ഇടതുപക്ഷത്തിനും പ്രധാനം അധികാരം മാത്രമോ?

എന്‍.പി രാജേന്ദ്രന്‍

കേരള കോണ്‍ഗ്രസ് മാണി പക്ഷം വലിയ ക്ഷതമൊന്നും ഇല്ലാതെ യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേര്‍ന്നത് ചെറിയ അത്ഭുതമായിരുന്നു. മുന്നണി മാറിയതില്ല, ആ മാറ്റത്തിനിടയില്‍ ഒരു പിളര്‍പ്പു കൂടി ഉണ്ടായില്ല എന്നതാണ് അത്ഭുതം. പൊതുവെ കേരള കോണ്‍ഗ്രസ്സില്‍ അങ്ങനെയേ മുന്നണി മാറ്റങ്ങള്‍ സംഭവിക്കാറുള്ളൂ. മുന്നണി മാറിയതുകൊണ്ട് പിളരാം, പിളര്‍ന്നതുകൊണ്ട് മുന്നണി മാറാം. ഇത്തവണ മുന്നണി മാറി, പക്ഷേ, പാര്‍ട്ടി പിളര്‍ന്നില്ല.

ഇടതുപക്ഷ രാഷ്ട്രീയവുമായി ഇത്രയേറെ പൊരുത്തക്കേടുള്ള മറ്റ് അധികം പാര്‍ട്ടികള്‍ കേരളത്തിലില്ല. ഇടതുവിരുദ്ധ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്, തങ്ങളും ഇടതുപക്ഷത്താണ് എന്ന് നെഞ്ചുവിരിച്ചുപറയാന്‍ ആഗ്രഹമുള്ള പാര്‍ട്ടിയാണ്. ഇപ്പോള്‍ വൃദ്ധകേസരികളായെങ്കിലും ഇന്നത്തെ നേതാക്കള്‍ നാല്പത്-അമ്പത് കൊല്ലം മുമ്പ് വിപ്ലവകാരികളും സോഷ്യലിസ്റ്റുകളുമെല്ലാമായിരുന്നു. സോഷ്യലിസത്തിന്‍ തേരു തെളിക്കുകയാണ് ഇന്ദിരാഗാന്ധി എന്നവകാശപ്പെട്ടിരുന്നവരാണ്. അതെല്ലാം പ്രവര്‍ത്തകര്‍ക്കു വ്യാമോഹങ്ങളും നേതാക്കള്‍ക്ക് വെറും മുദ്രാവാദ്യങ്ങളും മാത്രമായിരുന്നു. കേരള കോണ്‍ഗ്രസ്സിനു പക്ഷേ ഈ വക അബദ്ധധാരണകളൊന്നും ഇല്ല. അവര്‍ നില്‍ക്കുന്നേടത്തു നില്‍ക്കും. കൃഷിയും കച്ചവടവും മറ്റും മറ്റുമൊക്കെയാണ് അവരുടെ രാഷ്ട്രീയം. ഇടതുപക്ഷാശയങ്ങളുമായി പുലബന്ധമില്ലെങ്കിലും ഇടതുപക്ഷ മുന്നണിയിലേക്കു അവര്‍ മാറിയെന്നിരിക്കും. പക്ഷേ, ലോകാവസാനം വരെ നില്‍ക്കുക വലതുപക്ഷത്തു തന്നെയാവും. അവരുടെ നയങ്ങളോ ലക്ഷ്യങ്ങളോ ഒട്ടും മാറില്ല. അവര്‍ ഇപ്പോള്‍ ഇടതുമുന്നണിയിലേക്ക മാറാന്‍ തയ്യാറായതു ഇടതു പക്ഷാശയങ്ങളോട് പെട്ടന്ന് ആഭിമുഖ്യമുണ്ടായതുകൊണ്ടാണ് എന്നാരും ധരിക്കാനേ പോകുന്നില്ല. യഥാര്‍ത്ഥത്തില്‍ കേരള കോണ്‍ഗ്രസ്സിന് ഇടതാശയം ഉണ്ടാവുകയല്ല, ഇടതുപക്ഷത്തിന് ഇടതാശയം തീര്‍ത്തും ഇല്ലാതായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
പാര്‍ട്ടിയെ ഇടതുമുന്നണിയിലെടുക്കാന്‍ തീരുമാനിച്ച കാര്യം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മാധ്യമസമ്മേളനത്തില്‍ പാര്‍ട്ടി സിക്രട്ടറിക്ക്ു നയമോ തത്ത്വശാസ്ത്രമോ ഒന്നും പറയാനുണ്ടായിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിലെ ജയം ഇതാ എത്തിപ്പിടിക്കാവുന്ന അകലത്തിലെത്തി എന്ന ആഹ്ലാദത്തിന്റെ തേന്‍ അദ്ദേഹത്തിന്റെ നാവില്‍നിന്നു പൊഴിയുന്നുണ്ടായിരുന്നു.
കൂടെക്കൂട്ടുക മാത്രമല്ല, ഘടകകക്ഷി പദവിയും നല്‍കി. നീണ്ട ചര്‍ച്ചയൊന്നും അതിന് ആവശ്യമായി വന്നില്ല. ഞങ്ങള്‍ അത്ര കഥയില്ലാത്തവരൊന്നുമല്ല എന്ന് കുറച്ചെല്ലാം നടിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. എന്തിനും അല്പമൊന്നു ബലം പിടിക്കും. മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോള്‍ എന്തു ബലം പിടിക്കാനാണ്!  ആദ്യയോഗത്തില്‍തന്നെ മുന്നണിയുടെ വാതിലവര്‍ ശരിക്കും തുറന്നിട്ടു. ഇടതു മുന്നണി അംഗത്വം കിട്ടാതെ കുറെ പാര്‍ട്ടികള്‍ ഇടതുമുന്നണിയുടെ  കോലായയില്‍ കുത്തിയിരിപ്പുണ്ടെന്ന് എല്ലാ തിരഞ്ഞെടുപ്പു സമയത്തും സി.പി.എം ഓര്‍ക്കാറുണ്ട്. തോല്‍ക്കുന്ന ഒന്നോ രണ്ടോ സീറ്റ് വെച്ചുനീട്ടുമെന്നല്ലാതെ വേറെയൊന്നും അവര്‍ അകത്തു കയറ്റി ഇരുത്താറില്ല. ചില ബോര്‍ഡുകളും കോര്‍പ്പറേഷനുകളും കിട്ടാറില്ലെന്നല്ല. ആശയപരമായ എന്തെങ്കിലും ഭിന്നതകൊണ്ടാവും എന്നു ധരിക്കരുത്. കാര്യമായി വോട്ടൊന്നും ഇല്ലാത്തവരെ അകത്തുകയറ്റിയിരുത്തിയിട്ട് വെറുതെ ശല്യമല്ലേ ഉണ്ടാവൂ?

കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്നാല്‍ അടുത്തതില്‍ യു.ഡി.എഫ് എന്നൊരു 'ന്യായമായ'  റൊട്ടേഷന്‍ വോട്ടര്‍മാര്‍ അംഗീകരിച്ചിട്ടുണ്ട്. 1977-ല്‍ ഒരിക്കല്‍ മാത്രമാണ് അതു തെറ്റിച്ചത്. വലിയ രാഷ്ട്രീയതത്ത്വമൊന്നും ഇതിലില്ല. നേതാക്കള്‍ക്കു ലേശം പേടി ജനത്തിനെക്കുറിച്ച് ഉണ്ടാവട്ടെ എന്നോര്‍ത്തുമാത്രമാവും അവരങ്ങനെ ചെയ്യുന്നത്. എത്ര മോശമായി കാര്യം ചെയ്താലും അടുത്ത വട്ടം ജയിക്കാമല്ലോ എന്നു പാര്‍ട്ടികള്‍ക്ക് ആശ്വസിക്കുകയും ചെയ്യാം. കേരള കോണ്‍ഗ്രസ്സിന്റെ മറുകണ്ടം ചാടലോടെ ഇത്തവണ സ്ഥിതി മാറിയിട്ടുണ്ട്. നാലു പതിറ്റാണ്ടിനു ശേഷം ഇതാ ഒരു കൂട്ടര്‍ക്ക് ഭരണത്തുടര്‍ച്ച സാധ്യമാകും എന്ന പ്രതീക്ഷയുണര്‍ന്നിട്ടുണ്ട്.

