നാഗാനുരാഗം

ശ്രീദേവി മധു

 അമ്മിണിയുടേയും ചിങ്കാരന്റേയും കറുത്ത ഉടലില്‍ വിയര്‍പ്പുതുള്ളികള്‍ ഉരുണ്ട് കൂടിയിട്ടുണ്ടാകുമോ? ഇന്നെങ്കിലും അതിനെ കാണണം. അക്കരെ വീട്ടിലെ കുളത്തില്‍ മുഴികള്‍ തലപൊന്തിച്ചു വരുന്നത് കാണുവാനാണെന്ന് അമ്മയോട് കള്ളം പറഞ്ഞാണിറങ്ങിയത്.
പളുങ്കുകണ്ണുകളില്‍ കുറച്ചുനേരം നോക്കി നില്‍ക്കണം. അതിന്റെ കണ്ണിന് ഗോലിപോലെ തിളക്കമുണ്ടാകുമോ? ഇന്നെങ്കിലും ഒന്നു കാണുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍. എത്ര നാളായി ഇങ്ങനെ നായ ചന്തക്കുപോയപോലെ നടക്കാന്‍ തുടങ്ങിയിട്ട് എത്രയെത്ര കള്ളം പറഞ്ഞാ ഒന്നത്രടം വരെ പോകുന്നത്. തേങ്ങയിടാന്‍ വരുന്ന ഔസേപ്പിനോടും, പാത്രം കഴുകുന്ന കൊച്ചുപെണ്ണിനോടും കൂടി അനുമതി ചോദിക്കണം.
'ഉച്ചസമയത്ത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കുളത്തിനടുത്തൊന്നും വിടരുത്.' അമ്മയുടെ ചെവിയില്‍ പാറു അടക്കം പറയാറുണ്ട്.
'എന്ത് ചെയ്യാനാ പാറൂ നീ കൂടി കാണുന്നതല്ലേ. അറിവുവെച്ചപ്പം മുതല്‍ എന്തോ തേടി നടക്കുവാ. കെട്ടിച്ചുവിട്ടാലറിയാം ഈ അന്വേഷണങ്ങള്‍ക്ക് ഒരവസാനമുണ്ടാകുമോയെന്ന്. ഞൗണിക്ക, ചെറുമീനുകള്‍, തവള, ആമ എന്നുവേണ്ട എല്ലാ ജീവജാലങ്ങളോടും പെണ്ണിന് ജീവനാ. പാടത്തുനിന്ന് കേറില്ല. വഴക്ക് പറഞ്ഞ് ഞാന്‍ മടുത്തു.'
അമ്മ പറഞ്ഞു നിര്‍ത്തുമ്പോള്‍ പാറുവിന്റെ ഒരു നോട്ടമുണ്ട്, പെണ്ണിനിയെങ്ങാനും നൊസ്സായിട്ടുണ്ടാകുമോ എന്ന മട്ടില്‍.
വയല്‍പ്പൂക്കള്‍ക്കിടയിലൂടെ നടക്കുമ്പോഴാണ് ഒരു പാമ്പ് കാലിനടുത്തുകൂടി വേഗത്തില്‍ ഇഴഞ്ഞുപോയത്. ഭയന്ന് പിന്നോക്കം ഒന്നു മാറിയെങ്കിലും, കറുത്ത ഉടലാണോന്നറിയാന്‍ കൂടെ ഓടി, വയസ്സന്‍ പ്ലാവിനടുത്ത് അണച്ചിരുന്നപ്പോഴാണ് അത് മഞ്ഞച്ചേരയാണെന്നറിഞ്ഞത്. കുളത്തിന്റെ അരികില്‍ ഒരു ഞാവലുണ്ട്. ഒരു പാലമരവും. പാലയുടെ ചുവട്ടിലാണ് അതിരിക്കുന്നത്. കറുത്ത ഉടലും പളുങ്കുകണ്ണുകളുമായി.
