നോവല്‍

അപരിചിത

അധ്യായം 1

പിന്‍വിളികളുടെ നിഴല്‍പക്ഷികള്‍
കാലം എന്ന യാനത്തിന്റെ അഭംഗുരമായ യാത്ര. ഞാന്‍ നീന്തിത്തുടിച്ച ഈ മഞ്ഞളരുവിത്തോട്ടില്‍ നിന്നും എന്നെ ഏറെയകറ്റിയിരിക്കുന്നു . നീണ്ടു പോയ ദിനരാത്രങ്ങള്‍ക്കും ഉണ്ടുപോയ നിരവധി ഓണസദ്യകള്‍ക്കുമൊടുവില്‍ വീണ്ടുമൊരു പ്രയാണം ..വേരകങ്ങളിലേയ്ക്ക് ....നീരകങ്ങളിലേക്ക് ...നാളകങ്ങളിലേക്ക് ....
അങ്ങനെ നീണ്ട പത്തു  വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ഞളരുവിയിലെത്തിയിരിക്കുന്നു . ഒരിക്കല്‍ പാലം മുട്ടെ സംഹാരരുദ്രയായി ഒഴുകിയിരുന്ന പുഴ ഇന്നില്ല ...എന്റെ മഞ്ഞളരുവി മരിച്ചിരിക്കുന്നു ...അവളുടെ മണികിലുക്കം നിലച്ചിരിക്കുന്നു ...തൊങ്ങലായി പുഴയരികില്‍ നിലയുറപ്പിച്ചിരുന്ന മണിമരുതുകളും  ...അവരുടെ പുഷ്പ വൃഷ്ടിയും ഇന്ന് മഞ്ഞളരുവിയ്ക്ക് അന്യം ...അവളുടെ പ്രേതം .ഒരു വറ്റി വരണ്ട പുഴയോര്‍മയായി ..നീര്‍ച്ചാലായി ...ശബ്ദമില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളക്കുഴികളും ...മനുഷ്യര്‍ കുഴിച്ച ചെറിയ  ഓലികളും ...ഇടയ്ക്കിടെ മുളച്ച കാട്ടു പുല്ലുകളും ...അതി സുന്ദരിയായിരുന്ന അവളുടെ അസ്ഥികൂടത്തില്‍ അവരൊക്കെ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു . എന്റെ മഞ്ഞളരുവീ ..എന്നെ കൊതിപ്പിച്ച കിലുക്കാം പെട്ടീ ..നിനക്കെന്താണു പറ്റിയത് ..നിന്റെ അലയൊലികള്‍ക്ക് ആരാണു കൂച്ചുവിലങ്ങിട്ടത് ..?പേരറിയാത്തൊരു നൊമ്പരം മനസിന്റെ തായ്വേരു തൊട്ടിറങ്ങുന്നത് ഞാനറിഞ്ഞു .സ്വത്വം നഷ്ടപ്പെട്ടവളായി ഞാനിരുന്നു . എനിക്കു നഷ്ടപ്പെട്ടത് എന്റെ ചിലമ്പൊലികള്‍ ...എന്റെ അലയൊലികള്‍ ...എന്റെ പാദസരങ്ങള്‍ ...എന്റെ കുളിരൊലികള്‍ ...എന്റേതു മാത്രമായ സ്വത്വബോധം എന്നിലേയ്ക്ക് ഉള്‍വലിയാന്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു . 

''മാം ..നമുക്കു പോകണ്ടെ ..മാമിന്റെ വീട്ടിലേയ്ക്ക് ...ഇവിടെയിങ്ങനെ ..?'' ഡ്രൈവര്‍ മാക്‌സിച്ചേട്ടന്റെ ചോദ്യം എനിക്കൊരു പിന്‍വിളിയായി ..

''ഉം ...പോണം ..വണ്ടിയെടുത്തോളൂ .. '

ഒരു കാലത്ത് ഒരു നാടിനു മുഴുവന്‍ അഭയമായ തറവാടു വീട്ടിലേയ്ക്കുള്ള യാത്രയാണ് ..ഒരു ദശാബ്ദത്തിനു ശേഷമുള്ള യാത്ര . പിച്ച വച്ചപ്പോള്‍ മുതല്‍ നാട്ടു പ്രമാണിയായ പപ്പയെക്കാണാന്‍ കാലത്തു മുതല്‍ വന്നു തുടങ്ങുന്ന നാട്ടുകാരെ കണ്ടായിരുന്നു എന്റെ ശീലം . വീട്ടിലെന്നും കറവപ്പശു വേണം . അതു നിര്‍ബന്ധമായിരുന്നു കടുവാസാറെന്ന അപരനാമധാരിയായ എന്റെയപ്പന് . കാരണം വരുന്നവര്‍ക്കൊക്കെ നല്ല രസ്യന്‍ കാപ്പി കൊടുത്തോളണം . അത് കര്‍ശനനിയമമാണ് ..എഴുതപ്പെടാത്ത നിയമം . അഭംഗുരം പാലിച്ചു വരുന്ന നിയമം ..മമ്മിയുടെ കാപ്പി ഒരു തവണ കുടിച്ചവരാരും ആ കൈപ്പുണ്യം മറന്നിരുന്നുമില്ല . അച്ചാമ്മച്ചേടത്തീടെ കാപ്പിയുടെ പ്രശസ്തി അക്കര കടന്നതിനു കാരണവും മറ്റൊന്നുമല്ല . 

''മാം ..ഇനിയെങ്ങോട്ടാണ് ..? '

മാക്‌സിച്ചേട്ടന്‍ തിരിഞ്ഞുചോദിച്ചു ..

2

''യ്യോ ..വണ്ടി മുമ്പോട്ടു പോയല്ലോ മാക്‌സിച്ചേട്ടാ , പതുക്കെ പുറകോട്ടെടുത്തേ ..ദേ പുറകിലുള്ള ആ വലതു വശത്തെ റോഡാ.. '

ഗൃഹാതുരത്വത്തിന്റെ ലോകത്തു നിന്നു പുറത്തു ചാടിയ ഞാന്‍ പെട്ടെന്നു വിളിച്ചു പറഞ്ഞു . 

''യ്യോ ..ഇതെന്താ ...കനകമുടി കുരിശുമലയോ ..വണ്ടി കേറുമോ ? '

മാക്‌സിച്ചേട്ടന്‍ അന്ധാളിപ്പു വിടാതെ ചോദിച്ചു . 

''പിന്നെന്താ ...സൂക്ഷിച്ചങ്ങു കേറ്റിക്കോ '

ചെല്ലുമ്പോളുണ്ട് ഞാന്‍ നട്ട എന്റെ പുന്നാര ചാമ്പ മൂത്തു നരച്ചു നില്‍പാണ് . ഒത്തിരി പരാതിയുണ്ടവള്‍ക്കു പറയാനെന്നു തോന്നി . അവളുടെ യോഗ്യതയൊക്കെ ആരൊക്കെയോ വെട്ടിനശിപ്പിച്ചു കളഞ്ഞിരിക്കുന്നു . എന്നോടുളള വൈരാഗ്യമാണോ നീ അനുഭവിച്ചത് ? മനസിലുയര്‍ന്ന ചോദ്യത്തിനു മറുപടിയെന്നോണം ചാമ്പ ഒരു പുഴു കുത്തിയ പച്ചില താഴെയിട്ട് അവളുടെ കണ്ണീരറിയിച്ചു . 

മുറ്റത്തേയ്ക്കു ബദ്ധപ്പെട്ടു വണ്ടി കയറ്റിയ ഡ്രൈവര്‍ വലിയൊരു മഹായജ്ഞത്തിനു ശേഷമെന്നോണം ഒന്നു പുഞ്ചിരിച്ചു . 

''എവിടെ ...എവിടെ ഞാനാദ്യം നട്ട എന്റെ ചെമ്പരുത്തി ..? '
വല്ലാത്തൊരു
നൊമ്പരച്ചൂട് ആഴത്തിലാഴ്ന്നിറങ്ങുന്നത് ഞാനറിഞ്ഞു . ഞാനാദ്യം നട്ട ചെമ്പരുത്തി ..അവള്‍ ഒരുപാടു തേന്‍കുരുവികള്‍ക്ക് അഭയമായിരുന്നു . ഒരുപാടു പറവകള്‍ക്കും ...ഇന്നിപ്പോള്‍ അവളുടെ പിന്‍ഗാമികളായിപ്പോലും ആ മുറ്റത്താരുമില്ല ...ഒരു പൂച്ചെടി പോലും എങ്ങുമില്ല . പ്രകാശം പരത്തുന്ന പൂക്കള്‍ എന്റെ സഹോദരനും അവന്റെ കുടുംബത്തിനും അസ്വസ്ഥതയാവാം ...അല്ലെങ്കിലും അതാണല്ലോ അവന്റെ നയവും നീതിയും ...അല്ലായിരുന്നെങ്കില്‍ നീണ്ട പത്തു വര്‍ഷങ്ങള്‍ ഞാനൊരു അഗ്‌നിപര്‍വത ജീവിതത്തില്‍ പെട്ടുഴലുകയില്ലായിരുന്നല്ലോ .

മുറ്റത്ത് ആലോചനകളില്‍ മുഴുകി നില്‍ക്കവേ മക്കള്‍ കോളിംഗ് ബെല്ലടിച്ചു. 

''യ്യോ ...ഇതാരാത്..? വായോ ..വായോ... '

നിഷ ഇറങ്ങി വന്നു . ചാടിക്കളിച്ച ജന്മഗൃഹത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം കാലെടുത്തു വച്ചപ്പോള്‍ എന്തു കൊണ്ടോ മോര്‍ച്ചറിയിലേക്കു കാലെടുത്തു വച്ച പോലൊരു വികാരം എന്റെ പെരുവിരലില്‍ നിന്നരിച്ചു കയറി ...മുകളിലേക്ക് ...

വല്ലാത്തൊരു വൈവശ്യത്തോടെ ഞാനവിടെല്ലാം തിരഞ്ഞു . മണ്‍മറഞ്ഞ എന്റെ പപ്പയുടെയോ മമ്മിയുടെയോ ചിത്രങ്ങള്‍ ഞാനവിടെവിടെയും കണ്ടില്ല . എന്തൊക്കെയോ കുറേ ചപ്പും ചവറും കൊണ്ട് ഭിത്തികളെല്ലാം നിറഞ്ഞിരിക്കുന്നു. അവസാനം സഹികെട്ടു ഞാന്‍ ചോദിച്ചു. 

''എവിടെ പപ്പയും മമ്മിയും ...? ' 

അപ്പോളെന്റെ കണ്ണുകള്‍ രണ്ടു പൊയ്ക തോടുകളായിരുന്നു.


3
'ദേ...ഇതല്ലേ ...പപ്പായും മമ്മീം ... '
അവള്‍ ഞങ്ങളെ ഡൈനിങ് ഹാളിലേക്കു നടത്തി. അവിടെ അത്ര പെട്ടെന്നാര്‍ക്കും കണ്ണെത്താത്ത രീതിയില്‍ പപ്പയുടെയും മമ്മിയുടെയും രണ്ടു ചിത്രങ്ങള്‍ വച്ചിരിക്കുന്നു.....

നൊന്തു ...വല്ലാതെ ...
മനസിന്റെ നിലവിളി ചാപിള്ളയാകുന്നത് ഞാനറിഞ്ഞു. സിറ്റൗട്ടില്‍ വയ്ക്കാന്‍ പറ്റാത്തത്ര എന്റെ പപ്പയും മമ്മിയും എന്തപരാധമാണ് അവരോടു ചെയ്തത്..?

അധ്യായം 2

അത്ഭുത കിണറ് 
 

''മാം ..ദേ നോക്കിയേ ..അത്ഭുത കിണറ് ...! '
മാക്‌സിച്ചേട്ടന്റെ അത്ഭുതം അങ്ങ്അടുക്കള വരെയെത്തി. നിഷയോടൊപ്പം അടുക്കളയില്‍ കൊച്ചു വര്‍ത്താനം പറയുകയായിരുന്നു ഞാനപ്പോള്‍ . 

''ങാ ...ഇവിടങ്ങനാ ..അത്ഭുത കിണറും അത്ഭുത കുളവുമൊക്കെ കാണാം . സൂക്ഷിച്ചോ അല്ലേച്ചിലപ്പം അത്ഭുതപ്പാമ്പിനേം കണ്ടെന്നു വരും ... '

ഞാനുറക്കെ വിളിച്ചു പറഞ്ഞു . 

''യ്യോ ... '

ഒരലര്‍ച്ച . രണ്ടു നിമിഷങ്ങള്‍ക്കകമുണ്ട് വിയര്‍ത്തു കുളിച്ച് മാക്‌സിച്ചേട്ടന്‍ ഡൈനിങ് റൂമില്‍ . കഷണ്ടിയില്‍ നിന്നടക്കം വിയര്‍പ്പ് ആനമുഴുപ്പിലുള്ള തുള്ളികളായൂര്‍ന്നു വീഴുന്നു . 

''ഹഹഹഹ ..

എന്തായിത് മാക്‌സിച്ചേട്ടാ .,,,, '

'ദോണ്ടവിടെ...അവിടെ ...നല്ലൊരെണ്ണമാ ... '
ആ സാധു മനുഷ്യന്‍ ഭയന്നു പൂക്കുല പോലെ വിറച്ചു.

''ആ ...അതൊക്കെക്കാണും ..അതല്ലേ പറഞ്ഞേ സൂക്ഷിച്ചോളാന്‍ .. '

ഞാന്‍ ചിരിച്ചു . 

''ആ ഭാഗത്തെപ്പോഴുമൊരു എട്ടടി മൂര്‍ഖനുണ്ട് . അധികമങ്ങോട്ടു പോകണ്ട . '
നിഷ ഓര്‍മിപ്പിച്ചു . 

കഴിഞ്ഞ ദിവസമവന്‍ കോഴിക്കൂട്ടിലും കയറി . മുട്ടയും തിന്നു കോഴിക്കുഞ്ഞിനേം തിന്നു ..നിഷയുടെ സങ്കടം വാക്കുകളായൊഴുകി .
4

''ഹമ്മേ ... '
മാക്‌സിച്ചേട്ടന്റെ കണ്ണുകള്‍ ബുള്‍സൈകളായി.
''അവിടമൊക്കെ ഒന്നു തെളിച്ചിടാന്‍ അവനോടു പറയൂ നിഷേ ...എന്നിട്ട് കുറച്ച് ആകാശഗരുഡന്‍ കിഴങ്ങും അവിടൊക്കെ നട്ടുപിടിപ്പിക്ക് ...അപ്പോഴവന്‍ പൊക്കോളും .. '
ഞാന്‍ പറഞ്ഞു .

പണ്ടു പൂപ്പുല്ലാന്നിയില്‍ കയ്യുടക്കിക്കിടന്ന കുഞ്ഞാങ്ങളയായിരുന്നു അപ്പോഴെന്റെ മനസില്‍ .
അന്നെനിക്കു പ്രായം പത്ത് വയസ്. അവന് രണ്ടു വയസും .ആറ്റുനോറ്റു കിട്ടിയ കുഞ്ഞാങ്ങളക്കുട്ടന്‍ പൂ പറിക്കാന്‍ പോയതാണ് കുഞ്ഞടികള്‍ വച്ച് ...മമ്മീടെ കണ്ണും വെട്ടിച്ച് ...ദേ കിടക്കുന്നു താഴെ ...വീണുപോകാതിരിക്കാന്‍ പൂപ്പുല്ലാന്നിയുടെ വള്ളിയില്‍ മുറുകെപ്പിടിച്ച ആ കുഞ്ഞുള്ളം കൈയില്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെയാ അന്ന് പൂപ്പുല്ലാന്നി വള്ളിയുടെ മുഴുത്തൊരു മുള്ള് തറച്ചു കേറിയത് . അന്നു ഞാന്‍ പേടിച്ച പേടി..പൂപ്പുല്ലാന്നിയുള്ളിടത്ത് പുല്ലാന്നിമൂര്‍ഖന്‍ വരുമത്രെ ..! കുഞ്ഞാവേടെ കാറിച്ച കേട്ടപ്പം ഞാനങ്ങനെയാ കരുതിയെ..അതോണ്ടാ ജീവന്‍ കളഞ്ഞോടി വന്നവനെ മുള്ളിനിടയില്‍ കയറിയെടുത്തത് . പാമ്പൊന്നും ആ വഴിക്കൊന്നും വന്നിട്ടേയില്ലെന്നു മനസിലായതോടെയാണ് അന്നേരം ആശ്വാസമായത് .പാവം കുഞ്ഞാവയുടെ കരച്ചിലു നിര്‍ത്താന്‍ അന്നെത്ര പാടുപെട്ടെന്നോ എന്നിലെ പത്തു വയസുകാരി ചേച്ചി .....! പക്ഷേ , കാലയാനം കടവുകള്‍ കടന്നപ്പോള്‍ കുഞ്ഞാവ കുഞ്ഞു മുതലാളിയായി ...ധനാസക്തനായ കുഞ്ഞു മുതലാളി... അതാണല്ലോ ഉടുതുണിയും രണ്ടു മക്കളുമായി ഞാനിവിടുന്ന് ഇറങ്ങേണ്ടി വന്നത് ..! കാലം എന്ന മാന്ത്രികന്റെയോരോ ജാല വിദ്യകളേ...!  
 
അധ്യായം 3

പാക്കരന്‍ ചേട്ടായി

ഒരു ചെറിയെ ഓലിയാണ് ഈ അത്ഭുത കിണര്‍ . കൊച്ചു ബക്കറ്റില്‍ കൈ കൊണ്ടു വെള്ളം മുക്കിയെടുക്കാം . നല്ല പരിശുദ്ധമായ തെളിനീര് ..ഒരൊറ്റയുറവ. ഇതു പറയുമ്പം എന്റെ പുന്നാര പാക്കരന്‍ ചേട്ടായിയെ ഓര്‍ക്കാതിരിക്കാന്‍ മേല . പുള്ളിക്കാരനെ മറന്നാപ്പിന്നെ അത്ഭുത കിണറുമില്ല . കാര്യമിതാണ് ..അന്നെനിക്കു മൂന്നോ നാലോ വയസു കാണും . ഓര്‍മ വച്ച പ്രായം ...അത്ര തന്നെ . പറമ്പിലെ പണിക്കാരുടെ പുറകേ കരിയിലപ്പെട പോലെ ചിലച്ചങ്ങനെ ഓടി നടക്കുന്ന കാലം
. എന്റെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു വീട്ടിലെ സ്ഥിരം പണിക്കാരനായിരുന്ന പാക്കരന്‍ ചേട്ടായി. കൂട്ടത്തില്‍ പത്രോസു മൂപ്പനും ഉണ്ടെങ്കിലും പുള്ളിയോട് എനിക്കത്ര ഇഷ്ടമൊന്നുമില്ലാരുന്നു . അല്ലേലും ഈ പത്രോസു മൂപ്പനൊരു മൂരാച്ചിയാ..ഒരു ബലൂണ്‍ പോലും എനിക്കു കൊണ്ടത്തന്നിട്ടില്ല ..പക്ഷേ പാക്കരന്‍ ചേട്ടായി അങ്ങനല്ല ..എന്തോരം ബലൂണാ എനിക്കു വാങ്ങിത്തന്നേന്നറിയോ ..ഞാനതങ്ങനെ വീര്‍പ്പിച്ചു വീര്‍പ്പിച്ച് ..വല്യ ഗമേലങ്ങനെ നടക്കും . അതു കൊണ്ടന്നും പതിവു പോലെ പാക്കരന്‍ ചേട്ടായീടെ പണി കാണാന്‍ പുറകേ നടക്കുവാരുന്നു ഞാന്‍ . വീടിനു പുറകിലത്തെ കയ്യാലമാട്ട ഇടിച്ചു നിരപ്പാക്കുകയായിരുന്നു അന്നു പാക്കരന്‍ ചേട്ടായീടെ പണി. ഞാന്‍ പതിവു കലാപരിപാടികളുമായി പാക്കരന്‍ ചേട്ടായീടെ പുറകേ കൂടി. എന്റെ പൊട്ടച്ചോദ്യങ്ങള്‍ക്കൊക്കമറുപടി പറഞ്ഞോണ്ടിരുന്ന പാക്കരന്‍ ചേട്ടായി പെട്ടെന്നൊരലര്‍ച്ച ....

''വര്‍ക്കിസാറേ ..ഓടി വാ ...ഇവിടൊരൊറവ ... '
5

കുറച്ചപ്പുറത്ത് എന്തോ ചെയ്തു കൊണ്ടിരുന്ന പപ്പ ഓടി വന്നു . ശരിയാണ് . അപ്പോ ഇതാണ് ഉറവ. കയ്യാലമാട്ടേടെ മൂട്ടിലൊണ്ട് ഒരു പൊത്ത് ....അതിനകത്തു നിന്നു ദേ ....കുട്ടിപ്പാളേടെ മൂല ചീറ്റുന്ന പോലെ നല്ല വെള്ളം ചീറ്റുന്നു ....ഹമ്പടാ ...അന്നേരം ഇത്രേം നേരം എവിടാരുന്നീ വെള്ളക്കള്ളന്‍ ..? എനിക്കു സഹിച്ചില്ല . പോരെ പോരെ... വേഗം വാ ...ഇനിയങ്ങനെ ഭൂമിക്കടീല്‍ പമ്മിയിരിക്കണ്ട ...എന്നിലെ കുട്ടിയുടെ ജിജ്ഞാസ വാനോളമുയര്‍ന്നു.  അതു നല്ല ശക്തമായി പുറത്തോട്ടൊഴുകുന്നതു കണ്ട പപ്പ കുറച്ചു നേരം അവനെയൊന്നു നിരീക്ഷിച്ചു . എന്നിട്ടുറക്കെ വിളിച്ചു ....
''പത്രോസു മൂപ്പാ ....ഇങ്ങു വന്നേ ... '

'ന്താ സാറേ .. '

തെല്ലപ്പുറത്തു കയ്യാലപ്പണി ചെയ്തിരുന്ന പത്രോസു മൂപ്പനോടി വന്നു . 

''ദേ ...ഇന്നിനി ഇവിടെ പണിതാ മതി ...ഇതു കണ്ടോ .. ?''.പപ്പ ആ നീരുറവയ്ക്കു നേരെ കൈ ചൂണ്ടി . 

''ആ ഹാ കൊള്ളാല്ലോ ...സാറിനു കോളായല്ലോ ...ഇനി ചേടത്തിക്കു വെള്ളത്തിനു പരമസുഖമായല്ലോ സാറെ ... ''പപ്പയൊന്നു പുഞ്ചിരിച്ചു . അവരും ...കഥയറിയാതെ ആട്ടം കാണുന്ന പൊട്ടിയായി ഞാനന്നേരം അവരെ നോക്കി മിഴിച്ചു നിന്നു ...

പിന്നെല്ലാം പെട്ടെന്നായിരുന്നു . പത്രോസുമൂപ്പനതിനു ചുറ്റും കയ്യാല കെട്ടി
...കുഞ്ഞൊരു കയ്യാല ..ആവെള്ളമത്രയും അതില്‍ നിറഞ്ഞു തുളുമ്പി . ഞാന്‍ ഒരു മഗ്ഗ് കൊണ്ടു വന്ന് വെള്ളം കോരിക്കോരിയെടുത്തു ആകെയൊരു ഉത്സവമേളം ...ആഹാ..എന്തോരു രസമായിരുന്നെന്നോ ....? 

ഇന്നിപ്പോ കാലം തല തിരിഞ്ഞു നില്‍ക്കുന്നു . അന്നൊരുറവ സംരക്ഷിക്കാനവര്‍ കാട്ടിയ താല്‍പര്യത്തിനു കടക വിരുദ്ധമായി ഇന്നു കുളങ്ങള്‍ക്കും കായലിനും മീതെയാണ് വന്‍ അംബര ചുംബികളായ ഗോപുരങ്ങളുയര്‍ത്തുന്നത് ...പ്രാണജലഭൂമികകളുടെ വനവൃഷ്ടിപ്രദേശങ്ങള്‍ കൊന്നൊടുക്കാനാണ് ആയിരക്കോടികള്‍ വാരിയെറിയുന്നത് ...! മനുഷ്യന്‍ തലയും കുത്തി നടക്കുന്നു എന്ന് ആരാണു പറഞ്ഞത് ..? ആ ...അറിയില്ല ...എന്തായാലും അതാണു ശരി...

ഇതിനിടെ കുട്ടികളും മാക്‌സിച്ചേട്ടനും ആവെള്ളം കോരിക്കുടിക്കുന്നുണ്ടായിരുന്നു . 

നല്ല തണുപ്പ് ...അവര്‍ പറയുന്നതു കേട്ടു . 

പാവം എന്റെ പാക്കരന്‍ ചേട്ടായി . ഇപ്പോള്‍ എവിടെയാണാവോ ..? ഉച്ചയ്ക്കു പണികയറി ചോറുണ്ട ശേഷം ചായിപ്പിന്റെ കോലായില്‍ കിടന്നൊരു മയക്കമുണ്ട് പാക്കരന്‍ ചേട്ടായിക്ക് ..അന്നേരം എന്നെ മൈന്‍ഡു ചെയ്യത്തില്ല പുള്ളി . അതെനിക്കു ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയത് . അതു കൊണ്ടു ഞാനും കൊടുത്തു ഇടയ്ക്കു പണി . അവിടെ ആശാരി പലക അറുത്തതിന്റെ അറക്കപ്പൊടി ഉള്ളതില്‍ കുറച്ചെടുത്ത് പാക്കരന് ചേട്ടായീടെ മൂക്കിനകത്തങ്ങിട്ടു ...

തുമ്മിക്കൊണ്ടു പുള്ളി ചാടിയെണീറ്റ കണ്ടപ്പോള്‍ കൈ കൊട്ടിച്ചിരിച്ചു . 

''പോ ..കൊച്ചേ അപ്രത്ത് ....ങ്ഹാ... '


6
'അയ്യേ ...അയ്യയ്യേ....അമ്പടി വലസേ ... '

അന്നു ഞാന്‍ തുള്ളിയ തുള്ളല് ...ദൈവമേ ...ഇനി തിരിച്ചു കിട്ടുമോ ആ നിമിഷങ്ങള്‍ ...അമൂല്യ നിമിഷങ്ങള്‍ ...ഒരിക്കല്‍ കൂടി...ഒരിക്കല്‍ കൂടി മാത്രം .....ഗെയിമിന്റെയും പിഎസ്പിയുടെയും നെറ്റിന്റെയും ലോകത്ത് അഭിരമിക്കുന്ന ഈ തലമുറയ്ക്ക് ഇത്തരം സ്വര്‍ഗീയ നിമിഷങ്ങളുടെ മാധുര്യം എങ്ങനെ മനസിലാകാന്‍ ...?

