പാഠങ്ങൾ പഠിക്കുന്നതെങ്ങിനെ?


അജയ് നാരായണൻ


വീട്ടില്‍നിന്നും
എന്റെ പള്ളിക്കൂടത്തിലേക്കുള്ള ദൂരം
ഒരു പാഠമായിരുന്നു.

രാവിലേ
തിരക്കിട്ടിറങ്ങുമ്പോള്‍
വഴിയില്‍കാത്തുനില്‍പ്പുണ്ടാകും
അളന്നുമുറിച്ചുനാട്ടിയകുറ്റിപോലെ
ജോര്‍ജുക്കുട്ടി,
എന്റെ ചങ്ങാതി.

അവനെ കണ്ടാണ് ഞാന്‍
മാപിനിഎന്തെന്നറിഞ്ഞത്.

കുറ്റിയും പറിച്ച്
അവനൊപ്പം
ചേരയെപ്പോലെമഞ്ഞച്ച
ഇടവഴിതാണ്ടി
കുതിര്‍ന്നു വിടര്‍ന്നതോട്
അളന്നു ചാടി
വാസൂന്റെ പറമ്പില്
കുടിയിരിക്കണ
വാഴക്കിളികളെ നോക്കികണ്ണിറുക്കി,
ആരെയോ പ്രാകുന്ന
കോങ്കണ്ണിത്തള്ളഅറിയാതെ
വേലിയിറമ്പിലെ കൊടുവേലി
വകഞ്ഞുമാറ്റി
ഈണത്തില്‍
കബീറിനെ
ഞങ്ങടെ മൂന്നാമനെ
കൂവിവിളിക്കും
രണ്ടുവട്ടം.
മറുകൂവായ്
അവനുംസൂര്യനും
തെങ്ങിന്‍പൂക്കുലപോലെ
തെളിയും.

പുല്‍ച്ചാടികളായ്
തുള്ളിത്തുള്ളി
ഒരുപോക്കാണ്പിന്നെ
ത്രിമൂര്‍ത്തികള്‍,
*തൃകോണത്തിലെ
മൂന്ന് നക്ഷത്രബിന്ദുക്കള്‍!

തലേന്ന് ഉറക്കത്തില്‍ കണ്ട
തീപൂതത്തെ തൊട്ടു
ദാമോദരന്‍മാഷ്ടെ
ഹീറോസൈക്കിളുവരെ
ചെന്നു നിക്കും
എണ്ണിയാല്‍ തീരാത്ത
കിഞ്ചനവര്‍ത്തമാനം.

പോണ വഴിയൊരു
കേറ്റമുണ്ട്
വല്ലാത്ത കേറ്റം...
സ്വര്‍ഗംപോലുംകാണാം
ഓടിക്കേറണം!

സ്വര്‍ഗത്തിലാദ്യമെത്തിയോന്റെ
പുസ്തകങ്ങള്‍
അവസാനമെത്തിയോന്റെ
തലയില്‍ വച്ചുകൊടുക്കും
രണ്ടാമന്‍.

സന്തുലിതാവസ്ഥയെ
അങ്ങനെയറിഞ്ഞു!

ഗമയില്‍ കയ്യുംവീശി
ഒരു സുജായിയെപ്പോലെ
കബീര്‍നടക്കുമ്പോള്‍
തലയിലെ ഭാരത്തെക്കാള്‍
കുശുമ്പിനായിരുന്നു
ഭാരംകൂടുതല്‍!
അന്നേപഠിച്ചുഭാരംഅളക്കാന്‍!

പള്ളിക്കൂടത്തിലേക്കുള്ള ദൂരം
കുറയുമ്പോള്‍ കാണാം
ഒന്നാംമണി
അക്ഷമയോടെ വരാന്തയില്‍
ഉലാത്തുന്നതും
എണ്ണത്തിലൊതുങ്ങാത്ത
കുഞ്ഞുറുമ്പുകള്‍ വരിയായിഴയുന്നതും...

കൂട്ടയോട്ടമാണ്പിന്നെ
ആദ്യമെത്താനല്ല...
ഒന്നാംസാറിന്റെമുണ്ടിന്റെകോന്തല
തീണ്ടാതൊഴിഞ്ഞു മാറാന്‍!
എന്നിട്ടുംഅവസാനംവരുന്നവനെ
ചൂണ്ടിചൂരല്‍അലറും
'കീചകന്‍!'

അലറുന്നചൂരലിനെനോക്കി
തോരാമഴപെയ്യും
താഴേക്ക്
ആഴങ്ങളിലേക്ക്ഒഴുകും...

ഭൂമിയുടെ ഗുരുത്വാകര്ഷ ണവും
വേര്‍പ്പിന്റെകയ്പ്പും
ഒന്നായ് പഠിച്ചത് അങ്ങനെയാണ്!

പള്ളിക്കൂടംവിട്ടുള്ള
കടലിരമ്പലില്‍
അന്നത്തെ പാഠങ്ങളുടെ കണക്കെടുപ്പ് ഉറയും.

ജോര്ജുകുട്ടിയും കബീറും
വേറെചില തെമ്മാടികളും
ഓരായിരംകഥകളുടെ
ചുരുളഴിക്കും.

വീട്ടിലേക്കുള്ള ദൂരം
അളന്നു തീര്‍ത്തത്
അങ്ങനെയാണ്!

അവരു പറയണ പയ്യാരം
കേള്‍ക്കാനും രസമാണ്
ഓരോ കുളൂസ് പറഞ്ഞു
അവരെന്നെ വല്ലാതെ
കൊതിപ്പിക്കും,  ത്രസിപ്പിക്കും.

സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്നും
നോവായ്
പുഴയായ്
പ്രണയമായ് അത്
മുറതെറ്റിചുവക്കുമെന്നുംഅങ്ങനെയറിഞ്ഞു.

അതോടെ പഠിപ്പ് വയസ്സറിയിച്ചു
എണ്ണിത്തീര്‍ക്കാന്‍ഇനിപൂജ്യംമാത്രം!

ജോര്ജുകുട്ടിയും കബീറും
ഇപ്പോള്‍വെള്ളികെട്ടിയചൂരലിനു
കാവലാണ്.

ഊഴവുംകാത്ത്
വരിതെറ്റാതെനില്‍ക്കുന്നുകീചകന്മാര്‍!
ചുറ്റിലുംപാഠങ്ങള്‍
പകച്ചുനില്‍ക്കുന്നു...

(*തൃകോണം എന്ന പദം അതേ വിധത്തില്‍ മനപ്പൂര്‍വം ഉപയോഗിച്ചതാണ്. തൃ എന്ന പദത്തിന് ശ്രേഷ്ടം എന്ന് അര്‍ത്ഥം.
പിന്‍കുറിപ്പ്: സ്വപ്നം കാണാനാണ് ആദ്യം പഠിച്ചത്.
പിന്നെയൊരിക്കലുംപഠനം അവസാനിച്ചിട്ടില്ല.
സമ്പ്രദായത്തില്‍ തളച്ചിട്ട വിദ്യാഭ്യാസം
എന്നു സ്വതന്ത്രമാകും എന്ന ചിന്ത
എന്നെ അസ്വസ്ഥനാക്കുന്നു.
എല്ലാ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി എന്റെ പഠനചിന്ത സമര്‍പ്പിക്കുന്നു.)
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image