' ചാപ്പകള്‍ '


                                                ജോസഫ് ഓടയ്ക്കാലി

 

 



അനന്ത നീലിമ നിറഞ്ഞ ആകാശവും നീലക്കടലുമാണ് നേവല്‍ പരേഡ് ഗ്രൗണ്ടിന്റെ അതിരുകള്‍ എന്ന് സുധാകരന് തോന്നി. നിറയെ പൂത്ത വാകമരങ്ങള്‍ അതിര്‍ത്തി കാവല്‍ക്കാരും  
വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് മെഡിക്കല്‍ ടെസ്റ്റിനായി ഡോക്ടറുടെ മുറിക്കുമുമ്പില്‍ ഉള്ളത്. രാവിലെ മുതല്‍ ആരവം നിറഞ്ഞ ആള്‍ക്കൂട്ടമായിരുന്നു. റിട്ടണ്‍ ടെസ്റ്റിനും, ഫിസിക്കല്‍ ടെസ്റ്റിനും. ഇപ്പോള്‍ ഉത്സവം കൊടിയിറങ്ങിയ പൂരപ്പറമ്പു പോലെ സുധാകരന് ചിരിവന്നു.
അമ്മയുടെ കണ്ണുനീരു നിറഞ്ഞ മുഖം തെളിഞ്ഞപ്പോള്‍ ചിരിമാഞ്ഞു. ' ഞാന്‍ ഭഗോതിയോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. നീ പൊയ്‌ക്കോ അച്ഛനറിയേണ്ട... നിനക്ക് അറിയാതെ ആണെങ്കിലും അമ്മതന്നതാണല്ലോ ഈ നരകം '
കാതില്‍പ്പൂ അഴിച്ച് കൈവെള്ളയില്‍ വയ്ക്കുമ്പോള്‍ മാളുട്ടിയും തേങ്ങി. പണയം വയ്ക്കുകയോ വില്‍ക്കുകയോ എന്താണെന്ന് വച്ചാല്‍ ആയിക്കോ ഒന്നുരണ്ടു ദിവസം തങ്ങേണ്ടതല്ലേ ? '
കരഞ്ഞല്ലാതെഅമ്മയെ ഒരിക്കലും കണ്ടിട്ടില്ല. വളരുംതോറും മനസിലായി അമ്മയെ കരയിക്കുന്നത് താനാണ്.
ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നത് നമ്പരും പേരും ഹിന്ദിചുവയില്‍ വിളിക്കുന്നത് കേട്ടപ്പോഴാണ്. സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടു. ഒരുമുറിയില്‍ വസ്ത്രങ്ങള്‍ അഴിച്ചുവച്ച്  അടിവസ്ത്രം മാത്രമായി നില്‍ക്കുമ്പോഴും ലജ്ജക്കുപകരം അമ്പരപ്പായിരുന്നു. മറ്റുള്ളവരും അങ്ങനെയാണല്ലോ എന്നോര്‍ത്തപ്പോഴും ആശ്വാസം തോന്നിയില്ല. അവരെപ്പോലെയാണോ താന്‍ അല്ലല്ലോ. ഹൃദയം തെറ്റിമിടിക്കുന്നതിന്റെ താളം സുധാകരന് തന്നെ കേള്‍ക്കാമായിരുന്നു.
ഡോക്ടറും യൂണിഫോമിലാണ്. വ്യത്യാസം കഴുത്തില്‍ സ്‌തെതസ്‌കോപ്പുണ്ടെന്നതു മാത്രം. ശ്വാസം വലിച്ചും വിട്ടും പരിശോധനകള്‍ക്ക് വിധേയനാകുമ്പോഴും വിതുമ്പല്‍  ചുണ്ടിലൊളിപ്പിച്ച കുട്ടിയെപ്പോലെ ആയിരുന്നു സുധാകരന്‍ വിറയല്‍ കണ്ടിട്ടാകാം ഡോക്ടര്‍ ചോദിച്ചത്.
' നേവിയില്‍ ചേരുന്നതിനും ഇങ്ങനെ പേടിച്ചാലോ താന്‍ 'ഡോക്ടര്‍ ചിരിക്കുന്നു. അതും മലയാളത്തില്‍ സുധാകരന്‍ തല കുനിച്ചു നിന്നതേയുള്ളു.
' ഇനി ഡ്രോയര്‍ മാറ്റി നേരെ നില്‍ക്കു. 'ഡോക്ടര്‍ എഴുതുന്നതിനിടയില്‍ മുഖമുയര്‍ത്താതെ യാണ് പറഞ്ഞത്.സുധാകരന്‍ പരിഭ്രാന്തനായി. അതടുത്തെത്തിയിരിക്കുന്നു. ദേഹമാകെ വിറയ്ക്കുകയായിരുന്നു. ഡ്രോയര്‍ മാറ്റുമ്പോള്‍.
ഡോക്റ്ററില്‍ ആദ്യം ചിരി മാത്രമായിരുന്നുവെങ്കില്‍ പിന്നീട് ചോദ്യചിഹ്നം മുഖത്ത് തെളിഞ്ഞുവന്നു.
' എന്തായിത് ? പാണ്ഡു രോഗവുമായിട്ടാണോ പട്ടാളത്തില്‍ ചേരുവാന്‍ വന്നിട്ടുള്ളത്? 'പറയുക മാത്രമല്ല ഡോക്ടര്‍ മുമ്പിലും പുറകിലുമായി നിന്ന് അകം തുടയും പുറം തുടയും ചന്തിയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു.