അധ്യായം 4

പേരേം മാവും പിന്നെപ്പിന്നെ... 
------------------
 

'ചേച്ചീ ...കാപ്പി ചൂടാറും ...വരൂ... '

നിഷയുടെ  പിന്‍വിളിയാണ് എന്നെ വര്‍ത്തമാനകാലത്തിലേക്കു തിരികെ വിളിച്ചത് . മക്കളും മാക്‌സിച്ചേട്ടനുമൊത്ത് ഡൈനിങ് ഹാളിലേക്കു കയറി.അവിടെ ഭിത്തിയില്‍ കുശലാന്വേഷണവുമായി നിറകണ്ണുകളൊരുക്കി രണ്ടാത്മാക്കള്‍ ...എന്നെ ഞാനാക്കിയ എന്റെ പപ്പയും മമ്മിയും ..ആ ഒക്കത്തിരുന്നാണു ഞാന്‍ കുതിച്ചതും കളിച്ചതും ...ആ കൈകളിലായിരുന്നു എന്റെ സാന്ത്വനവും സായൂജ്യവും ....ദൈവമേ ...അന്തരാളങ്ങളിലെവിടെയോ ഒരു കൊളുത്തിപ്പിടുത്തം ....വാക്കുകള്‍ക്കതീതമായ നോവിന്റെനേരും നനവിന്റെ കൊളുത്തും ..കണ്ണീരിന്റെ ഉപ്പും ....ഈശോയെ ..മാനുഷിക ബന്ധങ്ങളുടെ ആഴക്കയങ്ങളിലെ നോവെത്രയെത്ര ....? 

ഇപ്പോള്‍ നിഷയാണിവിടെ തറവാട്ടമ്മ . പന്ത്രണ്ടു സെന്റിലായി നിറഞ്ഞിരിക്കുന്ന ....ഒരു കാലത്ത് 
ഇരുപതും മുപ്പതും പേര്‍ക്കു വച്ചു വിളമ്പിയിരുന്ന  വീട്. ഇന്ന് ഡ്രാക്കുളകോട്ട പോലെ കിടപ്പാണ് ..കയറി വരാനാരുമില്ല ...കാത്തിരിക്കാനും ....

പണ്ടങ്ങനെയായിരുന്നില്ല . കാലത്ത് ആറുമണിയാകുമ്പോള്‍ തുടങ്ങും താഴെ ഒന്നരയേക്കറിനക്കതിരു തീര്‍ക്കു കൈത്തോടിന്റെ പാലത്തിനക്കരെ നിന്നും കൂവലുകള്‍ ....

സാറേ ..പട്ടിയെ പൂട്ടിയേക്കുവാണോ ...എന്നിങ്ങനെ ...വീണ്ടുമാ വിളികള്‍ എവിടെയോ അലയടിക്കുന്ന പോലെ ....ഫോട്ടോയില്‍ നിന്നും പപ്പ ഇറങ്ങി വന്ന് ആരെയോ കാത്തിരിക്കുന്ന പോലെ ..

''പിന്നെ ..എന്തുണ്ട് വിശേഷം ..? ' നിഷ കാപ്പിയും സ്‌നാക്‌സുമായെത്തി .
അതു വാങ്ങവേ അറിയാതെ വാക്കുകള്‍ അടര്‍ന്നു വീണു...

''എന്തു വിശേഷം കുട്ടീ ...? ഇങ്ങനങ്ങു പോണൂ...അത്ര തന്നെ .. '.

''മമ്മയ്ക്കു ഞങ്ങളോടു മിണ്ടാനൊന്നും നേരമില്ല ..അപ്പിടി തെരക്കാ ... '

മൂത്തവന്‍ അവസരം മുതലാക്കി. 

''ആണോ ...ആണെങ്കി നീയിങ്ങു പോരടാ ...ഇവിടെ ഞങ്ങള്‍ക്കൊക്കെ ഇഷ്ടം പോലെ നേരമുണ്ട്
7
നിന്നോടു മിണ്ടാന്‍ ...കേട്ടോ ഷാരോണി... '

ഉം ..സഹജമായ ചമ്മലോടെ അവനൊന്നു തലകുലുക്കി.  എന്നെ ഏറുകണ്ണിട്ടൊരു നോട്ടവും . 

 ''അതേയാന്റീ .ഞാനേ ..പണ്ടിവിടൊരു പുളി നട്ടാരുന്നു .. '

'ആ ..പിന്നേ ..അങ്കിളു പറഞ്ഞിട്ടൊണ്ട് ...ദേ നിക്കുന്നു അത് വളര്‍ന്നു മുട്ടനായി ..നിന്നെപ്പോലെ .. ''നിഷ ഉഷാറായി . 

ഷാരോണിയുടെ കണ്ണുകള്‍ വിടര്‍ന്നു . അവനെഴുന്നേറ്റ് അടുക്കള വശത്തേയ്‌ക്കോടി . 

''മമ്മായെ....ഓടി വാ..ദേ..എന്റെ പുളി.... '

അവന്റെ സന്തോഷം അലയൊലിയായി . 

ഞങ്ങളറിയാതെ ചിരിച്ചു പോയി . മാക്‌സിച്ചേട്ടന്‍ അതു കണ്ട് അവിടേയ്ക്ക് ഇറങ്ങി ചെന്നു . 

''എന്തിയേ ഇവിടൊണ്ടാരുന്ന പേര..? ഞാന്‍ പണ്ടു കേറിക്കൊണ്ടിരുന്ന പേര ..? ' 

ദീപക്കിന്റെ മുഖം വാടി . 

''അതെനിക്കറിയത്തില്ല മോനെ ..ഞാന്‍ വന്നപ്പോ പേരയൊന്നും ഇവിടില്ല . '  

നിഷ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു . 
ശരിയാണ് . അവള്‍ വരും മുമ്പേ അതൊക്കെ വെട്ടിപ്പോയിരിക്കും . ദീപക്കിനു ചെറുപ്പത്തില്‍ ആ പേരയുടെ ഉച്ചിയിലായിരുന്നു സ്ഥിരവാസം . അവനെ കാണാതായാല്‍ ആദ്യം ഞങ്ങളോടുന്നത് ആ പേരയുടെ ചുവട്ടിലേയ്ക്കും ...ചെറുപ്പത്തില്‍ ഒരിക്കല്‍ അവനെന്നോടു ചോദിച്ചത് ഇന്നുമെന്ന പോലെ മനസില്‍ തെളിയുന്നു ..

''മമ്മാ ..എനിച്ചീ പേരേ കേറാമ്പറ്റ്വോ..? ' 

'ഇല്ല .. '

'പിന്നെ ...ഈ മാവേലോ .. ''അവന്റെ കുഞ്ഞു കൈ കയ്യാലയ്ക്കരുകില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മാവിലേയ്ക്കു ചൂണ്ടി ..കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കം അവഗണിച്ചു ഞാന്‍ പറഞ്ഞു ..
''ഇല്ല '

'അന്നാപ്പിന്നെ ആ കപ്പളത്തേലോ ... ''സഹികെട്ടുള്ള ആ മൂന്നര വയസുകാരന്റെ ചോദ്യത്തിനു ഞാന്‍ മറുപടി പറഞ്ഞു ..

''അതും പറ്റത്തില്ല .. '

'അപ്പപ്പിന്നെ മോനെന്നാത്തേലാ കേറുന്നെ ..പറ...മമ്മാ പറ .. '
സഹികെട്ടവന്‍ അന്നെന്നെ ഉപദ്രവിച്ചതിനു കയ്യും കണക്കുമില്ലായിരുന്നു .
8

അറിയാതെ എന്റെ മുഖത്തൊരു ചിരി പടര്‍ന്നു ..അതു കണ്ട നിഷ ചോദിച്ചു 

''എന്താ ചേച്ചി ചിരിക്കുന്നെ? '

'ഒന്നുമില്ല കുട്ടീ ....പഴയതോരോന്നോര്‍ത്തു പോയതാ ..... '

അടുക്കളയിലെ ഞങ്ങളുടെ മുട്ടന്‍ കൊരണ്ടി കാണാനില്ല . കൊരണ്ടിയ്ക്കു റിട്ടയര്‍മെന്റ് നല്കിയെന്നു തോന്നുന്നു . പണ്ടു മമ്മി മണിയാശാരിയെക്കൊണ്ടു പറഞ്ഞുണ്ടാക്കിച്ചതാണാ മുട്ടന്‍ കൊരണ്ടി . അത് എല്ലാവര്‍ക്കുമൊരു കൗതുകമായിരുന്നു . പിന്നെ പണ്ടു പപ്പ പണിത രാജകീയമായൊരു കസേരയും ...അതും നശിപ്പിച്ചു കളഞ്ഞിരിക്കുന്നു . വല്ലാത്തൊരു ശൂന്യതാ ബോധം അപ്പോള്‍ എന്നെ അലട്ടി . 

പത്തു വര്‍ഷം മുമ്പെന്നെ ഇവിടുന്നിറക്കി വിടുമ്പോള്‍ എനിക്കുണ്ടായിരുന്ന
സര്‍വസ്വവും ഈ വീട്ടിലായിരുന്നു . അലമാര , വസ്ത്രങ്ങള്‍ , സര്‍ട്ടിഫിക്കറ്റുകള്‍ , സമ്മാനങ്ങള്‍ ....ഷീല്‍ഡുകള്‍ ...പിജിയുടെയും മറ്റും നോട്ട്‌സുകള്‍ ...അമൂല്യമായ എന്റെ ഗ്രന്ഥങ്ങള്‍ ....ഒന്നും കാണാനില്ല ...എവിടെയും ...ഞാനെന്നൊരാള്‍ ഇവിടെയോ ജീവിച്ചിരുന്നത് ...? പാട്ടും ഡാന്‍സും അഭിനയവുമായി ഞാന്‍ തകര്‍ത്താടിയതും സമ്മാനങ്ങള്‍ നേടിക്കൊണ്ടുവന്നതും ഇവിടേയ്‌ക്കോ ? 
എനിക്കു തന്നെ സംശയം തോന്നും വിധം ആ വീടു മാറിപ്പോയിരിക്കുന്നു . ഒരു നെഗറ്റീവ് എനര്‍ജി എവിടെയും പ്രസരിക്കുന്നു . കഥയില്ല , കവിതയില്ല , മോണോആക്റ്റില്ല ...കലയുടെ ചിലമ്പൊലികള്‍ എവിടെയുമില്ല ...

എത്ര വേഗമാണ് ഒരു ഗൃഹാന്തരീക്ഷം മാറിപ്പോയത്?

അധ്യായം 5
ന്റെ മൂരിക്കുട്ടന്‍ 

നിഷയുടെ കാപ്പി ഊതിക്കുടിച്ചിരുന്നപ്പോഴാണ് പശുവൊന്നമറുന്നതു കേട്ടത്. 

''ഓ..അതിനു ചെനയാന്നാ തോന്നുന്നെ ..ഇനി ഡോക്ടറെ വിളിക്കണം ... '
അവള്‍ വലിയൊരു അമ്മച്ചിപ്പരുവത്തില്‍ പറഞ്ഞു . ഞങ്ങള്‍ നാലു മക്കളില്‍ ഏറ്റവും ഇളയവനാണ് രാജീവന്‍ എന്നെ രാജന്‍ . ഇവനീ വീടിന്റെ രാജനാകണം എന്നു പറഞ്ഞാണ് പപ്പ അവനാ പേരിട്ടത്. സ്വാഭാവികമായും അവന്റെ പെണ്ണ് ഞങ്ങളെയൊക്കെക്കാള്‍ എത്രയോ ചെറുപ്പം ...അതു കൊണ്ട് അവളോടൊരു വാത്സല്യമാണ് തോന്നാറുള്ളത് ...കൊച്ചു നാത്തൂനാണെങ്കിലും ....

ങാ ..ഞാനറിഞ്ഞു നീ വലിയ മിടുക്കിക്കൊച്ചാണെന്ന് ..പശൂനെ വരെ കറക്കൂന്നൊക്കെ എല്ലാരും പറഞ്ഞറിഞ്ഞാരുന്നു .. '
ഞാനവളോടായി പറഞ്ഞു . അവള്‍ ഒന്നു കൂടി ഉഷാറായി . പ്രത്യേകിച്ച് അങ്ങോട്ടൊന്നോടേണ്ട ആവശ്യമില്ലെങ്കിലും തിരക്കുള്ള വീട്ടമ്മയാണെന്നു കാട്ടാന്‍ അവളന്നേരം പശുക്കൂട്ടിലോട്ട് തിരക്കിട്ടോടി ..


9

'എന്നാടീ നെനക്ക് ...വിളിക്കാടീ ഡോക്ടറെ ..പേടിക്കണ്ടാട്ടോ .. '

അവള്‍ പശുവിനടുത്തെത്തി അതിനെ തലോടി ..കമ്പു കൊണ്ടു ചൊറിഞ്ഞു കൊടുത്തു ..അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ ...
പെട്ടെന്ന് കാലങ്ങള്‍ പിന്നോട്ടോടിയ പോലെ ..ഞാനാ പഴയ രണ്ടാം ക്ലാസുകാരിയായി . മമ്മി മഞ്ഞളരുവി തോട്ടില്‍ കുളിക്കാന്‍ പോയിരിക്കുന്നു ...കുഞ്ഞനിയത്തി മൂന്നു വയസുള്ള മെറീനായെ ആറു വയസുള്ള എന്നെ ഏല്‍പിച്ച് വയസായ അപ്പനെയും അമ്മയെയും പറഞ്ഞേല്‍പിച്ചാണു പോയിരിക്കുന്നത് . സമയം സന്ധ്യയാണ് ..കനലിരുള്‍ പടരുന്ന നേരം ...പുള്ളു കൂവുന്നത് അങ്ങേക്കുന്നില്‍ നിന്ന് ഇങ്ങോട്ടലയടിക്കുന്നുണ്ടായിരുന്നു ...
ഊൂൂഹഹഹഹഹ.. 

മെറീനാപ്പി എന്നെ അള്ളിപ്പിടിച്ചിരുന്നു ...
''സാരല്ലാട്ടോ ...നമ്മക്കേ അതിനെ ഠോന്ന് വെടിവച്ചോടിക്കാം ട്ടോ .. '

ഞാനവള്‍ക്കു ധൈര്യം പകര്‍ന്നു . എന്നാലും വിറ മാറാതെ അവളുടെ കുഞ്ഞു കണ്ണുകള്‍ എന്റെ കണ്ണുകളിലുടക്കി നിന്നു...ഏറെ നേരം ...

അങ്ങനിരുന്നപ്പഴാണ് വലിയൊരു ശബ്ദം കിഴക്കേ പറമ്പീന്നു കേട്ടത് ...അവളെ അവിടിരുത്തി ഞാന്‍ മുറ്റത്തിറങ്ങി വലിയ ധൈര്യത്തില്‍ നോക്കിയപ്പോഴുണ്ട് എന്റെ മൂരിക്കുട്ടന്‍ ദേ ...കെട്ടിയിട്ട കവുങ്ങു തടീം വലിച്ചോണ്ട് പേടിച്ചോടി വരുന്നു ...സന്ധ്യയുടെ കനലെരിവും പുള്ളിന്റെ കാറലും ആ പാവത്തിനേം പേടിപ്പിച്ചു ...പിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ ..

''അപ്പോ...അപ്പാ ..ദേ നമ്മടെ മൂരിക്കുട്ടന്‍ ...''

ഞാനലറി വിളിച്ചു . 

അപ്പന്‍ മുറ്റത്തിറങ്ങി . ഒരു പ്രത്യേക രീതിയില്‍ കൈ കൊട്ടി . തൊപ്പിപ്പാള വച്ച് വടിയും കുത്തി തെല്ലു കൂനിയുള്ള ആ നില്‍പ് എങ്ങനെ മറക്കാനാണ് ... !

എന്തായാലും ഫലമുണ്ടായി .അങ്ങാപ്പെരയ്ക്കലെ പാപ്പച്ചന്‍ ചേട്ടന്‍ ഓടി വന്നു . മൂരിക്കുട്ടനെ അതിന്റെ അമ്മേടെ അടുത്തു കൊണ്ടെക്കെട്ടി . പാവം എന്തൊരു സന്തോഷമായിരുന്നു അവനപ്പോള്‍ ....അവന്‍ പശുവമ്മയോടു ചേര്‍ന്നു നിന്നു .ആ അമ്മയ്ക്കും മനസിലായി തന്റെ കുഞ്ഞിന്റെ ഭയവും താപവും . അത് അവനെ ചേര്‍ത്തു നിര്‍ത്തി നക്കിത്തുടച്ചു കൊണ്ടിരുന്നു ....പാവം അതിന് അതല്ലേ പറ്റൂ ...നമ്മളെ പോലെ കെട്ടിപ്പിടിക്കാന്‍ പാകത്തിനുള്ള കയ്യ് അതിനു ദൈവം കൊടുത്തില്ലല്ലോന്നോര്‍ത്ത് അന്നു സത്യത്തില്‍ എനിക്കു ദൈവത്തോടു തോന്നിയ അരിശത്തിനു കൈയും കണക്കുമില്ല . അങ്ങനാരുന്നേല്‍ ആ പാവം കിടാവിനെ
നല്ലോണം നെഞ്ചോടു ചേര്‍ത്തു കെട്ടിപ്പിടിച്ചു ചൂടു പകരാന്‍ ആ പശുവമ്മയ്ക്കു പറ്റുകേലാരുന്നോ ....അല്ല ...ഞാനീ ചോദിച്ചതിലെന്താ തെറ്റ് ...നാളുകളോളം ആ ചോദ്യം എന്നെ വലയം ചെയ്തിരുന്നു ...ഉത്തരം തരാതെ ...

പിന്നൊരാഴ്ച കഴിഞ്ഞു . ന്റെ മൂരിക്കുട്ടന് വയറിനടിയിലെന്തോ നീരാണത്രെ . അവനു തുള്ളലില്ല ..പാലു കുടിയില്ല ...അമ്മിഞ്ഞപ്പാലു കുടിച്ചു കഴിഞ്ഞ് കുഞ്ഞു വാലും പൊക്കിയുള്ള കൂത്താട്ടമില്ല
10
....ആകെ ഞാനും കരച്ചിലിന്റെ വക്കത്തായി ...

''മമ്മീ ...ന്റെ മൂരിക്കുട്ടന്‍ ...അവനെന്നേലും പറ്റിയാ ഞാനും പോകും ...ങാ ...

വേഗം കൊണ്ട്വന്നോ ഡോക്ടറെ ..പറഞ്ഞേക്കാം ...''

പാതി സങ്കടപ്പെട്ടും പാതി ഭീഷണിയുടെ സ്വരത്തിലും ആറുവയസുകാരിയായ ഞാന്‍ നടത്തിയ ബലപ്രയോഗം എങ്ങുമേശിയില്ല . എന്നല്ല ..ഒരാഴ്ചയ്ക്കു ശേഷം സ്‌കൂളു വിട്ടു വന്ന ഞാന്‍ പതിവു പോലെ പശുക്കൂട്ടിലേയ്‌ക്കോടി ചെന്നു ...കൂടൊഴിഞ്ഞു കിടക്കുന്നു ...പറമ്പിലെങ്ങാനും മാറ്റിക്കെട്ടിയാരിക്കും ...അത്രേ ഓര്‍ത്തുള്ളു . 

പക്ഷേ ...പിന്നൊരിക്കലും ഞാനവനെ കണ്ടില്ല ...അവന്റെ കൂത്താട്ടവും കുന്തളിപ്പും കുഞ്ഞോമനത്തവും കണ്ടില്ല ...

ചോദിച്ചപ്പോള്‍ മമ്മി പറഞ്ഞു ...

''ന്റ മോനേ ..അതു ചത്തു പോയി ...മോനു വിഷമമാകൂല്ലോന്നോര്‍ത്താ ഞാമ്മിണ്ടാഞ്ഞെ ... '

അന്നു ഞാന്‍ ചോറുണ്ടില്ല ..കളിച്ചില്ല ...കുളിച്ചില്ല ...കണ്ണെഴുതിയില്ല ...പൊട്ടു തൊട്ടില്ല ...എനിക്കൊന്നിനും മേലാരുന്നു ...ന്നാലും ന്റെ മൂരിക്കുട്ടന്‍ ....പാവം ...

അധ്യായം 6

മിനീീീീ
 ----------------------

ഇനിയിപ്പോ അക്കരപ്പറമ്പിലൊന്നു കേറിപ്പോകാം ...ഏഴു വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് എനിക്കീ കാനാന്‍ ദേശം പേരില്‍ പതിച്ചു കിട്ടിയത്. അത്രയെളുപ്പമൊന്നുമല്ലായിരുന്നു അത്. ക്രിസ്ത്യന്‍
പിന്തുടര്‍ച്ചാവകാശപ്രകാരം കേസ് നടത്തിയാണ് ഞാനതു നേടിയത്. വലിയൊരു നിയമയുദ്ധം തന്നെയുണ്ടായിരുന്നു അതിനു പിന്നില്‍. 
അതു പിന്നീടാവാം ...ഇന്നീ നിമിഷത്തില്‍ ഞാനെന്റെ കാനാന്‍ ദേശത്തു കുറച്ചു സമയം വിഹരിക്കട്ടെ ...സര്‍വതന്ത്ര സ്വതന്ത്രയായി ...നല്ല ശുദ്ധവായു ശ്വസിച്ച് ഇവിടെ ഞാനോടിക്കളിക്കട്ടെ ...പണ്ടത്തെ പത്തു വയസുകാരിയായ കുറുമ്പിയായി ...പൂത്തുമ്പിയുടെ പുറകേ പാഞ്ഞ ബാല്യത്തെ തിരികെ വിളിച്ച് ....താളിയൊടിച്ചു നടന്ന കൌമാരത്തെ പിന്തുടര്‍ന്ന് ...മരുന്നു ചെടികളുടെ ഇലകളടര്‍ത്തി ഉണക്കി ഫയലാക്കാന്‍ നടന്ന ഗവേഷണ വിദ്യാര്‍ഥിയുടെ പിന്നാമ്പുറ വഴികളിലേക്കൂളിയിട്ട് ....അങ്ങനെയങ്ങനെ....ഈ പറമ്പില്‍ നില്‍ക്കുമ്പോള്‍ എനി്‌ക്കൊരായിരം മുഖങ്ങളാണ് ...പതിനായിരം ഭാവങ്ങളാണ് ....നൂറായിരം സ്വപ്നങ്ങളാണ് ...മുപ്പത്തുമുക്കോടി അവസരങ്ങളാണ് ...ആ ...ഹ...ഹാ,,,എത്ര മധുരതരമീ നിമിഷങ്ങള്‍ ....എന്റേതു മാത്രമായ അസുലഭ നിമിഷങ്ങള്‍....

''അല്ലാ...ഇതാരിത്...ബീനാമ്മയോ.. '

സ്വതസിദ്ധമായ നിഷ്‌കളങ്കത നിറഞ്ഞ ചിരിയോടെ കുമാരന്‍ . പണ്ടു പാലായീന്നു കുടിയേറ്റ
11
കാലത്ത് മമ്മിയുടെ വീട്ടുകാരാണ് തെങ്ങുകയറ്റത്തിനും തുണിയലക്കാനുമൊക്കെയായി ഒരു കുടുംബത്തെ ഇവിടെ കുടിപാര്‍പ്പിച്ചത് .ശങ്കരനും പാറുവും ...പിന്നവരുടെ മക്കളും ...അവരില്‍
മൂത്തയാളാണ് കുമാരന്‍ . അടുത്തകാലം വരെ കുമാരനായിരുന്നു ഞങ്ങളുടെയൊക്കെ തെങ്ങു കയറിയിരുന്നത് . ഇപ്പോ വയ്യാതായി ....പാവം ...

''എന്നാ ഒണ്ടു കുമാരാ വിശേഷങ്ങള് ... ?''

''ഓ ....എന്നാ വിശേഷം ബീനാമ്മേ ...നിങ്ങക്കൊക്കെയല്ലേ വിശേഷം ...അമ്മ പോയതറിഞ്ഞാരിക്കൂലോ ലേ ...ങാ ...പോട്ടല്ലേ ...ല്ലാരും പോട്ട് ...ല്ലാ ...നേരാവുമ്പം പോകണ്ടേ ....ല്ലേ ?''...
കുമാരന്‍ ചിരിച്ചു കൊണ്ടാണതു പറഞ്ഞത്. പാവം കുമാരന്‍. 

കുമാരനെ കാണുമ്പോള്‍ അറിയാതെന്റെ കണ്ണു നിറയും . ഞാനതു കുമാരന്‍ കാണാതിരിക്കാന്‍ ഇമകളടച്ചു തുറന്ന് കണ്‍പീലികള്‍ക്കെന്റെ കണ്ണീരു കൊണ്ടു തുള്ളിനന നടത്തും. അതിനു കാരണം ...എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രിയപ്പെട്ട കളിക്കൂട്ടുകാരി മിനിയെക്കുറിച്ചുള്ള കനലോര്‍മ തന്നെ  . കുമാരന്റെ രണ്ടാമത്തെ മകളാണ് മിനി. നല്ലൊരു ചുണക്കുട്ടി. അവളുടെ അമ്മയെ
സഹായിക്കാനായി അന്നവളും കൂടുമായിരുന്നു, തുണിയലക്കാനും വിരിച്ചിടാനുമെല്ലാം ...നല്ല ചുണച്ചിപ്പെങ്കൊച്ച് ....എന്നേക്കാള്‍ മൂന്നു വയസു മൂത്ത മിനിയാണ് അന്ന് ഒന്നാം ക്ലാസില്‍ പോകുമ്പോള്‍  എന്റെ പുസ്തകം കൂടി പിടിച്ചിരുന്നത് . ഞാനങ്ങനെ വല്യ പത്രാസില്‍ രണ്ടു കയ്യും വീശിയങ്ങു നടന്നു പോകും ...കാര്യമങ്ങനെയൊക്കെയാണെങ്കിലുംമിനിയുടെ മുഖമൊന്നു വാടുന്നത് എനിക്കു സഹിക്കില്ല .എന്നെയാരേലും കളിയാക്കിയാ മിനിക്കും സഹിക്കുകേല. കല്ലുപെന്‍സിലിന്റെ മുന കൂര്‍പ്പിച്ച് മിനി അവരെ ഓടിച്ചിട്ടു കുത്തിക്കളയും ...ങ്ഹാ..... എന്നു വച്ചാ ഞങ്ങളാരാന്നാ നിങ്ങടെയൊക്കെ വിചാരം...നല്ലൊന്നാന്തരം ചക്കരേം തേങ്ങായും ...അത്രയ്ക്കിഷ്ടമാണ് ...ഞങ്ങള്‍ക്ക് ...

