ഇന്ത്യക്ക് വിശക്കുന്നു, ലോകത്തിനും 

സനൂബ് ശശിധരന്‍ 

...................

ലോകത്ത് പട്ടിണിയുള്ള രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അയര്‍ലന്റ് ആസ്ഥാനമായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മനിയിലെ വെല്‍ത്തങ്കര്‍ ലൈഫും ചേര്‍ന്നാണ് ലോകരാജ്യങ്ങളിലെ ഹങ്കര്‍ ഇന്‍ഡക്‌സ് 2020 ( പട്ടിണി സൂചിക ) പുറത്തിറക്കിയത്. ഇത്തവണ 107 രാജ്യങ്ങളാണ് പഠനവിധേയമാക്കിയത്. ഇവയില്‍ 94 ാം സ്ഥനത്താണ് ഏഷ്യയിലെ വന്‍സാമ്പത്തികശക്തികളിലൊന്നായ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം.

പ്രധാനമായും നാല് കാര്യങ്ങളാണ് ലോക പട്ടിണി സൂചിക തയ്യാറാക്കാന്‍ പരിഗണിക്കുന്നത്.

  1. ജനസംഖ്യയിലെ എത്രപേര്‍ക്ക് ആവശ്യത്തിനുള്ള കലോറിയിലുള്ള ഭക്ഷണം ലഭിക്കുന്നു
  2. 5 വയസില്‍ താഴെയുള്ള കുട്ടികളില്‍ പോഷകാഹാരകുറവ് മൂലമുള്ള ഭാരകുറവ്
  3. 5 വയസിനുതാഴെയുള്ള കുട്ടികളില്‍ പോഷകാഹാരകുറവ് മൂലമുള്ള വളര്‍ച്ചമുരടിപ്പ്. 
  4. പോഷകാഹാരകുറവും അനാരോഗ്യകരമായ പരിസ്ഥിതിയും മൂലം 5 വയസിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക്

 

ഇവയെ അടിസ്ഥാനപ്പെടുത്തി 100 പോയന്റിന്റെ സ്‌കെയിലില്‍ മൂല്യം നിര്‍ണയിച്ചാണ് ലോകത്തെ പട്ടിണിരാഷ്ട്രങ്ങളെ കണ്ടെത്തുന്നത്. അതായത് ആ രാജ്യത്തെ കുട്ടികളുടെ ആരോഗ്യസ്ഥിതിതന്നെയാണ് രാജ്യത്തിന്റെ ആരോഗ്യവും നിര്‍ണയിക്കുന്നതെന്നര്‍ത്ഥം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇത് നാലാമത്തെ തവണയാണ് പട്ടിണി സൂചിക തയ്യാറാക്കുന്നത്. ഇതിനുമുമ്പ് 2000, 2006,2012 എന്നീവര്‍ഷങ്ങളിലാണ് സൂചിക പ്രസിദ്ധീകരിച്ചത്.

2020 ലെ കണ്ടത്തലുകള്‍ ഇപ്രകാരമാണ്.

 

ലോകമാകെ 690 ദശലക്ഷം പേരാണ് പോഷകാഹാരകുറവ് മൂലം ദുരിതമനുഭവിക്കുന്നത്. 144 ദശലക്ഷം കുഞ്ഞുങ്ങള്‍ വളര്‍ച്ചാമുരടിപ്പിനും 470 ലക്ഷം കുട്ടികള്‍ പോഷകാഹാരം ലഭിക്കാത്തതിനാല് ഭാരകുറവുമൂലവും ദുരിതം അനുഭവിക്കുന്നവരാണ്. 2018 ല്‍ മാത്രം പോഷകാഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ലോകത്ത് മരിച്ച 5 വയസില് താഴെയുള്ള കുട്ടികളുടെ എണ്ണം 53 ലക്ഷം ആണ്.

2030 ഓടെ ലോകത്തെ പട്ടിണിഏറ്റവും കുറഞ്ഞ അളവിലെത്തിക്കാനാണ് ഐക്യരാഷ്ട്രസഭയടക്കമുള്ളവരുടെ ശ്രമങ്ങള്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ ലക്ഷ്യം കൈവരിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2030 എത്തുമ്പോളും രാജ്യത്തെ 37 രാജ്യങ്ങള്‍ക്ക് കുറഞ്ഞപട്ടിണി നിരക്കുള്ള രാജ്യമെന്ന മാനദണ്ഡം പോലും കൈവരിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍

തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും തെക്കനേഷ്യന്‍ രാജ്യങ്ങളിലുമാണ് പട്ടിണി ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഏറ്റവും അപകടകരമായ രീതിയില്‍ പട്ടിണി നിലനില്ക്കുന്ന 11 രാഷ്ട്രങ്ങളാണ് സൂചികയിലുള്ളത്. ഛാദ്, ടിമോര്‍ ലെസ്റ്റെ, മഡഗാസ്ഗര്‍, കോങ്കോ, സൊമാലിയ എന്നിവയ്‌ക്കൊപ്പം ആഭ്യന്തരയുദ്ധം നാശം വിതച്ച സൌത്ത് സുഡാനിലും യെമനിലും പട്ടിണി ഏറ്റവും മോശം അവസ്ഥയിലാണ്. ആഭ്യന്തരകലാപവും അനശ്ഛിതത്വവും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുമെല്ലാം പട്ടിണിക്ക് വഴിവെക്കുന്നുണ്ട്.

