കസ്റ്റമേഴ്‌സ്
 
രതി പതിശ്ശേരി
 
ആദ്യായിട്ടാ ഒരു ഡോക്ടര്‍
കസ്റ്റമര്‍ ആവുന്നെ
 
ഉന്നങ്ങള്‍ക്ക്
സ്റ്റെതസ്‌കോപ്പിന്റെ ആഴം
 
ബ്ലൗസിനടിയിലൂടെ
പതിഞ്ഞമര്‍ന്നവയില്‍
മുഴകളുണ്ടോന്ന്
ചെവിയില്‍
 
മറ്റുള്ളോര്‌ടെ
നോട്ടങ്ങളില്‍
കുരുങ്ങിക്കൂമ്പുന്നതല്ലാതെ
ഇതൊക്കെ നോക്കാന്‍
ആര്‍ക്കാ നേരം
 
മ റുപടി
മറുചെവി കിള്ളി
 
സംശയങ്ങള്‍ക്ക് വീണ്ടും
കുറിപ്പെഴുതി
 
പ്രഷര്‍ ,
ഷുഗര്‍ ,
തൈറോയ്ഡ്
 
കുഴല്‍ മാറ്റിയ
കൈകള്‍ക്ക് ചടുലത
വയറില്‍ ഒരമര്‍ത്തല്‍ ,
സംശയം
വഴിമാറി
മറു ഭാഗത്തേയ്ക്ക് കടന്നു
  
നടുവേദന ?
അത്ഇമ്മടെ ഈ പണികൊണ്ടാ
അതിനാണിപ്പോ
സ്‌കാനിംഗ്
  
ഞാന്‍ ക്ലോക്കിലേയ്ക്ക്
കണ്ണെറിഞ്ഞു,
ഇയാള്‍ എന്തൂട്ടിനാ വന്നേ
പരിശോധിക്കാനോ അതോ
  
കിട്ടാനുള്ളത് കിട്ട്യേങ്കി
സ്ഥലം വിടായിരുന്നു
ഈ കൊമ്പത്തെ
ആളുകളൊന്നും
നമുക്ക് ചേരൂലാന്നേ
 
ഈ എഴുത്തുകാരും
പറ്റൂല
അവര്‍ നമ്മളെ
കാല്പനികത കൊണ്ട് മൂടിക്കളയും
 
ഇനീപ്പോ വരയ്ക്കണോരാണെങ്കി
നമ്മളെ തിരിച്ചും മറിച്ചുമിട്ട്
മത്സ്യകന്യകയോ
മാന്‍പേടയോ ആക്കും
  
ഇമ്മക്കവരൊന്നും വേണ്ടപ്പാ
എന്നേം നിന്നേം പോലുള്ള
മനുഷ്യന്‍മാര് മതി
വിയര്‍പ്പില്‍ ഒട്ടി
ചവിട്ടിക്കുത്തി
പെയ്‌ത്തൊക്കെ കഴിഞ്ഞ്
കാശും തന്ന്  
പാഞ്ഞങ്ങ് പോണോര് ......
 
   
 
നിശബ്ദത
 
ഭ്രൂണാവസ്ഥയില്‍  
തുടങ്ങുന്ന ഇരമ്പങ്ങളില്‍
പുലരികളില്‍
പ്രഭാതങ്ങളില്‍
നരച്ച നട്ടുച്ചയില്‍
സന്ധ്യയുടെ   ഭക്തിരാഗങ്ങളില്‍
സീരിയല്‍ യാമങ്ങളില്‍
പുസ്തകപ്പൊരുളില്‍
ഉറക്കങ്ങളുടെ
ഉണര്‍ച്ചകളുടെ
സ്വപ്നങ്ങളുടെ
ചേരുംപടികളില്‍,
അടക്കം പറച്ചിലിന്റെ
വിയര്‍ത്തൊട്ടലില്‍
 
കുടഞ്ഞെറിയുന്ന  
വികാരങ്ങളില്‍
 
ഗ്യാസ് അടുപ്പിന്റെ  സമ്മര്‍ദ്ദങ്ങളില്‍
മിക്‌സിയുടെ  കറക്കങ്ങളില്‍
കുക്കറിന്റെ ഉന്മാദമൂര്‍ച്ഛയില്‍
കത്തിയുടെ  മുള്‍മുനയില്‍
കമഴ്ത്തിവെച്ച പാത്രങ്ങളില്‍
തീന്‍ മേശയിലെ  രുചികളില്‍
കുളിമുറിയിലെ നഗ്‌നതയില്‍  
വേദനയുടെ
അകം പൊരുളില്‍
കൂടുകെട്ടുന്നു
നിശബ്ദതയുടെ  എട്ടുകാലികള്‍.....


വാക്കുകള്‍
 
 വാക്കുകളെ
നിങ്ങളെ
 ഞാന്‍
 പ്രണയിക്കുന്നു...
 
അപസ്മാര ബാധിതന്‍
ഇരുമ്പ് ദണ്ട്
തേടും പോലെ
ഞാന്‍  നിങ്ങളെ
തിരയുന്നു
 
ഉടല്‍ കൊതികളെ
അപ്പാടെ വിഴുങ്ങുന്ന
പ്രണയത്തില്‍  
തണുത്ത്  
കാമത്തില്‍
വിയര്‍പ്പാകുന്ന
വാക്കുകള്‍  
 
ഉറക്കങ്ങളില്‍
വിശപ്പായി
സ്വപ്നങ്ങളെ
ഖനീഭവിപ്പിക്കുന്ന
വാക്കുകള്‍
  
ജനനത്തില്‍
പുതപ്പായ്
മരണത്തില്‍
ശവക്കോടിയാകുന്ന    
വാക്കുകള്‍  
  
മുറിവില്‍                                  
ചോര പൊടിയ്ക്കുന്ന
 
ധിക്കാരത്തിന്റെ
മുന ഒടിക്കുന്ന
പാപത്തില്‍
കുമ്പസാരക്കൂടാകുന്ന ,
 
സ്‌നേഹത്തെ
കുരിശി ലേറ്റുന്ന ,
 
പീഡയില്‍
ഉയിര്‍പ്പാവുന്ന  
വാക്കുകള്‍  .
 
വാക്കുകള്‍
അവ പരല്‍മീനുകള്‍ പോലെ
വരണ്ട അധരങ്ങളില്‍
നീന്തിത്തുടിക്കുന്നു
 
വാക്കുകള്‍ ..
അവ നിസ്സഹയാതയില്‍
കിടക്കവിരിയാവുന്നു
 
വിപ്ലവത്തില്‍  
കൊടിപാറിക്കുന്ന  
വാക്കുകള്‍
 
വാക്കുകള്‍
നമ്മെ
നിര്‍മമരാക്കുന്നു
വാക്കുകളെ ...
നിങ്ങളെ ഞാന്‍ പ്രണയിക്കുന്നു
ചില്ലകളായി,
പൂമരമായി,
പൂന്തേന്‍ തരുന്ന
 നിങ്ങളെ..

-----

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image