അമ്മയറിയാതെ കോഴിക്കൂട്ടില്‍ നിന്ന് എടുത്തുകൊണ്ടുവന്ന മുട്ട പാലയുടെ ചുവട്ടില്‍ വച്ചു. ഒരു കാക്ക മുട്ടയെ ചുറ്റിപ്പറ്റി നിന്നതല്ലാതെ അത് വന്നില്ല.
എപ്പോഴായിരുന്നു മനസ്സിലേക്ക് കറുപ്പിന്റെ അഴകായി പളുങ്കുകണ്ണുകളില്‍ കുസൃതി നിറച്ച് അത് വന്നത്? മറ്റുള്ളവരുടെ കഥകള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ പഠിച്ചതുമുതലാണെന്നു തോന്നുന്നു.
പാടത്ത് പുല്ലുപറിക്കുന്നവര്‍ പറമ്പില്‍ കിളക്കുന്നവര്‍ വീട്ടിലെ അതിഥികള്‍ ഇവരെല്ലാം അതിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു.
'പൊലയസര്‍പ്പം കോപിച്ചാ കുടുംബം തകരും...'
വലിയോപ്പ കറിക്ക് തേങ്ങ വറുത്തിടുമ്പോള്‍ പറഞ്ഞത് ശരിക്കും ഓര്‍മ്മിക്കുന്നു.
'എന്തിനാ പൊലയസര്‍പ്പം കോപിക്കുന്നത്?'
ഞാന്‍ ചോദിച്ചപ്പോള്‍ വലിയോപ്പ വലിയശബ്ദത്തില്‍ ചിരിച്ചു.
'ഒരുപാട് കഥയുണ്ട്. അതൊന്നും കുട്ടിയറിയണ്ടാ.'
വലിയോപ്പ പിന്നെ നിശബ്ദയായി. ഇനിയാ നാവില്‍ നിന്നൊന്നും കിട്ടില്ലെന്ന് അനുഭവം ഉള്ളതുകൊണ്ട് പിന്നെയവിടെ ചുറ്റിക്കളിച്ചില്ല. എന്നാലും ഇവറ്റയെ ഒന്നു കാണണമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.

കുഞ്ഞാഗസ്തി കഥകളുടെ തമ്പുരാനായിരുന്നു. വല്ലപ്പോഴുമേ വരൂ. വിശപ്പിന്റെ സൈറണ്‍ സഹിക്കാന്‍ വയ്യാതാകുമ്പോള്‍ അമ്മയുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. ഉച്ചസമയത്ത് ഊണുകാലായില്ലെങ്കിലും അമ്മ കുരണ്ടിപ്പലക നീക്കിയിട്ട് കൊടുക്കും. അദ്ദേഹം ഇരുന്നുകഴിഞ്ഞിട്ടാണ് കൊച്ചുപെണ്ണ് ഇലമുറിച്ചുകൊണ്ടുവരുന്നത്. ഊണിനിടയില്‍ എന്തുമാത്രം കഥകളാ പറഞ്ഞു തീര്‍ക്കുന്നത്. ഊണുകഴിഞ്ഞ് മുത്തശ്ശന്റെ വെറ്റില പാത്രത്തില്‍ നിന്ന് പുകയില കൂട്ടാതെ മുറുക്കും. മുറുക്കി മുറ്റത്തേക്ക് ചിത്രപ്പൂക്കള്‍ വിരിയിക്കുമ്പോഴാണ് ഞാന്‍ അടുത്തുകൂടുക.
'ആഹാ. കൊച്ചുകാന്താരി ഇങ്ങട് വരൂ.'
മടിയില്‍ സൂക്ഷിച്ചിരിക്കുന്ന മഞ്ചാടിയും കുന്നിക്കുരുക്കളും എടുത്ത് തരും. സന്തോഷം കൊണ്ട് മുഖം പൂത്തുവിടരുന്നതു കാണാനുള്ള ആഗ്രഹം കൊണ്ടാ ഇത് പെറുക്കിക്കൊണ്ട് വരുന്നതെന്ന് എം.എസ്. തൃപ്പൂണിത്തുറയുടെ ശബ്ദത്തോടെ പറയും.