വൃത്താകൃതിയില്‍ വെളുത്ത പാടുകള്‍ പല വലുപ്പത്തില്‍ ചുവപ്പുരാശി പടര്‍ന്ന വെളുത്ത വൃത്തങ്ങള്‍.
ചെറുപ്പത്തില്‍ മുതുകിലും നെററിയിലും പള്ളകളിലുമെല്ലാം ചാപ്പ കുത്തിയ കന്നുകാലികളെ  ഡോക്ടര്‍ കണ്ടിട്ടുണ്ട്. ചില ചാപ്പകള്‍ പഴുത്ത് ഈച്ചകള്‍ അരിക്കും.
അവ  അടയാളങ്ങള്‍ക്കാണെന്ന് അമ്മാവന്‍ പറയാറുണ്ട്. ഉടമസ്ഥനും വാങ്ങുന്നവനും തിരിച്ചറിയുവാനുള്ള അടയാളങ്ങളായ ചാപ്പകള്‍.
ഇത് അതിനേക്കാള്‍ പരുഷമാണ് തുടകളിലെങ്ങും ഇടവിട്ട് തൊലിയില്ല.' എന്താടേയ് ഇത് രോഗമാണോ ?''സുധാകരനില്‍ നിന്നും അടക്കിപ്പിടിച്ചിട്ടും പുറത്തേക്ക് തെറിച്ച വിതുമ്പല്‍ ഡോക്ടറെ അമ്പരപ്പിലാഴ്ത്തി ഗാര്‍ഡ് എത്തിനോക്കി.
' പേര് സുധാകരന്‍ അല്ലേ?  ഈ രോഗം തുടങ്ങിയിട്ട് എത്രകാലമായി ' ചെയറിലിരുന്ന് ഡോക്ടര്‍ സുധാകരനെ സഹതാപാര്‍ദ്രമായി നോക്കി.
' രോഗമല്ല സാര്‍ '
' പിന്നെ '?
'' അത് പൊള്ളിയ പാടുകളാണ് സര്‍ '
' എങ്ങനെ '
സുധാകരനും വാക്കുകളും ഏറെനേരം മടിച്ചുനിന്നു.
' തീയില്‍ പഴുത്ത ചട്ടുകങ്ങള്‍ കൊണ്ട് പൊള്ളിയ പാടുകളാണ്. '
' ഇതെല്ലാമോ ?  ആരാണിങ്ങനെ ചെയ്തത് ? 'സുധാകരനില്‍ നിശബ്ദത മാത്രം നിറഞ്ഞു. കൂടെ കണ്ണുനീര്‍ചാലുകളുടെ തിളക്കങ്ങളും  ഡോക്ടര്‍ അവനെ നിര്‍നിമേഷം നോക്കി പച്ച മാംസം കരിയുന്നതിന്റെ ഗന്ധം ശ്വസനവായുവില്‍ നിറയുന്നതായും വായമൂടിയ തേങ്ങലുകളുടെ സ്വരം കാതില്‍ പതിയുന്നതായും  ഡോക്ടര്‍ക്കു തോന്നി.
' ഉം ഡ്രസ് ധരിച്ച പുറത്തു നിന്നോളു എന്നെ കണ്ടിട്ടേ പോകാവു...... '
' സര്‍ എന്നെ രക്ഷിക്കണം '
' പേര് സുധാകരന്‍ അല്ലേ പുറത്തു നില്‍ക്കു '
ഡോക്ടര്‍ അടുത്ത ആളെ വിളിച്ചപ്പോള്‍ സുധാകരന്‍ നിരാശയുടെ നീറ്റലോടെ പുറത്തെചുമരില്‍ ചാരി ബഞ്ചിലിരുന്നു. പരേഡ് ഗ്രൗണ്ടില്‍ അപ്പോഴും നീലനിറമുള്ള സിഗ്നല്‍ തൂണുകള്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി നിന്നു.
അമ്മയുടെ കലങ്ങിയ കണ്ണുകളും വേലിയിറമ്പുവരെ കൂട്ടുവന്ന മാളൂട്ടിയും മനസ്സില്‍ തെളിഞ്ഞു വന്നു.
' ഗുരുവായൂരപ്പന്‍ മോനെ കൈവിടില്ല 'അമ്മയ്ക്കറിയില്ലല്ലോ ചാപ്പകളെ ഒരു ഈശ്വരനും മായ്ക്കാന്‍ കഴിയില്ലെന്ന് അവ തിരിച്ചറിവിന്റെ അടയാളങ്ങളല്ലേ.
വീണ്ടും ഓര്‍മ്മയുടെ കയങ്ങളില്‍ മുങ്ങിപ്പോകുകമായിരുന്നു ഡോക്ടര്‍ അവസാന പേരുകാരന്റെയും റിപ്പോര്‍ട്ടും കൊടുത്ത് വിളിക്കാതിരുന്നുവെങ്കില്‍
സുധാകരന്‍ പിടയുന്ന കണ്ണുകളോടെ നിന്നു.