വൈകിട്ട് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ മിനി എന്നോടൊപ്പം വീട്ടിലേയ്ക്കാണു വരിക . മമ്മി ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും കൂടി കൊഴുക്കട്ടയും ഇടിയപ്പവുമൊക്കെ തരും ...മിനിയുടെ കൂടെയിരുന്നു പങ്കു വച്ചു കഴിച്ച ആ ഇടിയപ്പത്തിനും കൊഴുക്കട്ടയ്ക്കുമൊക്കെ സ്വര്‍ഗത്തീന്നു പണ്ടു യഹോവയായ ദൈവം മോശയ്ക്കും അനുയായികള്‍ക്കും അയച്ചു കൊടുത്ത മന്നയുടേതു പോലുള്ള അമൂല്യ രുചിയായിരുന്നു . മിനിയും ഞാനും പങ്കു വച്ചു കഴിച്ച ആ പലഹാരങ്ങള്‍ക്കു മാത്രമേ അത്ര രുചി തോന്നിയിട്ടുമുള്ളു ....പിന്നൊരിക്കലും എനിക്കാ രുചി എവിടെ നിന്നും കിട്ടിയിട്ടില്ല ...ഒരു വിഭവസമൃദ്ധമായ സദ്യയിലും ഞാനാ രുചി അനുഭവിച്ചില്ല ....

പക്ഷേ ...കാലം അവള്‍ക്കായി കാത്തു വച്ചതു മറ്റൊന്നായിരുന്നു . 

മിനിയുടെ അമ്മ തങ്ക ബോധമില്ലാത്തൊരു അരിശക്കാരിയാണ് . ഈര്‍ക്കിലി ചീകി ചൂലുണ്ടാക്കുന്ന പണിയുമുണ്ട് അവര്‍ക്ക് . ഒരു പ്രാവശ്യം എന്റെ മിനിയുടെ കയ്യില്‍ പുത്തന്‍ വല്യൊരു ചൂലു കൊടുത്തിട്ട് വീട് അടിച്ചു വാരാന്‍ പറഞ്ഞു .

അന്നു വൈകിട്ട് അവള്‍ കരഞ്ഞു കൊണ്ടു വീട്ടിലോട്ടോടി വന്നു ...അച്ചാമ്മച്ചേടത്തീ..ചേച്ചിയെന്നേത്തല്ലി ..ഇതു കണ്ടോ ...ഇനി ഞാമ്പോവത്തില്ലാ വീട്ടിലോട്ട് ....എനിക്കിച്ചിരി വല്ലോംതിന്നാന്‍ തന്നാ മതി ...ഞാനിവിടെ കഴിഞ്ഞോളാം ...

12

മമ്മി നോക്കി...അവളുടെ നെഞ്ചിലാണ് ചൂലിന്റെ പാട് . കുറച്ചു കഴിഞ്ഞപ്പോള്‍ ദേ വരുന്നു തങ്ക ...

''എന്നതാ തങ്കേ ഇത് ...കൊച്ചല്ലേ അവള് ..ഇങ്ങനാണോ പിള്ളേരെ തല്ലുന്നെ .. ?''
''ഓ ...അതു ഞാനൊന്നു കയ്യോങ്ങീതെയുള്ളു ... ''തങ്ക .

. ''എന്നിട്ടാണോ കൊച്ചിന്റെ നെഞ്ചാം കൊട്ട ചേനമുഴുപ്പിത്തിണര്‍ത്തു കിടക്കുന്നെ ...

ഞാന്‍ വര്‍ക്കി സാറിനോടു പറയും കേട്ടോ ... '
മമ്മിയുടെ ആ വാക്കേറ്റു .

''യ്യോ വേണ്ട ...അച്ചാമ്മേ ...പറയല്ല് ...വര്‍ക്കി സാറിനോടു പറയല്ല് ..ഇന്നീം ഞാന്‍ തല്ലത്തില്ല ...മിനിയാണെ സത്യം .... '

ഹൊ..അന്നേരം മിനീടെ മുഖത്തൊണ്ടായ സന്തോഷം ...ആയിരത്തിരിയും നിലാവിളക്കും ഒന്നിച്ചു കത്തിയ പോലാരുന്നു !

പക്ഷേ ,

...മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മിനി വല്ലാതെ ചുമച്ചു തുടങ്ങി ...രക്തം തുപ്പാന്‍ തുടങ്ങി..അവളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പപ്പ മുന്‍കൈയെടുത്തു . കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയി ചികിത്സിക്കാന്‍ പപ്പ തന്നെ മുന്നിട്ടിറങ്ങി. 

പക്ഷേ ...വീട്ടിലെത്തിയ അവള്‍ക്ക് വേണ്ട ശ്രദ്ധ കിട്ടിയില്ലേ ...അതിന്നുമെനിക്കറിയില്ല . രണ്ടു വര്‍ഷക്കാലം നീണ്ട നരകയാതന മിനിയെ ഒരസ്ഥിപജ്ഞരമാക്കി മാറ്റി ..കാലും കൈയും ശോഷിച്ച് കൈവിരലുകള്‍ ചിലന്തി വിഷമേറ്റിട്ടെന്നോണം ചുരുങ്ങി ...നാവു കുഴഞ്ഞ് എന്റെ മിനി അതിലേയെല്ലാം അലഞ്ഞു നടന്നു ...അവളെന്നെ മാത്രം  പേരെടുത്തു വിളിച്ചു ...അവളുടെ അസുഖം മാറാന്‍ ഞാനന്നും മഞ്ഞളരുവി കുരിശടിയിലെ വല്യച്ചന്റെ നടയില്‍ പത്തുപൈസയും ഇരുപത്തഞ്ചു പൈസയും നേര്‍ച്ചയിട്ടു ...എനിക്കു മുട്ടായി വാങ്ങാന്‍ മമ്മി തരുന്ന പുന്നാരപ്പൈസകള്‍ മുട്ടായി വാങ്ങാതെ നേര്‍ച്ചയിട്ടാല്‍ എന്റെ മിനി രക്ഷപെടുമെന്നു ഞാനുറച്ചു വിശ്വസിച്ചു . പിന്നെ തലയില്‍ കുത്താന്‍ കൊതിച്ചു പറിക്കുന്ന പൂവത്രയും മാതാവിന്റെ മുമ്പില്‍ കൊണ്ടു വച്ചു ..എന്റെ പൂക്കൊതിയും മിനിയുടെ രോഗമുക്തിയ്ക്കായി കാഴ്ച വച്ചതായിരുന്നു അത് ...നല്ല മുല്ലപ്പു കിട്ടിയപ്പോഴൊക്കെ മുഴുത്ത മുല്ലപ്പൂമാല ഉണ്ടാക്കി ഒരെണ്ണം പോലും തലയില്‍ ചൂടാതെ മാതാവിനു കൊടുത്തു ...എന്നാലേലും എന്റെ മിനിയെ എനിക്കു തിരിച്ചു കിട്ടണം ...അത്ര ദാഹമായിരുന്നു എനിക്കവളുടെ രോഗമുക്തിയ്ക്ക് ...
അങ്ങനെ മൂന്നാം ക്ലാസ് വരെ ഒന്നിച്ചു സ്‌കൂളില്‍ പോയ മിനിയില്‍ നിന്ന് ഞാന്‍ അഞ്ചാം ക്ലാസെത്തി . മിനിയില്ലാതെ രണ്ടു വര്‍ഷമാണ് ബോറടിച്ച് സ്‌കൂളില്‍ പോയത്. അങ്ങനിരിക്കെ ഒരു ദിവസം മിനിയുടെ മുത്തശ്ശി പാറു വീട്ടു മുറ്റത്തു വന്നു നിന്നു ...

''അച്ചാമ്മോ ...ഞങ്ങട മിനീടസുഖവൊക്കെ പോയി കേട്ടോ ... '

പാറു വേഗം താഴോട്ടു പോകുന്നതു കണ്ടാണ് ഞാന്‍ സ്റ്റെപ്പിറങ്ങി വന്നത് .അതെന്തായാലും നന്നായി ..എത്ര നാളത്തെ പ്രാര്‍ഥനയാ ...ഈ വര്‍ഷത്തെ എല്ലാ മുല്ലപ്പൂമാലേം എല്ലാ റോസപ്പൂവും
13
മാതാവിനു തന്നെ ...ഇനിയീവര്‍ഷം മുട്ടായി തിന്നാതിരിക്കാന്‍ മാത്രം പറ്റത്തില്ല . മിനി  സ്‌കൂളില്‍ പോകാന്‍ വരുമ്പം അവള്‍ക്കു മുട്ടായി വാങ്ങിക്കൊടുക്കണ്ടേ ...?അന്നിട്ട് അവളുടെ കൂടെയിരുന്നു തിന്നണ്ടേ ... ?അതുകൊണ്ട് മുട്ടായിക്കുള്ള പൈസ ഇനിയെന്തായാലും നേര്‍ച്ചയിടുന്നില്ല .
ഞാനുറപ്പിച്ചു . മിനി വരുമ്പം കളിക്കാന്‍ പുത്തന്‍ കളിയും പഠിപ്പിച്ചു കൊടുക്കണം .
പിന്നെ ഇനീം സ്‌കൂളിപ്പോകുമ്പം അവള്‍ക്കു പപ്പായോടു പറഞ്ഞ് നല്ലൊരു പുത്തനുടുപ്പും പെട്ടീം വാങ്ങിക്കൊടുക്കണം ...ഹായ് ...എന്തൊരു സന്തോഷമായിരുന്നു അതോര്‍ത്തപ്പോള്‍ത്തന്നെ ...ദിവസങ്ങള്‍ ഒന്നായി രണ്ടായി മൂന്നായി .....

 ..മിനി മാത്രം വന്നില്ല . അപ്പോള്‍ സഹികെട്ടു ഞാന്‍ മമ്മീടെ സാരിത്തുമ്പേല്‍ പിടിച്ചു നിര്‍ത്തി ചോദിച്ചു ..

''മമ്മീീീീ ...മിനീടസുഖോക്കെ പോയെന്നു പറഞ്ഞിട്ട് .... '

മമ്മിയൊന്നു ഞെട്ടി ...

''ങേ ... ???''

''ങാ...അത് ...അതു നീയറിഞ്ഞില്ലാരുന്നോ ...? '

'എന്നത് ... '

'മിനി മരിച്ചു പോയി മോനേ ... '

'ആര് പറഞ്ഞു ...?പാറു ഇവിടെ വന്നല്ലേ പറഞ്ഞെ മിനീടസുഖോക്കെ പോയെന്ന് ... ?''
കലി കയറിയ എന്നിലെ പത്തു വയസുകാരി രണ്ടു കാലും പറിച്ചു
ചവിട്ടിക്കൊണ്ടാണതു ചോദിച്ചത് ...

''എന്റെ മോനേ ..മിനി മരിച്ചതു പറയാനാ പാറു വന്നെ ...അതാ പറഞ്ഞേച്ചു പോയെ ..നീ കണ്ടില്ലേ അവരുടെ വീട്ടിലോട്ട് എല്ലാരും പോകുന്നെ .....''

അന്നേരമാണു ഞാനതോര്‍ത്തത് ..പാറു വന്നയന്ന് മിനിയുടെ വീട്ടിലേയ്ക്ക് പതിവില്ലാതെ ശാരദച്ചേടത്തിയും ജായിയും മേരിച്ചേച്ചിയുമൊക്കെ പോകുന്നുണ്ടാരുന്നു ...

ഹെന്റെ ദൈവമേ ...ന്റെ മിനി ...! അന്നെന്റെ അന്തരാളത്തില്‍ നിന്നുയര്‍ന്ന കനലാഴി കെടാതെയെന്നെ പൊളളിക്കുന്നു ...ഇന്നീ മധ്യപ്രായത്തിലും .......പ്രകൃതീ....നിനക്കു വേണോ ഇത്ര വികൃതി..?

'''''''''''''''''''''''


14
അധ്യായം 7

തോമാച്ചന്‍
-------------
''ബീനായേ ...എപ്പഴാ വന്നെ ....പിള്ളേരുണ്ടോ കൂടെ ..? '
കുശലാന്വേഷണം കേട്ടാണു തിരിഞ്ഞു നോക്കിയത് .  അങ്ങാപ്പെരയ്ക്കലെ കുഞ്ഞെറക്കന്‍ പാപ്പനാണ് . 

''വന്നതേയുള്ളു ഇപ്പാപ്പാ .... ''ഞാനൊന്നു പുഞ്ചിരിച്ചു . 

''വരുന്നോ വീട്ടിലോട്ട് ...മേരി നിന്നെ അന്വേഷിച്ചാരുന്നു ....ഇടയ്‌ക്കൊക്കെ വരുമ്പോ അവിടെക്കൂടിയൊന്നു വാ കേട്ടോ ..... '
ഇപ്പാപ്പന്റെ വാക്കുകളില്‍ പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ  ചുഴികളായി . 

''അതിനെന്നാ ...ഞാനിപ്പത്തന്നെ അങ്ങു വരാമിപ്പാപ്പാ .... '

'മേരിച്ചേച്ചിക്കെന്നാ ഉണ്ടു വിശേഷം .... '

ഇപ്പാപ്പനോടൊപ്പം നടക്കവേ ഞാന്‍ ചോദിച്ചു . 

''ഓ ..എന്നാ വിശേഷം ബീനാ ...ഇങ്ങനെ .... '
പാതി പൂര്‍ത്തിയാക്കാനാവാതെ എണ്‍പതാണ്ടു നീണ്ട ജീവിതത്തിന്റെയാ നാവ് മൂകമായി.  

''ഇപ്പം ചായക്കടയില്ലേ ഇപ്പാപ്പാ ... '

വിഷയം മാറ്റാനായി ഞാന്‍ ചോദിച്ചു .

 ''ഇല്ല , ഇനിയിപ്പ അതൊന്നും നടത്താമ്പറ്റുകേല . അതാ ... '

'അതൊക്കെ പോട്ടെ ...ഇപ്പാപ്പനെങ്ങനുണ്ടിപ്പം ... ''ഞാന്‍ ചോദിച്ചു . 

''ഓ ...അത്ര സുഖമൊന്നുമില്ല . തലകറക്കമാ വലിയ പ്രശ്‌നം ....എനിക്കു തലകറക്കം വന്നാ അപ്പത്താഴെ പോകും ...അതാ .... '

'ചികിത്സ ....? ''ഞാന്‍ ചോദിച്ചു 

''അതൊക്കെയുണ്ട് മുറപോലെ ...കോട്ടയം മെഡിക്കല്‍ കോളേജിലാ ...മാത്യു കുര്യന്റെ ചികിത്സയാ ... '

'മേരിയേ ...നോക്കിയേ ഇതാരാന്ന് ....? '

വീടെത്തിയതറിഞ്ഞിരുന്നില്ല ഞാന്‍ , ഇപ്പാപ്പന്‍ മേരിച്ചേച്ചിയെ വിളിക്കുന്നതു വരെ . 

15
അകത്ത് ഹാളിലേയ്ക്കു കയറി ഇരുന്നതേ ഞാനൊന്നു ഞടുങ്ങി . എന്റെ ജീവിതത്തിലെ ആദ്യത്തെ കളിത്തോഴന്‍ , ഇപ്പാപ്പന്റെ പുന്നാരമോന്‍ തോമാച്ചന്‍ ...ഭിത്തിയിലൊരു ചിത്രമായി ....! 

''ഹിതെന്താദ്...???? '

'ങാ....ബീനായറിഞ്ഞില്ലാരുന്നോ ....അഞ്ചെട്ടു മാസമായി . ' ഇപ്പാപ്പന്റെ വാക്കുകളിലെ ചുഴികളുടെ ആഴമപ്പോളാണ് എനിക്കു മനസിലായത് . 

''ന്നാലും എന്നോടാരുമൊന്നു പറഞ്ഞില്ലല്ലോ ...ന്നാലും ....? ''വല്ലാത്തൊരു തേങ്ങല്‍ അന്തരാളങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങി ....

''ആരും പറഞ്ഞില്ലേ നിന്നോട് ... ''മേരിച്ചേച്ചി ചോദിച്ചു . 

''ഇല്ല മേരിച്ചേച്ചി ...ഞാനിപ്പഴാ ......ഇതു കണ്ടപ്പഴാ ... ''കൂടുതലു പറയാനാകാതെ
നിലവിളിച്ചു പോയി ഞാന്‍ . 

''ന്നാലും ...ഇത്ര ചെറുപ്പത്തിലേ ....കുഞ്ഞു പിള്ളേരല്ലേ .... മോളിയെങ്ങനെ സഹിക്കും ..? ' 

'അവന്‍ പോയേലല്ലിപ്പെനിക്കു സങ്കടം ...ആ പെണ്ണിനെയോര്‍ത്താ ...കൊച്ചു പെണ്ണല്ലേ ....അതിനാണേ അങ്ങനൊന്നുമില്ല താനും ...അതാ പിള്ളേരെയോര്‍ത്തങ്ങു പോവ്വാ ...ഞങ്ങടെ കാലം കഴിഞ്ഞാ അതുങ്ങക്കാരുണ്ട് .....? '

മേരിച്ചേച്ചി വിദൂരതയിലേക്കു കണ്ണുകളോടിച്ചു പറഞ്ഞു .  

''കുടലില്‍ ക്യാന്‍സറായിരുന്നവന് . ആരുമറിഞ്ഞില്ല . അവസാന കാലത്ത് എറണാകുളത്തെ ലേക്ഷോറിലാരുന്നു . വല്ലാതെ ബുദ്ധിമുട്ടി അവസാനം . മലം പോലും പോകാതേം ...പോയാത്തന്നെ വല്ലാതെ ബുദ്ധിമൂട്ടീം .....ആ ...എല്ലാമൊരു നിയോഗം പോലെ .... '

'ങേ ...ലേക്ഷോറിലോ ..അങ്ങോട്ടു പോകുന്ന വഴിക്കാ ഞാന്‍ താമസിക്കുന്നെ ...എന്നാലും അന്നെങ്ങാനും ഞാനൊന്നറിഞ്ഞാരുന്നേല് എന്തെങ്കിലുമൊക്കെ ചെയ്യാമ്പറ്റിയേനെ . '
എന്റെ ദുഖം പത്തിരട്ടിയായി . 

''ങാ ദേ വരുന്നു നിന്റെ പിള്ളാര് ... ''ഇപ്പാപ്പന് മുറ്റത്തേയ്ക്കു നോക്കി . അപ്പോഴുണ്ട് മക്കളു രണ്ടും ആര്‍ത്തുല്ലസിച്ചു കയറി വരുന്നു . 

''നിങ്ങളറിയുവോടാ പിള്ളേരെ ...? ' മേരിച്ചേച്ചി ചോദിച്ചു . 

''ഉം ...മമ്മാ പറഞ്ഞിട്ടുണ്ട് ... ''മൂത്തവന്‍ മറുപടി പറഞ്ഞു . 

''ഉവ്വോ ...നീയിവരോടു ഞങ്ങളെ പറ്റിയൊക്കെ പറഞ്ഞിട്ടുണ്ടോ ..? ''മേരിച്ചേച്ചിയെന്റെ നേരെ നോക്കി . 

''പറയാതെന്നാ ...ഇടയ്ക്കിതൊക്കെയല്ലേ എനിക്കോര്‍ക്കാനൊള്ളൂ ....ന്നാലും ....? '

16
ഞാന്‍ വീണ്ടും തേങ്ങലിലേക്കായി . 

''എന്നാമ്മാ ....എന്നാ സങ്കടപ്പെടുന്നെ ... ?''എന്റെ ചെറുത് എന്നോടു ചോദിച്ചു ...

''ഓ , മോനതു കണ്ടോ ... ''ഞാന്‍ നോക്കിയ ചിത്രത്തിലേക്ക് അവര്‍ നോക്കി ...
''അതാണോ മമ്മാടെ കൂട്ടുകാരന്‍ ...കുഞ്ഞുന്നാളിലേ കൂട്ടൂകാരന്‍ ....? '
അവര്‍ രണ്ടാളും ഒന്നിച്ചാണതു ചോദിച്ചത് . 

വര്‍ണാഭമായ എന്റെ കുഞ്ഞു പ്രായത്തെ കുറിച്ചും കുഞ്ഞു രസങ്ങളൊപ്പിച്ച ബാല്യ ദിനങ്ങളെക്കുറിച്ചും ഞാനൊത്തിരി പറഞ്ഞിട്ടുണ്ട് അവരോട് . 

കുറച്ചു നേരം ഇപ്പാപ്പനോടും മേരിച്ചേച്ചിയോടും വര്‍ത്താനം പറഞ്ഞിരുന്നു . മോളി അപ്പോള്‍ കട്ടന്‍ കാപ്പിയെടുക്കാനായി അടുക്കളയിലേക്കു പോയി . 

''വേണ്ട മോളീ ...കട്ടന്‍കാപ്പിയെടുക്കണ്ട . ഞാനപ്പറത്തു നിന്നു കുടിച്ചിരുന്നു . '

'ങാ ...നീ വീട്ടിക്കേറിയോ ... ''ഇപ്പാപ്പനപ്പോള്‍ ചോദിച്ചു . 

''പോയി ഇപ്പാപ്പാ ... '

'ആ ...അതാ നല്ലത് ...അപ്പനും പോയി അമ്മേം പോയി ..ഇനീപ്പം വല്ലപ്പഴുമൊന്നു വന്നും പോയീമൊക്കെയിരി ...വെറുതേ പിണങ്ങാതെ ... '

പറയാനെത്രയെളുപ്പം ? ഞാനനുഭവിച്ച ദുരന്തങ്ങള്‍ ഇവര്‍ക്കറിയുമോ ? പുത്രദുഖത്താല്‍ കണ്ണീരുണങ്ങാത്ത സ്‌നേഹവാര്‍ധക്യങ്ങളോട് എന്റെ ദുരന്തങ്ങള്‍ പങ്കു വയ്ക്കാന്‍ തോന്നിയില്ല . അതു കൊണ്ടു ഞാന്‍ വെറുതെയൊന്നു മൂളി ...അന്തരീക്ഷത്തിലെ എഴുത്തു പോലെയോ ജലരേഖ പോലെയോ ഒരു മൂളല്‍ .....

അധ്യായം 8

..............കുഞ്ചായനും ചിറ്റമ്മേം ................

 

ഇനിയൊന്നു പോണം . എന്റെ ചിറ്റമ്മയുടെ അടുത്തേക്ക് . മമ്മിയുടെ രണ്ടാമത്തെ ആങ്ങള ആളൊരു ഗജകേസരിയായിരുന്നു . അവിരാ സാറ് എന്നു കേട്ടാലെ പിള്ളേരുടെ മുട്ടു വിറയ്ക്കുമായിരുന്നു അന്ന് . പഠിപ്പിക്കുന്നതു സയന്‍സാണെങ്കിലും കര്‍ശന നിഷ്ഠക്കാരന്‍ . കുട്ടികള്‍ എല്ലാം കണ്ടു പഠിക്കണം എന്നാണു പുള്ളീടെയൊരു തത്വശാസ്ത്രം . അവിരാ സാറെന്ന എന്റെ കുഞ്ചായന്റെ പ്രിയപത്‌നി...പ്രണയിനി ഒക്കെയാണെന്റെ ചിറ്റമ്മ ...ക്ലാരമ്മ ടീച്ചര്‍ . നാലാം ക്ലാസില്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടു ചിറ്റമ്മ . ചിറ്റമ്മ പറഞ്ഞാല്‍ മാത്രേ ഞാന്‍ അനുസരിക്കൂളളായിരുന്നു അന്ന് . മറ്റാരു പറഞ്ഞാലും കേള്‍ക്കില്ല

17
...മഹാ കുസൃതി...കുഞ്ചായനെ പേടിയാരുന്നോണ്ട് അന്നധികം അടുത്തോട്ടൊന്നും പോകുകേലാരുന്നു. കുഞ്ചായനെക്കാള്‍ എനിക്കു പേടി ആ മുഴുത്ത കണ്ണായിരുന്നു. അതുരുട്ടി ഒരു നോട്ടം നോക്കിയാ മതി ., അടി നനയാന്‍ .....അത്ര  പ്രൗഢഗാംഭീര്യമുള്ള വ്യക്തിത്വം ....

എന്നാല്‍ ചിറ്റമ്മ അങ്ങനല്ല . ശാലീന സൗന്ദര്യം നിറയുന്ന  മുഖം ....ചന്തി മറയുന്ന പനങ്കുല പോലത്തെ മുടി . നല്ല വിടര്‍ന്ന കണ്ണുകള്‍ ..മാലാഖയെപ്പോലെ വെളുത്ത , ആകാര വടിവൊത്ത ചിറ്റമ്മയുടെ നടപ്പു പോലും ഭൂമിയെപ്പോലും വേദനിപ്പിക്കല്ലേ എന്ന മട്ടിലായിരുന്നു. മനസും അങ്ങനെ തന്നെ....അതാവാം എനിക്കു മമ്മിയേക്കാള്‍ വല്ലാത്തൊരു അടുപ്പമുണ്ടായിരുന്നു ചിറ്റമ്മയോട് ....മമ്മി തല്ലാനോടുമ്പോഴൊക്കെ നേരം വെളുപ്പിക്കാന്‍ നോക്കിയിരുന്ന് അവസാനം ഞാന്‍ ചിറ്റമ്മേടടുത്തോട്ട് ഓടും .
ഹൊ .....ആലിപ്പഴം വീണ പോലൊരു സാന്ത്വനമാണ് അപ്പോഴെന്റെ മനസിനുണ്ടാകുക ....ഇന്നാ ആലിപ്പഴത്തിന്റെ കുളിരുള്ള സാന്ത്വനം പകരാന്‍ ചിറ്റമ്മയില്ല . തൊണ്ടയില്‍ ക്യാന്‍സറായി കുഞ്ചായന്‍ പോയിട്ടും പത്തു വര്‍ഷം കൂടി ചിറ്റമ്മയ്ക്ക് ദൈവം ആയുസു നീട്ടിക്കൊടുത്തു . ഒടുവില്‍ ഹൃദയത്തോടു ചേര്‍ത്തു വച്ചു ചിറ്റമ്മ വളര്‍ത്തിയ പേരക്കുട്ടി , ചിറ്റമ്മയുടെ സൗന്ദര്യമത്രയും ആവാഹിച്ചെടുത്ത മാനസ ...അവളുടെ വിവാഹവും നടത്തിക്കൊടുത്ത ശേഷമാണ് ചിറ്റമ്മ കുഞ്ചായനടുത്തേക്കു പോയത് . 

