മിഥുനമാസ രസന

മ്യൂസ്‌മേരിമഴക്കാലത്തുവല്ലാത്ത വിശപ്പാണ്. ആനയെ വിഴുങ്ങാന്‍ പറ്റുന്ന വിശപ്പ് എന്നൊക്കെ ആലങ്കാരികമായി പറയാറുെണ്ടങ്കിലും ഒരാടിനെയൊക്കെ ഒരു പകലുകൊണ്ട് തിന്നുതീര്‍ക്കുമെന്ന് തീര്‍പ്പാക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.
തിന്നെത്താന്നും ഇല്ലാരിക്കും.
പക്ഷേ, വിശപ്പും മഴയും തമ്മില്‍ വല്ലാത്ത കൂട്ടുകെട്ട് ഉണ്ട്.
മഴപിടിച്ച് പുറത്തിറങ്ങാന്‍ പറ്റാതിരിക്കുമ്പോള്‍ അടുക്കളയിലും സ്റ്റോറിലും തപ്പിത്തിരഞ്ഞ് തിന്നാന്‍ പറ്റുന്ന തൊക്കെ അടിച്ചുമാറ്റിയിരുന്ന മഴക്കാലങ്ങളെ എങ്ങനെ മറക്കാനാണ്. മിഥുനം കര്‍ക്കിടക മാസങ്ങളിലെ പഞ്ഞം എങ്ങനെ മറികടക്കുെമന്ന് വിചാരിച്ചിരുന്ന അമ്മച്ചിമാര്‍ കാഞ്ഞിരപ്പള്ളിയിലെ എല്ലാ വീട്ടിലും ഉണ്ടായിരുന്നു. അതില്‍ത്തന്നെ മിഥുനം ഒട്ടൊക്കെ ഭേദമാണ ്. വേനലിന്റെ നീക്കിയിരുപ്പുകള്‍ കുറെയെല്ലാം ഉണ്ടായിരിക്കും.
കര്‍ക്കിടകമാണ് കഷ്ടതരം. എല്ലാ വീട്ടിലും അപ്പനും അമ്മയും കെട്ട്യോനും കെട്ട്യോളും മക്കളും സഹോദരങ്ങളുമൊക്കെയായി പിടിപ്പത് ആളുണ്ടാകും വീട്ടില്‍.
കാര്‍ഷിക പ്രധാനമായ ഒരു സാമ്പത്തിക വ്യവഹാരത്തില്‍ വിളവെടുപ്പും സംഭരണവുമൊക്കെ കഴിഞ്ഞ സമയത്താണ് മഴക്കാലം വരിക. ആഹാരം ഉണക്കിയും പൊടിച്ചും വരട്ടിയുമൊക്കെ സംഭരിച്ചാലേ മഴക്കാലം കടത്തിവിടാനൊക്കൂ.