' പേരു സുധാകരന്‍ അല്ലേ.... വരു...  ' ഡോക്ടര്‍ വേഗത്തിലാണ് കാറിനടുത്തേക്ക് നടന്നത്. ഒപ്പമെത്താന്‍ ഓടേണ്ടതായി വന്നു. ക്വാര്‍ട്ടേഴ്‌സിന്റെ മുമ്പില്‍ കാര്‍ നില്‍ക്കുന്നതുവരെ ഡോക്ടര്‍ സംസാരിച്ചതേയില്ല. ഇറങ്ങിയിട്ടും ക്വാര്‍ട്ടേഴ്‌സിന്റെ ഡോര്‍തുറന്ന് മൗനമായി അകത്തേക്ക് ക്ഷണിച്ചതേയുള്ളു.
' ഡോ. മുകുന്ദന്‍ മേനോന്‍ 'പേരിനൊപ്പമുള്ള നീണ്ട ഡിഗ്രികളെ സുധാകരന് വായിച്ചു തീര്‍ക്കുവാന്‍ കഴിയുന്നതിനുമുമ്പേ ഡോക്ടര്‍ അവന്റെ നേരെ കാതുകള്‍ കൂര്‍പ്പിക്കുകയും ചായകുടിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
സുധാകരന്‍ ഒരുകഥ ഡോ. മുകുന്ദന്‍ മേനോനോട് വാക്കുകളിലൂടെയും ഡോക്ടര്‍മനസ്സില്‍ വാക്കുകള്‍ക്ക് അതീതമായും പറഞ്ഞുകൊണ്ടിരുന്നു.
സുധാകരന് നാല് വയസ്സാകുന്നതിനു മുമ്പുള്ളവ കേട്ടറിവുകളും ശേഷമുള്ളവ നേരറിവുകളുമാണെന്ന് ഡോക്ടര്‍ക്കുമനസ്സിലായി അങ്ങിനെയാണ് അദ്ദേഹം ഒരു കഥ രൂപപ്പെടുത്തിയത്.
തെങ്ങുകയറ്റക്കാരന്‍ കണക്കന്‍ വേലായുധന് അംബികയെപ്പോലെ ഒരുപെണ്ണിനെ ഭാര്യയായി കിട്ടിയതില്‍ ഗ്രാമം  ഒന്നാകെ അമ്പരക്കുകയാണ് ആദ്യം ചെയ്തത്. കഴുതപ്പുറത്ത് കുങ്കുമമോ എന്ന് ചോദിച്ച് ഗ്രാമയുവത്വങ്ങള്‍ ഉറക്കം വരാതെ നിദ്രയെശപിക്കുമ്പോഴും അംബിക ഒന്നും ശ്രദ്ധിച്ചില്ല. ആരെയും നോക്കിയതുമില്ല.
' അംബി ഞാന്‍ ചോദിച്ചാല്‍ നീ സത്യം പറയുമോ 'ആദ്യകാല രാത്രകളില്‍ ഒരുനാള്‍ വേലായുധന്‍ ചോദിച്ചു.
' ചോദിച്ചാല്‍ ഞാന്‍ സത്യം പറയില്ല എന്നു തോന്നിയോ ? '
' അയ്യോ അതല്ല ' വേലായുധന് വാക്കുകള്‍ക്കായി പിന്നീടേറെ നേരം പരതേണ്ടി വന്നു.
' ഏട്ടനെന്നോട് എന്തും ചോദിക്കാം എനിക്കറിയാവുന്നത് ഞാന്‍ പറയും അത് പോരായോ ? '
' അതേ അതുമതി ' വേലായുധന്‍ വിയര്‍ത്തു.
' എന്റെ.. അതല്ല.. എന്നില്‍ എന്തുകണ്ടിട്ടാണ് അംബി കല്യാണത്തിന് സമ്മതിച്ചത്. എനിക്ക് അംബിക്ക് വേണ്ട എന്തെങ്കിലും ഉണ്ടോ.. അതു പിന്നെ സൗന്ദര്യം വിദ്യാഭ്യാസം തറവാടിത്തം അങ്ങിനെ ഒന്നും ഇല്ല എന്നിട്ടും..
' എന്നാരാ പറഞ്ഞത് സൗന്ദര്യം ദേഹത്താണോ ..എനിക്കങ്ങനെ തോന്നുന്നില്ല അത് മനസിലാണ്. പിന്നെ വിദ്യാഭ്യാസം തെങ്ങ് കയറാന്‍ ഏത് ഡിഗ്രിക്കാരന് പറ്റും പറ്റുമോ അത് പഠിച്ചെടുത്തിട്ടുള്ളവര്‍ക്കേ പറ്റു. എന്ത് പഠിക്കുന്നുവോ അതാണ് വിദ്യാഭ്യാസം...'
വേലായുധന്‍ തോറ്റതായി സമ്മതിക്കുമ്പോള്‍ അംബി അമര്‍ത്തിചിരിച്ചു. പക്ഷേ വേലായുധന്റെ  സ്‌നേഹിതരും പല ബന്ധുക്കളും ആ അഭിപ്രായക്കാരായിരുന്നില്ല.
