്.

കലഹിക്കാതെ ഒരു പോരാളിക്ക് ജീവിക്കാനാവില്ലെന്നതിന്റെ നേര്‍സാക്ഷ്യമായി പലപ്പോഴും മറഡോണ. പെലെയുമായുള്ള മറഡോണയുടെ വാക്കപോര് പ്രസിദ്ധമാണ്. ബീഥോവനോടും മൈക്കല്‍ ആഞ്ജലയോടും തന്നെ സ്വയം പെലെ സാമ്യപ്പെടുത്തിയപ്പോള്‍ കണക്കറ്റ് പരിഹാസവുമായി മറഡോണയെത്തി. പെലെക്ക് ഈ പ്രായത്തില്‍ വെറെ ചില മരുന്നാണ് വേണ്ടെതെന്ന് താരം തുറന്നടിച്ചു. കളത്തില്‍ ആരാണ് വലിയവനെന്ന ചര്‍ച്ച കൊടുമ്പിരികൊള്ളുമ്പോളും വാക്ക് പോരില്‍ ആരാണ് മികച്ചവനെന്ന ഉത്തരവും താരം പലപ്പോഴും തന്നു. ലയണല്‍ മെസിയുടെ നേതൃപാടവത്തില്‍ മറഡോണ ഒട്ടും തൃ്പതനായിരുന്നില്ല. രാജ്യത്തിന് വേണ്ടിയുള്ള മെസിയുടെ കളിമികവിലും അതൃപ്തനായിരുന്നു. അക്കാര്യം തുറന്ന് പറഞ്ഞ് വിവാദം സൃഷ്ടിക്കുന്നതിലും മറഡോണ പിശുക്ക് കാട്ടിയില്ല. മെസിയെ ലോകത്തിലെ തന്നെ എക്കാലത്തേയും മികച്ച താരമായി കാണുന്ന പുതുതലമുറയ്ക്ക് മറഡോണയുടേത് പെരുന്തച്ഛന്‍ കോംപ്ലക്‌സായി മാത്രം തോന്നി. പക്ഷെ കാലങ്ങള്‍ക്കപ്പുറം മെസിയുടേതിനേക്കാള്‍ മികവ് കുറഞ്ഞ ടീമിനെ കിരീടമണിയിച്ച മറഡോണയ്ക്ക് അറിയാം കളിമികവും നേതൃശേഷിയുമെന്തെന്ന്.

കളിക്കളത്തിലെ നീക്കങ്ങളില്‍ മാത്രമേ മറഡോണക്ക് വ്യക്തതയും കൃത്യതയും ഉണ്ടായിരുന്നുള്ളു. വ്യക്തിജീവിതത്തിലെ നിക്കങ്ങളെല്ലാം മറഡോണയ്ക്ക് പിഴച്ചുകൊണ്ടേയിരുന്നു. പ്രണയങ്ങളും മറ്റ് ബന്ധങ്ങളും കുടുംബജീവിതം കുത്തഴിഞ്ഞതാക്കി. ഈ അടുത്ത കാലത്താണ് ക്യൂബയില്‍ ഒരു ബന്ധത്തില്‍ തനിക്ക് കുട്ടികളുണ്ടെന്ന് താരം കുമ്പസാരിച്ചത്. ഇതുപോലെതന്നെ ഇറ്റലിയിലും മറ്റൊരു ബന്ധത്തില്‍ തനിക്ക് ഒരു മകനുണ്ടെന്നും മറഡോണ കുറ്റസമ്മതം നടത്തി. ഏറെക്കാലത്തെ പ്രണയത്തിനുശേഷമായിരുന്നു മറഡോണ 84 ല്‍ ക്ലൗഡിയോ വില്ലാഫനയെ വിവാഹം ചെയ്തത്. എന്നാല്‍ 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ 2 പെണ്‍മക്കളുണ്ട് മറഡോണയ്ക്ക്. മുന്‍ ഭാര്യയും ഈ മക്കളും ചേര്‍ന്ന് തന്റെ സ്വത്ത് തട്ടിയെടുത്തുവെന്നാരോപിച്ച് മൂന്ന് വര്‍ഷം മുമ്പ് താരം രംഗത്ത് വന്നതും വലിയ വിവാദമായി മാറി.