ഒണക്കക്കപ്പ വേവിച്ചതും ഉണക്കമീന്‍ വറത്തതും മഴക്കാല വിഭവത്തില്‍ സാധാരണമായിരുന്നു. (കാഞ്ഞിരപ്പള്ളി മലനാടിന്റെ മടിയിലാണ്. കുറച്ച് കപ്പക്കാലാകളും തെങ്ങും പ്ലാവുമൊക്കെ ഉണ്ടായിരിക്കും. വലുതും ചെറുതുമായ റബര്‍ത്തോട്ടങ്ങളാണ് ചെടിമരങ്ങളില്‍ വലിയ ഒരു പങ്ക്.) മകരം, കുംഭമാസങ്ങളില്‍ അരിെ ഞ്ഞാണക്കി ചാക്കില്‍ കെട്ടിവച്ചിരിക്കുന്ന കപ്പയാണ് മഴക്കാല വിശപ്പില്‍ വലിയ ആശ്വാസം. തലേദിവസമേ വെള്ളത്തിലിട്ട് കുതിര്‍ത്ത കപ്പ രാവിലെ ഒടിച്ചു നുറുക്കി നാരും ഞരമ്പും കളഞ്ഞ് വലിയ കപ്പക്കലത്തില്‍ (കപ്പ വേവിക്കാന്‍ വാവട്ടം ഉള്ള കലങ്ങള്‍ ഉണ്ട്) ഇട്ട് തിളപ്പിക്കും. ഈ കപ്പ വെന്തുവരുമ്പോള്‍ വെള്ളം ഊറ്റി അരപ്പും ഉപ്പും ചേര്‍ത്തിളക്കിയാല്‍ കഴിക്കാന്‍ പാകമായി. കപ്പ ഇളക്കാനുള്ള കമ്പിന് തുടുപ്പ് എന്നാണ് പറയുക. ഇളക്കിയിളക്കി തുടുപ്പും കാന്താരീം ഉള്ളീം ഉപ്പും വച്ച ചമ്മന്തി ഞെരടിപ്പൊട്ടിച്ച് അടച്ചൂറ്റിപ്പലകയുടെ സൈഡും തേഞ്ഞിരിക്കും. അടച്ചൂറ്റിപ്പലക കഞ്ഞീം കപ്പേം വാര്‍ക്കനുള്ള (വാര്‍ക്കപ്പണിയല്ല തിളച്ചവെള്ളം വാര്‍ത്തുകളയലാണ്) തടിപ്പലകയാണ്. അതിന്റെ പ്രതലത്തില്‍ കാന്താരീമുളകും ഉള്ളീം ഉപ്പും വച്ചിട്ട് ചിരട്ടത്തവി കൊണ്ട് അമര്‍ത്തി ഞെരിക്കും. അതില്‍ അല്‍പം വെളിച്ചെണ്ണ കൂടി ചേര്‍ത്തിളക്കിയാല്‍ കിട്ടുന്ന കാന്താരിച്ചമ്മന്തി കൂട്ടി പച്ചക്കപ്പ ചെണ്ട പുഴുങ്ങിയതോ ചേമ്പോ ചേനയോ ഒക്കെ ചേര്‍ത്ത് ഒരുപിടി പിടുക്കുന്നവരാണ് പറമ്പിപ്പണികഴിഞ്ഞു കേറിവരുന്ന ചേട്ടന്‍മാര്‍. മഴക്കാലത്ത് പണി കുറവായിരിക്കും. അപ്പം ഒണക്കക്കപ്പ വേവിച്ചതും അടച്ചൂറ്റിയേ വച്ച് കാന്താരീം ചേര്‍ത്ത് ചതച്ചെടുത്ത വറുത്തതോ ചുട്ടതോ ആയ ഉണക്കമീനും ചേര്‍ത്ത് കഴിച്ച് കട്ടന്‍കാപ്പീം കുടിച്ച് ഒരു ബീഡിം വലിച്ച് ഒരു മൂഡൊക്കെ ഉണ്ടാക്കി ചേട്ടന്‍മാര്‍ മഴ നോക്കിയിരിക്കും. ഇറവാലത്തു വീഴുന്ന വെള്ളംപോലെ ഒഴുകിപ്പോകുന്ന കാലത്തെക്കുറിച്ച് അവര്‍ ചിന്തിക്കും.
ഉണക്കമീന്‍ ഇല്ലാത്ത വീടുകള്‍ കുറവായിരിക്കും. നങ്ക്, അയല, കുട്ടന്‍ (തല്ലേക്കല്ലന്‍ എന്നു വിളിക്കുന്ന മീന്‍) കുറിച്ചി, മൂടപ്പരവ, സ്രാക്, കീറി ഉണക്കിയ മീനുകള്‍ (വറ്റ്, പാരക്കുറിച്ചി തുടങ്ങിയവ) തിരണ്ടി, മറ്റു തുണ്ടം മീനുകള്‍ ഇങ്ങനെ വിലയും നിലയും വ്യത്യസ്തമായ ഉണക്കമീനുകള്‍ ഉണ്ട്.