' എന്തോ അക്കിടി ആ പെങ്കൊച്ചിനു പറ്റിയിട്ടുണ്ടാവും വേലായുധന്റെ തലയിലേക്ക് ചാമ്പിയതല്ലേ?.. '
മന്ത്രിക്കലുകളും മന്ദഹാസങ്ങളും വേലായുധന് മനസിലാകുന്നുണ്ടായിരുന്നു. എങ്കിലും ചെമ്മീനിലെ പളനിയെപ്പോലെ അംബിയെ വിശ്വസിക്കുവാനായിരുന്നു വേലായുധനിഷ്ടം
അംബികയ്ക്കും കറുത്തമ്മയാകുന്നതില്‍ വിരോധം ഉണ്ടായിരുന്നില്ല. കാരണം അവള്‍ക്ക് പരീക്കുട്ടി ഉണ്ടായിരുന്നില്ല.
  ഏഴെട്ടു മാസങ്ങള്‍ ഒഴുകിക്കഴിഞ്ഞപ്പോള്‍ വേലായുധന്റെ അമ്മ തെളി ച്ചു തന്നെ പറഞ്ഞു
' മാസം ഏഴാണെങ്കിലും ഒമ്പതിന്റെ പടുതിയാണല്ലോ വേലായുധാ... എനിക്കെന്തോ ഒരു പേടി തോന്നുന്നു '
' എന്താ അമ്മ പറയുന്നത്  ' വേലായുധന്‍ അമ്പരന്നു.
' എട്ടാം മാസത്തില്‍ പെറുമോ എന്നാണെന്റെ പേടി കാരണം പത്തിന്റെ വയറാ മോനെ .... രണ്ടുമാസം നമുക്ക് അവര്‍ ഫ്രീയായി തന്നുവെന്നാണ് തോന്നുന്നത് ....  '
പക്ഷെ അംബിയെ എട്ടാം മാസത്തില്‍ പത്തിന്റെ വയറൊന്നും അലോസരപ്പെടുത്തിയില്ല. വേലായുധനെപ്പോലെ ഉറക്കം കളഞ്ഞതുമില്ല
പ്രസവം ആശുപത്രിയില്‍ പോകാതെ നോര്‍മ്മലായതും വേലായുധന്റെ അമ്മയ്ക്ക് സംശയം ഉറപ്പി ക്കുവാന്‍ കാരണമായി.അവര്‍തുടര്‍ച്ചയായി പിറുപിറുത്തുകൊണ്ടിരുന്നു.
' ഇപ്പ ഞാന്‍ പറഞ്ഞത് എന്തായി പത്തും തികഞ്ഞ് തന്ന്യാ അവള്‍പെറ്റത്. എന്റെ ചക്കുളത്തമ്മേ '
       നല്ല ഓമനത്തമുള്ള ആണ്‍കുഞ്ഞായതും പ്രശ്‌നമായി
' ഇതിപ്പോ ആരുടെ ഛായേന്നാ പറയുക അവളുടെ നെറോണ്ട് പക്ഷേ മുഖശ്രീ വേലായുധന്റെ കൂട്ടത്തിലും പെടില്ല അവള്‍ടെ കൂട്ടത്തിലും പെടില്ല....'
അയല്‍ക്കാരും അതംഗീകരിച്ച് അമര്‍ത്തിമൂളി. വേലായുധന് ഉറക്കം വരാത്ത രാത്രികള്‍ സമ്മാനിച്ചതില്‍ പേരും ഒരുഘടകമായി സുധാകരന്‍എന്ന് പേരിട്ട് സുധേ എന്നു വിളിക്കണമെന്നുള്ളതും അംബിയുടെ നിര്‍ബന്ധമായിരുന്നു. രണ്ടു കുടുംബത്തിലെങ്ങും പാരമ്പര്യമായിട്ടേ  സുധാകരന്‍ ഇല്ല. അംബി ജോലിക്ക് നിന്നിരുന്ന ചില വീടുകളില്‍ സുധാകരന്മാര്‍ ഉണ്ട് താനും.
വേലായുധന്റെ വീര്‍പ്പ് മുട്ടലും കുഞ്ഞിനോടുള്ള അകല്‍ച്ചയും അംബിക്കും മനസിലാകാതിരുന്നില്ല.
' ഏട്ടനെന്താ  ഒരു വല്ലായ്മ പോലെ മാസം തികയാതെ പ്രസവിച്ചതുകൊണ്ടാണോ  . ലോകത്ത് അങ്ങനെ എത്രയോ നടക്കുന്നു. നമ്മളല്ലല്ലോ ഈശ്വരനല്ലേ ഇതെല്ലാം തീരുമാനിക്കുന്നത്. '
' മാസം തികയാത്തതിന്റെ ക്ഷീണമൊന്നും കുഞ്ഞിനുണ്ടായിരുന്നില്ലല്ലോ തൂക്കം പോലും കൂടുതല്‍ അല്ലായിരുന്നോ? '
അത് തന്റെ ആരോഗ്യം കൊണ്ടാണെന്ന് പറയണമെന്ന് കരുതി. പക്ഷെപറഞ്ഞില്ല. അമ്മയുടെ വാക്കുകളാണ് വേലായുധന്റെ നാവില്‍ നിന്നുവരുന്നതെന്ന് അമ്പിക്ക് മനസിലായി നേരറിവുകളില്‍ ആദ്യത്തേത് നാലു വയസ് കഴിഞ്ഞപ്പോഴാണ്. മാളൂട്ടി പിറന്നിട്ട് ആറ് മാസം ആകുന്നതേയുള്ളു. കൈതോല തടുക്കില്‍ അവളുടെ തലയ്ക്കല്‍ ചെണ്ട സ്വയം കൊട്ടുന്ന ഒരു കളിപ്പാവയുണ്ട്. സ്‌നേഹത്തിന്റെ അന്തരങ്ങള്‍ അന്ന് ബോധ്യപ്പെടുത്തിയതും കളിപ്പാട്ടങ്ങളായിരുന്നല്ലോ. കളിപ്പാവയെ എടുത്തു എന്നത് മാളൂട്ടിയെ നുള്ളി മാന്തി എന്നെല്ലാം മാറ്റം വരുത്തിയാണ് ആരംഭിച്ചത്. അമ്മ അടുത്തെങ്ങും ഉണ്ടായിരുന്നില്ല.ഉണ്ടായലും കണ്ണില്‍ കത്തുന്ന അഗ്നിയില്‍ നിന്നോ ചുട്ടുപഴുത്ത ചെറുചട്ടകത്തില്‍ നിന്നോ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലല്ലോ. ചുട്ടു പഴുത്ത കനല്‍ജ്വാല തുടയില്‍ അമര്‍ന്നപ്പോള്‍ മാത്രമേഅതിനായിരുന്നു അത് പഴുപ്പിച്ചതെന്ന്  മനസ്സിലായുള്ളു.
