സ്വർണത്തിന്റെ

മഞ്ഞവെളിച്ചത്തിൽ മങ്ങി

ഭരണതുടർച്ചയെന്ന സ്വപ്നം

സനൂബ് ശശിധരന്‍ ,കൊച്ചി 

സ്വർണത്തിന്റെ മഞ്ഞവെളിച്ചത്തിൽ മങ്ങി ഭരണതുടർച്ചയെന്ന സ്വപ്നം

....................................................

കേരളത്തിലിത് തിരഞ്ഞെടുപ്പു വർഷമാണ്. അടുത്തമാസത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അടുത്ത മെയ് മാസത്തോടെ നിയമസഭ തിരഞ്ഞെടുപ്പും നടക്കും. വീണുകിട്ടുന്ന ഏതൊരായുധവും എതിരാളികൾക്കെതിരെ പ്രയോഗിക്കുകയെന്ന രാഷ്ട്രീയ തന്ത്രം പയറ്റുന്നതിരക്കിലാണ് കേരളത്തിലെ പാർട്ടികളെല്ലാം. മാർഗം ലക്ഷ്യത്തെ സാധൂകരിക്കുമെന്ന ഭഗവത് ഗീത വചനം തന്നെയാണ് പാർട്ടികളുടെ അവസാനവർഷത്തിലെ വേദവാക്യം. 

കഴിഞ്ഞ നാല് വർഷവും വലിയ പരിക്കുകളില്ലാതെയാണ് ഇടത് സർക്കാർ കടന്ന് പോയത്. രണ്ട് പ്രളയവും നിപ്പയുമെല്ലാം സര്ക്കാരിനെ പരീക്ഷിച്ചെങ്കിലും വിജയകരമായി തന്നെ അതിനെയെല്ലാം ഇടത് സർക്കാർ മറികടന്നു. അവസാന വർഷത്തിന്റെ ആരംഭത്തിലെത്തിയ കൊറോണ എന്ന മഹാമാരിയെ നേരിടുന്നതിലും കേരളം മാതൃകയായി. ഇന്ത്യയിൽ റിപ്പോര്ട്ട് ചെയ്യപ്പെട്ട ആദ്യ മൂന്ന് കൊറോണ കേസുകളും കേരളത്തിലായിരുന്നു. കൊറോണ ലോകരാജ്യങ്ങളെയെല്ലാം ഭീതി പടർത്തി തുടങ്ങിയപ്പോഴേ കേരളം മുൻകരുതലെടുത്തുതുടങ്ങിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ നേരത്തെ തന്നെ തയ്യാറാക്കി രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് എല്ലാം തയ്യാറാക്കി വെറസ് പടരുന്നത് കൃത്യമായി തടയാൻ ആരോഗ്യവകുപ്പിന് സാധിച്ചു. ലോകമെങ്ങും കേരളത്തിന്റെ പ്രവർത്തനത്തെ വാഴ്ത്തുകയും ചെയ്തു. ഇടത് സർക്കാരിന്റെ പ്രശസ്തി വാനോളമുയർന്നു. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഭരണതുടർച്ചയെന്നത് ഏതാണ്ട് ഉറപ്പായ മട്ടിലായിരുന്നു കാര്യങ്ങൾ. സർക്കാർ വിരുദ്ധവികാരമെന്നത് എവിടെയും പ്രത്യക്ഷത്തിൽ ഇല്ല. ലോക് സഭയിലെ തിരിച്ചടി വെറും താൽക്കാലികമെന്ന് പോലും നിക്ഷ്പക്ഷമതികൾ പോലും സംശയിച്ചുകൊണ്ടിരുന്ന സമയം. 

