സി ശങ്കര്‍ :

ചരിത്രത്തിന്റെ കാഴ്ച

പി എസ് ജോസഫ്‌

 


വയസ്സ് ജീവിതത്തില്‍ വലിയൊരു ഘടകമല്ല ജീവിച്ച ആ ഘട്ടത്തില്‍ എങ്ങനെ നാം സ്വയം അടയാളപ്പെടുത്തി എന്നത് മാത്രമാണ് പ്രധാനം .അങ്ങനെ നോക്കിയാല്‍ കാല്‍ നൂറ്റാണ്ടിലെ കലാ സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ സംഭവങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശങ്കര്‍ ചെല്ലപ്പന്‍ പിള്ള എന്ന സി ശങ്കര്‍ മലയാളം ഒരിക്കലും മറക്കാനിടയില്ലാത്ത ഫോട്ടോഗ്രാഫര്‍ ആണ്.സി ശങ്കര്‍ തന്റെ അറുപത്തിരണ്ടാം വയസ്സില്‍ വ്യാഴാഴ്ച അന്തരിച്ചു .ഇന്ത്യാ ടുഡേയ്ക്ക് വേണ്ടി അദ്ദേഹം എടുത്ത ചിത്രങ്ങള്‍ ഇനി സംസാരിക്കും .  

സിനിമയില്‍ നിന്ന് പത്രപ്രവര്‍ത്തന രംഗത്തേക്ക് വന്നയാളാണ് ശങ്കര്‍ .ബാലചന്ദ്രമേനോന്‍റെ അസിസ്റ്റന്റ് റ്  ക്യാമറാമാന്‍ സംവിധായകനോ നിര്മാതാവോ ആയില്ല എന്നത് കൗതുകകരമായകാര്യമാണ് .തൊണ്ണൂറില്‍ തുടക്കം കുറിച്ച ഇന്ത്യ ടുഡേയുടെ മലയാളം പതിപ്പില്‍ ശങ്കറിനെ അസോസിയേറ്റ്‌ എഡിറ്റര്‍ പി കെ ശ്രീനിവാസന്‍ കൈപിടിച്ചു കയറ്റുന്നു .പിന്നിടുള്ള 25 വര്‍ഷങ്ങള്‍ ശങ്കര്‍ എടുത്ത ഫോട്ടോ ഇല്ലാതെ ഒരു പതിപ്പും പുറത്തിറങ്ങിയിട്ടില്ല .അഞ്ഞൂറില്‍ അധികം കവര്‍ ചിത്രങ്ങള്‍ ശങ്കര്‍ എടുത്തിട്ടുണ്ട്.രാഷ്ട്രീയത്തിലും സിനിമയിലും സാഹിത്യത്തിലും മറ്റു മേഖലകളിലും തിളങ്ങിയവരുടെ എല്ലാം ചിത്രങ്ങളും ആ ക്യാമറ കണ്ണില്‍ പതിഞ്ഞു .  

സംഭവബഹുലമായിരുന്നു ആയ കാലയളവ്‌ .കരുണാകരനും ഇ കെ നായനാരും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും പിണറായിയും ഭരിച്ചപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും ശങ്കറിന്റെ കാമറയില്‍ പതിഞ്ഞു .ഇവരൊന്നും ക്യാമറ കാണുമ്പോള്‍ തല കുനിച്ചു കൊടുക്കുന്ന പബ്ലിസിറ്റി കമ്പക്കാരല്ല എന്നോര്‍ക്കണം .പക്ഷെ അവരുടെ ജീവിതത്തിലെ അസാധാരണമായ നിമിഷങ്ങള്‍  ശങ്കര്‍ ഒപ്പിയെടുത്തു .ഇ എം എസ്സിന്റെ,ഗൌരിയമ്മയുടെ ഹൃദയ്‍ം തുറക്കുന്ന ചിത്രങ്ങള്‍ ഈ സാധാരണക്കാരന്‍റെ ചെറിയ ക്യാമറയില്‍ പതിഞ്ഞതാണ് .

ഇന്ത്യയിലെ ആദ്യത്തെ എയിഡ്സ് രോഗിയുടെ വേദനാനിര്‍ഭരമായ മുഖം ശങ്കര്‍ ഒപ്പിയെടുത്തു .വിലയില്ലാത്ത അധാരം കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന അട്ടപ്പാടിയിലെ ആദിവാസി ,വി എം സുധീരന്റെയും പി ഗോവിന്ദപിള്ളയുടെയും ചിത്രങ്ങള്‍ ,ശ്രീകുമാരന്‍ തമ്പിയുടെയും സീമയുറെയും ശ്രീവിദ്യയുടെയും ചിത്രങ്ങള്‍ ,സുരേഷ് ഗോപിയുടെയും ബാലചന്ദ്രമേനോന്റെയും ചിത്രങ്ങള്‍ ,സക്കറിയയുടെയും ഓ എന്‍ വിയുടെയും ചിത്രങ്ങള്‍ .വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ക്ക് പിന്നില്‍ ശങ്കര്‍ ഉണ്ട് .ക്യാമറക്ക്‌ വഴങ്ങാത്ത സൂപ്പര്‍ താരങ്ങളും നടികളും ശങ്കറിന് മുന്‍പില്‍ പോസ് ചെയ്തു .അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സുഹൃത്തുക്കള്‍ പദ്ധതിയിട്ടിരുന്നു .പക്ഷെ അതിനു മുന്‍പേ മരണം കടന്നു വന്നു .  

ഡിജിറ്റല്‍ ക്യാമറകള്‍ക്ക് മുന്‍പ് ട്രാന്‍സ്പെരന്സികളില്‍ ചിത്രമെടുത്തു അത് പ്രോസെസ്സ് ചെയ്തു സമയത്തിനു എത്തിക്കുക എന്ന ദുര്‍ഘട ദൌത്യവും അന്ന് ക്യാമറാമാന്‍ അനുഷ്ടിക്കണമായിരുന്നു.ചെന്നെയും ഡല്‍ഹിയും ഏറെ അകലെയായിരുന്ന ആ കാലത്ത് അതത്ര എളുപ്പമായിരുന്നില്ല .   മാന്യതയോടെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍ ഉള്ളവരോടും വുത്യസ്ത മനോഭാവക്കാരോടും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി .ആവശ്യമില്ലാഞ്ഞിട്ടു പോലും ക്യാമറ തോളില്‍  ഏറ്റി കേരളത്തിലെ സംഘര്‍ഷഭൂമിയില്‍ ശങ്കര്‍ ഓടിയെത്തി എം ജി രാധകൃഷ്ണന്റെയും ജേക്കബ്‌  ജോര്‍ജിന്റെയും സുന്ദര്‍ ദാസിന്റെയും സരിത എസ ബാലന്റെയും ബിന്ദുരാജിന്റെയും ബൈ ലൈനിന് ഒപ്പം  എക്കാലവും സ്ഥാനം പിടിച്ചു .ഒരു ക്യാമറാമാനു അതില്‍ കുടുതല്‍  എന്തൊരു അംഗീകാരമാണ് പ്രതീക്ഷീക്കാനുള്ളത് !

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image