ഓലമേഞ്ഞ വീട്ടിലെ നനഞ്ഞ ഓലയുടെ മുകളിലൂടെ ഉണക്കമീന്‍ ചുടുന്നതിന്റെ പുകയിങ്ങനെ നനഞ്ഞുനനഞ്ഞ് മണം പരത്തി പതുക്കെപ്പതുക്കെ പൊങ്ങിവരുന്ന കാഴ്ച സ്‌കൂള്‍ കാലഘട്ടത്തിലെ വഴിനടപ്പുകളില്‍ കണ്ടുമണഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഉണക്കത്തിരി ചുട്ടതിന്റെ കരിയൊക്കെ അവിടുത്തെ അമ്മച്ചി കൊട്ടിക്കളയുന്നതു കണ്ടു. അരകല്ലില്‍ കാന്താരിവച്ച് ചതച്ച തെരീം കപ്പവേവിച്ചതും കൂട്ടി കഴിക്കാന്‍ അമ്മച്ചി നിര്‍ബന്ധിച്ചു. പെങ്കൊ
ച്ചിന്റെ നോട്ടത്തിലെ കൊതി കിട്ടാവാം അമ്മച്ചി അങ്ങനെ പറഞ്ഞത്. അങ്ങനെ എവിടുന്നെങ്കിലും കഴിക്കുന്നതൊന്നും നല്ല സ്വഭാവഗുണത്തിന്റെ ലക്ഷണമല്ല എന്ന് അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതു കഴിക്കാനൊരു വല്ലാത്ത കമ്പം. അവിടുത്തെ പിള്ളേരൊക്കെ കഴിക്കുന്നുണ്ട്.
വല്യകൊതിയോടെ ഉണക്കത്തെരണ്ടീടെ ഒരു കഷണം വായിവച്ചു. എടുത്തപ്പോഴേ ആട്ടിന്‍മൂ്രതത്തിന്റെ പോലൊരു മണം മൂക്കിലടിച്ചു. വായിവച്ചതും ഒരു കെട്ട ചൊവ. എനിക്ക് ഇറക്കാനും മേല തുപ്പാനും മേല. ചേടത്തി അതീവവാത്സല്യത്തോടെ നോക്കിനില്‍ക്കയാണ്. ഒന്നു രണ്ടു വാ കഴിച്ചശേഷം മതിയെന്നു പറഞ്ഞ് മാറ്റിവച്ച് സ്ഥലംവിട്ടു. ഇതുപോലൊരു അനുഭവം ഉണക്കയല ചുട്ടതു രുചിച്ചപ്പോഴും ഉണ്ടായി. എങ്കിലും തെരണ്ടിയാണ് ഭീകരന്‍. വൃത്തികെട്ട ചൊവ. പക്ഷേ, തെരണ്ടി തേങ്ങാക്കൊത്തൊക്കെ ഇട്ട് മുളകും കൊടംപുളീം ചേര്‍ത്തുവച്ചാല്‍ കുറെ വ്യത്യാസം വരും. എങ്കിലും ജന്മസ്വഭാവം മാറ്റാനൊക്കില്ലല്ലോ. ഉണക്കമീനുകളില്‍ മൂടപ്പരവയും തുണ്ടം മീനുമാണ് മികച്ചത്. മൂടപ്പരവ വറുത്ത് കാന്താരിവച്ച് ചതച്ചെടുത്താല്‍ (പൊടിഞ്ഞുപോകാത്തവിധത്തില്‍) കപ്പയ്‌ക്കോ കഞ്ഞിക്കോ ചോറിനോ ഒക്കെ ഒപ്പം കൂട്ടാം. തുണ്ടം മീനോ മൂടപ്പരവ യോ ഒക്കെ വറുത്ത് തേങ്ങയും കാന്താരിമുളകും വച്ച് കല്ലില്‍ വച്ച് ചതച്ച് പൊടിച്ചെടുക്കുന്ന മീന്‍ സമ്മന്തി (ചമ്മന്തി)യും രസനകള്‍ക്ക് പരിചിതവിരുന്നായിരുന്നു.