പക്ഷെ എല്ലാം മാറിമറിഞ്ഞത് ദിവസങ്ങളുടെ ഇടവേളയിലാണ്. കൊവിഡ് രോഗികളുടെ ഡാറ്റ ശേഖരിക്കാൻ സ്പ്രിങ്ക്ലർ എന്ന സ്ഥാപനത്തെ ഏൽപ്പിച്ചതിൽ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യത്തെ ആരോപണം. ഹൈക്കോടതി കയറിയ വിവാദം പക്ഷെ പ്രതീക്ഷിച്ച ഗുണഫലം പ്രതിപക്ഷത്തിന് നല്കിയില്ല. പിന്നാലെ സർക്കാരിനെതിരെ തൊട്ടതിനും പിടിച്ചതിനുമെല്ലാം പ്രതിപക്ഷം സമരമാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പരസ്യമായി സമരരംഗത്തിറങ്ങിയത് യുഡിഎഫ് മാത്രമല്ല, ബിജെപിയുമാണ്. ഫലം കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം പെരുകാൻ തുടങ്ങി. ഈ സമരങ്ങളും ജനങ്ങളിലെ എതിർപ്പാണ് പ്രതിപക്ഷത്തിന് സമ്മാനിച്ചത്. മരണത്തിന്റെ വ്യാപാരികളെന്ന് സമരം ചെയ്യുന്ന പ്രതിപക്ഷത്തെ ഭരണകക്ഷി പാർട്ടികൾ ആക്ഷേപിച്ചപ്പോൾ അതിനെ ചെറുതായെങ്കിലും ജനവും അംഗീകരിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാർ ചെറിയതോതിൽ പരാജയപ്പെടാൻ തുടങ്ങി. പക്ഷെ യഥാർത്ഥ പ്രതിസന്ധി പിണറായി സർക്കാരിനേയും സിപിഎമ്മിനേയും തേടി പിന്നാലെ വരുന്നതേ ഉണ്ടായിരുന്നുള്ളു. സ്വർണത്തിന്റേയും മയക്കുമരുന്നിന്റേയും രൂപത്തിൽ. 


കഴിഞ്ഞ ജൂൺ മുപ്പതിനാണ് യുഎഇ കോണ്സുലേറ്റിന്റെ പേരിൽ ദുബൈയിൽ നിന്നെത്തിയ നയതന്ത്ര ബാഗ് കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ചത്. ബാഗിൽ 15 കോടിയോളം വിലമതിക്കുന്ന 30 കിലോ സ്വർണമുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ബാഗ് വാങ്ങാൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ നേരിട്ടെത്തണമെന്ന് കസ്റ്റംസ് അധികൃതരെ അറിയിച്ചു.  ബാഗ് തുറന്ന് പരിശോധിക്കാനും ഇതിനിടെ കസ്റ്റംസ് അനുമതി തേടിയിരുന്നു. അതേസമയം ബാഗിലെ സ്വർണം സംബന്ധിച്ച്  അറിവില്ലെന്നും തങ്ങൾക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്നും കോണ്സുലേറ്റ് കസ്റ്റംസിനെ അറിയിച്ചു. ഇതിനിടെ നിരന്തരം ബാഗ് വിട്ടുകിട്ടാനായി വിളിച്ച കോൺസുലേറ്റിലെ സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ സ്വപ്നയുടേയും വാങ്ങാനെത്തി സുരക്ഷാജിവനക്കാരനുമായി തട്ടികയറുകയും ചെയ്ത സരിത്തിനേയും കുറിച്ചുള്ള അന്വേഷണവും ശക്തമായി. ആ അന്വേഷണം ഏറ്റവുമൊടുവിലെത്തിയത് ഇടത് സര്ക്കാരിന്റെ ഉറക്കം തന്നെ കെടുത്തുന്നതിലേക്കായി. 


നയതന്ത്ര ബാഗേജ്ജിൽ നിന്ന് സ്വർണം പിടിച്ചെടുത്തത് ആദ്യം വലിയ വാർത്തയായത് അത് കടത്തിയ വിധം കൊണ്ടാണ്. പക്ഷെ ആ കള്ളക്കടത്തിലെ ഉന്നതതല ബന്ധങ്ങൾ പിന്നാലെ പുറത്തായി. പിടിച്ചെടുത്ത സ്വർണം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിന് ഫോൺ വന്നുഎന്നതായിരുന്നു ആദ്യ ആരോപണം. ഇത് പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ നിഷേധിച്ചുവെങ്കിലും പ്രതിപക്ഷം അവസരം മുതലാക്കാൻ തന്നെ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തിൽ പങ്കെന്നായിരുന്നു ആരോപണം. 