മാനസ എന്റെ മാനസ പുത്രി തന്നെയാണ് .അന്നുമിന്നും . അവള്‍ക്കു നാലു വയസുള്ളപ്പോള്‍ മുതലേ ഞാനവളുടെ ഗാര്‍ഡിയനായി അവളെ കൊണ്ടു നടക്കുമായിരുന്നു. ചിറ്റമ്മ എനിക്കു തന്ന സ്‌നേഹമാകാം അവളിലേയ്‌ക്കൊഴുകുന്നത് . വല്ലാത്തൊരു വാല്‍സല്യമാണെനിക്കവളോട് ....ഒരു പക്ഷേ , പെണ്‍കുട്ടികളില്ലാത്തതും ഒരു കാരണമാകാം . ചിറ്റമ്മയെ നോക്കിയിരുന്ന മൂത്ത മോന്‍ ആളെന്നോടത്ര സുഖത്തിലല്ല . പുള്ളിയൊരു തിരുക്കുടുംബമാണത്രേ. എങ്ങാണ്ടു ധ്യാനത്തിനു പോയപ്പം കിട്ടിയ ദര്‍ശനമാണത്രേ ....മഹാ പാപങ്ങളുമായി നടക്കുന്ന ഞാനും പിളളേരും ഇനിയൊരു തിരുക്കുടുംബത്തെ മലീമസമാക്കേണ്ടതില്ലെന്നു തീരുമാനിച്ചു . കുന്നിനു മുകളിലായി കുഴൂരാന്‍ പാറേടെ താഴെയായിട്ടാണ് കുഞ്ചായന്റെ തറവാടു വീട് .അവിടെയിപ്പോള്‍ ഇളയമകന്‍ മനുവും ഭാര്യ സുനുവുമാണുള്ളത് . അവരുടെ മോളാണു മാനസ.  ഞാന്‍ അവിടേയ്ക്കു കാലുകള്‍ വലിച്ചു നീട്ടി നടന്നു . നടപ്പു കുറഞ്ഞിട്ടാണോ എന്തോ വല്ലാത്തൊരു വലിച്ചില്‍ . എന്നാലും ഞാനങ്ങു കയറി , ആ കുന്നു മുഴുവന്‍ ...ഒറ്റയോട്ടത്തിന് കയറിയിറങ്ങിയ കുന്നകങ്ങളാ....അങ്ങനങ്ങു തോറ്റു കൊടുത്താ പറ്റുവോ..?
മുറ്റത്തെ കാല്‍പെരുമാറ്റം കേട്ട് സുനു ചേച്ചി ഓടി വന്നു .
''എടിയേ ബീനാക്കൊച്ചേ ...എത്ര നാളായി നിന്നെ കണ്ടിട്ട് ....''
''അതിനല്ലേ ഞാനിങ്ങു വന്നെ ...ചേച്ചീ ... '

ഞാനോടിച്ചെന്നു കെട്ടിപ്പിടിച്ചു . ചേച്ചിയും ...ഞങ്ങള്‍ തമ്മിലൊരു വല്ലാത്ത ആത്മബന്ധമുണ്ട് . എന്റെ ചേച്ചി കൊച്ചുറാണിയെപ്പോലെ വെളുത്തു മെലിഞ്ഞ് മുട്ടറ്റം പനങ്കുല പോലെ മുടിയുമായാണ് സുനിച്ചേച്ചിയുടെ പ്രകൃതവും . നല്ല തുറന്ന ചിരിയും തുറന്ന മനസും . ഈ ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്ന ...ചുറ്റുപാടുമുള്ളവരുടെ സന്തോഷത്തില്‍ സ്വന്തമെന്ന പോലെ സന്തോഷിക്കുന്ന , അവരുടെ ദുഖങ്ങളെ സ്വന്ത ദുഖമായി കരുതി മനസു വിങ്ങുന്ന എന്റെ സുനുച്ചേച്ചി ....
18

ഉദാത്തമായൊരു മാതൃത്വം ....ശാലീനയായൊരു കുടുംബ നാഥ ....എനിക്കെത്ര എഴുതിയാലും തീരില്ലാ സ്‌നേഹരൂപത്തെ ....

പഴംകഥകളും നാട്ടു വിശേഷങ്ങളും പറഞ്ഞു  ഞങ്ങളിരുന്നു . മക്കള്‍ക്ക് കൂട്ടുകൂടാന്‍ സുനുച്ചേച്ചിയുടെ മോന്‍ മാനിക്കുട്ടനുണ്ട് . അതു കൊണ്ട് അവരുടെ വിവരമേ ഞങ്ങളറിഞ്ഞില്ല . 

മനുച്ചായന്‍  പട്ടാളത്തിലാണ് . വല്ലപ്പോഴും മാത്രമേ വീട്ടിലുണ്ടാവൂ . 

''നിന്നെയൊന്നു കാണണോന്ന് അമ്മാച്ചിക്ക് ആഗ്രഹമൊണ്ടാരുന്നു . മരിക്കാന്‍ കെടന്നപ്പം ... '
സുനുച്ചേച്ചി പറഞ്ഞു നിര്‍ത്തി . 

പെട്ടെന്നെന്റെ കണ്ണില്‍ നിന്നു രണ്ടു തുള്ളി കണ്ണീരടര്‍ന്നു വീണു .
''ചേച്ചി....സത്യത്തില്‍ അന്നു ഞാനിവിടെ വന്നിരുന്നു ... '

'ങേ... ''സുനിച്ചേച്ചി ഞെട്ടലോടെ എന്നെ നോക്കി . 

''അതേ ...ഞാന്‍ വന്നിരുന്നു . പക്ഷേ ഇവിടാരൂല്ലാരുന്നു . താഴത്തു വീട്ടിലും ആരൂല്ലാരുന്നു . എന്തു പറ്റീന്നോ എവിടെ പോയെന്നോ അറിയാനായില്ല ....അന്നു വൈകിട്ട് വീട്ടിലെത്തിയ പുറകേയാണ് ചിറ്റമ്മ പോയ വിവരമറിഞ്ഞത് . '

'ആ ...എന്നാ ചെയ്യാനാ ...വല്യിഷ്ടമായിരുന്നു നിന്നെ ...അതാരിക്കും  അന്നേരം നിനക്കു വരാന്തോന്നിയെ ... '
'ആരിക്കും...ന്നാലും എനിക്കൊന്നു കാണാനായില്ലല്ലോ .... '

വല്ലാതൊന്നു പോറി ...മനസിന്റെ താളിയോലകളിലെവിടെയോ ...

 ഇതു പോലെ തന്നെയായിരുന്നു കുഞ്ചായന്റെ യാത്രയും . വയ്യാതായി ഇരിക്കുന്ന സമയം . വെറുതേ എനിക്കൊന്നു തോന്നി , കുഞ്ചായനെ പെട്ടെന്നൊന്നു കാണണം ...എത്രയും വേഗം പോണം മഞ്ഞളരുവിക്ക് ...അന്നു ഭര്‍ത്താവിനോടു പറഞ്ഞപ്പോള്‍ എന്തു കൊണ്ടോ സമ്മതിച്ചു . സ്‌കൂള്‍ തുറക്കുന്നതിനു രണ്ടു ദിവസം മുമ്പായിരുന്നു. ഒരു ജൂണ്‍ ഒന്നാം തിയതി ...ഞാനിവിടെത്തി , വീട്ടിലേക്കു പോകും മുമ്പു തന്നെ കുഞ്ചായന്റേങ്ങോട്ടു പോയി . എന്നെ കണ്ട കുഞ്ചായന്‍ അത്ഭുതത്തോടെ ...സന്തോഷത്തോടെ ...നോക്കി നിന്നതോര്‍മയുണ്ടിപ്പോഴും . 

''നീ ...നീ ...വന്നല്ലേ ... '
പിതൃവാത്സല്യം കവിഞ്ഞൊഴുകുന്ന വാക്കുകളായിരുന്നു മാതുലഹൃദയത്തിന്റേത് . 

''പിന്നെ , എനിക്കു കാണണന്നു തോന്നിയാ വരും ...എവിടാണേലും ... '
ഞാന്‍ പറഞ്ഞതോര്‍ക്കുന്നു. 

''ഇനിയിപ്പ നിന്നെയൊന്നു കാണാമ്പറ്റൂന്നോര്‍ത്തില്ല . നീയത്രേം ദൂരെയല്ലേ ...ന്നാലും കണ്ടല്ലോ .. '.

''അങ്ങനെ പറയാതെ കുഞ്ചായാ ...ദൂരം മനസിനില്ലല്ലോ ...അതു കൊണ്ട് കാണണമെന്നു
19
തോന്നിക്കുമ്പം ഓടി വരും ...അതാ നമ്മടെയൊക്കെ മനസ് ... '

'എന്നതാ ഇപ്പം വിശേഷം ... കുഞ്ചായന് .. ''ഞാന്‍ ചോദിച്ചു . 

''ഓ , പ്രത്യേകിച്ചങ്ങനൊന്നുമില്ല . ആകാശത്തിലൂടെ പഞ്ഞിയങ്ങനെ പറന്നു നടപ്പൊണ്ട് . അതു പറന്നു പറന്നിപ്പം എന്റെ മൂത്ത പെങ്ങടെ മൂക്കിക്കേറി ...ഇനിയടുത്തതിങ്ങോട്ടാകും .... '

'മിണ്ടല്ല് കേട്ടോ ...വേണ്ടാതനം പറയുന്നോ ... ?''ഞാന്‍ കരഞ്ഞു ,, ശാസിച്ചു . 

''എടീ , മനുഷ്യ ജീവിതത്തിലിതൊക്കെയുള്ളതാ ...എനിക്കു പാസ് പോര്‍ട്ട് കിട്ടി . വിസയേ വരാനുള്ളു ...അതു വന്നാ പോകാം ... '

കുഞ്ചായനൊന്നു ചിരിച്ചു . എന്റെ മനസു നീറി. ആനയെ തോട്ടിയിട്ടു വലിക്കും
പോലൊരു കൊളുത്തിപ്പിടുത്തം ....കണ്ണില്‍ കാന്താരിയരച്ച പോലൊരു പ്രാണവേദന...

''ദേ ..കുഞ്ചായാ ...ഇതൊന്നും ഒന്നുമല്ല ...ഇനിയിങ്ങനെ പറഞ്ഞാലൊണ്ടല്ലോ ..ങ്ഹാ ...പറഞ്ഞേക്കാം ഞാന് .... '

പിറ്റേന്നു പോകാന്‍ നേരവും രാവിലെ കുഞ്ചായന്റെയടുത്തു വന്നിട്ടാണു പോയത് . അന്നേരം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കുഞ്ചായന്‍ പറഞ്ഞു ..

''എന്നെ എന്റെ ദൈവം രക്ഷിച്ചെടീ ... '

വലിയ പ്രാര്‍ഥനക്കാരനോ ദൈവവിശ്വാസിയോ ഒന്നുമല്ലായിരുന്ന കുഞ്ചായന്‍ അതു പറഞ്ഞപ്പോള്‍ എന്റെ മനസൊന്നു തണുത്തു . 

പക്ഷേ ...തിരിച്ചു ഞാന്‍ തൃശൂരെത്തി ഒരു മണിക്കൂറിനകം കുഞ്ചായനു വിസ വന്നു , വിത്ത് ഫ്‌ളൈറ്റ് വിസ .....

 
അധ്യായം 9

പേരേലം പോലത്തെ ഏലമ്മ ടീച്ചറ് 

 
''ആ...പിള്ളേരെ ..വന്നോ നിങ്ങള് ..ടീച്ചറിനെക്കാണാന്‍ വന്നോ..? '
ഒത്തിരിക്കാലമായി കേള്‍ക്കാന്‍ ഞാനേറെ കൊതിച്ച എന്റെ ടീച്ചര്‍ ..എന്റെ ഏലമ്മ ടീച്ചറിന്റെ നനുത്ത വാല്‍സല്യം നിറഞ്ഞ സ്വരം...ആലിപ്പഴം വായില്‍ വീണ വേഴാമ്പലായിപ്പോയി ഞാനന്നേരം..
ഏലമ്മ ടീച്ചറിനെ പഠിപ്പിക്കുന്ന കാലത്ത് എനിക്കു പേടിയും സ്‌നേഹവുമായിരുന്നു. തല്ലാന്‍ വരുമ്പോള്‍ ഞാന്‍ കാണിച്ചു കൂട്ടിയ കുസൃതികള്‍ക്ക് അന്തവും കുന്തവുമില്ലാരുന്നു. ടീച്ചറിന്റെ ഭര്‍ത്താവ് ചാക്കോസാറിനോട് എന്നാല്‍ എനിക്കത്ര ഇഷ്ടമൊന്നുമില്ലാരുന്നു. കണക്കു സാറായതു കൊണ്ടും ആളു കര്‍ക്കശക്കാരനായതു കൊണ്ടും പിന്നെ കണക്ക് എനിക്കൊരു തൊപ്പീം അറിയത്തില്ലാത്തതു കൊണ്ടുമൊക്കെ സാറിന്റെ അടി നിത്യേന കിട്ടിയിരുന്നു . അതു കൊണ്ടാകാം

20
സാറിന്നു ക്ലാസില്‍ വരല്ലേ എന്നായിരുന്നു ആദ്യത്തെ പ്രാര്‍ഥന. ഏലമ്മ ടീച്ചറ് എല്‍പി സ്‌കൂളില്‍ രണ്ടാം ക്ലാസിലും നാലാം ക്ലാസിലും എന്റെ ക്ലാസ് ടീച്ചറാരുന്നു. ക്ലാസിലൊരു അമ്മ
...അതായിരുന്നു ടീച്ചര്‍ ...തല്ലൊക്കെ തരും ...അടുത്തു വിളിച്ചു കാര്യങ്ങളന്വേഷിക്കും...ഇടയ്ക്ക് പക്കാവടയും മറ്റു പലഹാരങ്ങളും ഞങ്ങള്‍ കുട്ടികള്‍ക്കായി കരുതും...ടീച്ചര്‍ സ്വന്തം കൈ കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍ ...ആഹാ ...എന്തൊരു രുചിയാരുന്നു ആ പലഹാരങ്ങള്‍ക്കെന്നോ..! ഞങ്ങളും മന്നാ ഭക്ഷിച്ചിട്ടുണ്ടെന്നാ എനിക്കു തോന്നുന്നെ ...!അത്ര രുചിയാരുന്നു ആ സ്‌നേഹപ്പകരലിന് .....

''എന്നാ ഒണ്ടെടി നെനക്കു വിശേഷം...? '

എനിക്കായി    ആലിപ്പഴപ്പകരല്‍ വീണ്ടുമെത്തി. 

''ചുമ്മാ ഒന്നിറങ്ങീതാ ...ടീച്ചറെ ...ഒന്നു കാണാന്‍ കുറേയായി ആശിക്കുന്നു... '

'ഞങ്ങളും പറയാറുണ്ട് നിന്റെ കാര്യം ...ങാ , പിന്നെ ...നീ ആരോടും ചോദിക്കാനൊന്നും പോകണ്ട...ഒരു കാര്യമൊണ്ടായി...കഴിഞ്ഞ പ്രാവശ്യം നീ വന്നേച്ചു പോയപ്പം നിന്റെ വീട്ടീന്നൊരാള് ഇവിടെ വന്നാരുന്നു ...എന്തിനാ അവളെ ഇവിടെ കേറ്റിയേന്നു ചോദിച്ച് ...ഇനി വന്നാ ഇവിടെ കേറ്റല്ലെന്നാ പറഞ്ഞേക്കുന്നെ .... '

'മനസിലായീ...കുഞ്ഞൂട്ടിയാരിക്കും ല്ലേ...അയാക്കു വേറെ പണിയൊന്നൂല്ലല്ലോ ...പ്പ ദേ തോറ്റു തൊപ്പിയിട്ടില്ലേ ഒരു കൊച്ചു പെണ്ണിന്റെ മുമ്പില്‍....അയാളോടു പോയിപ്പണി നോക്കാമ്പറ ടീച്ചറേ ... '

'അല്ല, അതിപ്പാരാന്നൊന്നും പറയുകേല... ''ടീച്ചറൊന്നു പകച്ചു...

''പറയണ്ട ...നിക്കു മനസിലായീന്നേ... '

ടീച്ചറിന്റെ പകപ്പ് ഇരട്ടിച്ചു...

''എടീ ...ഞാന്‍ പറഞ്ഞെന്നേയുള്ളൂട്ടോ''

''ഹഹ...ടീച്ചറേ ഞാനും പറഞ്ഞെന്നേയുള്ളു ...പോട്ടെ , ടീച്ചറു വെറുതെ ടെന്‍ഷനടിക്കണ്ട. '

'ശരി...എന്താ നിന്റെ വിശേഷം...എടാ പിള്ളേരെ...ഇവളൊണ്ടല്ലോ ...എന്റെയീ കൊച്ച്...അവളു ഡിസ്ട്രിക് താരമായിരുന്നു...നിങ്ങളോ ...സ്റ്റേറ്റ് താരങ്ങളാകണം
കേട്ടോ... '

മക്കളുടെ മുഖത്ത് ചമ്മല്‍ ദൃശ്യമായി. 

''നിങ്ങടമ്മയൊണ്ടല്ലോ ...ഇവള് ...ഭയങ്കര കുസൃതിക്കുടുക്കയാരുന്നു...ഭയങ്കര മിടുക്കീമാരുന്നൂട്ടോ...നിങ്ങളും അങ്ങനാകണം  കേട്ടോടാ ചെറുക്കമ്മാരേ... '

അവരൊന്നു ചിരിച്ചു...ടീച്ചറും ഞാനും ഒപ്പം ചിരിച്ചു. 

''എങ്ങനാ ഇവരും സമ്മാനം വാരുമോടീ...? '


21

ടീച്ചറെന്റെ മുഖത്തേക്കു നോക്കി . 

''ഓ...അത്രയ്‌ക്കൊന്നൂല്ല ടീച്ചറേ ...അവര്‍ക്കതൊന്നുമത്ര താല്‍പര്യമില്ല.

പിന്നെ ....ആശയ്ക്കും അഭിലാഷിനുമെന്നാ ഉണ്ടു വിശേഷം .?. '

'അവരു സുഖമായിട്ടിരിക്കുന്നെടി''

''ഇനിയെങ്ങോട്ടാ നീ ...? ''ടീച്ചര്‍ ചോദിച്ചു . 

''ഇനീപ്പം ... ''ഞാനതു മുഴുമിക്കും മുമ്പേ ടീച്ചര്‍ പറഞ്ഞു. 

''എടീ , നീ കുഞ്ഞമ്മ ടീച്ചറെയൊന്നു പോയിക്കാണണം ...തീരെ വയ്യ...അല്‍ഷിമേഴ്‌സാ....ഓര്‍മയൊന്നൂല്ലാ പാവത്തിന് ...നിന്നെ വല്യിഷ്ടമാരുന്നു ...അറിയാല്ലോ... '

'അയ്യോ ...അതറിഞ്ഞില്ല ടീച്ചറെ ..എനിക്കു പോണം ...കാണണം.... '

കുഞ്ഞമ്മ ടീച്ചര്‍ ആളൊരു മിടുമിടുക്കിയാരുന്നു. നല്ല കവിതകളെഴുതും .കഥകളെഴുതും .അധ്യാപക സംഘടനകള്‍ നടത്തുന്ന മത്സരങ്ങളില്‍ സമ്മാനം വാങ്ങും . അതിസമര്‍ഥനായിരുന്നു മൂത്ത മകന്‍ സാം . യൂണിവേഴ്‌സിറ്റിയുടെ താരം .റാങ്കു വാങ്ങി എംഎസ്സി പാസായി . പിഎച്ച്ഡി എടുക്കാന്‍ ഗുജറാത്തില്‍ പോയ സാം അവിടെ വച്ച് സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. പിന്നാലെ വന്ന ട്രക്ക് ഇടിച്ചു
തെറിപ്പിച്ച സാമിന് പുറമേ പരിക്കുകളൊന്നും കാണാനുണ്ടായിരുന്നില്ല. ബോധഹീനനായി ഗുജറാത്തിലെ നാഷനല്‍ഹൈവേകളിലൊന്നില്‍ നാലുമണിക്കൂറോളമാണ് ആ പ്രതിഭാശാലി ജീവനു വേണ്ടി മല്ലടിച്ചു കിടന്നത് ..ബോധഹീനനായി...
എന്നിട്ടുമാരും ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. കേവലം 25 വയസു മാത്രമുണ്ടായിരുന്ന അതിസമര്‍ഥനായ മഞ്ഞളരുവിയുടെ മണിവിളക്കായിരുന്നു ആ പ്രതിഭ. അത്ഭുതാദരങ്ങളോടെ മാത്രമേ സാം ചേട്ടനെ കാണുമ്പോള്‍ നോക്കിയിരുന്നുള്ളു....അന്നത്തെ ടീച്ചറിന്റെ സങ്കടം ...ഏക സഹോദരി മേബിളിന്റെ കണ്ണീര്‍ക്കടല്‍ ...ഓര്‍ക്കാന്‍ മേല....അത്ര വലിയൊരു നോവാണത്...

കുഞ്ഞമ്മ ടീച്ചറെ കാണാനായി ആ വീട്ടിലേക്കുള്ള വഴിയേ നടന്നപ്പോളാണ് മറ്റു ചില ഓര്‍മകള്‍ ഓടിയെത്തിയത് ...അവരെന്നോടു ചോദിച്ചു ...ഞങ്ങളെ മറന്നോ എന്ന് ...അപ്പോപ്പിന്നതു കൂടാകട്ടെ അല്ലേ ...?

കുഞ്ഞമ്മ ടീച്ചറിന്റെ ഭര്‍ത്താവ് കുഞ്ഞമ്പായി സാറ് ഞാന്‍ ഒന്നാം ക്ലാസില്‍ വരും മുമ്പേ റിട്ടയര്‍ ചെയ്തിരുന്നു.  
അന്നു ഞാനാറാം ക്ലാസില്‍ പഠിക്കുന്ന കാലം. കെസിഎസ്എല്‍ നടത്തുന്ന ക്യാംപില്‍ പങ്കെടുക്കാനായി ടീച്ചറിന്റെ വീടിനടുത്തൂടുള്ള വഴിയിലൂടെ മഞ്ഞളരുവിയുടെ മഠത്തിലേക്ക് ഓടുകയാരുന്നു ഞാന്‍. കുത്തനെയുള്ള ഇറക്കം ഇറങ്ങിച്ചെല്ലുന്നത് മഞ്ഞളരുവിത്തോട്ടിലേക്കാണ്. തോടു കടക്കാന്‍ വാഴൂരച്ചന്‍ പണിത ചപ്പാത്തുണ്ട്. സാമാന്യം നല്ല മഴയുണ്ടായിരുന്നതോണ്ട് ചപ്പാത്തു നിറഞ്ഞു കവിഞ്ഞ് വെളളം നല്ല തുമ്പിക്കൈ വണ്ണത്തില്‍ തുള്ളിച്ചാടിപ്പോകുന്നുണ്ടാരുന്നു. റബര്‍ത്തോട്ടങ്ങളുടെ നടുവിലൂടെയാണ് റോഡ്. താഴെ നല്ല ആഞ്ഞിലി വണ്ണമുള്ള റബര്‍
22
മുത്തശ്ശനൊരാള്‍ നില്‍പുണ്ട്. ഞാന്‍ നോക്കുമ്പോഴുണ്ട് കുഞ്ഞമ്പായി സാറ് വേച്ചു വേച്ച് വീഴാന്‍ പോകുന്നു . തലകറങ്ങി താഴെ വീഴാന്‍ പോകുന്നതാണെന്നു തോന്നി. വീണാലത് വെള്ളത്തിലേക്കാകും .മഞ്ഞളരുവി തുള്ളിച്ചാടിയാണൊഴുകുന്നത് . എനിക്കാണേല്‍ നീന്തലുമറിയാന്‍ മേല. ഞാനെങ്ങനെ അവിടെ വരെത്തി എന്ന് ഇന്നുമറിയില്ല . മിന്നല്‍ വേഗത്തില്‍ പറന്നെത്തി....

''അയ്യോന്റെ സാറേ...... '
അണ്ണാക്കു പൊട്ടുന്ന നിലവിളിയോടെ ഞാന്‍ സാറിനെ ഇറുപ്പടങ്കം അങ്ങു കെട്ടിപ്പിടിച്ചു. എന്നിട്ടു വട്ടം കറങ്ങി എങ്ങനെയോ റോഡരികില്‍ നിന്ന റബര്‍ മുത്തശ്ശന്റെ മാറില്‍ തട്ടി ചാരി നിന്നു. എന്നെ ചാരി സാറും ....
ഞങ്ങള്‍ രണ്ടു പേരും ഏതാനും മിനിറ്റുകള്‍ വെളിവു നഷ്ടപ്പെട്ടങ്ങനെ നിന്നു പോയി
അന്നാ നില്‍പെത്ര നേരം നിന്നൂന്നെനിക്കിന്നും അറിയില്ല ...എന്തായാലും ഒന്നറിയാം ...തലയ്ക്കു വെളിവു തിരിച്ചു കിട്ടും വരെ നിന്നു...നേരെ നില്‍ക്കാറായീന്നായപ്പം  ഞാന്‍ പതുക്കെ സാറിനെ അവിടിരുത്തി , എന്നിട്ടു ചോദിച്ചു
-''എന്നാ പറ്റി സാറെ ? '
സാറിന്റെ വിറയല്‍ മാറിയിരുന്നില്ല . മരത്തില്‍ ചാരി കാലൊന്നു നീട്ടി വച്ച് വെള്ളയും വെള്ളയും മാത്രം ധരിച്ച കുഞ്ഞമ്പായി സാറൊന്നു നീട്ടി നെടുവീര്‍പ്പിട്ടു. എന്നിട്ടു പറഞ്ഞു - 

''ആശൂത്രീപ്പോയതാ...പ്രഷറും ഷുഗറുമെല്ലാം വല്ലാതങ്ങു കൂടിപ്പോയി..... '

'എന്നിട്ടെന്നാ സാറെ ആരേം കൂട്ടാതെ പോയെ...എന്തിയേ ടീച്ചറ് ...ങേ...? '
എനിക്കൊത്തിരി അന്ധാളിപ്പുകളായിരുന്നു. 