കരിയുന്ന കുരുന്നു മാംസ ഗന്ധത്തോടൊപ്പം തൊണ്ടപൊട്ടുന്ന അലര്‍ച്ചയും അന്തരീക്ഷത്തില്‍ ഏറെനേരം തങ്ങിനിന്നില്ല. അംബി ആര്‍ത്തലച്ചു വരുമ്പോള്‍ സുധയുടെ കുഞ്ഞുബോധം മറഞ്ഞിരുന്നു.
വേലായുധന്‍ തന്റെ നിലപാടില്‍തന്നെ ഉറച്ചുനിന്നു.
' ഇന്നിവന്‍ ഇതു ചെയ്തു നാളെ എന്തൊക്കെ മോഷ്ടിക്കില്ല എന്നാര്‍ക്കറിയാം നിങ്ങളന്ന് എന്ത് പറയും '
അയല്‍ക്കാര്‍ക്ക് സഹതപിക്കാനേ കഴിഞ്ഞുള്ളു. പ്രായം കൂടുന്തോറും ചട്ടുകങ്ങളുടെ വലുപ്പവും കാരണങ്ങളുടെ പെരുമയും കൂടി. അഞ്ചു പൈസ മുതലുളള മോഷണങ്ങള്‍ മാളൂട്ടിയുടെ ചിത്രകഥകള്‍, കളര്‍പെന്‍സിലുകള്‍ ഇവയുടെ ദുരുപയോഗം പിന്നെ പിന്നെ മാളൂട്ടിയുമായി ബന്ധപ്പെട്ട എല്ലാം.
മാളൂട്ടിയുടെ ജന്മ ദിനങ്ങള്‍ മാത്രം ഓര്‍മ്മിക്കപ്പെട്ടു. അന്നും അംബി മകനെ തലോടും      ' മോന്‍ കരയണ്ടാട്ടോ അമ്മ അച്ഛനെ കാണാതെ പുത്തനുടുപ്പു വാങ്ങിച്ചു തരൂലോ ... അടുത്ത ആഴ്ച സ്‌കൂളില്‍ ചേരണ്ടെ '
അതിനും വേലായുധന്‍ തടസ്സം നിന്നു ' ഞാനറിയാതെ നീയാ ചെകുത്താനെ നഴ്‌സറിയില്‍ വിട്ടു. ഇനി എന്റെ പേരില്‍ സ്‌കൂളില്‍ വേണ്ട ...... അത്തരം സ്‌കൂളൊക്കെ എന്റെ മോള്‍ക്കുമതി '
' ഞാനും പണിയെടുക്കുന്നുണ്ട് എന്റെ നിന്റെ എന്നെനിക്കില്ല സ്‌കൂളില്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് വേലായുധന്‍ എന്നെഴുതണ്ട എന്നാണെങ്കില്‍ വിരോധമില്ല. പക്ഷെ പിന്നെ എന്റെ മകനെ തൊടാനോ ശിക്ഷിക്കാനോ നിങ്ങള്‍ക്കവകാശം ഉണ്ടായിരിക്കില്ല.' വേലായുധന്‍ പകച്ചുപോയി ശരിയല്ലേ തന്റേതല്ലെങ്കില്‍ ശാസിക്കുവാനും ശിക്ഷിക്കുവാനും എന്തവകാശം രക്ഷ ഇല്ല ശിക്ഷ ഇഷ്ട വിനോദമായിരുന്നു. മാംസം കരിയുന്ന ഗന്ധം എന്തിഷ്ടമായിരുന്നു. ആരെയൊക്കെയോ കരിക്കുന്നതുപോലെ. ജീവനോടെ
സ്‌കൂളില്‍ ചേര്‍ത്തെങ്കിലും ശിക്ഷ ഒളിഞ്ഞും തെളിഞ്ഞും വേലായുധന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
പഠിക്കുവാന്‍ മിടുക്കനായിരുന്നെങ്കിലും ക്ലാസിലെ ബഞ്ചില്‍ സുധാകരന്‍ വേദനിച്ചാണ് തൊട്ടും തൊടാതെയും ഇരുന്നത്.ഒരു ദിവസം ടീച്ചര്‍ തിരക്കുകയും ചെയ്തു.
