കിതയ്ക്കുന്ന
കേരളപ്പിറവിയുടെ
ദീപശിഖ 
പ്രേംചന്ദ്
 

ടി ദാമോദരന്‍ കേരളപ്പിറവിദിനത്തില്‍ ഓടുന്നു (നവയുഗം കവര്‍ )

1956 നവംബര്‍ ഒന്ന് : ചരിത്രത്തിലൂടെ കേരളം സ്വന്തം ഓടിത്തുടങ്ങിയിട്ട്    64 വര്‍ഷം തികയുന്നു . മഹാമാരിയില്‍ കേരളം കിതയ്ക്കുകയാണിപ്പോള്‍ : ഈനാടിന്റെ വര്‍ത്തമാനകാലം ആ കഥ പറയുന്നു. വലിയ സ്വപ്‌നങ്ങളുമായി 1956 നവംബര്‍ ഒന്നിന്  പകല്‍ വെളിച്ചത്തില്‍ ദീപശിഖയുമായി ഓടിയവര്‍ സ്വപ്‌നം കണ്ട കേരളത്തില്‍ നിന്നും എത്രയോ ദൂരെയാണ് എത്തിച്ചേര്‍ന്ന കേരളം .

1956 നവംബര്‍ ഒന്നിന് സ്വതന്ത്ര കേരളത്തിന്റെ ദീപശിഖ കോഴിക്കോട്ടെ അതിര്‍ത്തിയില്‍ ഏറ്റുവാങ്ങി  മുന്‍നിരയില്‍ ഓടാന്‍ നിയുക്തരായവരില്‍ ഒരാള്‍  പില്‍ക്കാലത്ത് ഈ പ്രയാണത്തിന്റെ വൈരുദ്ധ്യങ്ങള്‍ തുറന്നുകാട്ടാന്‍ തന്റെ സിനിമകള്‍ ആയുധമാക്കുന്നത് ഞാന്‍ അടുത്ത് നിന്നും 'നോക്കിക്കണ്ടിട്ടുണ്ട് '  .  അധ്യാപകനും നടനും നാടകകൃത്തും തിരക്കഥാകൃത്തും ഒക്കെയായ  ടി.ദാമോദരന്‍ മാഷായിരുന്നു അത്  .
1991 ല്‍ മാഷിന്റെ മുത്ത മകള്‍ ദീദിയുടെ ജീവിത പങ്കാളിയായതോടെയാണ് ആ രചനാ ജീവിതത്തിലെ സൂക്ഷ്മ ചലനങ്ങള്‍ ശ്രദ്ധിക്കാനായത്.
 ( ഇതോടൊപ്പമുള്ള നവയുഗത്തിന്റെ  കവര്‍ ചിത്രത്തില്‍ വലത്തേ അറ്റത്ത് ഓടുന്നു ) .

ടി ദാമോദരന്‍ 

 

 

 
അങ്ങാടിയും അഹിംസയും ഈനാടും ഉണരൂവും അടിമകള്‍ ഉടമകളും  വാര്‍ത്തയും ഒക്കെ  ദാമോദരന്‍  മാഷിന്റെ കേരള രാഷ്ട്രീയം സംസാരിച്ച സിനിമകളാണ് . അധോലോകത്തിന്റെ വളര്‍ച്ച അതില്‍ കാണാം.  എണ്‍പതുകളില്‍ ആ സിനിമകള്‍  ലക്ഷ്യമിട്ട  രാഷ്ട്രീയ വിമര്‍ശനത്തില്‍ ഒരു തലമുറയുടെ സ്വപ്‌നങ്ങളുടെ വിശ്വാസനഷ്ടമാണ്  നിഴലിച്ചു നില്‍ക്കുന്നത്   . അവരുടെ കാലം ആഗ്രഹിച്ച മാറ്റം നടക്കാതെ പോയപ്പോള്‍ സംഭവിച്ച രോഷങ്ങളും നൈരാശ്യവും  ആ സിനിമകള്‍ ഉള്‍ക്കൊണ്ടു.

