ജിബ്രാന്റെ വഴിത്താരയില്‍...
 കെ വി സുമിത്ര

ആത്മാവിനും ജീവിതത്തിനും
ഇടയിലുള്ള ഇടനാഴിയിലാണ്
നിന്റെ ദേവാലയം ഞാന്‍
കാത്തു വെച്ചിരിക്കുന്നത്.

കടലലകളുടെ മുരള്‍ച്ചകള്‍
ചുറ്റിന്നുമുണ്ട്.
വെന്തു നീറുന്ന കാറ്റഴികള്‍
കിതയ്ക്കുന്നുണ്ട്.

കിളികളുടെ ചെറുരവം
പോലും എങ്ങുമില്ലെങ്കിലും
ഹേ പ്രണയ ശലഭമേ  !
ഈ ദേവാലയം
നിനക്കു മാത്രമാകും.

ഉടല്‍ ബോധമില്ലാത്ത
പുതു ദേവാലയമാകുമത്
ധ്യാനബോധമരുളുന്ന
നിതാന്ത നിശബ്ദത.

ജിബ്രാന്റെ വഴിത്താരയില്‍
സഞ്ചരിക്കുന്നവനെ !
ചിറക് വിരിയിച്ച  മാലാഖമാര്‍
നമുക്ക് സാക്ഷ്യം പറയും.
ഉണ്മയുടെ നിത്യഹരിതവീഥിയില്‍
നിറയെ വെള്ളപ്പൂക്കള്‍
വിതറും.
സ്വര്‍ഗ്ഗ കവാടങ്ങള്‍
തുറക്കപ്പെടും.
കനല്‍പൂശിയ
വഴിവിളക്കുകള്‍
വഴികാട്ടികളാകും.

കാതോര്‍ക്കുക
നാം നഗ്‌നപാദരാവുക.
തൂവലുകളാല്‍
മൂടിയ നമ്മുടെ
ശ്വാസം മാത്രമറിയുക..

ജിബ്രാന്റെ വഴിത്താരയില്‍
സഞ്ചരിക്കുന്നവനേ
നീയെന്റെ ജീവനും
ഞാന്‍ നിന്റെ
വീഞ്ഞുമാകുന്നു..

ഈ പാനപാത്രം
മടുക്കുവോളം
പാനം ചെയ്യുക,
കാരണം,
ഇതെന്റെ പ്രാണനും
ജലവുമാകുന്നു...

ഹരിതയൗവനമുറങ്ങുന്ന
പുല്‍ത്തകിടിയില്‍
ഈ ജലം നീ പകര്‍ന്നൊഴുക്കുക..
അവിടെമാകേ
വസന്തം വിടരട്ടെ
ജരാനരകള്‍
നരകയാനം ചെയ്യട്ടെ...


മായാമാധവം

നിന്നിലേക്കുള്ള ഓരോ
യാത്രകളും
എന്നിലേക്കുള്ള ഓരോ
മടക്കയാത്രകളാണ്..

വെയിലോ മഴയോ
കാറ്റോ ഏല്‍ക്കാത്ത
പ്രതലത്തിലൂടെയുള്ള
ഉറച്ച ചുവടുകളാണ്.

മഞ്ഞോ കുളിരോ
തണുപ്പോ ഏല്‍ക്കാത്ത
മേഘകീറുകള്‍ക്കിടയിലൂടെയുള്ള
ആകാശസഞ്ചാരമാണ്.

നിറഞ്ഞ നിലാവിന്റെ
ചുണ്ടുകളുള്ളവനേ !
കാത്തിരിപ്പിന്റെ മധുരമായ
ഏകാന്തതയില്‍
ധ്യാനിച്ചിരിക്കുന്ന നിന്റെ
കണ്ണുകളിലൂടെയാണ്
എന്റെ ഓരോ യാത്രയും
പൂര്‍ണമാകുന്നത്.

അധരങ്ങളില്‍ ഒളിപ്പിക്കുന്ന
നിന്റെ താമരയിതളുകളുടെ
പൂങ്കാവനത്തിലൂടെയാണ്
എന്റെയോരോ മാന്‍പേടകളും
സ്വച്ഛന്ദം ശാന്തമായി
മേഞ്ഞു നടക്കുന്നത്.

പ്രസക്തമല്ലാത്ത
ജീവിതത്തിന്റെയത്രയും
പ്രസക്തമല്ലാത്ത എന്റെ  
ഹൃദയത്തിലേക്ക്
എല്ലാ വാതിലുകളും
തുറന്നിട്ട്, എത്ര
സൂക്ഷ്മമായാണ്
കാറ്റുകള്‍ക്ക് നീ
ആതിഥേയമരുളിയത്..
പ്രകാശത്തിന്  
വിരുന്നൊരുക്കിയത്..

യാത്രകളിപ്പോഴും തുടരുന്നു,
നിന്നിലേക്കുള്ള അറിയലുകളുടെ
നിന്നിലേക്കുള്ള പുരുഷ കാലങ്ങളുടെ
നിന്നിലേക്കുള്ള ഗുഹാമുഖങ്ങളുടെ
നിന്നിലേക്കുള്ള പൊരുളുകളുടെ
അര്‍ത്ഥാന്തരങ്ങളുടെ
തുരങ്കപാളത്തിലേക്ക്
ഭൂമിയടയാളങ്ങളുടെ
ഹരിതവര്‍ഷത്തിലേക്ക്
അഗാധഗാധങ്ങളുടെ
ആഴക്കയത്തിലേക്ക്
ഗീതഗോവിന്ദ കാലങ്ങളുടെ
രാധാമാധവങ്ങളിലേക്ക്...
 

അന്ന്...

ആകാശ ശിഖരത്തിനറ്റത്തു
തൂവലുകള്‍ കൊണ്ടൊരു
കൂടാരമൊരുക്കണം.
അതിനരികെ ഒരുപാടാരികെ
നീയെന്നെ ചേര്‍ത്ത്
നിര്‍ത്തണം
അന്ന്,
ശലഭങ്ങള്‍ മഞ്ഞു പോല്‍
പെയ്യും രാവില്‍
നീയും ഞാനും
പ്രണയാതുരമാമൊരു
കവിതയായി മാറും..

Comments

Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image