' എന്താ സുധാകരാ ചന്തിയില്‍ വല്ല കുരുവും ഉണ്ടോ അതോ കളിച്ചു വീണ് വല്ല മുറിവും പറ്റിയോ? '
' വീണതാ... '
എങ്ങിനെ ഇരുന്നാലെന്താ കുട്ടി പഠിക്കുന്നുണ്ടല്ലോ എന്ന് ടീച്ചറും ആശ്വസിച്ചു.
മാളൂട്ടിയും സ്‌കൂളില്‍ എത്തിയതോടെ സുധാകരന്‍ അവളുടെ സേവകനെപ്പോലെയായി . അവളും അച്ഛനെപ്പോലെ സുധാകരനെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തി.
ഇല്ലാത്തതെല്ലാം ഉണ്ടാക്കി പൊലിപ്പിച്ച് പറയും 'ബോക്‌സിലെ കൂട്ടാന്‍ നക്കിനോക്കി' അല്ലെങ്കില്‍ 'വാട്ടര്‍ബോട്ടിലില്‍ നിന്നും വെള്ളം കുടിച്ചു' .
അഛനകത്തേക്ക് കയറി അടുപ്പിനടുത്തേക്ക് ഓടുമ്പോഴേ ഊഹിക്കും കനലുകളില്‍ ചുട്ടുപഴുക്കുന്ന ഇരുമ്പുചട്ടകത്തിന്റെ അഗ്നി രേഖ. ചന്തിയില്‍ തുളവീണ നിക്കര്‍ അപ്പോഴേക്കും സ്വയം ഊരിമാറ്റിയിരിക്കും കണ്ണടച്ച് നാമം ജപിച്ച് ഒരു നില്‍പ്പാണ് പിന്നെ മാളൂട്ടി ആര്‍ത്തു ചിരിച്ചു കൊണ്ടേയിരിക്കും.
എന്തും പതിവാകുന്തോറും വേദനാ രഹിതമാകുന്നതാണോ തുടയിലെ ചാപ്പകളുടെ തഴമ്പുകള്‍ തടയുന്നതാണോ എന്നറിയില്ല. നിലവിളിയുടെ കാഠിന്യം സുധാകരനില്‍ കുറഞ്ഞു കൊണ്ടിരുന്നു.
' കള്ളച്ചെകുത്താന്റെ നില്‍പ്പു കണ്ടില്ലേ വരഞ്ഞ് ഉപ്പും മുളകും തേയ്ക്കണമെന്നാ തോന്നുന്നേ'
പണികഴിഞ്ഞ് വന്ന അമ്മയാണ് ഏറെ തേങ്ങിയത് മുറിവെണ്ണ പുരട്ടി ഊതുമ്പോഴും പറയും  ' എങ്ങോട്ടെങ്കിലും ഓടിപ്പോകാറായാല്‍ മോന്‍ പൊയ്‌ക്കോ എന്നുപറയാനും പറ്റത്തില്ലാലോ കാണണ്ടെ അമ്മയ്‌ക്കെന്നും '
വേലായുധനോട് അംബി തുറന്നു തന്നെ പറഞ്ഞു. ' അവനു പകരം എന്നെ നോവിക്ക് പക അങ്ങനെ തീര്‍ക്ക് അല്ലെങ്കില്‍ എന്നെയോ അവനെയോ കൊല്ല്. കാണണ്ടല്ലോ ഒന്നും '
' എന്തിനാടി കൊല്ലുന്നത് ചത്തുകൂടെ  '
' ജീവിച്ചു നോക്കട്ടെ ഞാന്‍ കാണിച്ചുതരാം 'അതൊരു തീരുമാനം പോലെ വേലായുധനെ അമ്പരപ്പിച്ചു. നൊമ്പരത്താളുകള്‍ മറിഞ്ഞ് കാലം വളരവേ വേദനയില്‍ ആര്‍ത്തു ചിരിക്കുന്ന സ്വഭാവം മാളൂട്ടിയിലും കുറഞ്ഞു.  വേദന  അവളെ അംബി അറിയിക്കുന്നു എന്നതായിരുന്നു ഒരു കാരണം
' മോള് ചിരിക്കുന്നത് വേദന എന്താണെന്ന് അറിയാഞ്ഞിട്ടാണ് അമ്മ അറിയിക്കാട്ടോ '
അന്ന് വേലായുധന്‍ അംബിയോട് ഏറെ കയര്‍ത്തു.
' എന്റെ കൊച്ചിനെ ഇനിയെങ്ങാന്‍ തല്ലിയാല്‍  '
' എന്തിനാണ് തല്ലിയത് എന്ന് ചോദിച്ചില്ലല്ലോ. ?  ' മാളൂട്ടിയാണ്  വിശദീകരിച്ചത് പാദസരം കളഞ്ഞിട്ട് മിണ്ടാതിരുന്നതിന് അന്ന് പറഞ്ഞിരുന്നെങ്കില്‍ തോട്ടിലോ വഴിയിലോ നോക്കാമായിരുന്നു. ഇന്നോ?
' പോയതു പോയി മോളു കരയണ്ടാട്ടോ വേറെ വാങ്ങാം'. മാളൂട്ടി കരുതിയത് ചട്ടുകം വച്ച് ചേട്ടനെ പൊള്ളിക്കുമെന്നാണ്.