കേസിലെ മുഖ്യപ്രതിയായ സ്വപ്നയെ തിരിച്ചറിഞ്ഞതോടെ, അവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസും ഐ.ടി വകുപ്പും തമ്മിലുള്ള ബന്ധവും പ്രതിപക്ഷത്തിന്റെ വാദങ്ങൾക്കും ആരോപണങ്ങൾക്കും മൂർച്ചയേകി. സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ പ്രിന്സിപൽ സെക്രട്ടറി എം ശിവശങ്കറും തമ്മിലുള്ള ബന്ധവും സ്വപ്നയ്ക്ക് ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലി ലഭിച്ചതെങ്ങനെയെന്നതുമെല്ലാം പ്രതിപക്ഷത്തിന്റെ സമരങ്ങൾക്ക് വേഗം പകർന്നു. ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമെന്ന പതിവ് പല്ലവികൾക്കപ്പുറം ചോദ്യങ്ങൾക്കൊന്നും കൃത്യമായി മറുപടി നൽകാൻ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ സാധിച്ചതുമില്ല. 

സ്വർണക്കടത്ത്  മന്ത്രിസഭയുടെ പ്രതിച്ഛായയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നുവെന്നതും ഇടത്പക്ഷത്തെ പ്രതിസന്ധിയിലാക്കി. സ്വർണക്കടത്ത് കേന്ദ്ര ഏജന്സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസി അന്വേഷണമെന്നാവശ്യപ്പെട്ട് ഒരു മുഴം മുന്നേയെറിഞ്ഞത്. എന്നാലത് തിരിച്ച് കൊത്തുമെന്ന് മുഖ്യമന്ത്രിയും കരുതിക്കാണില്ല. 

മുഖ്യമന്ത്രിയുടെ വിശ്വസ്ഥനും പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിലേക്ക് അന്വേഷണം എത്തുമെന്നോ അദ്ദേഹത്തിന് നേരെ സംശയത്തിന്റെ മുന നീളുമെന്നോ സിപിഎം കരുതിയിരുന്നില്ല. അദ്ദേഹത്തെ എന്ഫോഴ്സ്മെന്റും കസ്റ്റംസുമെല്ലാം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ അദ്ദേഹത്തിൻ്റെ ലീവ് അപേക്ഷപോലും മാറ്റിവെച്ച് ശിവശങ്കറിനെ സർക്കാർ ജൂലൈ 7 ന് സസ്പെന്റ് ചെയ്തു. കുറ്റാരോപിതനെതിരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തുവെന്ന് പറഞ്ഞ് പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ നേരിടാമെന്നായിരുന്നു സർക്കാർ കണക്കുകൂട്ടിയത്. അന്വേഷണ ഏജന്സികൾ മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോഴും സിപിഎമ്മിനും സർക്കാരിനും നെഞ്ചിടിപ്പ് ഏറിക്കൊണ്ടേയിരുന്നു. അപ്പോഴും അറസ്റ്റ് ചെയ്യാത്തത് അദ്ദേഹത്തിന് പങ്കില്ലെന്നതിന്റെ വ്യക്തമായ തെളിവാണെന്നായിരുന്നു താഴേതട്ടിലെ സിപിഎം അണികളുടെ വാദം. എന്നാൽ ഒരുഘട്ടത്തിൽ ശിവശങ്കർ മുൻകൂർ ജാമ്യം തേടിയത് മുതൽ കുടുങ്ങുമെന്ന ഭയം സിപിഎമ്മിലും ശക്തമായി. അതോടെ 'ശിവശങ്കർ ഇരിക്കേണ്ടയിടത്ത് ഇരിക്കാത്ത ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ' ആരോപിച്ച് സിപിഎം നേതാക്കൾ ചാനൽ ചർച്ചയിൽ ശിവശങ്കറിനെ കൈവിട്ട് തുടങ്ങി. അതായത് ഇനിയും ശിവശങ്കറിനെ പിന്തുണച്ചുകൊണ്ടിരുന്നാൽ കാര്യങ്ങൾ കൂടുതൽ കൈവിട്ട് പോകുമെന്ന് സിപിഎം തിരിച്ചറിഞ്ഞുതുടങ്ങിയെന്ന് സാരം. 