ഉണക്കയലയോ ഉണക്കചെമ്മീനോ കീറി ഉണക്കിയ മീനുകളോ (പാരക്കുറിച്ചി, വറ്റ ഒക്കെ) കൊടംപുളിയിട്ട് മുളകുപൊടീം മല്ലിപ്പൊടീം ചേര്‍ത്തരച്ച് വഴറ്റി മീന്‍ ഇട്ട് വെന്തുവരുമ്പോള്‍ പച്ചേ തങ്ങാ അരച്ചതും ചേര്‍ത്ത് കടുകും കറിവേപ്പിലയും താളിച്ച് ഇറക്കിവച്ച് കുറച്ചുനേരം കഴിഞ്ഞ് കപ്പയ്‌ക്കോ ചോറിനോ ഒപ്പം തട്ടിവിടുന്നവരെ കണ്ടോണ്ടിരിക്കുമ്പം തന്നെ രുചി അറിയാന്‍ പറ്റും. തോട്ടീന്നൊക്കെ ചൂണ്ടയിട്ടു കിട്ടുന്ന പരലും വാളേം കാരി, കൂരി ഇത്യാദികളും മുളകിട്ടു പറ്റിച്ചും പീരവച്ചും ഒക്കെ രുചികളെ മാറ്റിപ്പിടിച്ചിരുന്നു.
ടീച്ചറേ, മൂടച്ചക്കക്കുരു ഉണ്ടോ എന്ന് ചോദിച്ചും കൊണ്ട് വന്നിരുന്ന ആളുകളെ ഓര്‍ക്കുന്നു. മഴക്കാലത്തിന്റെ കറിയിനങ്ങളില്‍ ഒന്നായിരുന്നു മൂടയ്ക്കിട്ടിരിക്കുന്ന ചക്കക്കുരു.
വേനല്‍ക്കാലത്ത് ചക്കയും ചക്കക്കുരുവും ധാരാളമുണ്ടല്ലോ. മഴക്കാലത്തേയ്ക്കായുള്ള ചക്കക്കുരു സംഭരിക്കുന്ന ത് ഒരു പ്രത്യേകരീതിയില്‍ ആണ്. വെട്ടും പൊട്ടും ഒന്നുമില്ലാത്ത ചക്കക്കുരു എടുത്ത് നല്ല ഉണങ്ങിയ ചൊരിമണല്‍ ഇട്ട് അടുക്കടുക്കായി സൂക്ഷിച്ചുവയ്ക്കും. ഇങ്ങനെ വയ്ക്കുമ്പോള്‍ കുരു ഉണങ്ങി കൊട്ട തല്ലി പോകില്ല. നല്ല ഫ്രെഷ് ആയിട്ടിരിക്കും. ഇതെടുത്ത് നന്നാക്കി തേങ്ങാക്കൊത്ത് ഇട്ട് മുളകുപൊടീം, മല്ലിപ്പൊടീം ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് പറ്റിച്ച് എണ്ണയിലിട്ടു വരട്ടി നല്ല സൂപ്പര്‍ മെഴുക്കുപുരട്ടി ഉണ്ടാക്കാം. ഉപ്പുമാങ്ങ എടുത്ത് പച്ചത്തേങ്ങ അരച്ച് ചാറുകറിം ഈ മെഴുക്കുപുരട്ടിം ഉെണ്ടങ്കില്‍ ഊണ് കുശാലായിരിക്കും. അല്‍പം ഉണക്കത്തുണ്ടം മീന്‍ വറുത്തതും ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഉപ്പുമാങ്ങാ ഭരണി തുറക്കുന്നതും മാങ്ങ എടുക്കുന്നതും പിന്നെ അടച്ചുവയ്ക്കുന്നതുമൊക്കെ പരിപാവനകര്‍മ്മം ചെയ്യുന്ന പോലെയാണ് അമ്മച്ചിമാര്‍ ചെയ്തിരുന്നത ്. നനഞ്ഞ തവിയോ മറ്റോ ആ ഭരണിയില്‍ ഇട്ടാല്‍
അപ്പോള്‍ത്തന്നെ നല്ല പെടകിട്ടും. കണ്ണിമാങ്ങ അച്ചാറിട്ടത് ഭരണിയില്‍ നിന്ന് പകരുന്നതും ഇതേ മാതിരിതന്നെ. പൂപ്പലും പുഴുവും പിടിക്കാതെ സൂക്ഷിക്കണം. ഇനി മഴക്കാലം നീണ്ടു കിടക്കയല്ലേ?