വേലായുധന് മനസിലായി താനെന്തു ചെയ്താലും മകള്‍ അനുഭവിക്കേണ്ടി വരുമെന്ന്  മാളൂട്ടി വളര്‍ന്നതും വേലായുധനെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും വേലായുധന്റെ കാത്തിരിപ്പുകള്‍ വേലായുധനും സുധാകരനും മാത്രമാകുന്ന സമയങ്ങള്‍ക്കായിരുന്നു. അടയാള മുദ്രകള്‍ പതിപ്പിക്കുവാന്‍.
സുധാകരന്റെ കഥ ഡോക്ടര്‍ മുകുന്ദന്‍ മേനോനെ ചിരിപ്പിച്ചു കൊണ്ടിരുന്നു വല്ലാതെ.
' പേര് സുധാകരന്‍ അല്ലേ ഏതായാലും ഈ വടുക്കള്‍ വച്ച് നേവിയില്‍ ചേരാന്‍ ആവില്ല. നിറം ക്രമേണ മാറുന്നതിന് മരുന്നിന് എഴുതിതരാം. അത് പുരട്ടണം  '
സുധാകരന്റെ ദൈന്യത കണ്ണുകളില്‍ കണ്ടത് വീണ്ടും മുകുന്ദന്‍ മേനോനെ ചിരിപ്പിച്ചു.  
' സാരമില്ല ഏതുചാപ്പയേയും മാറ്റുവാന്‍ ഇപ്പോള്‍ ശാസ്ത്രം വളര്‍ന്നിട്ടുണ്ട്  'സുധാകന് എന്നിട്ടും ഡോക്ടര്‍ സഹാനുഭൂതിയോടെ കൂട്ടിക്കൊണ്ടു വന്നതിന്റെ പൊരുള്‍ തീരെ മനസ്സിലായില്ല . ചോദിക്കുവാനും ചിന്തയില്‍നിന്നുണര്‍ത്തുവാനും മടിതോന്നി. ഡോ. മുകുന്ദന്‍ മേനോന്‍ സുധാകരന്റെ കഥാപാത്രങ്ങളെ തന്റെ കഥയിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു.
തെങ്ങുകയറ്റക്കാരന്‍ വേലായുധനായത് ഡോ.ശേഖരമേനോനായിരുന്നു അഛന്‍. അംബിക ആയത് ഇന്ദ്രാണി മേനോന്‍ എന്ന അമ്മയും.
ഡോ. ശേഖരമേനോനും നഴ്‌സ് ഇന്ദ്രാണിയും വിവാഹിതരായത് ഒരേ ഹോസ്പിറ്റലില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ്. വിവാഹിതരാക്കപ്പെട്ടു എന്നതാണ് ശരി. അങ്ങനെ ഒരു സാഹചര്യം മനപ്പൂര്‍വ്വം സൃഷ്ടിച്ചതും ഇന്ദ്രാണിയാണ്. ഇന്ദ്രാണിക്കും തന്റെ രണ്ടുമാസത്തെ ഗര്‍ഭത്തില്‍ ഡോ ശേഖരമേനോന് പങ്കില്ല എന്നറിയാമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അവിഹിതമാണ് പിടിക്കപ്പെട്ടതെന്നുമാത്രം. സ്റ്റാഫും മാനേജ്‌മെന്റും കണ്ടതെന്നുമാത്രം.
ഇന്ദ്രാണിക്ക് ഭാര്യയും കുട്ടികളുമുള്ള കാമുകനേക്കാള്‍ എന്തുകൊണ്ടും സ്വീകാര്യന്‍ ഡോ. ശേഖരമേനോന്‍ ആയിരുന്നു.
ഇക്കഥയിലും ചാപ്പകള്‍ക്ക് വിധേയമായത് മാസം തികഞ്ഞോ തികയാതെയോ ജനിച്ച കുഞ്ഞുമാത്രം.
ഇന്ദ്രാണി അടുത്തില്ലാതിരിക്കുകയും കുഞ്ഞ് അടുത്തുണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് ഡോ. ശേഖരമേനോന്‍ ഏറെ സിഗരറ്റുകള്‍ പുകച്ചിരുന്നത്. വിസ്‌കി സിബ്ബ് സിബ്ബ് ആയി ഐസ്‌ക്യൂബിനൊപ്പം രുചിച്ചിരുന്നത്.
സിഗരറ്റിന്റെ അറ്റത്തെ ജ്വലിക്കുന്ന കനല്‍ കുഞ്ഞിന്റെ അകം തുടയില്‍ കുത്തിക്കെടുത്തുമ്പോള്‍ മാത്രം ശേഖരമേനോന്‍ അവാച്യമായ ആനന്ദത്തോടെ ചിരിക്കുകയും മുകുന്ദനുണ്ണി ഏങ്ങിയേങ്ങി കരയുകയും ചെയ്യും.
 ആദ്യമാദ്യം അമ്മ ഇന്ദ്രാണി മേനോനും കരഞ്ഞു. അഞ്ചു വയസ്സുവരെ ഇന്ദ്രാണി ഇടവിട്ടു കരഞ്ഞു കൊണ്ടിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.
