ഇരുപത്തിരണ്ടാം വയസ്സില്‍ ജയപാലന്‍ മാസ്റ്റര്‍ ;(മുകളില്‍) മാസ്റ്ററും ഭാര്യ ശാന്തയും 

അച്ഛന്‍ ഒരു പൂന്തോട്ടമായിരുന്നു......

 

ജെ ബിന്ദുരാജ്

ജയപാലന്‍ മാസ്റ്ററും ഭാര്യ ശാന്തയും പേരക്കുട്ടി  നിഹാരികയും 

മരണം ഓര്‍മ്മകളെ ഉണര്‍ത്തുമെന്നത് ശരിയാണ്. പക്ഷേ മരണത്തിനു മുന്നേ തന്നെ അച്ഛനെപ്പറ്റിയുള്ള കഥകള്‍ പലതും അച്ഛന്റെ ശിഷ്യന്മാരും പ്രിയപ്പെട്ടവരും എന്നോട് പറയാറുണ്ടായിരുന്നു. വാസ്തവത്തില്‍ ഒരാള്‍ക്ക് എത്ര മുഖങ്ങളുണ്ടെന്നും എത്ര ജീവിതങ്ങള്‍ ഒരു ജീവിതത്തില്‍ തന്നെ ജീവിച്ചിട്ടുണ്ടെന്നും നമ്മള്‍ തിരിച്ചറിയുന്നത് ഇത്തരം ഓര്‍മ്മക്കഥകളിലൂടെയാണ്. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായ ചേന്ദമംഗലത്തുകാരന്‍ കൂടിയായ കെ എ ജോണി പലവട്ടം എന്നോട് പറഞ്ഞിട്ടുള്ള ഒരു അച്ഛന്‍ കഥ അച്ഛന്റെ മരണത്തിനു രണ്ടു നാളുകള്‍ക്കിശേഷം എന്നോടു വീണ്ടും പറഞ്ഞു.

 

ഞാന്‍ അച്ചാച്ചന്‍ എന്നു വിളിക്കുന്ന അച്ഛന്‍ ജോണിക്കും നാട്ടുകാര്‍ക്കും കുട്ടിക്കാലം തൊട്ടേ ജയപാലന്‍ മാസ്റ്ററാണ്. സി ജി ജയപാല്‍ എന്നാണ് പേരെങ്കിലും ജയപാല്‍ മാസ്റ്റര്‍ എന്നു വിളിക്കാതെ ജയപാലന്‍ മാസ്റ്റര്‍ എന്നു വിളിക്കാനാണ് അവര്‍ക്കിഷ്ടം. അച്ഛന്റെ പേര് നാട്ടുകാര്‍ ജയപാലന്‍ മാസ്റ്റര്‍ എന്നു നീട്ടിയതിനെ തുടര്‍ന്ന് അച്ഛനും അതു തിരുത്താനൊന്നും പോയില്ല. നാട്ടുകാരും ശിഷ്യന്മാരും എങ്ങനെ വിളിച്ചാലും അച്ഛന്‍ വിളി കേള്‍ക്കും, അവര്‍ മുന്നിട്ടൊരു പരിപാടി സംഘടിപ്പിച്ചാല്‍ അതിന്റെ പിരിവു തൊട്ട് സംഘാടനം വരെയുള്ള കാര്യങ്ങളില്‍ അച്ഛനെ മുന്നില്‍ നിര്‍ത്തും. അച്ഛന്‍ ഒപ്പമുണ്ടെങ്കില്‍ സംഘാടനത്തില്‍ പിഴവു വരില്ലെന്നതാണ് അവരുടെ വിശ്വാസം. ആ വിശ്വാസം ഒരിക്കല്‍പോലും തെറ്റിയതായി അവരാരും പറഞ്ഞുകേട്ടിട്ടുമില്ല.

