ഒരു സാധനം നിരോധിച്ചപ്പോൾ
 
എൻ.ആർ.രാജേഷ്
 
 
 
 
 
സമുദ്രത്തിനടിയിലെ
ഏറ്റവും കുഞ്ഞൻ മീൻ
സെയ്ഫായ ജീവിതം
സർക്കാര് പ്രഖ്യാപിക്കുന്ന
ട്രോളിംഗ് നിരോധനം വരെയെന്ന്
ചിരിക്കുന്ന നേരത്ത്,
ഈ സമയം
ഇതുവരെ അറിയപ്പെടാത്ത നേതാവ്
ട്രോളിംഗ് നിരോധനം
വരല്ലേ ദൈവമേയെന്ന്
പ്രാർത്ഥിക്കുന്നു;
 
അയാളുടെ അനുയായി
അന്നേരം
ട്രോളിംഗ് കുഞ്ഞനെതിരെ
കേസ് കൊടുക്കുകയായിരുന്നേ...
അന്നേദിവസം
കരയിലെ ട്രോളിംഗ് ജീവികൾ
ബോറടി മാറ്റാനുള്ള ചൂണ്ടകൾ
അപ്പോൾ തേച്ചുമിനുക്കുകയായിരുന്നു.
 
 
ട്രോളിംഗ് നിരോധിക്കുമ്പോൾ
വരയ്ക്കാൻ കഴിയാത്തവരുടെ
കരച്ചിൽ കേൾക്കുന്നുണ്ട്.
 
ഫ്ളക്സ് കടക്കാരൻ
ചുവരെഴുത്തുകാരൻ്റെ വയറ്റത്തടിച്ച
ആദ്യത്തെ ദിവസമായി
മരസാമാനങ്ങൾ, പ്ലാസ്റ്റിക്കുകൾ,
തുരുമ്പ് ഉപകരണങ്ങൾ എന്നിവകൊണ്ട്
അലങ്കരിച്ച ഒരിടത്തുവച്ച്
ആ ദിവസത്തെ കലണ്ടറിനെ കണ്ടുമുട്ടുന്നു.
 
 
ട്രോളിംഗ് നിരോധന സമയത്ത്
ചില വീടുകളിൽ പച്ചക്കറിയാണ്.
മാസങ്ങളായി ട്രോൾ ചെയ്യപ്പെടാത്തയിടത്ത്
പുറത്തെടുക്കുന്ന നേരത്ത് ഉപയോഗിക്കപ്പെടാൻ
സാധ്യതയില്ലാത്ത ചീഞ്ഞ പച്ചക്കറി.
ആ സമയം കുമ്പളങ്ങയും
മോരും പപ്പടവും കൂടി വരുന്നുണ്ട്.
 
ഇതേ സമയം സമുദ്രത്തേക്കാൾ വലുപ്പം കുറവാണ്
വലയ്ക്ക്; കുഞ്ഞൻ മീൻ സെയ്ഫാണ്.
 
 
മീനുകളുടെ ജീവിതത്തെ
അങ്ങനെ രാഷ്ട്രീയം ബാധിച്ചുതുടങ്ങി.
അല്ലാതെ മീനുകൾ മീനുകളാൽ
തിരഞ്ഞെടുക്കപ്പെടുന്നതല്ല ജനാധിപത്യം.
ഇതു ട്രോളല്ല, ട്രോളിംഗ് നിരോധനമാണ്.
 
 
 
 
 

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image