സഭാ തര്‍ക്കം.:

കോവിഡ് കാലത്ത് പള്ളി ഏറ്റെടുക്കലുകള്‍ 

സന്ദീപ്‌ വെള്ളാരംകുന്ന്

കോവിഡെന്ന മഹാമാരിയുടെ കാലത്തും കേരളത്തില്‍ മാത്രം ശമനമില്ലാതെ തുടരുന്ന ഒന്നുണ്ട്. ആരാധനാലയങ്ങളില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയും തുറന്നവയില്‍ തന്നെ വിശ്വാസികള്‍ക്കു കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും നിയന്ത്രണമില്ലാതെ തുടരുന്ന ഒന്നാണ് യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം. കൊറോണ കാലത്ത് ജനങ്ങളെല്ലാം സാമൂഹിക അകലം പാലിക്കുമ്പോള്‍ പള്ളി തര്‍ക്കത്തിനു ശമനമുണ്ടാകുമെന്നു കരുതിയവര്‍ക്കാണ് തെറ്റിയത്. കോവിഡ് കാലത്ത് പതിവിലും ശക്തമായാണ് പള്ളി പിടിച്ചെടുക്കലും പ്രതിരേധവുമെല്ലാം അരങ്ങുതകര്‍ക്കുന്നത്. യാക്കോബായ സഭയോടുള്ള നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് നിരാഹാരവും പ്രാര്‍ഥനാ യജ്ഞവുമായി യാക്കോബായ വിഭാഗം സര്‍വശക്തിയുമെടുത്ത് പ്രതിരോധം തീര്‍ക്കുമ്പോള്‍ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് കര്‍ശന നിലപാടിലുറച്ചാണ് ഓര്‍ത്തഡോക്സ് സഭയുടെ നീക്കങ്ങള്‍. കോടതികളുടെ അന്ത്യ ശാസനങ്ങള്‍ക്കിടെ കളക്ടര്‍മാര്‍ പോലീസിനെ ഉപയോഗിച്ച് പള്ളികള്‍ ഏറ്റെടുക്കുമ്പോഴും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് കോവിഡ് കാലത്തും ശമനമില്ലാതെ തുടരുന്ന സഭാ തര്‍ക്കം.

കഴിഞ്ഞ ദിവസം യാക്കോബായ സഭ അഭിമാന സ്തംഭങ്ങളിലൊന്നായി കരുതിയിരുന്ന മുളന്തുരുത്തി പള്ളി കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഏറെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഏറ്റെടുത്തതാണ് സഭാതര്‍ക്കത്തിലെ അവസാന അധ്യായം. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാര്‍ ഉള്‍പ്പടെയുള്ളവരെ പള്ളി ഏറ്റെടുക്കാനെത്തിയ പോലീസ് തല്ലിച്ചതച്ചെന്ന് യാക്കോബായ വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്.


രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നു മാത്രമേ തങ്ങള്‍ പറയുന്നുള്ളുവെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം തങ്ങളുടെ പൂര്‍വികരുടെ ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണില്‍ നിന്നും തങ്ങളെ ബലമായി പുറത്താക്കുകയാണെന്നും ഈ നീതി നിഷേധം അംഗീകരിക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ വികാരം. കോവിഡ് കാലത്ത് പള്ളി ഏറ്റെടുക്കലുകള്‍ വിവേകത്തോടെ ചെയ്യണമെന്നും വേദനിക്കുന്ന യാക്കോബായ സഭയ്ക്കു പിന്തുണയെന്നും നിര്‍ദേശം വച്ച കത്തോലിക്കാ സഭാ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനയെ ഖണ്ഡിച്ച് പിറ്റേന്നു തന്നെ ഓര്‍ത്തഡോക്‌സ് സഭ രംഗത്തെത്തി. കോടതി വിധി അംഗീകരിക്കാന്‍ തയാറാകാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കര്‍ദിനാള്‍ മനസിലാക്കേണ്ടിയിരിക്കുന്നു എന്ന അര്‍ഥത്തിലായിരുന്നു ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ പ്രതികരണം.


അതേസമയം ചില നല്ല മാതൃകകളും കാണുന്നുണ്ടെന്നു പറയാതിരിക്കാനാവില്ല. പള്ളികള്‍ നഷ്ടപ്പെട്ട യാക്കോബായ വിഭാഗത്തിന് പ്രാര്‍ഥന നടത്താന്‍ തങ്ങളുടെ സഭയുടെ പള്ളികള്‍ തുറന്നു നല്‍കാന്‍ തയാറാണെന്ന വാഗ്ദാനവുമായി മലങ്കര സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ യാക്കോബായ സഭാ നേതൃത്വത്തിന് കത്തെഴുതിക്കഴിഞ്ഞു. ബീലീവേഴ്‌സ് ചര്‍ച്ച് സഭാധ്യക്ഷന്‍ കെപി യോഹന്നാന്‍ മെത്രാപ്പോലീത്ത യാക്കോബായ വിഭാഗത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയിലെയും വിദേശത്തെയും തങ്ങളുടെ ഭദ്രാസനങ്ങള്‍ക്കു കീഴിലുള്ള പള്ളികള്‍ യാക്കോബായ വിഭാഗത്തിന് ആരാധനയ്ക്കായി തുറന്നു നല്‍കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. മലങ്കര മാര്‍ത്തോമാ സഭയും യാക്കോബായ സഭയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.


എല്ലാത്തിനെയും നിഷ്പ്രഭമാക്കുന്നതാണ് കോവിഡ് കാലം. ആരാധനാലയങ്ങളില്‍ ഭൂരിഭാഗവും മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. അടുത്ത കാലത്ത് തുറന്നെങ്കിലും മിക്കയിടങ്ങളിലും വിശ്വാസികള്‍ എത്താന്‍ മടിക്കുന്നുവെന്ന് വിവിധ മതനേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുന്നു. ഈ പ്രതിസന്ധികാലത്തും കേരളത്തില്‍ നടക്കുന്ന സഭാ തര്‍ക്കം ഒരു പക്ഷേ മറ്റുള്ളവര്‍ക്കു കൗതുക കാഴ്ചയായി മാറിയേക്കാം.

 

--

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image