കുഞ്ഞാഗസ്തിയെ എം.എസ്. തൃപ്പൂണിത്തുറയെന്ന് അച്ഛനാണ് വിളിച്ചുതുടങ്ങിയത്. ചാച്ചനെന്നാ നാട്ടുകാര്‍ വിളിക്കുന്നത്, ഞാനും. സംശയക്കുഞ്ഞേയെന്ന് വിളിക്കും എന്നെ കാണുമ്പോള്‍. എന്നും എന്റെ സംശയങ്ങളുടെ ഉത്തരം കുഞ്ഞാഗസ്തിയാണ്.
'ഇക്കരെ വീട്ടില്‍ നമ്പൂതിരി സര്‍പ്പവും അക്കരെ വീട്ടില്‍ പുലയ സര്‍പ്പവും വന്നതെങ്ങനെയെന്ന്' ചോദിച്ചത് ആറാം തരത്തില്‍ പഠിക്കുമ്പോഴാണ്.
കുറച്ചുനേരം കുഞ്ഞാഗസ്തിചാച്ചന്‍ സാകൂതം എന്നെ നോക്കി. സബാഷ് എന്ന് കൈയ്യടിച്ചു.
'ജാതി വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ വിശ്വാസങ്ങള്‍ക്കുമേലും അത് അടിച്ചേല്‍പ്പിച്ചിരിക്കുന്നു. പഴയകാലത്ത് പുലയര്‍ക്ക് വച്ചാരാധിക്കാന്‍ വേണ്ടി പുലയ സര്‍പ്പത്തെ പാലച്ചോട്ടില്‍ ഇരുത്തിയതാണ്. അവരൊക്കെ ഇവിടംവിട്ടു പോയപ്പോള്‍ പാവം സര്‍പ്പം അങ്ങനെ ഒറ്റയ്ക്കായിപ്പോയി. അമ്മിണിയും ശിങ്കാരനും തങ്കയുമൊക്കെ കൊടുക്കുന്ന കോഴിമുട്ടകൊണ്ട് വിശപ്പടക്കി.'
ഇതുപറഞ്ഞു തീര്‍ന്നതും പരിഹാസമോ അമര്‍ഷമോ തിരിച്ചറിയാന്‍ കഴിയാത്തവിധം ചാച്ചന്‍ ഉറക്കെ പൊട്ടിച്ചരിച്ചു.
'ചാച്ചാ ഇക്കരവീട്ടിലെ നമ്പൂതിരി സര്‍പ്പം നൂറും പാലമൃതം കഴിച്ച് മരച്ചുവട്ടിലെ ക്ഷേത്രത്തില്‍ ആഘോഷത്തോടെ ജീവിക്കുന്നു; സ്വര്‍ണ്ണക്കളറില്‍ കൊച്ചുഫണവുയായി അതിങ്ങനെ ഇഴഞ്ഞുനടക്കുന്നു. പക്ഷെ അക്കരെ വീട്ടിലെ കുളത്തിനടുത്ത് ഒരു മരപ്പൊത്തില്‍ ആഘോഷമൊന്നുമില്ലാതെ ആരും തിരിഞ്ഞുനോക്കാതെ പുലയ സര്‍പ്പം. എനിക്കതിനെയൊന്ന് കാണണം ഒറ്റത്തവണ.'
'കാണുവാന്‍ സാധിക്കട്ടെ കുഞ്ഞേ. നീയെങ്കിലും മനുഷ്യനെ മനുഷ്യനായിത്തന്നെ കണ്ടുവളരട്ടെ.'
ചാച്ചന്‍ പോയികഴിഞ്ഞും ജാതികള്‍ തിരിക്കുന്ന മതിലുകളില്‍ കയറാന്‍ പറ്റാതെ ഇരുന്നുപോയി
'എന്താ കൊച്ചേ ഇവിടെയിരിക്കുന്നത്? ഇതത്ര നല്ല സ്ഥലമൊന്നുമല്ല. കൊച്ച് വാ വീട്ടിലാക്കാം.' കൊച്ചൂട്ടി വിറകുകെട്ട് തലയില്‍ വച്ചുകൊണ്ട് വിളിച്ചു.