വേനല്‍ക്കാലത്ത് കന്നുകാലിയെ കൊല്ലലും 'പങ്ക്' വാങ്ങലുമൊക്കെ പലപ്പോഴും ഉണ്ടായിരുന്നു. ഇങ്ങനെ കൂടുതല്‍ കിട്ടുന്ന ഇറച്ചി ഉപ്പുചേര്‍ത്ത് ഉണക്കി കാറ്റു കടക്കാത്ത ഭരണിയിലോ പാത്രത്തിലോ വയ്ക്കും. അത് അരകല്ലില്‍വച്ച് ചതച്ച് അല്‍പം വറ്റല്‍മുളകും ഉള്ളി ചതച്ചതും ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കുന്നതും മഴക്കാല രുചികളെ അടയാളപ്പെടുത്തിയിരുന്നു. ഉണക്കിറച്ചിയും അല്‍പം 'വാട്ടീസു'മൊക്കെ ഉെണ്ടങ്കില്‍ മഴപ്പേച്ചിന് ഭംഗികൂടുമെന്ന് അറിഞ്ഞിരുന്നവരും ഉണ്ടായിരുന്നു.
വേനല്‍ക്കാലത്ത് സംഭരിച്ചുവച്ചിരിക്കുന്ന ആഹാരവസ്തുക്കളില്‍ ഒന്നായിരുന്നു മാന്തെര. ഒരു പുത്തന്‍പായയില്‍ മാമ്പഴം എടുത്ത് ഉരച്ചുപിടിപ്പിക്കും. പിന്നെ അതുണക്കും. അതിന്റെ മുകളില്‍ മാമ്പഴം തേച്ചുപിടിപ്പിക്കും. പിന്നേം ഉണക്കും. ഇങ്ങനെ ഉണങ്ങിയ മാന്തെര പായയില്‍ നിന്നടര്‍ത്തി കാറ്റു കടക്കാത്ത പാത്രങ്ങളിലിട്ട് അടച്ചുവയ്ക്കും. അത് മഴക്കാല സായാഹ്നങ്ങളില്‍ എടുത്ത് തിന്നും. വെയിലിന്റെ മണം പുരമാമ്പഴതെര അത്ര വലിയ ഇഷ്ടമില്ലെങ്കിലും മാമ്പഴത്തിന്റെ ചെറുസ്വാദ് അതിലുണ്ടായിരിക്കുമല്ലോ. ചക്കയാണെങ്കില്‍ വറത്തും ഉണക്കിയും ശേഖരിച്ചുവയ്ക്കും. വറുത്ത ചക്കപ്പൂളുകള്‍ ടിന്നുകളില്‍ അടച്ചുപാത്തുവച്ചിട്ടുണ്ടാകും. കുറെശ്ശെ എടുത്ത് അമ്മമാര്‍ തരും.
