നജ്മല്‍ എന്‍ ബാബു / ടീയെന്‍ ജോയ് വിട പറഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടു 

[റാഷമോണ്‍ പോലെ ഒരാള്‍ ]

ഇതൊരു  പ്രായച്ഛിത്തക്കുറിപ്പാണ്. ഒരു വിട്ടുകളയലിന്റെ പ്രായച്ഛിത്തം. ഓര്‍മകളെന്നാല്‍ എന്നും എവിടെയും തിരഞ്ഞെടുത്ത ഓര്‍മ്മകളാണ്. അത് മനുഷ്യര്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയ വിട്ടുകളയലുകളിലൂടെ  , ചിലപ്പോള്‍ കൂട്ടമറവിയിലൂടെ  നടത്തുന്നു. ഏത്  പിന്നിട്ട വഴികളുടെ അടയാളപ്പെടുത്തലുകളിലും ഇതുണ്ട് . ഇല്ല എന്നത് ഒരഭിനയം.   പോയ ആദ്യ വര്‍ഷം ഞാനും ടി.എന്‍. ജോയ് എന്ന നജ്മല്‍ ബാബുവിനെ വിട്ടു കളഞ്ഞിരുന്നു. അതിന്റെ ശരിതെറ്റുകള്‍ക്കപ്പുറത്താണ് ജോയ് എന്നത് ഞാന്‍ മനപൂര്‍വ്വം മാറ്റിവച്ചു  .  കാരണം എന്തു തന്നെയായാലും. 

'ചന്ദൂ ' എന്ന് ജോയ് നീട്ടി വിളിയ്ക്കുന്നത് ഇപ്പോഴും കേള്‍ക്കാം. മൊബൈല്‍ ഫോണ്‍ എന്ന കളിപ്പാട്ടം ജോയ്  കയ്യില്‍ കൊണ്ടു നടന്ന കാലം മുതല്‍  ആ വിളി എന്നെ പിന്തുടര്‍ന്നിട്ടുണ്ട്. ഉണര്‍ത്തിയിട്ടുണ്ട്. പലപ്പോഴും ഫോണെടുക്കാതെ ഉറക്കം നടിച്ചിട്ടുണ്ട്. ചിലപ്പോള്‍  അങ്ങോട്ടൊന്നും പറഞ്ഞില്ലെങ്കില്‍ക്കൂടി അശരീരികള്‍ പോലെ കുറെ കാര്യങ്ങള്‍ പറഞ്ഞ് നിര്‍ത്തും : 'ഇനി നീ വച്ചോ ' എന്ന് .  ആ അശരീരികള്‍ എന്റെ വഴികാട്ടികളായിരുന്നു . അതിലും വലിയ ഉള്‍ക്കാഴ്ചകള്‍  മറ്റൊരു കാഴ്ചയിലും  ഞാന്‍ കണ്ടിട്ടില്ല . പിന്നിട്ട നാല് പതിറ്റാണ്ട് കാലത്ത്  ഉറ്റവര്‍ക്കായി  തന്റെ ആയുസ്സും സ്വത്തും ജോയ് പങ്കുവച്ചത് ഇത്തരം അശരീരികളിലൂടെയായിരുന്നു എന്നാണ് എന്റെ തോന്നല്‍.  അതിപ്പോള്‍ വ്യസനത്തോടെ  തിരിച്ചറിയുന്നു. 'അപൂര്‍ണ്ണതയുടെ ഭംഗി '  യായി  അത്   പ്രകാശം ചൊരിഞ്ഞു . അത്രമേല്‍ ഇരുട്ടിനെ മുറിച്ചിട്ടു .  ആ നിലക്ക് ജോയ് മരിച്ചിട്ടില്ല എന്ന് നിസ്സംശയം പറയാം. ലിയോ ടോള്‍സ്റ്റോയ് 'ഐവാന്‍ ഇല്ലിച്ചി ' ന്റെ മരണം അവസാനിപ്പിച്ചത് പോലെ ഇല്ലാതായത് മരണം തന്നെ എന്ന് തിരിച്ചറിയുന്ന സ്വന്തം മരണം തന്നെ ജോയിയുടെ മരണം.   

