ഉഭയജീവികള്‍ക്ക് ചിറകു മുളയ്ക്കും വിധം 
.............................. - സ്റ്റാലിന 

ചതുപ്പിലിഴഞ്ഞ് 
ചെതുമ്പലുകള്‍ പൊഴിച്ച് 

നോട്ടങ്ങള്‍ക്കുമീതെ വെയിലും
കണ്‍മുത്തില്‍ തണുത്ത പച്ചപ്പും
കാല്‍വിരലുകളില്‍ ചേരും 
തോല്‍പ്പാടയും

വരളും കരയില്‍ ചുട്ടുപൊള്ളും ശ്വാസങ്ങളും 
ഇടയും ജലത്തില്‍ തോറ്റുപോകും കിതപ്പും 
ഇരുജന്മങ്ങള്‍ക്കിടയിലുയിര്‍ 
പിടയുമുഭയജീവിതം തുഴയുമ്പോള്‍ 

നിലവിളികളെ പെറ്റുതീരാത്ത ഭൂഗര്‍ഭത്തില്‍ 
നിഗൂഢമാമൊഴുക്കുകളില്‍ 
ഇരുള്‍ പാര്‍ക്കുമൊരൊളിയിടമവിടെ 
ഇരുവഴികളില്‍ പിരിഞ്ഞും 
പിന്നെയുമിഴ ചേര്‍ന്നൊഴുകും 
പഴയ മണ്ണടരുകളേറെ 
ചേര്‍ന്നടിഞ്ഞൊരാ നദീതടത്തില്‍ 
തണുത്തു നില്‍ക്കുമ്പൊഴും 
വിലാപങ്ങള്‍  ചുമന്നലയും 
മണല്‍ക്കാടുകളിലെ കാറ്റ് 
നെഞ്ചിലാഴത്തില്‍ കുതറുന്നു


മരുഭൂവില്‍ 
നിലാവിലുറയുമുയിര്‍ക്കണങ്ങള്‍ 
മനസ്സില്‍.


അവിടെയെന്‍ വാക്കിന്‍ 
വായ്ത്തലപ്പൊന്നുരസ്സി നോക്കി 
ഞാനൊരു പുരാതനമാം 
ശിലാശിരസ്സില്‍ 

കന്മദം കിനിയും പോലെയാദ്യം 
പിന്നെയേറെ നാളൊതുങ്ങി 
പൊടുന്നനേ പിളര്‍ന്നെത്തും 
ലാവാപ്രവാഹം പോലെയും
കുതിച്ചെത്തുന്നു ചോര 
കലര്‍ന്നൊഴുകി ജലത്തിലേതോ 
ദൂരങ്ങള്‍ 
തേടിയകലുന്നതു 
നോക്കിനില്‍ക്കുമ്പോള്‍ 
ശ്വാസമിടിപ്പുകളിലറിയുന്നു ഞാനതിന്‍ 
വേഗത 
ഉള്ളിലാഴത്തിലതിന്‍ - 
അലര്‍ച്ചകള്‍ 


പിളര്‍ന്നൊരാ മുറിവിന്‍ 
നേര്‍ത്ത പാളികള്‍ 
അടര്‍ത്തെടുത്തെന്നോടു ചേര്‍ക്കുന്നു 
ഞാന്‍, ചിറകുകളാകുന്നവയെനിക്ക് 

പിന്‍തുടരുന്നു ഞാനാ 
ലാവാപ്രവാഹത്തെ 
ചിറകുകള്‍ വിരിച്ചതിന്‍ മീതേ 
പറക്കുന്നു ....

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image