ഒന്നിച്ചെടുത്തു വെളിയില്‍ വച്ചിരുന്നാല്‍ പിള്ളേരെല്ലാം കൂടി ഒറ്റ ദിവസം കൊണ്ട് തീര്‍ക്കുമെന്ന് അമ്മമാര്‍ക്കറിയാം. ചക്ക ഉണങ്ങിയതിന് കപ്പ ഉണങ്ങിയതിന്റെ അത്ര രുചിയില്ല. ചക്ക അരിഞ്ഞ് വെയിലത്തുവച്ചുണക്കി ഭദ്രമായി വയ്ക്കും. ഇത് രാത്രി വെള്ളത്തിലിടും രാവിലെ കഴുകിയെടുത്തു വേവിക്കും. അരപ്പിട്ടിളക്കി എടുത്താല്‍ വല്യ രുചിയൊന്നും ഇല്ലെങ്കിലും അതൊക്കെ നഷ്ടപ്പെടുത്താന്‍ ആരും ഇഷ്ടപ്പെട്ടിരുന്നില്ല.
വെയിലിന്റെ ഉണക്കുമണം പിടിച്ച് ഉണക്ക ചക്കപ്പുഴുക്ക് പട്ടിക്കുപോലും വല്യപിടുത്തമൊന്നും ഇല്ലായിരുന്നു. ചക്ക വരട്ടിയതാണ് മറ്റൊരു ഐറ്റം. വരിക്കച്ചക്ക പഴുത്തത് അടര്‍ത്തിയെടുത്ത് അരിഞ്ഞ് ഉരുളിയില്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കിയിളക്കി നെയ്യും ഏലയ്ക്കാത്തരിയും ചേര്‍ത്ത് വരട്ടിയെടുക്കുന്നത് ഉണങ്ങിയ പാത്രത്തില്‍ സൂക്ഷിച്ചുവയ്ക്കും. ചക്ക വരട്ടിയത് പാല്‍ക്കാപ്പി കുടിച്ചോണ്ട് അല്‍പാല്‍പമായി നുണഞ്ഞ് മഴനോക്കിയിരിക്കാന്‍ എന്തുരസമായിരുന്നു. ഏത്തപ്പഴം ഉണക്കി ടിന്നിലടച്ചുവച്ചിരുന്നതും മഴക്കാലത്ത് എടുത്തുപയോഗിച്ചിരുന്നു. അരിപ്പൊടി തിളച്ച വെള്ളം ഒഴിച്ച് കുഴച്ച് വാഴയിലയില്‍ പരത്തി ശര്‍ക്കരേം തേങ്ങേം അകത്തുവച്ച് വറചട്ടിയില്‍ വച്ച് തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് മൊരിച്ചെടുത്ത് ഇലമാറ്റിയിട്ട് വെന്തഅരിെപ്പാടിയുടെയും ഇലയുടെയും ശര്‍ക്കരയുടെയും മണമ ുള്ള ഓട്ടട അല്‍പാല്‍പം കടിച്ചുതിന്നുെ കാണ്ട് വീടിന്റെ തിണ്ണയിലെ അരഭിത്തിയില്‍ കയറിയിരുന്ന് കാലുമാട്ടി ഇറവാലത്തു നിന്ന് വീഴുന്ന മഴത്തുള്ളികള്‍ വരയ്ക്കുന്ന ചിത്രം നോക്കിയിരിക്കുന്ന കുട്ടികള്‍. ഓരോ തുള്ളിയും മണ്ണില്‍ നിര്‍മ്മിക്കുന്ന വൃത്തങ്ങള്‍. ഒഴുകിയകലുന്ന വെള്ളം. അതില്‍ കടലാസുകപ്പല്‍ ഇറക്കുന്നവര്‍.
