മാങ്ങാട് രത്നാകരന് ഹിമാലയം കാണാനാശിച്ച് അതു നടക്കാതെപോയതിനാല്‍ ദല്‍ഹിയില്‍ ചെന്ന് സക്കറിയയെ കണ്ടു എന്ന് കുഞ്ഞുണ്ണിമാഷ് ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. നേരാണ്, കഥയില്‍ ഹിമാലയമാണ് സക്കറിയ. മഞ്ഞിനുപകരം വെണ്മയുള്ള ആ ചിരി. സക്കറിയയുടെ നാലോ അഞ്ചോ കഥകളെങ്കിലും, വേണമെങ്കില്‍, റൂള്ഫോയ്ക്ക് ഒപ്പവും വയ്ക്കാം. വാടില്ല. പഠിക്കുന്ന കാലത്ത് ചെറുകഥകള്‍ എഴുതിയിരുന്നു. പട്ടത്തുവിളയെയും സക്കറിയയെയും വായിച്ചപ്പോള്‍ അത് നിറുത്തി. കവിതകളോ? ഞാന്‍ കവിതകളല്ല എഴുതുന്നതെന്ന് എനിക്കും മറ്റൊരു നാല്പതു പേര്‍ക്കും മാത്രമേ അറിയാവൂ. അപ്പോള്‍ പിന്നെ എന്താണ്? കുറ്റിത്തലമുടിക്കാരന് കവിയുടെ മിസ്റ്റര്‍ ക്യൂനറുടെ കുറിവാക്കുകള് വായിച്ചപ്പോള്‍ ഉത്തരം കിട്ടി. 'എന്താണിപ്പോള്‍ എഴുതുന്നത്?' മിസ്റ്റര്‍ ക്യൂനറോട് സുഹൃത്ത് തിരക്കി. 'ഓ! ഞാന്‍ ഭയങ്കര കുഴപ്പങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. അടുത്ത അബദ്ധത്തിനായി തയ്യാറെടുക്കുന്നു.' ആ മനുഷ്യന് നീതന്നെ! . എന്റെ ദല്ഹിക്കാലത്ത് സക്കറിയ മാഷ് പി.ടി.ഐ. ടെലിവിഷനിലാണ്. 'വിജയനെ തൊഴാന്‍ പോയില്ലേ?' കുസൃതിയോടെ ഒരിക്കല്‍ ചോദിച്ചു. അന്ന് ഒ.വി.വിജയനെതിരെ ഒരു വരിപോലും മാഷ് എഴുതിയിട്ടില്ലെന്നാണ് എന്റെ ഓര്മ. ആ മാന്ത്രികനെ തൊഴാന്‍ പോയാലോ? 'സക്കറിയയെ കാണാറുണ്ടോ?' 'ഇടയ്ക്കെല്ലാം.' 'കുട്ടികളുടെ മനസ്സ്, അല്ലേ?' തനിക്ക് ഉറപ്പുള്ള കാര്യങ്ങള്‍പോലും നമ്മള്‍ക്ക് ഒപ്പുവരയ്ക്കാന് പാകത്തിലാണ് മാന്ത്രികന് തരിക. ഒപ്പുവരച്ചാല് ജന്മകാലത്ത് നാം എഴുത്തുകാരനാകില്ല. പി.കുഞ്ഞിരാമന് നായരെ ജീവിതത്തില്‍ നിന്നൊഴിവാക്കുമ്പോള്‍ നിങ്ങള്‍ കവിയായിത്തീരുന്നു എന്നല്ലേ പ്രമാണം! 'ഉണ്ണി എന്ന കുട്ടി' മുതിര്‍ന്ന ഒരാള്‍ എഴുതില്ലല്ലോ.' 'അന്നമ്മ ടീച്ചര്‍ (ഒരോര്മക്കുറിപ്പ്) ഒന്നാംതരം കഥ, അല്ലേ?' മാന്ത്രികന്. 'എനിക്കത് മനപ്പാഠമാണ്.' 