വായിച്ചു തീരാത്തതോ  കണ്ടു തീരാത്തതോ ആയ  പ്രിയപ്പെട്ട  പുസ്തകമോ  സിനിമയോ പോലെ   ജോയ് . ഒന്നല്ല , പലതാണ്.  ഓരോ കാലത്തും ഓരോന്ന് .  കുറസോവയുടെ റാഷമോണ്‍ പോലെ ഒരാള്‍. മറ്റുള്ളവര്‍ക്ക് ഒരിക്കലും  എളുപ്പത്തില്‍ കുരുക്കഴിക്കാനാവാത്ത  പ്രതിഭ , ഒരു പ്രഹേളിക .

ജോണ്‍ എബ്രഹാം മുതല്‍ ഹരിനാരായണന്‍ വരെയുള്ള  60 മരണങ്ങളെ ' മരിക്കാത്ത നക്ഷത്രങ്ങള്‍' എന്നു പേരിട്ട്   പോയ വര്‍ഷം ഞാനൊരു പുസ്തകമായി  ഓര്‍മ്മപ്പെടുത്തിയപ്പോള്‍  അതില്‍ ജോയ് ഇല്ലായിരുന്നു. അതൊരു വിട്ടു കളയലായിരുന്നു. അത് കണ്ട് പരിഭവിച്ച് സുഹൃത്ത്  പി.സി.ജോസി  ചോദിച്ചു അതെന്തേ ജോയിയെ  ഉള്‍പ്പെടുത്താതെ  പോയി  എന്ന് . സ്‌നേഹിച്ചും കലഹിച്ചും അത്രമേല്‍   ഞങളുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരാളെ എങ്ങിനെ വിട്ടു എന്ന്. അത് മറ്റൊരു പ്രഹേളിക  .
മരണാനന്തരം തിരഞ്ഞെത്തിയ ഒരപ്രിയ വര്‍ത്തമാനമാനത്തെ ചൊല്ലിയുള്ള വേദന . റാഷമോണില്‍ എന്ന പോലെ അതില്‍ ' മരിച്ചവന്റെ ' ആത്മാവിന്റെ മൊഴി കേട്ടിരുന്നോ എന്ന ജോസിയുടെ ചോദ്യത്തിന് എനിക്ക്  ഉത്തരമില്ലായിരുന്നു . ഒരര്‍ത്ഥത്തില്‍ ഈ പുസ്തകത്തിലെ ഈ കുറിപ്പ് മരണാനന്തരം ആത്മാവിന്റെ മൊഴിയെടുത്ത് ജോയ് എന്ന പ്രഹേളികക്ക് ഉത്തരം കണ്ടെത്താനുള്ള കഴിവുകേടിന്റെ പ്രായച്ഛിത്തമാണ്. ദൈവങ്ങളല്ല മനുഷ്യരാണ് എല്ലാവരും എന്ന് എപ്പോഴും  മറന്നു പോകുന്നതും മനുഷ്യര്‍ തന്നെ. 

പിന്നിട്ട നാലു പതിറ്റാണ്ട് കാലത്തിന്റെ  എത്രയോ കയറ്റിറക്കങ്ങള്‍  ജോയോര്‍മ്മകളിലുണ്ട്  .കൊടുങ്ങല്ലൂര്‍ക്കാര്‍ ഇട്ടത് മനോഹരമായ പേരാണ് , ജോയോര്‍മ്മപ്പെരുന്നാള്‍ . സത്തിയം പലത് എന്ന് ഖസാക്കിന്റെ ഇതിഹാസം അടയാളപ്പെടുത്തിയത് പോലെ   ഓരോരുത്തരും  ജോയിയെ ഓരോന്നായി അടയാളപ്പെടുത്തുന്നത് ആ നിലക്ക് സ്വാഭാവികം . എനിക്കുമുണ്ട്  എന്റെതായ ജോയി . 

അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലില്‍ നിന്നും ആദ്യം പുറത്ത് വന്ന മധുമാസ്റ്ററാണ് സ്വന്തം ജയില്‍ ജീവിതം പറയുമ്പോള്‍ ജോയ് എന്ന്  പല പേരുകളില്‍ ജീവിക്കുന്ന മനുഷ്യനെക്കുറിച്ച് ആദ്യം ഒരു ചിത്രം മനസ്സില്‍ വരച്ചിടുന്നത്. 1977- 79 കാലം. മാഷ് ജയിലില്‍ നിന്നും പുറത്ത് വന്ന് കോഴിക്കോട്ട് പടയണി എന്ന നാടകം നടത്തി , രണചേതന എന്ന നാടക സംഘമുണ്ടാക്കി ഗോര്‍ക്കിയുടെ ബ്രെഹ്തിന്റെ അമ്മക്ക് മലയാളം ചമയ്ക്കുന്ന പണിയിലായിരുന്നു അപ്പോള്‍ . ജോയിയെപ്പോലെ മറ്റൊരാള്‍ പ്രസ്ഥാനത്തില്‍ ഇല്ല എന്നത് മധു മാഷ് അക്കാലത്ത് പകര്‍ന്നു തന്ന ഒരു  ജയിലറിവാണ്. നേരില്‍ കണ്ടു മുട്ടുന്നതിനും മുമ്പ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള  ജോയ് നക്‌സലേറ്റായിരുന്നില്ല. മധു മാഷും. എന്നും മധു മാഷോടുണ്ടായിരുന്ന ആ സ്‌നേഹമാണ് മാഷിന്റെ ശിഷ്യന്മാരാലൊരാളായി  ജീവിതം പഠിച്ച എനിക്കും ജോയിയുടെ ഒരു കരുതല്‍ എന്നും കിട്ടാനിടയാക്കിയത് എന്നിപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ജനകീയ  സാംസ്‌കാരികവേദിയുടെ  പതനത്തിന് ശേഷം  അത്രയൊന്നും അറിയപ്പെടാത്ത 'സൊസൈറ്റി ഫോര്‍ സോഷ്യലിസ്റ്റ് സ്റ്റഡീസ് ' എന്ന ചിന്താ പ്രയോഗത്തിന്റെ പരീക്ഷണ കാലത്താണ് ജോയിയുമായി വ്യക്തിപരമായ സൗഹൃദമുണ്ടാകുന്നത്.  ആലപ്പുഴ ചീങ്ങോലിയിലെ മൈത്രേയന്റ ആശ്രമം  അന്റോണ്യോ ഗ്രാംഷി ഇന്‍സ്റ്റിറ്റൂട്ടായി മാറിയ ' കമ്മ്യൂണ്‍ '  ജീവിതകാല യാത്രകളില്‍ ജോയ് ആയിരുന്നു എന്റെ ഏറ്റവും വലിയ  രാഷ്ട്രീയ പുസ്തകം . മനോഹരമായ ആവിഷ്‌കാരങ്ങളുടെ  ഒരു ഖനിയായിരുന്നു ജോയ് . എഴുതിയിരുന്നെങ്കില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറ്റാണ്ടിനൊപ്പം നില്‍ക്കാവുന്ന ഒരു രചന നിര്‍വ്വഹിക്കാന്‍ ശേഷിയും മനസ്സുമുള്ള ആള്‍ എന്ന് ചിങ്ങോലിക്കാലത്ത് സേതു  നിരീക്ഷിച്ചിരുന്നത്  ഇന്നും വാസ്തവമായി ഞാന്‍ കരുതുന്നു .  അത് സംഭവിക്കാതെ പോയി എന്നത് മലയാളത്തിന്റെ വലിയ നഷ്ടമാണ്.ഒരിക്കല്‍  നേരില്‍ ചോദിച്ചപ്പോള്‍ സച്ചിദാനന്ദന്‍ കവിതയെഴുതുമ്പോള്‍ ഞാനെന്തിന് എഴുതണം എന്ന്   അഹംബോധത്തിന്റെ ഹൃസ്വദൃഷ്ടികളെ പൊളിച്ചടുക്കുന്ന  മറുപടി കിട്ടിയതും ഓര്‍ക്കുന്നു . എന്തിനാണ് രണ്ട് സച്ചിദാനന്ദന്‍ ! അതായിരുന്നു ജോയിയുടെ രീതി . അതുപോലൊരാളെ മറ്റൊന്ന് കാണാന്‍ കഴിഞ്ഞിട്ടേയില്ല. ജോയ് പിന്നീട് എഴുതി തുടങ്ങിയപ്പോഴാകട്ടെ ഒന്നും പറയാതെ പോയിട്ടുമില്ല.  പില്‍ല്‍ക്കാലത്ത്  എഴുതിയ നൂറുകണക്കിന് കൊച്ചു കൊച്ച്  കുറിപ്പുകളിലും എസ്. എം. എസ്സുകളിലുമായി  സൂഷ്മപ്രയോഗങ്ങളായി പറയാന്‍ കൊതിച്ച കാര്യങ്ങളുടെ ഒരു പ്രപഞ്ചം  ചിതറിക്കിടപ്പുണ്ട്  . അത് വായിച്ചെടുക്കാന്‍ ക്ഷമാപൂര്‍ണ്ണമായ കരുതല്‍ വേണം എന്നു മാത്രം. 