''ഓ...അതൊന്നും സാരമില്ലന്നേ ...ന്തിനാ എല്ലാരേം ബുദ്ധിമുട്ടിക്കുന്നേ..ഏ... '
അപ്പോള്‍ സാറിന്റെ ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. വരണ്ട ചിരിശ്രമം പരാജയപ്പെട്ടു കോടിപ്പോയതും കണ്ടൂ ഞാനന്നേരം . 
പിന്നൊരു തരത്തിലാ ആ ആറാംക്ലാസുകാരി സാറിനെ തോടു കടത്തി അക്കരെയെത്തിച്ചത്. പതുക്കെ പതുക്കെ സാറിന്റെ വീട്ടിലോട്ടുള്ള വഴിയിലെ പാറ കൂടി കൈപിടിച്ചു കയറ്റി വിട്ടു . വീട്ടില്‍ കൊണ്ടു വിടാന്‍ നേരം കുറവായതോണ്ട് അതിനു നിന്നില്ല . പിന്നൊരോട്ടമായിരുന്നു. മഞ്ഞളരുവിയുടെ മഠം വരെ നില്‍ക്കാത്ത ഓട്ടം . 

പിന്നെ പൂജാ അവധിയുടെ കെസിഎസ്എല്‍ ക്യാംപും ആ ക്യാംപിലെ താരവുമായി മാറി എന്നിലെ ആറാംക്ലാസുകാരി.

 

 

23
 
അധ്യായം10 

പപ്പേടെ കള്ളപ്പുഞ്ചിരി
-------------
  

സ്‌കൂള്‍ തുറന്നപ്പോഴല്ലേ അടുത്ത പൂരം....! അന്നു സ്‌കൂളില്‍ നിന്നു വന്ന എന്നോടു
രാത്രിയില്‍ പപ്പ ചോദിച്ചു
'' --ബീനാ ഇവിടെ വാ... '.

വിറച്ചു കൊണ്ടു പപ്പയുടെ മുന്നിലേക്കു നീങ്ങി നിന്നു ആ കൊച്ചു പെണ്‍കുട്ടി. 

''നീയെന്താ കുഞ്ഞമ്പായി സാറിനെ വീട്ടില്‍ കൊണ്ടാക്കാഞ്ഞത്? അങ്ങനാണോ ചെയ്യേണ്ടത് ...? ' 

അന്നേരം എനിക്കു പറയാന്‍ വാക്കുകളില്ലാരുന്നു. ന്നാലും വല്ലാതെ സങ്കടം വന്നു. മനസൊത്തിരി നൊന്തു . ഞാന്‍ തിരികെ മമ്മിയുടെ അടുത്തു ചെന്നു ...ആ സാരിത്തുമ്പു കൊണ്ടെന്റെ കണ്ണീരു തുടച്ചു ...വല്ലാത്തൊരാശ്വാസം തോന്നി അന്നേരം . 

പിന്നാ മമ്മി പറഞ്ഞെ ...സ്‌കൂളില്‍ ചെന്നപ്പഴാണത്രെ പപ്പ വിവരമറിഞ്ഞത്. കുഞ്ഞമ്മ ടീച്ചറ് ഓടി വന്നു പപ്പയോടു പറഞ്ഞത്രെ - സാറെ ...സാറിന്റെ മോള് ...അവളാ കുഞ്ഞമ്പായി സാറിന്റെ ജീവന്‍ രക്ഷിച്ചെ ....അവളില്ലാരുന്നെങ്കി എന്റെ കുഞ്ഞമ്പായി സാറിനെ എനിക്കു നഷ്ടപ്പെട്ടേനെ എന്ന് ......

അന്നേരം പപ്പാടെ മുഖത്തുണ്ടായ അഭിമാനപ്പുഞ്ചിരി ഇന്നും മനക്കണ്ണില്‍ കാണുന്നുണ്ട് ഞാന്‍ . എത്ര പ്രൗഡഗംഭീരമാണെന്നോ .....? 

മമ്മി വീട്ടിലതു പറയുന്ന കേട്ട് അഭിമാന പുളകിതയായിപ്പോയി ഞാനന്നേരം . അന്നു രാത്രി പപ്പ എന്നെ വഴക്കു പറഞ്ഞതിലുള്ള സങ്കടത്തോടെ ഉറങ്ങാന്‍ കിടന്നു . എത്ര ശ്രമിച്ചിട്ടും ഉറക്കം എന്നോടു കൂട്ടുകൂടാന്‍ വന്നേയില്ല ...ഞാനാകെ വിഷമിച്ചു ....ആറാംക്ലാസിലെ പിള്ളേരടെ മത്സരത്തിന് നാളെ ഒപ്പന പഠിക്കാന്‍ പോകണ്ടതാ ...
രാവിലെ എണീറ്റില്ലെങ്കില് ....
വല്ലാത്ത സങ്കടത്തോടെ കയറു കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു അങ്ങനങ്ങനെ ഉറങ്ങാതെ കിടക്കുമ്പം കേക്കാം പപ്പായുടെ സ്വരം ...

''എന്റെ ബീനാ ...അവളാ എന്റെ രക്തം... '

'അതെന്നാ ----ബാക്കിയൊള്ളതൊന്നും നിങ്ങടെ രക്തവല്ലേ .... ''മമ്മിയുടെ മറുചോദ്യം ...

''എടിഅച്ചാമ്മേ...നെനക്കറിയോ ...എന്റെ ബീനാ...അവക്കാ പുതിയാപറമ്പന്റെ ചൂടും ചൊണേമൊക്കെയൊള്ളത് ... എനിക്കഭിമാനമൊണ്ടെടി അഭിമാനം ....ആ പാവം കുഞ്ഞമ്പായി സാറ് അല്ലേലെന്നാ ചെയ്‌തേനെ ..? '

24
'അതു പറ...എന്നിട്ടെന്നാ നിങ്ങളവളെ ഒന്നഭിനന്ദിക്കാഞ്ഞെ ? കൊച്ചു വല്ലാത്ത സങ്കടത്തിലാ...പാവം '
മമ്മി പറയുന്നതു കേട്ടു . 

''എടിയച്ചാമ്മേ ...പിള്ളേരെ ചുമ്മാ പൊക്കിപ്പറയല്ല് ...കൂടുതലു സ്‌നേഹം കാണിച്ചാ ഇതുങ്ങളു വഷളാകും ....അതൊന്നും വേണ്ട ...കാര്‍ന്നോമ്മാരടെ സ്‌നേഹമൊക്കെ മനസില്...മനസീ മതി....മനസിലായോ നെനക്ക് ..? ' 

അതു കേട്ട് അന്നേരമെന്റെ കണ്ണു നിറഞ്ഞു . പതുക്കെ പതുക്കെ ഒരു പാദപതന ശബ്ദം എന്റെ യടുത്തേക്കു നീളുന്നതു ഞാനറിഞ്ഞു . പതിയെ ഒരു തണുത്ത കരതലം എന്റെ നെറുകയില്‍ തലോടുന്നതും ......എന്റീശോയെ ....ഈ കടുവായുടെ കരതലത്തിനിത്ര സോഫ്റ്റ്‌നസോ....അറിയാതോര്‍ത്തു പോയി ....പപ്പയുടെ കയ്യുകള്‍ ഉറക്കം നടിച്ചു കിടന്ന എന്റെ കണ്ണില്‍ തുളുമ്പി നിന്ന കണ്ണുനീര്‍ത്തുള്ളികളൊപ്പിയെടുത്തു ....അപ്പോള്‍ ഞാനറിയാതെ കണ്ണു തുറന്നു .....അപ്പോളെന്റെ പപ്പയുടെ രണ്ടു നിറമിഴികള്‍ എന്നെ സ്വീകരിച്ചു ....പതിനൊന്നു വയസുകാരിയെ ഓര്‍ത്ത് അഭിമാന പുളകിതനായൊരപ്പന്റെ ആശീര്‍വാദം .....

ഞാന്‍ കണ്ടെന്നറിഞ്ഞപ്പോള്‍ പതിവു കള്ളപ്പുഞ്ചിരി ചുണ്ടത്തൊളിപ്പിച്ച് പപ്പ വേഗം കടന്നു കളഞ്ഞു . അമ്പട കൊച്ചു കള്ളാ ...ഞാന്‍ മനസിലോര്‍ത്തു . 
സ്‌നേഹം പ്രകടിപ്പിക്കാന്‍ മടിച്ച ആ കടുവാസാറിന് ഉള്ളു നിറയെ ലോകത്തോടു മുഴുവന്‍ സ്‌നേഹമായിരുന്നു.പുറമേ ഒന്നും പ്രകടിപ്പിക്കാത്ത ആ പ്രൗഢഗാംഭീര്യം ആരും കാണാതെ ഒളിച്ചു ചെന്ന് പൂപ്പുല്ലാന്നി പ്പൂങ്കുല മൃദുലമായാ കൈകളിലെടുത്ത് സുഗന്ധം ആസ്വദിക്കുന്നതു കണ്ടു ഞാനൊരിക്കല്‍ .ആര്‍ത്തു ചിരിച്ചോടി ചെന്നപ്പോഴെയ്ക്കും പപ്പ കടന്നു കളഞ്ഞു ,സാറ്റു കളിക്കുന്ന കുട്ടിയെ പോലെ...
ഓര്‍മകളെത്രയെത്ര ..?  കടലിലെ മണല്‍ത്തരികളോളം .. ആരും വേദനിക്കുന്നതാശിച്ചില്ല ആ വലിയ മനസ്.എന്നാല്‍ ആരോടും മൃദുലഭാവങ്ങള്‍ പ്രകടിപ്പിച്ചുമില്ല. പ്രവര്‍ത്തിയില്‍ മാത്രം തികഞ്ഞ ആത്മാര്‍ഥത ...അതിനപ്പുറമൊന്നും സത്യമല്ലെന്നു വിശ്വസിച്ച അധ്യാപകന്‍ ...
സ്വപ്നങ്ങള്‍ കത്തിയ ബഡവാഗ്‌നിച്ചൂടില്‍ നെഞ്ചകം സുനാമികള്‍ തീര്‍ത്തപ്പോളാണ് അതിജീവനത്തിന്റെ വിത്തുകളായി ദൈവം ഈ കുഞ്ഞുങ്ങളെ തന്നത്.വിത്തു പാകിയവന്‍ വിധി എനിക്കു നല്‍കിയ വിത്തുകാള മാത്രമായിരുന്നു എന്നത് കാലം പഠിപ്പിച്ച നഗ്‌നസത്യം!അതിജീവനത്തിന്റെ നാള്‍വഴികളില്‍ തോറ്റുകൂടാ..ഭീരുത്വമാണത്...പപ്പ പഠിപ്പിച്ച പാഠം.മനസ് എന്തിനെയും നേരിടാന്‍ പര്യാപ്തമായത് ഈ പാഠം ആവര്‍ത്തിച്ചുരുവിട്ടു
കൊണ്ടായിരുന്നു.

 

 


25
അധ്യായം 11

ഗുല്‍മോഹറപ്പൂപ്പന്‍
--------------
''ഇനി നമ്മളെങ്ങോട്ടാ മാഡം.. ?''മാക്‌സിച്ചേട്ടന്റെ ചോദ്യമാണ് എന്നെ വര്‍ത്തമാനകാലത്തിലേക്കു തിരികെ കൊണ്ടു വന്നത്.

''ഇനി പതിയെ പോകാം ..രണ്ടു പേര്‍ അവിടൊരിടത്ത് എന്നെ കാത്തിരുപ്പുണ്ട്...ചേട്ടന്‍ വണ്ടിയെടുത്തോ.. ''ഞാന്‍ പറഞ്ഞു.

''അതാരാ മമ്മാ..? '

കുട്ടികള്‍ക്കു ജിജ്ഞാസ മൂത്തു.

''വാ ..നേരില്‍ കാട്ടിത്തരാം.. '

വണ്ടി നേരെ മഞ്ഞളരുവിയുടെ വിജ്ഞാനകേന്ദ്രമായ ഞങ്ങളുടെ കൊച്ചുപള്ളിക്കൂടത്തിലേക്ക് ,സെന്റ് ജെയിംസ് യുപി സ്‌കൂളിലേക്കു വിട്ടു ഞാന്‍.അറിയാത്ത വഴികളില്‍ സ്റ്റിയറിങു വളച്ച മാക്‌സിച്ചേട്ടന് ആകെയൊരു കൗതുകവും ചെറിയൊരു പരിഭ്രമവും.

''നല്ല പച്ചപ്പ്...ആഹഹ..മാഡത്തിന്റെ നാടു കൊള്ളാലോ.. '

മാക്‌സിച്ചേട്ടന്‍ പറഞ്ഞു.

''അതു ചേട്ടായി, വെറുതേയാണോ മമ്മാ ഇത്ര എനര്‍ജറ്റിക്കായിരിക്കുന്നെ? '

കാറിനുള്ളില്‍ കൂട്ടച്ചിരി മുഴങ്ങി.

സ്‌കൂളില്‍ ചെന്നപ്പോഴുണ്ട് പണ്ടത്തെ ഗുല്‍മോഹറങ്ങനെ നിത്യയൗവനവുമായി പൂക്കുട വിരിച്ചു നില്‍പാണ്. കുട്ടികളതിന്റെ ചുവട്ടിലെ വലിയ തറയിലിരുന്നു.പെട്ടെന്ന് മുകളില്‍ നിന്നു രണ്ടിതള്‍ അവരുടെ നിറുകയിലേക്ക് ...

എന്റെ ഗുല്‍മോഹറപ്പൂപ്പന്‍ പേരക്കുട്ടികളെ ആശീര്‍വദിച്ചതാവാം. എന്തോ, പറഞ്ഞറിയിക്കാനാവാത്തൊരാലിപ്പഴം അപ്പോള്‍ വരണ്ടിരുന്ന എന്റെ മനസിലേക്ക് പെയ്തിറങ്ങി.
ഹെഡ്മാസ്റ്റര്‍ എന്നെഴുതിയ ബോര്‍ഡ് കണ്ട് അഭിവാദ്യം ചെയ്ത്  ഞാന്‍ നേരെ അങ്ങോട്ടു കയറി.അവിടെ ഭിത്തിയില്‍ എന്റെ പപ്പ എന്നെ നോക്കി പുഞ്ചിരിച്ചു.

''ആരാ?എവിടുന്നാ? '

പപ്പയുടെ ആത്മസൗരഭത്തിലങ്ങനെ പാതിമയങ്ങിപ്പോയ എന്നെ ആ ചോദ്യമാണ് തിരിച്ചു കൊണ്ടു വന്നത്.

''സര്‍, ഞാന്‍ ബീന.ഈ ചിത്രം എന്റെ പപ്പയുടേതാണ്.ഇവിടുത്തെ
26
പൂര്‍വികാധ്യാപകന്‍.ഞാനിവിടുത്തെ പൂര്‍വവിദ്യാര്‍ഥിയും.ഇപ്പോള്‍ കൊച്ചിയില്‍. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയതാണ്. '

'ഓഹോ...അതു ശരി ..കേട്ടിട്ടുണ്ട് സാറിനെ പറ്റിയൊരുപാട്.അദ്ദേഹം വലിയ ജനകീയനാണല്ലേ? '

എന്റെ മുഖത്തപ്പോള്‍ വിരിഞ്ഞത് പപ്പയുടെ ആത്മസൗരഭത്തിന്റെ പ്രകാശം മാത്രം.സാറുമായി കുറച്ചു നേരം സംസാരിച്ച്,സ്‌കൂളിലെ ഓര്‍മച്ചിത്രത്തില്‍ കണ്ണു നട്ട് ,ആ ആത്മസൗരഭം ആവോളം ആവാഹിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങി.എന്നെ ഞാനാക്കിയ എന്റെ വിദ്യാലയം.ഈ ഗുല്‍മോഹര്‍ ചുവട്ടിലെത്ര കളിചിരികള്‍ വിടര്‍ന്നടര്‍ന്നു!ഈ ഗുല്‍മോഹറിന്റെ പൂക്കള്‍ക്കും വാകക്കുരുക്കള്‍ക്കുമായി എത്രയെയെത്ര വഴക്കിട്ടിരിക്കുന്നു?പെട്ടെന്ന് ഞാനൊരു അഞ്ചു വയസുകാരിയായി മാറിപ്പോയ പോലെ...


അധ്യായം 12

എന്റെ സ്‌നേഹക്കോട്ട
----------------------
''ഇതെന്താ മമ്മാ,ശവക്കോട്ടേലോട്ടോ പോണത്? '

 ഷാരോണിന്റെ ചോദ്യത്തിനു മറുപടി പറയാനാകുമായിരുന്നില്ല.ശവക്കോട്ട പോലും..ഹും..എന്റെ പ്രിയപ്പെട്ടവര്‍ നിത്യനിദ്ര പൂകുന്ന പവിത്രമായ ഇടമാണിത്.വെറുതെയങ്ങു പറയാനുള്ള ശവക്കോട്ടയല്ല ഹും..പിള്ളേര്‍ക്ക് എല്ലാം എത്ര നിസാരം! മനസ് വല്ലാതെ വിങ്ങി.പെട്ടെന്നു ഞാനൊരു ഏഴാംക്ലാസുകാരിയായി പോയി.

''കുഞ്ഞുങ്ങളേ ,നിങ്ങള്‍ക്കറിയാമോ ,ഈ ലോകത്തു ജീവിക്കുമ്പോ നമുക്കെത്ര ആവശ്യങ്ങളാണ്?എത്ര ആഗ്രഹങ്ങളാണ്?സുന്ദരിയായി സുന്ദരനായി ഒരുങ്ങണം.നല്ല ഭക്ഷണം കഴിക്കണം.നല്ല പെര്‍ഫ്യൂം അടിക്കണം..നല്ല വസ്ത്രംധരിക്കണം..ല്ലേ ? '

കടുവാ സാറെന്ന എന്റെയപ്പന്റെ ചോദ്യം ക്ലാസിലുയര്‍ന്നു.ഞങ്ങള്‍ കുട്ടികള്‍ ജാഗ്രതയോടെ കേട്ടിരുന്നു.

''പക്ഷേ നിങ്ങളോര്‍ത്തിട്ടുണ്ടോ?മരിച്ചു കഴിഞ്ഞാല്‍ നമ്മളെ നമ്മുടെ പ്രിയപ്പെട്ടവര്‍ പോലും നമ്മുടെ പേരു വിളിക്കില്ല, അതേ മക്കളേ ,നമ്മുടെ പേരു പോലും മാറും..ജോമോളേ ,ജോമോനെ എന്നൊക്കെ മോനേ മോളെ ചേര്‍ത്തു വിളിക്കുന്നവരു തന്നെ മരിച്ചു കഴിഞ്ഞാല്‍ നമ്മളെ വിളിക്കുന്നതെന്താ ...ശവം...അല്ലേ ...'

'യ്യോ.. '

അന്തരാളങ്ങളില്‍ നിന്ന് അന്നൊരു കത്തലുയര്‍ന്നു.

''യ്യയ്യോ...ഈ പപ്പാ പറയുന്നതു സത്യമാണല്ലോ.മരിച്ചാ പിന്നെ ശവം ന്നാണല്ലോ പറയ്യാ..ദൈവമേ! '

ഞങ്ങള്‍ കുട്ടികള്‍ പകപ്പോടെ മുഖത്തോടു മുഖം നോക്കി.

''ഇനി ആറടി മണ്ണിലായാലോ ..അതു വരെ സുന്ദരമായി നമ്മളു സൂക്ഷിച്ചു കൊണ്ടു നടന്ന ഈ
27
ശരീരം പുഴുവരിച്ച്...ചീഞ്ഞളിഞ്ഞ് ...മണ്ണോടു മണ്ണായി ..അങ്ങനെ .. '

കേട്ടിരുന്ന പന്ത്രണ്ടു വയസുകാരായ ഞങ്ങളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.

''അതോണ്ടു കുട്ടികളേ ,ഈ ലോകത്തു ജീവിക്കുമ്പോ സുന്ദരനാകാനല്ല, സുന്ദരിയാകാനല്ല, നല്ല പ്രവര്‍ത്തികള്‍ ചെയ്യാനാണ് നിങ്ങള്‍ പരിശ്രമിക്കേണ്ടത്.കാരണം ,നമ്മളീ ലോകത്തു നിന്നു പോയാലും നമ്മുടെ നല്ല പ്രവര്‍ത്തികള്‍ എന്നും ജീവിക്കും.സല്‍പ്രവര്‍ത്തികള്‍ക്കു മരണമില്ല മക്കളേ ...അതോര്‍മ വേണം. '

ആ പപ്പയാണ് ഇപ്പോ മഞ്ഞളരുവിയുടെ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊളളുന്നത്...ആറ്റു നോറ്റെന്നെ പെറ്റ എന്റെ മമ്മിയാണ് ഇവിടെ പപ്പയോടൊപ്പം നിത്യനിദ്രയിലാണ്ടിരിക്കുന്നത്.എന്റെ
കുഞ്ചായനാണിവിടെയുറങ്ങുന്നത്.എന്റെ ചിറ്റമ്മയാണിവിടെയുള്ളത്.എങ്ങനെയീ സെമിത്തേരി എനിക്കു കേവലമൊരു ശവക്കോട്ടയാകും...?അല്ല അല്ല ..ഇതെന്റെ സ്‌നേഹക്കോട്ട...

പപ്പയുടെയും മമ്മിയുടെയും പേരു കോറിയിട്ട കുഴിമാടത്തിനടുത്തു ചെന്നപ്പോള്‍ ഞാനൊരു മീവല്‍പക്ഷിയായി ...ശരീരമെന്നൊന്ന് എനിക്കില്ലാതായി ...അപ്പൂപ്പന്‍ താടി പോലെ എന്റെ പ്രിയാത്മാക്കളുടെ നടുവില്‍ അവരോടു ചേര്‍ന്നു ഞാന്‍  പറന്നൊഴുകി ....
ഭാരങ്ങളില്ലാത്ത ഏതോ ലോകത്തേയ്ക്ക് ഞാന്‍ പറന്നുയരുകയാണ്.ബന്ധങ്ങളില്ല, ബന്ധനങ്ങളില്ല.എന്റെ ഇടതും വലതുമായി രണ്ടു മീവല്‍പക്ഷികള്‍..അവരുടെ സ്‌നേഹച്ചിറകുകള്‍ തണലായുണ്ട്. ആ സ്‌നേഹച്ചിറകുകളിലങ്ങനെയങ്ങനെ...ഭാരങ്ങളേതുമില്ലാതെ ഞാനങ്ങനെ യൊരു അപ്പൂപ്പന്‍ താടിയായി പറന്നു പറന്ന് ...എവിടേയ്‌ക്കെന്നില്ലാതെയുള്ള അലസപ്പറക്കല്‍...
ബഹളങ്ങളില്ലാത്ത,പരമശാന്തമായ ...എവിടേക്കാണു ഞാന്‍ പോകുന്നത്!എന്താണു സംഭവിക്കുന്നത്! മഞ്ഞിന്റെ കുളിരോ എന്റെയീ ആത്മാന്തരങ്ങളിലെ അപ്പൂപ്പന്‍ താടിയില്‍! 