സമ്മാനങ്ങളും ജേതാക്കളുമായി ജയപാലന്‍ മാസ്റ്റര്‍ 

കെ എ ജോണിയെ അച്ഛന്‍ പഠിപ്പിച്ചിട്ടില്ല. ഹൈസ്‌കൂള്‍ അധ്യാപകനായ അച്ഛന് പക്ഷേ ജോണിയുമായി അടുത്ത സൗഹൃദമുണ്ടാകുന്നത് ജോണി അഞ്ചാം ക്ലാസില്‍ പാലിയം സ്‌കൂളില്‍ പഠിപ്പിക്കുമ്പോഴാണ്. കലാപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നിന്നിരുന്ന കെ എ ജോണി സ്‌കൂളില്‍ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിയതോടെയാണ് ആ സൗഹൃദം മുളപൊട്ടുന്നത്. ജോണിയെ ഉപജില്ലാ കലോത്സവത്തിലേക്ക് കൊണ്ടുപോകാനുള്ള ചുമതല അച്ഛനായിരുന്നു. അവിടെ നിന്നും ജില്ലാ തലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കലോത്സവത്തില്‍ ഒന്നാം സ്ഥാനക്കാരനായ കാഥികനായി ജോണി വിജയിച്ചപ്പോഴൊക്കെ അച്ഛനായിരുന്നു ജോണിക്കൊപ്പം പോയിരുന്നത്. സ്വന്തം മക്കളെപ്പോലെയുള്ള വാത്സല്യമായിരുന്നു അച്ഛന് സ്‌കൂളിലെ എല്ലാ കുട്ടികളോടും. അവരുടെ വിജയങ്ങള്‍ തന്റേയും വിജയങ്ങളാണെന്ന് അച്ഛന്‍ കരുതിയിരുന്നതുപോലെ. വിദ്യാര്‍ത്ഥികളാകട്ടെ വളര്‍ന്ന്, അച്ഛന്മാരും മുത്തച്ഛന്മാരുമൊക്കെ ആയപ്പോഴും അവര്‍ അച്ഛനരികിലെത്തി അവരുടെ ജീവിതകഥാപാരായണം നടത്താറുണ്ടായിരുന്നു. ജോണിയും അക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല.

 

ജോണി പലവട്ടം എന്നോട് അഭിമാനത്തോടെ പറഞ്ഞിട്ടുള്ള ഒരു കഥയുണ്ട്. എനിക്കതു കേട്ട് പലപ്പോഴും ചിരിപൊട്ടിയിട്ടുമുണ്ട്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കഥാപ്രസംഗത്തിന് ജോണി ഒന്നാം സ്ഥാനം നേടി തിരികെ സ്‌കൂളിലെത്തിയപ്പോള്‍ നടന്ന ഒരു സംഭവമാണത്. പാലിയം സ്‌കൂളില്‍ അക്കാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകളാണ്. അച്ഛന്‍ ഒമ്പതാം ക്ലാസ്സില്‍ പെണ്‍കുട്ടികളുടെ ക്ലാസില്‍ മലയാളം പഠിപ്പിച്ചുകൊണ്ടിരിക്കേയാണ് യുവജനോത്സവ വിജയിയായ കൊച്ചു ജോണി ക്ലാസിന്റെ വരാന്തയിലൂടെ നടന്നുപോകുന്നത്. കൊച്ചു ജോണിയെക്കണ്ട് അച്ഛന്‍ വാത്സല്യത്തോടെ അവനെ ക്ലാസ് മുറിയിലേക്ക് വിളിച്ചു. പെണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസ് ആയതിനാല്‍ ജോണി മടിച്ചുമടിച്ച് നാണത്തോടെയാണ് ക്ലാസിലേക്ക് കയറിയത്. അച്ഛന്‍ ജോണിയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയെന്നു മാത്രമല്ല തനിക്കായി കുടിക്കാന്‍ കൊണ്ടുവന്ന ഒരു കപ്പ് ചായ ജോണിയോട് തന്റെ സീറ്റിലിരുന്ന്, കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് ലഭിച്ച ഏതൊരു പുരസ്‌കാരത്തേക്കാളും അംഗീകാരത്തേക്കാളും വലുതായിരുന്നു അന്ന് ജയപാലന്‍ മാസ്റ്റര്‍ നല്‍കിയ ആ ചായയും സ്വീകരണവുമെന്നാണ് ജോണിയുടെ മനസ്സില്‍ തട്ടിയുള്ള കമന്റ്. പില്‍ക്കാലത്ത് ജോണി മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനാകുംവരെയുള്ള എല്ലാ കഥകളും അച്ഛന്‍ ഞങ്ങളോട് വീട്ടില്‍ പറഞ്ഞുതന്നിട്ടുള്ളതാണെങ്കിലും ഇക്കഥ മാത്രം അച്ഛന്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്റെ വിവാഹ നിശ്ചയത്തിന് നെയ് വേലിയിലേക്ക് അച്ഛനു പകരം അച്ഛന്‍ അയച്ചതും  കെ എ ജോണിയെത്തന്നെയായിരുന്നു.

'അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഞാന്‍ വരുന്നില്ല. നീ ജോണിയെക്കൂട്ടി പൊയ്ക്കോളൂ. എന്റെ സ്ഥാനത്തു നിന്ന് ജോണി വേണ്ടതു ചെയ്തോളും,' പോകുംമുമ്പ് അച്ഛന്റെ മൊഴി. അച്ഛന്റെ സ്ഥാനത്തു നിന്ന് ജോണി അവിടത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പെണ്‍വീട്ടുകാര്‍ അല്‍പം അത്ഭുതത്തോടെയാണ് അത് നോക്കിക്കണ്ടതെങ്കിലും അച്ഛനെ പിന്നീട് അടുത്തറിഞ്ഞപ്പോള്‍ ആ അമ്പരപ്പ് ആദരവിനു വഴിമാറുകയും ചെയ്തു!

ജയപാലന്‍ മാസ്റ്ററും ഭാര്യ ശാന്തയും മക്കളായ ബിനുവും ബിന്ദുരാജും(മധ്യത്തില്‍)  

അച്ഛന്റെ സൗഹൃദങ്ങളുടെ ആഴം ഏറെ ചെറുപ്പത്തിലേ തന്നെ ഞങ്ങള്‍ മക്കള്‍ക്കറിയാമായിരുന്നു. യുക്തിവാദിയും കവിയും സഹോദരന്‍ അയ്യപ്പന്റെ വലംകൈയുമായിരുന്ന കെ എം കൃഷ്ണന്‍ മുന്‍ഷിയുടെ മകള്‍ എം കെ ശാന്തയെയാണ് അച്ഛന്‍ വിവാഹം ചെയ്തത്. പായിപ്പാട് കുറ്റൂരില്‍ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച അച്ഛന്‍ പുരോഗമന ആശയങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങിയത് അമ്മയുടെ അച്ഛന്‍ മുന്‍ഷിയുമായുള്ള സൗഹൃദത്തെ തുടര്‍ന്നായിരുന്നുവെന്നാണ് എന്റെ അറിവ്. മുന്‍ഷിയുമായുള്ള അടുപ്പം മൂലം അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛന്‍ നേരിട്ട് പറയുകയായിരുന്നു. വി ടി ഭട്ടതിരിപ്പാടും കുറ്റിപ്പുഴ കൃഷ്ണപിള്ളയും സുകുമാര്‍ അഴിക്കോടുമൊക്കെ സ്ഥിരം സന്ദര്‍ശകരായിരുന്ന മൂത്തകുന്നത്തെ ആ വീട്ടില്‍ അങ്ങനെ അച്ഛനും അംഗമായി. മൂത്തകുന്നത്തെ ആശാന്‍ സ്മാരക ലൈബ്രറിയുടെ സ്ഥാപകന്‍ കൂടിയായിരുന്ന കൃഷ്ണന്‍ മുന്‍ഷിയുമായുള്ള ഈ ഗാഢമായ ബന്ധമാണ് അച്ഛനെ പില്‍ക്കാലത്ത് പുസ്തകപ്രണയിയും ഗ്രന്ഥകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനും സംഘടനാ പ്രവര്‍ത്തകനുമൊക്കെയാക്കി മാറ്റിയെതന്നാണ് എനിക്ക് തോന്നുന്നത്. അമ്മയുടെ അച്ഛനോട് വല്ലാത്തൊരു ആരാധനയായിരുന്നു അച്ഛനെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അക്കാലത്ത് ഒരിക്കല്‍ സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന പവനന്‍ അപ്പൂപ്പനെ കാണാന്‍ മൂത്തകുന്നത്തെ വീട്ടിലെത്തിയപ്പോള്‍ ഞാനും അച്ഛനും അമ്മയുമൊക്കെ അവിടെ ഉണ്ടായിരുന്നു. അതുവരെ കാറിലൊന്നും കയറാത്ത എനിക്ക് പവനന്‍ വന്ന അക്കാദമിയുടെ കാറില്‍ കയറി സഞ്ചരിക്കണമെന്ന് അതിയായ മോഹം. അപ്പൂപ്പന്‍ പവനനോട് കാര്യം പറഞ്ഞപ്പോള്‍ അതിനെന്താ എന്നു ചോദിച്ച് എന്നെയും കൂട്ടി പവനന്‍ മൂത്തകുന്നത്തു നിന്നും പറവൂര്‍ ചുറ്റി തിരികെ വന്നതും മിഠായികള്‍ സമ്മാനിച്ചതും മറക്കാനാകാത്ത അനുഭവമാണ്. തിരികെയെത്തിയപ്പോള്‍ 'എന്നാലും നീ പവനന്‍ സാറിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ല' എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ 'പവനന്‍ സാറിന് ബുദ്ധിമുട്ടൊന്നുമില്ല' എന്നു കുഞ്ഞുനാവില്‍ ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അച്ഛനും പവനന്‍ സാറും പൊട്ടിച്ചിരിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്.