' ചന്ദൂ , നീ ഇനി ഫോണ്‍ വച്ചോടാ ' എന്ന് ജോയ് പറയുന്നത് ഇപ്പോഴും കേള്‍ക്കാം. പൊടുന്നനെ സംഭാഷണം നിര്‍ത്തുമ്പോള്‍ ഒരു തരം ശുന്യത ഇരച്ചു വരും. ആ വലിയ ജീവിതം അവിടെ വെയിലത്തുപേക്ഷിച്ച് എത്ര ചെറിയ ജീവിതത്തിലേക്കാണ് ഞങളൊക്കെ തിരിച്ചു പോയത് എന്ന കുറ്റബോധത്താല്‍ കുറച്ചു നേരം മനസ്സ് നിറും. പിന്നെ ദൈന്യംദിനത്തിന്റെ തല്‍ക്കാലങ്ങളില്‍ മതിമറന്ന് ജോയിയെ വിട്ടു കളയും. 

പക്ഷേ അങ്ങിനെ മറക്കാനും അനുവദിക്കില്ല ജോയ്. എത്ര വിട്ടു കളഞ്ഞാലും വീണ്ടും വിളിക്കും. അവസാനം വരെയും . ഇപ്പോള്‍ മരിച്ചു കഴിഞ്ഞും. അതാണ് ജോയ് , 'മരിച്ചിരിക്കല്ലെടാ ഇങ്ങിനെ ' എന്ന ഉണര്‍ത്തുപാട്ട് പോലെ മരിക്കാത്ത ഒരാള്‍. 

വലിയ നഷ്ടങ്ങളുണ്ടാകുന്നത് ഇങ്ങിനെയാണ് . എല്ലാവര്‍ക്കും വേണമായിരുന്നു എങ്കില്‍ ജോയ് ഇപ്പോഴും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. സ്വന്തം ലോകങ്ങളിലേക്ക് തിരിച്ചു പോയ എല്ലാവര്‍ക്കും മതിയായി എന്ന ബോധമാകാം ജോയിയെ ഇനി മതി എന്ന സ്വച്ഛന്ദമൃത്യുവിന് പ്രേരിപ്പിച്ചിരിക്കുക. എന്നും പറയുമായിരുന്നു കാള്‍ മാര്‍ക്‌സിന്റ മരുമകനും തത്വചിന്തകനുമായ  , (രണ്ടാമത്തെ മകള്‍  ലാറയുടെ ഭര്‍ത്താവ് ) പോള്‍ ലഫാര്‍ഗിന്റെ മരണം നല്‍കുന്ന പ്രലോഭനത്തെക്കുറിച്ച്. ജനങ്ങള്‍ക്കും വിപ്ലവ പാര്‍ട്ടികള്‍ക്കും വേണ്ടാത്ത ജീവിതം പാഴാണെന്ന് കണ്ട്  ഉപേക്ഷിച്ച ലഫാര്‍ഗിന്റെ ചെയ്തിയോട്  എന്നും ജോയിക്ക് കാന്തവലയം പോലെ  ഒരു ആകര്‍ഷണമുണ്ട് എന്ന് എന്നും തോന്നിയിട്ടുണ്ട്.  അങ്ങിനെയൊരു വഴി വേണ്ടെന്ന് വച്ചത് ഇനിയും നിറവേറ്റാന്‍ ചില ദൗത്യങ്ങള്‍ കൂടിയുണ്ട് എന്ന ബോധ്യം തന്നെയായിരുന്നു : അടിയന്തരാവസ്ഥ തടവുകാരുടെ പെന്‍ഷന്‍ എന്ന അവകാശം , അടിയന്തരാവസ്ഥ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അക്കാലത്തെ പീഢനമുറിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്ന ഒരു പ0ന കേന്ദ്രവും കാഴ്ചബംഗ്ലാവും സ്ഥാപിക്കല്‍ . രണ്ടും ഇനിയും നടന്നിട്ടില്ല. അതല്ലാതെ മറ്റെന്ത് ലക്ഷ്യമാണ് ജോയോര്‍മ്മപ്പെരുന്നാളുകളുടെ ഇനിയുള്ള ലക്ഷ്യമായിരിക്കേണ്ടത് ? 