''യ്യോ മാക്‌സിച്ചേട്ടായി ..വെള്ളം കൊണ്ടു വാ വെള്ളം''
അവ്യക്തമായെന്തോ ബഹളം കേട്ടാണ് ഞാന്‍ കണ്ണു തുറന്നത്.കുട്ടികള്‍ കരയുന്നു.ഷാരോണിന്റെ മടിയിലാണെന്റെ തല.ജിക്കുമോന്‍ മാക്‌സിച്ചേട്ടന്റെ കയ്യില്‍ നിന്നു വെള്ളം പകര്‍ന്നെന്റെ മുഖത്തു തളിക്കുന്നു.
''മമ്മാ ,നമുക്കു പോണ്ടേ ..നേരം ഒത്തിരിയായി ...മമ്മാ ...'
പെട്ടെന്ന് ,ഞാന്‍ പത്തു വര്‍ഷം മുമ്പുള്ള ഒരു നിമിഷത്തിലേക്കു വഴുതി വീണു.അതോ, ആ മീവല്‍പക്ഷികളെന്നെ അവയുടെ ചിറകില്‍ വഹിച്ചു കൊണ്ടു പോയതോ?
അധ്യായം 13
മൂവന്തിച്ചോപ്പിന്റെ ദു:ഖം

''യ്യോന്റെ മക്കളേ ഈ കൊലപാതക സീനൊക്കെയാണോ മൂവന്തി മയങ്ങിയ നേരത്തു കാണുന്നേ ന്റെ കുഞ്ഞുങ്ങള്?''
മഞ്ഞളരുവീലെ പപ്പാച്ചീടെ സാമ്രാജ്യത്തില്‍ രാജകുമാരന്മാരായി വാഴുകയായിരുന്നു എന്റെ ഷാരോണീം ദീപക്കും.അന്നേരമാണ് അതുണ്ടായത്- 
28
 ടിവിയില്‍ അതിക്രൂരമായ ഒരു  കൊലപാതക സീന്‍..അതു കണ്ട് ഭയന്നു വിറച്ച് എന്റെ മാലാഖക്കുഞ്ഞുങ്ങള്‍.ആ കൊലപാതകരംഗം ആസ്വദിച്ചു കാണുകയാണ് 

ഓടിച്ചെന്നു ടിവി ഓഫ് ചെയ്തതേ കിട്ടി നല്ലൊരു സമ്മാനം...ആറ്റുനോറ്റു വളര്‍ത്തിയ ആങ്ങള ഒരു മുള്‍ച്ചാട്ടയായി മാറിയന്നേരം.അടിയുടെ  ആഘാതത്തിലെത്ര നേരമാണ് ബോധഹീനയായി ഞാന്‍ കിടന്നത്?
എങ്ങനെ മറക്കുമാ നിമിഷം..ഒരുഅഞ്ചുവയസുകാരന്റെ ആന്തല്‍...തേങ്ങല്‍ ...ആരുമറിഞ്ഞില്ലന്ന്.കുഞ്ഞു ഷാരോണിയുടെ പട്ടു പോലത്തെ കരതലമാണ് എന്നെ അബോധത്തില്‍ നിന്നു പിടിച്ചു വലിച്ചത്.
ഓര്‍മകള്‍ നശിച്ച് ദേഹം മാത്രം ബാക്കിയായ പപ്പ എന്തു ചെയ്യാന്‍?ദാമ്പത്യത്തിന്റെ രണ്ടാം ദശാബ്ദത്തില്‍ മാത്രം കാത്തിരുന്നെത്തിയ ആണ്‍തരിക്കെതിരെ ആ മാതൃഹൃദയമെന്തു പറയാന്‍?നിസഹായരായ മാലാഖമാരുടെ മുമ്പിലിട്ടാണ് കാത്തു സൂക്ഷിച്ച കസ്തൂരിമാമ്പഴം പോലെ ഞാന്‍ വളര്‍ത്തിയ പൊന്നാങ്ങള എന്നെ ഒറ്റയടിക്കു ബോധഹീനയാക്കിയത്.അവന്റെ സിനിമ കാണലിനു ഭംഗം വരുത്തിയത്രേ!
 അപ്പോ ദൈവം എന്നെയേല്‍പിച്ച ഈ മാലാഖക്കുഞ്ഞുങ്ങളോ?ഈ ഭൂമിയിലേക്കയക്കപ്പെടുന്ന മാലാഖക്കുഞ്ഞുങ്ങളല്ലേ ഇവര്‍ ...കൈതവമില്ലാത്ത പൈതലുകള്‍?
അതൊന്നും ചിന്തിക്കാന്‍ അവന്റെ ഉള്ളില്‍ ആളിപടര്‍ന്ന മുള്‍ കാട് അനുവദിച്ചില്ല. ഒന്നും മിണ്ടാതെ ,കണ്ണും തിരുമ്മി ഓടി വന്ന ഷാരോണിക്കുട്ടന്റെ
മുമ്പിലിട്ട് അവര്‍ എന്നെ തല്ലിച്ചതച്ചു.എന്താണെന്നോ എന്തിനാണെന്നോ മനസിലായില്ല.
മരവിച്ച് പോയ മിഴിക്കോണുകളുമായി നിന്ന എന്റെ മാലാഖക്കുഞ്ഞിനു മുന്നിലൂടെ അവരെന്നെ വലിച്ചു കൊണ്ടു പോയി.അതൊന്നും ചിന്തിക്കാന്‍ അവന്റെ ഉള്ളില്‍ ആളിപടര്‍ന്ന മുള്‍ കാട് അനുവദിച്ചില്ല
.മാമോന്‍  ആര്‍ക്കുന്ന മുള്‍ കാടാണല്ലോ. അവന്‍ കുടിയിരിക്കുന്ന ഏത് മനസിന് ആണ് മനുഷ്യത്വം ഉണ്ടാകുക?ഭയന്നു വിറച്ച് മക്കളെ കെട്ടിപ്പിടിച്ചന്നുറങ്ങിയ ഞാന്‍ രാവിലെ കണ്ടത് വീടിനു മുമ്പില്‍ തമ്പടിക്കുന്ന വനിതാ പോലീസുകാരെയാണ്.
ഒന്നും മിണ്ടാതെ ,കണ്ണും തിരുമ്മി ഓടി വന്ന ഷാരോണിക്കുട്ടന്റെ മുമ്പിലിട്ട് അവര്‍
എന്നെ തല്ലിച്ചതച്ചു.എന്താണെന്നോ എന്തിനാണെന്നോ
മനസിലായില്ല.പിന്നെ കണ്ണു തുറക്കുമ്പോള്‍ ഏതോ ആശുപത്രിയുടെ മനംമടുപ്പിക്കുന്ന രൂക്ഷഗന്ധമാണ് എന്നെ ആനയിച്ചത്.പൊന്നോമനകളില്ലാത്ത 90 ദിവസങ്ങള്‍ ....900 കോടിയുഗാന്തരങ്ങളായി...പട്ടു പോലുള്ള പെതങ്ങളെ കെട്ടിപ്പിടിച്ചു മാത്രമുറങ്ങിയ എന്നോട് ഉറക്കം പിണങ്ങിപ്പിരിഞ്ഞു.രാത്രികളില്‍ മൂന്നു വയസുകാരനായ ദീപക്കിന്റെ കരച്ചില്‍ കര്‍ണപുടങ്ങളില്‍ പ്രതിധ്വനിച്ചു.മമ്മായുടെ കൈത്തണ്ടയിലുറങ്ങാന്‍ വരുന്ന അഞ്ചു വയസുകാരന്‍ ഷാരോണിയുടെ കൊച്ചു പരിഭവം കാതുകളില്‍ മുഴങ്ങി കേട്ടു.പഞ്ഞിക്കെട്ടു പോലുള്ള എന്റെ മാലാഖക്കുഞ്ഞുങ്ങളെയൊന്നു കാണാതെ,വാരിപ്പുണരാതെ,അവര്‍ക്കു വാശിപിടിച്ചുറങ്ങാന്‍ മാത്രമായി ദൈവം സൃഷ്ടിച്ച എന്റെ കരതലങ്ങള്‍ അന്യമായി അനാഥമായി ഏകാന്തമായി ആശുപത്രിക്കിടക്കയിലങ്ങനെ കിടന്നു.
പകലെന്നോ രാത്രിയെന്നോ അറിയാതെ സൂര്യോദയവും അസ്തമയവും അറിയാതെ ഞാനുരുകി തീര്‍ന്നു.വെയിലെന്തെന്നു ഞാനറിഞ്ഞില്ല.പുറം ലോകമെന്തെന്നു ഞാന്‍ കേട്ടില്ല.ഡയോജനിസിന്റെ തലയ്ക്കു മുകളിലെ വാളു പോലെ എന്റെ ആയുസിനു മുകളിലായി മരണം നടരാജനര്‍ത്തനമാടുന്നതു ഞാനറിയുന്നുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം എന്നെ കാണാനൊരു ഗസ്റ്റ് വന്നു.ചേച്ചിയുടെ ഭര്‍ത്താവ് ടോണിച്ചായന്‍.

''ബീനേ,ഒന്നുമോര്‍ക്കരുത്.ക്ഷമിക്കണം.സ്വത്തിനു വേണ്ടി ബീനയെ കൊല്ലാനായിരുന്നു പ്ലാന്‍.എന്തെങ്കിലും ചെയ്താ ഞാന്‍ കോടതിയില്‍ നിങ്ങള്‍ക്കെതിരെ മൊഴി കൊടുക്കൂന്ന് 

29
പറഞ്ഞിട്ടാ റാണിയും കുഞ്ഞൂട്ടിയും രാജീവും കൊല്ലാതെ വിട്ടത്..അതിനെന്നോടു പിണങ്ങി റാണി...മോളെ ഇവിടുന്നെറക്കാം ഞാന്‍ .പിന്നെങ്ങോട്ടേലും പോയി രക്ഷപെട്ടോ...ഞാന്‍ വന്നെന്നോ ഇങ്ങനൊക്കെ പറഞ്ഞെന്നോ ആരുമറിയല്ലേ .. '

എന്റെ റാണിയമ്മ...

അവളെന്റെ ചേച്ചി മാത്രമായിരുന്നില്ല. ചേച്ചിയമ്മയായിരുന്നു.അവള്‍ക്കാണിപ്പോള്‍ എന്നെ ഇല്ലാതാക്കാന്‍ ഏറ്റവും താല്‍പര്യം. എന്തിനാണ് എന്നെ കൊല്ലുന്നത്?ഞാനെന്തു ചെയ്തിട്ടാണ് ?
മരിക്കാനും മാത്രം ഇത്ര എന്തു പാപം ചെയ്തിട്ടാണ് ?എനിക്കൊരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു.
അച്ഛനില്ലാത്ത എന്റെ മക്കള്‍ക്ക് ഞാന്‍ കൂടി മരിച്ചു പോയാല്‍ മക്കളില്ലാത്ത റാണിക്ക് ഫ്രീയായി രണ്ടു മക്കളെ കിട്ടും.തീട്ടോം കോരണ്ട ,മൂത്രോം കോരണ്ട ,അധികമങ്ങനെ ഉറക്കോം ഇളയ്ക്കണ്ട.ബാലാരിഷ്ടതകളൊക്കെ മാറിയ രണ്ടു മിടുക്കന്മാര് ആണ്‍കുഞ്ഞുങ്ങളെ കിട്ടും.അതിനിപ്പോ തടസം അവരുടെ അമ്മയായ ഞാനൊറ്റയൊരാള്‍ മാത്രം.അതിനാണത്രേ എന്നെയവര്‍ കൊല്ലാന്‍ നോക്കിയത്............?
പാവം മനുഷ്യന്‍.തല കുനിച്ച് ആരോ ചെയ്ത പാപഭാരമേറ്റു നടന്നു പോകുന്നതു കണ്ടപ്പോള്‍ വ്യസനം തോന്നി.
പിന്നധികം വൈകാതെ ഉടുതുണിക്കു മറുതുണിയില്ലാതെ രണ്ടു പൈതങ്ങളുമായി ഓടി രക്ഷപെടുകയായിരുന്നു അവിടെ നിന്ന്. കാത്തു കാത്തിരുന്ന് പൊന്നോമനകളെ പിന്നീടു കണ്ടആ നിമിഷം! എന്റെ കുഞ്ഞുങ്ങളൊന്നും പറഞ്ഞില്ല.അവരുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു.ചുവന്ന മിഴിക്കോണുകളില്‍ നഷ്ടപ്പെട്ട മാതൃവാത്സല്യത്തിനായുള്ള ദാഹമുണ്ടായിരുന്നു.രണ്ടാളെയും ചേര്‍ത്തു പിടിച്ചു മാറോടണച്ചപ്പോള്‍ കണ്ണുനീര്‍മഴത്തുള്ളികളായി പെയ്തിറങ്ങി...എന്റെ അരുമകള്‍...
ടോണിച്ചായന്‍ ചാര്‍ലിച്ചേച്ചീടെ വീടു വരെ കൊണ്ടാക്കി തന്നു.അഡ്വക്കേറ്റായ എന്റെ ചാര്‍ലിച്ചേച്ചിയും വക്കച്ചായനും എന്നോടു പറഞ്ഞു .
പുതിയാപറമ്പില്‍ സാറിന്റെ മോള് അങ്ങനങ്ങ് അലഞ്ഞു തിരിയേണ്ടോളല്ല.നീ കൊടുക്കടീ കേസ്..
കേസ് ..കോടതി...വിധി...ഒന്നുമറിയില്ലായിരുന്നു എനിക്കന്ന്.
പക്ഷേ,
കാലമെന്നെ പഠിപ്പിച്ചു; കേസെന്താണെന്ന് കോടതിയെന്താണെന്ന്...വിധിയെന്താണെന്ന്..എല്ലാറ്റിലുമുപരിയായി ഒറ്റയാള്‍ പോരാട്ടമെന്താണെന്ന്..ഇതിനകം അനധികൃത മരുന്നുകളെല്ലാം തീറ്റിച്ച് ഞാന്‍ ഞാനല്ലാതെ മാറിപ്പോയിരുന്നു.അവിടെയും എനിക്കായൊരാളെ ദൈവം പ്രത്യേകം കരുതി വച്ചിരുന്നു.തമിഴ്‌നാട്ടില്‍ ചുരുളിമലയിലെ എന്റെ  രാമലിംഗം  വൈദ്യര്‍.രാമലിംഗം  വൈദ്യരെ പോയി കാണാന്‍ എനിക്കു വെറുതെ
തോന്നിയതല്ല,ദൈവം എന്റെ ഉള്ളിലിരുന്നു മന്ത്രിക്കുകയായിരുന്നു.എന്തായാലും രാമലിംഗം വൈദ്യരുടെ മരുന്ന് എനിക്കെന്റെ പഴയ അവസ്ഥയെ തിരികെ തന്നു.ആരോടും പരാതികളില്ലാതെ ,എല്ലാവരെയും മനസിലാക്കി എല്ലാമുളളിലൊതുക്കി ഞാന്‍ ജീവിതം തള്ളി നീക്കി.ഓമനപ്പൈതങ്ങള്‍ മാത്രമായിരുന്നു അന്നു ഇവള്‍ക്കു ജീവിതയാനത്തിന്റെ ഗതികോര്‍ജം.
ഇന്നിപ്പോ കാലപത്രങ്ങളെത്ര കൊഴിഞ്ഞടര്‍ന്നിരിക്കുന്നു?എത്ര രംഗങ്ങള്‍ തിരശീല നീക്കി കടന്നു പോയിരിക്കുന്നു?ഇവള്‍ക്കും ഇവളുടെ കണ്ണീരു തീര്‍ത്ത റെയില്‍പ്പാളത്തിനും മാത്രം മാറ്റമേതുമേയില്ല.പക്ഷേ,തോറ്റു കൊടുക്കാന്‍ പണ്ടേ ശീലമില്ലാത്തോണ്ടാവാം ...ആരുമറിഞ്ഞില്ല ഇവളുടെ കണ്ണീര്‍ക്കടലുകള്‍.
പുഞ്ചിരിയുടെ പൂപ്പാത്രങ്ങള്‍ മാത്രം നിരത്തി വച്ച് ആതിഥ്യമൊരുക്കാന്‍ ഒരിക്കലും മറന്നില്ലിവള്‍.എന്തിനധികം പറയണം ..കുഞ്ഞുങ്ങള്‍ പോലുമറിഞ്ഞില്ല ഒരു ദുരന്തവും!പക്ഷേ,അന്നിവള്‍ വാവിട്ടു കരഞ്ഞു .അതു കണ്ട കുഞ്ഞുങ്ങള്‍ അന്ധാളിച്ചു.അതിങ്ങനെയായിരുന്നു...


30

 

അധ്യായം 14

ആ നരകാഗ്‌നിപരീക്ഷ

''എനിക്കൊന്നു കാണണം ബീനാപ്പിയെ..''
പലകുറി മമ്മി ആവശ്യപ്പെട്ടത്രെ.അതുകൊണ്ടാണത്രെ കുഞ്ഞാങ്ങള എന്നെ ഒന്നു വിളിക്കാന്‍ തയാറായത്.എറണാകുളത്ത് അമൃതയില്‍ ജീവനുമായി മല്ലടിക്കുകയായിരുന്നു ആ മാതൃര്‍ഭമപ്പോള്‍.ഒരിക്കല്‍ കയ്യിലും തലയിലും വയ്ക്കാതെ ലാളിച്ച പൊന്നുമോളെ അവസാനമൊരു നോക്കു കാണാന്‍ ആ പാവം ആശിച്ചു പോയി.അതു കൊണ്ടിവള്‍ക്കൊരു നോക്കു കാണാനുള്ള ഭാഗ്യതാരമുദിച്ചു.ഓടിച്ചെന്നു ഒരു നോക്ക്, ഒരു നോക്കു മാത്രം കണ്ടു;എംഐസിയുവില്‍ മരണവുമായി മല്ലടിക്കുന്ന എന്റെ പൊന്നു മമ്മിച്ചേച്ചിയെ...ഒരു ചെമ്പനീര്‍പൂക്കുല പോലിരുന്ന ആ മുഖം ഇപ്പോളിതാ മഞ്ഞക്കടമ്പു  പൂത്ത പോലെ ...ആകെ മഞ്ഞമയം...കൈവിരല്‍ തുമ്പു വരെ മഞ്ഞച്ചിരിക്കുന്നു...തല ചുറ്റുന്ന പോലെ ...മമ്മിയുടെ ബെഡ് എനിക്കു ചുറ്റും
കറങ്ങുന്ന പോലെ...
എന്തു ചെയ്യേണ്ടൂ എന്നറിയാതെ നിന്ന ആ നിമിഷങ്ങള്‍ക്ക് നരകാഗ്‌നിപരീക്ഷയെന്നല്ലാതെ മറ്റെന്തു പേരിടും ഞാന്‍?
എന്തായാലും അന്നു തനിയെ യായിരുന്നില്ല, കൂടെ കാവല്‍ മാലാഖയായി ദൈവമൊരാളെ അയച്ചിരുന്നു.തമിഴ്‌നാട്ടുകാരനായ രാജേന്ദ്രന്‍ ഡോക്ടറെ. അദ്ദേഹത്തിന്റെ സവിശേഷ രീതിയിലുള്ള ഗോപിക്കുറിയും പ്രൗഢഗാംഭീര്യവും ആ നില്‍പുമെല്ലാം കണ്ട് കുഞ്ഞൂട്ടിയും രാജീവും അമ്പേ ഭയന്നിരുന്നു.അതോണ്ടാവാം എന്നോടു കൂടുതലൊന്നിനും വന്നില്ലവര്‍.പക്ഷേ,ഒരു കാര്യം അവരന്നു പ്രത്യേകം ശ്രദ്ധിച്ചു;മമ്മിയുടെ നാവില്‍ നിന്ന് അവസാനമായി അവനെതിരായി ഒന്നും വീഴാതിരിക്കാന്‍ .അതിനവര്‍ കണ്ട എളുപ്പ വഴി എന്നെ എത്രയും വേഗം എംഐസിയുവില്‍ നിന്നു തുരത്തുകയായിരുന്നു.പുന്നാര ആങ്ങള തന്നെ അവിടെ വന്നു അവന്റെ വിശ്വരൂപവുമായി...കോടതിയിലാണു സ്വത്തു തര്‍ക്കം സംബന്ധിച്ച കേസ് അന്ന്.പിന്നെങ്ങനെ അവന് ആധി കേറാതിരിക്കും.?മമ്മിയാണെങ്കില്‍ എന്റെ കയ്യില്‍ നിന്നു പിടി വിടുന്നുമില്ല.
''അവളു വന്നേക്കുന്നു...മമ്മിയെ സ്‌നേഹിക്കാനായിട്ട് ...പോടി അബ്ടന്ന് പോടീ നീയ്..''
മമ്മിയുടെ മഞ്ഞച്ച കരതലം എന്റെ കയ്യില്‍ നിന്നു പറിച്ചടര്‍ത്തി അവന്‍ അലറി.നിസഹായയായ ആ മാതൃത്വം നിറമിഴികളോടെ എന്നോടു യാത്ര ചോദിച്ചു;എന്നേയ്ക്കുമായി.
അയല്‍പക്കക്കാര്‍ വിളിച്ചു പറഞ്ഞപ്പോളാണ് ഞാനറിഞ്ഞത്.ചെകുത്താനും കടലിനുമിടയില്‍ എന്നെയും ഈ ഇളം പൈതങ്ങളെയുമൊറ്റയ്ക്കാക്കി ആകെയുണ്ടായിരുന്ന മമ്മിയും യാത്രയായിരിക്കുന്നു എന്ന നിത്യ സത്യം.
അപ്പോഴും ഈയുള്ളവളറിഞ്ഞില്ല, അവസാനാമായൊരു നോക്കു കാണാന്‍ പോലുമാകാത്ത വണ്ണം ഇവള്‍ക്കുടപ്പിറന്ന ചോര ഇവളില്‍ നിന്നകന്നു പോയിരിക്കുന്നുവെന്ന്!
മരണശേഷമൊന്നു കാണാന്‍ അവരനുവദിച്ചില്ല.ഒരന്ത്യ ചുംബനം നല്‍കാന്‍ പോലും...?
ഞാനൊരു അന്ത്യ ചുംബനം നല്‍കിയാല്‍ എന്റെ മമ്മി പുനര്‍ജനിക്കുമെന്നിവര്‍ ഭയക്കുന്നെന്നോ?അതോ കാലമിനിയുമാവര്‍ത്തിക്കില്ലെന്നോ? അന്നീയുള്ളവളുടെ കണ്ണില്‍ നിന്നു പൊടിഞ്ഞതു കണ്ണുനീരായിരുന്നില്ല,ജീവരക്തം തന്നെയായിരുന്നു.നാളുകളെത്രയോ കൊഴിഞ്ഞടര്‍ന്നിരിക്കുന്നു?
ഇന്നിപ്പോള്‍ കുറ്റബോധത്താലെരിയുന്ന പൊന്നാങ്ങളയുടെ മുഖം അവന്റെ മനസിന്റെ തന്നെ കണ്ണാടിയാകുന്നു.

 


31

അധ്യായം 15

ഒരു കേസോര്‍മ്മ

കേസിനു തുടക്കമിടുമ്പോള്‍ എന്താണു കോടതിയെന്ന് ഈയുള്ളവള്‍ക്കറിയില്ലായിരുന്നു.ആകെ കൈമുതലായിരുന്നത് ഇത്തിരി സാമൂഹിക പ്രവര്‍ത്തനവും ഒത്തിരി സ്‌നേഹിക്കാനറിയാവുന്ന മാതൃഹൃദയവും മാത്രം.പക്ഷേ,ചെകുത്താനും കടലിനുമിടയിലായി പോയ എന്നെയങ്ങനെ വെറുതെ വിടാനാകില്ലായിരുന്നു ശത്രുക്കളെ പൊരിച്ചടുക്കുന്ന എന്റെ പടച്ച തമ്പുരാന്.അവിടുന്നെന്നെ ഉള്ളം കൈയില്‍ തന്നെ എടുത്തൂ എന്റെ കാലുകളില്‍ മുള്ളു കൊള്ളാതിരിക്കാന്‍.അവിടുന്നെന്നെ അവിടുത്തെ നെഞ്ചോടു ചേര്‍ത്തു വച്ചൂ... എന്റെ ഹൃദയനൊമ്പരങ്ങളേറ്റെടുക്കാന്‍...എന്റെ കണ്ണീരത്രയും അവിടുന്നു തന്റെ ഉള്ളം കൈകളില്‍ ചേര്‍ത്തു പിടിച്ചൂ, ഒരു തുള്ളി പോലും താഴെ പോകാതിരിക്കാന്‍....അതേ ,പരമകാരുണികനായ അവിടുത്തെ സാന്ത്വനമാണ് ഈ ഭൂമിയിലെ മാലാഖമാരിലൂടെ എന്നെ തേടിയെത്തിയത്.എന്റെ ചാര്‍ലിച്ചേച്ചീം വക്കച്ചായനുമില്ലാരുന്നെങ്കില്‍ നീതി തേടിയൊരു യാത്രയ്ക്കു ഞാന്‍ തുടക്കമിടില്ലായിരുന്നു.പൊന്നിന്‍ കുടം പോലുള്ള ഈ മാലാഖക്കുഞ്ഞുങ്ങളില്ലായിരുന്നെങ്കില്‍ ജീവിതമെന്ന സ്വപ്നം പോലും എനിക്കുണ്ടാകില്ലായിരുന്നു.ഒടുവില്‍ കേസ് വിധിയാകാതെ പതിവു അനിശ്ചിതത്വത്തിന്റെ ശൈലിയിലേക്കു മാറിയപ്പോള്‍ മക്കളെ പഠിപ്പിക്കാന്‍ ഞാനേറെ ബുദ്ധിമുട്ടി.അപ്പോഴാണ് വലിയ പിതാവിന്റെ രൂപത്തില്‍ ഈശോഎന്നെ തേടിയെത്തിയത്, ഞങ്ങള്‍ക്കെല്ലാം പ്രിയങ്കരനായ താമരശേരിയച്ചനിലൂടെ...പിതാവില്ലാത്ത എന്റെ മക്കള്‍ക്ക് അച്ചന്‍ പിതാവായി.എന്റെ  ദീപക്കിന് അച്ചന്‍ സര്‍വസ്വവുമായി.എന്നോടുള്ള കുഞ്ഞു വഴക്കു പോലും താമരശേരിയച്ചനോടു പറഞ്ഞ് കുട്ടികള്‍ പരിഹരിച്ചു..എന്നെ പേടിപ്പിച്ചു.
''ഹും..ന്നെ വയക്കു പറഞ്ഞാ ഒണ്ടല്ലോ ,ഞാ അച്ചനോടു പറഞ്ഞു കൊടുക്കും. ഹും...'
ദീപക്കിന്റെ വിരട്ടിനു മുമ്പില്‍ തോറ്റു കൊടുക്കുകയേ വഴിയുണ്ടായിരുന്നുള്ളു.
അല്ലെങ്കില്‍ തന്നെ അവനാണല്ലോ എന്റെ രണ്ടാമത്തെ അമ്മായിയപ്പന്‍ ..
ഹെന്റെ കര്‍ത്താവേ...!
കുഞ്ഞു കാരണവരൊരു തുള്ളലു തുള്ളിയാ പിന്നെ മിണ്ടാണ്ടൊരു മൂലയ്ക്കു കുത്തിയിരിക്കുകേ രക്ഷയുള്ളു.അല്ലെങ്കില്‍ തന്നെ മറ്റെന്താണു ജീവിതത്തിനൊരൊഴുക്കുള്ളത്?
ഈ പൊന്നോമനകളെനിക്കായൊരുക്കുന്ന സ്വര്‍ഗരാജ്യമല്ലാതെ?
പതിയെ പതിയെ കേസിനു വേണ്ടിയുള്ള ഓട്ടങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായി.മക്കളോടൊപ്പവും അവരെ ഒറ്റയ്ക്കാക്കിയുമുള്ള ഓട്ടങ്ങള്‍.കുഞ്ഞുങ്ങളായ അവര്‍ രാത്രികളില്‍ ഈശോപ്പന്‍ കൂട്ടുണ്ടെന്ന വിശ്വാസത്തിലുറങ്ങുമ്പോള്‍ ഞാന്‍ യാത്രകളിലായിരുന്നു.കേസിനു സാക്ഷികളെ ഉണ്ടാക്കണം.ആറു മണിക്കൂറകലെയുള്ള എസ്റ്റേറ്റുകളിലെ ലയങ്ങളില്‍ പോണം.പപ്പയെ അടുത്തറിയാമായിരുന്ന ആള്‍ക്കാരെ തപ്പിത്തേടി പിടിച്ച് കേസിനു സാക്ഷിപറയാന്‍ വരുമോന്നറിയണം.
അങ്ങനൊരു  ദിവസം പുലര്‍ച്ചെ രണ്ടരയ്ക്കു പോകാനിറങ്ങിയതായിരുന്നു.അന്നു കൊച്ചിയില്‍ വന്നിട്ടധികമായിരുന്നില്ല.കൊച്ചിയുടെ ഊടുവഴികളെ കുറിച്ചുള്ള കേട്ടറിവുകള്‍ അത്ര സുതാര്യവുമായിരുന്നില്ല.എട്ടും പത്തും വയസുള്ള മക്കളെ വീട്ടിലുറക്കി കിടത്തി ഷാരോണിക്കുട്ടനെ കൊണ്ടു വാതില്‍ തുറന്നടപ്പിച്ച് ഞാനൊന്നു മാത്രം പറഞ്ഞു..