ലോകത്തെ ഗ്രസിച്ച കൊവിഡ് എന്നമഹാമാരി വിതച്ച ദുരിതം കണക്ക് കൂട്ടാതെയാണ് ഇത്തവണത്തെ പട്ടിണി സൂചിക തയ്യാറാക്കിയിരിക്കുന്നത്. കൊവിഡിന്റ ആഘാതം കൂടിചേരുമ്പോള്‍ ലോകത്തെ പട്ടിണിയുടെ തോത് ഇതിന്റെ പലമടങ്ങാകുമെന്നത് തീര്‍ച്ച.

ഇന്ത്യയുടെ കാര്യമെടുത്താല്‍ കഴിഞ്ഞ മൂന്ന് സൂചികകളേയും താരതമ്യപ്പെടുത്തുമ്പോള്‍ നിലമെച്ചപ്പെട്ടതായി കാണാം. എന്നിരുന്നാലും ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികളിലൊന്നായ ഇന്ത്യക്ക് ഒട്ടും അഭിമാനിക്കാവുന്നതല്ല സ്ഥിതി. കാരണം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ, സാമ്പത്തിക നിലയില്‍ ഇന്ത്യയുടെ ഏഴര അയലത്ത് പോലും എത്താത്ത എല്ലാരാജ്യങ്ങളും സൂചികയില്‍ ഇന്ത്യയേക്കാള്‍ എത്രയോ മുന്നിലാണ്. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് സൂചികയില്‍ ഇന്ത്യക്ക് പിന്നിലുള്ളത്. ( അഫ്ഗാനിസ്ഥാനെ പിറകോട്ട് വലിക്കുന്ന ഘടകം അവിടെ താലിബാന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകലാപം തന്നെയാണ് ) . ഇന്ത്യയുടെ ഏറ്റവും അടുത്ത് കിടക്കുന്ന, വികസനപരമായി വലിയ സാധ്യതകളില്ലാത്ത നേപ്പാളിന്റെ സ്ഥാനം സൂചികയില്‍ 73 ഉം ശ്രീലങ്കയുടേത് 64 ഉം ആണ്. ബംഗ്ലാദേശാകട്ടെ 75 ആം സ്ഥാനത്തുമാണ്. ഇന്ത്യയുടെ ബദ്ധശ്രത്രുവായ, എന്തിനും ഏതിനും നാം കളിയാക്കുന്ന പാക്കിസ്ഥാന്‍ പോലും ഇന്ത്യയേക്കാള്‍ പട്ടിണി സൂചികയില്‍ ഏറെ മുന്നിലാണ്. 88 ആമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.