 

അച്ഛന് ഇത്രത്തോളം പ്രിയ ശിഷ്യന്മാര്‍ എങ്ങനെയുണ്ടായെന്ന് പലപ്പോഴും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. പഠിപ്പിക്കാത്തവര്‍ പോലും തങ്ങള്‍ അച്ഛന്റെ ശിഷ്യന്മാരാണെന്നും അത് സ്‌കൂളില്‍ പഠിപ്പിച്ചതു കൊണ്ടല്ലെന്നും ജീവിതം പഠിപ്പിച്ചതുകൊണ്ടും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതുകൊണ്ടുമാണെന്ന് പറയാറുമുണ്ട്. എന്റെ കുട്ടിക്കാലത്ത് അച്ഛന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള യുക്തിവാദി സംഘം, ഭാഷാധ്യാപക സംഘടന, കെ ജി ടി എ, പുരോഗമന കലാസാഹിത്യ സംഘം, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ തുടങ്ങി നിരവധി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നത് എന്റെ ഓര്‍മ്മയിലുണ്ട്. പരിഷത്തിന്റെ കലാജാഥകളില്‍ പങ്കെടുക്കാന്‍ അക്കാലത്ത് വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചു പോകുമായിരുന്നു. അത്തരം യാത്രകള്‍ വലിയ രീതിയില്‍ എന്റെ ജീവിതത്തെ പാകപ്പെടുത്തുന്നതിലും പരിസ്ഥിതി അവബോധവും അറിവും വളര്‍ത്തുന്നതിലും സഹായകരമായിട്ടുണ്ടെന്ന് പറയാതെ വയ്യ. ഗ്രാമകലാജാഥകളില്‍ വിതരണം ചെയ്തിരുന്ന പല ലഘുരേഖകളും ആശയപ്രചാരണ കവിതകളുമെല്ലാം അക്കാലത്ത് അച്ഛന്‍ ഞങ്ങള്‍ക്ക് ഉരുവിട്ടു തരുമായിരുന്നു. പല സംഘടനകളുടേയും വാര്‍ഷിക സ്മരണികയുടെ പത്രാധിപസ്ഥാനവും കണ്‍വീനര്‍ സ്ഥാനവും പലവട്ടം അച്ഛന്‍ വഹിച്ചിട്ടുമുണ്ട്.

 

