അഭിപ്രായസ്വാതന്ത്ര്യം കോഗ്‌നിസിബിള്‍ കുറ്റമാകുമ്പോള്‍
............................
അഭിപ്രായസ്വാതന്ത്ര്യമെന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൌലിക അവകാശങ്ങളിലൊന്നാണ്. അവയെ കൂച്ചുവിലങ്ങിടുന്നതും അതിനുശ്രമിക്കുന്നതും ഫാഷിസവും. വിമര്‍ശനങ്ങളെ ഭയക്കുന്നവര്‍, മറ്റുള്ളവരെ അടക്കിഭരിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഇവരെല്ലാം ഫാഷിസത്തിന്റെ പാതയിലേക്ക് മെല്ലെ വഴുതിവീണിട്ടുണ്ടെന്നതാണ് ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത്. ജനങ്ങളെ പേടിപ്പിച്ച് തങ്ങളുടെ വരുതിയില്‍ നിര്‍ത്തുകയെന്നത് തങ്ങളുടെ നിലനില്പ്പിന് അനിവാര്യമെന്നാണ് ഇവരുടെ ചിന്ത. അതിനായി പലപ്പോഴും കരിനിയമങ്ങളും ആയുധങ്ങളുമെല്ലാം ഇവര്‍ കയ്യിലെടുക്കും. 

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ വാദിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നാണ് പൊതുവേയുള്ള ധാരണ. ലോകത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മിക്കയിടത്തും അതോറിറ്റേറിയന്‍ ഭരണമാണ് എന്ന വസ്തുത നിലനില്‍ക്കെതന്നെ ആണ് ഇത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എല്ലാകാലവും സ്വീകരിച്ചവരാണ്. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും മാത്രമേ നല്ലൊരു ജനാധിപത്യസമൂഹം കെട്ടിപടുക്കാനാവുവെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരക്കെ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇതിന് വിരുദ്ധമായ എല്ലാനീക്കത്തേയും കമ്മ്യൂണിസ്റ്റുകാര്‍ ചെറുത്ത്‌തോല്പിക്കാന്‍ മുന്നിലുണ്ടായിട്ടുമുണ്ട്.  

കേരളത്തില്‍ അതേ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു പൊലീസ് ഓര്‍ഡിനന്‍സ് ഇത് കൊണ്ടു തന്നെയാണ് വിവാദമാകുന്നതും. സൈബര്‍ ഇടങ്ങളിലെ അതിക്രമങ്ങളെ തടയാനായി കേരള പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 118 (എ) എന്ന പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരുന്നതിലൂടെ കേരളം സുപ്രീംകോടതി തന്നെ റദ്ദാക്കിയ കിരാത നിയമങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. ഇതിന് നേതൃത്വം കൊടുക്കുന്നത് ഇത്തരം കരിനിയമം റദ്ദാക്കാന് പാര്‍ലമെന്റിലടക്കം ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് എന്നതാണ്. 

എന്താണ് 118 എ ?
ഏതെങ്കിലും മാധ്യമത്തിലൂടെ ഒരു വ്യക്തിയെ അധിക്ഷേപിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഒരാള്‍ എന്തെങ്കിലും ഉള്ളടക്കം നിര്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ പരാതിക്കാരില്ലാതെ തന്നെ പൊലീസിന് നേരിട്ട് കേസെടുക്കാം. ഇത്തരത്തില്‍ കുറ്റം ചെയ്യുന്നയാള്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ ശിക്ഷ ലഭിക്കാം. ഇത്തരത്തിലൊരു കുറ്റം ശ്രദ്ധയില്‍ പെട്ടാല്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് വാറന്റോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ഇല്ലാതെ തന്നെ കുറ്റക്കാരനെ അറസ്റ്റ് ചെയ്യാവുന്ന കൊഗ്‌നിസിബിള്‍ കുറ്റകൃതമാണ് ഇത്.   

ഇതാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഓര്‍ഡിനന്‍സ്. പ്രത്യക്ഷത്തില്‍ തന്നെ ഈ നിയമത്തിലെ കുരുക്കും ഭീകരതയും വ്യക്തമാണ്. ഒന്ന്, നിങ്ങള് എഴുതുന്ന അല്ലെങ്കില്‍ പ്രസിദ്ധീകരിക്കുന്നത് എന്ത് തന്നെയായാലും അത് നിയമ വിധേയമാണോ എന്നത് കേസെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിവേചനബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. രണ്ട്, കേസെടുക്കാന്‍ ഒരു പരാതിക്കാരനേ വേണ്ട. മൂന്ന്, ഇതൊരു കോഗ്‌നിസിബിള്‍ കുറ്റകൃത്യമാണ്. 