അവര്‍ ചവിട്ടിക്കയറ്റുന്ന വെള്ളത്തില്‍ കുതിര്‍ന്നും ചെളിപുരണ്ടും തിണ്ണകള്‍. ഇളംതിണ്ണയില്‍ കിടന്ന് കുട്ടികള്‍ക്കൊപ്പം മേളാങ്കിക്കുന്ന ടൈഗര്‍, കൈസര്‍ തുടങ്ങിയ നാമധാരികളായ പട്ടികള്‍. അവരുടെ പുറത്തെ രോമത്തില്‍ വെള്ളം വീഴുമ്പോള്‍ ഉണ്ടാകുന്ന പൊടുങ്കുമണം. കുട്ടികളുടെ കയ്യിലെ അപ്പനുറുങ്ങുകള്‍ക്കായി മുരണ്ട് അപേക്ഷിക്കുന്ന ടൈഗര്‍മാര്‍. സ്‌നേഹാലുക്കളായ കുട്ടികള്‍ അവരുടെ വായിലേക്കിടുന്ന അപ്പനുറുങ്ങുകള്‍ക്കായി ക്ഷമയോടെ നോക്കിയിരിക്കുന്ന വളര്‍ത്തുനായ്ക്കള്‍. മഴയത്തൂന്ന് ഓടിക്കയറി വരുന്ന കോഴികള്‍. മഴവെള്ളത്തില്‍ ചാലിച്ചു കിടക്കുന്ന കോഴിക്കാഷ്ഠങ്ങള്‍ മിഥുനമാസ ചിത്രങ്ങള്‍ക്ക് എത്ര നിറങ്ങള്‍. എത്ര മണങ്ങള്‍.
ഉച്ചകഴിഞ്ഞ് നാട്ടിന്‍പുറത്തെ അടുക്കളയില്‍നിന്ന് വരുന്ന മണങ്ങളില്‍ ഹൃദ്യമായ ഒന്നായിരുന്നു കാപ്പിക്കുരു വറക്കുന്ന മണം. വറചട്ടിയില്‍ കിടന്ന് മൊരിഞ്ഞു കറുത്തുവരുന്ന കാപ്പിക്കുരു പരിപ്പുകള്‍. പഞ്ചസാരയും ഉലുവയും ചേര്‍ന്ന് അവ മൊരിഞ്ഞുവരുമ്പോള്‍ വീടിനാകെ കാപ്പിമണം ആണ്. ഉരലിലിട്ട് ഇടിച്ചുപൊടിച്ചു തെള്ളിതരങ്ങെടുത്ത് പിന്നേം ചൂടാക്കി ഇടിച്ചു പൊടിച്ചു തെള്ളിവരുമ്പോള്‍ പെണ്ണുങ്ങളെ ചട്ടേം മുണ്ടുമോ, കൈലിം ബ്ലൗസുമോ ഒക്കെ വിയര്‍പ്പും കാപ്പിമണവുമുള്ളതായിരിക്കും. കാപ്പിമണക്കും പോലൊരു പൊടിലഹരി ഈ ശരീരത്തിനടുത്ത് നിന്നാല്‍ കിട്ടും. മഴക്കാലത്ത് കാപ്പിക്കു നല്ല ചെലവായിരിക്കും. ചക്കരക്കാപ്പി ചൂടായി അടുപ്പിന്‍ചോട്ടില്‍ ചെമ്പുകലത്തില്‍ എപ്പോഴും ഉണ്ടായിരിക്കും. കാപ്പിത്തൊണ്ട് ചോദിച്ച് വരുന്നവരും മഴക്കാലത്ത് ഉണ്ടായിരുന്നു. കുരുവില്ലെങ്കില്‍ തൊണ്ടെങ്കിലും വറുത്ത് പൊടിച്ച് കാപ്പിയുണ്ടാക്കമല്ലോ.