''മക്കളേ ,നേരം നന്നായി വെളുത്തിട്ടു മാത്രേ എണീക്കാവൂ.സ്‌കൂളിപ്പോയില്ലേലും കുഴപ്പമില്ല.മമ്മ പറഞ്ഞ ഹോട്ടലീന്നു മാത്രേ ഭക്ഷണം കഴിക്കാവൂ. '

പാവം കുഞ്ഞുങ്ങള്‍! മമ്മ പറഞ്ഞതപ്പടി കേട്ട് ആ പാവം മാലാഖക്കുഞ്ഞുങ്ങളവിടെയിരുന്നു.പുലര്‍ച്ചെ രണ്ടരയ്ക്കു ഒറ്റയ്ക്കു നടന്നു വരുന്ന പെണ്ണിനെ കണ്ട് അവിടെ ജഡ്ജസ് അവന്യൂവില്‍ നിര്‍ത്തിയിട്ട ക്വാളിസില്‍ നിന്നും എട്ടു 
32
പത്തു യുവശിരസുകള്‍ എത്തി നോട്ടം തുടങ്ങി.എന്റെ മനസ് പെരുമ്പറയടിക്കാനും തുടങ്ങി.

''ഹെന്റെ തമ്പുരാനേ ..കാത്തോളണേ...ആരോരുമില്ലാത്ത എന്നെ നീ തന്നെ നോക്കിക്കോളണം .എനിക്കോ ഈ കുഞ്ഞുങ്ങള്‍ക്കോ എന്തെങ്കിലും പറ്റിയാ ദേ കര്‍ത്താവേ ...നിനക്കാണുട്ടോ ഉത്തരവാദിത്തം ..ഓര്‍ത്തോളണം ...നീ തന്ന
കുരിശാ ഞാന്‍ ചുമക്കുന്നത്...നിനക്കു വേണ്ടിയാ ചുമക്കുന്നത്...നിന്നോടു ചേര്‍ത്തു വച്ചാ ചുമക്കുന്നത്...കര്‍ത്താവേ ..മറന്നേക്കല്ല്..ങ്ഹാ...'

എന്റെ അന്തരാളവും കര്‍ത്താവുമായൊരു ടെലിപ്പതിയായിരുന്നു അത്.മനസിലതു പറഞ്ഞു തീര്‍ന്നില്ല, അന്നിമിഷം അവിടെ രണ്ടു പോലീസുകാരെത്തി. ബൈക്കില്‍ റോന്തു ചുറ്റുന്ന രാത്രി ഡ്യൂട്ടിക്കാരാണവര്‍.

''ഒന്നു നിന്നേ ...എവിടുന്നാ വരവ്?എങ്ങോട്ടാ പോക്ക് ?'' കൂട്ടത്തില്‍ വെട്ടാന്‍ വരുന്ന പോത്തിനെ പോലെ മുഖഭാവമുള്ളയാള്‍ ചോദിച്ചു.

''സര്‍, ഞാനിവിടെയാണ് താമസം.11ത് അവന്യൂ റോഡിലാണു വീട്.ഇപ്പോള്‍ രാത്രി രണ്ടേ മുക്കാലിന് മുണ്ടക്കയത്തിനുള്ള കണ്ണൂര്‍ മുണ്ടക്കയം ബസിനു പോകാനിറങ്ങിയതാണ്.അടിയന്തരമായി പുലര്‍ച്ചെ അഞ്ചരയ്ക്ക് എനിക്കു നാട്ടിലെത്തണം.അതാണ് ഈ രാത്രിയില്‍ ഇങ്ങനെ...'

'അല്ലാ ,അതിപ്പോ ..ഉണ്ടോ അങ്ങനൊരു ബസ് ...ഉണ്ടോ...?''

പോലീസുകാരില്‍ അടുത്തയാള്‍ക്ക് സംശയം തീര്‍ന്നില്ല.

''ഉണ്ട്...പീറ്റേഴ്‌സ് ട്രാവല്‍സുണ്ട്. ' 
എനിക്കു സംശയമേതുമേയില്ലായിരുന്നു.
''അല്ലാ,ഭയമില്ലിയോ നിങ്ങള്‍ക്കീ നട്ടപ്പാതിര കഴിഞ്ഞ നേരത്തിങ്ങനെ...' പോലീസുകാരിലൊരാള്‍ തലയില്‍ കൈ വച്ചു.
''എന്നാത്തിന് ?നിങ്ങളെ പോലുള്ള സമര്‍ഥരായ നിയമപാലകരിത്രമേല്‍ ആത്മാര്‍ഥമായി പ്രവര്‍ത്തനസജ്ജരായിവിടിങ്ങനെയുള്ളപ്പോള്‍ ഞാനെന്തിനു ഭയക്കണം സര്‍? ' 
അതു കേട്ടവര്‍ രണ്ടാളും ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.
''പെങ്ങളേ ,ഏതായാലും നേരമിത്രയായല്ലോ, ഇനിപ്പോ കാണുന്ന കോട്ടയം ബസിനു കേറിപ്പൊക്കോ ...ഞങ്ങളു നിര്‍ത്തി തരാം..കേട്ടോ...'
അവര്‍ പറഞ്ഞവസാനിപ്പിച്ചതും കോട്ടയത്തിനുള്ള ബസൊരെണ്ണം ദൂരെ നിന്നു വരുന്ന ശബ്ദം കേള്‍ക്കായി.പോലീസുകാര്‍ ജാഗരൂകരായി.എത്ര വേഗമാണവര്‍ കൈ നീട്ടി എന്നെയാ ബസിനു കയറ്റി വിട്ടത്!ഇതല്ലേ കര്‍ത്താവിന്റെ കൈകളുടെ പ്രവര്‍ത്തനം! അതേ ..ഈ കര്‍തൃസംരക്ഷണമാണ്..ഇതു തന്നെയാണ് എന്നെയെന്നും വഴിനടത്തുന്നത്.

അധ്യായം 16

അരക്കിലോ പൊടിയും മൂന്നു ചാണ്‍ വയറും

അന്നു ഞാനാകെ അസ്വസ്ഥയായിരുന്നു.രാവിലത്തേനുള്ള അരക്കിലോ ഗോതമ്പുപൊടിയുണ്ട്.മൂന്നു സവോളയും ഇത്തിരി എണ്ണയുമുണ്ട്.തക്കാളി സോസിന്റെ കുപ്പിയിലിത്തിരി ബാക്കിയുണ്ട്.ഇത്രയും സാധനങ്ങളൊഴിച്ചാല്‍ എന്റെ അടുക്കള കേവലം ശൂന്യമായിരുന്നു.മുറ്റത്തോടി കളിക്കുന്നൂ എന്റെ പൊന്നു കുഞ്ഞുങ്ങള്‍.വയറ്റില്‍ കോഴിയും കുഞ്ഞുങ്ങളുമുണ്ടെന്നു തോന്നിക്കും വണ്ണം വിശപ്പുള്ള ബാല്യമാണവരെ ഭരിക്കുന്നത്.അച്ഛനുമമ്മയും നയിക്കേണ്ട ഈ ജീവിതയാനത്തിന് അമരക്കാരിയായി ഇവളൊറ്റയാള്‍ മാത്രം...വല്യച്ഛനായും വല്യമ്മയായും ബന്ധുക്കളായുമെല്ലാം അവര്‍ക്കവരുടെ മമ്മാ മാത്രം.ഒരുമാത്ര ഞാനോര്‍ത്തു പോയി;മഞ്ഞളരുവിയിലെ
 
33

ബാല്യ,കൗമാര,യൗവനകാലങ്ങള്‍.സമൃദ്ധിയുടെ,സുഭിക്ഷതയുടെ കൊഴിഞ്ഞടര്‍ന്ന എന്റെ കാലപത്രങ്ങള്‍....
എന്റെ കുഞ്ഞുങ്ങള്‍ വിശക്കുന്നത് എങ്ങനെ സഹിക്കും ഞാനീയവസ്ഥയില്‍?അതെനിക്കു മരണത്തെക്കാള്‍ ഭീകരമായിരുന്നു.മരണവും അതിന്റെ തണുപ്പും എത്രയോ ആശ്വാസകരമെന്ന് അറിയാതെ ചിന്തിച്ചു പോയി.
വെറുതെ തിരുഹൃദയത്തിന്റെ മുറിവേറ്റയാ രൂപത്തിലോട്ടൊന്നു നോക്കിഞാന്‍ ചോദിച്ചു..
''ല്ലാ ..ന്നെ പട്ടിണിക്കിട്ടോളൂ ന്റെ കര്‍ത്താവേ..പക്ഷേ,നീയെന്നെ ഭരമേല്‍പിച്ച ഈ മാലാഖക്കുഞ്ഞുങ്ങളെ ?കര്‍ത്താവേ ,ഇതിത്തിരി കടുപ്പമാ കേട്ടോ...അന്നന്നു വേണ്ട അന്നം തരണോന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ..ഇതിപ്പ ഉച്ചയ്ക്കത്തേനു പോലൂല്ലാന്നു വച്ചാ ...ഈശോയേ നീ പഠിപ്പിച്ച പ്രാര്‍ഥന വെറുതെയാകൂട്ടോ.. ങാ ..ഞാമ്പറഞ്ഞേക്കാം...'
അപ്പോഴാണ് താമരശേരിയച്ചന്റെ ഫോണ്‍ വന്നത്.വേഗം ഓടിപ്പോയെടുത്തു.
''എന്തുണ്ടു ബീനേ വിശേഷം?''
''അടിപൊളിയാ അച്ചോ,ഇന്നിപ്പോ രാവിലെ അരക്കിലോ ഗോതമ്പുപൊടീം മൂന്നു സവോളേം ഇത്തിരി എണ്ണേം ഉള്ളോണ്ട് രാവിലത്തെ കാര്യം കുശാലായി...ഉച്ചയ്ക്കത്തേനായി കര്‍ത്താവൊന്നും തന്നിട്ടില്ല...ഇന്നിപ്പ ഞങ്ങടെ വയറിന്നെരിയണോന്നാ തിരുഹിതോങ്കി അതങ്ങാവട്ടന്ന്...ഹഹഹ''
എന്റെ ചിരി മറുതലയ്ക്കല്‍ പ്രതിധ്വനിച്ചപ്പോള്‍ താമരശേരിയച്ചന്റെ മനസിലൊരു ആയിരം ബഡവാഗ്‌നിജ്വാലകളെരിയുന്നതു ഞാനറിഞ്ഞു.
''ഹൊ..ബീനേ..എങ്ങനെ...?എങ്ങനിങ്ങനെ ചിരിക്കാമ്പറ്റുന്നു ബീനേ..???''
അച്ചന്റെ വാക്കുകള്‍ ഒരു കത്തലായി.
''ദൈവംതമ്പുരാനറിയാതെ ഒന്നും വരുകേലച്ചാ...സൃഷ്ടിച്ച ദൈവത്തിനുള്ള ഉത്തരവാദിത്തം കേവലം അടയ്ക്കാ കുരുവിയെ പോലുള്ള എനിക്കെന്തായാലുമില്ല.എന്റെയോ മക്കളുടെയോ വയറു കാഞ്ഞാ നാണക്കേടു കര്‍ത്താവിനാ..എനിക്കല്ല...ങാ.. '
'ഹൊ..സമ്മതിച്ചെന്റെ ബീനേ..അടങ്ങാത്തയീ ദൈവവിശ്വാസവും ഒടുങ്ങാത്ത നിന്റെയാത്മവിശ്വാസവും നിനക്കെന്നും തുണയാകട്ടെ...'
അച്ചനതു പറഞ്ഞു കൊണ്ടിരുന്നപ്പോഴാണ് പുറത്തൊരു കാര്‍ വന്നു നിന്നത്.അച്ചനോടു പറഞ്ഞ് ഫോണ്‍വച്ചു ഞാന്‍ നോക്കിയത് പതിവായി മൈഗ്രേനു മരുന്നു വാങ്ങാന്‍ വരാറുള്ള എന്റെ സുഹൃത്തിനെയായിരുന്നു;അനപത്യതാ ദു:ഖം എന്റെ മക്കളിലൂടെ മറക്കുന്ന ഷാജിയെ.പുഞ്ചിരിയൊട്ടും വാടാതെ ഷാജിയെ ഞാന്‍ ക്ഷണിച്ചു.
''ഇരിക്കു ഷാജി..എങ്ങനുണ്ടിപ്പോ തലവേദന? '
ഞാന്‍ ചോദിച്ചു.ഷാജി പുഞ്ചിരിച്ചു.
''കുറവുണ്ട് ..ഒത്തിരി കുറവുണ്ട്..''
ഞാന്‍ ഷാജിക്കു വേണ്ട മരുന്നെടുത്തു.കേവലം ഇരുനൂറു രൂപയുടെ മരുന്നേ ഉള്ളു.അതെല്ലാം എണ്ണകളുമാണ്.ആയുര്‍വേദം പണ്ടെങ്ങോ പഠിച്ചതു കൊണ്ട് എന്റെ സര്‍ട്ടിഫിക്കറ്റെല്ലാം കൂടപ്പിറപ്പുകള്‍ ഒളിപ്പിച്ചു വച്ചപ്പോഴും എനിക്കു ജീവിക്കാനാകുന്നല്ലോ എന്നു ഞാനപ്പോഴോര്‍ത്തു.കയ്യില്‍ വന്ന നോട്ട് കണ്ടപ്പോഴാണ് ഞാന്‍ വല്ലാതെ ഞെട്ടിയത്..അയ്യായിരത്തോളം രൂപ!
ഇതെന്താ ഷാജി? ഇതെന്തിനാ?
എന്റെ അന്ധാളിപ്പു വാക്കുകളായി പുറത്തു ചാടി.
''വച്ചോന്നേ..ആവശ്യം വരും..എനിക്ക് ആവുമ്പോ തന്നാ മതി..അല്ലാ,പ്പോ ഒണ്ടാക്കി കൂട്ടീട്ട് ഞാനെന്തു ചെയ്യാനാന്ന്?ബീനയ്ക്കല്ലേ പിള്ളേരും ഉത്തരവാദിത്തോം ഒക്കെ,അതും ഒറ്റയ്ക്കല്ലേ ...ആങ്ങളയാന്നു കൂട്ടിക്കോ...പിന്നാകുമ്പ തന്നാ മതീട്ടോ..''
ഇതാണ് ...ഇതു തന്നെയാണ് ദൈവംപ്രവര്‍ത്തിക്കുന്ന നിമിഷങ്ങള്‍!താമരശേരിയച്ചന്റെ നോവു കണ്ടാവും ദൈവം ഷാജിയെ ഇങ്ങോട്ടയച്ചത് ഇപ്പോള്‍ തന്നെ!എന്തായാലും ഈ മാസം റെന്റിനും വീട്ടാവശ്യങ്ങള്‍ക്കുമുള്ളതായി.ദൈവമേ സ്തുതി!
''ഹായ് അങ്കിളേ..ഷായിയങ്കിളേ..''
അപ്പോഴുണ്ടോടി വരുന്നു രണ്ടു കുഴിയാനക്കുഞ്ഞുങ്ങള്‍.അവരുടെ സ്വന്തം ഷായിയങ്കിളിന്റെ സ്വരം കേട്ടോടി വന്നതാണ്.
34

പിന്നെ അവര്‍തമ്മിലായി കളിചിരികളും അലയൊലികളും.

ആ നേരം നോക്കി ഞാന്‍ അടുക്കളയിലേക്കു വലിഞ്ഞു.വേഗം ഇത്തിരി കട്ടന്‍ചായയിട്ടു.ഞങ്ങളൊന്നിച്ചിരുന്നു കുറേ നാട്ടു വര്‍ത്താനങ്ങള്‍ പങ്കു വച്ചു.
''അമ്മയ്ക്കു നല്ല സുഖമില്ല.താന്‍ വരുന്നോ ഒന്നു കാണാന്‍ ?''
ഇടയ്ക്ക് ഷാജി ചോദിച്ചു.
''എന്താ ഷാജി?എന്തു പറ്റി? ''എനിക്കു ടെന്‍ഷനായി.ആ മെല്ലിച്ച ഐശ്വര്യമുള്ള മുഖം മനസിലോടിയെത്തി.എന്നെ ഒരുപാടിഷ്ടമുള്ള അമ്മ,.ഷാജിയുടെ അമ്മ.പെട്ടെന്നെന്റെ കണ്ണു നിറയുന്നതു ഞാനറിഞ്ഞു.കണ്‍പോളകള്‍ തുരുതുരാ അടച്ച് വെറുതേ ശ്രമിച്ചു.പെട്ടെന്നു രണ്ടു തുള്ളികണ്ണീര്‍ പുറത്തു ചാടി,ആലിപ്പഴത്തുള്ളികള്‍ പോലെ...
'നല്ലോര്‍ക്കെന്താ ദൈവം ആയുസു കുറയ്ക്കുന്നേ?ഈ ദൈവത്തിനു കുശുമ്പാണോ? നല്ല മനുഷ്യരീ ഭൂമിയില്‍ കൂടുതലായാലെന്താ കുഴപ്പം?''
എന്റെ സങ്കടം വാക്കുകളായി പുറത്തു ചാടി.ഷാജിയുടെ കണ്ണുകളും അപ്പോള്‍ നിറഞ്ഞിരുന്നു.
''ഒന്നൂണ്ടാവില്ല ഷാജി...പ്രാര്‍ത്ഥനയുണ്ട്..ദൈവം ..എല്ലാ വൈദ്യന്മാരുടെയും വലിയ വൈദ്യനായ തമ്പുരാന്‍ സുഖപ്പെടുത്തും അമ്മയെ...താന്‍ വിഷമിക്കാതെടോ...'എന്റെ ആശ്വാസവാക്കുകള്‍ക്കൊടുവില്‍ ഒരുവിധം സമാധാനമായി ഷാജി പോകാനിറങ്ങി.ഷാജിയെ യാത്രയാക്കി തിരിച്ചുകയറിയപ്പോഴാണ് ബെഡ്‌റൂമില്‍ അലസമായി കിടന്ന ആ കടലാസ് എന്നെ മാടി വിളിച്ചത്.
''മക്കള്‍ വിശക്കുന്നതു കാണാനുള്ള ത്രാണിയില്ലാത്തതു കൊണ്ടും എറണാകുളമെന്ന മഹാനഗരത്തില്‍ എനിക്കാരുമില്ലാത്തതു കൊണ്ടും ജീവിതപരാജയങ്ങളേറ്റു വാങ്ങി ഇവള്‍ യാത്രയാകുന്നു...എന്റെ കുഞ്ഞുങ്ങളെ സഭാമാതാവിനേല്‍പിക്കുന്നു.അവര്‍ക്കവകാശപ്പെട്ടതും ഇപ്പോള്‍ കോടതിയിലുള്ളതുമായ കേസ് ചാര്‍ലിച്ചേച്ചിയെയും വക്കച്ചായനെയും ഏല്‍പിക്കുന്നു...എന്നെ വേണ്ടാത്ത ദൈവത്തെ എനിക്കും വേണ്ടാാാ....''
ആ വരികളിലൂടെ കണ്ണോടിച്ചപ്പോഴാണ്എനിക്കു പരിസരബോധമുണ്ടായത്...
ഹെന്റെ ദൈവമേ ...ന്റെ പിള്ളേരെങ്ങാനുമിതു കണ്ടാ..ഹൊ!
മരണം എന്റെ കയ്യെത്തും ദൂരത്തു വന്നു നിന്ന് എന്നെ കൊഞ്ഞ കുത്തിക്കാണിക്കുന്ന പോലെ തോന്നി എനിക്കപ്പോള്‍.
ബൈബിളെടുത്തു കെട്ടിപ്പിടിച്ചു കുറേ നേരമിരുന്നു ഞാന്‍.അപ്പോള്‍ കിട്ടിയൊരൂര്‍ജ്ജം ..അതൊന്നു വേറെ തന്നെ!വാക്കുകളെങ്ങനെ ചേരുമാ ഊര്‍ജ്ജനിര്‍വൃതിക്ക്?
ഒരിക്കല്‍ കൂടി എന്നെ ആവശ്യമുണ്ടെന്നു ദൈവം തെളിയിച്ചിരിക്കുന്നു.മുന്‍പു പലകുറി പലമരണകരങ്ങളായ സാഹചര്യങ്ങളില്‍ മാലാഖമാരായി പലരെയും അയച്ചിട്ടുള്ള തമ്പുരാന്റെ സ്‌നേഹം ഇത്തവണയും എന്നെ കൈവെടിഞ്ഞില്ല.
''മക്കളേ,ഇങ്ങോടി വന്നേ,നമ്മക്കേ റോയല്‍ ഹോട്ടലിപ്പോകാട്ടോ ..''
''ന്നാമ്മായേ ..പിരിനാനി മാങ്ങാനാന്നോ?
ങാ...പിരിനാനി മാങ്ങാനാ..ബാ..ബേം പാം..ബാ...'
അതു കേട്ടതേ അവരുഷാറായി.വേഗം ഞാനവരെ കുളിപ്പിച്ചൊരുക്കി. അങ്ങനെ അരക്കിലോപൊടിയിലും ആറടി മണ്ണിലും തീരുമെന്നു വിചാരിച്ച ആ ദിവസം ബിരിയാണിയിലും ആഘോഷത്തിലുമാക്കി മാറ്റി കരുണയുള്ള ദൈവം.ഈ ദൈവത്തിന്റെയൊരു പണി! ഹ...എന്നാലും എന്റെ ദൈവമേ...ഇത്രേം കുസൃതിയൊക്കെ ഒപ്പിക്കാവോ ഈ പാവം എന്നോട്..ങേ?