ആസ്റ്റക്കിലെ മൈതാനത്ത് പത്താം നമ്പറില്‍ ചെകുത്താനും ദൈവവും ഒരുമിച്ച് കളിക്കാനിറങ്ങി ഇരുവരും ഗോളടിച്ചപ്പോള്‍ ആരാണ് ജയിച്ച്ത? ചെകുത്താനോ ദൈവമോ എന്ന് ഇന്നും നിശ്ചയമില്ല. അത് പോലെ തന്നെയാണ് മറഡോണയുടെ ജീവിതവും. സങ്കീര്‍ണമായ ആ സമസ്യ മരണം വരേയും മറഡോണയുടെ ജവിതത്തിലും കാണാം. കളത്തില്‍ ദൈവവും പുറത്ത് ചെകുത്താനുമായിരുന്നു മറഡോണ. ഇവരില്‍ ആരാണ് വിജയിച്ചത്? ആരാണ് ലോകം കീഴടക്കിയ വിജയി? ഇന്നും അത് തര്‍ക്കവിഷയമാണ്. ചെകുത്താനേയും ദൈവത്തേയും ഒരുമിച്ച് നെഞ്ചില്‍ ആവാഹിച്ചതിനാലാവണം മറഡോണ ഒരു സാധാരണമനുഷ്യനായത്.
ഫുട്ബോള്‍ താരമെന്നതിനൊപ്പം ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തിലും ഈ കുറിയ മനുഷ്യന്‍  ചെലുത്തിയ സ്വാധീനം ചെറുതല്ല. ക്യൂബന്‍ വിപ്ലവ പോരാളി ഫിഡല്‍ കാസ്ട്രോയും വെനിസ്വലന്‍ പ്രസിഡന്റ് ആയിരുന്ന ഹ്യൂഗോ ഷാവേസും മറഡോണയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.  ചെഗുവേരയുടെ ചിത്രം കൈയ്യില്‍ പച്ചകുത്തിയ മറഡോണ തന്റെ രാഷ്ട്രീയം ഒരിക്കലും ഒളിച്ചുവെച്ചില്ല.
വലം കാലില്‍ ഫിദലിന്റെ ചിത്രം പച്ചകുത്തിയത് വിപ്ലവത്തിനപ്പുറം സൗഹൃദത്തിന്റെ കൂടി അടയാളമായിട്ടായിരുന്നു.  സാമ്രാജ്യത്വത്തിനെതിരായ തന്റെ നിലപാട് ഉറക്കെ പ്രഖ്യാപിക്കാന്‍ അയാള്‍ തെല്ലും മടിച്ചില്ല. ഇടത് രാഷ്ട്രീയത്തിന് ജീവിതം കൊണ്ടും നിലപാടു കൊണ്ടും നല്‍കിയ പിന്തുണ അയാളെ ലാറ്റിന്‍ അമേരിക്കയുടെ പ്രിയപ്പെട്ടവനാക്കി. ഒരേ സമയം ഫിദലിന്റേയും സദ്ദാം ഹുസൈനിന്റേയും കൈകള്‍ പിടിച്ച മറഡോണ അമേരിക്കന്‍ വിരുദ്ധപോരാട്ടത്തിന്റേയും മുഖമായി.  