വേനല്‍ക്കാലത്ത് പെറുക്കി സൂക്ഷിച്ച കപ്പലണ്ടി (പറങ്കിമാങ്ങാണ്ടി) അടുപ്പിലോ അടുക്കളപ്പുറത്തോ ഇട്ട് ചൂട്ടു കത്തിച്ച് ചുട്ട് അതിന്റെ ചൊനമണം തൂകി നില്‍ക്കുന്ന അടുക്കളപ്പുറങ്ങള്‍. അടുപ്പിലിട്ട് ചുട്ടതിന് കിഴുക്കു വാങ്ങിച്ച കുട്ടികള്‍, അവരുടെ കലക്കങ്ങള്‍, കലഹങ്ങള്‍ മഴമണം വന്നെത്തുന്ന ഇടങ്ങള്‍ എത്രയോ ഇനിയും. ആഞ്ഞിലിക്കുരുവും ചക്കക്കുരുവും വറുത്തുനിന്ന് വിശപ്പുമാറ്റിയിരുന്ന മനുഷ്യരും ഉണ്ടായിരുന്നു. വിശപ്പിനെ അകറ്റാന്‍ എന്തെല്ലാം വഴികള്‍ ഇനി തിരിയുമെന്നോര്‍ത്തിരിക്കുന്ന കുഞ്ഞുങ്ങള്‍.
കുത്തരി വറുത്ത് ഉരലില്‍ ശര്‍ക്കരേം തേങ്ങം ചേര്‍ത്തിടിച്ചുണ്ടാക്കുന്ന അരിയുണ്ടയുടെ മണം, രുചി, അവലുകപ്പ (അവലുപോലെ ചുരണ്ടിയെടുത്ത് ഉണക്കിവയ്ക്കുന്ന കപ്പ) ശര്‍ക്കരേം തേങ്ങം ചേര്‍ത്ത് ഉരലിലിട്ട് ഇടിച്ച് ഉണ്ടാക്കുന്ന കപ്പരുചി, ഉപ്പേരിക്കപ്പ എണ്ണയിലോ പന്നിനെയ്യിലോ വറുത്ത് തേങ്ങാപ്പൂളും കടിച്ചുകൂട്ടി കറുമുറാ തിന്നുന്ന വറവുരുചി, അടമാങ്ങ (വെയിലത്തുണക്കി വച്ചിരിക്കുന്ന മാങ്ങാപ്പൂളുകളെ അടമാങ്ങ എന്നു പറഞ്ഞിരുന്നു) കൊണ്ടുള്ള അച്ചാര്‍, ഇലുമ്പിപ്പുളി ഉണങ്ങിയതുവച്ച് ഉണ്ടാക്കുന്ന അച്ചാര്‍, ഉപ്പുമാങ്ങ അരിഞ്ഞ ത് കടിച്ചുകൂട്ടി കഴിക്കുന്ന കഞ്ഞിരുചികള്‍ ഇങ്ങനെ നാടന്‍ എരിവുപുളി രുചിമണങ്ങള്‍.
പനയിടിക്കല്‍ എന്നു പറഞ്ഞിരുന്ന ഒരധ്വാനത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല. പൂക്കാറായ കൊടപ്പന വെട്ടി നുറുക്കി അകക്കാതലില്‍ എടുത്ത് ഉരലിലിടിച്ച് അത് വെള്ളത്തിലിട്ട് ഊറിവരുന്നതെടുത്ത്, വെള്ളം മാറിമാറിയിട്ട് അടിഞ്ഞുവരുന്ന പൊടികിഴികെട്ടിയിട്ട് വെള്ളം മുഴുവന്‍ ഊറ്റിക്കളഞ്ഞ് ഉണക്കിയെടുക്കുന്ന പനമ്പൊടികൊണ്ട് കുറുക്ക് ഉണ്ടാക്കിക്കഴിച്ചിരുന്ന അധ്വാനികളും ഉണ്ടായിരുന്നു. പയ്യെത്തിന്നാല്‍ പനയും തിന്നാമെന്ന പഴഞ്ചൊല്ല് ഉണ്ടായതെങ്ങിനെയെന്ന് അറിയാന്‍ ഒരു പ്രയാസവും ഇല്ലായിരുന്നു. ഇനിയുമെത്രയോ അധ്വാനങ്ങള്‍, മണങ്ങള്‍, രുചികള്‍, വിശപ്പുകള്‍, കാഞ്ഞിരപ്പള്ളിയിലെ മിഥുനമാസക്കാഴ്ചകള്‍ അങ്ങനെയങ്ങനെ തുടരുന്നു.

 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image