ഹൈക്കു യാത്രകള്‍

നസ്രേത്തില്‍ ഒരു നസ്രാണിക്കൊപ്പം

മാങ്ങാട് രത്നാകരന്‍

 

നസ്രേത്തില്‍ നടാടെ എത്തിപ്പെട്ടപ്പോള്‍ മനസ്സില്‍ യേശുവിനെക്കാളും കന്യാമറിയത്തെക്കാളും നിറഞ്ഞുതുളുമ്പിയത് 'നസ്രാണി' എന്ന വാക്കാണ്. അപ്പോള്‍, ഈ വാക്ക് കടല്‍കടന്ന് എന്റെ ഭാഷയിലേക്ക് വന്നത് ദാ, ഇവിടെ നിന്നാണ്!

നസ്രേത്തിന്റെ നിറം മഞ്ഞയാണ്. പഴകിയ മഞ്ഞ. 'സെപിയ' നിറം, ചുവപ്പും തവിട്ടും കലര്‍ന്ന് നഷ്ടസ്മൃതിയുടെ വികാരഭാവനയിലേക്ക് കൊണ്ടുപോകുന്ന തരം ഫോട്ടോഗ്രാഫുകളില്ലേ, അതേ നിറം. മലഞ്ചെരിവില്‍ നിരനിരയായി താഴോട്ടിറങ്ങുന്ന കെട്ടിടങ്ങള്‍ കാണുമ്പോള്‍, പഴയ സെപിയ ഛായയിലുള്ള ഫോട്ടോകള്‍ക്കു ജീവന്‍വച്ചതുപോലെ തോന്നും. കാലയന്ത്രത്തില്‍ക്കയറി യേശു ഇവിടെ ജീവിച്ച കാലത്തിലേക്ക് സഞ്ചരിച്ചാല്‍ നസ്രേത്തിന് ഇതേ നിറമായിരിക്കുമോ? ആയിരിക്കാനിടയില്ല. മരപ്പണിക്കാരനായ ജോസഫിന്റെ കാലത്ത് പുല്‍ക്കുടിലുകള്‍ മാത്രമേ ഉണ്ടാവാന്‍ വഴിയുള്ളൂ.

 

നസ്രാണിയെക്കുറിച്ചാണല്ലോ നാം പറഞ്ഞുവന്നത്. രണ്ടായിരം കൊല്ലത്തെ നസ്രേത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ നസ്രേത്തുകാരന്‍ യേശുവിനൊപ്പമാണ് നസ്രേത്ത് കേരളത്തിലേക്ക് വന്നത്. അതെങ്ങനെ നസ്രാണിയായി? ഗൂഗിള്‍ കാണിച്ച ചരിത്രവഴിയിലൂടെ പിന്നോട്ടു സഞ്ചരിച്ചപ്പോള്‍ അറബികള്‍ ക്രിസ്ത്യാനികളെ നസ്രാണികള്‍, അതായത് നസ്രേത്തില്‍ നിന്നുവന്നവര്‍ എന്നാണു വിളിച്ചിരുന്നതെന്നു കാണുന്നു. അറബികള്‍ ഈ മണ്ണില്‍, അവരുടെ സ്വന്തം മലബാറില്‍, വിതച്ച വാക്കുകളാണല്ലോ പൂവിട്ട് പടര്‍ന്ന് പന്തലിച്ചത്! ഇന്നിപ്പോള്‍ ഈ വാക്ക് നിത്യോപയോഗത്തില്‍ വളരെക്കുറവാണ്. 'നസ്രാണിദീപിക'യും മറ്റും പരിപോഷിപ്പിച്ച മലയാളഗദ്യത്തിന്റെ പഴയകാലത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും മറ്റും വന്നുപെട്ടാലായി, അതല്ലെങ്കില്‍ 'എടാ നശിച്ച നസ്രാണീ,' മട്ടിലുള്ള തമാശശകാരങ്ങളില്‍.