കോടതി മുറിയില്‍  അമ്മ ഇന്ദ്രാണി പറയുമ്പോഴെല്ലാം കരഞ്ഞിരുന്നു. പിതാവ് മകനെ എരിയുന്ന സിഗരറ്റ് കുറ്റികള്‍കൊണ്ട് പൊള്ളിക്കുന്നു. ദേഹം നിറയെ ചാപ്പകള്‍ കുത്തുന്നു.ആയതിനാല്‍ ഡിവോഴ്‌സ് വേണം. കുട്ടി സ്വന്തമാണോ ജാരസന്തതിയാണോ എന്നതൊന്നും പൊള്ളലേല്‍പ്പിക്കുവാന്‍ കാരണമാകുന്നില്ല. ഡോക്ടര്‍ ആണ് എന്നതുകൊണ്ട് മാനസിക വൈകൃതത്തിന് മാപ്പു നല്‍കുവാനും പാടില്ല. കോടതി അംഗീകരിച്ചു.
ഇന്ദ്രാണി പുനര്‍ വിവാഹിത ആകാതിരുന്നതും മകനുവേണ്ടിയാമ്. കാരണം സിഗരറ്റ് മാനിയ അടുത്ത ആളിലും തുടര്‍ന്നാലോ.
തുടയിലും കാണാമറയത്തും ചാപ്പകള്‍ ഏറെക്കാലം അപശകുനമായി തെളിഞ്ഞു തന്നെ കിടന്നു. പിന്നീടത് വലിയ കാക്കപ്പുള്ളികളായി രൂപാന്തരപ്പെട്ടു.
വീണ്ടും ഓര്‍മ്മകളില്‍ മുകുന്ദന്‍ മേനോന്‍ ചിരിക്കുകയും ചായയും ബിസ്‌കറ്റും കഴിക്കുവാന്‍ സുധാകരനെ നിര്‍ബന്ധിക്കുകയും ചെയ്തു. വിനയം വിധേയനാക്കുമ്പോഴും സുധാകരന്‍ ആശയക്കുഴപ്പത്തിലായി എന്താവാം ഡോക്ടര്‍ ഉദ്ദേശിക്കുന്നത്.
പുറത്ത് ഭംഗിയുള്ള ചെറിയ കാര്‍ നിന്ന് അതില്‍ നിന്നും സീമന്തിനി മേനോനും ഇന്ദ്രാണിയും ഇറങ്ങുന്നതുവരെയും ഡോ. മുകുന്ദന്‍ മേനോന്‍ ചിരിതുടര്‍ന്നു കൊണ്ടിരുന്നു.
' ഇന്നൊരു അതിഥിയുണ്ട് പേര് സുധാകരന്‍അല്ലേ? '
സുധാകരന്‍ മിണ്ടിയില്ല വിനയത്തോടെ തലകുനിച്ചു നിന്നു. ഏതാനും വാക്കുകളിലാണ് ചാപ്പ കുത്തിയ മുദ്രകള്‍ പേറിയ തുടകളെക്കുറിച്ചും ടെസ്റ്റിനെക്കുറിച്ചുമെല്ലാം ഡോക്ടര്‍ ഭാര്യയോടും അമ്മയോടും വിവരിച്ചത്.
' സുധാകരന്റെ ചാപ്പകള്‍ നേവിക്ക് ചേര്‍ന്നതല്ല. മാറുന്നതുവരെ മറ്റൊരു ജോലിയാകും ഭേദം. അമ്മ എന്തു പറയുന്നു '
' നീ തീരുമാനിച്ചോളു എനിക്കു വിരോധമില്ല. '
' ഞാന്‍ വിചാരിക്കുന്നത് അമ്മയിവിടെ നില്‍ക്കുന്നില്ലല്ലോ, എനിക്കും സീമന്തിനിക്കും റിട്ടയര്‍വരെ അവിടെയുമാവില്ല അമ്മയേക്കൊരു കൂട്ടായി മാത്രമല്ല മെഡിക്കല്‍ ഷോപ്പില്‍ ഒരു സഹായിയുമായി സുധാകരന്‍ നില്‍ക്കട്ടെ ഫാര്‍മസിയും പഠിപ്പിക്കാം, ചാപ്പകള്‍ മറഞ്ഞാല്‍ അന്ന് റിക്രൂട്ട്‌മെന്റിന് അപ്പിയര്‍ ആവുകയും ആവാലോ
ഇന്ദ്രാണി മേനോന്‍ അതിനും തലയാട്ടി.    '
സീമന്തിനി മേനോന്‍ മാത്രം രഹസ്യമായി മുകുന്ദന്‍ മേനോനോട് മന്ത്രിച്ചു.' സ്വന്തം പാടുകള്‍ കാക്കപ്പുള്ളികള്‍ ആണെന്ന് പറഞ്ഞപ്പോഴെ എനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാണെന്നോ ആദ്യകാലരാത്രികളില്‍. സത്യം പറയൂ മുകുന്ദേട്ടാ  സുധാകരനെപ്പോലെ ആയിരുന്നില്ലേ മുകുന്ദേട്ടനും '
' നിനക്കും അതു മനസിലായി അല്ലേ ? ' സുധാകരനെ വീട്ടില്‍പോയി വരുവാന്‍ യാത്രയാക്കുമ്പോഴും അവര്‍ഓര്‍ത്തോര്‍ത്തു ചിരിച്ചുകൊണ്ടിരുന്നു. ഡോ. മുകുന്ദന്‍ മേനോനും സീമന്തിനിയും അകത്ത് ഇന്ദ്രാണി മേനോനും.  

 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image