അന്ധവിശ്വാസങ്ങള്‍ നാട്ടിന്‍പുറത്ത് കൊടികുത്തി വാണിരുന്ന സമയത്താണ് അച്ഛന്‍ ബി പ്രേമാനന്ദിനെ ചേന്ദമംഗത്ത് എണ്‍പതുകളുടെ മധ്യത്തില്‍ ദിവ്യാത്ഭുത അനാവരണ പരിപാടിയ്ക്കായി കൊണ്ടുവരുന്നത്. പ്രേമാനന്ദിന്റെ പ്രകടനം മാറ്റപ്പാടത്ത് വച്ചുകണ്ട കുട്ടിയായ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി. അന്നു രാത്രി വീട്ടിലായിരുന്നു പ്രേമാനന്ദിന് താമസം ഒരുക്കിയിരുന്നത്. രാത്രി വൈകുവോളം പ്രേമാനന്ദിനെ എന്നെ മാജിക് പഠിപ്പിക്കാന്‍ നിര്‍ബന്ധിച്ച് ഞാന്‍ ഒരു വഴിക്കാക്കിയിട്ടുമുണ്ട്. അച്ഛന്‍ പക്ഷേ അത്തരം സംവാദങ്ങളൊന്നും തടസ്സപ്പെടുത്തിയിരുന്നില്ല. കുട്ടികള്‍ എല്ലാം ചോദ്യങ്ങള്‍ ചോദിച്ച് പഠിക്കണമെന്നായിരുന്നു അന്നും എന്നും അച്ഛന്റെ വാദം. ചോദ്യങ്ങള്‍ ചോദിക്കാത്ത കുട്ടികള്‍ ഒന്നും പഠിക്കുന്നില്ലെന്നും പാഠപുസ്തകത്തിനപ്പുറമുള്ള ചോദ്യം ചോദിക്കലുകളാണ് ജീവിതത്തില്‍ അറിവു പകരുന്നതെന്നും അവസാനം വരെ വിശ്വസിച്ചിരുന്നു അച്ഛന്‍. തന്റെ മരണത്തിനുശേഷം ദഹിപ്പിക്കുകയാണെങ്കില്‍ ആ ചാരം തെങ്ങിന്‍ തടത്തിലിട്ടാല്‍ മതിയെന്നും ചടങ്ങുകളൊന്നും നടത്തരുതെന്നും അച്ഛന്‍ ഞങ്ങളെ ചട്ടം കെട്ടിയിരുന്നു. മരണശേഷം ചടങ്ങുകള്‍ നടത്തുന്നില്ലേ എന്നു ചോദിച്ചവരോട് അച്ഛന്റെ ആഗ്രഹം അതല്ലെന്ന് അമ്മ ഉറച്ചുപറയുകയും ചെയ്തു. കര്‍മ്മങ്ങളൊന്നും ജീവിതത്തില്‍ ചില ആശയങ്ങളുടെ വിജയത്തിനായി കര്‍മ്മനിരതനായ അച്ഛന് ആവശ്യമില്ലെന്ന് അമ്മയെപ്പോലെ ഞങ്ങള്‍ക്കും അറിയാമായിരുന്നു.

 

ഫറന്‍സ് ശാഖയില്‍ ഭാഷയിലെ ഏറ്റവും വലിയ ശൈലീനിഘണ്ടു അടക്കം പര്യായരത്നാകരം, കൈരളീതിലകം (ന്യായം, സംഖ്യാപരിച്ഛിന്നം, വിപരീതം, നാനാര്‍ത്ഥം), ഇംഗ്ലീഷ് മലയാളം പഴമൊഴികള്‍, കടങ്കഥാസാഗരം, തുടങ്ങി പത്തിലധികം പുസ്തകങ്ങള്‍ .