'അതിലെന്തിനാണ് തേങ്ങയുടെയും മറ്റും കണക്കുകള്‍?' '?' ഒപ്പുവരച്ചില്ല. ആലോചിക്കായ്കയല്ല. എന്നെപ്പോലെ ഒരു ക്വിക്സോട്ടിനെ മാഷ് ഇഷ്ടപ്പെടാന്‍ എന്താണു കാരണം? ക്വിക്സോട്ടിനെപ്പോലെതന്നെ പുസ്തകങ്ങള്‍ കരണ്ടുതിന്നുന്നതുകൊണ്ടാകാം. അന്തംവിട്ടു വായിക്കുന്ന ഒരാളാണല്ലോ മാഷ്. ഒരു ദിവസം എന്റെ കൈയില്‍ ഫ്രെഡറിക് ഡൂറന്മാറ്റിന്റെ സമാഹൃത നോവലുകള്‍ കണ്ടപ്പോള്‍ പിടിച്ചുവാങ്ങി, ചോദിച്ചു: 'എവിടുന്നാ ആശാനേ, ഇതൊക്കെ സംഘടിപ്പിക്കുന്നേ?' ദാരിയാഗഞ്ചില്‍, ശനിയാഴ്ചകളില്‍. വഴിയോരപ്പുസ്തകക്കച്ചവടം ഉണ്ടാകും. ചാന്ദ്നിചൗക്ക് വരെ ഒന്നൊന്നരക്കിലോമീറ്റര്‍ നീളുന്ന പുസ്തകനിര. ചൂണ്ടലുമായി അങ്ങനെ നടക്കും. പിടിക്കാത്ത മീനുകളെക്കുറിച്ച് ആലോചിച്ചുകൊണ്ട്. മറ്റൊരു ശനിയാഴ്ച നല്ലൊരു മീന്‍ കിട്ടി. രാത്രിഞ്ചരന് ജെര്സി കൊസിന്‍സ്കിയുടെ പെയിന്റഡ് ബേഡ്. 'ഞാന്‍ തോറ്റു' സക്കറിയ മാഷ് പറഞ്ഞു ചാവ്കടലില് സക്കറിയയും രത്നാകരനും പക്ഷേ, ആര്.കെ.പുരത്തുള്ള മാഷുടെ വീട്ടില്‍ പോയപ്പോള്‍ തോറ്റത് ഞാനാണ്: പുസ്തകങ്ങള്‍ അങ്ങനെ പരന്നു കിടക്കുന്നു! 'ചെമ്മീന്‍ മെതിയടി പഞ്ചാംഗം' എന്നുപറഞ്ഞതുപോലെ. റെയില്‍വേ ടൈംടേബിള്‍, സയന്‍സ് ഫിക്ഷന്‍. മഹാത്മാഗാന്ധിയുടെ സമ്പൂര്‍ണകൃതികള്‍, ഒടിവിദ്യ, അപ്പോളിനെയര്‍. കൊക്കോകശാസ്ത്രം, മുട്ടത്തുവര്‍ക്കി, ഹിസ്റ്ററി ഓഫ് പൊട്ടാറ്റോസ്! വൈലോപ്പിള്ളി കുറെ പുസ്തകങ്ങള്‍ ഒരു ലൈബ്രറിക്ക് കൊടുത്തിട്ടു പറഞ്ഞതുപോലെ, എല്ലാവരും വായിച്ചു നശിക്കട്ടെ. 'മാര്‍കേസിനെ ഇവിടെ കണ്ടില്ലല്ലോ.' 'ഏയ്' ഞാന്‍ അവിടന്നും ഇവടന്നും മാത്രമേ വായിച്ചിട്ടുള്ളൂ. ബഷീറില്‍നിന്നും മാന്ത്രികനില്നിന്നും കിട്ടിയ ശീലമാകണം, വായിച്ചാലും ഇല്ലെന്നേ പറയൂ. എം.ടി.വാസുദേവന്‍ നായര്‍ അമേരിക്കന്‍ യാത്രയില്‍ കണ്ടെത്തി, നാട്ടില്‍ പലര്‍ക്കും അടിച്ചേല്പിച്ച ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ മലയാളത്തിലെ ആദ്യവായനക്കാരില്‍ ഒരാളായിരുന്നു മാഷെന്ന് മുമ്പേ അറിയാമായിരുന്നു. 'അപ്പനേ! ഗുലിസ്ഥാന്‍ വായിച്ചിട്ടില്ലേ?' 'ഇല്ല.' 