സ്ത്രീകള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ആക്ഷേപങ്ങളും ബുള്ളിയിങും നടക്കുന്നുവെന്നതാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരാന്‍ കാരണമെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ 118 എ കൃത്യമായി പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനല്ല ഇതെന്ന് വ്യക്തമാണ്. അത്ഏതൊരുവ്യക്തിയേയും ആര്‍ക്കെതിരെയുള്ള പരാമര്‍ശം എന്നത് പോലും നോക്കാതെ കേസെടുത്ത് ശിക്ഷിക്കാനുള്ള വഴിയാണ്.
എന്താണ് ഓര്‍ഡിനന്‍സിലൂടെ ഈ നിയമം കൊണ്ടുവരാനുള്ള പശ്ചാത്തലമെന്ന് കൂടി പരിശോധിക്കണം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് അശ്ലീല യൂടൂബര്‍ വിജയകുമാറിനെ തല്ലിയതോടെയാണ് ഇത്തരത്തിലൊരു നിയമത്തിന്റെ ആവശ്യം സര്‍ക്കാരിന്റെ തലയിലുദിച്ചത്. അതായത് സ്ത്രീകളെ ആക്ഷേപിക്കുന്ന ഇത്തരക്കാരെ ശിക്ഷിക്കാനെന്ന് വ്യാഖ്യാനം. നിലവില്‍ തന്നെ നിരവധി കര്‍ശന നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ തടയാനുള്ളപ്പോളാണ് 118 എ എന്ന പുതിയ നിയമം കൊണ്ടുവരുന്നത്. 
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനാണെങ്കില്‍ ഇതിനേക്കാള്‍ ശക്തമായ മറ്റ് വകുപ്പുകള്‍ ഈ രാജ്യത്തുണ്ട്. ഐ പി സി 509, 354 എ, പൊലീസ് അക്ടിലെ തന്നെ 119 എ ആന്റ് ബി എന്നിവ. ഇവയെല്ലാം കാര്യക്ഷമമായി പ്രയോഗിച്ചാല്‍ തന്നെ കുറ്റക്കാരെ ശക്തമായി ശിക്ഷിക്കാനാവും. പോരാത്തതിന് ഐ പി സി 499 പ്രകാരം അവഹേളിക്കപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട്. 
പക്ഷെ ഭാഗ്യലക്ഷ്മിയുടേയും മറ്റും കേസില്‍ സംഭവിച്ചതെന്താണ് എന്ന്കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തില് സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനെതിരെ പരാതി നല്കിയിട്ടും പൊലീസ് നടപടിയെടുത്തില്ല എന്ന് തുറന്ന് പറഞ്ഞത് ഭാഗ്യലക്ഷമി തന്നെയാണ്. തുടര്‍ന്നാണ് നിയമം കയ്യിലെടുക്കാന്‍ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും തീരുമാനിച്ചത്. കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രചരിപ്പിച്ചതും. അപ്പോള്‍ നിയമങ്ങള്‍ ഇല്ലാത്തതോ പരാതിക്കാര്‍ ഇല്ലാത്തതോ അല്ല പ്രശ്‌നം. അസുഖം വേറെയാണ്. 

സോഷ്യല്‍ മീഡിയയിലെ മോശം പ്രവണതയെ തടയേണ്ടത് തന്നെയാണ്. അത് പക്ഷെ ഇത്തരത്തില്‍ ഭീകരനിയമങ്ങള്‍ കൊണ്ടുവന്നും പൊലീസിനെ കയറൂരിവിടുന്ന സാഹചര്യമൊരുക്കിയുമാകരുത്. ഈ നിയമം സാമൂഹ്യമാധ്യമങ്ങളിലെ സൈബര്‍ ബുള്ളിയിങിനെമാത്രമാണ് തടയിടുക എന്ന് കരുതുന്നത് വങ്കത്തരമാണ്. ഈ നിയമം മാധ്യമപ്രവര്‍ത്തനത്തേയും സ്വതന്ത്രമായ അഭിപ്രായം പറയുന്നവരേയും പ്രതിപക്ഷത്തേയും മാധ്യമങ്ങളേയുമെല്ലാം ലക്ഷ്യമിട്ടുളളതാണ്. സര്‍ക്കാരിനേയോ മുഖ്യമന്ത്രിയേയോ വിമര്‍ശിച്ച് ആര് എന്ത് കണ്ടന്റ് പോസ്റ്റ് ചെയ്താലും ഷെയര്‍ ചെയ്താലും പൊലീസിനെ ഉപയോഗിച്ച് കേസടുത്ത് അറസ്റ്റ് ചെയ്യിക്കാം. അതിലൂടെ തങ്ങള്ക്ക് നേരെ നീളുന്ന ഏതൊരുവിരലും അറുത്തുമാറ്റാമെന്നത് തന്നെയാണ് നിയമം കൊണ്ടുവരുന്നവരുടെ ലക്ഷ്യം. തീരുന്നില്ല, കോഗ്‌നിസിബിള്‍ ആക്ട് ആകുന്നതിലൂടെ പൊലീസിന് തോന്നുംപടി എന്തും ചെയ്യാം. ഏതെങ്കിലും ഒരു പൊലീസുകാരന് ആരോടെങ്കിലും ദേഷ്യം തീര്‍ക്കാനുണ്ടെങ്കില്‍ ഒരു പക്ഷെ അതിന് മറയാക്കാനും ഈ കരിനിയമം ഉപയോഗിക്കാം. കേസ് കോടതിയില്‍ പിന്നീട് തള്ളിപോയാലും ശരി കുറച്ച് കാലത്തേക്ക് ഒരുവനെ മാനസികമായി പീഢിപ്പിക്കാന്‍ ഇത് ധാരാളം മതി. 