അനുദിനമുള്ള രോഗബാധയുടെ സംസ്ഥാനതല കണക്കെടുപ്പില്‍ എണ്ണം ഇരുനൂറു-ഇരുനൂറ്റമ്പതില്‍ താഴെ നില്‍ക്കുന്നത് വരെ ശുഭപ്രതീക്ഷയായിരുന്നു ഇടതുമുന്നണിക്ക്. വലിയ ചീത്തപ്പേരൊന്നും ഉണ്ടായിരുന്നില്ല. കൊറോണയെ പിടിച്ചുകെട്ടി എന്ന ഖ്യാതിയും ഉണ്ടായിരുന്നു. പിന്നെയാണ് കണക്കുകള്‍ തുരുതുരാ പിഴച്ചുതുടങ്ങിയത്. രോഗനിയന്ത്രണം പിടിവിട്ടു. പിന്നെയതാ ദുസ്വപ്നം പോലെ സ്പ്രിങ്ളറും സ്വപ്നയും സ്വര്‍ണവും മുഖ്യമന്ത്രിയുടെ ഓഫീസ് ജഗജില്ലികളും ബിനിഷ് കോടിയേരിയും എന്‍.ഐ.എയും സി.ബി.ഐ.യുമെല്ലാംകടന്നു വരുന്നു. അവസരം പാര്‍ത്തിരിക്കുകയായിരുന്ന കേന്ദ്രത്തിനു കൈയ്യിടാനായി. ഭരണത്തുടര്‍ച്ച മോഹമെല്ലാം തവിടുപൊടിയായി കിടക്കുമ്പോഴാണ് കേരള കോണ്‍ഗ്രസ് മുന്നണിമാറ്റം വാര്‍ത്തകളിലേക്കു കടക്കുന്നത്. മാണി പുത്രന്‍ വരുന്നതോടെഎല്ലാ നാണക്കേടുകളും തീരുമെന്നും വോട്ട് കുമിഞ്ഞു കൂടുമെന്നും മധ്യകേരളത്തിലെ രാഷ്ട്രീയം മാറുമെന്നും ഭരണത്തുടര്‍ച്ച അനായാസമാകും എന്നെല്ലാമുള്ള പ്രതീക്ഷയാണ് കുതിച്ചുയര്‍ന്നത്.

മോഹങ്ങള്‍ക്കും വ്യാമോഹങ്ങള്‍ക്കും ചിറകുമുളച്ചാല്‍ ചിലപ്പോള്‍ ചിന്താശേഷി തന്നെ കൈവിടുമെന്നതിന് വേറെ തെളിവ് അധികം വേണ്ട. കേരളത്തില്‍ കൊച്ചുപാര്‍ട്ടികളുടെ മുന്നണി മാറ്റം കൊണ്ടൊന്നും നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് വളരെയൊന്നും സ്വാധീനിക്കപ്പെടുന്നില്ല. കണക്കുകള്‍ വളരെ വി്ചിത്രമാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം തുടങ്ങിയതിനു ശേഷം നാലു കക്ഷികള്‍ ഇടതുമുന്നണിയിലെത്തിയെന്നും അത് മുന്നണിയുടെ ശക്തി നിര്‍ണായകമായി വര്‍ദ്ധിപ്പിക്കുമെന്നും രണ്ടു വര്‍ഷം മുന്‍പ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് ഓര്‍ക്കുന്നു. വീരേന്ദ്രകുമാറിന്റെ ജനതാദള്‍, ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍, പിന്നെ ആന്റണി രാജുവിന്റെ കേരള കോണ്‍ഗ്രസ്.... ആ കക്ഷികള്‍ വരുന്നതുകൊണ്ട് ഒരു സീറ്റെങ്കിലും ഇടതുമുന്നണിക്ക് അധികം കിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അറിയാത്തവരാണോ ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്നത്? പാര്‍ട്ടികള്‍ക്ക് അപ്പുറമുള്ള വോട്ട് തരംഗങ്ങളാണ് മുന്നണികളെ ജയിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്യുന്നത്. ജനതാദള്‍ യു.ഡി.എഫിലായിരുന്നപ്പോള്‍ യു.ഡി.എഫും ഇടതുമുന്നണിയിലായിരുന്നപ്പോള്‍ ഇടതുമുന്നണിയും തോറ്റിട്ടുണ്ട്. തരംഗങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള ഒരു പാര്‍ട്ടിയും ഇന്നു കേരളത്തിലില്ല. ഈര്‍ക്കിള്‍ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കാവട്ടെ ഒരു പഞ്ചായത്ത് സീറ്റിലോ മറ്റോ ആണ് നിര്‍ണ്ണായക ശക്തിയാകാന്‍ കഴിയുന്നുള്ളൂ എന്നതാണ് സത്യം.