'ഇതാ, ഉടനെ തിരിച്ചുതന്നേക്കണം.' എനിക്കും വരാതിരിക്കുമോ ഒരു ദിവസം? 'മാസ്റ്റര്‍ ആന്‍ഡ് മാര്ഗറിത്ത വായിച്ചിട്ടില്ലേ?' 'ഇല്ല.' 'നിരക്ഷരന്!' ഞാന്‍ കളിയാക്കി. 'ഓ!' എന്നുപറഞ്ഞാണ് ആ പുസ്തകം തിരിച്ചു തന്നത്. ആ ഓ!യുടെ അര്‍ഥം തിരയേണ്ടെന്നുവെച്ചു. ഒരു ഭാവനാശാലി മറ്റൊരു അതിഭാവനാശാലിയെച്ചൊല്ലി അസൂയപൂണ്ടതാവാം. ആ പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മാര്‍കേസും ഒരിക്കല്‍ ആണയിട്ടതാണ്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എഴുതിക്കഴിഞ്ഞശേഷമാണ് ഞാന്‍ മാസ്റ്റര്‍ ആന്‍ഡ് മാര്ഗറിത്ത വായിച്ചത്. എന്നെ വിശ്വസിക്കണേ.' മാര്‍കേസ് കെഞ്ചിയിരുന്നു. ആന്ന ആഹ്മത്തോവയും ബുള്ഗാക്കോവിനെ പാടിപ്പുകഴ്ത്തി. 'നീ കുടിച്ചു, മറ്റാരെക്കാളും തമാശ പറഞ്ഞു. കാറ്റു കടക്കാത്ത ചുമരുകള്‍ക്കിടയില്‍ ശ്വാസംമുട്ടി.' ഒരുദിവസം സാക്ഷാല്‍ സ്റ്റാലിന് ബുള്ഗാക്കോവിനെ വിളിച്ചു. അതുകൊണ്ടുമാത്രം ബുള്‍ഗാക്കോവ് വെടിയുണ്ടയിലോ സൈബീരിയയിലോ ഒടുങ്ങിയില്ല. 'ബുഷ് താങ്കളെ ഒരനാള് വിളിക്കാതിരിക്കില്ല! ജന്മനാട്ടില് നില്ക്കാന് പറയാനല്ല, അമേരിക്കയിലേക്ക് ക്ഷണിക്കാന്‍,' ചില ലേഖനങ്ങള്‍ വായിച്ച കലിപ്പില്‍ നസ്യം പറഞ്ഞു. 'യു പ്രി ഹിസ്റ്റോറിക് മാര്‍ക്സിസ്റ്റ്സ്!' മാഷ് ചിരിച്ചു. ഇതാ ആന്റി തിസീസ്: തലശ്ശേരിയിലെ ശുദ്ധഗതിക്കാരനായ ഒരു സഖാവിന്റെ പേരില്‍ പ്രചരിക്കുന്ന വാക്യങ്ങളില്‍ തട്ടി ഞങ്ങള്‍ ചിരിച്ചുമറിഞ്ഞു. 'മിസ്റ്റര്‍ ബുഷ്, താങ്കളോടെനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. അഥവാ വിരോധമുണ്ടെന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍, താങ്കള്‍ക്ക് തെറ്റി. താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന മുതലാളിത്ത-സാമ്രാജ്യത്വ പ്രത്യയശാസ്ത്രത്തോടാണ് എനിക്ക് വിരോധം.' മദിരാശിക്കാലത്ത് ഒരു സായാഹ്നത്തില്‍ കെ.സി.