പുസ്തകങ്ങളായിരുന്നു അച്ഛന്റെ ഏറ്റവും വലിയ ബലഹീനത. എണ്‍പത്തിരണ്ടാം വയസ്സില്‍ കണ്ണുകള്‍ എന്നെത്തേയും പോലെ തന്നെയായിരുന്നതിനാല്‍ പുതിയ പുസ്തകങ്ങള്‍ കണ്ടാല്‍ അവ വാങ്ങി വായിക്കുന്നത് അച്ഛന്റെ ശീലമായിരുന്നു. എണ്‍പതുകള്‍ മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ റഫറന്‍സ് ശാഖയില്‍ ഭാഷയിലെ ഏറ്റവും വലിയ ശൈലീനിഘണ്ടു അടക്കം പര്യായരത്നാകരം, കൈരളീതിലകം (ന്യായം, സംഖ്യാപരിച്ഛിന്നം, വിപരീതം, നാനാര്‍ത്ഥം), ഇംഗ്ലീഷ് മലയാളം പഴമൊഴികള്‍, കടങ്കഥാസാഗരം, തുടങ്ങി പത്തിലധികം പുസ്തകങ്ങള്‍ എഴുതുകയും ചെയ്തു അച്ഛന്‍. സ്‌കൂളില്‍ നിന്നും വന്നശേഷമുള്ള സമയം പറമ്പിലെ ജോലികള്‍ക്ക് മാറ്റിവച്ച ശേഷം രാത്രി വൈകുവോളമായിരുന്നു ഈ എഴുത്തിനുള്ള സമയം അച്ഛന്‍ കണ്ടെത്തിയിരുന്നത്. മലയാള ഭാഷയോടുണ്ടായിരുന്ന കടുത്ത പ്രണയമാണ് ഈ പുസ്തകരചനകളിലേക്ക് അച്ഛനെ നയിച്ചതെന്ന് എനിക്കുറപ്പുണ്ട്. സുഹൃത്തുക്കള്‍ വരുമ്പോള്‍ അവരുടെ മക്കള്‍ക്കായി സൗജന്യമായാണ് അച്ഛന്‍ ഈ പുസ്തകങ്ങള്‍ നല്‍കിയിരുന്നത്. വരുംതലമുറയ്ക്ക് മലയാള ഭാഷ അന്യമാകരുതെന്ന് ഭാഷയുടെ ഒരു കാവല്‍ക്കാരനെപ്പോലെ നിലകൊണ്ട് അച്ഛന്‍ ആഗ്രഹിച്ചു. കോട്ടയത്തു വച്ച് ഞാന്‍ പഠിക്കുന്ന കാലത്ത് ഡി സി കിഴക്കേമുറിയെ അച്ഛനൊപ്പം കണ്ടപ്പോള്‍ പുസ്തകങ്ങള്‍ ഡിസി ബുക്സിനു പ്രസാധനത്തിന് നല്‍കിക്കൂടെയെന്ന് ഡിസി ആരാഞ്ഞതിന് അച്ഛന്‍ മറുപടി നല്‍കിയത് അപ്പോള്‍ എനിക്ക് ഈ പുസ്തകങ്ങള്‍ സൗജന്യമായി നല്‍കാനാവില്ലല്ലോ എന്നാണ്. അച്ചടിക്കുന്ന പുസ്തകങ്ങളുടെ 40 ശതമാനത്തോളം മാത്രമേ അച്ഛന്‍ വില്‍പനയ്ക്കായി ഡി സി ബുക്സിനെ ഏല്‍പിച്ചിരുന്നുള്ളു.

 

എന്റെ മകള്‍ ചെന്നൈയില്‍ പഠിക്കുന്ന കാലത്ത് ഇടയ്ക്കിടെ അച്ഛന്‍ വിളിച്ച് അവള്‍ക്ക് മലയാളം വായിക്കാനറിയുമോ എന്നു ചോദിക്കുമായിരുന്നു. ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കുമ്പോള്‍ നീ പഠിപ്പിക്കണം എന്നു പറയും. അവള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്ത്യാ ടുഡേ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് എന്നെ ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ അച്ഛനായിരുന്നു ഏറ്റവും ആനന്ദം. അവള്‍ ഇനി മലയാളം പഠിക്കുമല്ലോ എന്നായിരുന്നു അച്ഛന്റെ ട്രാന്‍സ്ഫറിനോടുള്ള ആദ്യ പ്രതികരണം! അച്ഛനെ ഏറെ സന്തോഷിപ്പിച്ചുകൊണ്ട് മകള്‍ ഈ വര്‍ഷത്തെ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തിനും ഇംഗ്ലീഷിനും നൂറില്‍ 99 മാര്‍ക്ക് നേടുകയും ചെയ്തു. മറ്റു വിഷയങ്ങള്‍ മാര്‍ക്ക് പോലും ചോദിക്കാതെ മലയാളത്തിനു പേരക്കുട്ടിക്കു ലഭിച്ച മാര്‍ക്ക് സുഹൃത്തുക്കളേയും ബന്ധുക്കളേയും ഫോണില്‍ വിളിച്ചു പറയുന്ന അച്ഛന്റെ ഭാവം ഇന്നലെയെന്നപോലെ മുന്നിലുണ്ട്.