അധ്യായം  17

ന്റെ സെബാനേച്ചി

വര്‍ഗീയത കത്തിയാളുകയാണ്.നാടെങ്ങും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍.മുസ്ലിമായതിന്റെ പേരില്‍ നടക്കുന്ന ഉത്തരേന്ത്യയിലെ കൊലകള്‍ കുറച്ചു നാളായി എന്നെ വല്ലാതെ അലട്ടുന്നു.എന്തിനീ സഹജീവിഹത്യ നടത്തി ആനന്ദനിര്‍വൃതിയടയുന്നു?എന്തു നേടാന്‍?ദൈവം വിഡ്ഢിയാണെന്നാണോ ഇവരു കരുതുന്നെ?വേദനയുടെ നീര്‍ച്ചുഴികളില്‍ എനിക്കായി 
35
തമ്പുരാനയച്ചതില്‍ ഭൂരിഭാഗവും ഹിന്ദുക്കളോ മുസ്ലിങ്ങളോ ആയിരുന്നല്ലോ.അപ്പോ ദൈവത്തിനെന്താ അക്കിടി പറ്റീതോ?അല്ല, എനിക്കറിയാമ്മേലാഞ്ഞു ചോദിക്കുവാ ...
ആകെയുണ്ടായിരുന്ന ഒരേയൊരു ചേച്ചി,എന്റെ റാണിയമ്മ എന്നെ കൊല്ലാന്‍ പദ്ധതികളാവിഷ്‌കരിച്ചപ്പോള്‍ എന്നെ രക്ഷിക്കാന്‍ ദൈവമൊരു മാലാഖയെ അതിലും നേരത്തെ തൃശൂരിന്റെ അകത്തളങ്ങളിലൊരുക്കി വച്ചിരുന്നു.പാലക്കാടന്‍ റാവുത്തര്‍ കുടുംബത്തില്‍ നിന്നങ്ങോട്ടു കുടിയേറിയ എന്റെ സ്വന്തം സെബാനേച്ചി.സഹര്‍ബാനു ജലീലെന്ന ന്റെ മാലാഖക്കുട്ടി.ജിക്കുമ്മാനിയെ വയറ്റിലായിരിക്കുമ്പോള്‍ പലപ്പോഴും എന്നെ പട്ടിണിയിടാന്‍ അയാള്‍ക്കൊരു പ്രത്യേക സുഖമായിരുന്നു.കാമുകിമാരൊരുപാടു ചുറ്റുമുള്ള ആ ശ്രീകൃഷ്ണന് പണത്തിനുള്ള ഉപഭോഗവസ്തു മാത്രമായിരുന്നല്ലോ ഇവള്‍!പത്തിരിയുടെ രൂപത്തിലും കോഴിക്കറിയുടെ രൂപത്തിലും മട്ടന്‍ കറിയുടെ രൂപത്തിലും സെബാനേച്ചിയുടെ സ്‌നേഹം എന്നിലേക്ക്,എന്റെയുള്ളിലെ കുരുന്നു ജീവനിലേക്ക് ഒഴുകുന്നതു ഞാനറിഞ്ഞു.ആരുമറിയാതെ,അയല്‍ക്കാരു പോലും കാണാതെ...പിന്നാമ്പുറത്തുകൂടി പമ്മിപ്പമ്മി സെബാനേച്ചി തന്ന ആ സ്‌നേഹപ്പൊതികളുടെ രുചി അന്തരാളങ്ങളിലിന്നുമെന്നെ പിടിച്ചു വലിക്കുന്നൂ...സ്‌നേഹദാഹമായി...പിന്നീടു എനിക്ക് ഡൈവോഴ്‌സും കേസുമെല്ലാമായപ്പോള്‍ സ്വന്തം വീടിന്റെ ഗേറ്റിനു പുറത്തൊരാളോടു പോലും നേരെ ചൊവ്വേ മിണ്ടാത്ത ആ പാവം ചേച്ചി എന്നോടു പറഞ്ഞു..
'നീ വിഷമിക്കണ്ട ബീനേ..നിന്റെ കേസ് ജയിക്കും വരെ ..നിനക്കെന്താവശ്യമുണ്ടേലും ഇങ്ങു പോര്..ഇതു നിന്റെ വീടാ...നിനക്കെന്റെ കൂടെ കഴിയാം...നീയെന്റെ പൊന്നനിയത്ത്യാ...'
ആ വാക്കുകള്‍ എനിക്കു നല്‍കിയ ആശ്വാസം,അപരിമേയമായ സാന്ത്വനം...അളക്കാന്‍ എവിടെയുണ്ടൊരളവുകോലീ ലോകത്ത്?എന്തായാലും എന്റെ കേസ് നടന്നപ്പോഴൊക്കെ മാത്രമല്ല,തൃശൂരു വഴിയെന്നു പോയാലും എന്റെ സെബാനേച്ചിയെ ഒന്നു കണ്ടില്ലെങ്കില്‍ സ്വസ്ഥമാകില്ലെനിക്ക്.എന്റെ മമ്മിയുടെ ഉദരത്തില്‍ ജനിക്കാത്ത,എന്റെ മതത്തില്‍ ജനിക്കാത്ത എന്റെ മാലാഖച്ചേച്ചീ...എന്തു പറയണം ഞാനീ കരുതലിന്?
ഞാനും ഭര്‍ത്താവും തൃശൂരു താമസം വരുമ്പോള്‍ മൂത്ത കുട്ടിമാത്രമേ ഉണ്ടായിരുന്നുള്ളു.ഷാരോണിക്കന്നു പ്രായം അഞ്ചു മാസംമാത്രം.ഓമനത്തമുള്ള കുഞ്ഞ്.സെബാനേച്ചിക്കന്നു നാലു വയസുകാരി വനസി മാത്രം.കുതിരക്കുട്ടിയെ പോലെ ചാടിച്ചാടി നടക്കുന്ന വനസി... അയല്‍പക്കക്കാരുടെ പിണ്ടിപ്പെരുന്നാളാഘോഷങ്ങളില്‍,പ്രഭ തൂകിയ നക്ഷത്രവിളക്കുകള്‍ കമ്പം ചൊരിഞ്ഞ അയല്‍ക്കൂട്ടങ്ങളില്‍, ക്രിസ്മസ് രാവുകളിലെ അലങ്കാരങ്ങളുടെ മാസ്മരികതയില്‍ എല്ലാംകുഞ്ഞു വനസി സര്‍ക്കാരുദ്യോഗസ്ഥനായ അവളുടെ അത്തയുടെ, ജലീലേട്ടന്റെ  അണിവിരലില്‍ തൂങ്ങി കൊഞ്ചി നടന്നു.അത്തയുടെ കൈയില്‍ തൂങ്ങി ലോകൈകരാജകുമാരിയായി അവള്‍ വരുന്ന ആ വരവ്!ആഹാ...അതൊന്നു കാണാനും മാത്രമുണ്ട്.
അങ്ങനിരിക്കെ ഒരിക്കലവള്‍ തുള്ളിത്തുള്ളി എന്റെയടുത്തും വന്നു.ഷാരോണിക്കു കുറുക്കു കൊടുക്കുകയായിരുന്നു ഞാനപ്പോള്‍.
''അതേയ്...ആന്റ്യേ..ന്റമ്മേം അച്ചനും ചണ്ട കൂടീ....''
കൈതവമേതുമില്ലാത്ത ആ മാലാഖക്കുഞ്ഞു മൊഴിഞ്ഞു.
അപ്പോഴാണാദ്യമായി ഞാനവളെ ശ്രദ്ധിച്ചത്.ആരാ മോളുടമ്മ?ഞാന്‍ ചോദിച്ചു.അന്നാണാദ്യമായി ആ ശാലീനയുവതിയെ ഞാന്‍ കണ്ടത്.എന്റെ വാടകവീടിനു രണ്ടു വീടപ്പുറം ഗേറ്റില്‍പിടിച്ചു നില്‍ക്കുന്ന യുവതി.നല്ല ആകാരവടിവുള്ള ഗ്രാമീണസൗന്ദര്യം.അന്നു പോയി പരിചയപ്പെട്ടത് എന്തോ വലിയ ദൈവനിയോഗം തന്നെയെന്നു കാലം തെളിയിച്ച പാഠം.

ബീനേ, ഒന്ന് തര്വോ നിന്റ മോനെ.... ഞാന്‍ കൊണ്ടോയി കുളിപ്പിച്ച് ഉറക്കി.. വനസി വരുമ്പളത്തേയ്ക്ക് ഇങ്ങ കൊണ്ട് തരാടീ..
സെബാനെച്ചി ടെ ആ ചോദ്യം ഇന്നും മുഴങ്ങുന്നു കാതില്‍... സെബാനെച്ചി യെ കാണുമ്പോഴേയ്ക്കും ഷാരോണി ചാടിയൊരു കുതിപ്പ് ആണ് ആ കൈകളിലേക്ക്.ആ നേരം കൊണ്ട് ഞാന്‍ എല്ലാ പണിയും ഓടി നടന്നു തീര്‍ക്കും. പിന്നെ കുളിച്ചു ചെന്ന് അവന്‍ ഉണരും വരെ ചേച്ചി യോട് സൊറ പറഞ്ഞു ഒരു ഇരുപ്പ് ആണ്. പാലക്കാടന്‍ ചു വയുള്ള ന്റെ  മാലാഖ ചേച്ചി. വരാന്‍ ഇരിക്കുന്ന ദുരന്തം നേരത്തെ അറിയുന്നവനായ ദൈവം

36

 മുന്‍കൂട്ടി എനിക്കു വേണ്ടി തന്നെ അയച്ച മാലാഖ യാണ് എന്റെ സെബാനെച്ചി എന്ന് കാലം എന്നെ ഓര്‍മിപ്പിച്ചു കൊണ്ടേ യിരുന്നു.
ബീനേ, നിന്റെ മോനെ കാണുമ്പോ നിക്ക് കൊത്യാവണെടീ...''
''ന്നോട് പറഞ്ഞിട്ടോരു കാര്യോം ഇല്ല. ആശയൊക്കെ നേരെ ജലീലെട്ടനോട് പറഞ്ഞോ.. ന്നോട് പറഞ്ഞാ  നോ രക്ഷ.. '
ഞങ്ങള്‍ പൊട്ടിച്ചിരിച്ചു... ചുമ്മാ..


അധ്യായം 18

അത്താാാ

അങ്ങനെയങ്ങനെ ഷാരോണി പതിയെ കൂട്ടി പറയാന്‍ തുടങ്ങി യ നാളുകള്‍.. എപ്പോഴും വനസി യുടെ പിന്നാലെ ഗോലി കണക്കെ ഉരുണ്ടു ഉരുണ്ടു ഓടി നടക്കുന്ന ഷാരോണി അന്നൊരിക്കല്‍ കഴുത്തു നീട്ടി ആയാസപ്പെ ട്ട് വിളിക്കുന്നു..
''അ.. അത്.. അത്താ... '
'എന്തോ... '

ഒരു പാട് സ്‌നേഹ ത്തോടെ ജലീലേട്ടന്റെ മറുപടി.. എല്ലാം കണ്ടും കേട്ടും ഞങ്ങളുടെ മനസു നിറഞ്ഞു . വനസി  അത്താഎന്ന് വിളിച്ചു ഓടി ചെന്നതാ യിരുന്നു. അത് കേട്ടാണ് കുഞ്ഞു ഷാരോണ്‍ വിളിച്ചത്. അതിനിടയില്‍  എന്താ യാലും ആശ പോലെ സെബാനെച്ചി ക്ക് ഉണ്ണി പിറന്നു... ഷാരോണിന്റെ പേരിന് ചേരുന്ന പേര് സെബാനെച്ചി യും ജലീലേട്ടനും ചേര്‍ന്ന് കണ്ടെത്തി.. ഷാരൂഖ്.. എത്ര മധുരോദാരമായിരുന്നു ആ നാളുകള്‍ !

മനസു നിറഞ്ഞ അനുഭവങ്ങള്‍ ടെ ഉറവ കളായി രുന്നു എന്റെ സെബാനെച്ചി യും ജലീലേട്ടനും വനസിയും. ഇന്ന് ജലീലേട്ടന്‍ ഓര്‍മ യായിരിക്കുന്നു. വനസി  അമ്മ യായിരിക്കുന്നു. കാലമൊരു മെമു ട്രെയിന്‍ ആയി മുന്നോട്ടു കുതിക്കുന്നു ഇന്ന് ഞങ്ങള്‍ രണ്ടാളും ഒറ്റവണ്ടി പ്പശുക്കള്‍ !
ഇടയ്ക്ക് എത്തുന്ന കാല വര്‍ഷം പോലെ  എങ്കിലും ഞാനും എന്റെ സെബാനെച്ചി യും ഇടയ്ക്ക് കൂടാറുണ്ട്.. സൊറ പറയാറുണ്ട്.
വനസിയുടെ കല്യാണം അതിഗംഭീരമാക്കി നടത്തി  ജലീലേട്ടന്‍. അന്ന് അവള്‍ ഒരു അപ്‌സര സായി ഞങ്ങളുടെ കണ്ണുകളില്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും അത് തന്നെ യായി രുന്നു. ഓര്‍മ കളില്‍ ജലീലേട്ടന്‍ പുനര്‍ ജനിച്ച പോലെ ഇപ്പോള്‍ വനസിയുടെ കയ്യില്‍ ഓമനത്ത മുള്ള ഒരു കുഞ്ഞു ജലീല്‍ മോന്‍.... 
അവന്റെ കളി ചിരി കളാണ് ഇന്ന് ആ കുടുംബ ത്തിന്റെ മണികിലുക്കം.

അധ്യായം 19

മാലാഖമാര്‍ വന്ന വഴി

ഷാരോണി യും ദീപക്കും പത്തും എട്ടും വയസ്  പ്രായം. എനിക്ക് ഒന്ന് കൊടൈക്കനാല്‍ വരെ പോണം. കുറച്ചു മരുന്ന് കച്ചോടം ആണ് ലക്ഷ്യം. കുട്ടികളുമായി കുമളി ബസ് സ്റ്റാന്‍ഡിന്റെ സമീപം നില്‍ക്കുമ്പോള്‍ ദാ വരുന്നു മറ്റൊരു കളിതോഴന്‍.
''ഡീ നീയെന്നാ ഇവിടെ?''
''ഡാ.. നീ.. ഇവിടെ? '
'ഞാന്‍ ഇവിടെ കുമളീലാ ഇപ്പോള്‍. വൈഫും മക്കളും റോസാപൂകണ്ടത്താ നീ എന്താ യാലും വാ.. ഒന്ന് വന്നിട്ട് പോ..ബിന്ദു നെ പരിചയപ്പെട്ടിരിക്കുന്നത് നല്ല താ നിനക്ക്.. ഇനിപ്പോ ഞാന്‍ ഇവിടെ ഇല്ലേലും എന്തെങ്കിലും ആവശ്യം 
ഉണ്ടെങ്കില്‍ ഇങ്ങു പോന്നാ മതീ ടീ.. '


37

പെട്ടെന്ന് അവന്‍ ഫോണ്‍ എടുത്തു ബിന്ദുവിനെ വിളിച്ചു, ഞങ്ങള്‍ എത്തുന്ന വിവരം പറഞ്ഞു. അങ്ങനെ ഞാനും മക്കളും സുരേഷി ന്റെ സാമ്രാജ്യത്തിലെ യ്ക്കു സ്വാഗതം ചെയ്യപ്പെട്ടു. മൂന്നു നില ഫ്‌ലാറ്റ് സമുചായ ത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഞങ്ങള്‍ വരുന്നത് കണ്ട ബിന്ദു ഓടിയിറങ്ങി വന്നു. 
അന്ന് അവള്‍ വന്ന ആ വരവ് !
അതെന്നെ വല്ലാതെ അതിശയിപ്പിച്ചു കളഞ്ഞു. ഇന്നോളം കണ്ടിട്ടില്ലാത്ത എന്റെ കയ്യില്‍ നിന്നു ഭാരം ഉള്ള ബാഗ് പിടിച്ചു വാങ്ങി മക്കളെ രണ്ടാളെയും രണ്ടു കൈകളില്‍ പിടിച്ചു അന്ന് അവള്‍ പോയ പോക്ക് !
ചിരപരിചിതരെന്നോണം അന്ന് അവര്‍ പോയ ആ പോക്ക് ഒരു തുണ്ട് ഭൂമി ക്ക് വേണ്ടി എന്നെയും മക്കളെ യും കൊല്ലാന്‍ നടക്കുന്ന എന്റെ ഉടപ്പിറന്നൊരു കണ്ടിരുന്നെങ്കില്‍? ഒരു മാത്ര വെറുതെ ഞാന്‍ കൊതിച്ചു പോയി !
'ആട്ടെ, നീ എങ്ങനാ കൊടൈക്കനാല്‍ പോകുന്നെ? '
കുളിച്ചു ഫ്രഷ് ആയി വന്ന എന്നോട് സുരേഷ് ചോദിച്ചു.
'പുലര്‍ച്ചെ 4ന് ഒരു ബസ് ഉണ്ടെന്നറിയാം. അതിനു പോണം. '
''അത് നീ മരുന്ന് കച്ചോടത്തിനു പോണതല്ലേ. അതിനിടയില്‍ ഈ പിള്ളാരെ എന്തിനു കൊണ്ടോവുന്നു? '
'ടാ അതിപ്പോ.. '
'ഒരു അതിപ്പോ യുമില്ല. അവരിവിടെ നില്‍ക്കട്ടെ. ബിന്ദു നോക്കിക്കോളും.. നീ പോയി വാ. '

'ടാ.. നിന്റെ കുഞ്ഞുങ്ങള്‍ തീരെ ചെറുത്..ആറും രണ്ടും വയസ് ഉള്ള രണ്ടു കുരുന്നുകള്‍.. ഇതിനിടയില്‍ അവള്‍ എങ്ങനെ എട്ടും പത്തും വയസ് ഉള്ള രണ്ടു വികൃതി കളെ കൂടി? '
എനിക്കു അത് ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല. 
പക്ഷെ, അവര്‍ രണ്ടാളും സമ്മതിച്ചില്ല, പുലര്‍ച്ചെ വലിയ കനം ഉള്ള ബാഗും എട്ടും പൊട്ടും തിരിയാത്ത പിള്ളേ രെയും ഒന്നിച്ചു യാത്രയാക്കാന്‍. സുരേഷ് പുലര്‍ച്ചെ വന്നു എന്നെ ബസ് കയറ്റി വിട്ടു. വണ്ടി നീങ്ങി തുടങ്ങി യപ്പോള്‍ ഞാന്‍ കണ്ടു.. റ്റാ റ്റാ തന്നു കൈ വീശി.. ചിരിച്ചു നില്‍ക്കുന്ന ആ കൂടപ്പിറപ്പിനെ.
സ്വന്തം ഉടപ്പിറന്നോനൊരുത്തന്‍ എന്റെ ജീവനെടുക്കാന്‍ വന്നതും ഇവിടെ ഈ കുമളി വരെയായി രുന്നു എന്നോര്‍ത്ത പ്പോള്‍ സുരേഷിനോട് എന്തെന്നില്ലാത്ത ആത്മ ബന്ധം അന്തരാളത്തിന്റെ ആണി വേഗങ്ങളില്‍ നുരഞ്ഞു പൊന്തി.
കൊടൈക്കനാല്‍ യാത്ര കഴിഞ്ഞു വന്നപ്പോള്‍ മറ്റൊരു പുണ്യം എനിക്കായ് കാത്തു വച്ചിരുന്നു ദൈവം.
''മമ്മായെ... ദീപക്കിനെ പനിച്ചൂ മമ്മാ പോയപ്പോ... '
'ങ് ങേ... '
'പേടിച്ചണ്ടാ മ്മാ യെ... ബിന്ദു വാന്റി ന്നെ കെട്ടിപിടിച്ചാ ഒറങ്ങിയെ .  ആന്റി യില്ലേ, കുഞ്ഞാവേ പോലും നോക്കിയില്ല.. എനിച്ചു പനി ബന്നപ്പ.. '
'ഹെന്റെ ബിന്ദു മോളെ... ഞാന്‍ എന്ത് പറയേണ്ടു... മാലാഖ മാര്‍ വരുന്ന വഴികള്‍ എത്ര എത്ര..? ' അപ്പോള്‍ മറ്റൊരു ഭീകരനിമിഷം മനസിലോടിയെത്തി.

അധ്യായം 20

കാവല്‍മാലാഖയുടെ കരുതല്‍

മൂന്നര വയസും അഞ്ചര വയസും പ്രായം ഉള്ളപ്പോള്‍  ഈ കുഞ്ഞു ങ്ങളെയാണ് കുഞ്ഞൂട്ടി എരുമേലി യിലെ ഐസ്‌ക്രീം പാര്‍ലറില്‍ കൊണ്ട് പോയി ഐസ് ക്രീമില്‍ വിഷം കൊടുത്തു കൊല്ലാന്‍ നോക്കിയത്. അന്ന് പാര്‍ലറിനുള്ളിലേക്ക് കയറിയ കുഞ്ഞുട്ടി അയാളോട് വിഷം എന്ന് പറഞ്ഞത് കൂര്‍മബുദ്ധി യായ ദീപക്‌മോന്‍ കേട്ടു.
സഹജമായ എല്ലാ നിഷ്‌കളങ്കതയോടെ യും ആ പൈതല്‍ പറഞ്ഞു..
''നങ്ങക്കും വെസം മേണം... നങ്ങക്കും വെസം മേണം. ' 

38

കുഞ്ഞുട്ടി യും കടക്കാരനും അവിടെ തിരിച്ചു എത്തും മുമ്പേ എന്റെ മാലാഖ കുഞ്ഞു ങ്ങളെ ആരോ രക്ഷ പെടുത്തിയിരുന്നു.
ആരാണത്?
ഇന്നും ആ ചോദ്യം എന്നെ കുഴക്കുന്നു.
''മമ്മാടെ കൂട്ടുകാരനാ.. '
'മ്മടെ വീട്ടി വരുന്ന അങ്കിളാ.. വല്യ പപ്പാച്ചീ ടേം കൂട്ടുകാരനാ.. '.
ങേ.. അതാരാണാവോ?
എന്താ യാലും ഒന്നുറപ്പായി. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആരോ നല്ല മനുഷ്യന്‍ എന്റെ കുട്ടി കളെ അദ്ദേഹത്തിന്റെ സ്‌കോര്‍പിയോ യില്‍ സുരക്ഷിത മായി വീട്ടില്‍ എത്തിച്ചത് കൊണ്ടാണ്  എന്റെ പൊന്നോമനകള്‍ ഇന്നും ജീവനോടെ ഉള്ളത്!
പരിശുദ്ധനായ തമ്പുരാനേ.. നീ എത്ര വലിയവന്‍?
എന്റെ മക്കളെ രക്ഷിച്ച ആ മനുഷ്യനെ കുറിച്ച് ഒത്തിരി  വഴക്കു ആക്കി കുഞ്ഞുട്ടി വീട്ടില്‍ പറഞ്ഞു ത്രെ. ഒക്കെ കണ്ടു പേടിച്ചു ഞങ്ങള്‍ മിണ്ടിയില്ല മ്മായേ ന്നു ന്റെ ജിക്കു മോന്‍ പറഞ്ഞപ്പോള്‍ മച്ചനായ കുഞ്ഞുട്ടി യെ എന്തിനു ഈ ഭൂമി ചുമ്മാ ചുമക്കുന്നു എന്ന് തോന്നി പോയി..അത്രമേലന്നെന്റെ മാതൃഹൃദയം തേങ്ങി.ഇന്നുമതോര്‍ക്കുമ്പോള്‍ ഉള്ളിലൊരു കനലാണിവള്‍ക്ക്..

 

 

അധ്യായം 21 

അപരിചിത

''ഇന്നിപ്പോ ഇവിടെ റൂമെടുക്കാം.അഡ്മിറ്റാകുന്നതാ നല്ലത്.മമ്മയൊന്നു റിലാക്‌സ് ആകട്ടെ.പാവം മമ്മാ...'
'അതേ മോനെ,ഞാനാ വണ്ടിയേലെങ്ങാനും കിടന്നുറങ്ങിക്കോളാം...'
'മാക്‌സിച്ചേട്ടന്‍ വണ്ടിയേ കിടക്കണ്ടന്നെ .. '
ആകെയൊരു കലപില ശബ്ദം കേട്ടാണ് ഞാന്‍ കണ്ണു തുറന്നത്.നോക്കുമ്പോള്‍ അപരിചിതമായൊരന്തരീക്ഷം.ചുറ്റും എന്റെ മക്കളും മാക്‌സിച്ചേട്ടനും.
അപ്പോ ഞാനിതു വരെ ഓര്‍ത്തതൊക്കെ...?
എവിടെയായിരുന്നു എന്റെ മനസ്?
ഞാന്‍ പരിശ്രമിച്ചു കണ്ണു തുറന്നു.മേലാസകലം വല്ലാത്ത വേദന.എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചെങ്കിലും പാളി. ബെഡിലേക്കു വേച്ചു വീണ എന്നെ മക്കള്‍ താങ്ങി.
''എന്താ മക്കളേ ഉണ്ടായെ? '
'ഒന്നൂല്ലന്നേ ,മമ്മായ്‌ക്കൊന്നു തലകറങ്ങി.ബോധം തെളിയാനിത്തിരി പാടുപെട്ടു.ഞങ്ങളിവിടെ മേരിമാതാ ആശുപത്രിയിലേക്കു കൊണ്ടു പോന്നു''.
''ഇപ്പം ക്ഷീണമൊണ്ടോ മമ്മായേ ? ''ഷാരോണീടെ ഒത്തിരി സ്‌നേഹത്തോടെയുള്ള ചോദ്യം.

''ഇല്ല മക്കളേ,ക്ഷീണമില്ലാ ട്ടോ ...'ഞാനവന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു.
എങ്ങനുണ്ടിപ്പോ അമ്മയ്ക്ക്?
അവിടേയ്ക്കു കടന്നു വന്ന നഴ്‌സ് ചോദിച്ചു.ഞാനൊന്നു പുഞ്ചിരിച്ചു.
''അമ്മ പിള്ളേരെ പേടിപ്പിച്ചൂ ലേ ...'
നഴ്‌സ് എന്നെ നോക്കി കണ്ണിറുക്കി.
''യ്യോ ..അങ്ങനൊന്നുല്ല,അതിപ്പോ പ്രഷറു വല്ലോം താഴ്ന്നതാരിക്കും ന്നേ .. '
ഞാന്‍ നിസാരമാക്കാന്‍ നോക്കി പറഞ്ഞു.
''ഉവ്വുവ്വ...മമ്മായ്‌ക്കെന്നാ ബോധക്കേടാ ഉണ്ടായെ...ഹും..ന്തോരം തണുത്ത വെള്ളമാ ഞങ്ങളൊഴിച്ചെ?എന്നിട്ടു പോലും എത്ര നേരം കഴിഞ്ഞാ മമ്മാ ഉണര്‍ന്നെ..? '
'ഉവ്വോ ..സാരല്ലടാ ...'
39

പാവങ്ങള്‍ എന്റെ കുഞ്ഞുങ്ങള്‍...പേടിച്ചിരിക്കുന്നു അവരു വല്ലാതെ.ജീവിതം ഹല്‍ഡില്‍സായപ്പോള്‍ ഓരോ തവണയും ഓടിയും പിന്നെ ചാടിയും ഇവളതെല്ലാം കടന്നു കയറിയത് ഈ ഓമനക്കുട്ടന്മാരെയോര്‍ത്തു മാത്രമായിരുന്നല്ലോ...
ഹെന്റെ ദൈവമേ...നിനക്കു സ്തുതി!
അന്തരാളത്തില്‍ നിന്നറിയാതൊരു പ്രാര്‍ഥനയുയര്‍ന്നു.
അങ്ങനെ ദശാബ്ദങ്ങള്‍ക്കു ശേഷം ഞാന്‍ പിറന്ന മേരിമാതാ ആശുപത്രിയില്‍ വീണ്ടും ഞാന്‍ അഡ്മിറ്റായി.അന്നു രാത്രി വലിയ ആശ്വാസമായിരുന്നു എനിക്ക്.പണ്ടു പണ്ട്,മഞ്ഞളരുവിയിലെ എന്റെ ബാല്യം തിരിച്ചു കിട്ടിയ പോലെ...പണ്ടത്തെ ആ പഴയവീട്ടില്‍ മമ്മിയുടെ സാരിത്തുമ്പില്‍ ചുറ്റിപ്പിണര്‍ന്നുറങ്ങുന്ന പോലെ ...അത്രമേല്‍ ആശ്വാസം നിറഞ്ഞതായിരുന്നു ആ രാത്രി...ഗൃഹാതുരത്വമുറങ്ങുന്നഈ നിമിഷങ്ങള്‍ ദൈവം എനിക്കായി കാത്തു വച്ചതാവാം;ഒത്തിരി സഹിച്ചതിനു സമ്മാനമായി.
............
കാര്‍ പാഞ്ഞു കൊണ്ടിരുന്നു.കൊച്ചിയിലെ ഞങ്ങളുടെ കൊച്ചു വീട്ടിലേക്ക്.ഒപ്പം പിന്നാലെ കൂടിയ ഞങ്ങളുടെ ഗൃഹാതുരത്വവും എന്നേയ്ക്കുമായി ഞങ്ങളോടൊപ്പം കൂടിയ പോലെ...കൊച്ചിയിലെത്തിയിട്ടും വര്‍ത്തമാനകാലം മടിച്ചു നിന്നു ഞങ്ങളുടെ മനോഗൃഹങ്ങളിലേക്കു വാതില്‍ മുട്ടി തുറന്നെത്താന്‍...കാലം ചിരപരിചിതമായിരുന്ന പലതിനെയും അപരിചിതമാക്കിയേക്കാം,പക്ഷേ,ഇവളെന്നും അപരാജിത..മനസ് വെറുതെ മന്ത്രിച്ചു കൊണ്ടിരുന്നു.

ശുഭം

 

 

 

 

 

 

 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image