മാണിപുത്രന്‍ എല്‍.ഡി.എഫിലേക്കു കയറുന്നതുകൊണ്ട് ഒരു ബ്ലോക്ക് കര്‍ഷകവോട്ട് അങ്ങോട്ടുതിരിയുമെന്നതും ഒരു വ്യാമോഹം മാത്രമായി അവശേഷിക്കുകയേ ഉള്ളൂ.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്പിച്ച് പ്രതിപക്ഷത്താക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് കേരള കോണ്‍ഗ്രസ്സിന്റെ മാണിസാറും മദ്യഅപവാദങ്ങളുമാണ്. സോളാര്‍ അപഖ്യാതി പങ്കു വഹിച്ചു. പക്ഷേ, മാണിക്കെതിരായ മദ്യ അഴിമതി ആരോപണങ്ങള്‍ക്ക ജനം എത്ര വില കല്പിച്ചു എന്നത് വ്യക്തമായി കാട്ടിത്തന്നു അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വന്തംസീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പ്. പതിറ്റാണ്ടുകളായി പാലയുടെ സര്‍വസ്വമായിരുന്ന പാലയില്‍ മരണശേഷം നേരിയ സഹതാപം പോലും അവശേഷിക്കുന്നില്ലെന്നു വിളിച്ചുപറഞ്ഞുകൊണ്ട് കേരള കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ കെട്ടുകെട്ടിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാല സീറ്റില്‍ നേടിയ ഭൂരിപക്ഷം 33472 വോട്ടായിരുന്നു എന്നു ജോസ് കെ മാണിയെ കാറയച്ച് എ.കെ.ജി സെന്ററിലേക്കു കൊണ്ടുവന്ന നേതാക്കള്‍ ഓര്‍ക്കുന്നുണ്ടാവുമോ എന്തോ. ആ ഭൂരിപക്ഷമാണ് മാണിയുടെ ഓര്‍മകള്‍ കനംകെട്ടി നിന്ന പാല ഉപതിരഞ്ഞെടുപ്പില്‍ മഞ്ഞുപോലെ അലിഞ്ഞില്ലാതായത്.
 
ജയിക്കാന്‍ എന്തും ചെയ്യുന്ന പാര്‍ട്ടികളുടെ കൂട്ടത്തില്‍  ഇടതുപാര്‍ട്ടികളെ പെടുത്താന്‍ ഇപ്പോഴും പ്രയാസമുണ്ട്. പക്ഷേ, അഞ്ചു വര്‍ഷം മുമ്പത്തെ കേരള രാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ ഓര്‍ക്കുന്ന മലയാളികള്‍ക്ക് കെ.എം. മാണിയുടെയും ആര്‍.ബാലകൃഷ്ണപിള്ളയുടെയും അനുയായികള്‍ക്ക് ഒപ്പം ഇടതുപക്ഷം ചെങ്കൊടിയേന്തി വോട്ടുതേടി പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍തന്നെ കുറച്ചു പ്രയാസമുണ്ട്. ആരും ജയിക്കും എന്നതു മാത്രമാണ് പ്രധാനം, എങ്ങനെ ജയിക്കും എന്നതല്ല എന്നു കരുതുന്നവര്‍ക്ക് ആ വഴിക്കു പോകാം. അധികാരത്തിനു വേണ്ടിയുള്ള നാണം കെട്ട പരക്കംപാച്ചിലാവരുതല്ലോ ഇടതുരാഷ്ട്രീയം.  


Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image