 

മഹാരാജാസ് കോളെജ് മുന്‍പ്രിന്‍ഡസിപ്പാള്‍ കെ എന്‍ ഭരതന്‍ മാസ്റ്ററും അച്ഛനുമായിരുന്നു പാലിയത്തെ നായര്‍ സമാജം ലൈബ്രറിയുടെ ദീര്‍ഘകാല അമരക്കാര്‍. ലൈബ്രറി വായനയ്ക്കു മാത്രമല്ല സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടെ കൂടി കേന്ദ്രമായി മാറണമെന്ന അവരുടെ ചിന്തയില്‍ നിന്നാണ് നിരവധി സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും അവിടെ സംഘടിപ്പിക്കപ്പെട്ടു തുടങ്ങിയത്. രാവിലെ പത്തുമണിയാകുമ്പോള്‍ അച്ഛന്‍ ലൈബ്രറിയില്‍ എത്തിയിരിക്കും. വൈകിട്ട് നാലുമണിക്കും വീട്ടില്‍ നിന്നുള്ള ഈ യാത്ര തുടരും. ആധുനിക തരത്തില്‍ ലൈബ്രറിയെ ക്രമീകരിക്കുകയും വായനശാലാ സംസ്‌കാരത്തിന് ഒരു പുതിയ മുഖം നല്‍കുകയും ചെയ്തതിന്റെ പേരില്‍ കേരള സാഹിത്യ അക്കാദമി മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പുരസ്‌കാരം നല്‍കി 2014ല്‍ അച്ഛനെ ആദരിക്കുകയും ചെയ്തിരുന്നു. അതിനു മുമ്പേ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം 1992ല്‍ അച്ഛനെ തേടിയെത്തുകയും ചെയ്തിരുന്നു. കാര്‍ഷിക പുരസ്‌കാരങ്ങളും സാഹിത്യപുരസ്‌കാരങ്ങളുമടക്കം പലതും വേറെ ലഭിച്ചുവെങ്കിലും എല്ലാ പുരസ്‌കാരങ്ങളേക്കാളും വലുത് അധ്യാപകനെന്ന നിലയില്‍ ശിഷ്യന്മാരില്‍ നിന്നും ലഭിച്ച സൗഹൃദവും സ്നേഹവുമാണെന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. ഒരു ശിഷ്യനോട് സ്നേഹത്തോടെ സംസാരിക്കുമ്പോള്‍ അച്ഛന്റെ മുഖത്ത് തെളിഞ്ഞിരുന്ന ആ ആനന്ദമുണ്ടല്ലോ, അതൊരിക്കലും പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോള്‍ ആ മുഖത്ത് കണ്ടിരുന്നില്ല.

 

തെറ്റ് തെറ്റാണെന്ന് പറയണം എന്നാണ് കുട്ടിക്കാലം മുതല്‍ അച്ഛന്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. തെറ്റു കണ്ടാല്‍ എന്തുവില കൊടുത്തും അതിനെ എതിര്‍ക്കണമെന്ന ആ ശാഠ്യം സംഘടനയിലടക്കം അച്ഛന്‍ പുറത്തെടുത്തിരുന്നു. എനിക്കും അത്തരമൊരു അനുഭവമുണ്ട്. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അധ്യാപകദിനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും 20 പൈസ സ്റ്റാമ്പ് വിതരണത്തിലൂടെ ശേഖരിക്കുന്നത് പരസ്യമായി എതിര്‍ത്തപ്പോള്‍ ക്ലാസ് ടീച്ചര്‍ ഹെഡ് മാസ്റ്ററെ ചെന്നു കണ്ട് കാര്യം പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ക്ലാസില്‍ എഴുന്നേറ്റു നിന്ന്, സ്റ്റാമ്പ് വേണ്ടാത്ത മറ്റു കുട്ടികളോട് കൂടെ വരാന്‍ പറഞ്ഞു. ഹെഡ്മാസ്റ്ററെ കണ്ട് കാര്യം പറഞ്ഞെങ്കിലും അദ്ദേഹം അതൊരു വലിയ വെല്ലുവിളിയായാണ് കണ്ടത്. സ്‌കൂളില്‍ അധ്യാപികയായിരുന്ന അമ്മയെ ഞാന്‍ ചെയ്ത ക്രൂരകൃത്യത്തിന് ശാസിക്കുകയാണ് അദ്ദേഹം ചെയ്തത്. വീട്ടിലെത്തിയപ്പോള്‍ അമ്മയ്ക്ക് കിട്ടിയ ചീത്തവിളിയുടെ വേദന അമ്മ എന്നോട് തീര്‍ത്തു. എന്നാല്‍ അച്ഛന്‍ വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നായിരുന്നു എന്നെ പിന്തുണച്ചുകൊണ്ട് അച്ഛന്റെ ചോദ്യം. അധ്യാപകദിനത്തിന് എന്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പിരിക്കണം?