'ഇല്ല ഞാന്‍ വരുന്നില്ല.''
'ദേ പൊലയ സര്‍പ്പം കോപിക്കും കേട്ടോ.' കൊച്ചൂട്ടി വിളിച്ചു പറഞ്ഞു.
'ചുമ്മാതെന്തിനാ അത് കോപിക്കുന്നത്? ഞാനതിനെ ഉപദ്രവിച്ചില്ലല്ലോ'
'അതിന്റെ വാസസ്ഥലമല്ലേ. അതിന് ഉച്ചനേരങ്ങളില്‍ ഇണചേരാനുള്ളതാണ്. ഇവിടെ വന്നിരുന്നാ അതിന് കോപം വരില്ലേ കുട്ടിയെ' കൊച്ചൂട്ടി കുസൃതിയോടെ പറഞ്ഞു.
കൊച്ചൂട്ടിയോടൊപ്പം നടന്നപ്പോള്‍ ഇണചേരുന്ന കറുത്ത പൊലയസര്‍പ്പത്തെ മനസ്സിലേക്കാവാഹിച്ചു. വീട്ടിലെത്തിയപ്പോള്‍ തിണ്ണയിലെ ചാരുകസേരയില്‍ ആശാന്‍ ഇരിക്കുന്നുണ്ടായിരുന്നു.
'ചാരായത്തിന്റെ മണമുണ്ടല്ലോ,'
'ആശാന്. കെട്ടമണമല്ലല്ലോ കുഞ്ഞേ. നല്ലമണമല്ലേ.' ആശാന്‍ പൊട്ടിച്ചിരിച്ചു.
ആശാനെന്ന വിളിപ്പേര് കിട്ടിയത് കുറച്ചുകാലം കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിച്ചതുകൊണ്ടാണ്. ഏതൊക്കെയൊ നാടുകള്‍ അലഞ്ഞാണ് ഇവിടെ എത്തിച്ചേര്‍ന്നത്. ആശാന്‍ വയലാറിന്റെ കവിതകള്‍ മനോഹരമായി ചൊല്ലും. ശോകഗാനങ്ങള്‍ പാടി; നീണ്ട താടിയില്‍ ഉഴിഞ്ഞ്, കാലങ്ങളെ മഞ്ഞുപഞ്ഞികള്‍ പോലെ പറത്തിവിട്ട്, കരഞ്ഞ് അവിടെക്കിടന്ന് ഉറങ്ങും.
'ഈ മനുഷ്യര്‍ക്കെന്തിനാ ആശാനേ തരംതിരിവുകള്‍? കറുത്തതും വെളുത്തതും കൂടിയതും കുറഞ്ഞതും എനിക്കൊന്നും മനസിലാവുന്നില്ലല്ലോ. ആശാനേ നോക്കൂ നമ്പൂതിരി സര്‍പ്പവും, പുലയ സര്‍പ്പവും. ഇഴജന്തുക്കള്‍ക്കുവരെ ജാതി നിശ്ചയിച്ചത് ആരാണ്?'
'എനിക്കറിയില്ല കുഞ്ഞേ. ഈ വ്യവസ്ഥതിയോട് എനിക്കെന്നും കലഹമാണ്. പക്ഷെ ഇത് കൂടിക്കൂടി വരുന്നു. പുരോഗമനമെന്ന പറച്ചില്‍ മാത്രെ ഉള്ളൂ. ആളുകളുടെ ഉള്ള് തെളിയുന്നില്ല. അവിടെ ഇരുട്ടും വിഷവും പുകയും...'
 ആശാന്റെ തൊണ്ടക്കുഴിയില്‍ കഫം കുറുകി. കുടിച്ച ചാരായത്തിന്റെ കെട്ട് പെട്ടെന്നുപൊട്ടിപ്പോയതുപോലെ.