ഒടുവിൾ ശിവശങ്കർ അറസ്റ്റിലാകുമ്പോൾ അത് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ കളങ്കം വരുത്തുന്ന ഒന്നായി. പ്രത്യേകിച്ചും ശിവശങ്കർ മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്തൻ തന്നെയാകുമ്പോൾ. സോളാർ കാലത്ത് അന്നത്ത മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഉയർത്തിയ വിമർശനങ്ങളെല്ലാം ഇപ്പോൾ വിഴുങ്ങേണ്ട അവസ്ഥയിലായിരിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പൂർണഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നായിരുന്നു അന്ന് സിപിഎം ആവർത്തിച്ചിരുന്നത്. എന്നാലിപ്പോൾ ഓഫീസിലെ ഉദ്യോഗസ്ഥൻ ചെയ്ത തെറ്റിന് മുഖ്യമന്ത്രിക്ക് പങ്കില്ലെന്നാണ് സിപിഎം പറയുന്നത്. നിലപാടുകളിലെ ഈ വൈരുദ്ധ്യം എങ്ങനെ സ്വന്തം അണികളെ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്ന് സിപിഎമ്മിന് തന്നെ നിശ്ചയമില്ല. പ്രത്യേകിച്ച് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നില്ക്കവെ വോട്ടർമാർ സ്വാഭവികമായും ഈ ചോദ്യങ്ങൾ ഉന്നയിക്കുമെന്നതും സിപിഎമ്മിന്റെ ആശങ്ക കൂട്ടുന്നു. വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം ഇപ്പോൾ ഒപ്പമുണ്ടെങ്കിലും പാർട്ടി വേദികളിൽ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ കേരളത്തിലെ നേതാക്കൾ അത്യാവശ്യം വിയർപ്പൊഴുക്കേണ്ടിവരും. 


സ്വർണക്കള്ളക്കടത്ത് രാഷ്ട്രീയമായി പ്രതിപക്ഷപാർട്ടികൾ ഭരണപക്ഷത്തിനെതിരെ, പ്രത്യേകിച്ച് സിപിഎമ്മിനെതിരെ ഉപയോഗിക്കുമ്പോൾ അത് പ്രത്യക്ഷമായും പരോക്ഷമായും അതേ പാർട്ടികൾക്ക് നേരെയും ചിലവിരലുകൾ ഉയർത്തുന്നുണ്ട്. സ്വർണകടത്തിലെ പ്രതികളായി ആദ്യം കസ്റ്റംസും പിന്നെ ദേശിയ അന്വേഷണ ഏജൻസിയും അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തവരിൽ ചിലരെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി ബന്ധപ്പെട്ടവരോ അംഗങ്ങളോ ആയിരുന്നു. ഒരു കേന്ദ്രമന്ത്രിതന്നെ സംഭവത്തിൽ നടത്തിയ പരാമർശങ്ങളും ആ പാർട്ടിക്കും നേതാവിനും ബൂമറാങ്ങായി പതിക്കുകയും ചെയ്തു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ ചിലതെങ്കിലും തെറ്റാണെന്ന് തെളിഞ്ഞെങ്കിലും അവ തിരുത്താനോ പിൻവലിക്കാനോ അവർ തയ്യാറായിട്ടില്ല. രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യവെക്കുന്നത് കൊണ്ടാണ് തെറ്റാണെന്ന് അറിഞ്ഞിട്ടും തെറ്റുകൾ തിരുത്താൻ പാർട്ടികൾ തയ്യാറാകാത്തത്.   

തുടക്കത്തിൽ പ്രതിപക്ഷം ആരോപിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് സ്വർണം വിട്ടുകൊടുക്കാനാവശ്യപ്പെട്ട് ഫോൺ വിളിവന്നതെന്നായിരുന്നു. എന്നാലിത് തെറ്റാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന് തന്നെ വെളിപ്പെടുത്തി. വിളിച്ചത് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ നേതാവാണെന്ന് വ്യക്തമായി. അദ്ദേഹത്തിന്റെ വീട്ടില് അന്വേഷണ ഏജൻസികള് റെയ്ഡ് നടത്തുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പക്ഷെ അപ്പോഴും ആദ്യം ഉന്നയിച്ച ആരോപണത്തിൽ നിന്ന് പിന്മാറാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിർത്തിയ ബിജെപിയും തങ്ങളുടെ പ്രവർത്തകന്റെ പങ്ക് സംബന്ധിച്ച് മൌനം തുടരുകയാണ്. മുഖ്യപ്രതികളിലൊരാളായ സന്ദീപ് ബിജെപി പ്രവർത്തകനാണെന്നതും പാര്ട്ടിയുടെ സംസ്ഥാനനേതാക്കളുമായി അടുത്തബന്ധമുണ്ടെന്നതും ബിജെപിയേയും പിന്നോട്ടടിപ്പിച്ചു.

സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് പ്രസ്താവിച്ചത്. അതും ദേശിയ അന്വേഷണ ഏജന്സി കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ. അത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്നും പലരേയും സംരക്ഷിക്കാനാണെന്നുമുള്ള ആരോപണം മറ്റ് പാർട്ടികൾ ഉന്നയിച്ചപ്പോഴും കേന്ദ്രമന്ത്രി നിലപാടിൽ ഉറച്ചുനിന്നു. ബിജെപിയിലെ തന്നെ ഗ്രൂപ്പിസം മറനീക്കി പുറത്തുവരുന്നതിലേക്കും ഇത് വഴിവെച്ചു. മുരളീധര വിരുദ്ധ ചേരി ഈ പ്രസ്താവനയെ തള്ളിപറഞ്ഞതോടെ സ്വർണക്കടത്ത് കേസ് ബിജെപിയ്ക്കകത്തെ ആഭ്യന്തരപ്രശ്നത്തിനും ആക്കം കൂട്ടി. പിന്നാലെ സ്വപ്ന സുരേഷിനെ സഹായിക്കാൻ ആർ എസ് എസ് ചാനലായ ജനത്തിന്റെ എഡിറ്റർ അനിൽ നമ്പ്യാർ ഇടപെട്ടുവെന്നതും അന്വേഷണ ഏജൻസി അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതും ബിജെപിക്ക് കൂടുതൽ ക്ഷീണമായി.


സ്വർണകടത്ത് കേസിൽ പിടിയിലായ ചിലപ്രതികളുടെ യുഡിഎഫ് ബന്ധമാണ് ചെറുതായെങ്കിലും കോണ്ഗ്രസിന് ക്ഷീണമായത്. മുസ്ലീം ലീഗുമായും കോണ്ഗ്രസുമായും ചില പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ ചെറുക്കാൻ കോണ്ഗ്രസിനായില്ല. മാത്രവുമല്ല പ്രത്യക്ഷസമരം സർക്കാരിനെതിരെ ഇല്ലെന്ന് പ്രഖ്യാപിച്ച് പെട്ടെന്ന് സമരരംഗത്ത് നിന്ന്  പിന്മാറാനുള്ള തിരുമാനവും പാർട്ടിക്കകത്ത് പൊട്ടിത്തെറിക്ക് കാരണമായി. മുരളീധരനടക്കമുള്ള പലനേതാക്കളും ഇതിനെതിരെ പരസ്യമായി തന്നെ പ്രതികരിക്കുകയും ചെയ്തു. 


മന്ത്രി ജലീലിന് സ്വപ്നയുമായി ബന്ധമുണ്ടെന്നതും പ്രോട്ടോക്കോൾ ലംഘിച്ച് മതഗ്രന്ധങ്ങൾ ഇറക്കിയെന്നുമുള്ള വിവാദവും സ്വർണക്കടത്ത് കേസിൽ വഴിത്തിരിവായി. ജലീലിനെ എന്ഫോഴ്സ്മെന്റും എൻ ഐ എയും ചോദ്യം ചെയ്യുകയും ചെയ്തതോടെ പ്രതിപക്ഷസമരങ്ങൾ വീണ്ടും ആരംഭിച്ചു. ജലീലിനെതിരെ മുമ്പ് പലപ്പോഴും ആരോപണങ്ങൾ ഉന്നയിക്കുകയും പക്ഷെ പലതും പാതിയിൽ ഉപേക്ഷിക്കേണ്ടിയും വന്ന പ്രതിപക്ഷത്തിന് പുതിയ സംഭവം ഊര്ജ്ജം പകർന്നു. ജലീലിനെ മുഖ്യമന്ത്രി എല്ലായിപ്പോഴും സംരക്ഷിക്കുന്നത് സ്വർണക്കടത്തിലെ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് പറയുമെന്ന ഭയംകൊണ്ടാണെന്ന് വരെ പ്രതിപക്ഷം ആരോപിച്ചു.  മഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചെങ്കിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ തൽക്കാലം പ്രത്യക്ഷസമരപരിപാടികളിൽ നിന്ന് പിന്മാറിയിരിക്കുകയാണ് പ്രതിപക്ഷം