'അപൂര്‍ണ്ണയുടെ ഭംഗി ' -  അവസാന പുസ്തകം ആ ജീവിതത്തിന് ചേര്‍ന്ന ആമുഖമാണ്. അതിന് ആയുഷ്‌ക്കാല നേട്ടത്തിനുള്ള സ്വയം നിര്‍മ്മിച്ച പുരസ്‌കാരം നല്‍കാനുള്ള ചുമതല ആദ്യം എന്നെയും ദീദിയെയും  ഏല്പിച്ചിരുന്നു. എന്നാല്‍ പിന്നെയത് നീണ്ട് നീണ്ട് ഇല്ലാതായി. സമഗ്ര സമാഹാരം പല കാരണത്താലും ഇല്ലാതാവുകയും ചെയ്തു. ഇപ്പോഴത്തെത്ത് എഡിറ്റ് ചെയ്ത് ചുരുക്കിയ രൂപം മാത്രമാണ്. 

 അവസാനം ജോയ് ഇടപെട്ട കേസ് കന്യാസ്ത്രീകള്‍ക്ക് കിട്ടേണ്ട നീതിയുടെ വിഷയമാണ്. അതിപ്പോഴും കിട്ടാക്കനിയാണ്. ' പാപത്തെ വെറുത്താലും പാപിയെ ഉപേക്ഷിക്കരുത് ' എന്ന വചനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആ ജീവിതത്തിന്റെ ബാക്കി പത്രമാണ്. ആ വചനത്തിന്റെ ബലത്തില്‍ ബിഷപ്പ്  ഫ്രാങ്കോ മുളക്കലിനെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ജോയ് തന്റെ അവസാനത്തെ 'നൈതിക ജാഗ്രതയുടെ സുവിശേഷങ്ങളി 'ല്‍ വ്യക്തമാക്കി. ' അപൂര്‍ണ്ണതയുടെ ഭംഗി ' എന്ന  അവസാന പുസ്തകത്തിലെ പിന്‍കുറിപ്പില്‍ ജോയ് സ്വയം എന്തെന്ന് , എന്തായിരുന്നുവെന്ന് പറഞ്ഞു വച്ചിട്ടുണ്ട് : ' മടിയന്‍ , ജീവിതത്തില്‍ നിന്നും അവധിയെടുക്കാതെ  ചെയ്തു തീര്‍ന്നത് '. പണിതീര്‍ന്ന ദൈവമല്ല ഒരു മനുഷ്യനും . ദൈവമാകാനും കഴിയില്ല ആര്‍ക്കും . പിഴവുകള്‍ സ്വയം നിര്‍മ്മിക്കുന്ന ജീവിയാണ് മനുഷ്യര്‍. ' നേതി നേതി ' എന്ന ജോയിയുടെ പുസ്തകം ആ കഥ പാടുന്നുണ്ട് ഇപ്പോഴും. മഴ  കഴിഞ്ഞിട്ടും മരം പെയ്യുന്നു. 

ഹാ ,  ജോയ് , 'അപൂര്‍ണ്ണതയുടെ ഭംഗി '  !

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image