'ഞാനീ പുലയ സര്‍പ്പത്തെ കാണാനാഗ്രഹിച്ചിട്ട് എത്ര വര്‍ഷമായെന്നോ. പലരും പറയുന്നു അവിടെ കണ്ടു, ഇവിടെ കണ്ടു, എന്നൊക്കെ. പക്ഷെ എത്ര ഉച്ചനേരങ്ങളില്‍ കാറ്റുപോലുമുറങ്ങുന്ന നേരത്ത് ഞാനവിടെ ചെന്നിരുന്നു. കാണുവാന്‍ കഴിഞ്ഞില്ല. മിത്താണെന്നു കരുതി തള്ളിക്കളയുവാനും സാധിച്ചില്ല.'
'ഞാനും കണ്ടിട്ടുണ്ട് കുഞ്ഞേ' ആശാന്‍ പറഞ്ഞതുകേട്ട് ചകിതമായിപ്പോയി.
'നേരോ?'
'അതെ കുഞ്ഞേ.'
ഇതെല്ലാമൊരു കെട്ടുകഥയെന്നാണ് വിചാരിച്ചിരുന്നത്. സത്യമോ മിഥ്യയോ എന്നറിയാതെ പലവട്ടം അന്വേഷിച്ചു നടന്നിട്ടുമുണ്ട്. എന്നിട്ടും എനിക്കൊരു വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. അക്കരെ പറമ്പിലെ സ്വര്‍ണ്ണ നാഗവും ഇക്കര പറമ്പിലെ പുലയ നാഗവും എന്നെ ചുറ്റിവരിഞ്ഞുകൊണ്ടിരുന്നു.
'സന്ധ്യാനാമം ജപിച്ച് കഞ്ഞിയും കുടിച്ച് വേഗം കിടന്നോളൂട്ടൊ.' അമ്മ തിടുക്കപ്പെടുന്നു.
വാതിലും ജനലും ഭദ്രമായി അടച്ച് അമ്മ പോയി. ഇന്ന് വിശേഷപ്പെട്ടൊരു ദിവസമാണ്. നാഗ ദൈവങ്ങള്‍ പുറത്തിറങ്ങും. അവരുടെ സൈ്വര്യ സഞ്ചാരത്തിന് വിഘ്‌നം വന്നുകൂടാ.  
എല്ലാവരും ഉറക്കത്തിലാണ്ടപ്പോള്‍ പതിയെ വാതിലിന്റെ സാക്ഷയെടുത്ത് പിന്നാമ്പുറത്തെത്തി. റബ്ബര്‍ വെട്ടാന്‍ ഉപയോഗിക്കുന്ന ഹെഡ് ലൈറ്റ് എടുത്ത് തലയില്‍ ഫിറ്റു ചെയ്തു. നിലാവുണ്ട്. നല്ല മനോഹരമായ നിലാവ്. വയല്‍പ്പൂക്കള്‍ ഒതുങ്ങിത്തരുമ്പോള്‍; തോട്ടുവെള്ളത്തില്‍ പരലുകള്‍ തലപൊന്തിച്ചുനില്‍ക്കുന്നതു കണ്ടപ്പോള്‍ രാത്രികള്‍ ഇത്രയും സുന്ദരമാണോ എന്നുതോന്നി.
പാടം കഴിഞ്ഞാണ് കുളം. കുളത്തിനടുത്ത് ചെന്നപ്പോള്‍ ഒരു ഭയാനകമായ ശീല്‍ക്കാരം. കുളത്തിലെ മുഴികള്‍ തലപൊന്തിച്ച് നിന്നു. തവളകള്‍ ഒന്നുപോലും ശബ്ദിച്ചില്ല. പാലമരത്തിന്റെ അടുത്തുള്ള ഇലഞ്ഞിമരത്തിനടുത്ത് എത്തിയപ്പോള്‍ ഹെഡ്‌ലൈറ്റ് അണച്ചു. പകലുപോലെ നിലാവ്.
മിന്നാമിനുങ്ങുകള്‍ പാറിനടക്കുന്നുണ്ട്. പാതിരാപുള്ളുകള്‍ പോലും ധ്യാനത്തിലാണ്. ഞാവല്‍പ്പഴം തിന്നുവാനെത്തിയ വവ്വാലുകള്‍ എന്തോ അത്ഭുതം കാണാനുണ്ടെന്ന മട്ടില്‍ ശിഖരങ്ങളില്‍ തൂങ്ങിക്കിടന്നു. എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന ചിന്തയില്‍ പാലമരത്തിന്റെ പൊത്തിലേക്ക് സാകൂതം നോക്കിയിരുന്നു.