രാഷ്ട്രീയ  സംവാദങ്ങള്‍ ലക്ഷ്യമിട്ടുള്ള  പ്രകോപനങ്ങള്‍ തിരക്കഥയില്‍  വിളക്കിച്ചേര്‍ക്കുക എന്നത് മാഷിന്റെ രീതിയാണ്  . അങ്ങാടിയില്‍ എന്തെല്ലാം ഉണ്ടോ അതെല്ലാം സ്വന്തം സിനിമകളിലൂടെ ഉന്നയിക്കുന്ന  ഒരു  ബഹുസ്വരരീതിയാണ്  ശരിയും തെറ്റും മാഷ് കൂട്ടിക്കുഴച്ചു .  കഥാപാത്രങ്ങള്‍ കറുപ്പും വെളുപ്പും ആയി വെള്ളം കൂട്ടാത്ത അറകളില്‍ ഇവിടെ  വേര്‍തിരിച്ചു നില്‍ക്കുന്നില്ല .നായകനും പ്രതിനായകനും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇവിടെ നേര്‍ത്തതാണ്.  രണ്ടും ഇടകലര്‍ന്നു നില്‍ക്കുന്നു .

2012 ലാണ്  മാഷ് വിട പറയുന്നത് . അത്  വരെയുള്ള കാലം  എന്നെ സംബന്ധിച്ചത്തോളം ചരിത്രത്തിലൂടെയുള്ള അതിഭീര്‍ഘമായ സംവാദങ്ങളടെ ഒരു യാത്രയായിരുന്നു .
ദാമോദരന്‍ മാഷെ സംബന്ധിച്ചിടത്തോളം  സിനിമകള്‍ക്ക്  സ്വന്തം ജീവിതത്തില്‍ രണ്ടാം സ്ഥാനം മാത്രമായിരുന്നു. ചരിത്രമായിരുന്നു എന്നും മാഷ് ഇഷ്ടത്തോടെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ധാര . സ്വന്തം സിനിമകളിലൂടെ നടത്തിയ ചരിത്രപരമായ ഇടപെടലുകളാണ് അവയ്ക്ക്  രാഷ്ട്രീയ മാനങ്ങള്‍ ലഭിക്കാനിടയാക്കിയതും. ഇടത്പക്ഷ വിമര്‍ശനം തന്നെയായിരുന്നു അതിന്റെ അന്തര്‍ധാര. വ്യക്തി ജീവിതത്തില്‍ ഒരായുഷ്‌ക്കാലം പിന്തുടര്‍ന്ന പ്രമേയങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്. ചിലത് ഫലവത്തായി. പലതും സ്വന്തം സിനിമകളാണ്  എന്ന് പരിഗണിക്കാന്‍ പോലും ഇഷ്ടമില്ലാത്ത സൃഷ്ടികളായിരുന്നു. അവസാന കാല രചനകളിലൊന്നായ ബല്‍റാം വെഴ്‌സസ് താരാദാസ് ഇത്തരമൊരു സിനിമയായിരുന്നു. മാഷ് സങ്കല്പിച്ചതില്‍ നിന്നും തീര്‍ത്തും വേറിട്ട രൂപത്തിലാണ് അത് ഒടുവില്‍ പുറത്തുവന്നത് .

ഒരായുഷ്‌ക്കാലം സമ്പാദിച്ചു കൂട്ടിയ മാഷിന്റെ ചരിത്ര പുസ്തക ശേഖരങ്ങക്കൊപ്പം അവിടെ  വന്നെത്തുന്ന സി.പി.എം , സി.പി.ഐ. , സി.പി.ഐ. എം.എല്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല നാട്ടിലെ സാധാരണ സഖാക്കളുമായും നടത്തുന്ന  നീണ്ട സംവാദങ്ങള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍  ആവര്‍ത്തിക്കാനാത്ത ഒരു ബൃഹത്പാഠശാല തന്നെയായിരുന്നു.  അതില്‍ എന്നും ഓര്‍ക്കുന്ന നീണ്ട സംവാദങ്ങള്‍ വയോധികനായ എം.എം. ലോറന്‍സ്, പന്ന്യന്‍ രവീന്ദ്രന്‍, ടി.എന്‍.ജോയ് , കെ. വേണു എന്നിവരുമായി നടന്ന സംവാദങ്ങളാണ് .
 