തീർത്തും അസാധാരണമായ രീതിയിലാണ് സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിലെ പുരോഗതികളെല്ലാം. കേരളത്തിൽ വിദേശത്തുനിന്നുള്ള സ്വർണക്കടത്ത് വര്ഷങ്ങളായി നടക്കുന്നുണ്ട്. ഓരോ വർഷവും നികുതിവെട്ടിച്ച് കോടികളുടെ സ്വർണമാണ് കേരളത്തിലെ ഓരോ വിമാനത്താവളങ്ങളിലൂടെയും കടത്തുന്നത്. പലതും പിടിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ചിലതെല്ലാം വലിയ വിവാദങ്ങളും വാർത്തകളുമായി. ഇവയെല്ലാം കസ്റ്റംസും പിന്നീട് ലോക്കൽ പോലീസുമാണ് അന്വേഷിച്ചിരുന്നത്. എന്നാലിതിൽ നിന്നെല്ലാം വിരുദ്ധമായി തിരുവനന്തപുരത്തെ സ്വർണക്കടത്ത് ദേശിയ അന്വേഷണ ഏജൻസി അടക്കമുള്ളവർ അന്വേഷിക്കുന്നുവെന്നതാണ് ശ്രദ്ധേയം. നയതന്ത്ര ബാഗേജ്ജാണ് സ്വർണം കടത്താൻ ഉപയോഗിച്ചതെന്നതും അതിനാൽ തന്നെ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം വേണമെന്നതും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഏജന്സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. സിബിഐ, എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നിവയ്ക്ക് പുറമെ ദേശിയ അന്വേഷണ ഏജൻസിയെ കൂടി കേസിന്റെ അന്വേഷണം കേന്ദ്രം ഏല്പ്പിച്ചുവെന്നതാണ് കൌതുകകരം. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോയെന്ന സംശയമാണ് എന്ന് ഐ എയെ അന്വേഷണത്തിലേക്ക് നയിച്ചത്. എന്നാലിതുവരേയും അത്തരത്തിലൊന്നും എന് ഐ എയുടെ കണ്ടത്തലുകളിലില്ലെന്നാണ് സൂചന. ഇക്കാര്യത്തിലെ അന്വേഷണം പുരോഗമിക്കുകയാണ്.

എല്ലാം മാറിമറയാൻ അധികം സമയം വേണ്ടെന്ന് തെളിയിക്കുന്നതായി സ്വർണക്കടത്ത് കേസ്. ഭരണതുടർച്ചയെന്ന ഇടത്പക്ഷത്തിന്റെ പ്രതീക്ഷകൾക്കാണ് കേസ് തുരങ്കം വെച്ചത്. ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകകൂടി ചെയ്തതോടെ എല്ലാം ഏതാണ്ട് പൂർണമായി എന്ന അവസ്ഥയിലാണ്. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഒരേ സമയം പ്രതിസന്ധിയിലും വിവാദത്തിലുമായ അവസ്ഥ സിപിഎമ്മിനറെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. പാലക്കാട് പാർട്ടി പ്ലീനത്തിലെ തീരുമാനങ്ങൾ സ്വന്തം വീട്ടിൽ പോലും പ്രാവർത്തികമാക്കാൻ സാധിക്കാത്ത സെക്രട്ടറിയും തന്റെ മൂക്കിന് താഴെ നടക്കുന്നതൊന്നും അറിയാത്ത മുഖ്യമന്ത്രിയും എന്നത് സിപിഎമ്മിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. ഒന്നുകിൽ ഇരുവർക്കും തങ്ങളുടെ തൊട്ടടുത്ത് നടക്കുന്ന കാര്യങ്ങൾ കണ്ടെത്താനാവാതെ പോയി. അല്ലെങ്കിൽ അറിഞ്ഞിട്ടും തിരുത്താനാവാതെ പോയി എന്നത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനോ പാർട്ടിക്കോ അംഗീകരിക്കാനാവാത്ത ഒന്നാണ്. വരും ദിവസങ്ങളിൽ പാർട്ടിക്കകത്ത് ഇവ വലിയ ചർച്ചയാകുമെന്നും ഇരുവരും വിശദീകരിക്കേണ്ടി വരുമെന്നതും വലിയ വെല്ലുവിളിയായി തുടരും.