 

കേരളത്തിലെ ഏറ്റവും പേരുകേട്ട ഒരു നസ്രാണിയോടൊപ്പമാണ് നാല് ഇസ്രായേല്‍ യാത്രകളില്‍ രണ്ടുതവണ ഞാന്‍ നസ്രേത്തില്‍ പോയിട്ടുള്ളത്. നസ്രായനായ യേശുവിനെക്കുറിച്ച് ലോകോത്തരമായ കഥകള്‍ എഴുതിയ സക്കറിയയോടൊപ്പം. യേശുവും കന്യാമറിയവും യാത്രയില്‍ കൂടെയുണ്ടായിരുന്നു, ഭക്തിപൂരിതമായിട്ടല്ലെന്നു മാത്രം. വഴിയിലും കടകളിലും കമനീയ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന സ്ത്രീകളെ കണ്ടുമുട്ടുമ്പോള്‍, നസ്രേത്തിലെ സ്ത്രീസൗന്ദര്യം കന്യാമറിയത്തില്‍ നിന്നു കൈമറിഞ്ഞുകിട്ടിയതല്ലേ എന്ന് സക്കറിയ ന്യായമായും സംശയിച്ചു. ചിത്രകലാചരിത്രത്തിലെ സുന്ദരികളിലേക്ക് ചുഴിഞ്ഞുചെന്ന് ഞാനും ആ സൗന്ദര്യചര്‍ച്ചയെ പൊലിപ്പിച്ചു.

 

മംഗളവാര്‍ത്താപ്പള്ളിയില്‍-കന്യാമറിയം ഗര്‍ഭിണിയാണെന്ന് മാലാഖ അറിയിച്ചതെന്ന് ഇവിടെവച്ചാണെന്നാണ് വിശ്വാസം-കുറേനേരം ചുറ്റിത്തിരിഞ്ഞ് ഞങ്ങള്‍ നസ്രേത്ത് പട്ടണത്തിലേക്കിറങ്ങി. വഴിവാണിഭവും കലപിലയുമുള്ള തീരെ അപരിചിതത്വം തോന്നാത്ത തെരുവുകള്‍. അങ്ങനെ നടക്കുമ്പോള്‍ എനിക്കു ദാഹിച്ചു. സക്കറിയ സ്വപ്‌നാടകനെപ്പോലെ അങ്ങനെ നടക്കുകയാണ്. വഴിതെറ്റാനൊന്നുമില്ല, എങ്കിലും അറിഞ്ഞിരിക്കണമല്ലോ, ദാ, ഒരു കുപ്പി വെള്ളം വാങ്ങിച്ചുവരാമെന്നു പറഞ്ഞ് ഒരു കടയിലേക്ക് കയറാനാഞ്ഞു.

 

''വേണ്ട, പുള്ളിക്കാരന് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല,''സക്കറിയ വിലക്കി. ''വെള്ളത്തെ വീഞ്ഞാക്കാനല്ലേ അങ്ങേര്‍ പറഞ്ഞത്? നമുക്കൊരു ബാര്‍ കണ്ടുപിടിക്കാം.''

ശരിയാണല്ലോ, തൊണ്ടവരണ്ടെങ്കിലും വീഞ്ഞുകുടിക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഒരു നനവും രുചിയുമുണ്ടായി. കാഴ്ചകള്‍ കണ്ട് ഒരു ബാര്‍ തിരക്കി നടന്നു. അപ്പോഴതാ, ഒരു കടയുടെ മുന്നില്‍ നസ്രേത്തിലെ രണ്ടു പെണ്‍കുട്ടികള്‍ ഒരു പൂച്ചയെ ഓമനിക്കുന്നു. ഹാ, ഹാ, എത്ര മനോഹരം! ഞാന്‍ ക്യമാറ തുറന്ന് ആ കാഴ്ച കണ്ടു. ഒരറ്റത്ത് ചിരിച്ചുകൊണ്ട് സക്കറിയയും പ്രതിഫലിച്ചു.

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image