നാരായണന്റെ മുറിയില്‍ ഞങ്ങള്‍ കൂട്ടംകൂടി ഇരിക്കുകയായിരുന്നു. സക്കറിയമാഷ്, കുഞ്ഞിക്ക എന്ന് വിളിപ്പേരുള്ള പുനത്തില്‍ കുഞ്ഞബ്ദുള്ള, മലയാളികള്‍ക്ക് നല്ല പരിചയമുള്ള ഒരു തമിഴ് എഴുത്തുകാരന്, പിന്നെ വിനീതനായ ഈ ചരിത്രകാരനും. സംഭാഷണം എങ്ങനെയോ ചുറ്റിത്തിരിഞ്ഞ് മരണത്തിലും ആത്മഹത്യയിലും വന്നു വിങ്ങിനിന്നു. ഡോക്ടര്‍ അകത്തുണ്ടായിരുന്നതിനാല്‍ 'ക്ലിനിക്കല്‍' മാനം കൂടി സംഭാഷണങ്ങള്ക്കുണ്ടായിരുന്നു. ഫലിതങ്ങള്‍ മരണത്തെ ചിലപ്പോഴെങ്കിലും രസമുള്ള അനുഭവമാക്കി. ആലുവയില്‍ പുഴയില്‍ മുങ്ങിത്താണതും ഭാഗ്യത്തിന് രക്ഷപ്പെട്ടതുമായ അനുഭവം സക്കറിയ മാഷ് പറഞ്ഞപ്പോള്‍ കുഞ്ഞിക്ക: 'നീ നസ്രാണിയല്ലേ? ആത്മാര്‍ഥമായി മുങ്ങിക്കാണില്ല.' 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്!' സക്കറിയ മാഷ്. 'ആത്മഹത്യം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം തോക്കിന്റെ കുഴല്‍ ചെവിക്കുമേലെ വെച്ച് കാഞ്ചി ഒരൊറ്റ വലി,' ഡോക്ടര്‍ പറഞ്ഞു, 'വേദന അറിയില്ല.' കാടിളക്കിയതും ലഹരി തീണ്ടിയതുമായ ഞങ്ങളുടെ സംഭാഷണങ്ങളില്‍ മടിച്ചുമടിച്ചു മാത്രം ഇടപെട്ടിരുന്ന തമിഴ് എഴുത്തുകാരന് അപ്പോള്‍ മാത്രം തലപൊക്കി. 'എന്റെ അച്ഛനും അമ്മയും തൂങ്ങിമരണമാണ് തെരഞ്ഞെടുത്തത്. തൂങ്ങിമരിക്കുമ്പോള്‍ വേദനയുണ്ടാകുമോ ഡോക്ടര്‍?' എല്ലാവരുടെയും പതംവന്ന നാവ്, പൊടുന്നനേ വീണു. സാഹിത്യത്തില്‍ പറയുന്നതുപോലെ, നിശ്ശബ്ദത തളംകെട്ടി. ആ രാത്രി എങ്ങനെയോ തീര്‍ന്നു. തീര്‍ത്തു എന്നു പറയുന്നതാവും ശരി. പിന്നീടുള്ള ദിവസങ്ങളില്‍ ഞങ്ങളാരും തമ്മില്‍ കണ്ടില്ല. കണ്ടപ്പോഴാകട്ടെ ആ രാത്രിയെക്കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. ആ രാത്രിയെ തളളിത്തള്ളി വിസ്മൃതിയുടെ കൊക്കയോളം കൊണ്ടുചെന്നു, ഉരുട്ടിയിടാന് പാകത്തിന്. പിന്നീടൊരു ദിവസം, 'ലാന്ഡ്മാര്ക്കി'ല്‍ പുസ്തകങ്ങള്‍ മറിച്ചുനോക്കുമ്പോഴുണ്ട്, സക്കറിയ മാഷ് മുന്നില്‍. 'തിരക്കില്ലെങ്കില്‍ വരൂ.' 'തിരക്കോ? എനിക്കോ?' ലാന്‍ഡ്മാര്‍ക്കിന്റെ രണ്ടാം നിലയിലുള്ള ഏഷ്യാനെറ്റ് ഓഫീസിലെ മുറിയില്‍ മുഖാമുഖമിരുന്നു. 'ഇതൊന്നു വായിച്ചുനോക്കിക്കേ, വേണ്ടിത്തെല്ലാം തിരുത്തിക്കോളു,' ഒരു പേനയും നീട്ടി. 