ഇന്ത്യ വികസനത്തിന്റെ പാതയിലാണ് എന്നതില്‍ തര്‍ക്കമില്ല. മികച്ച അടിസ്ഥാന സൌകര്യവികസനം, സൈനികായുദ്ധങ്ങള്‍ വാങ്ങുന്നതിലും വിദേശനിക്ഷേപം എല്ലാമേഖയിലേക്കും ആകര്‍ഷിക്കുന്നതിലുമെല്ലാം അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത് എന്നകാര്യത്തില്‍ സംശയമില്ല. അമേരിക്കയും ഇസ്രയേലും ഫ്രാന്‍സും റഷ്യയും പോലുള്ള ശക്തരായ വികസിത രാഷ്ട്രങ്ങളുമായാണ് ഇന്ത്യയുടെ വാണീജ്യബന്ധങ്ങളും. എന്നാല്‍ രാജ്യത്തിന്റെ ഈ വികസനങ്ങളുടെ ഫലം എല്ലാവരിലേക്കും എത്തുന്നില്ല എന്നതാണ് പട്ടിണി സൂചികയിലെ അവസാന സ്ഥാനക്കാരാവുമ്പോള്‍ തെളിയിക്കപ്പെടുന്നത്. രാജ്യത്തെ പട്ടിണികോലങ്ങളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയും പണക്കാരുടെ കീശ അനുദിനം വലുതാവുകയും ചെയ്യുന്നുവെന്നത് തന്നെയാണ് രാജ്യത്തിന്റെ വികസനത്തിലെ പാളിച്ച. 5 ട്രില്ല്യണ്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ഓട്ടത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍. അത് പ്രതിരോധമേഖലയിലടക്കം വിദേശ നിക്ഷേപം ആകര്‍ഷിച്ചും കൃഷിയടക്കം സ്വകാര്യവത്ക്കരിച്ചും പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും രാജ്യത്തിന്റെ ജിഡിപി കൂട്ടുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് സാധാരണക്കാരന് എന്ത് ഗുണം എന്നവിമര്‍ശനം ഒരുവശത്ത് നില്‍ക്കുന്നുമുണ്ട് . അതേസമയം ഇന്ത്യയുടെ അത്രതന്നെ വളര്‍ച്ച കൈവരിച്ചിട്ടില്ലാത്ത, അടുത്ത 5 ദശകത്തില്‍ പോലും ഇന്ത്യയുടെ പകുതി വളര്‍ച്ച കൈവരിക്കാനിടയില്ലാത്ത മ്യാന്മറും നേപ്പാളും ബംഗ്ലാദേശുമെല്ലാം പട്ടിണിയില്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യസുരക്ഷ, എന്നീ അടിസ്ഥാനമേഖലകളിലാണ് ഈ രാജ്യങ്ങളെല്ലാം കൂടുതലായി നിക്ഷേപം ഇറക്കുന്നത്. അതായത്, സര്‍ക്കാര്‍ നേരിട്ട് തന്നെ അവിടത്തെ ജനങ്ങള്‍ക്ക് സാമൂഹികവും ആരോഗ്യകരവുമായ ഒരു ജിവിതം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് പട്ടിണി സൂചികയില്‍ കാണുന്നത്. ആ രാജ്യങ്ങളില്‍ പോഷകാഹാരകുറവ് മൂലം പട്ടിണിയോ മരണമോ ഇല്ലാതാക്കാനോ ഗണ്യമായി കുറയ്ക്കാനോ ആ ചെറുരാജ്യങ്ങള്‍ക്കെല്ലാം സാധിച്ചുവെന്നത് തന്നെയാണ് അടിസ്ഥാനപരമായി ഒരു സര്‍ക്കാരിന്റെ വിജയമായി കാണേണ്ടത്. 2000 ത്തിലെ സൂചിക പ്രകാരം നേപ്പാളിലെ പട്ടിണിയെന്നത് അതിഭീകരമായിരുന്നു. പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്ന നേപ്പാള്‍ രണ്ട് പതിറ്റാണ്ടിനിപ്പുറം തൊട്ടടുത്തുള്ള വലിയ രാജ്യത്തേക്കാള്‍ ഏറെമുന്നിലെത്തിയത് കുട്ടികളിലെ പോഷകാഹാരകുറവും മറ്റും ഇല്ലാതാക്കാനായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും അത് വിജയകരമായി നടപ്പാക്കുകയും ചെയ്തത് കൊണ്ടാണ്.

പട്ടിണി നിര്‍മാര്‍ജനമെന്നത് വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിപോകുന്നുവെന്നതാണ് നമ്മുടെ വലിയ പ്രതിസന്ധി. നയങ്ങളും പദ്ധതികളും വെറും പ്രഖ്യാപനത്തിലും പ്രവര്‍ത്തി അതിന് ഘടകവിരുദ്ധവുമാകുന്നുവെന്നതാണ് വസ്തുത. രാജ്യത്ത് തൊഴിലെടുക്കുന്നവര്ക്ക് മിനിമം കൂലി എന്ന നിയമം 2019 ഓഗസ്റ്റിലാണ് കേന്ദ്രം പാസാക്കിയത്. എന്നാലിന്നും നമ്മുടെ രാജ്യത്തെ തൊഴിലാളിക്ക് മിനിമം കൂലിയെന്നത് വിദൂരസ്പനമായി തന്നെ അവശേഷിക്കുകയാണ്. അതിനിടെ രാജ്യത്ത് നടപ്പാക്കിയ പുതിയ തെഴില്‍ നിയമങ്ങളും കാര്‍ഷിക നിയമങ്ങളുമെല്ലാം തൊഴില്‍ സുരക്ഷ എന്നത് ഇല്ലാതാക്കി മാറ്റുകയും ചെയ്തു. ഇതിലൂടെ രാജ്യത്തെ ഒരുവിഭാഗം സമ്പന്നര്‍ക്ക് മാത്രമാണ് ഗുണം ലഭിക്കുക. അതിനാല്‍ തന്നെ താഴെകിടയിലെ പട്ടിണിയും പോഷാകഹാരകുറവ് മൂലമുള്ള ദുരിതങ്ങളും മാറ്റമില്ലാതെ തുടരുകയും ചെയ്യും.

അപ്പോള്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍, അവ നടപ്പിലാക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും താഴെകിടയിലെ ദരിദ്രനെപോലും മനസില്‍ ഓര്‍ത്താല്‍ നമുക്കും പട്ടിണിയെന്നതും പട്ടിണിമരണവുമെല്ലാം ഇല്ലാതാക്കാനാവും. നേപ്പാളിന് കഴിയുമെങ്കില്‍ തീര്‍ച്ചയായും ഇന്ത്യക്കും സാധിക്കും.

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image