നമ്മുടെ രാജ്യത്ത് നേരത്തേയും സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനെന്നപേരില്‍ സമാനമായ കിരാത നിയമങ്ങള്‍ ഉണ്ടായിരുന്നു. ഐടി ആക്ടിലെ 66 എ യും കേരള പൊലീസ് അക്ടിലെ 118 ഡി നിയമവും അത്തരത്തില്‍ പെട്ടതാണ്. ഇവ രണ്ടും സുപ്രീംകോടതി തന്നെ ഇടപെട്ടാണ് റദ്ദാക്കിയത്. എന്തെല്ലാമാണ് ഈ നിയമം വഴി നിരോധിച്ചിരിക്കുന്നത് എന്ന് സാമാന്യജനങ്ങള്‍ക്ക് വേര്‍ത്തിരിച്ചറിയാന്‍ കഴിയാത്ത അത്ര അവ്യക്തമാണ് ഇവയെന്നാണ് പരമോന്നതി കോടതി അന്ന് നിരീക്ഷിച്ചത്. ഏതാണ് നിയമവിരുദ്ധം ഏതാണ് നിയമവിധേയമെന്നത് പൊലീസിന്റേയും വിചാരണകോടതിയുടേയും നിലപാടുകള്‍ക്ക് വിട്ടുകൊടുക്കുകവഴി വിവേചനപരമായും തോന്ന്യാസപരമായും നിയമം നടപ്പിലാക്കാന്നുള്ള ശ്രമം അനവദിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഈ രണ്ട് നിയമങ്ങളുടേയും സത്ത ഉശക്കൊള്ളുന്നതാണ് പുതിയ നിയമവും. കലാസൃഷ്ടികളും സാഹിത്യവിമര്‍ശനങ്ങളുമെല്ലാം ഇതിന്റെ കരിനിഴലില്‍ വരാം. അത്രമാത്രം അവ്യക്തമാണ് 118 എ. 
ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്ന് ശിവസേന നടത്തിയ ഹര്‍ത്താലിനെ വിമര്‍ശിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് മലയാളിയായ റീനു ശ്രീനിവാസിനെ മുംബൈ പോലീസ് 66 എ പ്രകാരം അറസ്റ്റ് ചെയ്തത്. മനോരമയെ വിമര്‍ശിച്ച് കമന്റ് ഇട്ടതിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ അഡ്വക്കേറ്റ് അനൂപ് കുമാറിനെ കേരള പോലീസ് 118 ഡി കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇരുവരുടേയും കേസുകളാണ് പ്രസ്തുത നിയമങ്ങള്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 

2012 ല്‍ ഐടി ആക്ടിലെ 66 എ ക്കെതിരെ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവാണ്. സ്വാതന്ത്ര്യത്തിനവേണ്ടിയുള്ള പോരാട്ടത്തിന്റെ കാഹളമെന്നായിരുന്നു പ്രമേയം അവതരിപ്പിച്ച് സിപിഎം അവകാശപ്പെട്ടത്. അതേ സിപിഎം തന്നെയാണ് ഇപ്പോള്‍ അവയെല്ലാം ചേര്‍ത്ത് 118 എ കൊണ്ടുവരുന്നത് എന്നതാണ് വിചിത്രം. നിയമവും ഓര്‍ഡിനന്‍സും കോടതി കയറുമെന്നത് ഉറപ്പാണ്. പക്ഷെ ഇത്തരത്തിലുള്ള കിരാത നിയമങ്ങള്‍ കൊണ്ടുവരാന്‍, ജനത്തെ സേവിക്കേണ്ട സര്‍ക്കാരുകള്‍ ധൈര്യപ്പെടുന്നുവെന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്.

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image