പുതിയ മേച്ചില്‍പ്പുറങ്ങള്‍

കരിങ്ങോഴയ്ക്കല്‍ മാണി മാണി മാണിയുടെ മകന്‍ ജോസ് കെ മാണി രാഷ്ട്രീയ പരീക്ഷണത്തിന്റെ പുതിയ ലാവണം തിരഞ്ഞെടുത്തിരിക്കുന്നു. നീണ്ട 38 വര്‍ഷം നീണ്ട യുഡിഎഫ് ബന്ധം മുറിച്ചാണ് ജോസ് കെ മാണി യഥാര്‍ഥത്തില്‍ അധ്വാനിക്കുന്നവരുടെ കൂടെ നില്‍ക്കുന്നത് ഇടതുപക്ഷമാണെന്ന തിരിച്ചറിവുമായി പുതിയ മുന്നണിയില്‍ ചേക്കേറിയത്. സ്വര്‍ണക്കടത്തു മുതലുള്ള വിവാദങ്ങളില്‍പെട്ട് തുടര്‍ ഭരണമെന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്ന ഘട്ടത്തിലാണ് പുതിയ പ്രതീക്ഷ നല്‍കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിലെത്തിയിരിക്കുന്നത്. പരമ്പരാഗതമായി കോണ്‍ഗ്രസിനെയും കേരളാ കോണ്‍ഗ്രസിനെയും മാത്രം കാര്യമായി പിന്തുണയ്ക്കുന്ന വോട്ടര്‍മാരുള്ള കോട്ടയവും ഇടുക്കിയും പത്തനംതിട്ടയും ഉള്‍പ്പെടുന്ന മധ്യതിരുവിതാംകൂറില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ വരവോടെ കാര്യമായ നേട്ടമുണ്ടാക്കാനാവുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ജോസ് കെ മാണി വിഭാഗത്തിന് നല്‍കുന്ന സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ജോസിന്റെ സഹായത്തോടെ തുടര്‍ഭരണം ഉറപ്പാക്കാനാവുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്.

എന്നാല്‍ ഇടതുപക്ഷത്ത് എത്തിയ കേരളാ കോണ്‍ഗ്രസിന് എത്രത്തോളം സ്വീകാര്യത വോട്ടര്‍മാരുടെ ഇടയില്‍ തന്നെ കിട്ടുമെന്നറിയാന്‍ വോട്ടെടുപ്പുവരെ കാക്കേണ്ടി വരും. കേരളാ കോണ്‍ഗ്രസ് മാണി നയിച്ചിരുന്ന കാലത്ത് കത്തോലിക്കാ സഭയ്ക്കും പാലാ രൂപതയ്ക്കും പാര്‍ട്ടിയില്‍ നിര്‍ണായകമായ സ്വാധീനമുണ്ടായിരുന്നു. മാണിയുടെ നിര്യാണത്തിനു ശേഷം മകന്റെ എല്‍ഡിഎഫ് ബന്ധം സഭയ്ക്കും തീവ്ര കത്തോലിക്കര്‍ക്കും എത്രത്തോളം ഉള്‍ക്കൊള്ളാനാവുമെന്നതും ചോദ്യമാണ്. പൊതുവില്‍ ലൗ ജിഹാദ്, മുസ്ലിം പ്രീണനം പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി സഭ ഇടഞ്ഞുനില്‍ക്കുകയാണ്. കത്തോലിക്കാ സഭാംഗങ്ങളായ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ പെടുത്തുന്നുണ്ടെന്നും ഇത്തരം വിഷയങ്ങളില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും കെസിബിസി മുന്‍വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
 പുറമേ നിന്നു സ്വാധീനമുണ്ടെന്ന് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുമ്പോഴും എല്‍ഡിഎഫ് ബാന്ധവം പരമ്പരാഗത കേരളാ കോണ്‍ഗ്രസുകാര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതാണ് വസ്തുത. പരമ്പരാഗത കത്തോലിക്കാരും കാര്‍ഷികവൃത്തി ഉപജീവനമാക്കിയവരുമായ ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകരും കോട്ടയത്തെ റബര്‍ കര്‍ഷകരുമാണ് എക്കാലത്തും കേരളാ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക്. ഇതേ വോട്ടുബാങ്കിന്റെ പിന്‍ബലത്തിലാണ് പാലാ സ്വദേശിയായ റോഷി അഗസ്റ്റിന്‍ കേരളാ കോണ്‍ഗ്രസ് ബാനറില്‍ ഇടുക്കിയില്‍ നിന്നു ജയിച്ചുകയറിയത്. അതേസമയം ഇടതുപക്ഷ ബാനറില്‍ മത്സരിച്ചാല്‍ ഇതേ ജനപിന്തുണ കിട്ടുമോയെന്ന ചോദ്യത്തിന് ഇല്ലായെന്നു തന്നെയായിരിക്കും ഉത്തരം.
അഞ്ചു വര്‍ഷം മുമ്പ് ബാര്‍ കോഴയുടെ പേരില്‍ കെഎം മാണിക്കെതിരേയും കുടുംബത്തിനെതിരേയും പടനയിച്ച സിപിഎം അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ എങ്ങനെ ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുമെന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. ബാര്‍ കോഴയും സോളാറും പ്രധാന വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടി അധികാരത്തിലെത്തിയ സിപിഎം തന്നെ അതിനെ എങ്ങനെ ന്യായീകരിക്കുമെന്നതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. രാഷ്ട്രീയം അവസരങ്ങളുടെ പരീക്ഷണശാലയായതിനാല്‍ ജോസ് കെ മാണിയും ഇടതുപക്ഷവും ഒരു കൈ നോക്കുന്നുവെന്നു മാത്രം. പരീക്ഷണം വിജയിച്ചാല്‍ ജോസ് കെ മാണിക്കും സിപിഎമ്മിനും ആഹ്ലാദിക്കാം. ഇല്ലെങ്കില്‍ പുതിയ ബാന്ധവത്തിന്റെ പേരില്‍ നെഞ്ചത്തടിച്ച് വിലപിക്കാം.  


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image