 

അച്ഛന്റെ മരണത്തിന് തലേദിവസം രാവിലെ ശിഷ്യന്മാരിലൊരാളായ ദേവദാസ് വേമ്പനാട്ട് അച്ഛനെ കണ്ടപ്പോഴുണ്ടായ അനുഭവം ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവച്ചത് ഓര്‍ക്കുന്നു. അത് ഞാനിവിടെ പകര്‍ത്തുകയാണ്. അധ്യാപനത്തിന്റെ അഗ്നിബീജം അച്ഛനില്‍ മരണം വരെ അസ്തമിച്ചിട്ടുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കാന്‍ അത് ധാരാളം മതി. ദേവദാസ് എഴുതുന്നു: 'മാസ്റ്ററുടെ അവസാന പറവൂര്‍ യാത്രയില്‍ എനിക്കും കിട്ടി പതിവില്ലാത്ത ഒരു യാത്രാമൊഴി. രാവിലെ ട്രെഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ചെന്നതായിരുന്നു. നേരത്തെ എത്തിയ മാസ്റ്റര്‍ പിന്നീടു വരുന്നവര്‍ക്ക് സഹായകമായ ചെറു നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് മുന്‍വാതിലിനു സമീപം തന്നെ ഇരുന്നിരുന്നു. പെന്‍ഷന്‍ വാങ്ങി അദ്ദേഹം പടിയിറങ്ങുമ്പോള്‍ മാസ്‌ക് വച്ചിട്ടുള്ളതുകൊണ്ട് എന്നെ തിരിച്ചറിഞ്ഞില്ല എന്നു കരുതി ഞാന്‍ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്തി. അപ്പോള്‍ കണ്ണില്‍ തെളിഞ്ഞ വിടര്‍ന്ന ചിരിയോടെ മനസ്സിലായി എന്നു പറഞ്ഞു. തുടര്‍ന്ന് സ്നേഹവാല്‍സല്യങ്ങളുടെ ഇളം ചൂടുള്ള ഒരു ഹസ്തദാനം. പിന്നെ പോട്ടെ എന്നു പറഞ്ഞു പിരിഞ്ഞു. മാസ്റ്ററില്‍ നിന്നു കിട്ടിയ ആദ്യത്തെയും അവസാനത്തെയും ഹസ്തദാനം. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളം അദ്ധ്യാപകനായിരുന്നു ജയപാലന്‍ മാസ്റ്റര്‍. ഭാഷയിലും സാഹിത്യത്തിലും എന്നെപ്പോലെ പലര്‍ക്കും താല്‍പര്യം ജനിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. മാസ്റ്റര്‍ മലയാളത്തില്‍ ഒപ്പിടുന്നതു കണ്ടിട്ടാണ് ഞാനും മലയാളത്തില്‍ ഒപ്പിട്ടു തുടങ്ങിയത്.'

 

ജയപാലന്‍ മാസ്റ്റര്‍ ഇരുപത്തിയെട്ടാം വയസ്സില്‍ (മധ്യത്തില്‍ പാന്റ്സിട്ടയാള്‍) 

വാക്കുകള്‍ക്കപ്പുറം അച്ഛനെപ്പറ്റി ഞാന്‍ എന്തെഴുതാനാണ്? ഞങ്ങളുടെ മനസ്സിലെന്നപോലെ അവരുടെ മനസ്സുകളിലും മായാത്ത ചിത്രങ്ങള്‍ വരച്ചിട്ടാണ് അച്ഛന്‍ യാതയായത്. അച്ഛന്‍ നട്ട ചെണ്ടുമല്ലികള്‍ ഓണത്തിന് വിടര്‍ന്നുനില്‍ക്കുമ്പോള്‍ എത്രയെത്ര മനസ്സുകളില്‍ എത്രയോ പൂവുകള്‍ വിരിയിച്ചിട്ടാണ് അച്ഛന്‍ മടങ്ങിയതെന്ന് ഞാന്‍ വെറുതെ ഓര്‍ത്തു. അച്ഛന്‍ ഒരു പൂന്തോട്ടമായിരുന്നു......

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image