നിലവിലെ സാഹചര്യത്തിൽ ഭരണതുടർച്ചയെന്നത് അത്രകണ്ട് എളുപ്പമല്ലെന്നാണ്, പുറമേയ്ക്ക് അക്കാര്യം തുറന്ന് സമ്മതിക്കുന്നില്ലെങ്കിൽ കൂടി, ഇടത് മുന്നണിയുടെ വിലയിരുത്തൽ. സ്വർണക്കടത്തിൽ സർക്കാരിന് പങ്കില്ലെന്ന് എത്രതന്നെ വാദിച്ചാലും പലചോദ്യങ്ങൾക്കും ജനത്തിന് ഉത്തരം നൽകാൻ സർക്കാരിന് ആയിട്ടില്ല. സ്വപ്ന സുരേഷിന് എങ്ങനെയാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐടി വകുപ്പിൽ ജോലി ലഭിച്ചത്.? മതിയായ യോഗ്യതയില്ലാത്ത സ്വപ്നക്ക് എങ്ങനെയാണ് പരിശോധനകളോ അന്വേഷണങ്ങളോ ഇല്ലാതെ നിയമനം ലഭിച്ചത്?. സര്ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ലൈഫ് മിഷൻ പദ്ധതിയിലടക്കം കമ്മീഷൻ കൈപറ്റാൻ എങ്ങനെയാണ് സ്വപ്നയ്ക്ക് സാധിച്ചത്.? അതിലുപരി സ്പ്രിങ്ക്ലർ അടക്കമുള്ള വിവാദങ്ങളിൽ പ്രതി നായകനായ എം ശിവശങ്കറിനെ എന്തിനാണ് മുഖ്യമന്ത്രി പിന്നെയും പിന്നെയും സംരക്ഷിച്ചത്.? ഇതിനിടയിലൂടെ ലോകത്ത് തന്നെ ഏറ്റവും കാര്യക്ഷമായി കൈകാര്യം ചെയ്തിരുന്ന കോവിഡ് പ്രതിരോധവും കൈവിട്ട് പോയതും പ്രതീക്ഷയ്ക്ക് ഏറ്റ തിരിച്ചടിയായി. 


കേസ് അന്വേഷിക്കുന്ന എൻ ഐ എ ക്കോ കസ്റ്റംസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ ഇതുവരേയും മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാർക്കോ ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. മുഖ്യമന്ത്രിയെ ഉടൻ തന്നെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്ന പ്രതിപക്ഷം ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിക്കഴിഞ്ഞു. കേന്ദ്രമന്ത്രിയെ തള്ളി നയതന്ത്ര ബാഗേജ്ജിൽ തന്നെയാണ് സ്വർണം കടത്തിയതെന്ന് ദേശിയ അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.അന്വേഷണം പുരോഗമിക്കുകയാണ് എന്നതിനാൽ തന്നെ സ്വർണക്കടത്തിലെ കണ്ടെത്തലുകൾ എന്നാണ് അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിക്കുകയെന്നത് വ്യക്തമല്ല. എക്കാലത്തേയും പോലെ അന്വേഷണ ഏജൻസികളെ കേന്ദ്രം ചട്ടുകമാക്കി പ്രവർത്തിപ്പിച്ചാൽ അവ തിരഞ്ഞെടുപ്പ് സമയത്ത് റിപ്പോർട്ടുകൾ സമർപ്പിച്ച് വീണ്ടും കേസ് സജീവമാക്കിയേക്കുമെന്ന് ഇടതുപക്ഷം ഭയക്കുന്നുണ്ട്. അങ്ങനെ വന്നാൽ കൂടുതൽ ശക്തായി വെല്ലുവിളികളാണ് സർക്കാരും സിപിഎമ്മും വരുദിനങ്ങളിൽ നേരിടേണ്ടിവരിക.

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image