'അവിടുത്തെ മുന്നില്‍ ഞാനാര്? ദൈവമാര്?' എന്നൊരു പഴയ സിനിമാപ്പാട്ടു മൂളി പേന വാങ്ങാതിരുന്നു. 'തമാശ കള! നിനക്ക് അറിയാവുന്ന കഥയാണ്. ഒന്നു വായിച്ചേ. നന്നോ എന്ന് ഉറപ്പില്ല.' ആ രാത്രി വീണ്ടും ഓര്‍മയിലെത്തി. അതൊരു കഥയായി വിരിഞ്ഞുവന്നിരിക്കുന്നു. മദ്യപിക്കാത്ത യുവസന്ദര്ശകന് മുറിയുടെ കോണില്‍നിന്ന് ചോദിച്ചു: 'സാര്‍, തൂങ്ങിമരിച്ച ആളിന്റെ നാവ് പുരത്തുവരുമെന്നത് തീര്‍ച്ചയാണോ? അതാണോ സംശയമില്ലാത്ത ലക്ഷണം?' തമിഴ് എഴുത്തുകാരന് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. തൊട്ടടുത്ത വരിയില്‍ ഞാനെന്നെ കണ്ടെത്തി: കട്ടിലിലെ സുഹൃത്ത് പറഞ്ഞു: 'ഈ ലോകത്തില്‍ എന്തിനാണ് തീര്‍ച്ച? എന്റെ ഗ്ലാസ് ആര് കൊണ്ടുപോയി?' കഥ തീരാമ്പോകുമ്പോഴോ? യുവാവ് ചോദിച്ചു: 'സാര്‍, ആത്മഹത്യ തലമുറവഴി പകരുന്ന ഒന്നാണോ?' കട്ടിലില്‍ കിടന്ന ആള് എണീറ്റിരുന്ന് ചുറ്റും നോക്കി ചോദിച്ചു: 'എന്താ പ്രശ്നം? കുപ്പി കഴിഞ്ഞോ? എല്ലാവരും സീരിയസ്സായല്ലോ?' കണ്ടോ! സദാ ഉണര്‍ന്നിരിക്കുന്ന ഒരാളെ കഥാകൃത്ത് കുളിപ്പിച്ചു കിടത്തിയത്! ഇതാകുന്നു കലയുടെ ഇന്ദ്രജാലം! 'തലക്കെട്ടോ?' ഞാന്‍ ചോദിച്ചു. 'കഥ എഴുതിയതും പോരാ, തലക്കെട്ടും ഞാന്‍തന്നെ ഇടണമെന്നു പറഞ്ഞാല്‍!' മാഷ് ചിരിച്ചു. ശബ്ദമുണ്ടാക്കിയുള്ള ആ ചിരി. 'സോറി,' 'സന്ദര്ശകന്.' 'ആത്മഹത്യ.' 'ഇതില്‍ ഏതാണ് നല്ലത്?' മാഷ് ചോദിച്ചു. 'രണ്ടാമത്തേത്,' ഞാന്‍ പറഞ്ഞു. അങ്ങനെ ആ കഥ 'സന്ദര്ശകന്' എന്നറിയപ്പെട്ടു. ഇന്നാലോചിക്കുമ്പോള്‍ തോന്നുന്നു, 'സോറി' എന്നതായിരുന്നു കഥയ്ക്ക് ചേര്‍ന്ന പേര്. മാഷേ, അയാം സോറി! (Read Also: https://navalokam.com/article.php?newsId=12261&edition=2011)
വാടാമലരേ!സക്കറിയ ഇസ്രായേലി ല്‍
സക്കറിയയും രത്നാകരനും ഒലിവു മലയില്‍
ഹുലെ വാലിയില്‍ സക്കറിയയും രത്നാകരനും
സക്കറിയയും രത്നാകരനും ഭാസ്കരനും സുഹൃത്തുക്കളും ബേക്കല്‍ കോട്ടയില്‍
സക്കറിയ :സ്ഥലകാലങ്ങളെ മറികടന്ന സാഹിത്യ യാത്രികന് :രത്നാകരന് മാങ്ങാട്

Comments