തോറ്റുപോകാനില്ല
           സീന ശ്രീവത്സന്‍
 
നിന്നൂ, കാറൊഴിച്ചിട്ടമാനം നോക്കി
കൊടുങ്കാറ്റിനെ കാത്തിരിക്കുന്ന പക്ഷമായ്
കാറ്റെടുക്കാതെ കാത്തൊരാതിരി പോലെ
നീട്ടി നീട്ടി തെളിയിച്ചു, തോറ്റുപോകാനില്ല
 
വാക്കുകള്‍ ഞൊറിമിന്നലായ്ത്തീരുന്നു
നേര്‍ത്തുനേര്‍ത്തില്ലാതെയാവുന്ന ശ്വാസത്തിലും
വള്ളികെട്ടിയിണക്കിയ മോഹങ്ങള്‍
ഉള്ളിലൂറിച്ചിരിക്കുന്നു യാത്രയില്‍.
 
തമ്മിലറിയാക്കൂരിരുട്ടിന്റെ കോട്ടയില്‍
കൂടുകൂട്ടാനെത്തും  പൂവുകള്‍ പുഴുക്കള്‍
ഭൂമിയൊന്നാക്കും പറവകള്‍
കാടിറങ്ങിവന്ന പാതകള്‍
എന്റെനിന്റെയെന്ന് മിണ്ടിയ വാക്കുകള്‍
കടം വെച്ച സ്വപ്നയാമങ്ങള്‍
 
എയ്‌തൊരാമാരി വിതച്ചിട്ട തേങ്ങലായ്
വേവറിഞ്ഞ തീയിന്‍ കയ്പായ്
വഴിമാറിയ കാട്ടുചോലത്തുടിപ്പായ്
എവിടെ നീയെന്നു ഞാനും
അവിടെ ഞാനെന്നു നീയും
തിരനോട്ടത്തിലമ്പരന്നാരായ്
പലമാതിരി പാടിവീണുവോ..
 
ഇനിയൊഴുകാനാവഴി മതിയോ
ചിതല്‍നാക്കിലേക്കിനി ശരിദൂരം മാത്രം
ഇനിയുടയാനെവിടെ മരത്തണലുകള്‍
ഇനി വറ്റാനെന്റെ കണ്ണിന്‍ ചുഴിപ്പുകള്‍
 
കയ്യൊന്നു നീട്ടിയാല്‍ ചുറ്റിപ്പടരുന്ന
പച്ചപ്പടര്‍പ്പിന്റെ സ്‌നേഹബോധ്യമായ്
ജീവിതത്തിരി നീട്ടിവെയ്ക്കട്ടെ
കാച്ചിക്കുറുക്കിയ  ഉപ്പുപാടങ്ങളില്‍

-----

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image