ശൂന്യതയെ കുറിച്ചൊരു കവിത-പ്രതാപ് ജോസഫ്‌ 
പ്രതാപ്‌ ജോസഫ്‌

തിണ്ണയില്‍
മൂന്ന് കസേരകള്‍ ഇരിക്കുന്നു
ഒന്നില്‍ ഞാനിരിക്കുന്നു
മറ്റൊന്നില്‍ കോഴി കയറി ഇരിക്കുന്നു
മൂന്നാമത്തെതില്‍ ശൂന്യത കയറി ഇരിക്കുന്നു.

കോഴി മുട്ടയിടാനിരിക്കുന്നു
ഞാന്‍ കവിത എഴുതാനിരിക്കുന്നു
ശൂന്യത എന്തിനു കയറിയിരിക്കുന്നു ?

കോഴി കസേരയില്‍ കിടക്കുന്ന
പഴയ പത്രത്തില്‍ അറഞ്ചം പുറഞ്ചം എഴുതുന്നു
വാക്കുകളും ചിത്രങ്ങളും പലതായി ചിതറുന്നു
ഞാന്‍ ചിതറിക്കിടക്കുന്ന
വാക്കുകളും പുസ്തകങ്ങളും അടുക്കിവെയ്ക്കാന്‍ ശ്രമിക്കുന്നു

കോഴി മുട്ടയിട്ടു പോയി
ഞാന്‍ കവിത എഴുതിപ്പോയി
ശൂന്യത എന്റെ ഉള്ളിലെന്ന പോലെ
കോഴിയുടെ ഉള്ളിലും കസേരയിട്ട് പോയി

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image