ഈനാട് എന്ന ചിത്രത്തില്‍ നിന്ന് ഒരു രംഗം 
 
ഓര്‍മ്മകളുടെ ഒരു ഖനി തന്നെയായിരുന്നു ദാമോദരന്‍ മാഷ്. ഒരായുഷ്‌ക്കാലം വായിച്ചു കൂട്ടിയ സോവിയറ്റ് ചൈനീസ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് ഇതര  നേതാക്കളുടെ ആത്മകഥകളും ജീവചരിത്രങ്ങളും ചരിത്ര പുസ്തകങ്ങളും വച്ച് ചരിത്രത്തെ നിരന്തരം വിചാരണ ചെയ്ത് പൊളിച്ചു പറയുക എന്നതായിരുന്നു മാഷിന്റെ രീതി . സിനിമയുടെ അങ്ങാടിക്ക് വേണ്ടി ചെയ്ത അഭ്യാസങ്ങളാണ് ഈ വിഗ്രഹഭഞ്ജനം . അതു കൊണ്ട് തന്നെ അങ്ങാടിയുടെ സര്‍വ്വ പ്രത്യയശാസ്ത്രങളും ആഗ്രഹങളും ഇച്ഛകളും  നിറഞ്ഞതായിരുന്നു  ആ രചനകള്‍. അവയോടുള്ള കടുത്ത ഭാഷയിലുള്ള ഒരു  വിമര്‍ശനത്തെയും ഒരിക്കലും ന്യായീകരിക്കാന്‍ പുറപ്പെട്ടിട്ടുമില്ല. അതു കൊണ്ട് തന്നെ മലയാള സിനിമയില്‍ ഇടത് പക്ഷ വിമര്‍ശനത്തിന് തുടക്കമിട്ട രാഷ്ട്രീയ സിനിമകളിലും വലത്പക്ഷ പിന്തിരിപ്പന്‍ ഭാവുകത്വത്തിന് അടിത്തറയിട്ട സിനിമകളെയും നിശിതമായ ഭാഷയില്‍ മാഷുമായി നിരന്തരം മുഖാമുഖം സംവദിച്ചിട്ടുമുണ്ട്.

എന്തിലും നിര്‍മ്മാതാക്കള്‍ക്കും ( പണത്തിന് ) , സംവിധായകര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ക്കൊപ്പം  തനിക്ക് പറയാനുള്ള കാര്യങ്ങളും  താന്‍ പറഞ്ഞിട്ടുണ്ട് എന്ന നിലപാടായിരുന്നു മാഷിന്റത്. എന്നാല്‍ ചരിത്രം പറയുമ്പോള്‍ വിട്ടുവീഴ്ചകളുണ്ടായിരുന്നില്ല. ആരോടും. അത് ലെനിന്‍, സ്റ്റാലിന്‍ , ട്രോട്‌സ്‌കി , ചെ ഗുവേര, മാവോ, നെഹറു തുടങ്ങി ഗാന്ധി , നെഹറു , ജിന്ന , ഇന്ദിരാഗാന്ധി വരെ മാത്രമല്ല ജീവിച്ചിരിക്കുന്ന സമകാലികരായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ വരെ  നീണ്ടു . ആ പൊളിച്ചെഴുത്തുകള്‍ ആഹ്ലാദകരമായിരുന്നു .

ഉടഞ്ഞ വിഗ്രഹങ്ങള്‍ എങ്ങിനെയാണ് ദൈവങ്ങളായി അഭിനയിക്കുന്നത് എന്ന് അതു പോലെ മനസ്സിലാക്കിയ ഒരു കാലം ഉണ്ടായിട്ടില്ല. സ്റ്റാലിന്‍ ലെനിന് എഴുതുന്ന ഒരു കത്തായിരുന്നു മാഷ് ഒടുവില്‍ എഴുതാന്‍ ആഗ്രഹിച്ച രാഷ്ട്രീയ കഥ. പല തവണ അത് പറഞ്ഞു കേട്ടിട്ടുണ്ട്.  സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് മുപ്പത് വര്‍ഷം തികയാനിരിക്കെ ഇത്രയും കാലത്തെ  സോവിയറ്റ് അനുഭവത്തെക്കുറിച്ച് പില്‍ക്കാലത്തുണ്ടായ ഓരോ സിനിമയും പുസ്തകങളും തരുന്ന  അറിവുകളിലൂടെ കടന്നു പോകുമ്പോഴും മാഷ് എഴുതാനാഗ്രഹിച്ച കഥ വീണ്ടും വീണ്ടും ഓര്‍ക്കും.
 