ദൂരെ നിന്ന് ഒരു തീനാളം വരുന്നതുപോലെ. ശ്വാസം അടക്കിപ്പിടിച്ചു. ചെറുതായി മനസിലേക്ക് ഭയം അരിച്ചുകയറി, തനിയെ എടുത്തുചാടി പുറപ്പെടണ്ടായിരുന്നു. തീനാളം പാലമരത്തിനടുത്തെത്തി സൂക്ഷിച്ചുനോക്കി. അതൊരു സ്വര്‍ണ്ണ നാഗമാണ്. ഫണം വിരിച്ച് രാജകീയമായി അതവിടെ നിന്നു. ഗംഭീരമായ കാഴ്ച!
പാലമരത്തിന്റെ പൊത്തില്‍ നിന്ന് കറുത്ത് കുറുകിയ ഒരു നാഗം ഇറങ്ങിവന്നു. അമ്മിണിയോ ശിങ്കാരനോ വ്യക്തമാകുന്നില്ല. വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുവീഴുന്ന അമ്മിണിയെപ്പോലെ പാലയുടെ തറയിലെ മുട്ടത്തോടുകള്‍ക്കിടയിലേക്ക് സ്വര്‍ണ്ണനാഗം ഇഴഞ്ഞെത്തി.
ദീര്‍ഘനാളായി വിരഹത്തിലായിരുന്ന പെണ്ണിനെപ്പോലെ കരിനാഗം സ്വര്‍ണ്ണനാഗത്തെ ചുറ്റി. സ്വര്‍ണ്ണനാഗം കരിനാഗത്തിന്റെ നിറുകയില്‍ മുത്തം നല്‍കുന്ന മനോഹരമായ കാഴ്ച - അതിതീവ്രമായ അനുരാഗം. സ്വര്‍ണ്ണനാഗവും കരിനാഗവും പിണഞ്ഞുകിടക്കുന്നു. കണ്ണുകള്‍ പളുങ്കുപോലെ തിളങ്ങുന്നു. അതിഭയങ്കരമായി അട്ടഹസിക്കാന്‍ തോന്നി. മനുഷ്യരേ; ഇത് കാണുന്നുണ്ടോ? നിങ്ങളുടെ ജാതികോമരം കത്തിത്തീരുന്നതുകണ്ടോ? 'സ്‌നേഹം എന്ന ഒറ്റ ജാതിയെ ഉള്ളു' ലോകം മുഴങ്ങുന്ന സ്വരത്തില്‍ വിളിച്ചുപറയാന്‍ തോന്നി.

'എന്തൊരു ഉറക്കമാ പെണ്ണേയിത് എഴുന്നേറ്റേ' അമ്മ മുഖത്ത് വെള്ളം കുടഞ്ഞു.
തലേരാത്രിയിലെ കാഴ്ചകള്‍... അതൊരു സ്വപ്‌നമായിരുന്നോ?
ഹെഡ്‌ലൈറ്റ് കാണാതായതിന് അച്ഛന്‍ അമ്മയെ ശകാരിക്കുന്നു.
'ശിവരാമന് എടുക്കാനെളുപ്പത്തില്‍, റബ്ബര്‍ കൂടയുടെ ഒപ്പം ഞാനീ പിന്നാമ്പുറത്ത് വച്ചതാണെന്നേ' അമ്മ നിഷ്‌കളങ്കമായി പറയുന്നുണ്ട്.

കുളത്തിനടുത്തെ ഇലഞ്ഞിമരത്തിനുകീഴെ,
പുലര്‍ച്ചെ പെയ്ത മഞ്ഞില്‍ നനഞ്ഞുകുളിര്‍ന്ന്...
ഹെഡ്‌ലൈറ്റ്

 


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image