മയക്ക് മരുന്ന് മറഡോണയുടെ ജീവിതം തകര്‍ക്കുന്ന നിലയില്‍ എത്തിയപ്പോള്‍ ഫിഡല്‍ കാസ്ട്രോയാണ്  ആ ജീവിതത്തെ തിരിച്ചുകൊണ്ടുവരുന്നത്. സ്വന്തം നാടായ അര്‍ജന്റീന പോലും തന്നെ വെറുക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ചേര്‍ത്തുപിടിച്ചത് ക്യൂബയാണെന്ന് മറഡോണ പറഞ്ഞിട്ടുണ്ട്. നാല് വര്‍ഷത്തിലേറെക്കാലം ക്യൂബയില്‍ ഫിദലിന്റെ അതിഥിയായി കഴിഞ്ഞ മറഡോണ പുതിയ മനുഷ്യനായി. അര്‍ജന്റീനയിലെ റൊസാരിയോ ജന്മം നല്‍കിയ ലോക വിപ്ലവകാരി ചെഗ്വേരയ്‌ക്കൊപ്പം തന്നെ മറഡോണയേയും അവിടത്തുകാര്‍ ചേര്‍ത്തുപിടിച്ചു. ചെഗ്വേരയെ മറഡോണയും.  കാല്‍പന്ത് കളിപോലും രാഷ്ട്രീയമാക്കി മാണ് മറഡോണയ്ക്ക്. അതിനാലാണ് 86 ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് പോലും രാഷ്ട്രീയവിജയമായി മറഡോണ കുറിച്ചിട്ടത്. പക്ഷികളെ പോലെയാണ് യുദ്ധത്തില്‍ അര്‍ജന്റീനക്കാര്‍ മരിച്ച് വീണതെന്നും ഇത് തങ്ങളുടെ പ്രതികാരമാണെന്നും രാഷ്ട്രത്തിന്റെ പതാക ഉയര്‍ത്തിപിടിക്കലാണ് ഈ വിജയമെന്നും മറഡോണ ആവര്‍ത്തിച്ചതും അതിനാല്‍തന്നെ.
സ്‌പോര്‍ട്്‌സില്‍ നിന്ന് രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തണമെന്ന അടിസ്ഥാനതത്വമൊന്നും ഇക്കാര്യത്തില്‍ മറഡോണയ്ക്ക് വിലങ്ങുതടിയല്ല. മൈതാനത്തെ പുല്‍ത്തകിടികള്‍ യുദ്ധഭൂമിക കൂടിയാണെന്ന് വിളിച്ചുപറയാന്‍ ഒരു കളിനിയമത്തിനും മറഡോണയെ തടുത്തുനിര്‍ത്താനും സാധിക്കില്ല. പ്രതിച്ചായയെ ഭയക്കാതെ, വിശുദ്ധനാവാന്‍ ശ്രമിക്കാതെ തന്റെ ശരികളെ മാത്രം ചേര്‍ത്ത് പിടിച്ച് മറഡോണ നടന്നുനീങ്ങി.
 
കേരളത്തെ അര്‍ജന്റീനയെന്നും ബ്രസീലുമെന്ന് വിഭജിച്ചത് ഡിയാഗോ നിങ്ങളാണ്, നിങ്ങളുടെ കളിയാണ്.
ശരാശരിയിലും താഴെയുള്ള അര്‍ജന്‌റീന ടീമിനെ ഒറ്റക്ക് ചുമലേറ്റി, ദൈവത്തേയും ചെകുത്താനേയും ഒറ്റക്കളിയില്‍ ഞങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച നിങ്ങളാണ്. കളിക്കളത്തിലെ ദൈവമായി നില്‍ക്കുമ്പോളും മൈതാനത്തിന് പുറത്ത് സാധാരണമനുഷ്യനായി ജീവിച്ചു നിങ്ങള്‍.
വലതുകയ്യില്‍ ചെഗ്വാരയെ പച്ചക്കുത്തി, ഇടം കാലില്‍ ഫിദലിനെ വരച്ചുപിടിപ്പിച്ച്് നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം വിളിച്ചുപറഞ്ഞു.
പ്രിയ ഡിയാഗോ, കളിച്ചും കലഹിച്ചും നിങ്ങള്‍ ഓടിക്കയറിയത് ഞങ്ങളുടെ ഹൃദയത്തിലേക്കാണ്.
നിങ്ങള്‍ ഞങ്ങള്‍ക്ക് ദൈവമാണ്, ദൈവത്തിന് മരണമില്ല, അതിനാല്‍ നിങ്ങള്‍ മരിക്കുന്നില്ല.....

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image