ടി ദാമോദരന്‍ 
 
രക്തപങ്കിലമായ ചരിത്രത്തിന്റെ കറ നാം ആരാധിക്കുന്ന ദൈവങ്ങളുടെയും വിഗ്രഹങളുടെയും മേല്‍ എങ്ങിനെ പറ്റിപ്പിടിച്ചിരിക്കുന്നു എന്നറിഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്ന ലോകം എങ്ങിനെ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നവരാകുന്നു എന്നതിന്റെ നേര്‍കാഴ്ചയാകും  അത്.കൊച്ചു കൊച്ച് അശ്ലീലങളോട് യുദ്ധം ചെയ്ത് എത്ര വലിയ മഹാമാരികളെയാണ് നാം നമ്മുടെ തന്നെ ഭാവിയിലേക്ക് ഒളിച്ചു കടത്തുന്നത് !
 
 
 
പ്രേം നസീറില്‍ നിന്ന്  ദാമോദരന്‍ ഉപഹാരം സ്വീകരിക്കുന്നു 
 
നവോത്ഥാന കേരളത്തിനായി ഓടിയവര്‍ പിന്നീട് അത് കൈവിട്ട് ഓടിയത് രാഷ്ട്രീയവും സാംസ്‌കാരികവുമായ അപചയത്തിന്റെ ഭാഗമായി ഓടുന്നത് സിനിമയില്‍ മാത്രം സംഭവിച്ച വ്യതിചലനമല്ല. അതാദ്യം സംഭവിച്ചത് രാഷ്ട്രീയത്തില്‍ തന്നെയാണ്. അതിന്റെ വിള്ളലുകളിലൂടെയാണ് ജാതിയും മതവും വര്‍ഗ്ഗീയതയും പണവും അധികാരവുമൊക്കെ നമ്മുടെ സാമൂഹിക ജീവിതത്തിലേക്ക്  മഹാമാരിയായി പടര്‍ന്ന് പിടിച്ചത്. അങ്ങിനെയൊരു അവസാനം ദാമോദരന്‍ മാഷിന്റെ സ്വപ്‌നമായിരുന്നു. പഴയ ഈനാടിന്റെ നിര്‍മ്മാതാവായ ജിയോ കുട്ടപ്പേട്ടന് വേണ്ടി ഈനാട് 2 എന്ന് വിളിക്കാവുന്ന അത്തരമൊരു സിനിമക്ക് മാഷ് കരട് രൂപമൊരുക്കിയ തുമാണ്. ഐ.വി.ശശിയും ദാമോദരന്‍ മാഷും ഒരുമിക്കുമായിരുന്ന ആ ചലച്ചിത്ര സ്വപ്‌നം നടക്കാവുന്ന നിലയില്‍ നിന്നും സിനിമ ഏറെ മാറിപ്പോയിരുന്നു. മാഷ് വിട പറഞ്ഞിട്ടും ഐ.വി.ശശി ആ സ്വപ്‌നത്തെ കുറച്ചു നാള്‍ കൂടി പിന്തുടര്‍ന്നിരുന്നുവെങ്കിലും സിനിമയും ജീവിതവും രാഷ്ട്രീയവും  അപ്പോഴേക്കും അതിലേറെ മാറുകയായിരുന്നു !

[ 1956 ലെ  നവയുഗത്തിന്റെ കവര്‍ ചിത്രമായിരുന്ന   കേരളപ്പിറവി ദീപശിഖാ പ്രയാണ ചിത്രത്തിന്    കടപ്പാട്  സഖാവ് പന്ന്യന്‍ രവീന്ദ്രനോടാണ്.   ജീവിച്ചിരുന്നപ്പോള്‍ അങ്ങിനെയൊരു കവര്‍ചിത്രം  പാര്‍ട്ടി ചരിത്രത്തില്‍ ഉണ്ടായിരുന്നു എന്ന്  മാഷ് ഓര്‍മ്മപ്പെടുത്തിയപ്പോള്‍   അത് മറക്കാതെ ഓര്‍മ്മിച്ച്    സി.പി.ഐ. ആര്‍കേവില്‍ നിന്നു പരതിപ്പിടിച്ച് എത്തിച്ചു തന്നത് അദ്ദേഹമാണ് ]
 
 
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image